Wednesday 6 October 2010

21. നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍ (നമ്പൂരി ഫലിതം )



നമ്പൂരി ‘ മാവേലി സ്റ്റോര്‍‘ സന്ദര്‍ശിച്ചപ്പോള്‍....







ഈയ്യിടെ ,ഗ്രാമത്തില്‍ മാവേലിസ്റ്റോര്‍ തുറന്നീട്ടുണ്ടെന്ന് ഇല്ലത്തുചെന്ന് കാര്യസ്ഥന്‍ നമ്പൂരിയോട് ബോധിപ്പിച്ചു. ഒരു ദിവസം മാവേലി സ്റ്റോര്‍ സന്ദര്‍ശിയ്ക്കാനായി നമ്പൂരിയും കാര്യസ്ഥനുംകൂടി പോയി.പക്ഷെ,അന്ന് ഞായറാഴ്ചയായിരുന്നു. ആയതുകൊണ്ട് കടമുടക്കവുമായിരുന്നു. നമ്പൂരിയും കാര്യസ്ഥനും അവിടെ ചെന്നപ്പോഴാണ് കട മുടക്കിയിരിയ്ക്കുന്നത് കണ്ടത്

ഉടനെ നമ്പൂരി ഇങ്ങനെ പ്രതികരിച്ചു ,” മാവേലി സ്റ്റോറായോണ്ട് ആണ്ടിലൊരിയ്ക്കലേ വില്പന ഉണ്ടാവൂല്ലേ “






നമ്പൂരി ടെലിവിഷന്‍ വാങ്ങിയപ്പോള്‍......



[കഥ നടക്കുന്നത് എണ്‍‌പതുകളുടെ തുടക്കത്തില്‍...... അന്ന് ടി.വി നാട്ടില്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ.]


ഒരിയ്ക്കല്‍ നമ്പൂരിയും അന്തര്‍ജ്ജനവുംകൂടി ഒരു വിവാഹത്തിനുപോയി. അവിടെ ചെന്നപ്പോള്‍ അന്തര്‍ജ്ജനം മറ്റുസ്ത്രീകളുമായി സംസാരിയ്ക്കുന്നതില്‍ പങ്കുചേര്‍ന്നു. അവസാനം ,സംസാരവിഷയം ടി.വി യിലെ മഹാഭാരതത്തെക്കുറിച്ചായി .പക്ഷെ,ഇല്ലത്ത് ടി.വി ഇല്ലാത്തോണ്ട് അന്തര്‍ജ്ജനത്തിന് ആ സന്ദര്‍ഭത്തില്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അത് വല്ലാത്ത കുറച്ചിലായി അന്തര്‍ജ്ജനത്തിനു തോന്നുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അന്തര്‍ജ്ജനത്തിന് ഒരേ ഒരു വാശി. ഒരു ടി.വി വാങ്ങണം.(ഇല്ലത്താണെങ്കിലോ കാര്യങ്ങള്‍ നീങ്ങുന്നത് തനി യാഥസ്ഥിതിക മട്ടിലാണ് താനും). അവസാനം അന്തര്‍ജ്ജനത്തിന്റെ നിര്‍ബ്ബന്ധത്തിനു വഴിപെട്ട് പിറ്റേ ദിവസം തന്നെ നമ്പൂരി ടി.വി വാങ്ങുവാന്‍ പോയി. നഗരത്തിലെ പ്രശസ്തമായ ടി.വി ഷോറൂമില്‍നിന്ന് ടി.വി വാങ്ങി . ടി.വി യും കൊണ്ടുള്ള ഇല്ലത്തേയ്ക്കുള്ള കാര്‍ യാത്രയില്‍ നമ്പൂരിയോടൊപ്പം ആന്റിന ഫിറ്റ് ചെയ്യുവാനായി രണ്ടുജോലിക്കാരുമുണ്ടായിരുന്നു.

ടി.വി യും കൊണ്ട് ഇല്ലത്ത് എത്തിയപ്പോള്‍ ടി.വി ഷോറൂമിലെ ജോലിക്കാര്‍ക്ക് ആദ്യം അമ്പരപ്പും പിന്നീട് ചിരിയും ഉണ്ടായി.
കാരണം ഇല്ലത്ത് ഇലകട്രിക് കണക്‍ഷന്‍ ഇല്ലായിരുന്നു.






നമ്പൂരിയ്ക്ക് ആദ്യമായി പ്രണയലേഖനം ലഭിച്ചപ്പോള്‍.....


[ നമ്പൂരിമാര്‍ക്ക് ശൃംഗാരരസത്തിനോട് താല്പര്യമുണ്ടെന്ന മുന്‍‌വിധിയാണ് ഈ ഫലിതത്തിനടിസ്ഥാനം ]

ഒരു ദിവസം ഇല്ലത്ത് പോസ്റ്റ്മേന്‍ വന്നു. നമ്പൂരിയ്ക്ക് ഒരു എഴുത്തുകൊടുത്തു.നമ്പൂരി തിടുക്കത്തില്‍ എഴുത്തുപൊട്ടിച്ച് വായിച്ചുതുടങ്ങി.എഴുത്തിലെ സംബോധന “പ്രാണനാഥാ “ എന്നായിരുന്നു.അതുവായിച്ചപ്പോള്‍തന്നെ നമ്പൂരിയുടെ ഹൃദയമിടിപ്പ് കൂടുകയും മനസ്സ് കുളിരണിയുകയും ചെയ്തു. നമ്പൂരി ചുറ്റും നോക്കി; ആരുമില്ല എന്നുബോധ്യപ്പെട്ടപ്പോള്‍ വീണ്ടും വായന തുടങ്ങി. പിന്നിടങ്ങോട്ടുള്ള വാചകങ്ങള്‍ നമ്പൂരിയുടെ ഹൃദയത്തില്‍ തേന്‍ ചൊരിഞ്ഞു. കത്തിന്റെ അവസാനം “എന്ന് സ്വന്തം പ്രേമചന്ദ്രിക ‘’ എന്നെഴുതിയിരുന്നു.

നമ്പൂരിയ്ക്ക് കക്ഷിയെ പിടികിട്ടി. ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ അമ്മുവാരസ്യാരുടെ മകള്‍ . അവിവാഹിതയും കോളേജികുമാരിയും ഗ്രാമത്തിലെ സൌന്ദര്യത്തിടമ്പുമായ മധുരപ്പതിനേഴുകാരി !

നമ്പൂരിയ്ക്ക് സ്വര്‍ഗ്ഗം കിട്ടിയതുപോലെയായി.ഈ അമ്പതാംവയസ്സിലും ആ മധുരപ്പതിനേഴുകാരിയ്ക്ക് തന്നോട് പ്രേമം തോന്നിയിരിയ്ക്കുന്നു.‘വേണമെങ്കില്‍ ,ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന അക്ഷരശ്ലോക മത്സരത്തിലെ തന്റെ മികവ് കണ്ടീട്ടാകാം അവള്‍ക്ക് തന്നോട് പ്രേമം തോന്നിയത് “-- നമ്പൂരി സ്വയം ചിന്തിച്ചു.

എന്തായാലും ആ മധുരസ്മരണയില്‍ നമ്പൂരി കുറച്ചുനേരം എല്ലാം മറന്ന് ഇരുന്നുപോയി.

പെട്ടെന്ന് ഒരു ശബ്ദം കേട്ട് നമ്പൂരി ഞ്ഞെട്ടിപ്പോയി.നോക്കിയപ്പോഴുണ്ട് അന്തര്‍ജ്ജനം ഗൌരവത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

ആരുടെയാണ് കത്ത് എന്നുചോദിച്ച് അന്തര്‍ജ്ജനം ആ എഴുത്ത് തട്ടിപ്പറച്ചു, വായനതുടങ്ങി.

ഉല്‍ക്കണ്ഠയുടെ ആ നിമിഷങ്ങള്‍ ‘യുഗങ്ങള്‍’ പോലെയാണ് നമ്പൂരിയ്ക്ക് അനുഭവപ്പെട്ടത് .

എന്തും സംഭവിയ്ക്കാം !

ഒരു തെറ്റും ചെയ്യാത്ത താന്‍.......

താനല്ല തെറ്റുചെയ്തത് ; ആ കുട്ടിയാണ് എന്നു പറഞ്ഞാല്‍ അന്തര്‍ജ്ജനം വിശ്വസിയ്ക്കുമോ ?

എങ്കിലും അല്പനേരം ഒരു സ്വര്‍ഗ്ഗീയാനുഭൂതി ലഭിച്ചില്ലെന്നുപറയാനൊക്കുമോ ?

ഇതെങ്ങാനും അന്തര്‍ജ്ജനത്തിന്റെ സഹോദരന്മാരറിഞ്ഞാല്‍.....

ഈശ്വരാ....... ഇനിയെന്തുചെയ്യും ?

എഴുത്തു വായിച്ചുകഴിഞ്ഞ ഉടനെ ഒരു നിമിഷം, അന്തര്‍ജ്ജനം മൌനിയായി നിന്നു.

നമ്പൂരിയെ തറപ്പിച്ചുനോക്കി.

നമ്പൂരി കുറ്റം സമ്മതിച്ച മട്ടില്‍ തലതാഴ്ത്തി.

അന്തര്‍ജ്ജനം, പിന്നിടങ്ങോട്ട് ആ പെണ്‍കുട്ടിയെ ചീത്ത വിളിച്ചുതുടങ്ങി

നമ്പൂരിയ്ക്ക് മറുപടി ഒന്നും പറയാന്‍ ഉണ്ടായില്ല.
പിന്നീട് ,
“തിരുമേനിയാ ഇതിനൊക്കെ കാരണക്കാരന്‍” എന്നുപറഞ്ഞ് കുട്ടികളെ നിയന്ത്രിയ്ക്കേണ്ടത് അച്ഛന്‍ നമ്പൂരിയുടെ കടമയാണെന്നുകൂടി തറപ്പിച്ചു പറഞ്ഞ് അന്തര്‍ജ്ജനം മകനെ ചീത്തവിളിച്ചുതുടങ്ങി.

എന്തിനാണ് ഈ പ്രശ്നത്തില്‍ മകനെ ചീത്ത വിളിയ്ക്കുന്നതെന്ന് നമ്പൂരിയ്ക്കുമനസ്സിലായില്ല.

പെട്ടന്ന് നമ്പൂരിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.

നമ്പൂരി കസേരയില്‍നിന്നെണീറ്റ് അന്തര്‍ജ്ജനത്തിന്റെ കയ്യില്‍നിന്നുകത്തുവാങ്ങി മേല്‍‌വിലാസം നോക്കി.

ഉടതന്നെ നമ്പൂരി ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു.!!!

പിന്നീട് ആ നെടുവീര്‍പ്പ് രോഷത്തിന്റെ കൊടുംങ്കാറ്റായി മാറി !!

കാരണം, അത് നമ്പൂരിയുടെ മകന് വന്ന എഴുത്തായിരുന്നു!!!






നമ്പൂരി കോവളത്തുപോയപ്പോള്‍ .......



നമ്പൂരിയ്ക്ക് ഒരു ടൂറിന് പോകണമെന്ന് ആഗ്രഹംതോന്നി.
----“പക്ഷെ,എങ്ങട്ടാ പോകണ്ടേന്ന് ഒരു നിശ്ചയം ഇല്ല താനും “

‘സംഗതി‘ കാര്യസ്ഥനെ ഉടനെ ധരിപ്പിച്ചു.

ഉടനെ കാര്യസ്ഥന്‍ കോവളത്തെപ്പറ്റിപ്പറഞ്ഞു.

കുറച്ചുനാള്‍മുന്‍പ് കോവളത്തെക്കുറിച്ച് ഒരു ലേഖനം പത്രത്തില്‍ വന്നീട്ടുണ്ടെന്നും അതില്‍ കോവളം വളരേ മനോഹരമായ സ്ഥലമാണെന്നാണ് എഴുതിയിട്ടുള്ളതെന്നും കാര്യസ്ഥന്‍ ഓര്‍മ്മിപ്പിച്ചു.

ഉടനെ നമ്പൂരി ചോദിച്ചു, “എന്താ അവിടെ ഇത്ര പ്രത്യേകത ?”

“കടലും തിരമാലയുമൊക്കെ ഉള്ളതല്ലേ “ കാര്യസ്ഥന്‍ ബോധിപ്പിച്ചു.

“ അതിലെന്താ ഇത്ര മനോഹാരിത “ --എന്നായി നമ്പൂരി

നമ്പൂരിയുടെ ആ ചോദ്യത്തിന് കാര്യസ്ഥന് ഉത്തരം മുട്ടിപ്പോയി .

അവസാനം; ‘ഒന്നൂല്ല്യാണ്ട് പത്രത്തില്‍ കോവളത്തെക്കുറിച്ച് ലേഖനം വരില്ലല്ലോ‘ എന്നുവിചാരിച്ച് ടൂര്‍ കോവളത്തേയ്ക്കുതന്നെയാകട്ടെ എന്നു തീര്‍ച്ചപ്പെടുത്തി.
അങ്ങനെ നമ്പൂരിയും കാര്യസ്ഥനുംകൂടി കോവളത്തെത്തി. അവിടത്തെ കാഴ്ച കണ്ട് നമ്പൂരി വായ്‌പൊളിച്ചുനിന്നു. കടല്‍തീരത്തെ മണല്‍പ്പരപ്പില്‍ , സുന്ദരികളായ മദാമ്മമാരും സായിപ്പുമാരും പേരിനുമാത്രം വസ്ത്രം ധരിച്ചും വസ്ത്രങ്ങളില്ലാതേയും നടക്കുകയും കിടക്കുകയും കടലില്‍ കുളിയ്ക്കുകയും ചെയ്യുന്നു.

ഏറെ നേരം ഇരുവരുടേയും മുന്‍പില്‍ നിന്ന് കടലും തിരമാലയും ആകാശവുമൊക്കെ അപ്രത്യക്ഷമായി.

പിന്നീട് സമനില വീണ്ടുകിട്ടിയപ്പോള്‍ നമ്പൂരി കാര്യസ്ഥനോട് പറഞ്ഞു,” ശര്യന്ന്യാ ട്ടോ , കോവളം മനോഹരം തന്നെ !! “






സ്ത്രീ പീഠനത്തെക്കുറിച്ച് നമ്പൂരിയുടെ അഭിപ്രായം ?




പുതുവത്സരദിനത്തില്‍ കോവളത്തുവെച്ച് വിദേശ വനിതകളെ ‘പൂവാലന്മാര്‍ ‘ അപമാനിച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.

ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ നാണോം മാനോം ഇല്ല്യാണ്ട് പേരിനുമാത്രം ഉടുതുണീം ചുറ്റിനടക്കണ ഇവറ്റോളെ അപമാനിയ്ക്കാന്‍ ആ പൂവാലന്മാര്‍ വല്ലാണ്ട് കഷ്ടപ്പെട്ടിരിയ്ക്കും ല്ലേ “.






നമ്പൂരി സ്ക്കൂള്‍ സയന്‍സ് എക്സിബിഷന്‍ കണ്ടപ്പോള്‍......




നമ്പൂരിയും ഗ്യാസ് ട്രബിളുകാരനായ രാമന്‍ എന്ന കാര്യസ്ഥനും കൂടി സ്ക്കുള്‍ സയന്‍സ് എക്സിബിഷന്‍ കാണുവാന്‍ പോയി.
കുട്ടികളുണ്ടാക്കിയ പല ഉല്പന്നങ്ങളും അവര്‍ കണ്ടു.

അങ്ങനെ ഒരു സ്റ്റാളില്‍ എത്തിയപ്പോള്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ‘ ഐറ്റം‘ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നതുകണ്ടു. ചിലവുകുറഞ്ഞ രീതിയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന ‘ വര്‍ക്കിംഗ് മോഡലായിരുന്നു അത്.

സംഗതി നമ്പൂരിയ്ക്ക് നന്നായി പിടിച്ചു.

ഉടനെ കാര്യസ്ഥനോട് അഭിപ്രായവും പറഞ്ഞു

“ എടോ രാമാ, തന്റെ ദേഹത്ത് ഇങ്ങനത്തെ ചെറിയ ഒരെണ്ണം പിടിപ്പിച്ചാ , പിന്നെ , രാത്രീല് നടക്കും‌‌മ്പോ ടോര്‍ച്ചില് ബാറ്ററി വേണ്ടിവരില്ലാല്ലേ ‘’






നമ്പൂരി കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയപ്പോള്‍.....




നമ്പൂരിയുടെ നാട്ടിലും കമ്പ്യൂട്ടര്‍ സെന്റര്‍ വന്നു. അങ്ങനെ നമ്പൂരിയ്ക്കും ഒരാഗ്രഹം ; കമ്പ്യൂട്ടര്‍ പഠിയ്ക്കണമെന്ന് . അതിനായി കാര്യസ്ഥനെ കമ്പ്യൂട്ടര്‍ സെന്ററിലേയ്ക്ക് പറഞ്ഞയച്ചു. പ്രായമൊന്നും കമ്പ്യൂട്ടര്‍ പഠനത്തിന് പ്രശ്നമല്ലെന്നും ,പഠിയ്ക്കാനുള്ള കഴിവും താല്പര്യവും കാശുമാണ് പ്രാധാന്യമെന്നും അവര്‍ കാര്യസ്ഥനോട് പറഞ്ഞയച്ചു. അന്തര്‍ജ്ജനം ചെറിയതോതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പക്ഷെ, നമ്പൂതിരിയുടെ അടങ്ങാത്ത പഠനാഗ്രഹത്തിനുമുന്‍പില്‍ അവര്‍ അവസാനം സമ്മതം മൂളി. അങ്ങനെ നമ്പൂരി കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയിത്തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം നമ്പൂരിയുടെ അകന്ന ബന്ധുക്കള്‍ വിരുന്നിനുവന്നു.
ഉച്ചയൂണുകഴിഞ്ഞുള്ള പതിവിന്‍പടിയുള്ള ‘വെടിപറയല്‍‘ നേരത്ത് നമ്പൂരിയുടെ കമ്പ്യൂട്ടര്‍ പഠനവും ചര്‍ച്ചാ വിഷയമായി. വിരുന്നു വന്ന ‘കുടുംബത്തിന്റെ‘ മകള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിനു പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു. ഇതറിഞ്ഞ നമ്പൂരി ആ കുട്ടിയോട് കമ്പ്യൂട്ടറിനെ സംബന്ധിച്ച് ചര്‍ച്ച തുടങ്ങി.പക്ഷെ, ആ കുട്ടിയ്ക്കാകട്ടെ നമ്പൂരി പറയുന്നതൊന്നും മനസ്സിലായില്ല. നമ്പൂരിയാകട്ടെ ആ കുട്ടിയുടെ മുന്‍പില്‍ തന്റെ കമ്പ്യൂട്ടര്‍ പഠനവൈഭവം തെളിയിക്കാനുള്ള ശ്രമത്തിലുമായിരുന്നു.

അവസാനം ,ബോറടിയുടെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ,ഗതികെട്ട് ആ കുട്ടി ചോദിച്ചു, “ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിപ്പിയ്ക്കുന്നത് ‘ ലിനക്സാണോ ?”

നമ്പൂരിയ്ക്കു സന്തോഷമായി. തന്റെ കമ്പ്യൂട്ടര്‍ പഠനവൈഭവം അംഗീകരിച്ചതുകൊണ്ടാണല്ലോ ആ കുട്ടി തന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് .നമ്പൂരി ഒരുനിമിഷം ഒന്നുനിര്‍ത്തി ഇല്ലത്തുള്ള എല്ലാ ശ്രോതാക്കളേയും നോക്കി; പ്രത്യേകിച്ച് അന്തര്‍ജ്ജനത്തിനെ ഒന്നുനോക്കി, ‘ഇപ്പോള്‍ എങ്ങനെയിരിയ്ക്കുന്നു ‘ എന്നമട്ടില്‍ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. എന്നീട്ട് അഭിമാനപൂര്‍വം മറുപടി പറഞ്ഞു , ‘’ അല്ല, പ്രിന്‍സിട്ടീച്ചറാ പഠിപ്പിയ്ക്കുന്നത് .”






നമ്പൂരിഫലിതത്തെക്കുറിച്ച് നമ്പൂരിയെ മനസ്സിലാക്കികൊടുത്തപ്പോള്‍.......




“ എന്താ ഈ നമ്പൂരി ഫലിതം ന്നെച്ചാ രാമാ “ -- നമ്പൂരി കാര്യസ്ഥന്‍ രാമനോട് ചോദിച്ചു.
“ ചില നമ്പൂരിമാരുടെ ഓരോ വിഡ്ഡിത്തങ്ങള് തിരുമേനി “ കാര്യസ്ഥന്‍ മറുപടി പറഞ്ഞു.

“ ഒന്നങ്ങട്ട് വിശദാക്കാ “ -- എന്നായി നമ്പൂരി

കാര്യസ്ഥന്‍ ഓര്‍മ്മയിനിന്ന് ഒരു നമ്പൂരിഫലിതം തെരഞ്ഞെടുത്ത പറഞ്ഞു തുടങ്ങി.

പണ്ട് ഒരു നമ്പൂരി ( A) സര്‍ട്ടിഫിക്കറ്റ് സിനിമ കാണുവാന്‍ പോയെന്നും ആ സിനിമയില്‍ ഒരു പെണ്ണ് തീവണ്ടിപ്പാളത്തിനടുത്തുള്ള കുളത്തില്‍ കൂളിയ്ക്കാന്‍ ഇറങ്ങുന്ന രംഗമുണ്ടെന്നും വസ്ത്രങ്ങള്‍ ഓരോന്നായി ഉരിയാന്‍ തുടങ്ങുമ്പോഴേയ്ക്കും അതുവഴി ഒരു തീവണ്ടി കടന്നുപോയെന്നും പറഞ്ഞു. തീവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോഴേയ്ക്കും പെണ്ണ് കുളികഴിഞ്ഞ് കയറുകയും ചെയ്തുവത്രെ. പ്രസ്തുത നമ്പൂരി രണ്ടുമൂന്നു പ്രാവശ്യം ഈ സിനിമ കാണുവാന്‍ ചെന്നപ്പോള്‍, ടിക്ക്റ്റുവാങ്ങാന്‍ വാതിയ്ക്കല്‍ നില്‍ക്കുന്ന ഒരു പരിചയക്കാന്‍ , ‘എന്താണ് എന്നും ഈ സിനിമ കാണുവാന്‍ വരുന്നതെന്ന് ചോദിച്ചുവെന്നും അപ്പോള്‍ ഒരു ദിവസമെങ്കിലും തീവണ്ടി നേരം വൈകിവരാതിരിയ്ക്കില്ലല്ലോ എന്നുവിചാരിച്ചാണ് താന്‍ ദിവസവും സിനിമകാണുവാന്‍ വരുന്നതെന്നും അല്പം ലജ്ജയോടെ പറഞ്ഞുവെത്രെ .

കാര്യസ്ഥന്‍ കഥ പറഞ്ഞു നിറുത്തി.

ഉടനെ നമ്പൂരി പറഞ്ഞു , “ ശര്യന്ന്യാ ട്ടോ , പണ്ടോക്കെ കൃത്യസമയത്തുതന്ന്യാ വണ്ടിയോടാ . ഇപ്പഴാ ഒരു കൃത്യോം ഒന്നും ഇല്ല്യാണ്ടായേ . അതോണ്ടാവും ഇപ്പോ അധികം ‘എ’ പടം എറങ്ങണത് “.

എന്തായാലും കാര്യസ്ഥന്‍ അങ്ങനെയങ്ങ് വിട്ടുകോടുത്തില്ല . ചര്‍ച്ച നമ്പൂരി ഫലിതത്തില്‍നിന്ന് ‘എ’ പടത്തെക്കുറിച്ചായി. ചര്‍ച്ച പൊടിപാറി . ചര്‍ച്ചയുടെ അവസാനം നമ്പൂരി ഒന്നുതീരുമാനിച്ചുറച്ചു . തനിയ്ക്കും ‘ എ‘ പടം കാണണം . കാര്യസ്ഥനും ഈ അഭിപ്രായത്തെ ഉറച്ചു പിന്താങ്ങി.

അങ്ങനെ ഒരു ദിവസം നമ്പൂരിയും കാര്യസ്ഥനുംകൂടി ( A ) സേട്ടിഫിക്കറ്റ് സിനിമ കാണുവാന്‍ പോയി. മാറ്റിനിയ്ക്കുപോകണമെന്നാ‍ണ് ആദ്യം നിശ്ചയിച്ചത് .പക്ഷെ, പകല്‍ ആളുകള്‍ കണ്ടാല്‍ കുറച്ചിലല്ലേ എന്നുവിചാരിച്ച് ‘ സിനിമ കാണല്‍ ‘ രാത്രിയിലേയ്ക്കുമാറ്റി.

അന്തര്‍ജ്ജനത്തോട് ക്ഷേത്രത്തിലെയ്ക്കാണെന്ന് നുണ പറഞ്ഞാണ് ഇരുവരും ഇല്ലത്തുനിന്ന് പുറപ്പെട്ടത് .
ഇരുവരും തിയേറ്ററില്‍ എത്തി ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്നു.

സിനിമ തുടങ്ങി .

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍ രാത്രിയിലെ ചില ( A ) സര്‍ട്ടിഫിക്കറ്റ് രംഗങ്ങള്‍ തെളിഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ബന്ധം കാരണം ആ രംഗങ്ങളില്‍ വെളിച്ചം അധികം ഉണ്ടായിരുന്നില്ല.

സ്ക്രീനില്‍ക്കാണുന്ന രംഗത്തില്‍ ഹരം പിടിച്ച നമ്പൂരിയ്ക്ക് വെളിച്ചത്തിന്റെ കുറവ് അസഹ്യമായിത്തോന്നി.

ഉടനെ നമ്പൂരി കാര്യസ്ഥനോട് ടോര്‍ച്ച് ആവശ്യപ്പെട്ടു.

കാര്യസ്ഥനും നല്ല ഹരത്തിലായിരുന്നു. അതിനാല്‍ തിളച്ചുപോങ്ങിയ അസ്വസ്ഥത അമര്‍ത്തി “ എന്തിനാ ഇപ്പോ ടോര്‍ച്ച് “ എന്ന് കാര്യസ്ഥന്‍ ചോദിച്ചു.

“ഒന്നങ്ങട്ട് സ്ക്രീനിലേയ്ക്ക് ടോര്‍ച്ചടിയ്ക്കാനാ . അപ്പളങ്ങട്ട് നന്നായി തെളിയൂലോ ‘’ നമ്പൂരി മറുപടി പറഞ്ഞു.

കാര്യസ്ഥനും ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നു. അതിനാല്‍ കാര്യസ്ഥന്‍ ഉടനടി ഈ വിഷയത്തില്‍ സഹകരിച്ചു.

നമ്പൂരി കാര്യസ്ഥന്റെ കയ്യില്‍നിന്നുടോര്‍ച്ച് വാങ്ങിയെങ്കിലും സംഗതി നടന്നില്ല . കാരണം മറ്റുള്ള കാണികള്‍ സമ്മതിച്ചില്ല , അത്രതന്നെ!!


സിനിമ കഴിഞ്ഞ് തിയേറ്ററില്‍നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ നമ്പൂരി ഒരു പരിചയക്കാരനെ കണ്ടു.

സംഗതി കുഴപ്പമായി എന്ന് നമ്പൂരി വിചാരിച്ചു.

ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും പരിചയക്കാരന്‍ വിട്ടില്ല.

പരിചയക്കാരന്‍ കളിയാക്കാനെന്നവണ്ണം നമ്പൂരിയോട് ചോദിച്ചു, “ എന്താ തിരുമേനീ പ്രായായീട്ടും ഈ സിനിമയ്ക്കൊക്കെ “

“ അതിനെന്തെടോ ഈ സിനിമക്കി
ത്ര പ്രത്യേകത “-- എന്നായി നമ്പൂരി


“ ഇത് ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയല്ലേ തിരുമേനി ‘’ -- പരിചയക്കാരന്‍
ഒരു പച്ചച്ചിരിയോടെ പറഞ്ഞു.

“ന്നെ ച്ചാല്‍ , എന്താ അര്‍ത്ഥം ന്ന് താന്‍ പറയ്യാ “-- എന്നായി നമ്പൂരി

“ പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം കാണേണ്ട പടം ന്ന് “ -- പരിചയക്കാരനും വിട്ടുകൊടുത്തില്ല.

“ന്താ ,നിയ്ക്ക് പ്രായായില്ലേ . പിന്നെന്താ കണ്ടാല് “-- ഇതും പറഞ്ഞ് നമ്പൂരി ഒറ്റ നടത്തം വെച്ചുകൊടുത്തു.







പോലീസ് വെടിവെപ്പിനെക്കുറിച്ച് നമ്പൂരി...




ആലപ്പുഴയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.

ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ എന്താ ചെയ്യാ തെമ്മാടികള് വിമാനോം കൊണ്ടാവും ശല്യോണ്ടാക്കാന്‍ വരണ് “.






നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍...




ഒരിയ്ക്കല്‍ നമ്പൂരി തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു; സഹയാത്രികനായി കിട്ടിയതോ ഒരു സര്‍ദാര്‍ജിയേയും !
സര്‍ദാര്‍ജിയാണെങ്കിലോ കേരളത്തില്‍ വന്നെത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ചെറുപ്പക്കാരനായ സര്‍ദാര്‍ജിയ്ക്ക് മലയാളം നല്ലവണ്ണം സംസാ‍രിയ്ക്കാനറിയാം.തിരുവനന്തപുരത്തെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് സര്‍ദാര്‍ജിയ്ക്ക് ജോലി.

നമ്പൂരിയും സര്‍ദാര്‍ജിയും വേഗം പരിചയപ്പെട്ടു.നമ്പൂരി ഇല്ലത്തെ പഴയ പ്രതാപങ്ങള്‍ പറഞ്ഞു നിര്‍ത്തിയശേഷം സര്‍ദാര്‍ജിയുടെ കുടുബത്തെ ക്കുറിച്ച് അന്വേഷിച്ചു.

‘ വിവാഹം കഴിഞ്ഞീട്ട് രണ്ടുമാസമേ ആയീട്ടുള്ളുവെന്നും ഭാര്യ നാട്ടിലാണെന്നും ‘ സംസാരമദ്ധ്യേ സര്‍ദാര്‍ജി പറഞ്ഞു.

ഉടനെ നമ്പൂരി ശൃംഗാരത്തോടെ ഇപ്രകാരം പ്രതികരിച്ചു

“ അസാരം വിഷമോണ്ടാവും ല്ലേ . ആ നിരാശോണ്ടാവും മുഖത്ത് താടി വളര്‍ത്ത്‌ണത് . ഒക്കെ നോം മനസ്സിലാക്കീ ട്ടോ “ .



No comments:

Post a Comment