Wednesday 22 December 2010

51. സൌരോര്‍ജ്ജം പുനസ്ഥാപിക്കുവാന്‍ കഴിയാത്ത ഊര്‍ജ്ജ സ്രോതസ്സാണെന്നോ ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട് പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന് അംഗങ്ങള്‍ക്ക്  മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ഫിഷന്‍ മൂലവും ഫ്യുഷന്‍ മൂലവും ഊര്‍ജ്ജം ഉണ്ടാകുന്നു എന്ന് നമുക്കറിയാം .പക്ഷെ , അത് എങ്ങനെയാണ്  തെളിയിക്കുക”
“ഈ ക്ലസ്റ്ററില്‍ അത് തെളിയിക്കുവാന്‍ വളരെ വിഷമമാ മാഷേ “ ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു.
“ അതെ , ഫിഷന്റേയും ഫ്യൂഷന്റേയും പരീക്ഷണം ഇവിടെ , ഈ മുറിയില്‍ വെച്ച് നടത്തുക എന്നൊക്കെ പ്പറഞ്ഞാല്‍ , എങ്ങെന്യാ അത് ശരിയാവാ‍ “ സാന്ദ്രത ടീച്ചര്‍ സൂര്യന്‍ മാഷിനെ കളിയാക്കി പറഞ്ഞു.
ഈ കളിയാക്കല്‍ കേട്ടെങ്കിലും സൂര്യന്‍ മാഷ് തളര്‍ന്നില്ല ; അദ്ദേഹം വീണ്ടും ഉഷാറായി തുടര്‍ന്നു.
“ നിങ്ങള്‍ ഈ ചോദ്യം കുട്ടികളോട് -അതായത് എ പ്ലസ് കിട്ടുവാന്‍ സാധ്യതയൂള്ള വരോട് ചോദിച്ചെന്നിരിക്കട്ടെ . അവര്‍ എന്തു മറുപടിയായിരിക്കും പറയുക?”
ഇപ്പോഴാണ് സംഗതിയുടെ ഗൌരവം അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത് . അവിടെ കളിയും ചിരിയും മാഞ്ഞ് നിശ്ശബ്ദത വന്നു ചേര്‍ന്നു.
ഉത്തരം പറയുവാനായി ഫിഷന്‍ മാഷ് എണീറ്റുനിന്നു , ഒരു നിമിഷം എല്ലാവരേയും നോക്കി പറഞ്ഞു.
“ഫിഷനും ഫ്യൂഷനും നടക്കുമ്പോള്‍ ധാരാളം ഊര്‍ജ്ജം ലഭ്യമാകുന്നുണ്ട് . അതായത് ശബ്ദം , പ്രകാശം , താപം , റേഡിയേഷന്‍ എന്നിരൂപത്തില്‍ ധാരാളം ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.”
“ശരി തന്നെ “ സൂര്യന്‍ മാഷ് തുടര്‍ന്നു.
“അങ്ങനെയെങ്കില്‍ ഈ ഊര്‍ജ്ജം എവിടെനിന്ന് ഉണ്ടായി എന്നു പറയാമോ ? മാത്രമല്ല അത്
തെളിയിക്കുകയും ചെയ്യാമോ ?”
“അത് അത്ര പ്രയാസമുള്ള കാര്യമല്ലാന്നേ “ ഫിഷന്‍ മാഷ് തുടര്‍ന്നു
“ഫിഷനു മുമ്പുള്ള മാസും ഫിഷനു ശേഷമുള്ള മാസും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക . അപ്പോള്‍ മാസില്‍ വ്യത്യാ‍സം കാണും . അതായത് ഫിഷനു ശേഷവും ഫ്യൂഷനു ശേഷവും മാസില്‍ കുറവ് ഉണ്ടാകും . ഈ മാസ് ആണ് ഊര്‍ജ്ജമായി മാറിയത് “
“ പക്ഷെ ഫിഷനുശേഷം മാസില്‍ കുറവു വന്നത് പുസ്തകത്തില്‍ ഉണ്ട് . പക്ഷെ ഫ്യുഷനു ശേഷം മാസില്‍ കുറവുവരുന്നത് പുസ്തകത്തില്‍ ഇല്ല . പണ്ടത്തെ പുസ്തകത്തില്‍ നാലു ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ഉണ്ടാകുന്ന കാര്യം പറഞ്ഞിരുന്നു. “ ഫ്യൂഷന്‍ മാഷ് തന്റെ സാനിദ്ധ്യം പ്രകടമാക്കി.
സൂര്യന്‍ മാഷ് ഫ്യൂഷന്‍ മാഷിനെ അവഗണിച്ചു കൊണ്ടു പറഞ്ഞു.
“ എന്തായാലും ഫിഷനും ഫ്യൂഷനും നടന്നു കഴിയുമ്പോള്‍ ഊര്‍ജ്ജ മുണ്ടാകുന്നു എന്നും ഈ ഊര്‍ജ്ജം മാസില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും വ്യക്തമായല്ലോ .അങ്ങനെയെങ്കില്‍ എന്റെ അടുത്ത ചോദ്യം ഇതാ” സൂര്യന്‍ മാഷ് എല്ലാവരേയും ഒരു നിമിഷം ആകാംക്ഷാഭരിതരാക്കിക്കൊണ്ട് പറഞ്ഞു.
“സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ മൂലമാണെന്ന് നമുക്ക് അറിയാമല്ലോ . ഫിഷന്‍ നടക്കുമ്പോള്‍ സൂര്യന്റെ മാസില്‍ കുറവ് ഉണ്ടാകുന്നു എന്നും നമുക്ക് അറിയാം . നക്ഷത്രങ്ങളുടെ മരണത്തില്‍ ഏതൊരു നക്ഷത്രവും നാളുകള്‍ കഴിയുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ സൂര്യനെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി കരുതുവാന്‍
സാധിക്കുമോ ? ”
സൂര്യന്‍ മാഷ് ഒരു നിമിഷം നിശ്ശബ്ദമായി വേദിയില്‍ നിന്നു.
തന്റെ ചോദ്യം അംഗങ്ങളിലുണ്ടാക്കിയ പ്രതികരണം ആസ്വദിച്ചു. അതിനുശേഷം തന്റെ സീറ്റില്‍ ചെന്നിരുന്നു.
അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നെടുകെയും കുറുകെയും അങ്ങനെയും ഇങ്ങനെയുമ്മൊക്കെ നടന്നു.
ക്ലാസ് ശബ്ദമുഖരിതമായി .
പെട്ടെന്ന് ഐന്‍സ്റ്റീന്‍ മാഷ് എണീറ്റ് വേദിയിലേക്കു വന്നു.
ഐന്‍സ്റ്റീന്‍ മാഷിന്റെ മുഖത്തെ ഗൌരവം കണ്ടാവണം ക്ലാസ് നിശബ്ദമായി .
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു തുടങ്ങി .
“സൂര്യന്‍ മരിക്കണമെങ്കില്‍ അഥവാ സൂര്യനില്‍ നിന്ന് പ്രകാശം പുറപ്പെടുന്നത് ഇല്ലാതാകണമെങ്കില്‍ വളരേ അധികം സമയം പിടിക്കും . ഈ സമയത്തെ ആസ്പദമാക്കി മനുഷ്യന്റെയോ മനുഷ്യ വംശത്തിന്റേയോ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുലോം തുച്ഛമാണ് . അതുകൊണ്ടു തന്നെ നമുക്ക് സൌരോര്‍ജ്ജത്തെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി കണക്കാക്കാം. ”
“ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു നിറുത്തിയതും കയ്യടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.”
കയ്യടി അവസാനിച്ചപ്പോല്‍ ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.
ആശയ സഹായം .
ശ്രീ രമേശന്‍ മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ

50. ലെന്‍സ് സമവാക്യത്തില്‍ പോസറ്റീവ് ചിഹമോ അതോ നെഗറ്റീവ് ചിഹനമോ ഉള്ളത് ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് ലെന്‍സിട്ടിച്ചറായിരുന്നു.
ടീച്ചര്‍ വേദിയില്‍ വന്ന് എല്ലാവരേയും നോക്കി പുഞ്ചിരിച്ചശേഷം ചോദിച്ചു.
“ഒമ്പതിലെ ഫിസിക്സ് രണ്ടാം ഭാഗം തുടങ്ങിയോ ?”
പലയിടത്തുനിന്നും ഉത്തരമായി മൂളല്‍ പ്രകടമായി .
മറുപടിയില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലാഞ്ഞിട്ടാവണം ടീച്ചര്‍ വീണ്ടും ചോദിച്ചു
“പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന അദ്ധ്യായം എടുത്തു കഴിഞ്ഞുവോ ? അതില്‍ എന്തെങ്കിലും പുതുമ കണ്ടുവോ ?”
“ങള് മനുഷ്യനെ ബെടക്കാക്കാണ്ട് കാര്യം ങ്ങട്ട് പറയാ ” പ്രകാശന്‍ മാ‍ഷ് വേറെ ഒരു ടോണില്‍ പറഞ്ഞു. അത് ക്ലാ‍സില്‍ കൂട്ടച്ചിരി പടര്‍ത്തി.
ഇനിയും സസ്പെന്‍സ് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാകാം പ്രിന്‍സിടീച്ചര്‍ പറഞ്ഞു.
“ ലെന്‍സമവാക്യത്തിന്റെ കാര്യമാ ഞാന്‍ പറയുവാന്‍ പോകുന്നേ . മുന്‍പൊക്കെ നാം
പഠിപ്പിച്ചിരുന്നത് 1/u + 1/v = 1/f എന്നായിരുന്നല്ലോ . എന്നാല്‍ പുതിയ പാഠപുസ്തകത്തില്‍ 1/v - 1/u = 1/f ” എന്നാണ് . ”
ലെന്‍സിടീച്ചറുടെ ഈ പ്രസ്താവനയില്‍ ക്ലാസ് നിശ്ശബ്ദമായി.
അംഗങ്ങള്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു.
“ഇക്കാര്യം എന്തുകൊണ്ടാണ് എന്നാ ഞാന്‍ ചോദിക്കുന്നേ ” ഇതും പറഞ്ഞ് ടീച്ചര്‍ സീറ്റില്‍ ചെന്നിരുന്നു.
ഉടന്‍ തന്നെ ട്രാന്‍സ്‌ലേഷന്‍ മാഷ് എണീറ്റുനിന്നു പറഞ്ഞു.
“അത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാഠപുസ്തകത്തില്‍ മൈനസ് ആയിട്ടാണ് ലെന്‍സ് സമവാക്യം കിടക്കുന്നത് .
അതാണ് കാരണം”
“അതെന്തു ന്യായമാ , ഇംഗ്ലീഷു മീഡിയം സ്കൂളില്‍ മൈനസ് ആയതുകൊണ്ട് മലയാളം മീഡിയം സ്കൂളില്‍
മൈനസ് ആയി എന്നു പറയുന്നത് . നമുക്കിവിടെ അറിയേണ്ടത് മലയാളം മീഡീയത്തിലായാലും ഇംഗ്ലീഷ് മീഡീയത്തിലായാലും എന്തുകൊണ്ട് മൈനസ് ആയി എന്നാണ് ” സാന്ദ്രത ടീച്ചര്‍ ഉടന്‍ പ്രതികരിച്ചു.
ഏതാനും നിമിഷനേരം ക്ലാസില്‍ അടുത്തിരിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ച നടന്നു.
(വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചര്‍ച്ച നടന്നു, അല്ല ഓടി ; ചര്‍ച്ച ഒരിക്കലും ഇരുന്നില്ല)
ആരും ഒന്നും എണീറ്റു പറയുന്നില്ല.
പെട്ടെന്ന് ന്യൂ കാര്‍ട്ടീഷ്യന്‍ മാഷ് വേദിയിലേക്കു വന്നു , എല്ലാവരേയും ഒന്നു വീക്ഷിച്ചശേഷം പറഞ്ഞു.
“ഈ മൈനസ് സമവാക്യമാണ് ശരി . ഈ സമവാക്യം രൂപപ്പെടുത്തിയിരിക്കുന്നത് ന്യൂ കാര്‍ട്ടിഷന്‍
ചിഹ്നരീതിയനുസരിച്ചാണ് .”
“അപ്പോള്‍ പണ്ടത്തെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി കണ്ടുപിടിച്ചീട്ടില്ലായിരുന്നുവോ ? ”
സാന്ദ്രത ടീച്ചര്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
“പണ്ട് ഈ പാഠഭാഗം എട്ടാം ക്ലാസിലായിരുന്നു. അന്ന് പഠിപ്പിച്ചിരുന്നത് 1/u + 1/v = 1/f എന്നായിരുന്നു . പക്ഷെ എട്ടാം ക്ലാസ് ആയതുകൊണ്ട് ന്യൂകാര്‍ട്ടീഷന്‍ ചിഹ്നരീതി പഠിപ്പിച്ചിരുന്നില്ല. കാരണം എട്ടിലെ കുട്ടികളല്ലേ , അത്രക്ക് കട്ടികൂടിയ പാഠഭാഗം വേണ്ടെ എന്ന് തീരുമാനിച്ചിരിക്കാം . അതിനാല്‍ തന്നെ ഈ സമവാ‍ക്യം ഉപയോഗിച്ച് കണക്കു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കുവാന്‍ ചില കണ്ടീഷന്‍സ് വെച്ചിരുന്നു. ”
ന്യൂ കാര്‍ട്ടീഷന്‍ മാഷ് ഒന്നു നിറുത്തി എല്ലാവരേയും നോക്കി . എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ തുടര്‍ന്നു.
“ഒന്നാമത്തെ കണ്ടീഷന്‍ ,കോണ്‍‌വെക്സ് ലെന്‍സിന്റെ ഫോക്കസ് ദൂരം പോസറ്റീവ് ആയും കോണ്‍‌കേവ് ലെന്‍സിന്റേത് നെഗറ്റീവ് ആയും എടുക്കണമെന്നായിരുന്നു. രണ്ടാമത്തേത് , യഥാര്‍ത്ഥ പ്രതിബിബമാണ് ഉണ്ടാകുന്നതെങ്കില്‍ v പോസറ്റീവും മിഥ്യാ പ്രതിബിംബമാണെങ്കില്‍ v നെഗറ്റീവും ആയിരിക്കും . മൂന്നാമത്തേത് , വസ്തു യഥാര്‍ത്ഥമായതുകൊണ്ട് u പോസറ്റീവ് സംഖ്യയായി കണക്കാക്കുന്നു എന്നുമാണ്.”
“അതായത് ന്യൂ കാര്‍ട്ടിഷന്‍ ചിഹ്നരീതി പഠിപ്പിച്ചതിനാല്‍ കണ്ടീഷന്‍സ് ഒന്നും വേണ്ട എന്നര്‍ഥം അല്ലേ “
ലെന്‍സി ടീച്ചര്‍ വിളിച്ചു പറഞ്ഞു.
“അതു തന്നെ ടീച്ചറെ “ ന്യൂ കാര്‍ട്ടീഷന്‍ മാഷ് തുടര്‍ന്നു .
“അതുകൊണ്ടു തന്നെ ഈ പുതുക്കിയ ഈ സമവാക്യം നമുക്ക് യുക്തി ഭദ്രമായി കുട്ടികളുടെ മുന്നില്‍
അവതരിപ്പിക്കാം ”
അതോടുകൂടി ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.
ആശയ സഹായം .
ശ്രീ രമേശന്‍ മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ

Friday 10 December 2010

49. ലാസ്റ്റ് പിരീഡ് : ഉഷാറിനൊരു സൂത്രവാക്യം

മാഷ് രണ്ടാഴ്ച ചില പ്രശ്നങ്ങള്‍ കാരണം ലീവിലായിരുന്നു.
അങ്ങനെ അന്ന് സ്കൂളിലെത്തി .
പല വിശേഷങ്ങളും പണിക്കിടയില്‍ അറിഞ്ഞും അറിയാതെയും ഇരുന്നു.
കേട്ടതൊക്കെ ഗ്രഹിച്ചു ; കേള്‍ക്കാത്തത് ഊഹിച്ചു.
അവസാനം അന്നേദിവസം ലാസ്റ്റ് പിരീഡ് .
മാഷ് ഏഴാം ക്ലാസ് എ യിലെത്തി.
കുട്ടികള്‍ക്കെല്ലാം ബഹുസന്തോഷം !!
എന്താണാവോ ഇത് ?
മാഷിന് മനസ്സിലായില്ല.
രണ്ടാഴ്ചയായി തന്നെ കാണാതിരുന്നശേഷം കണ്ടതിലുള്ള സന്തോഷമാണോ ?
മാഷിന്റെ മനസ്സില്‍ അത്തരമൊരു സംശയം ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പോലെ കടന്നുപോയി .ഹേയ് , അതുണ്ടാവില്ല ; മാഷിന്റെ മനസ്സ് തിരുത്തി.
പിന്നെ എന്താണാവോ കാരണം ?
സന്തോഷം മാത്രമല്ല ഉന്മേഷവുമുണ്ട് ?
അപ്പോള്‍ വേറെ എന്തോ ഉണ്ട് ?
നിശ്ചയം തന്നെ .
എന്തിന് ഈ വക ചിന്തകള്‍ക്കൊക്കെ നില്‍ക്കണം
താന്‍ അവരുടെ മാഷ് അല്ലേ
നേരിട്ട് ചോദിച്ചു കൂടെ
അതുതന്നെ നേരിട്ട് ചോദിക്കാം .
“എന്താ , നിങ്ങള്‍ വലിയ സന്തോഷത്തിലാണല്ലോ ”
അവരും അതെ എന്ന മട്ടില്‍ തലയാട്ടി.
ചിലര്‍ ആഹ്ലാദ സൂചകമായ ചില ശബ്ദം പുറപ്പെടുവിച്ചു.
“ കാര്യം പറ .” മാഷിന് തന്റെ ആകാംക്ഷയെ പിടിച്ചു നിര്‍ത്താനായില്ല.
ഏറ്റവും പിന്‍ ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു.
മാഷ് പറഞ്ഞുകൊള്ളുവാന്‍ ആംഗ്യം കാണിച്ചു.
“ ഈ ഉഷാര്‍ ‘ഉച്ചപ്പാലിന്റെയാ ’ ”
“ഉച്ചപ്പാലോ അതെന്താ ”
“അയ്യേ , അപ്പോ മാഷ് ഒന്നും അറിഞ്ഞില്ലേ . ഇന്ന് ഉച്ചപ്പാലിന്റെ ദിവസമല്ലേ. അതുകൊണ്ട് ഉച്ചതിരിഞ്ഞുള്ള ഇന്റര്‍വെല്‍
സമയത്ത് ചൂടുള്ള പാല്‍ കിട്ടും . ” രണ്ടാമത്തെ ബെഞ്ചിലിരുന്ന ഹസീന പറഞ്ഞു.
“ സംഗതി സൂപ്പറാ , ഉച്ചക്കഞ്ഞിയേക്കാള്‍ അടിപൊളി .”
അപ്പോള്‍ സംഗതി മാഷിന്നോര്‍മ്മവന്നു.
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന കാര്യം .
മാഷ് പത്രത്തില്‍ വായിച്ചിരുന്നു.
ലീവായതുകൊണ്ട് മനസ്സില്‍ തങ്ങിനിന്നില്ല എന്നു മാത്രം .
ഉച്ചക്കഞ്ഞി ചോറും സാമ്പാറും പയറുകറിയുമൊക്കെ ആയുള്ള വിഭവ സ‌മൃദ്ധമായപ്പോളും ഉച്ചക്കഞ്ഞിയെന്ന അതിന്റെ ആദ്യനാമം
പോയില്ല എന്ന് കാര്യം മാഷ് ഓര്‍ത്തു.
അതുപോലെ തന്നെ അതിന്റെ സഹോദരനായി വന്ന പാലിന് കുട്ടികള്‍ നല്‍കിയ ‘ഉച്ചപ്പാല്‍‘ എന്ന പേരും മാഷിന് രസകരമായി
തോന്നി .
“ നിങ്ങള്‍ക്ക് ഉച്ചക്കഞ്ഞിയേക്കാളും സൂപ്പറാണ് ഉച്ചപ്പാല്‍ എന്നു തോന്നുന്നതെന്താ ? ” മാഷ് ചോദിച്ചു.
അതിനുത്തരമായി കുട്ടികള്‍ പലതും പറഞ്ഞു.
പിന്‍ ബെഞ്ചിലിരുന്ന വിശാ‍ല്‍ എണീറ്റു നിന്നു പറഞ്ഞു
“ഉച്ചപ്പാല്‍ സിന്ദാബാദ് ”
മറ്റുള്ളവര്‍ ഏറ്റുവിളിക്കും മുന്‍‌പേ മാഷ് അവരെ അതില്‍ നിന്ന് തടഞ്ഞു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തിലേക്ക് കടന്നു.

Friday 26 November 2010

48. രക്ഷിതാക്കള്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു.
പരീക്ഷപേപ്പറുകള്‍ കുട്ടികള്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കും ..........
മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞിരിക്കും ...........
ഇനി രക്ഷിതാവ് ,കുട്ടിയുടെ പ്രോഗ്രസ്സ് അറിയുവാന്‍ വരുന്ന ഘട്ടമാണ് .
അവിടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.
അനുഭവം :1
ക്ലാസ് പി.ടി.എ 3.30 നാണ് വെച്ചിരിക്കുന്നത് . രക്ഷിതാവ് ചില അത്യാവശ്യകാര്യങ്ങള്‍ നിമിത്തം 2 മണിക്ക് എത്തി.
അടുത്ത രംഗം കാണുന്നത് , സ്റ്റാഫ് റൂമില്‍ കുട്ടിയുമായി എത്തിയ രക്ഷിതാവിനോട് ടീച്ചര്‍ കയര്‍ക്കുന്നതാണ്.
“നിങ്ങളോടല്ലേ മൂന്നരക്ക് വരാന്‍ പറഞ്ഞത് , എന്നിട്ടിപ്പോ എന്തിനാ രണ്ടുമണിക്ക് വന്നത് ................”
എന്നുള്ള ചില ഡയലോഗുകള്‍ .
അനുഭവം :2.
സ്റ്റാഫ് റൂമില്‍ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു. രക്ഷിതാവിന് ഏകദേശം 60 വയസ്സ് പ്രായമുണ്ട് .
മുപ്പതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ടീച്ചര്‍ കസേരയിലിരിക്കുന്നു. പിന്നെ 20 മിനിട്ടോളം രക്ഷിതാവിനോട് ടീച്ചറുടെ
ഗിരി പ്രസംഗമാണ് . അതും പ്രായമായ രക്ഷിതാവിനോട് ഒന്നിരിക്കാന്‍ കൂടി പറയാതെ ! സ്വന്തം പിതാവിനേക്കാള്‍ പ്രായം കൂടിയ മനുഷ്യനാണ് ...............................
അനുഭവം :3.
സമൂഹത്തില്‍ ഉന്നത സ്ഥാനീയവും പണക്കാരനുമായ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു.
അദ്ധ്യാപകന്‍ അകലെ നിന്നുതന്നെ പ്രസ്തുത രക്ഷിതാവിനെ കാണുന്നു. വാതിക്കല്‍ വെച്ചുതന്നെ സ്വീകരിക്കുന്നു.
സ്റ്റാഫ് റൂമിലെ കസേരയിലിരുത്തുന്നു. സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുന്നു.
ഇതേ അദ്ധ്യാപകന്‍ തന്നെ പാവപ്പെട്ട രക്ഷിതാവ് വന്നപ്പോള്‍ ഉണ്ടായ പെരുമാറ്റം വളരേ മോശമായിരുന്നു
എന്നോര്‍ക്കുക. ഒന്നിരിക്കുവാന്‍ പോലും പറഞ്ഞില്ലെന്നു മാത്രമല്ല..............
അനുഭവം :4.
രക്ഷിതാവ് കുട്ടിയുമായി സ്റ്റാഫ് റൂമിലെത്തുന്നു. കുട്ടി കുസൃതി !!
തുടര്‍ന്ന് കുട്ടിയുടെ കുറ്റങ്ങള്‍ മുഴുവനും രക്ഷിതാവിനോട് പറയുന്നു. രക്ഷിതാവ് കുറ്റവാളിയെപ്പോലെ സ്റ്റാഫ് റൂമില്‍
നില്‍ക്കുന്നു. അരമണിക്കൂറിനുശേഷം രക്ഷിതാവ് സ്കൂളില്‍ നിന്ന് പുറത്തുകടക്കുന്നു.
റോഡിന്നരികെ കൂള്‍ ഡ്രിംഗ്സ് കടയില്‍ നിന്ന് സോഡാവാങ്ങിക്കുടിച്ച് ആശ്വാസം നേടുന്നു.
അനുഭവം :5
രക്ഷിതാവ് സ്കൂളിലെത്തുന്നു . പ്രോഗ്രസ്സ് കാര്‍ഡ് നോക്കി കുട്ടിയുടെ മാര്‍ക്ക് അറിയുന്നു. രോഷാകുലനാകുന്നു.
വീട്ടിലെത്തുന്നു. കുട്ടിയെ ചീത്ത പറയുന്നു ; മര്‍ദ്ദിക്കുന്നു.
അനുഭവം :6.
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയുടെ മാര്‍ക്കിന്റെ സ്ഥിതി മുന്‍‌പേ അറിഞ്ഞിട്ടൂണ്ട് . അദ്ധ്യാപകരോട് കയര്‍ക്കുന്നു.
മാര്‍ക്കുകുറഞ്ഞവിഷയത്തിലെ അദ്ധ്യാപകരോട് മോശമായി പെരുമാറുന്നു. അവര്‍ ശരിയായ രീതിയില്‍
പഠിപ്പിക്കാത്തതിനാലാണ് തന്റെ കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞതെന്ന് ആക്ഷേപിക്കുന്നു.
അനുഭവം :7
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ . നാലുവര്‍ഷം മുന്‍പ് ഇതേ സ്കൂളില്‍ പഠിച്ചവന്‍ . വില്ലന്‍ ,
വിവരമില്ലാത്തവന്‍ . ടീച്ചര്‍ അവനെക്കണ്ട് രോഷാ‍കുലനാകുന്നു
“നീയാണൊ ഇവന്റെ രക്ഷിതാവ് “എന്ന് അലറുന്നു.
അനുഭവം :8
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ .പത്തുവയസ്സിനു മൂത്തത് . ടീച്ചര്‍ പറഞ്ഞതൊക്കെ കേട്ടു. സ്ക്കൂളിനു
പുറത്തുകടന്നപ്പോള്‍ ചേട്ടന്റെ വക സമാശ്വസിപ്പിക്കല്‍
“നീ വിഷമിക്കേണ്ട , ഞാന്‍ പഠിക്കുമ്പോ നിന്നേക്കാളും പോക്കായിരുന്നു, ........... ടീച്ചറിനു ലൌലറ്റര്‍ കൊടുത്തവനാ
ഞാന്‍”
അദ്ധ്യാപകരുടെ ശ്രദ്ധക്ക്
1.രക്ഷിതാക്കള്‍ പാവപ്പെട്ടവരായാലും പണക്കാരനായാലും ഉന്നത  വിദ്യാഭ്യാസമുള്ളവനായാലും
വിദ്യാഭ്യാസമില്ലാത്തവനായാലും അവരോട് അദ്ധ്യാപകര്‍ ബഹുമാനത്തോടുകൂടി പെരുമാറുവാന്‍ ശ്രമിക്കുക.
2.അദ്ധ്യാപകരെ കാണുവാന്‍ വരുന്ന രക്ഷിതാക്കള്‍ക്ക് ഒരു ചെയര്‍ കൊടുക്കുക. സ്റ്റാഫ് റൂമില്‍ അത്തരത്തില്‍ Parent
friendly ക്രമീകരണം ഉണ്ടായാല്‍ നല്ലത് .
3.രക്ഷിതാക്കള്‍ കുട്ടിയെക്കുറിച്ച് പറയുന്നത് ക്ഷമയോടെ കേള്‍ക്കുക
4. കുട്ടിക്കാണ് മാര്‍ക്ക് കുറവ് ; രക്ഷിതാവിനല്ല. അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
5.കുട്ടിയാണ് കുറ്റം ചെയ്തത് ; രക്ഷിതാവല്ല . അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
7.രക്ഷിതാവ് വരുമ്പോള്‍ ആദ്യം കുട്ടിയുടെ നല്ലകാര്യങ്ങള്‍ , കഴിവുകള്‍ എന്നിവ പറയുക . അതിനു ശേഷം മാത്രം
കുട്ടിയുടെ കുറവ് / പോരായ്മ പറയുക.
8.കുട്ടിക്ക് ക്ലാസിലെ പാഠഭാഗങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ആ പിരീഡ് ,അല്ലെങ്കില്‍ പിറ്റേദിവസം ,
അതുമല്ലെങ്കില്‍ ആ ആഴ്ചയിലെങ്കിലും പ്രസ്തുത അദ്ധ്യാപകനോട് പറയണമെന്ന് മുന്‍‌കൂറായി പലവട്ടം ക്ലാസില്‍ പറയുക.
മറിച്ച് , പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് കുറവായാല്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ബലിയാടാക്കുന്ന സ്വഭാവം
ശരിയല്ലെന്നും മുന്‍‌കൂറായി ക്ലാസില്‍ പറയുക.
9.പല കുട്ടികളുടേയും കാര്യത്തില്‍ ടി. വി ആണ് വില്ലന്‍ ; അതിനാല്‍ അക്കാര്യം ടീച്ചര്‍ ചോദിച്ചറിയുക.
10. പഴയ പഠനരീതിയില്‍ പഠിച്ച രക്ഷിതാവിന് പുതിയ രീതിയിലെ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് അറിയില്ല . അതിനാല്‍ അക്കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിന് ആവശ്യം വേണ്ട ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് രണ്ടോ മൂന്നോ തവണ നല്‍കുക.
11. ട്യൂഷന്‍ മാഷ് കുട്ടിയൂടേയും സ്കൂള്‍ മാഷിന്റേയും ഇടയില്‍ വില്ലനാവാതെ നോക്കുക. ഇരുമാഷന്മാരും ശ്രമിക്കുന്നത് കുട്ടിയുടെ പുരോഗതിക്കാണ്  എന്ന അര്‍ത്ഥത്തില്‍ പെരുമാറുവാനുള്ള സാഹചര്യം ഒരുക്കുക.

Tuesday 23 November 2010

47. ബാലേട്ടനും ഫിസിക്സും തമ്മിലുള്ള ബന്ധം എന്താ ? ( ഹാസ്യം )

ഈ ചോദ്യം ഞാന്‍ തന്നെ പലപ്പോഴും എന്നോട്തന്നെ ചോദിച്ചിട്ടുള്ളതാണ് .
പക്ഷെ , എനിക്ക് അതിന്റെ ഉത്തരം പൂര്‍ണ്ണമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
എനിക്കു തന്നെ ഉറപ്പില്ല.
ബാലേട്ടന്റെ ചെറുപ്പകാലം ഞാന്‍ പറഞ്ഞുകേട്ടീട്ടൂണ്ട്.
അക്കഥ കേട്ടീട്ടൂള്ളത് ഒരു ചോദ്യത്തിലൂടെയാണ് .
ആ ചോദ്യം സൈക്കിളിനെക്കുറിച്ചായിരുന്നു.
“വട്ടത്തില്‍ ചവിട്ടിയാലന്താ ഈ സൈക്കിള്‍ നീളത്തില്‍ പോകുന്നേ ?”
കേട്ടവര്‍ , കേട്ടവര്‍ ഈ ചോദ്യത്തിന് ഉത്തരം പറയുവാന്‍ ശ്രമിക്കാതെ ചോദ്യത്തിലെ വിഡ്ഡിത്തമോര്‍ത്ത് പൊട്ടിച്ചിരിച്ചു.
പിന്നെ , ബാലേട്ടന്റെ ചോദ്യം പ്രസക്തമായത് ഒരു കല്യാണവീട്ടില്‍ വെച്ചായിരുന്നു.
അവിടെ സദ്യക്കുമുമ്പായി പപ്പടം വറക്കുന്ന സമയം...........
“ പപ്പടം വെള്ളത്തില്‍ വറുക്കാത്തതെന്താ‍ ?”
ഈ ചോദ്യവും പതിവിന്‍പടി അവിടെ ഉണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ചു.
തുടര്‍ന്ന് , ബാലേട്ടനെ കാണുമ്പോഴൊക്കെ വെള്ളത്തില്‍ വറുക്കാവുന്ന പപ്പടം കണ്ടുപിടിച്ചോ എന്ന്‍ പലരും തമാശയായി
ചോദിച്ചു തുടങ്ങി.
എന്നാല്‍ ഇതുകൊണ്ടൊന്നു ബാലേട്ടന്‍ തന്റെ ശാസ്ത്രാന്വേഷണ സംബന്ധിയാ‍യ ചോദ്യങ്ങള്‍ ചോദിക്കുക എന്ന
പ്രക്രിയ മുടക്കിയില്ല.
ഇത്തരം കളിയാക്കലുകള്‍ ഒരു അംഗീകാരമായാണ് ബാലേട്ടന്‍ കരുതിയത് .
ഇങ്ങനെയിരിക്കുമ്പോഴായിരുന്നു , ബാലേട്ടന്‍ തന്റെ അടുത്ത തമാശചോദ്യം ഉന്നയിച്ചത് .
അത് തന്റെ വീട്ടിലെ കുളത്തിനെ കുറിച്ചായിരുന്നു.
“കടലിലും പൊഴേലും ഏറ്റം ണ്ട് ( വേലിയേറ്റം എന്നര്‍ഥം ) എന്നാല്‍ നമ്മടേ പറമ്പിലെ കുളത്തില്‍ മാത്രം ഏറ്റം ഇല്ല.
അതെന്താ ?”
ഈ ചോദ്യവും കേട്ട് ആളുകള്‍ ചിരിച്ചു; അത്രതന്നെ .
ബാലേട്ടന്റെ കുളത്തില്‍ ‘ഏറ്റം ‘വരണകാലം ഉണ്ടാവും എന്ന് ചിലര്‍ പറഞ്ഞു
അങ്ങനെയിരിക്കെ ബാലേട്ടന്‍ ‘ഡ്രൈവിംഗ് ‘ പഠിച്ചു.
കാറോടിക്കാന്‍ പരിശീലിച്ചൂ.
അമ്പാസിഡര്‍ കാറിന്റെ ഡ്രൈവറായി ജോലികിട്ടി.
അപ്പോഴും കാറിലെ യാത്രക്കാര്‍ ബാലേട്ടനെ കുറിച്ച് കളിയാക്കി കഥകള്‍ ഉണ്ടാക്കി.
ഇറക്കം വരുമ്പോള്‍ ബാലേട്ടന്‍ കാര്‍ ഓഫാക്കുമെത്രെ !
ചുരുങ്ങിയ ലവലില്‍ ഒരു പെട്രോള്‍ ലാഭിക്കാനുള്ള ഒരു വിദ്യ.
ഒരിക്കല്‍ വലിയ കയറ്റത്തില്‍ കാര്‍ കയറാതായപ്പോള്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ട് കാര്‍ കയറ്റം കയറി എന്ന കഥ ആളുകള്‍ ബാലേട്ടന്റെ മേല്‍ വെച്ചുകെട്ടി .
അങ്ങനെയിരിക്കെ ബാലേട്ടനെ ഏറെനാള്‍ കാണാതായി .
പിന്നെ പറഞ്ഞുകേട്ടത് ലോഞ്ചുവഴി ഗള്‍ഫില്‍ പോയി എന്നാണ് .
വര്‍ഷങ്ങള്‍ കഴിഞ്ഞു.......................
എണ്‍പതുകളുടെ ആദ്യത്തില്‍ ബാലേട്ടന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി .
ബജാജ് സ്കൂട്ടറില്‍, പുകയുന്ന ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റുമായി, ബാലേട്ടന്‍ ഞങ്ങളുടെ ചെമ്മണ്ണിട്ട റോഡില്‍ പാറി നടന്നു.
അങ്ങനെ കാശുകാരനായ ബാലേട്ടന്‍ ............
എല്ല ഗള്‍ഫ് കാരും ചെയ്യുന്നതുപോലെ ..........
സ്ഥലം വാ‍ങ്ങി
അതില്‍ പുത്തന്‍ വീടുപണിതു.
ഭാര്യയും കുട്ടികളുമായി സസുഖം താമസം തുടങ്ങി .
അന്ന് ടി. വിയെക്കുറിച്ച് ഗ്രാമത്തിലുള്ളവര്‍ കേട്ടിട്ടുണ്ടായിരുന്നുപോലുമില്ല.
ടേപ്പ് റിക്കാഡര്‍ ( ടു ഇന്‍ വണ്‍ ) ആയിരുന്നു നാട്ടിലെ താരം .
അക്കായി , സോണി എന്നീ ബ്രാന്‍ഡൂകളെക്കുറീച്ച് ആളുകള്‍ അവിടെയും ഇവിടെയുമൊക്കെ ചര്‍ച്ച ചെയ്യും .
അവസാനം ഏതാണ് നല്ലത് എന്ന നിഗമനത്തിലെത്തുവാന്‍ കഴിയാതെ പിരിയും.
ബന്ധുമിത്രാദികളുടെ ശബ്ദം റിക്കാഡുചെയ്ത് ഗള്‍ഫിലേക്കും അവിടെനിന്നങ്ങോട്ടും ഇങ്ങോട്ടും എത്തിച്ചു തുടങ്ങി
കെടാമംഗലം സദാനന്ദന്റേയും സാംബശിവന്റേയും കഥാപ്രസംഗം പ്രസരിക്കാന്‍ കാസറ്റ് ഒരു മാദ്ധ്യമമായി .
മിമിക്രിയും ഓഡിയോ കാസറ്റുവഴി പ്രക്ഷേപണം ചെയ്തു തുടങ്ങി.
ദുബായ്‌ക്കത്ത് എന്ന പേരിലറിയപ്പെട്ട പാട്ട് ചെഞ്ചോരച്ചുണ്ടുകളെ മോടി പിടിപ്പിച്ചൂ തുടങ്ങി.
വൈരുദ്ധ്യാത്മിക ഭൌതികവാദം ; തൊഴിലാളിവര്‍ഗ്ഗവും തൊഴിലില്ലാത്തവരും ഒന്നുചേര്‍ന്ന് പെറ്റി ബൂര്‍ഷകളുമായി
സംഘട്ടാനത്മകതയില്‍ ഏര്‍പ്പെടുന്ന കാലഘട്ടം .......
തൊഴിലില്ല്ലാത്തവരുടെ വര്‍ഗ്ഗസമരസിദ്ധാന്തങ്ങളുടെ പ്രസക്തിക്ക് ഏറെ പ്രാ‍ധാന്യം നല്‍കുന്ന അവസ്ഥ........
അങ്ങനെ നാട്ടില്‍ ടേപ്പ് റിക്കാഡര്‍ ഒരു ‘അപ്പോളോ‘ വാഹനമായും കാസറ്റ് ഒരു ‘സ്പുട് ‌നിക്കായും‘ വിലസുന്ന അവസ്ഥ....
ഈ സമയത്താണ് ബാലേട്ടന്റെ ഗ്രാമപ്രവേശം .........
അതും ഒരു അക്കായി ടേപ്പ് റിക്കാഡറുമായി .
സ്റ്റീരിയോ ഫോണിക് സൌണ്ട് സിസ്റ്റം !!
നാട്ടില്‍ ‘അക്കായി‘ കാട്ടുതീ പോലെ പരന്നു.
ബാലേട്ടനും അക്കായിയും നാട്ടില്‍ ഹിറ്റായി .
രൂപാ‍ പതിനായിരം വേണമത്രെ അക്കായിക്ക് .
മിനിമം ബസ് ചാര്‍ജ് ഇരുപതുപൈസ ആയിരുന്ന കാലമെന്നോര്‍ക്കണം.
(എന്നിരുന്നാലും ആരും ആ ചാര്‍ജ്ജിന് ബസ്സില്‍ യാത്രചെയ്തിരുന്നില്ല.
കാരണം ; അതിന് നടന്നാല്‍ പോരെ എന്നായിരുന്നു അവരുടെ യുക്തി.)
പലരും ടേപ്പ് റിക്കാഡറിനെ പോയിക്കണ്ടു.
അതില്‍ നിന്നൊഴുകിവന്ന ‘നാദസുധ‘യും രാഗമാലികയും വേണ്ടുവോളം ആസ്വദിച്ചു.
സ്വന്തം ശബ്ദം റിക്കാഡ് ചെയ്ത് കേട്ടു.
അതിന്റെ മാധുര്യത്തിലും / ഗാംഭീര്യത്തിലും പുളകിതനായി .
അങ്ങനെ ഒരു ദിവസം ..........
കേശവേട്ടന്റെ ചായക്കടയില്‍ വെച്ച ബാലേട്ടന്‍ പ്രഖ്യാപിച്ചു.
“കുട്ടന്‍ മാരാ‍രുടെ ജോലി അടുത്തുതന്നെ പോകും . വേറെ ജോലി നോക്കുന്നതാ നല്ലത് .”
കുടിക്കാനെടുത്ത ചായ അങ്ങനെത്തന്നെ മേശപ്പുറത്തുവെച്ച് കുട്ടന്‍ മാരാര്‍ ചോദിച്ചു.
“എന്താ ഈ പറേണത് ”
ചായക്കടയിലുണ്ടായിരുന്നവരുടെ ശ്രദ്ധ തന്നിലേക്കായി എന്നു ബോദ്ധ്യമായതോടെ ബാലേട്ടന്‍ കാര്യം വിശദീകരിച്ചു.
“അതേന്ന് , ചെണ്ടമേളം റിക്കാഡ് ചെയ്ത് കാസറ്റ് ടേപ്പ് റിക്കാഡറില്‍ ഇട്ടാ മതി . പിന്നെ എന്തിനാ ചെണ്ടക്കാര് .”
സംഗതി ശരിയാണല്ലോ -
ചായക്കടയിലുണ്ടായിരുന്നവരെല്ലാം ബാലേട്ടന്റെ ദീര്‍ഘദൃഷ്ടിയെ പുകഴ്ത്തി.
കുട്ടന്‍ മാരാര്‍ക്ക് ഭവിഷ്യത്ത് മനസ്സിലായി .
അയാള്‍ ചായകുടിക്കാതെ , കാശുകൊടുത്ത് മനോവേദനയോടെ സ്ഥലം വിട്ടു
അന്ന് വൈകീട്ട് , കുട്ടന്‍ മാരാന്‍ തന്റെ മകനോട് പറഞ്ഞു
“ഇനിമുതല്‍ നീ ഈ ചെണ്ട പഠിക്കേണ്ട . പോയി ഡ്രൈവിംഗ് പഠിക്ക് “
പയ്യന്‍സ് തലയാട്ടി.
ഒരാഴ്ചകഴിഞ്ഞ് ബാലേട്ടന്റെ ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ‘ കിട്ടിയത് വെടിക്കട്ടുകാരന്‍ പപ്പുച്ചേട്ടനായിരുന്നു
ഗ്രാമത്തിലെ ക്ഷേത്രത്തില്‍ , വിശേഷാല്‍ പൂജ നടക്കുന്ന സമയമായിരുന്നു അത് .
ആളുകളൊക്കെ ക്ഷേത്രത്തിനടുത്ത് കൂടിനില്‍ക്കുന്നുണ്ട്
അപ്പോള്‍ എല്ലാവരും കേള്‍ക്ക് ഉച്ചത്തില്‍ ബാലേട്ടന്‍ പറഞ്ഞു.
“ എടാ പപ്പൂ , നിന്റെ പണി അടുത്തുതന്നെ ഇല്ലാതാവും !”
“എന്താ , ഈ പറേണത് എന്നായി പപ്പുച്ചേട്ടന്‍
ബാലേട്ടന്‍ വിശദീകരിച്ചു.
“വെടിക്കെട്ട് പൊട്ടണ ശബ്ദം സ്റ്റീരിയോ ഫോണിക്കായി കാസറ്റില്‍ റിക്കാഡ് ചെയ്താല്‍ മതി. പിന്നെ ആ‍വശ്യം ഉള്ളപ്പോ
അത് ഓണ്‍ ചെയ്താ മതീല്ലോ . ഒരു അപകടോം ണ്ടാവില്ല ; പരിസ്ഥിതി മലിനീകരണവും ഇല്ല”
“വെടിക്കെട്ടിന്റെ അത്ര ഉച്ചത്തിലുള്ള ശബ്ദം ടേപ്പ് റിക്കാഡറില്‍ നിന്ന് ഉണ്ടാവോ ?” ഗ്രാമത്തിലെ ആരാധ്യനായ
അദ്ധ്യാപകനായ ഗംഗാധരന്‍ മാഷ് ചോദിച്ചു
ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി .
മാഷ് പറഞ്ഞതു ശരിയാ എന്ന് പലരും പറഞ്ഞു.
പക്ഷെ , ബാലേട്ടന്‍ മാഷിന്റെ അറിവിനെ ലവലേശം പോറലേല്പിക്കാതെ പറഞ്ഞു.
“ മാഷ് പറേണ കാര്യം ശരിതന്ന്യാ “
ഒന്നു നിറുത്തി ബാലേട്ടന്‍ .
അപ്പോള്‍ വെടിക്കെട്ടുകാരന്‍ പപ്പുവേട്ടന്റെ മുഖത്ത് ആശ്വാസത്തിന്റെ മത്താപ്പൂ.
പിന്നെ ബാലേട്ടന്‍ വീണ്ടും തുടര്‍ന്നു.
‘ പക്ഷെ , പത്തിരുപത് ലൌഡ് സ്പീക്കര്‍ അങ്ങട്ട് വെച്ചാലോ എന്താവും മാഷേ അവസ്ഥ്. പടക്കല്ല, ബോബാ പൊട്ടാ ,
ബോംബ് . എത്ര ഉച്ചത്തില് വേണമെന്ന് തീരുമാനിക്കേ വേണ്ടൂ . അതിനനുസരിച്ച് ലൌഡ് സ്പിക്കര്‍ ഫിറ്റ് ചെയ്താല്‍ മതി
.അപ്പോഴോ മാഷേ “
പിന്നെ ഗംഗാധര്‍ന്‍ മാഷ് ബാലേട്ടന് എതിരായി മിണ്ടിയില്ല.
അവസാനം മാഷ് പറഞ്ഞു സംഗതി ബാലന്‍ പറേണത് ശര്യന്ന്യാട്ടോ .
അതോടെ ഗ്രാമവും ടേപ്പ് റിക്കാഡര്‍ സിദ്ധാന്തത്തെ അംഗീകരിച്ച മട്ടിലായി .
വെടിക്കെട്ടുകാരന്‍ പപ്പുവേട്ടന്റെ മുഖത്തും ഇരുള്‍ പരന്നു.
അതിനിടെ അരോ പറഞ്ഞു
“ശര്യന്ന്യാ ട്ടോ അമ്പലത്തിലെ വെടി വഴിപാടിനും ഇതൊക്കെ മതീല്ലോ അല്ല്ലേ “
ബാലേട്ടന്‍ വീണ്ടും പുഞ്ചിരിച്ചു
“ഭഗവാനേ ,ഗാനമേളയൊക്കെ ഇല്ലാണ്ടാവോലോ ആല്ലേ “
വീണ്ടും ആരോ വിളിച്ചൂ പറഞ്ഞു.
“അതെ , ഇനി മുതല്‍ പലതും ഇല്ലാണ്ടാവും ”
ആ സമയത്ത് ക്ഷേത്രത്തിലേക്ക് പോക്കുന്ന ശാന്തിയെ നോക്കി ആള്‍ക്കുട്ടത്തിലൊരു വന്‍ വിളിച്ചു പറഞ്ഞു
“ഈ ശാന്തിപ്പണിയും അധിക നാള്‍ ഉണ്ടാവില്ല ; ടേപ്പ് റിക്കാഡറീല്‍ റിക്കാഡ് ചെയ്താല്‍ മതിയല്ലോ “
അങ്ങനെ ഗ്രാമത്തില്‍ ടേപ്പ് റിക്കാഡറിനെ ചുറ്റി പ്പറ്റി പല സൈദ്ധാന്തിക ചര്‍ച്ചകളൂം നടന്നു
................
അടുത്ത ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ’ ബാലേട്ടനില്‍ നിന്ന് കിട്ടിയത് സ്കൂള്‍ മാഷന്മാര്‍ക്ക് ആയിരുന്നു.
മകന്റെ പ്രോഗ്രസ്സ് റിക്കാഡ് ഒപ്പിടാനായിരുന്നു ബാലേട്ടന്‍ സ്കൂളിലെത്തിയത് .
മകന്‍ പരീക്ഷക്ക് മാര്‍ക്ക് കുറച്ച് വാങ്ങിയതിന്റെ നീരസം ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടമാക്കിക്കൊണ്ടിരുന്ന
സമയത്താണ് ആവെടി പൊട്ടിച്ചത് .
അപ്പോള്‍ സ്റ്റാഫ് റൂമില്‍ എല്ലാ ടീച്ചര്‍മാരും മാഷന്മാരും ഉണ്ടായിരുന്നു
ഉച്ചഭക്ഷണ സമയമായിരുന്നു അപ്പോള്‍ .
അതിന്റെ നീരസവും ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടിപ്പിച്ചിരുന്നു.
ബാലേട്ടന്‍ ഉറക്കെ പറഞ്ഞു.
“നിങ്ങള്‍ മാഷന്മാരുടേയും ടീച്ചര്‍ മാരുടേയും ജോലി അടുത്തുതന്നെ ഇല്ലാണ്ടാവും ”
ഉച്ചത്തിലുള്ള ഈ പ്രസ്താവനകേട്ട് എല്ലാവരും ഞെട്ടി.
ശ്രദ്ധമുഴുവന്‍ തന്നിലേക്കാണെന്ന് ബോദ്ധ്യമായപ്പോള്‍ .......
ബാലേട്ടന്‍ തുടര്‍ന്നു.
“ക്ലാസില്‍ മാഷന്മാര്‍ പറയണ കാര്യങ്ങളൊക്കെ കാസറ്റില്‍ റിക്കാഡ് ചെയ്യുക . പിന്നെ പഠിപ്പിക്കണ സമയത്ത് ടേപ്പ്
റിക്കാഡര്‍ ഓണ്‍ ചെയ്താല്‍ പോരെ . വിവിധ വിഷയങ്ങള്‍ക്ക് വിവിധ കാസറ്റ് മതീല്ലോ .”
ഒഴിവു സമയത്തെ ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞ സ്റ്റാഫ് റൂം ഇപ്പോള്‍ നിശ്ശബ്ദമായി .
ബാലേട്ടന്‍ വേഗത്തില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിട്ടു.
പിന്നെ , ക്ലാസ് മാഷ് മകന്റെ കുറ്റത്തെക്കുറിച്ച് ഒന്നും ബാലേട്ടനോട് പറഞ്ഞില്ല.
അന്നേ ദിവസം ഉച്ചക്ക് സ്റ്റാഫ് റൂമിലുള്ളവര്‍ക്ക് ഭക്ഷണം രുചികരമായി തോന്നിയില്ല. ചിലരാകട്ടെ കൊണ്ടുവന്ന മുഴുവന്‍
ഭക്ഷണവും കഴിച്ചില്ല.
പിന്നേയും ബാലേട്ടന്‍ തന്റെ വൈരുദ്ധാത്മക ചോദ്യപരിപാടി തുങ്ങി.
അത് ഇലക് ട്രിസിറ്റി ബോര്‍ഡിനോടായിരുന്നു.
ബാലെട്ടന്റെ വീട്ടില്‍ ഇടക്കിടെ കറന്റ് പോകും ; ട്രാന്‍സ്‌ഫോമറില്‍ നിന്ന് വളരെ അകലെയാണ് ബാലേട്ടന്റെ വീട് .
ഇതിനൊരു പരിഹാരം കാണാനായി ബാലേട്ടന്‍ ഇലക്ട്രിസിറ്റി ഓഫീസിലെത്തി.
സബ് എഞ്ചിനീയറെ കണ്ടു
സംസാരിച്ചു.
സബ് എഞ്ചിനീയര്‍ പരാതി പറഞ്ഞാല്‍ പോര എന്നു പറഞ്ഞു.
“ കാസറ്റില്‍ റെക്കോഡ് ചെയ്തു തന്നാലോ എന്നായി ബാലേട്ടന്‍ .
അവസാനം എഞ്ചിനീയറുടേ നിര്‍ബ്ബന്ധപ്രകാരം ബാലേട്ടന്‍ പരാതി എഴുതിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായി .
ബാലേട്ടന്‍ പരാതി എഴുതിക്കൊടുത്തു.
പരാതി വായിച്ച സബ്ബ് എഞ്ചിനീയര്‍ ആകെ വിളറിവെളുത്തു.
പരാതി പരിഹാരത്തിനായി ബാലേട്ടന്‍ തന്നെ ഒരു പ്രോപ്പൊസല്‍ മുന്നോട്ട് വെച്ചിരുന്നു.
അതിന്‍ പ്രകാരം പരാതി അവസാനിക്കുന്നത് ഇപ്രകാരമാണ് .

‘’........................................................................ തന്റെ വീടിന്നടുത്തുകൂടി പോകുന്ന 11 കെ .വി ലൈനില്‍ നിന്ന് നേരിട്ട് തന്റെ

വീട്ടിലേക്ക് ഒരു കണക്ഷന്‍ തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”
അപേക്ഷ വായിച്ച് ഞെട്ടിയ സബ് എഞ്ചിനീയര്‍ അരമണിക്കൂര്‍ നേരം തരിച്ചിരുന്നു പോയത്ര!.
അവസാ‍നം ആത്മഗതമെന്നോണം പറഞ്ഞുവെത്രെ!
“ഭാഗ്യം ബാലേട്ടന്റെ വീടിന്നടുത്തുകൂടി 110 കെ. വി ലൈന്‍ പോവാത്തത് “.
(തുടരും )

Thursday 18 November 2010

46. ചന്ദ്രന്‍ ഭൂമിയില്‍ പതിക്കാത്തതെന്തുകൊണ്ട് ?

സ്ഥലം : ഒമ്പതാം ക്ലാസ്
സമയം : ഒന്നാമത്തെ പിരീഡ്
ക്ലാസ് ടീച്ചറായ ഫിസിക്സ് മാഷ് ക്ലാസില്‍ പ്രവേശിച്ചു.
കുട്ടികളുടെ അറ്റന്‍ഡന്‍സ് എടുത്തു.
തുടര്‍ന്ന് , സമയക്കുറവുകാരണം , ‘സീറോ അവര്‍‘ വേണ്ടെന്നുവെച്ച് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന
നേരം...................
ആണ്‍കുട്ടികളുടെ ഭാഗത്ത് രണ്ടാമത്തെ ബഞ്ചില്‍ അറ്റത്തിരിക്കുന്ന നിസ്സാമുദ്ദീന്‍ എണിറ്റുനിന്നു.
അവന്‍ എന്തെങ്കിലും പറയുവാന്‍ എണീറ്റുനിന്നാല്‍ മാഷിന് ചങ്കിടിപ്പാണ് .
കാരണം കാര്യമായ പ്രശ്നം ഉണ്ടായിരിക്കും .
കറുത്ത് , മെലിഞ്ഞ് ,ഉയരം കുറഞ്ഞ ,കുറ്റിത്തലമുടിയുള്ള നിസ്സാമുദ്ദീനെ മാഷ് പലപ്പോഴും സങ്കല്പിക്കാറ് നിസ്സാമുദ്ദീന്‍
എക്സ്‌പ്രസ്സ് ആയിട്ടാണ് .
ദിവസത്തിന്റെ തുടക്കത്തില്‍ അവന്‍ എണീറ്റുനിന്നപ്പോള്‍ മാഷ് അവനെ സംസാരിക്കുവാന്‍ അനുവദിച്ചില്ല.
തുടക്കം തന്നെ ഒരു പ്രശ്നത്തിലൂടെ ആവണ്ട എന്നു കരുതി.
മാഷ് നിസ്സാമുദ്ദിനെ വീണ്ടും നോക്കി.
അവന്‍ മാഷിനെ രൂക്ഷമായി നോക്കുന്നുണ്ട് .
മാത്രമല്ല ; തൊട്ടടുത്തിരിക്കുന്ന ഭരതിനോട് എന്തോ കുശുകുശുക്കുന്നുമുണ്ട് .
സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണര്‍ എന്ന സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്സിനോടുള്ള ആരാധന
നിമിത്തമാണ് തനിക്ക് ആ പേര്‍ ഇട്ടതെന്ന് ഭരത് കുട്ടികളോടും മാഷിനോടുമൊക്കെ സ്വകാര്യ സംഭാഷണത്തില്‍
പറഞ്ഞീട്ടുണ്ട് .
അതുകൊണ്ടുതന്നെ ക്ലാസില്‍ സുരേഷ് ഗോപിയുടെ പോലീസ് ശൈലിയിലാണ് അവന്റെ നടപ്പും പെരുമാറ്റവുമെല്ലാം .
അങ്ങനെയുള്ള ഭരതിനോടാണ് മാഷ് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യം പൊതുവില്‍ ഒരു വിമതനായ നിസ്സാമുദ്ദീന്‍ ഷെയര്‍ ചെയ്യുന്നത് !
പോലീസും വിമതനും തമ്മിലുള്ള കോമ്പിനേഷന്‍ .......
അതും വെറും പൊലീസല്ല ; സുരേഷ് ഗോപി പോലീസാണ്!
അതുകൊണ്ടുതന്നെ മാഷിന് തോന്നി ; പ്രശ്നം നയത്തില്‍ കൈകാര്യം ചെയ്യുന്നതാണ് ബുദ്ധിയെന്ന് !
മാഷ് നിസ്സാമുദ്ദീനെ സംസാരിക്കാന്‍ അനുവദിച്ചു.
അവന്‍ രോഷം അടങ്ങിയ മട്ടില്‍ പറഞ്ഞു.
“മാഷേ , സൂര്യന്‍ ഭൂമിയെ ആകര്‍ഷിക്കുന്നുണ്ട് . ഭൂമി സൂര്യനു ചുറ്റും കറങ്ങുകയും ചെയ്യുന്നു ; അതുപോലെ തന്നെ മറ്റ്
ഗ്രഹങ്ങളും . പക്ഷെ,എന്തുകൊണ്ടാണ് ഈ ഭൂമിയും ഗ്രഹങ്ങളും സൂര്യനിലേക്ക് അടുക്കാത്തത് ?”
മാഷിന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത് .
കാര്യം ഇത്രയേ ഉള്ളൂ !
താന്‍ വിചാരിച്ചത് എന്തെങ്കിലും ഡിസിപ്ലിന്‍ പ്രശ്നമായിരിക്കുമെന്നാണ്
അടിപിടി , അശ്ലീല ഭാഷ സംസാരിക്കല്‍ , പെണ്‍കുട്ടികളുമായുള്ള പ്രശ്നം ....
ഇത്തരം പ്രശ്നങ്ങളുടെ പേരിലാണ് ഇതേവരേക്കും നിസ്സാമുദ്ദീനെ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ളത് .
അതും അവന്‍ സ്വന്തം പ്രശ്നത്തിന്റെ പേരിലല്ല ; മറിച്ച് കൂട്ടുകാരുടെ പ്രശ്നത്തിന്റെ പേരിലാണ് പലപ്പോഴും കുഴപ്പങ്ങള്‍
ഉണ്ടാക്കിയിട്ടുള്ളത് .
താന്‍ വെറുതെ , അതുമിതുമൊക്കെ ചിന്തിച്ചൂ ; തന്റെ തെറ്റായ ഒരു മുന്‍‌വിധി!
എന്തായാലും മാഷിന് ആശ്വാസമായി .
പയ്യന്‍സ് നല്ലകാര്യങ്ങള്‍ക്ക് ഒരുങ്ങിത്തുടങ്ങിയല്ലോ .
തുടര്‍ന്ന് മാഷ് നിസ്സാമുദ്ദീനെ പുകഴ്‌ത്തി സംസാരിച്ചു.
ഇങ്ങനെ തന്നെ വേണമെന്നു പറഞ്ഞു.
പാഠഭാഗവുമാ‍യി ബന്ധപ്പെട്ട വേറിട്ട ചിന്തകള്‍ നല്ലതാണെന്ന് പറഞ്ഞു.
ഇത്തരം രീതി മറ്റുള്ളവര്‍ അനുകരിക്കണമെന്നും പറഞ്ഞു.
തുടര്‍ന്ന് നിസ്സാമുദ്ദീന്‍ ഉന്നയിച്ച ചോദ്യത്തിന് മാഷ് ഉത്തരം നല്‍കി.
വസ്തുക്കളുടെ വര്‍ത്തുള ചലനത്തെക്കുറിച്ച് ........
ഒരു കല്ലില്‍ നൂലുകെട്ടി കറക്കിയാല്‍ കല്ല് കയ്യിലേക്കുവരുന്നില്ല എന്നതിനെക്കുറിച്ച്.......

വളരെ ചെറിയ ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് മേല്‍ കീഴായി കറക്കിയാല്‍ , ബക്കറ്റ് മുകളിലെത്തിയാലും വെള്ളം
താഴേക്കു പതിക്കുന്നില്ല എന്നതിനെക്കുറിച്ച് ...........
ഫാന്റസി പാര്‍ക്കിലും വീഗാലാന്‍ഡിലുമൊക്കെയുള്ള കറങ്ങുന്ന ജയന്റ് വീലില്‍ ( യന്ത്ര ഊഞ്ഞാല്‍ ) കുട്ടികള്‍മുകളിലെത്തിയാലും താഴെ വീഴാത്തതിനെക്കുറിച്ച്............

അഭികേന്ദ്രബലത്തെക്കുറിച്ച് ...........
അപകേന്ദ്രബലത്തെക്കുറിച്ച് .................
പക്ഷെ , ഇപ്പോഴത്തെ പുതിയ പാഠപുസ്തകത്തില്‍ ഇതിനെക്കുറിച്ചൊന്നും ഇല്ലെന്നും പത്തുകൊല്ലം മുന്‍പത്തെ
പാഠപുസ്തകത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് .................
ഒക്കെ , ഒക്കെ ...... വിശദമായി സംസാരിച്ചു .
എല്ലാ കുട്ടികളും മാഷിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അവസാനം മാഷ് വിശദീകരണം അവസാനിച്ചപ്പോള്‍ .........
ഭരത് ഒരു എസ് .ഐ യുടെ സ്റ്റൈലില്‍ എണീറ്റുനിന്നു.
മാഷിന് സന്തോഷമായി
ഇതിനെക്കുറിച്ച് സംശയം വല്ലതും ചോദിക്കാനാവും ?
ശ്രദ്ധിച്ചിരിക്കുന്നവനല്ലേ സംശയമുണ്ടാവൂ.
മാഷ് ഭരതിനെ പ്രോത്സാഹിപ്പിച്ചു.
ഭരത് എണീറ്റുനിന്നു; ചുറ്റും നോക്കി ; അതിനുശേഷം പറഞ്ഞു.
“ മാഷേ , അപ്പോള്‍ ഇതുതന്നെയായിരിക്കുമോ ചന്ദ്രന്‍ ഭൂമിയില്‍ വീഴാത്തതിനു കാരണം ?”
ഈ ചോദ്യം കേട്ടവഴി മാഷ് ആപത്ത് മണത്തു.
മാഷ് ക്ലാസിനെ സശ്രദ്ധം വീക്ഷിച്ചു ; സര്‍വ്വത്ര നിശ്ശബ്ദത !!
എല്ലാകുട്ടികളും മാഷിനെ ശ്രദ്ധിക്കുന്നുണ്ട് .
ഭരത് ഇപ്പോള്‍ ഒരു ഹീറോയിന്റെ പരിവേഷത്തിലാണ് നില്പ് .
ഈ ചോദ്യം ഫസ്റ്റ് ടേമില്‍ പരീക്ഷക്ക് ഉണ്ടായിരുന്നതാണ്
പരീക്ഷപേപ്പര്‍ നോക്കികൊടുക്കുകയും മാര്‍ക്ക്‍ലിസ്റ്റ് തയ്യാറാക്കി കഴിയുകയുമൊക്കെ ചെയ്തു.
അന്നേ തന്നെ ടീച്ചേഴ്‌സിന്റെ ഇടയില്‍ ഈ ചോദ്യത്തിനെക്കുറിച്ച് സംസാരം ഉണ്ടായിരുന്നതാണ് .
പക്ഷെ , മാഷ് തന്റെ ക്ലാസില്‍ ‘ഈ പ്രശ്നം ’ നയത്തില്‍ കൈകാര്യം ചെയ്തു എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഈ
ഉല്‍ക്കാപതനം !
എന്തായാലും ഭരതിന്റെ ചോദ്യത്തിന് മറുപടി പറയാതെ പറ്റില്ലല്ലോ .
അതിനാല്‍ മാഷ് അതേ എന്ന് തലയാട്ടി.
അതാണല്ലോ ഏറ്റവും ഷോര്‍ട്ടസ്റ്റ് ! !
പെട്ടെന്ന് കുട്ടികള്‍ക്കിടയില്‍ കുശുകുശുപ്പ് !
നിസ്സാമുദ്ദീന്‍ പെട്ടെന്ന് ചാടി എണീറ്റു.
മാഷ് ഈ വിമത ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല.
“ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴുന്ന കാര്യം മാഷ് പഠിപ്പിച്ചിരുന്നില്ല , അപ്പോള്‍ മാഷ് പഠിപ്പിക്കാത്തേന്നാ ചോദ്യം വന്നേ “
“ പഠിപ്പിച്ചീല്ലെങ്കിലും സാരമില്ല , പുസ്തകത്തിലും ഇക്കാര്യം ഇല്ല.” ഭരത് ആക്രോശിക്കുകയാണ്.
ഫിസിക്സില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഇവര്‍ക്ക് നല്ല ഡോസ് കിട്ടിയിട്ടുണ്ടായിരിക്കുമോ ?
മാഷ് സംശയിച്ചൂ.
“അതെന്താ നിങ്ങള്‍ ഇങ്ങനെ പറയുന്നേ . ജയന്റ് വീലിന്റെ കാര്യം മാഷ് ക്ലാസില്‍ പറഞ്ഞിട്ടില്ലേ . പിന്നെ അത്
പുസ്തകത്തിലുമുണ്ട് ”
തുടര്‍ന്ന് മാഷ് തെളിവിനായി പുസ്തകം എടുത്ത് പേജ് 72 എടുത്ത് കാണിച്ചുകൊടുത്തു.
പക്ഷെ , പ്രശ്നക്കാര്‍ , അത് നോക്കാനെ കൂട്ടാക്കിയില്ല.
എങ്കിലും മാഷ് വിശദീകരിച്ചു
“ഇത് അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യമാണ് .അതായത് പഠിച്ച കാര്യങ്ങള്‍ പ്രായോഗിക ജീവിതത്തിലെ വിവിധ
സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ....”
മാഷിന് മുഴുവനാക്കാന്‍ കഴിഞ്ഞില്ല.
ക്ലാസില്‍ വീണ്ടും ലഹള ബഹളം .
പെണ്‍കുട്ടികളും ഒട്ടും പുറകിലല്ല ഇക്കാര്യത്തില്‍ .
അപ്പോള്‍ മാഷിന് തോന്നി , അടവൊന്നു മാറ്റിയാലോ ?
“നിങ്ങളില്‍ ചിലര്‍ ഈ ചോദ്യത്തിന് ഉത്തരം എഴുതിയിട്ടുണ്ടല്ലോ ?“
മാഷ് ഉറക്കെ ചോദിച്ചു.
“ അത് അവര്‍ക്ക് ട്യൂഷന്‍ ക്ലാസില്‍ പഠിപ്പിച്ചൂ കൊടുത്തതാ മാഷേ “ നിസ്സാമുദ്ദീന്‍ വീണ്ടും വെടിവെടിവെച്ചു.
“ട്യൂഷന്‍ മാഷോ ?” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
ഇതേതാരടാ മാഷിനേക്കാളും വലിയ ട്യൂഷന്‍ മാഷ് എന്ന മട്ടില്‍ മാഷ് നിന്നു.
“അതെ , ട്യൂഷന്‍ ക്ലാസില്‍ ഈ ചോദ്യവും ഉത്തരവും പരിചയപ്പെടുത്തിക്കൊടുത്തിരുന്നു.”
മാഷിന്റെ മുഖത്ത് സംശയത്തിന്റെ കാര്‍മേഘം
അതുകണ്ടിട്ടാവണം , ഭരത് എണിറ്റു നിന്നു പറഞ്ഞു.
“ട്യൂഷന്‍ മാഷിന് ഈ ചോദ്യം ............. ഗൈഡില്‍ നിന്ന് കിട്ടി . അതുകൊണ്ട് ട്യൂഷനുപോയ എല്ലാ കുട്ടികള്‍ക്കും ഉത്തരം
എഴുതുവാന്‍ പറ്റി.”
മാഷ് ക്ഷീണിതനായി കസേരയിലിരുന്നു.
നിസ്സാമുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു.
അവന്റെ മുഖത്ത് മാഷിനോട് ഒരു ദയാവായ്പ് .
പറഞോ നീ എന്ന അര്‍ത്ഥത്തില്‍ മാഷ് തലയാട്ടി .
നിസ്സാമുദ്ദീന്‍ പറഞ്ഞുതുടങ്ങി
“മാഷേ , ക്ലാസില്‍ പരീക്ഷണം കാണിക്കലും വര്‍ക്ക് ഷീറ്റ് ചെയ്യിക്കലും ചാര്‍ട്ട് പേപ്പറിലെ എഴുത്തും സ്മാര്‍ട്ട് റൂമില്‍
കൊണ്ടുപോയി കമ്പ്യൂട്ടറിലെ എനിമേഷന്‍സ് കാണിക്കുന്നതിലുമൊന്നുമല്ല കാര്യം . പരീക്ഷക്ക് മാര്‍ക്ക് കിട്ടണം
.മാര്‍ക്കില്ലാതെ പരീക്ഷണം ചെയ്തെന്നു പറഞ്ഞീട്ടോ ചാര്‍ട്ട് പേപ്പറില്‍ എഴുതിയെന്ന് പറഞ്ഞീ‍ട്ടോ , ശാസ്ത്രീയ മനോഭാവം
വളര്‍ത്തിയെടുത്തു എന്നു പറഞ്ഞീട്ടൊന്നും ഒരു കാര്യവുമില്ല. ”
നിസ്സാമുദ്ദിനെ പൂര്‍ത്തിയാക്കുവാന്‍ ഭരത് അനുവദിച്ചില്ല.
ഭരത് തുടര്‍ന്നു.
“നാളെ മുതല്‍ ഞങ്ങളും ഫിസിക്സ് ട്യൂഷനു പോവാ .”
മാഷ് തരിച്ചിരുന്നു.
“എന്തായാലും .............ഗൈഡൊന്നു വാങ്ങണം “ നിസ്സാമുദ്ദിന്റെ കമന്റ് .
അപ്പോഴേക്കും പിരീഡ് അവസാനിക്കുന്ന ബെല്‍ മുഴങ്ങി.
അത് മാഷിന് വലിയ ആശ്വാസമായി .
മാഷ് ക്ലാസില്‍ നിന്ന് പുറത്തുകടന്നു.
സ്റ്റാഫ് റൂമിലേക്കു നടക്കവേ മാഷ് മന്‍സ്സില്‍ ചിന്തിച്ചു ; ഇതിലുഭേദം ചന്ദ്രന്‍ ഭൂമിയില്‍ വീഴുകയായിരുന്നു

Wednesday 17 November 2010

45. ഉത്തരധ്രുവത്തില്‍ ചെന്നാല്‍ വടക്ക് എവിടെയായിരിക്കും ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപകശാക്തീകരണ പരിപാടി  .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ചിലപ്പോള്‍ കുട്ടികള്‍ ചോദിച്ച ചോദ്യമാകാം
അതുമല്ലെങ്കില്‍ അവനവന്റെ തന്നെ സംശയമാകാം
അതും അല്ലെങ്കില്‍ സ്വന്തം മക്കള്‍ ചോദിച്ച സംശയവും ആകാം
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ധ്രുവന്‍ മാഷ് വേദിയിലേക്ക് വന്നു
അദ്ദേഹം എല്ലാവരേയും വീക്ഷിച്ചുകൊണ്ട് ചോദിച്ചു
“ എന്റെ ക്ലാസിലെ കുട്ടി ചോദിച്ചചോദ്യമാണ് ഞാന്‍ ഇവിടെ പറയുവാന്‍ പോകുന്നത് “
ആയിക്കോട്ടെ , പറഞ്ഞോളൂ എന്ന മട്ടില്‍ എല്ലാവരുമിരുന്നു.
ധ്രുവന്‍ മാഷ് വര്‍ദ്ധിച്ച ആവേശത്തോടെ തുടങ്ങി
“സപ്പോസ് , നാം നോര്‍ത്ത് പോളില്‍ എത്തി എന്നു വിചാരിക്കുക “
വീണ്ടും ആയിക്കോട്ടെ എന്നമട്ടില്‍ എല്ലാരും ഇരുന്നു.
മാഷ് തുടര്‍ന്നു
“എങ്കില്‍ , അവിടെ കോമ്പസിലെ നീഡില്‍ ഏത് ദിശയിലായിരിക്കും നില്‍ക്കുക”
മാഷ് മൌനം പാലിച്ചു
മറ്റു ടീച്ചേഴ്‌സും മൌനം
അതുകൊണ്ടുതന്നെ സംഗതി ഏറ്റു എന്ന് മാഷിന് മനസ്സിലായി .
“നീഡില്‍ താഴോട്ടു പോകുമോ “ മാഷ് പരിഹസിച്ചുചോദിച്ചു.
മാഷ് സീറ്റില്‍ ചെന്നിരുന്നു.
“ഇതിനിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയുവാനുണ്ടോ “ സീ‍നിയറായ സാന്ദ്രത ടീച്ചര്‍ ചോദിച്ചു.
അപ്പോള്‍ ബാര്‍ മാഗ്നറ്റ് മാഷ് എണീറ്റു നിന്നു
അദ്ദേഹം പറഞ്ഞു തുടങ്ങി.
“ ഇത് നിസ്സാരമായ കാര്യമാണ് . ഉത്തര ധ്രുവത്തിന്റെ അടിയില്‍ ഭൂമിയുടെ ബാര്‍മാഗ്നറ്റിന്റെ ഉത്തരധ്രുവം ഉണ്ടെന്നല്ലേസങ്കല്പം . അതിനാല്‍ ഒരു വലിയ ബാര്‍ മാഗ്നറ്റിന്റെ നോര്‍ത്ത് പോളിനു മുകളില്‍ കോമ്പസ് വെച്ചാല്‍ ഏതുപോലെ  ഇരിക്കുമോ അതുപോലെ തന്നെ “
“അതായത് , ഉത്തരധ്രുവത്തില്‍ കോമ്പസ്സിന്റെ ദിശാസൂചകസ്വഭാവം വര്‍ക്ക് ചെയ്യില്ല എന്നര്‍ഥം .അല്ലേ “ ന്യൂട്രോണ്‍
മാഷ് വിളിച്ചു ചോദിച്ചു.
“അതെ , ഉത്തരധ്രുവത്തില്‍ കോമ്പസ്സ് നീഡില്‍ ഉപയോഗിച്ച് വടക്കു കണക്കാക്കാന്‍ കഴിയില്ല “ ബാര്‍ മാഗ്നറ്റുമാഷ് പറഞ്ഞു.
“എന്തിനാ മാഷേ  ഐസുകട്ടേമെ  പെയിന്റ് അടിക്കാന്‍ പോണേ , മാഷിന്  ഉത്തരധ്രുവത്തില്‍ ചെന്ന് വടക്കു കണ്ടുപിടിക്കണം പോലും “ ഐസടീച്ചര്‍ കളിയാക്കി പറഞ്ഞു .
അത് അവിടെകൂട്ടച്ചിരി ഉയര്‍ത്തി.
“നോര്‍ത്ത് എന്നും സൌത്ത് എന്നുമൊക്കെ പറയുന്നതുതന്നെ ആപേക്ഷികമാണ്. ഭൂകിയിലെ നോര്‍ത്ത് അല്ല ചന്ദ്രനിലെ നോര്‍ത്ത് . ചന്ദ്രനിലെ നോര്‍ത്ത് അല്ല ചൊവ്വയിലെ നോര്‍ത്ത് ” ഐന്‍സ്റ്റീന്‍ മാഷിന്റെ കമന്റ് ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാവാം അദ്ദേഹം മൌനം പാലിച്ചത് .
“ സംഗതി ഇതുകൊണ്ടോന്നും തീര്‍ന്നില്ല ട്ടോ . ഉത്തരധ്രുവത്തില്‍ കോമ്പസ്സ് വര്‍ക്ക് ചെയ്യില്ല എന്നു മനസ്സിലായി . അപ്പോള്‍ അവിടെ നോര്‍ത്ത് കണ്ടുപിടിക്കാന്‍ വല്ല വക്കുപ്പുമുണ്ടോ ?”
“ഉണ്ട് ട്ടോ , ഡിപ്പ് കോമ്പസ്സ് അതിനാ ഉപയോഗിക്കണത് .” ബലരേഖ ടീച്ചര്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാവരും അതെന്താ എന്ന് അറിയാനിരുന്നു.
ബലരേഖടീച്ചര്‍ അത് വിശദീകരിച്ചു.
“അത് ഒരു പ്രത്യേകതരത്തിലുള്ള കോമ്പസ്സ് ആണ് .അതിന്റെ പേരാണ് dip
compass. ഇത് ഉപയോഗിച്ച് നോര്‍ത്ത് പോളില്‍ നിന്ന് എത്ര അകലെയാണ് നാം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാ‍ന്‍ സാധിക്കും . ഇത് കുത്തനെയാണ് നിറുത്തുക . നോര്‍ത്ത് പോളിനോടടുക്കുന്തോറും അതിലെ നീഡില്‍ താഴേക്ക് വന്നുകൊണ്ടിരിക്കും . കൃത്യം നോര്‍ത്ത് പോളില്‍ എത്തിയാല്‍ അത് നേരെ താഴെയായിരിക്കും .അങ്ങെനെ ഡീപ്പ്  മനസ്സിലാക്കി നോര്‍ത്ത് പോളില്‍ നിന്നുള്ള അകലം മനസ്സിലാക്കം . ”
ടീച്ചര്‍ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചായക്കാരന്‍ ചായ കൊണ്ടുവന്നതിനാല്‍ തുടര്‍ന്നുള്ള ചര്‍ച്ച ചായ

കുടിച്ചതിനുശേഷം ആകാമെന്ന് ആര്‍ . പി പറഞ്ഞു.

44. സിനിമാ നടന്‍ മമ്മൂട്ടിക്കൊരു പ്രണയലേഖനം !

മാഷ് ആദ്യത്തെ പിരീഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരികയായിരുന്നു.
അപ്പോഴാണ് ,പ്യൂണ്‍ വന്നു പറഞ്ഞത് പ്രിന്‍സിപ്പാള്‍ വിളിക്കുന്ന കാര്യം
അതിനാല്‍ മാഷ് സ്റ്റാഫ് റൂമില്‍ പോകാതെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു നടന്നു.
മാഷ്  വിഷ്  ചെയ്തു നിന്നു,
പ്രിന്‍സിപ്പാളിന്റെ മുഖത്ത് ഗൌരവം
“ എന്നെ വിളിച്ചിരുന്നോ “ മാഷ് ചോദിച്ചു
പ്രിന്‍സിപ്പാള്‍ മറുപടിയൊന്നും പറയാതെ ഒരു ലെറ്റര്‍ എടുത്തുകൊടുത്തു.
“ ഇത് എനിക്കാണോ “
“ അല്ല മാഷിന്റെ ക്ലാസിലെ കുട്ടിക്കാ . കത്ത് തിരിച്ചുവന്നതാ ”
പ്രിന്‍സിപ്പാള്‍ ഗൌരവത്തില്‍ പറഞ്ഞു.
മാഷ് അഡ്രസ്സ് നോക്കി
മാഷ് ഒന്നു ഞെട്ടി!!.
സിനിമാ നടന്‍ മമ്മൂട്ടി , മദ്രാസ് , ഇന്ത്യ എന്നാണ് ടു അഡ്രസ്സ്
ഫ്രം അഡ്രസ്സ് മാഷ് നോക്കി
അതെ അവള്‍ തന്നെ
മാഷുടെ ക്ലാസിലെ കുട്ടി.
അഡ്രസ്സ് ശരിയാവാഞ്ഞതിനാല്‍ അയച്ച ആളിനു തന്നെ തിരിച്ചുവന്നിരിക്കുന്നു.
മാഷ് പുഞ്ചിരിക്കാന്‍ തുടങ്ങിയതായിരുന്നു
പക്ഷെ , പ്രിന്‍സിപ്പാളിന്റെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ സീരിയസ്സായി തന്നെ മുഖഭാവം പിടിച്ചു.
ഇനി എന്തുവേണം എന്ന മട്ടില്‍ മാഷ് മുഖമുയര്‍ത്തി നോക്കി.
“ കവര്‍ തുറന്നു വായിക്ക് മാഷെ “ പ്രിന്‍സിപ്പാള്‍ ഓര്‍ഡറിട്ടു.
മാഷ് കവര്‍ തുറന്നു.
വായനതുടങ്ങി .
അതൊരു പ്രേമലേഖനമായിരുന്നു.
മാഷിന്റെ ക്ലാസിലെ കുട്ടി സിനിമാ നടന്‍ മമ്മൂട്ടിക്കെഴുതിയ പ്രേമലേഖനം!!
കൂടെ അവളുടെ ഫോട്ടോയും ഉണ്ട്.
ഇഷ്ടമാണെങ്കില്‍ തിരിച്ചെഴുതാനായി അവളുടെ അഡ്രസ്സും ഉണ്ട്.
ഇനി ഇപ്പോ ഞാനെന്താ വേണ്ടെ എന്ന മട്ടില്‍ മാഷ് നിന്നു.
ആ നിസ്സംഗതാവസ്ഥ കണ്ടിട്ടാവാം പ്രിന്‍സിപ്പാള്‍ പറഞ്ഞു.
“ മാഷ് കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല; അല്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല”
മാഷ് ഒന്നും മിണ്ടിയില്ല.
അതുകൊണ്ടാവാം പ്രിന്‍സിപ്പാള്‍ തുടര്‍ന്നു.
“ മാഷ് ഇത് നയത്തില്‍ കൈകാര്യം ചെയ്യ് . വീട്ടുകാരറിഞ്ഞാല്‍ എന്താ ഉണ്ടാവാ എന്നറിയില്ല. കുട്ടിക്കും വിഷമമാവരുത്. ഒളിച്ചോട്ടോ , ആത്മഹത്യയോ മറ്റോ ഉണ്ടായാ പുലിവാല് പിടിക്കും”
മാഷ് പ്രിന്‍സിപ്പാളിന്റെ ക്യാബിനില്‍ നിന്ന് പുറത്തുകടന്നു.
ഓഫിസിലെ ജോലിക്കാര്‍ മാഷെ നോക്കി ചിരിക്കുന്നു.
“ മാഷിന് സിനിമാ നടന്മാരൊക്കെയായി ബന്ധം വരാന്‍ പോകുന്നെന്നുകേള്‍ക്കുന്നല്ലോ “ അവിടെ ഒരു കമന്റ് മുഴങ്ങി.
ബാക്ക് ഗ്രൌണ്ടായി പൊട്ടിച്ചിരിയും .
മമ്മൂട്ടിക്ക് മാഷിന്റെ ക്ലാസിലെ കൊച്ച് എഴുതിയ പ്രണയലേഖനവാര്‍ത്ത അവിടെ പാട്ടായിക്കഴിഞ്ഞു എന്ന് മാഷിന്  മനസ്സിലായി.
മാഷ് ഒരു ചിരിയില്‍ പ്രതികരണമൊതുക്കി സൂത്രത്തില്‍ ഓഫീസില്‍ നിന്ന് പുറത്തുകടന്നു.


മാഷ് സ്റ്റാഫ് റൂമിലെത്തി.
കുട്ടിയെ വിളിക്കാന്‍ ലീഡറെ വിട്ടു.
അവള്‍ വന്നു.
മാഷ് എങ്ങനെ തുടങ്ങും എന്നറിയാതെയുള്ള നില്പാണ്.
ഈ ചോദ്യംചെയ്യലിന്റെ പേരില്‍ എന്തെങ്കിലും കുരുത്തക്കേട് കുട്ടി കാണിച്ചാല്‍ ...
ആത്മഹത്യ ചെയ്താല്‍ ............
ഒളിച്ചോടിയാല്‍ ...............
പ്രിന്‍സിപ്പാള്‍ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്
അങ്ങനെയൊന്നു ഇല്ലാതെ നോക്കണമെന്ന്.
മാഷ് കുട്ടിയുടെ മുഖത്ത് നോക്കി .
അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല.
ഇനി എന്തുചെയ്യും
മാഷ് നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്നു വിചാരിച്ചു.
മാഷ് കത്തെടുത്തു കാണിച്ചു.
സംഗതി അവള്‍ക്ക് പിടികിട്ടി എന്ന് മനസ്സിലായി .
“ നിയെന്താ ഇങ്ങനെയൊക്കെ ചെയ്തെ?“
അവള്‍ നിശ്ശബ്ദയായി
“ഫാ..........” എന്നൊരു ആട്ടാണ് ഉച്ചത്തില്‍ അവിടെ മുഴങ്ങിക്കേട്ടത്.
നോക്കിയപ്പോഴുണ്ട് വാതിക്കല്‍ ‘പാറുവമ്മായി’ നില്‍ക്കുന്നു.
( പാറുവമ്മായിയെക്കുറിച്ച് രണ്ട് വാക്ക് : സ്കൂളില്‍ ചായ കൊണ്ടുവരുന്ന സ്ത്രീയാണ് പാറുവമ്മായി. പത്തമ്പതുവര്‍ഷമായിപാറുവമ്മായി ഈ ജോലി ചെയ്യുന്നു. അവിവാഹിതയാണ് .എന്നാല്‍ ചായകൊണ്ടുവരുന്ന ആളുടെ പവറല്ല അവര്‍ക്ക് .ടീച്ചേഴ്‌സിനും പ്രിന്‍സിപ്പാളിനും അവരെ ഭയമാണ്. സ്കൂളില്‍ അതുമിതുമൊക്ക നടന്നാല്‍ അവര്‍ ശക്തിയായിപ്രതിഷേധിക്കും. നല്ലൊരു ഫെമിനിസ്റ്റാണ് എന്നുവേണമെങ്കില്‍ അവരെ പറയാം . രാഷ്ട്രീയം പാറുവമ്മായിയോട് പറഞ്ഞു ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സ്ത്രീ സംവരണത്തില്‍ അവര്‍ സന്തോഷവതിയാണ്. എന്നാല്‍ അമ്പത്തഞ്ചുകഴിഞ്ഞ
അവിവാഹിതയായ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ സംവരണം വേണമെന്ന ഒരു അപേക്ഷ അവര്‍ ഈയിടെ ഇന്ത്യന്‍പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. സ്റ്റാഫ് റൂമില്‍ ചായകൊണ്ടുവന്നാല്‍ അന്നത്തെ പത്രത്തിലെ തലവാചകത്തെക്കുറിച്ച് രണ്ട് വാക്ക് പറയാതെ അവര്‍ അവിടെ നിന്നു പോകാറില്ല.)

അങ്ങനെയുള്ള പാറുവമ്മായിയാണ് ഒരു രാക്ഷസിയെപ്പോലെ നില്‍ക്കുന്നത് .

ആ ഭദ്രകാളിഭാവം കണ്ടപ്പോള്‍ മാഷിന് ഒരു കാര്യം പിടികിട്ടി.
‘പ്രണയലേഖന’ വാര്‍ത്ത പാറുവമ്മായിയും അറിഞ്ഞിരിക്കുന്നു.
“ ഇതിനൊക്കെ അടുപ്പില്‍ ഇരുമ്പുപഴുപ്പിച്ച് തുടയില്‍ വെക്ക്യാ വേണ്ടെ.നിനക്കൊക്കെ മമ്മൂട്ടിയല്ലാണ്ട് വേറെ ആളെകിട്ടീല്ലേ പ്രേമിക്കാന്‍ . . ഇങ്ങനത്തൊറ്റങ്ങളെയാ സീരിയലിലും സിനിമേലും അഭിനയിക്കാമെന്നു പറഞ്ഞ് പെഴ്പ്പിക്കിണത് ”

“ പാറുവമ്മായി നിറൂത്തൂന്നേ “ മാഷ് അകെ പുലിവാലിലായി.
ഇനി ഇപ്പോ പ്രശ്നം ഈ കേസില്‍ പാറുവമ്മായി ഇടപെട്ടതിനെക്കുറിച്ചാവും ?
ഇത് പി.ടി.എ അറിഞ്ഞാല്‍ ........
മാഷിനെ സൂചിയില്‍ കയറ്റുമെന്നു തീര്‍ച്ച
മാഷ് വിയര്‍ത്തു.
മാഷ് കുട്ടിയെ നോക്കി .
അവള്‍ക്ക് ഭാവവ്യത്യാസമൊന്നുമില്ല.
മാ‍ഷിന്റെ അസ്വസ്ഥതയുടെ കാരണം പാറുവമ്മായിക്ക് മനസ്സിലായെന്നു തോന്നുന്നു.
പാറുവമ്മായി പറഞ്ഞു.
“ ഞാന്‍ ഇവളെ വഴക്കു പറഞ്ഞൂന്ന് വെച്ച് ആരും മാഷോട് ഒന്നും ചോദിക്കാന്‍ വരില്ല. ഞങ്ങള് സ്വന്തക്കാരാ . അതല്ലെ എനിക്ക് ദണ്ണം. അല്ലേങ്കി ഞാന്‍ ഇതില് എടപെടുന്ന് തോന്നുണുണ്ടോ . ഇനി ഇതിന്റെ പേരില് ഏത് പി.ടി.എ യാ ചോദിക്കാന്‍ വരുനൂന്നെച്ചാ അവര്‍ക്കും എന്റെ വക കിട്ടും ”
പാറുവമ്മായി കലിതുള്ളി നില്‍ക്കുകയാണ്.
അതും മാഷിന് അറിയാം .
പി,ടി.എ പ്രസിഡണ്ടിനും പാറുവമ്മായിയെ പേടിയാണെന്ന കാര്യം.
മാഷ് പാറുവമ്മായിയെ ഒരു വിധത്തില്‍ ഒഴിവാക്കി.
പാറുവമ്മായി സ്ഥലം വിട്ടപ്പോള്‍ മാഷ് കുട്ടിയെനോക്കി.
അവളുടെ മുഖത്തിന് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമില്ല.
“ പാറുവമ്മാ‍യി പറഞ്ഞത് കാ‍ര്യാക്കണ്ട , വയസ്സായോരല്ലേ “ മാഷ് കുട്ടിയെ പാറുവമ്മായിയുടെ ശകാരത്തില്‍ നിന്ന് തണുപ്പിക്കാന്‍ നോക്കി.
അവള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ അതിന്റെ സ്വഭാവം അങ്ങനെത്തന്ന്യാ . അതോണ്ടാ അതിനെ ആരും കല്യാണം കഴിക്കാത്തെ “
ഇപ്പോ മാഷ് ആകെ തൊന്തരവിലായി.
ഇനി എന്തുചെയ്യും .
ഇങ്ങനെയുള്ള എഴുത്തുകള്‍ എഴുതുന്നത് തെറ്റാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തേണ്ട ചുമതല മാഷിനുണ്ട്.
അങ്ങനെ കുട്ടിക്ക് തെറ്റുമനസ്സിലാക്കിക്കൊടുത്ത് പാശ്ചാത്തപിപ്പിക്കുകയും വേണം.
അതിന് സാധിക്കുന്നില്ലല്ലോ ?
“ഇത് നീ എഴുതിയതാണൊ “ മാഷ് കുട്ടിയോട് ചോദിച്ചു.
“അതെ”
“ഇങ്ങനെയൊക്കെ എഴുതുന്നത് ശരിയാണെന്നുതോന്നുന്നുണ്ടോ ?”
മാഷ് പിടിവള്ളി കിട്ടിയമട്ടില്‍ വീണ്ടും ചോദിച്ചു.
അവള്‍ നിശ്ശബ്ദയായി.
“ മമ്മൂട്ടിക്ക് എത്രവയസ്സായിന്ന് അറിയോ ?”
അവളുടെ മുഖം കുനിഞ്ഞു.
“മമ്മൂട്ടി വിവാഹിതനാണെന്നറിയാമ്മോ”
അവള്‍ ഉത്തരം പറയാതെ നിന്നു.
മാഷിന് ആശ്വാസം തോന്നി.
തനിക്ക് കുട്ടിയെക്കൊണ്ട് തെറ്റ് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
“അതിനാല്‍ ഇനി മേലില്‍ ഇത്തരം പ്രവൃത്തികളൊന്നും ചെയ്യരുത് ” മാഷ് ആശ്വാസ സൂചകമായി പറഞ്ഞൊപ്പിച്ചു.
അപ്പോള്‍ .........
ഇത്രവേഗം വിചാരണ കഴിഞ്ഞോ എന്ന മട്ടില്‍ അവള്‍ തലയുയര്‍ത്തി.
മാഷ് അവള്‍ക്ക് പോകുവാന്‍ അനുമതികൊടുത്തു.
അപ്പോള്‍ അവള്‍ പറഞ്ഞു.
“മാഷ് പറഞ്ഞ്തൊക്കെ എനിക്ക് അറിയണത് തന്ന്യാ . മമ്മുട്ടിക്ക് വയസ്സായീന്നും കല്യാണം കഴിച്ചിട്ടുണ്ടെന്നും ഒക്കെ.എന്നാലും ഞാന്‍ ഒന്നു ട്രൈ ചെയ്ത് നോക്കീതാ .ഇങ്ങനെയൊക്കെ വലിയ അളോളെ പരിചയപ്പെടാന്‍ എളുപ്പമാ .അങ്ങനെ പരിചയായി പരിചയായി ഒരു ചാന്‍സ് സിനിമേല് അഭിനയിക്ക്യാന്‍ കിട്ട്യാ ; ആര്‍ക്കാ പുളിക്ക്യാ മാഷേ .”
മാഷിന് അതിന് മറുപടി പറയാന്‍ ഒന്നും തന്നെ കിട്ടിയില്ല.
സംഗതി ഏറ്റു എന്ന് ബോദ്ധ്യമായതിനാലാവാം അവള്‍ വീണ്ടും തുടര്‍ന്നു.
“ മാഷ് തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ഏത് വലിയ മഹാന്മാരുടേയും തുടക്കത്തില്‍ എതിര്‍പ്പ് നേരിടുമെന്ന് . കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുമെന്നൊന്നെ . അത്തരത്തില്‍ എനിക്കും ഉണ്ടായി എന്നേ ഞാന്‍ വിചാരിക്കുന്നുള്ളൂ ”.
മാഷ് എന്തോ മറുപടി പറയാന്‍ തുടങ്ങും മുന്‍പേ ഇന്റര്‍വെല്‍ സൂചിപ്പിക്കുന്ന മണിനാദം ഉയര്‍ന്നു.

43. സി.വി.രാമനും ഫിസിക്സ് ടെക് സ്റ്റ് ബുക്കും പിന്നെ അല്പം വനിതാ സംവരണവും


പതിവുപോലെ ആദ്യത്തെ പിരീഡ്
ഫിസിക്സ് മാഷ് അന്ന് വല്ലാത്ത ഉഷാറിലായിരുന്നു.
കാരണമെന്തെന്നോ ?
സി.വി രാമനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുവാന്‍ മാഷ് തയ്യാറായി വന്നിരുന്നു.
അതിന് ഒരു പ്രത്യേക സാഹചര്യവുമുണ്ടായിരുന്നു.

നവംബര്‍ ഏഴ് സി.വി രാമന്റെ ജന്മദിനമാണ്.
അതുകൊണ്ടു തന്നെ അതോടനുബന്ധിച്ച് ചില കാര്യങ്ങള്‍ മാഷിന് ക്ലാസില്‍ പറയണമെന്നുണ്ടായിരുന്നു.
അങ്ങനെ മാഷ് പറഞ്ഞു തുടങ്ങി .
സി . വി . രാമനെക്കുറിച്ച് ..
വളരെ ചെറുപ്രായത്തില്‍ ഡയനാമോ നിര്‍മ്മിച്ചതിനെക്കുറിച്ച്..
പതിനൊന്നാമത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായതിനെക്കുറിച്ച് ...
ഇപ്പോഴത്തെ കുട്ടികള്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പത്താം ക്ലാസ് പാസ്സാകുന്നത്
രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തെക്കുറിച്ച് ...
കടലിന് നീ‍ലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം
എന്നതിനെക്കുറിച്ച് ........
രാമന്റെ കണ്ടുപിടുത്തങ്ങള്‍ക്കു കാരണം രാമന്‍ തന്നെയാണൊ എന്ന് പലരും സംശയിച്ചതിനെക്കുറിച്ച്....
1930 ല്‍ രാമന് ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...

1983 ല്‍ ഇന്ത്യന്‍ വംശജനും അമേരിക്കക്കാരനുമായ എസ് . ചന്ദ്രശേഖറിന് നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...
അത് നക്ഷത്രങ്ങളുടെ പരിണാമം എന്ന വിഷയത്തിനായിരുന്നു എന്നതിനെക്കുറിച്ച് .........
എസ് . ചന്ദ്രശേഖറിന്റെ പിതാവിന്റെ സഹോദരന്റെ പുത്രനായിരുന്നു സി. വി രാമന്‍ എന്നതിനെക്കുറിച്ച്

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേശ് ശര്‍മ്മയെക്കുറിച്ച് ....
അദ്ദേഹം ലോകത്തിലെ 138 മത് ബഹിരാകാശ സഞ്ചാരിയായിരുന്നു എന്നതിനെക്കുറിച്ച്
രവീശ് മല്‍ഹോത്രയെക്കുറിച്ച് ...
രാകേശ് ശര്‍മ്മക്കും രവീശ് മല്‍ഹോത്രക്കും ഒരുമിച്ചാണ് ബഹിരാകാശ യാത്രക്കുള്ള ട്രെയിനിംഗ് നല്‍കിയിരുന്നത്
എന്നതിനെക്കുറിച്ച് ....
ബഹിരാകാശ യാത്രക്കുള്ള നറുക്ക് വീണത് രാകേശ് ശര്‍മ്മക്കായിരുന്നു എന്നതിനെക്കുറിച്ച് ...

ഇന്ത്യയുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാ‍രിയാ‍യ കല്‍പ്പനാ ചൌളയെക്കുറിച്ച് ...
രണ്ടാമത്തെ ബഹിരാകാശയാത്രയില്‍ അവരുടെ മരണത്തെക്കുറിച്ച്
ഒക്കെ പറഞ്ഞു.
അവസാനം ..........
മാഷ് പറഞ്ഞ കാര്യങ്ങള്‍ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി.
അപ്പോള്‍ ആണ്‍കുട്ടികളുടെ ഭാഗത്ത് പിന്‍‌ബെഞ്ചില്‍ ഒരു കുശുകുശുപ്പ് ......
മാഷ് ഒരു മിനിട്ടുനേരം ക്ഷമിച്ചു.
രക്ഷയില്ല പിന്നേയും തുടരുന്നു; കുശുകുശുപ്പ്
അപ്പോള്‍ മാഷ് കാര്യം അന്വേഷിച്ചു.
പിന്‍ ബെഞ്ചിലെ ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു .
“മാഷേ , കല്പന ചൌളയുടെ ചിത്രം പുസ്തകത്തിലുണ്ട് , പക്ഷെ , രാകേശ് ശര്‍മ്മയുടെ ഇല്ല . അതെന്താ മാഷേ കാരണം

“അപ്പോഴാണ് മാഷ് അക്കാര്യം ശ്രദ്ധിച്ചത്
“ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിക്കാണോ അതോ വനിതാ ബഹിരാകാശ സഞ്ചാരിക്കാണൊ കൂടുതല്‍
പ്രാധാന്യം മാഷേ “
മാഷ് കുഴങ്ങി .
കുട്ടികള്‍ അത് മനസ്സിലാക്കിയെന്നു തോന്നുന്നു.
അപ്പോള്‍ ആണ്‍ പിള്ളേരുടെ ഭാഗത്തുനിന്ന് വേറൊരു കമന്റ്
“ ഇതില്‍ വനിതാ സംവരണ പ്രശ്നം വല്ലതും ഉണ്ടോ മാഷേ “
ക്ലാസില്‍ കൂ‍ട്ടച്ചിരി
മാഷിന് ഉത്തരം പറയാനായില്ല ; അതുകൊണ്ടു തന്നെ തറപ്പിച്ചൊന്നു നോക്കി.
അപ്പോഴതാ വേറെ ഒരുത്തന്‍ എണീറ്റു നില്‍ക്കുന്നു
മാഷിന് അസ്വസ്ഥത തോന്നി.
എങ്കിലും അത് കാണിച്ചില്ല ; പുതിയ പഠനരീതിക്ക് കുട്ടികളുടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്യമുണ്ടല്ലോ
“ ആദ്യം ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചത് സര്‍ . സി.വി .രാമന് ആണ്. എന്നിരിക്കെ ഇന്ത്യന്‍
വംശജനാണെങ്കിലും , ജനിച്ചത് ലാഹോറിലാണെങ്കിലും , അമേരിക്കക്കാരനായ എസ് . ചന്ദ്രശേഖറിന്റെ ചിത്രവും
ജീവചരിത്രവും നമ്മുടെ പുസ്തകത്തിലുണ്ട് . ഇത് ശരിയാണോ മാഷേ “
മാഷ് അത് കേട്ട് ഞെട്ടി .
‘കുട്ടികളില്‍ ദേശസ്നേഹം സി.വി.രാമനിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് മാഷ് മനസ്സിലാക്കി.
മാഷ് അപ്പോഴാണ് ചിന്തിച്ചത് .
കുറേ വര്‍ഷങ്ങളായി താന്‍ ഫിസിക്സ് പഠിപ്പിച്ചു തുടങ്ങിയിട്ട് .
റിട്ടയര്‍ ചെയ്യുവാന്‍ ഇനി രണ്ടോ മൂന്നോ വര്‍ഷം മാത്രം .
എന്നുവരികിലും രാമന്‍ പ്രഭാവത്തെക്കുറീച്ചോ , അല്ലെങ്കില്‍ സര്‍ . സി. വി . രാമനെക്കുറിച്ചോ ഫിസിക്സ് പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നില്ല എന്ന കാര്യം മാഷ് ഓര്‍ത്തു.
ഇനി താന്‍ പഠിക്കുമ്പോഴത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നുവോ ?
മാഷ് ഓര്‍ത്തു.
അതും ഇല്ല എന്നു തന്നെ ഉത്തരം
ഇനി...........
കുട്ടികളോട് എന്ത് ഉത്തരം പറയും ?
അങ്ങനെ ചിന്തിച്ചിരിക്കേ .....
പിരീഡ് അവസാനിച്ചെന്നറിയിക്കുന്ന മണി മുഴങ്ങി.
അത് തല്‍ക്കാലം മാഷിനെ രക്ഷപ്പെടുത്തി.

42. സൂര്യന്‍ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സാണോ ; അല്ലയോ ?

സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ടീച്ചര്‍ അവതരിപ്പിച്ച ചോദ്യമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .
ടീച്ചര്‍ പറഞ്ഞുതുടങ്ങി.........
“എന്നോട് കുട്ടി ചോദിച്ചു. ടീച്ചറെ ; നക്ഷത്രങ്ങളുടെ ജനനവും മരണവുമൊക്കെ പഠിപ്പിക്കുന്നുണ്ട് . സൂര്യന്‍ ഒരുനക്ഷത്രമാണെന്നും നമുക്ക് അറിയാം .ഏതു നക്ഷത്രത്തിനും അവസാനം താപവും പ്രകാശവും പുറപ്പെടുവിക്കാത്ത ഒരുഅവസ്ഥ ഉണ്ടാകുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ , സൂര്യനും അത്തരത്തിലൊരവസ്ഥ ഉണ്ടാകില്ലേ.അപ്പോള്‍ സൂര്യനെ പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സെന്നു വിളിക്കുന്നതെങ്ങനെ ?”
ടീച്ചര്‍ തന്റെ മുന്നിലിരിക്കുന്ന ഫിസിക്സ് ടീച്ചേഴിന്റെ മുന്നില്‍ ഈ ചോദ്യം അവതരിപ്പിച്ചു.
എന്നീട്ട് ചുറ്റും നോക്കി.
ഉടന്‍ എനര്‍ജി ടീച്ചര്‍ അതിനെ കൌണ്ടര്‍ ചെയ്യുവാന്‍ നോക്കി .
“അതിപ്പോ , അങ്ങനെ സൂര്യന്‍ പ്രകാശം പുറപ്പെടുവിക്കാത്ത അവസ്ഥ വരണമെങ്കില്‍ വളരേ വളരെ വര്‍ഷങ്ങള്‍പിടിക്കില്ലേ . അതോണ്ട്...............”
പെട്ടെന്ന് എനര്‍ജി ടീച്ചര്‍ക്ക് വീണ്ടും താന്‍ പറയുന്നതില്‍ സംശയം വന്നതിനാലാവാം അവര്‍ താന്‍ പറഞ്ഞ വാചകംപൂര്‍ത്തിയാ‍ക്കിയില്ല.
“കുട്ടികള്‍ ഇത്തരത്തില്‍ ചോദിച്ചാല്‍ എങ്ങനെ ഉത്തരം പറയും “
ഉടന്‍ ഐന്‍സ്റ്റീന്‍ മാഷ് വേദിയിലേക്ക് വന്നു . എന്നീട്ട് ഉച്ചത്തില്‍ പറഞ്ഞു.
“ഇതിന് ഒറ്റ വഴിയേ ഉള്ളൂ . അപേക്ഷികത തന്നെ . സൂര്യന്‍ അത്തരമൊരു അവസ്ഥയിലെത്താന്‍ വര്‍ഷങ്ങള്‍ പിടിക്കും. അതിന്റെ അപേക്ഷിച്ചുനോക്കുമ്പോള്‍................ ഞാന്‍ പറയുന്നതിലെ പോയിന്റ് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ “
അവിടെ നിശ്ശബ്ദത പരന്നു.
“വേറെ ഉത്തരമില്ലെങ്കില്‍ അത് അംഗീകരിക്കതന്നെ !!”
ബാക് ബഞ്ചില്‍നിന്ന് ഒരു കമന്റ് മന്ദമാരുതനെകണക്കെ ക്ലാസിലൂടെ കടന്നുപോയി .

വാല്‍ക്കഷണം : 1

സൂര്യന്‍ ആരാ മോന്‍ ?
സൂര്യനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?
സൌരയൂഥത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യന്‍ . സൂര്യന്റെ വ്യാസം 1,392,000 km ആണ്.അതായത് ഭൂമിയുടെ വ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 109 ഇരട്ടി വരുമെന്നര്‍ത്ഥം .
സൂര്യന്റെ മാസ് 2 × 1030 Kg ആണ് . അതാ‍യത് ഭൂമിയുമായി താരതമ്യം ചെയ്യുമ്പൊള്‍ 330,000 ഇരട്ടി
വരുമെന്നര്‍ഥം . സൌരയൂഥത്തിന്റെ ആകെ മാസിന്റ് 99.86% സൂര്യന്റെ മാസ് ആണ് . സൂര്യന്റെ മുക്കാല്‍ഭാഗവുംഹൈഡ്രജനാണ് ; ബാക്കി ഭാഗം ഹീലിയവും . ഓക്സിജന്‍ , കാര്‍ബണ്‍ , നിയോണ്‍ , അയേണ്‍ ........തുടങ്ങിയ മൂലകങ്ങള്‍ഏകദേശം 2% കാണുന്നു.
സൂര്യന്റെ നിറമെന്താ ഹേ ?
സൂര്യന്റെ യഥാര്‍ത്ഥത്തിലുള്ള നിറം വെള്ളയാണ് .
പക്ഷെ , നാം കാണുന്നത് അങ്ങനെയല്ലല്ലോ ?
അത്, ഭൂമിയിലെ അന്തരീക്ഷത്തിലെ വിസരണം മൂലമാണ് നാം അങ്ങനെ കാണുന്നത് .
സൂര്യന്റെ ചൂട് എത്രയാ ?
സൂര്യന്റെ ഉപരിതലത്തിലെ ഊഷ്മാവ് 5778 K (55050C) ആണ് . ജലത്തിന്റെ തിളനില 1000C ആണെന്ന് ഓര്‍ക്കുക .
സൂര്യന്റെ ആകൃതിയെന്ത് ?
ഏകദേശം ഗോളാകൃതിയെന്ന് പറയാം.
സുര്യന്‍ ചലിക്കുന്നുണ്ടോ ?
സൂര്യന്‍ ക്ഷീരപഥത്തിന്റെ ( Milky Way ) കേന്ദ്രത്തെ ആധാരമാക്കി 24,000 പ്രകാശവര്‍ഷത്തിനും 26,000
പ്രകാശവര്‍ഷത്തിനും ദൂരത്തില്‍ പരിക്രമണം ചെയ്യുന്നു.
സൂര്യന് ഭ്രമണം ഉണ്ടോ ?
സൂര്യന്‍ മധ്യരേഖാപ്രദേശങ്ങളില്‍ ധ്രുവങ്ങളേക്കാള്‍ വേഗത്തില്‍ ചലിക്കുന്നു.
മധ്യരേഖാ പ്രദേശങ്ങളില്‍ 26.6 ദിവസവും ധ്രുവങ്ങളില്‍ 33.5 ദിവസവും ഭ്രമണം ചെയ്യുവാന്‍ സൂര്യന്‍ എടുക്കുന്നു.
സൂര്യനില്‍ നിന്ന് പ്രകാശം ഭൂമിയിലെത്തുവാന്‍ എത്ര സമയം പിടിക്കും ?
8 minutes and 19 seconds.
സൂര്യനിലെ പദാര്‍ഥത്തിന്റെ അവസ്ഥ ഏതാ ?
പ്ലാസ്മ അവസ്ഥയാണ് സൂര്യനിലുള്ളത് .
പ്ലാസ്മ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ ?
 എന്നുവെച്ചാല്‍ ആ അവസ്ഥ ഏകദേശം വാതകാവസ്ഥയോട് തുല്യമാണ് എങ്കിലും അതില്‍ ഒരു ഭാഗം അയോണീകരിക്കപ്പെട്ട അവസ്ഥയിലുള്ളതാണ് .അതായത് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ തന്മാത്രാബന്ധനം വിഛേദിക്കുകയും അത് ആറ്റമായി മാറുകയും ചെയ്യുന്നു. തുടര്‍ന്ന് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ പ്രസ്തുത ആറ്റങ്ങള്‍ ഇലക് ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണുകളായിതിരുന്നു. വാതകാവസ്ഥയെപ്പോലെ പ്ലാസ്മക്കും കൃത്യമായ ആകൃതിയോ വ്യാപ്തമോ ഇല്ല ; ഒരു പാത്രത്തില്‍ എടുത്തില്ലെങ്കില്‍ .
പ്ലാസ്മക്ക് ഉദാഹരണം പറയാമോ ?
നക്ഷത്രങ്ങളിലെ അവസ്ഥ , ഭൂമിയില്‍ കാണപ്പെടുന്ന മിന്നല്‍ , നിയോണ്‍ വിളക്കുകളിലെ അവസ്ഥ ........
വാല്‍ക്കഷണം :2
സൂര്യന് സണ്‍ഗ്ലാസ് വേണോ ?
വാല്‍ക്കഷണം :3
കൂളിംഗ് ഗ്ലാസ് വെച്ചാല്‍ തണുപ്പ് കിട്ടുമോ ?
വാല്‍ക്കഷണം :4
കൂളിംഗ് ഗ്ലാസ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിച്ചാല്‍ തണുപ്പ് കിട്ടുമോ ?
കടപ്പാട് :
വിവരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട്

Saturday 30 October 2010

41. ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ?

പതിവുപോലെ മാഷ് ക്ലാസിലെത്തി.
അറ്റന്‍ഡന്‍സ് വിളിച്ചു.
തുടര്‍ന്ന് , മാഷിന്റെ സീറോ അവറിലേക്കു പ്രവേശിച്ചു.
അത് മാഷിന്റെ ക്ലാസിലെ മാത്രം ഒരു പ്രത്യേകതയാണ്.
എല്ലാ ദിവസവും ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പ് അഞ്ചുമിനിട്ടു സമയം അന്നത്തെ പത്രവാര്‍ത്തകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് കുട്ടികളെ സജ്ജരാക്കുക.
ചരിത്രാദ്ധ്യാപകനായ മാഷ് ഈ സമയത്താണ് തന്റെ പാഠഭാഗത്തെ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കാറ്.
പക്ഷെ , പതിവിനു വിപരീതമായി അന്നത്തെ സീറോ അവര്‍ നിര്‍ജ്ജിവമായിരുന്നു.
മാഷ് കാരണം അന്വേഷിച്ചു.
ഉടനടി ക്ലാസിലെ പത്രാധിപര്‍ എന്ന് മാഷ് വിളിച്ച് അഭിനന്ദിക്കാറുള ഹസ്സന്‍ എണീറ്റു നിന്നു .
( മാഷ് അവനെ അങ്ങനെ വിളിക്കാനൊരു കാരണമുണ്ട്.
ക്ലാസിലും സ്കൂളിലും ഉണ്ടാകുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍ ഒരു ചാര്‍ട്ട് പേപ്പറില്‍ എഴുതി കൊണ്ടുവന്ന് സ്കൂള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ ക്ലാസിന്റെ ചുമരില്‍ , ഹസ്സന്‍ പതിപ്പിക്കാറുണ്ട് )
മാഷ് ഹസ്സനോട് പറയാന്‍ ആഗ്യം കാട്ടി
“ഇന്ന് പ്രത്യകിച്ചൊരു വാര്‍ത്തയും ഇല്ല മാഷേ “ ഹസ്സന്‍ പറഞ്ഞു.
അങ്ങനെയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്.
മാഷിന്റെ സാമൂഹ്യം ക്ലാസില്‍ ചര്‍ച്ചക്ക് യോജിച്ച വാര്‍ത്തകള്‍ പത്രത്തില്‍ ഇല്ലാത്ത അവസ്ഥ.
അങ്ങനെയുള്ള ദിവസങ്ങളില്‍ , സമയം കളയാതെ പാഠഭാഗത്തേക്ക് കടക്കുകയാണ് പതിവ്.
അങ്ങനെ മാഷ് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന സമയത്ത് ,,,,,,,,
പെണ്‍പിള്ളേരുടെ ഭാഗത്ത് ,പിന്‍ബെഞ്ചില്‍ നിന്നൊരു കുശുകുശുപ്പ്...
മാഷ് കാര്യം അന്വേഷിച്ചു
ഉടന്‍തന്നെ ക്ലാസിലെ റോമില ഥാപര്‍ എന്ന് മാഷ് വിശേഷിപ്പിക്കാറുള്ള റാണി എണീറ്റുനിന്നു.
(അവളെ അങ്ങനെ വിളിച്ച് അഭിനന്ദിക്കാനും ഒരു കാരണമുണ്ട് .
സ്വന്തം കുടുബത്തിന്റെ അഞ്ച് തലമുറ ഉള്‍ക്കൊള്ളുന്ന ചരിത്രം പത്ത് എ ഫോര്‍ ഷീറ്റില്‍ എഴുതി തയ്യാറാക്കി ക്ലാസില്‍ അവതരിപ്പിവളാണ് റാണി.)
മാഷ് അവളോട് പറയാന്‍ ആഗ്യം കാണിച്ചു.
“ ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ”റാണി ചോദിച്ചു
ക്ലാസിലെ കുട്ടികള്‍ ഒരു നിമിഷം നിശ്ശബ്ദമായി ; പിന്നീട് പൊട്ടിച്ചിരിച്ചു.
കമന്റുകള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നു.
“ഉച്ചക്കഞ്ഞിക്കു ചരിത്രമോ ?”
“ഉച്ചക്കഞ്ഞിക്കു ചരിത്രമില്ല ; കാരണം അത് പിറ്റേദിവസത്തേക്ക് കേടാവും “
“അലക്സാണ്ടര്‍ക്കും അശോകനുമൊക്കെ ചരിത്രം ഉണ്ട് ; പക്ഷെ ഉച്ചക്കഞ്ഞിക്ക് ............”
വീണ്ടും ചിരി
“ഏത് കഞ്ഞിയാണാവോ ഉച്ചക്കഞ്ഞിയുടെ ചരിത്രം എഴുതിയത് ?”
മാഷ് കുട്ടികളെ ഒരു വിധം നിയന്ത്രിച്ചിരുത്തി.
ആസമയത്ത് മാഷ് ആലോചിച്ചു.
റാണി ചോദിച്ചതു ശരിയല്ലേ
ഉച്ചക്കഞ്ഞിക്കും ചരിത്രമില്ലേ ?
എന്നാണ് അത് തുടങ്ങിയത് ?
ആരാണ് അത് ആരംഭിച്ചത് ?
ഒന്നിനും ഉത്തരം മാഷിന്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല.
അതിനാല്‍ മാഷ് അടുത്തദിവസം ഉച്ചക്കഞ്ഞി ചരിത്രം അന്വേഷിച്ച് പറഞ്ഞുതരാമെന്നു പറഞ്ഞ് പാഠമെടുത്തു തുടങ്ങി.
******************************
***************************************************************
******************************
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്‍ സമയം .
സ്റ്റാഫ് റൂമില്‍ മാഷന്മാരുടെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു.
പലരും സ്വന്തം സീറ്റില്‍ ഇരിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഹിസ്റ്ററി മാഷ് ഉച്ചക്കഞ്ഞി ചരിത്രത്തെക്കുറിച്ച് സ്റ്റാഫ് റൂമില്‍ ഒന്നു സെര്‍ച്ച് ചെയ്താലോ എന്ന് തീരുമാനിച്ചു.
സംഗതി മാഷ് തന്നെ ചര്‍ച്ച എടുത്തിട്ടു.
മാഷ് കാലത്ത് ക്ലാസ് മുറിയില്‍ സംഭവിച്ച കാര്യം പറഞ്ഞു.
“ ഇനിപ്പോ എവിടന്നാ അറിയാ ?” എന്ന മുഖവുരയോടെ മാഷ് അവസാനിപ്പിച്ചു.
“അത് ഇപ്പോ അറിയാനൊന്നു മില്ല ” എന്ന മുഖവുരയോടെ മലയാളം മാഷ് പറഞ്ഞു
“ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്നുവെച്ചാല്‍ .... ഇന്നത്തെ ഉച്ചക്കഞ്ഞി പണ്ടത്തെ ഉപ്പ് മാവ് ആണ്”
“ അതെയതെ “ ഡ്രോയിംഗ് മാഷ് ആ പ്രസ്താവന ശരിവെച്ചു.
“ ഉച്ചക്കഞ്ഞിയെക്കുറിച്ച് ഒരു പഴഞ്ചൊല്ലുണ്ട് “ മലയാളം മാഷ് പറഞ്ഞു
അതെന്താ എന്നായി എല്ലാരും
മലയാളം മാഷ് തുടര്‍ന്നു.
“ ഇത് പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കഥയാ . ഉച്ചഭക്ഷണത്തിന് ദാരിദ്രമുള്ള കാലം . പല കുട്ടികളുംഉച്ചഭക്ഷണമായി സ്കൂളില്‍ നിന്ന് ഉപ്പുമാവ് ലഭിക്കുമെന്നുള്ളതുകൊണ്ട് സ്കൂളില്‍ വന്നിരുന്ന ഒരു കാലം . ഒരിക്കല്‍ ഒരു കുട്ടിക്ലാസില്‍ വരാതായപ്പോള്‍ ഞാന്‍ അന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ അവന്‍ പറയുകയാ ..... ആ സ്കൂളിലെ ഉപ്പുമാ‍വും വേണ്ട ; മാഷിന്റെ അടീം വേണ്ട എന്ന് “
ഇത് സ്റ്റാഫ് റൂമില്‍ പൊട്ടിച്ചിരി ഉയര്‍ത്തി.
“ ഹൌ , എന്നാലും അന്നത്തെ ഉപ്പുമാവിന് ഒരു പ്രത്യേക ടേസ്റ്റ് തന്ന്യാ “ ഡ്രോയിംഗ് മാഷ് ഓര്‍ത്തുകൊണ്ടു പറഞ്ഞു.
ഇത് അവിടെ ഒരു നിശ്ശബ്ദത പരത്തി.

******************************
***************************************************************
******************************

മാഷ് വീട്ടിലെത്തി .
പതിവിന്‍പടിയുള്ള ജോലിയൊക്കെ വേഗത്തില്‍ തീര്‍ത്തു.
തുടര്‍ന്ന് കമ്പ്യൂട്ടറുനു മുന്‍പില്‍ ചെന്ന് സെര്‍ച്ച് ചെയ്യാനിരുന്നു.
തുടര്‍ന്ന് കണ്ടെത്തിയ കാര്യങ്ങള്‍ രസകരമായിരുന്നു.

******************************
***************************************************************
******************************

1923 ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് ആരംഭിച്ചത്.
ഈ പരിപാടി വലിയ തോതില്‍ ആരംഭിച്ചത് 1960 ല്‍ കെ . കാമരാജ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പക്ഷെ , ഉച്ചഭക്ഷണ പരിപാടി വ്യാപകമായി നടപ്പിലാക്കിയത് 1982 ല്‍ എം .ജി .രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹം സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പ്രോഗ്രാം 1982 ല്‍ നടപ്പിലാക്കി
പിന്നീടത് പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കുമായി വ്യാപിപ്പിച്ചു.
കാമരാജ് ഉച്ചഭക്ഷണ പരിപാടി തുടങ്ങിയതിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട് .
തിരുനെല്‍‌വേലി ജില്ലയിലെ Cheranmahadevi എന്ന ഗ്രാമത്തില്‍ ( ഇപ്പോള്‍ ഇത് പട്ടണമാണ് ) നിന്നാണ് കഥ തുടങ്ങുന്നത് .
കാമരാജ് ലാളിത്യത്തില്‍ വിശ്വസിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ചുവന്ന വിളക്ക് മുകളില്‍ വെച്ചുള്ള കാര്‍ യാത്രക്കായി ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല യാത്രചെയ്യുമ്പോള്‍ മറ്റ് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.
ഇങ്ങനെയുള്ള ഒരു യാത്രയില്‍ ശ്രീ കാമരാജിന് ഒരു റയില്‍‌വേ ലവല്‍ ക്രോസില്‍ തന്റെ വാഹനം നിറുത്തി ട്രെയിന്‍ പോകൂന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു.
അദ്ദേഹം താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നിറങ്ങി.
കുറച്ചു കുട്ടികള്‍ അവിടെ ആടുകളേയും പശുക്കളേയും മേക്കുന്നത് അദ്ദേഹം കണ്ടു.
അതില്‍ ഒരു കുട്ടിയോട് കാമരാജ് ചോദിച്ചു
നീയെന്താണ് സ്കൂളില്‍ പഠിക്കുവാന്‍ പോകാതെ പശുവിനെയും കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്ന്
കുട്ടി ചോദിച്ച മനുഷ്യനെ നോക്കി .
കുട്ടിക്ക് അറിയുമായിരുന്നില്ല തന്നോട് ചോദ്യം ചോദിച്ച മനുഷ്യന്‍ മദ്രാസ്
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം!
അതുകൊണ്ടുതന്നെ ഉടനടി കുട്ടിയുടെ മറുപടി വന്നു.
ഞാന്‍ സ്കൂളില്‍ പോയാല്‍ നിങ്ങള്‍ എനിക്ക് ഭക്ഷണം തരുമോ എന്ന്
ഈ മറുപടിയാണത്രെ കാമരാജിനെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി തുടങ്ങുവാന്‍ പ്രേരിപ്പിച്ചത് .

******************************
***************************************************************
******************************

കേരളത്തിലെ ഉച്ചക്കഞ്ഞി ചരിത്രം ഇപ്രകാരം :
1961-62 ല്‍ G.O. (Rt) No. 2013/61 Edn.dated 31-8-1961 പ്രകാരം സംസ്ഥാനത്തെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി ( ഉപ്പുമാവ് )ആരംഭിച്ചു.
ഇതിനുവേണ്ട ഭൌതിക സഹായം നല്‍കിയത് CARE (Co-operative for American Relief Everywhere) ആണ്.
പക്ഷെ , അവര്‍ 1984 ല്‍ ഇതിനുള്ള സഹായം പിന്‍വലിച്ചു; 1986 ല്‍ പൂര്‍ണ്ണമായി ഈ രംഗത്തുനിന്നും പിന്‍‌വലിഞ്ഞു.
പാവപ്പെട്ടവരും ആവശ്യമുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ സംഘടനയുടെ സഹായം വളരേ ഉപകാരപ്രദമായിരുന്നു.
എന്നാല്‍ CARE പിന്‍‌വാങ്ങിയതോടുകൂടി സര്‍ക്കാര്‍ ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരായി.
അങ്ങനെ 1-12-1984 ഉച്ചക്കഞ്ഞി എന്നപേരില്‍ ഉച്ചഭക്ഷണപരിപാടി കേരളത്തിലെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ആരംഭിച്ചു.
31-12-1985 ല്‍ കേരളത്തിലെ സര്‍ക്കാര്‍ , എയ്‌ഡഡ് സ്കൂളുകളിലും ഉച്ചക്കഞ്ഞി പരിപാടി തുടങ്ങി.
15-8-1987 മുതല്‍ ഉച്ചക്കഞ്ഞി പരിപാടി യു .പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചൂ. അങ്ങനെ കഞ്ഞിയും ചെറുപയറുമായി ഈ പദ്ധതി മുന്നേറി.

******************************
***************************************************************
******************************

സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം :-
2001 ഏപ്രിലില്‍ People’s Union for Civil Liberties (Rajasthan) എന്ന സംഘടന ഭക്ഷണത്തിനുള്ള അവകാശം എന്നപേരില്‍ പ്രസിദ്ധമായ ഒരു ലോസ്യൂട്ട് സുപ്രിംകോടതിയൂടെ മുന്നില്‍ കൊണ്ടുവന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുവാന്‍ നിര്‍ദ്ദേശം കോടതിയില്‍ നിന്ന് ഉണ്ടായി .
അതോടെ ഉച്ചഭക്ഷണ പരിപാടിക്ക് നിയമപരമായ ഒരു പരിവേഷം കൂടി ലഭിച്ചു.

******************************
***************************************************************
******************************

ഉച്ചക്കഞ്ഞിയും സര്‍.സി.പി . രാമസ്വാമി അയ്യരും :

1936 മുതല്‍ 1947 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു സര്‍.സി.പി . രാമസ്വാമി അയ്യര്‍.
അദ്ദേഹം പല പരിഷ്കാരങ്ങളും അവിടെ നടപ്പിലാക്കിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം (1936), പ്രായപൂര്‍ത്തി വോട്ടവകാശം , വധശിക്ഷ ഒഴിവാക്കല്‍ എന്നിവ അദ്ദേഹം

നടപ്പിലാക്കി.
അദ്ദേഹം നടപ്പിലാക്കിയ മറ്റൊരു കാര്യം കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതിയായിരുന്നു. അത് അയിത്തോച്ചാടനത്തിന്

സഹായിച്ചിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?

******************************
***************************************************************
******************************

മാഷ് പിറ്റേന്ന് സ്കൂളിലെത്തി .
സീറോ അവര്‍ സമയത്ത് ...
ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളൊക്കെ അവതരിപ്പിച്ചു.
അതിനുശേഷം .........
കുട്ടികളെ നോക്കി .
അവര്‍ താല്പര്യത്തോടെ നോക്കി ശ്രദ്ധിച്ചിരിക്കയായിരുന്നു.
തുടര്‍ന്ന്
ഹസ്സന്‍ എണീറ്റുനിന്നു
മാഷ് പറയാന്‍ ആഗ്യം കാണിച്ചു.
ഹസ്സന്‍ തുടര്‍ന്നു
“ മാഷെ ഞങ്ങളും ചോദിച്ചു ഈ ഉച്ചക്കഞ്ഞിയുടെ ചരിത്രം . ഉപ്പുമാവിന്റെ കാര്യം ഈ നാട്ടുകാരൊന്നും തന്നെ മറന്നിട്ടില്ല

മാഷേ . ഇന്നത്തെ വലിയ പണക്കാരൊക്കെ പണ്ട് സ്കൂളില്‍ നിന്ന് ഉപ്പുമാവ് കഴിച്ചവരായിരുന്നു.”
“ കഴിഞ്ഞ മാസം നമ്മുടെ സ്കൂളിലേ ഉച്ചക്കഞ്ഞി ഫണ്ടിലേക്ക് പതിനായിരരൂപ സംഭാവന ചെയ്ത ആള്‍ പണ്ട് സ്കൂളില്‍

നിന്ന് ഉപ്പുമാവ് കഴിച്ചിരുന്നുവെത്രെ!”
ക്ലാസ് മൌനത്തിലായി .
മാഷിനും തൃപ്തി തോന്നി.
കുട്ടികളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയിരിക്കുന്നു.
വിവരശേഖരണം അത്തരത്തിലും ആകാമല്ലോ ?
തുടര്‍ന്ന് മാഷ് സീറോ അവറില്‍ നിന്ന് പാഠഭാഗത്തേക്കു പോയി .

******************************
***************************************************************
******************************

വാല്‍ക്കഷണം :

ഉപ്പുമാവിന്റെ ഇംഗ്ലിഷ് എന്താ ?
ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയില്‍ മോഹന്‍ ലാല്‍ എന്ന അദ്ധ്യാപകന്‍ ഉത്തരമായി പറഞ്ഞത് ഇങ്ങനെയാണ്
“സാള്‍ട്ട് മാംഗോ ട്രീ “
എന്നാല്‍
കഞ്ഞിയുടെയുടെ ഇഗ്ലീഷ് എന്താ ?
ചിരട്ടപ്പൂട്ടിന്റെ ഇംഗ്ലീഷ് പറയുകയാണെങ്കില്‍ പറഞ്ഞു തരാം കേട്ടോ .

Wednesday 13 October 2010

40. ആരാണ് മിടുക്കനായ അദ്ധ്യാപകന്‍ ?

ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.



സ്കൂള്‍ അസംബ്ലി ..................
ഒരോ ദിവസവും ഓരോ ക്ലാസ് ആണ് സ്കൂള്‍ അസംബ്ലി കണ്ടക്ട് ചെയ്യേണ്ടത് .
കണ്ടക്ട് ചെയ്യുക എന്നുവെച്ചാല്‍ പ്രാര്‍ത്ഥന , പ്രതിജ്ഞ , അന്നത്തെ പത്രവാ‍ര്‍ത്തയുടെ അവതരണം ,ഇന്നത്തെ

ചിന്താവിഷയം അവതരണം , ദേശീയഗാനം എന്നിവയൊക്കെ ഏതുക്ലാസ് ആണോ അവതരിപ്പീക്കുന്നത് പ്രസ്തുത

ക്ലാസിലെ കുട്ടികള്‍ തയ്യാറായി വന്നീട്ടുണ്ടായിരിക്കും.
അന്നത്തെ ദിവസത്തെ അവതരണം മാഷിന്റെ ക്ലാസിനായിരുന്നു.
അതുകൊണ്ടുതന്നെ തലേന്ന് മാഷ് പ്രാര്‍ത്ഥനയും ദേശീയഗാനവും കുട്ടികളെ ഉച്ചസമയത്ത് പരിശീലിപ്പിച്ചിരുന്നു.
അതിനാല്‍ , അന്നത്തെ ദിവസം കാലത്ത് അസംബ്ലിക്കു മുന്‍പ് വാര്‍ത്തയും ‘ചിന്താവിഷയവും‘ മാത്രം ചെക്കുചെയുക

മാത്രമേ വേണ്ടിവന്നുള്ളൂ.
അന്നേ ദിവസം മാഷ് , സ്റ്റാഫ് റൂമില്‍ കുറച്ചു നേരത്തെ എത്തിയിരുന്നു.
അസംബ്ലി കണ്ടക്ട് ചെയ്യേണ്ട ടീം എത്തി.
അവര്‍ കൊണ്ടുവന്ന വാര്‍ത്ത ( എഴുതി തയ്യാറാക്കിയത് ) മാഷ് നോക്കി .
കുഴപ്പമൊന്നുമില്ല .
അസംബ്ലിയില്‍ അവതരിപ്പിക്കാനുതകുന്നതുതന്നെയാണ് .
അടുത്തതാ‍യി ‘ഇന്നത്തെ ചിന്താവിഷയം‘ തയ്യാറാക്കിയ കുട്ടി വന്നു.
രണ്ടു വരി മാത്രമാണ് കുട്ടി എഴുതിയിരിക്കുന്നത് .
“ പര്‍വ്വതങ്ങളെ കീഴടക്കുന്നതിലും എത്രയോ വലുതാണ് അവനവന്‍ അവനവനെത്തന്നെ കീഴടക്കുന്നത് “ -എഡ്‌മണ്ട്

ഹിലാരി.
മാഷിന് എന്തായാലും ആ വരി ഇഷ്ടപ്പെട്ടു.
ഇന്നത്തെ ചിന്താവാചകം സെലക്ട് ചെയ്ത കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.
പോകാന്‍ നേരത്ത് മാഷിനൊരു സംശയം .
ഇന്നത്തെ ചിന്താവിഷയം തയ്യാറാക്കിയ കുട്ടി അത് വായിച്ചപ്പോള്‍ ...........
അത് കേട്ടുനിന്ന കുട്ടികളില്‍ ഒരു ഭാവഭേദവും ഉണ്ടായില്ല...
അതന്താ ?
അവര്‍ അത് മുന്‍പ് കേട്ടിരിക്കുമോ ?
എന്തായാലും സംശയം തീര്‍ക്കുക തന്നെ .
മാഷ് അവരെ തിരികെ വിളിച്ചു .
കേട്ടുനിന്നവരോട് ചോദിച്ചൂ
“ ആരാ എഡ്‌മണ്ട് ഹിലാരി ?”
അവര്‍ മിഴിച്ചു നിന്നു.
അപ്പോള്‍ മാഷിന്റെ ചോദ്യം ‘ഇന്നത്തെ ചിന്താവിഷയം‘ എഴുതിക്കൊണ്ടുവന്ന കുട്ടിയോടായി.
അവള്‍ക്കും ഉത്തരമില്ല .
അപ്പോള്‍ മാഷിന് ഒരു കാര്യം ഉറപ്പായി .
ഈ മഹത്തായ വരികളുടേ ഗുട്ടന്‍സ് അറിഞ്ഞുകൊണ്ടല്ല ഇവര്‍ ഇത് എഴുതിക്കൊണ്ടുവന്നിരിക്കുന്നത് .
ഇന്നത്തെ ചിന്താവിഷയമല്ലേ ...
ഏതെങ്കിലും ഒരു മഹാന്‍ എഴുതിയ പ്രസിദ്ധമായ വാചകം വേണം .
അത് എവിടെനിന്നെങ്കിലും തപ്പിപ്പിടിച്ചൂകൊണ്ടുവന്ന് അവതരിപ്പിക്കുന്നു.
അത്രമാത്രം .
ദിനാരംഭത്തിലെ അസംബ്ലിയില്‍ ഇത്തരം വാചകങ്ങളുടേ സ്വാധീനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തം.
എന്തായാലും മാഷ് കൂടുതല്‍ ചോദിച്ച് സമയം കളയുവാന്‍ മിനക്കെട്ടില്ല.
കാര്യം വിശദമാക്കിക്കൊടുത്തു .
“ആരാണ് എഡ്‌മണ്ട് ഹിലാരി . ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ വ്യക്തിയാണ്

അദ്ദേഹം . അതുകൊണ്ടുതന്നെ അദ്ദേഹം ഈ വാക്കുകള്‍ പറയുമ്പോള്‍ അതിന് ഒരു പ്രത്യേകതയുണ്ട് “
കുട്ടികള്‍ പര്‍വ്വതത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയ മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി .
അതിനാല്‍ തന്നെ ചിന്താശകലം അവതരിപ്പിക്കുന്നതിനുമുന്‍പേ എഡ്‌മഡ് ഹിലാരിയെക്കുറിച്ച് ഒരു വിവരണവും നല്‍കി.
കാരണം ഇവരെപ്പോലെയുള്ള കുട്ടികള്‍ അസംബ്ലിയില്‍ ഉണ്ടായിരിക്കുമല്ലോ . അവര്‍ക്കും ഗുട്ടന്‍സ് പിടികിട്ടേണ്ടെ.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായിരുന്നു എവറസ്റ്റ് .അത് കീഴടക്കിയ വ്യക്തിയാണ് എഡ്‌മണ്ട് ഹിലാരി. ആ

ഹിലാരിയുടെ പ്രസിദ്ധമായ വാചകമിതാ എന്നു പറഞ്ഞുകൊണ്ടായിരുന്നു അസംബ്ലിയില്‍ ചിന്താവിഷയം

അവതരിപ്പിച്ചത് .

* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *
ഉച്ചഭക്ഷണ സമയത്തെ ഇന്റര്‍വെല്‍
മാഷന്മാരുടെ മുറിയില്‍ എല്ലാവരും ഊണ് കഴിച്ച് ഇരിപ്പാണ്
അങ്ങനെയിരിക്കുന്ന സമയത്ത് ....
ഹിലാരി പ്രശ്നം മാഷിന് ഓര്‍മ്മ വന്നു.
മാഷ് സ്റ്റാഫ് റൂമില്‍ നോക്കി .
മിക്ക മാഷന്മാരും സ്റ്റാഫ് റൂമിലുണ്ട്
മാഷ് ഇക്കാര്യം അവരോട് പറഞ്ഞു
പറഞ്ഞു കഴിഞ്ഞപ്പോള്‍ മലയാളം മാഷ് ഉറക്കെ പറഞ്ഞു.
“ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ടായി “
എന്നാല്‍ പറയൂ എന്ന ഭാവത്തില്‍ ബാക്കിയുള്ളവരും ഇരുന്നു; കാരണം മലയാളം മാഷിന്റെ സംസാരം അത്ര രസകരമാണ്.
മലയാളം മാഷ് സംതൃപ്തിയോടെ ആരംഭിച്ചു.

കഴിഞ്ഞെ ക്ലസ്റ്ററിന് ആരെങ്കിലും എന്തെങ്കിലുമൊക്കെ അവതരിപ്പിക്കണം എന്നൊരു നിര്‍ദ്ദേശം വന്നു.
അതായത് ഒരു “ജസ്റ്റ് എ മിനിട്ട് പ്രോഗ്രാം ”
ഈ സമയത്ത് ആര്‍ക്കുവേണമെങ്കിലും അദ്ധ്യാപക പരിശീലന ക്ലാസില്‍ അവതരിപ്പിക്കാം .
ഫലിതമോ , കഥയോ , കവിതയോ , പുസ്തകാസ്വാദനമോ എന്തുവേണമെങ്കിലും ആവാം .
ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധാരണയായി ആരും മുന്നോട്ടുവരാറില്ല. അതിനാല്‍ അവതരിപ്പിക്കേണ്ട

ആളെ നറക്കെടുക്കുകയാണ് ചെയ്യുക . അതും അറ്റന്‍ഡന്‍സ് രജിസ്റ്ററിലെ നമ്പറായിരിക്കും നറക്കെടുക്കുക.
അന്നത്തെ നറുക്ക് എനിക്കാണ് വീണത് .
ഇപ്പോള്‍ ‘ഹാസ്യ’ ത്തിനാണല്ലോ വലിയ ഡിമാന്റ് .
അതിനാല്‍ തന്നെ ഞാന്‍ ഒരു ഫലിതം അവതരിപ്പിക്കാമെന്നു വിചാരിച്ചു.
പണ്ടെങ്ങോ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഫലിതം എനിക്ക് ഓര്‍മ്മ വന്നു.
അന്ന് അത് എന്നെ വളരെ ചിന്തിപ്പിച്ചിരുന്നു.
വിദേശകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ ഗോപാലകൃഷ്ണന്‍ .ഐ .എ .എസ് ആണ് തന്റെ അത്മകഥാ

കുറിപ്പില്‍ ഇത് എഴുതിയിരുന്നത് .
അന്ന് അത് വായനക്കാരെ ഏറെ ആകര്‍ഷിച്ച ഒരു പംക്തിയായിരുന്നു.
അന്ന് ( പണ്ട് ) അത് വായിച്ച ഉടനെ , പിറ്റേന്ന് ക്ലാസില്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം

ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയായിരുന്നു ഞാന്‍ ഇത് അദ്ധ്യാപക പരിശീലനക്ലാസില്‍ പറയാനായി തെരഞെടുത്തത് .
ഇക്കാര്യം ശ്രീ ഗോപാലകൃഷ്ണനേയും മാതൃഭൂമിയേയൂം പിറ്റേന്ന് ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ ഈ ‘ഓര്‍മ്മക്കുറിപ്പ് ’

അവതരിപ്പിച്ചപ്പോള്‍ ക്ലാസിലുണ്ടായ പൊട്ടിച്ചിരിയേയും കാര്യം ഞാന്‍ ആമുഖമായി പറഞ്ഞുകൊണ്ടാണ് അവതരണം

തുടങ്ങിയത്
...... അങ്ങനെ
..........ഏതോ ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീ ഗോപാലകൃഷ്ണന്‍ ബംഗാളിലെത്തുന്നു.
ഏകദേശം ഒരാഴ്ചയാണ് ഈ ഔദ്യോഗിക ടൂര്‍
താമസം വലിയൊരു ഹോട്ടലിലാണ് .
കാലത്ത് മീറ്റിംഗിനു പോകും .
വൈകീട്ട് അഞ്ചുമണിയോടെ ഹോട്ടലില്‍ ( താമസസ്ഥലത്ത് ) തിരിച്ചെത്തും .
ഹോട്ടലിലെ പത്താമത്തെ നിലയിലാണ് ഗോപാലകൃഷ്ണന്റെ മുറി.
വൈകീട്ട് മുറിയിലെത്തിയാല്‍ ഉടനെത്തന്നെ ആ നിലയിലെ (ബാല്‍ക്കണി) വരാന്തയിലേക്കിറങ്ങും.
അവിടെയിരുന്ന് , കാറ്റേറ്റ് , താഴെയുള്ള തിരക്കുപിടിച്ച നഗരത്തെ അലസമായി നോക്കി ഏറെ നേരം ചിലവഴിക്കും .
ഈ റിലാക്സേഷന്‍ വഴി അന്നത്തെ ക്ഷീണത്തെ പമ്പകടത്തും .
ഗോപാലകൃഷ്ണന്‍ മാത്രമല്ല മറ്റുപലരും ചിലപ്പോള്‍ അവിടെ കാണാം .
ഇതായിരുന്നു ഗോപാലകൃഷ്ണന്റെ അന്നത്തെ ദിനചര്യ .
അങ്ങനെ ..........
അന്നൊരു നാള്‍ ....
ഗോപാലകൃഷ്ണന്‍ അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് താമസ സ്ഥലത്ത് എത്തി .
പത്താംനിലയിലേക്ക് ഉള്ള ലിഫ്‌റ്റിനായി കാത്തുനില്‍ക്കുകയാണ്.
അപ്പോള്‍ ഒരു മധ്യവയസ്കനായ ഒരു ഗ്രാമീണന്‍ അവിടെ വന്നു .
അയാളുടെ രണ്ടുകയ്യിലും വലിയ ഭാരമുള്ള പെട്ടിയുണ്ട് .
അയാള്‍ ലിഫ്‌റ്റിനു കാത്തുനില്‍ക്കാതെ രണ്ടുകയ്യിലും ആ വലിയ പെട്ടിയും താങ്ങി മുകളിലേക്ക് കയറിപ്പോയി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലിഫ്‌റ്റ് താഴെക്ക് വന്നു.
ഗോപാല കൃഷ്ണന്‍ ലിഫ്‌റ്റില്‍ കയറി .
ലിഫ്‌റ്റില്‍ വെച്ച് ഗോപാലകൃഷ്ണന്‍ ആ ‘ഗ്രാമീണനെ ’ ക്കുറിച്ച് ചിന്തിച്ചു.
ആധുനിക സാങ്കേതിക ജ്ഞാനമില്ലെങ്കില്‍ കഷ്ടപ്പെടുന്ന ഗ്രാമീണരുടെ അവസ്ഥയെക്കുറീച്ച് ആലോചിച്ചു.
...............
ഗോപാലകൃഷന്‍ മുറിയിലെത്തി.
തുടര്‍ന്ന് പതിവിന്‍പടി ബാല്‍ക്കണിയിലേക്ക് നടന്നു .
അങ്ങനെ നടക്കുമ്പോള്‍ മനസ്സിലായി ആ ‘ഗ്രാമീണന്റെ മുറി’ തന്റെ മുറിയുടെ തൊട്ടടുത്താ‍ണെന്ന് .
വലിയ ഭാരമുള്ള പെട്ടിയുമായി പത്താം നില വരെ കയറിയ ആ ഗ്രാമീണനോട് ഗോപാലകൃഷ്ണന് വല്ലാത്ത

അലിവുതോന്നി .
കുറച്ചു കഴിഞ്ഞപ്പോള്‍ ‘ആ ഗ്രാമീണനും ബാല്‍ക്കണിയിലെത്തി’
ഗ്രാമീണന്‍ നല്ലവണ്ണം വിയര്‍ത്തിട്ടുണ്ട് .
കഠിനാദ്ധ്വാനമല്ലേ ചെയ്തിരിക്കുന്നത് !
എന്തായാലും ഇനിയെങ്കിലും ‘ലിഫ്‌റ്റിന്റെ ‘ പ്രാധാന്യത്തേയും പ്രവര്‍ത്തനത്തേയും കുറിച്ച് ഈ ഗ്രാമീണനു

പറഞ്ഞുമനസ്സിലാക്കി കൊടുക്കുകതന്നെ
ഗോപാലകൃഷ്ണന്‍ തീരുമാനിച്ചു.
ഗോപാലകൃഷ്ണന്‍ ഗ്രാമീണന്റെ അടുത്തുചെന്നു; കുശലം ചോദിച്ചൂ.
ഭാഗ്യം ഗ്രാമീണന് ഇംഗ്ലീഷ് അറിയാം .
അപ്പോള്‍ സംഗതി എളുപ്പമായി
അതായത് സാങ്കേതിക സഹായോപദേശം എളുപ്പമായി .
ഗോപാലകൃഷ്ണന്‍ സ്വയം പരിചയപ്പെടുത്തി
അതിനുശേഷം ലിഫ്‌റ്റിനെക്കുറിച്ചും അത് ഉപയോഗിക്കുന്നതില്‍ ഭയപ്പെടേണ്ടതില്ലെന്നും ഇനി അഥവാ

പ്രവര്‍ത്തിപ്പിക്കുവാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ലിഫ്‌റ്റ് ഉപയോഗിക്കാന്‍ അറിയുന്ന ആരെങ്കിലും വരാന്‍

കാത്തുനിന്നാല്‍ മതിയെന്നും അങ്ങനെ അയാളുടെ സഹായത്താല്‍ സുഖമായി പത്താം നിലയില്‍ എത്താമെന്നും

പറഞ്ഞു.
ഗ്രാമീണന്‍ അതൊക്കെ മനസ്സിലായെന്ന മട്ടില്‍ തലയാട്ടുകയും ഗോപാലകൃഷ്ണനോട് നന്ദി പറയുകയും ചെയ്തു.
അങ്ങനെ ബാല്‍ക്കണിയില്‍ നിന്ന് പിരിയാന്‍ നേരം ഗോപാലകൃഷ്ണന്‍ ഒരു കാര്യം പെട്ടെന്ന് ഓര്‍ത്തു.
ഇത്രയൊക്കെ സംസാരിച്ചിട്ടും താന്‍ ആ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
തന്നെക്കുറിച്ചും തന്റെ ഔദ്യോഗിക പദവിയെക്കുറിച്ചും ലിഫ്‌റ്റിനെക്കുറിച്ചും ഒക്കെ ഗ്രാമീണനോട്ട് ഒരു കൊച്ചുകുട്ടിയോടെന്ന

വണ്ണം പറഞ്ഞുവെങ്കിലും താന്‍ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
അതിനാല്‍ തന്നെ ; ഗോപാലകൃഷ്ണന്‍ ഗ്രാമീണന്റെ പേരും മറ്റുകാര്യങ്ങളും ചോദിച്ചു.
ആ ഗ്രാമീണന്റെ ഉത്തരം കേട്ടപ്പോള്‍ .......
ഗോപാലകൃഷ്ണന് താന്‍ കൊച്ചായതുപോലെ തോന്നി.
ജാള്യതയുടേ ഒരു കൂമ്പാരം തന്നെ തന്റെ ശരീരത്തില്‍ വന്നുപതിച്ചതായി തോന്നി.
ഗ്രാമീണന്റെ പേര് എന്തായിരുന്നെന്നോ ?
“ടെന്‍സിംങ് “
അതായിരുന്നു ഗ്രാമീണന്റെ ഉത്തരം .
ഇത്രയും പറഞ്ഞ് മലയാളം മാഷ് അദ്ധ്യാപക പരിശീലനക്ലാസില്‍ ഒന്നു നിറുത്തി .
നിശ്ശബ്ദത .
അതെ ; പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ലാത്തതുപോലെ ..
മാഷ് പഴയകാര്യം ആലോചിച്ചു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാഷ് ഈ കഥ ക്ലാസില്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ച കാര്യം .
പക്ഷെ , ഇപ്പോള്‍ ഇവിടെ ...
ആരും ചിരിക്കുന്നില്ലല്ലോ .
ചിരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും മുഖത്ത് വരുത്തിക്കൂടെ
അതും ഇല്ലല്ലോ ..
ഗതികെട്ട് മലയാളം മാഷ് ചോദിച്ചു
“ ഇത് കേട്ട് എന്താ നിങ്ങള്‍ ചിരിക്കാത്തേ “
“ അതിന് മാഷ് പറഞ്ഞതില്‍ ചിരിക്കാന്‍ ഒന്നുമില്ലല്ലോ എന്ന് എവിടെനിന്നോ ഒരു കമന്റ് .
സംഗതി മലയാളം മാഷിന് മനസ്സിലായി.
തന്റെ ഹാസ്യത്തിന്റെ ക്ലൈമാക്സ് തൂറ്റിയത് എന്തുകൊണ്ടാണെന്നു മനസ്സിലായി .
അവര്‍ക്ക് ‘ടെന്‍സിങിനെ ‘ അറിയില്ല ; അത്രതന്നെ .
തന്റെ ഈ ഫലിതം മുഴുവന്‍ ഈ ഒറ്റവാക്കിലാണ് നിലനില്‍ക്കുന്നത് .
പ്രസ്തുത വാക്കാണ് അവര്‍ക്ക് മനസ്സിലാവാതെ പോയത് .
തുടര്‍ന്ന് മാഷ് ഏതൊരു ഹാസ്യപ്രഭാഷകനേയും വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കു നീങ്ങി.
അതായത് ഹാസ്യത്തിലെ ഹാസ്യം എന്താണെന്ന് വിശദമാക്കിക്കൊടുക്കുന്ന അവസ്ഥ.
ശേഷം , മലയാളം മാഷ് ,ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കുറിച്ചും അത്
കീഴടക്കിയ ഹിലാരി , ടെന്‍സിംഗ് എന്നിവരെക്കുറിച്ചും പറഞ്ഞു.
പ്രസ്തുത ‘ടെന്‍സിംങാ‘യിരുന്നു ഗോപാലകൃഷ്ണന്റെ കഥയിലെ ഗ്രാമീണന്‍ എന്നുകൂടി പറഞ്ഞപ്പോഴാണ് പലരുടേയും

മുഖത്ത് പുഞ്ചിരി വിടര്‍ന്നത് .
“ അല്ലെങ്കിലും അദ്ധ്യാപക പരിശീലനത്തില്‍ വരുന്നവരില്‍ ഭൂരിഭാഗവും ഫീമെയില്‍ ടീച്ചേഴ്‌സാ . അവര്‍ക്കുണ്ടോ

‘ഹാസ്യബോധം‘ “ പൊതുവെ സ്ത്രീ വിദ്വേഷികൂടിയായ സാമൂഹ്യം മാഷ് ദേഷ്യത്തോടെ പറഞ്ഞു.
ഇംഗ്ലീഷ് മാഷും അത് ശരിവെച്ചു.
മലയാളം മാഷ് ഇത്രയും പറഞ്ഞു നിറുത്തിയപ്പോള്‍ തനിക്കും ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്

ഫിസിക്സ് മാഷ് പറഞ്ഞു.


* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *

ഫിസിക്സ് മാഷ് ഇപ്രകാരം തുടര്‍ന്നു.
സ്റ്റാഫ് റൂമിലുള്ളവര്‍ ഫിസിക്സ് മാഷിന് ചെവികൊടുത്തു.

കഴിഞ്ഞ വര്‍ഷം ഫിസിക്സ് മാഷ് മള്‍ട്ടിമീഡിയ തിയേറ്ററില്‍ പത്താം ക്ലാസിലെ കുട്ടികളെ കൊണ്ടുപോയി ഒരു സിഡി

കാണിച്ചു കൊടുത്തിരുന്നു.
‘നമ്മുടെ പ്രപഞ്ചം‘ എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ടായിരുന്നു സി.ഡി പ്രദര്‍ശനം .
സ്കൂളിലെ മള്‍ട്ടിമീഡിയ തിയേറ്ററിലെ വലിയ സ്ക്രീനിലെ ‘സിനിമാ പ്രദര്‍ശനം ’ കുട്ടികള്‍ ഇഷ്ടപ്പെടുന്നതായിരുന്നു.
തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ആദ്യകാല റോക്കറ്റ് വിക്ഷേപണവും കുട്ടികള്‍ സ്ക്രീനില്‍ കണ്ടു.
അത് അവരെ വല്ലാതെ ചിരിപ്പിച്ചു.
കാരണം എന്തെന്നാല്‍ ; വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗമായിരുന്നു അത് .
ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഇത്രയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ്
എത്തിക്കുന്നതിനുവേണ്ടി സൈക്കിള്‍ ഉപയോഗിച്ചതിലെ യുക്തിയാണ് അവരെ ചിരിപ്പിച്ചത്.
പ്രസ്തുത സി.ഡി ആ മാസത്തെ അദ്ധ്യാപക പരിശീലനത്തിലും ഫിസിക്സ് മാഷ് കാണിച്ചു കൊടുത്തു.
വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗവും വന്നു.
പക്ഷെ ; ചിരിയുടെ ഒരു പൊടിപോലും അവിടെ ഉണ്ടായില്ല എന്ന ഖേദകരമായ വസ്തുത ഫിസിക്സ് മാഷ് പറഞ്ഞു നിറൂത്തി.



“ അതുതന്ന്യാ ഞാന്‍ പറഞ്ഞേ . ഈ ടീച്ചര്‍മാര്‍ക്ക് ചോദ്യം ചോദിയ്ക്കാ ഉത്തരം എഴുതിക്കൊടുക്കാ . കാണാപ്പാഠം

പഠിപ്പിക്കാ എന്നുള്ളതാല്ലാതെ മറ്റു ജനറല്‍ ആയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഒരു താല്പര്യവും

ഇല്ലാന്ന്’ സാമൂഹ്യം മാഷ് ചൂടായി പറഞ്ഞു.

ഇംഗ്ലീഷ് മാഷ് ഇപ്രാവശ്യം ശക്തിയോടെ സാമൂഹ്യം മാഷിന്റെ അഭിപ്രായത്തെ പിന്താങ്ങി.
തുടര്‍ന്ന് ഇംഗ്ലീഷ് മാഷ് പറഞ്ഞു
“ എന്റെ ക്ലസ്റ്ററിലെ ഒരു അനുഭവം കേള്‍ക്കണോ “
എല്ലാ‍വരും ഇംഗ്ലീഷ് മാഷിന്റെ അനുഭവത്തിനുവേണ്ടി കാതോര്‍ത്തു.

ഞങ്ങള്‍ക്കും ഉണ്ട് ‘ജസ്റ്റ് എ മിനിട്ടുപോലത്തെ‘ ഒരു പരിപാടി .
അതില്‍ എനിക്കായിരുന്നു അന്നത്തെ നറുക്ക് വീണത് .
ഞാന്‍ പരിപാടി അവതരിപ്പിച്ചു.
മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഒരു വാചകം ഉണ്ടാക്കാമോ എന്നായിരുന്നു എന്റെ

അദ്ധ്യാപകപരിശീലനത്തിലെ ചോദ്യം .
ഞാന്‍ അദ്ധ്യാപകരോട് ഈ ചോദ്യം ഉന്നയിച്ചു.
ഉത്തരം കണ്ടെത്താന്‍ അഞ്ചുമിനിട്ട് സമയവും അനുവദിച്ചു.
ആര്‍ക്കും ഉത്തരം കണ്ടെത്താനായില്ല .
ഒടുവില്‍ ഞാന്‍ ഉത്തരവും പറഞ്ഞുകൊടുക്കേണ്ടിവന്നു .
പക്ഷെ ; എന്റെ ഉത്തരം ഈ ടീച്ചര്‍മാര്‍ അംഗീകരിച്ചില്ല.
പിന്നെ അവരുടെ വക കളിയാക്കലും പരിഹാസച്ചുവയുള്ള ചിരിയും .
ഇംഗ്ലീഷ് മാഷ് തന്റെ ടീച്ചര്‍മാരോടുള്ള രോഷം പറഞ്ഞുനിറൂത്തി.
അപ്പോള്‍ ഫിസിക്സ് മാഷ് ചോദിച്ചു
“ മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഉള്ള sentence ഏതാ ?”
നിങ്ങള്‍ക്കും അറിയില്ലേ എന്ന മട്ടില്‍ ഇംഗ്ലീഷ് മാഷ് സ്റ്റൈലില്‍ പറഞ്ഞു
“ There is no sentence ending in because because because is a conjunction"
" അത് തകര്‍ത്തു” ഡ്രോയിംഗ് മാഷിന്റെ കമന്റായിരുന്നു അത് .
“ അടിപൊളിയായി അത് “ എന്തോ എഴുതിക്കൊണ്ടിരുന്ന കണക്ക് മാഷ് ഇംഗ്ലീഷ് മാഷിനെ പ്രോത്സാഹിപ്പിക്കാനെന്ന

മട്ടില്‍ പറഞ്ഞു.
“ മാഷ് എഴുതുകയും കേള്‍ക്കുകയും ചെയ്യുന്നു അല്ലേ “ കണക്കുമാഷിനെ കളിയാക്കി സാമൂഹ്യം മാഷ് പറഞ്ഞു.
“ അതെ , അദ്ദേഹം ഒരു ടൂ ഇന്‍ വണ്‍ ആണ് . മാത്തമറ്റിക്സിലെ അതുല്യ പ്രതിഭ” ഡ്രോയിംഗ് മാഷ് കണക്കുമാഷിനെ

കളിയാക്കി പറഞ്ഞു.
“എന്റെ പ്രശ്നം ഇപ്പോ ഇതൊന്നുമല്ല “ സാമൂഹ്യം മാഷ് പറഞ്ഞു.
തുടര്‍ന്ന് സാമൂഹ്യം മാഷിന്റെ പ്രശ്നം കേള്‍ക്കാനായി എല്ലാവരും കാതോര്‍ത്തു.

സാമൂഹ്യം മാഷ് തുടര്‍ന്നു
ഇത് എന്റെ ക്ലാസിലെ കൂട്ടികളുടെ പ്രശ്നമാണ് .
അവര്‍ക്ക് എന്തെങ്കിലും ഒരു തമാശ പറഞ്ഞാല്‍ ഭൂരിഭാഗം പേരും ചിരിക്കുന്നത് കുറച്ചു സമയം കഴിഞ്ഞാണ് .
ചില കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ തൊട്ടടുത്ത കുട്ടി തമാശയുടെ ഗുട്ടന്‍സ് വിശദീകരിച്ചു കൊടുക്കുകയും വേണം.
അതുകൊണ്ടുതന്നെ അവരോട് ഞാന്‍ ഒരു ദിവസം സര്‍ദാര്‍ജി കഥ പറഞ്ഞുകൊടുത്തു.
അപ്പോള്‍ ആ സര്‍ദാര്‍ജി കഥ കേള്‍ക്കട്ടെ എന്നായി കേള്‍വിക്കാ‍രായ മാഷമ്മാരൊക്കെ.
തുടര്‍ന്ന് സാമൂഹ്യം മാഷ് കുട്ടികള്‍ക്ക് പാറഞ്ഞുകൊടുത്ത കഥ പറഞ്ഞു തുടങ്ങി.
അതായത് സര്‍ദാര്‍ജി ഒരു തമാശ കേട്ടാല്‍ അഞ്ചുപ്രാവശ്യം ചിരിക്കും !!!!!
അതെങ്ങന്യാ എന്നായി മറ്റുള്ളോര്‍
സാമൂഹ്യം മാഷ് തുടര്‍ന്നു
ഒരിക്കല്‍ ഒരു സര്‍ദാജി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു.
ഉച്ചഭക്ഷണ സമയത്ത് ജോലിക്കാരൊക്കെ ഒരു ഹാളില്‍ ഒരുമിച്ച് കൂടിയിരുന്ന് ഭക്ഷണം കഴിക്കയാണ് പതിവ് .
അങ്ങനെയുള്ള സമയത്ത് പല വര്‍ത്തമാനവും അവിടെ നടക്കും .
അങ്ങനെ ഒരു ദിവസം ഒരു ജോലിക്കാരന്‍ ഒരു ‘തമാശ‘ പറഞ്ഞു.
അതുകേട്ട എല്ലാവരും ചിരിച്ചു.
തമാശയുടെ ഗുട്ടന്‍സ് മനസ്സിലായില്ലെങ്കിലും എല്ലാവരും ചിരിക്കുമ്പോള്‍ ചിരിക്കേണ്ടെ എന്നുവിചാരിച്ച് സര്‍ദാര്‍ജിയും

പൊട്ടിച്ചിരിച്ചു.
(ഇപ്പോള്‍ ഒന്നാമത്തെ പ്രാവശ്യം സര്‍ദാര്‍ജി ചിരിച്ചത് !)
സര്‍ദാര്‍ജി ചിരിച്ചുവെങ്കിലും സഹപ്രവര്‍ത്തകന്‍ പറഞ്ഞ തമാശ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ അവനില്‍

അനുനിമിഷം വളര്‍ന്നുകൊണ്ടിരുന്നു.
സഹപ്രവര്‍ത്തകരോട് ചോദിക്കാമെന്നു വെച്ചാലോ
പണ്ടൊരിക്കല്‍ ഇങ്ങനെയൊരു കാര്യം ചോദിച്ചതിന് അവര്‍ ഉണ്ടാക്കിയ അപമാനം ഇപ്പോഴും സര്‍ദാര്‍ജിക്ക്

ഓര്‍മ്മയുണ്ട് .
അതിനാല്‍ അവരോട് ചോദിക്കേണ്ട എന്നുവെച്ചു.
അന്നത്തെ ദിവസം ജോലികഴിഞ്ഞു.
സര്‍ദാര്‍ജി വീട്ടിലേക്കു പോയി .
ഗ്രാമത്തില്‍ ബസ്സിറങ്ങി.
സര്‍ദാര്‍ജി എന്നും സാധനങ്ങള്‍ ബസ്റ്റോപ്പിലെ ഒരു കടയില്‍ നിന്നാണ് വാങ്ങാറ്.
അങ്ങനെ സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ............
സര്‍ദാര്‍ജി ഈ തമാശ പ്രസ്തുത കടയുടമയോട് പറഞ്ഞു.
ഇതുകേട്ട കടയുടമ പൊട്ടിച്ചിരിച്ചു.
തമാശ അവതരിപ്പിച്ച സര്‍ദാര്‍ജിയും ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് രണ്ടാമത്തെ പ്രാവശ്യം !!)
അപ്പോള്‍ സര്‍ദാര്‍ജിക്ക് തമാശയുടെ ഗുട്ടന്‍സ് ഈ കടയുടമയോട് ചോദിച്ചാലോ എന്ന ഒരു ചിന്ത മനസ്സിലുദിച്ചു.
ഉടനെ അന്തഃരംഗം സര്‍ദാര്‍ജിയെ വിലക്കി .
ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച അനുഭവം സര്‍ദാര്‍ജിക്ക് ഓര്‍മ്മവന്നു.
തമാശയുടെ ഗുട്ടന്‍സ് കടയുടമയോട് ചോദച്ചാല്‍ താനൊരു വിഡ്ഡിയാണെന്ന കാര്യം അയാള്‍ നാട്ടില്‍ മുഴുവനും

പറഞ്ഞു പരത്തും
ഇപ്പോള്‍ ജോലിസ്ഥലത്തേ അങ്ങനെയുള്ള പേരുള്ളൂ.
അതിനാല്‍ സര്‍ദാര്‍ജി ഇതിനെക്കുറിച്ച് കടയുടമയോട് ഒന്നും ചോദിക്കാന്‍ പോയില്ല.
സര്‍ദാര്‍ജി വേഗം വീട്ടിലേക്കു നടന്നു.
സര്‍ദാര്‍ജിയുടെ മനസ്സില്‍ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച തമാശയുടെ ഗുട്ടന്‍സ് അറിയാനുള്ള ആഗ്രഹം മാനംമുട്ടേ

വളര്‍ന്നുകൊണ്ടിരുന്നു.
അങ്ങനെ സര്‍ദാജി വീട്ടിലെത്തി.
സര്‍ദാജി ഡ്രസ് മാറി സ്വീകരണ മുറിയിലിരുന്നു.
ഭാര്യ പതിവുപോലെ ചായയുമായി വന്നു.
ചായകുടിച്ചു കഴിഞ്ഞ് സര്‍ദാര്‍ജി ഭാര്യയോട് ഈ തമാശ പറഞ്ഞു.
തമാശ കേട്ട ഭാര്യ പൊട്ടി-പൊട്ടി ചിരിച്ചു.
അപ്പോഴും സര്‍ദാര്‍ജി ചിരിച്ചു
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് മൂന്നാമത്തെ പ്രാവശ്യം !!!)
ഭാര്യയുടെ ചിരി ഒന്നടങ്ങിയപ്പോള്‍ സര്‍ദാര്‍ജി ഒന്നു തീരുമാനിച്ചു.
എന്തായാലും ഈ തമാശയുടെ ഗുട്ടന്‍സ് ഭാര്യയോട് വിശദമായി ചോദിക്കതന്നെ .
താന്‍ തോറ്റുവെന്നുവെച്ചാലും സ്വന്തം ഭാര്യയുടെ മുന്നിലല്ലേ .
അതുകൊണ്ട് കുഴപ്പമില്ല.
സര്‍ദാജി ധൈര്യപൂര്‍വ്വം ഭാര്യയോട് തമാശയുടെ ഗുട്ടന്‍സ് പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു.
ഇതുകേട്ടപ്പോള്‍ ഭാര്യക്ക് ദയതോന്നി.
ഭാര്യ തമാശയുടെ ഗുട്ടന്‍സ് സര്‍ദാര്‍ജിക്ക് വിശദമാക്കിക്കൊടുത്തു.
ഹാ , ഹാ ഹാ
സര്‍ദാര്‍ജി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് അലറിച്ചിരിച്ചു ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് നാലാമത്തെ പ്രാവശ്യം !!!!)
ഇത്രയും രസകരമായ - ആറ്റംബോംമ്പുപോലുള്ള തമാശയും കൊണ്ടാണ് താന്‍ കഴിച്ചു കൂട്ടിയതെന്നോര്‍ത്തപ്പോള്‍

സര്‍ദാര്‍ജിക്കു ലജ്ജതോന്നി.
...........
രാത്രിയായി .
സര്‍ദാര്‍ജിയും ഭാര്യയും ഉറങ്ങാന്‍ കിടന്നു.
......................
എന്തോ ഒരു അലര്‍ച്ചകേട്ട് സര്‍ദാര്‍ജിയുടെ ഭാര്യ ഞെട്ടിയെണീറ്റു.
നോക്കിയപ്പോഴുണ്ട് സര്‍ദാര്‍ജി ഉറക്കത്തില്‍ പൊട്ടിച്ചിരിക്കുന്നു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് അഞ്ചാമത്തെ പ്രാവശ്യം !!!!)
ഭാര്യ സര്‍ദാര്‍ജിയെ കുലുക്കി വിളിച്ചുണര്‍ത്തി.
എന്താണ് ഈ ചിരി എന്നു ചോദിച്ചു.
സര്‍ദാര്‍ജി അല്പം നാണത്തോടെ പറഞ്ഞു.
“ ആ തമാശ ഞാന്‍ സ്വപ്നത്തില്‍ കണ്ടു “

ഈ കഥയാണ് ഞാന്‍ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് .
പക്ഷെ , ഇതു പറഞ്ഞപ്പോഴും ഇതിലെന്താണ് തമാശയുള്ളത് എന്ന മട്ടില്‍ കുട്ടികളിരുന്നു.
സാമൂഹ്യം മാഷ് വേദനയോടെ പറഞ്ഞു.
.................
പെട്ടെന്ന് സ്കൂള്‍ കൂടുവാനുള്ള ബെല്ലടിച്ചു.
“ എങ്ങനെയുണ്ട് മാത്തമറ്റിക്സ് മാഷേ , ഇന്നത്തെ ചര്‍ച്ച” ഡ്രോയിംഗ് മാഷ് കണക്കുമാഷോടു ചോദിച്ചു.
കണക്കുമാഷ് പറഞ്ഞു
“നിങ്ങളുടെ ചര്‍ച്ചക്കിടയില്‍ ഞാന്‍ രണ്ട് അദ്ധ്യായത്തിന്റെ ടീച്ചീംഗ് നോട്ട് എഴുതി”
ഇതുകേട്ട ഡ്രോയിംഗ് മാഷ് എല്ലാവരോടുമായി ചോദിച്ചു
“ഇപ്പോള്‍ ഇവിടെ ഇരിക്കുന്നതില്‍ ആരാ മിടുക്കനായ അദ്ധ്യാപകന്‍ “

“ അതിന് സംശയമുണ്ടോ ? ഗണിതമെന്നു പറയുന്നത് ലോകത്തിന്റെ സ്പന്ദനമാണ്” സ്ഫടികത്തിലെ തിലകനെ

അനുകരിച്ച് ഇംഗ്ലീഷ് മാഷ് പറഞ്ഞു.
അതിന്റെ പ്രതിഫലനമെന്നോണം സ്റ്റാഫ് റൂമാകെ കൂട്ടച്ചിരി മുഴങ്ങി.




ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.