Wednesday, 6 October 2010

35. ലോക- സുന്ദരീ മത്സരത്തിനുപോകുന്ന ‘ഗോമതിയ്ക്ക് ‘ വിപ്ലവചിന്ത ഉണ്ടായതുകൊണ്ടുള്ള പ്രശ്നങ്ങള്‍

നാല്കവലയില്‍ വിപ്ലവപാര്‍ട്ടിയുടെ വാഹനപ്രചരണ ജാഥ വന്നുനിന്നു.
നേതാവ് മൈക്രോഫോണെടുത്ത് വാഹനത്തിന്റെ മുകളില്‍ കയറിനിന്ന് പ്രസംഗം തുടങ്ങി.


നമ്പൂരിയുടെ മനയും തൊട്ടപ്പുറത്തെ ദേവസ്യായുടെ വീടും ഈ പ്രസംഗം കേള്‍ക്കാവുന്ന അകലത്തിലായിരുന്നു.

നമ്പൂരി പൂമുഖത്തെ ചാരുകസേരയിലിരുന്ന് പ്രസംഗം കേട്ടു.


അപ്പുറത്തെ ദേവസ്യായുടെ വീട്ടിലും ഒരു ശ്രോതാവുണ്ടായിരുന്നു.


ശ്രീമന്‍ കേരനുമായുള്ള താലിക്കുടൂക്കില്‍ നില്‍ക്കുന്ന ശ്രീമതി ഗോമതി ആയിരുന്നു അത്.


“...............ചൂഷണത്തിനെതിരെ പ്രതികരിയ്ക്കുവാനും അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുമുള്ള ആ ആഹ്വാനം ശ്രീമതി ഗോമതി അതിന്റെ ഗൌരവത്തോടെ ഉള്‍ക്കൊണ്ടു. വിപ്ലവബോധത്താല്‍ ‘പ്രകമ്പിതയായി ‘ശ്രീമതി ഗോമതി ശ്രീമന്‍ കേരനുമായി ‘ഡൈവോഴ്‌സ്‌ഡ് ‘ ആയി .


സ്വതന്ത്രയായപ്പോള്‍ ഏത് പാത സ്വീകരിയ്ക്കണമെന്നറിയാതെ ഗോമതി ഒന്നുപകച്ചുനിന്നു.


അപ്പോള്‍ ,അപ്പുറത്തെ നമ്പൂരിയുടെ വളപ്പുകണ്ടു.


വളപ്പിനകം ഹരിതവിപ്ലവത്താല്‍ കത്തിനില്‍ക്കുന്നു.


വിപ്ലവത്തിന് ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളൊന്നുമില്ലല്ലോ.

“മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം ആണല്ലോ പ്രധാനം”

“പൂച്ച കറുത്തതായലും വെളുത്തതായാലും എലിയെപ്പിടിച്ചാല്‍ മതിയല്ലോ” (ഡങിനു സ്തുതി)

അതിനാല്‍ ഗോമതി വേലിപ്പഴുതിലൂടെ ഒറ്റക്കുതിപ്പിന് നമ്പൂരിയുടെ വളപ്പിലെത്തി.

(സസ്യ-ശ്യാമ-കോമളമായ ആ പ്രദേശം ഇത്രയും കാലം തന്നില്‍നിന്നകറ്റിയവരെ ഗോമതി ശപിച്ചു.)

പിന്നിട് അധികം ചിന്തിയ്ക്കാ‍ന്‍ മിനക്കെട്ടില്ല.

ഭക്ഷണസ്വാതന്ത്ര്യം ,ഗോമതി നല്ലവണ്ണം അനുഭവിച്ചുതുടങ്ങി.

ഇളം പുല്ലിന്റെ മദോന്മത്തമായ ഗന്ധം ഗോമതി നല്ലവണ്ണം ആസ്വദിച്ചു.

ഇങ്ങനെയൊരു സ്വാതന്ത്ര്യം ഒരുക്കിത്തന്ന വിപ്ലവപാര്‍ട്ടിനേതാവിന് ഒരു ജയ് വിളിച്ചുകളയാമെന്ന് ഗോമതി തീരുമാനിച്ചു.


എന്തോ ശബ്മം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ നമ്പൂരി കണ്ട കാഴ്ച ‘ഹീമോഗ്ലോബിനെ‘ ‘ഹീറ്റ്‘ ചെയ്യുന്നതായിരുന്നു.

അപ്പുറത്തെ വീട്ടിലെ പശുവുണ്ട് തൊടിയിലെ തെങ്ങിന്‍‌തൈ തിന്നുന്നു!

അതും പ്രത്യേക പരിലാളനകൊടുത്തു വളര്‍ത്തുന്ന ‘ഗൌളി’തൈ!!!

നിമിഷാര്‍ദ്ധം കൊണ്ട് വടിയുമായി നമ്പൂരി പശുനിന്നരികിലെത്തി.

നമ്പൂരി രോഷാകുലനായി......

....പശുവിന്റെ കയര്‍ പിടിയ്ക്കാന്‍ തുനിഞ്ഞു.


ഗോമതി തീറ്റനിറുത്തി പറഞ്ഞു , “ വെറുതെ തൊട്ടുകളിയ്ക്കേണ്ട സംഗതി സ്ത്രീ പീഡനാവും, ജാമ്യമില്ലാത്ത വകുപ്പാ”
നമ്പൂരി പിന്‍‌വലിഞ്ഞു.
പക്ഷെ, അങ്ങനെയങ്ങ വിട്ടുകൊടുത്താലും ശരിയാവില്ല എന്നു കരുതി വടികൊണ്ട് രണ്ടുകൊടുത്താലോ എന്നു വിചാരിച്ച് വടിയോങ്ങി.

അന്നേരം മിസ് ഗോമതി പറഞ്ഞു.


“ അരുത് , തിരുമേനി. ഈ മേനി നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ‘ ലോക സൌന്ദര്യ മത്സരത്തില്‍ എത്തേണ്ടതാണ്. അതുകൊണ്ട് എന്‍മേനിയാകെ ‘മര്‍മ്മ‘ മാണ്.”


“പക്ഷെ, ശകാരം ആകാലോ ?”-നമ്പൂരി മറ്റൊരു പോംവഴി സ്വയം വെളിപ്പെടൂത്തി.

“പക്ഷെ, ശകാരത്തില്‍ അശ്ലീലോം ശൃംഗാരോം പാടില്ല”-ഗോമതി ഗ്രന്ഥത്തിലെ നിയമം സൂചിപ്പിച്ചു.


ഗതികെട്ട നമ്പൂരി കാല്‍ക്കിഴിലെ ഒരു പിടി മണ്ണെടുത്ത് കണ്ണടച്ചു ധ്യാനിച്ചു.


അവസാനം ,നമ്പൂരി ആ മന്ത്രവീര്യമുള്ള മണ്‍‌തരികള്‍ ഗോമതിയുടെ മേല്‍ വര്‍ഷിച്ചു


അത്ഭുതം!!!


നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഗോമതി ഒരു ശിലയായിത്തീര്‍ന്നു.!

വൈകീട്ട് , ആ വഴിവന്ന അലക്കുകാരി നാണി ‘നല്ലോരു അലക്കുകല്ല് എന്നുപറഞ്ഞ് അതെടൂത്ത് തന്റെ വീട്ടില്‍ എത്തിച്ചു.

പിറ്റേന്നുതൊട്ട് അലക്കുംതുടങ്ങി

ഇനി, ഏതവന്റെ ഉടയാടകള്‍ തട്ടിയാണോ ആ കല്ലിന് ശാപമുണ്ടാകുക?

പക്ഷെ, ‘നാണിയുഗം‘ അപ്രത്യക്ഷമായി ‘വാഷിംഗ് മെഷീന്‍യുഗം’ വന്നാല്‍പ്പിന്നെ കല്ലിനെങ്ങനെ ശാപമോക്ഷം ലഭിയ്ക്കും.

No comments:

Post a Comment