Saturday 29 October 2011

70.സ്കൂള്‍ അസംബ്ലിയിലെ പത്രവാര്‍ത്താപാരായണം എങ്ങനെയുള്ളതാവണം ?സ്ഥലം : നാട്ടിന്‍പുറത്തെ സ്കൂളിന്റെ ഓഫീസ്
സമയം : സ്കൂള്‍ അസംബ്ലികഴിഞ്ഞുള്ള സമയം.
അന്നേരമാണ് മൂന്നുനാലുപേര്‍ സ്ക്കുള്‍ ഓഫീസിലേക്ക് വന്നത് .
ഒന്നുരണ്ട്  അദ്ധ്യാപകര്‍ , പ്രിന്‍സിപ്പാള്‍ , നോണ്‍ ടീച്ചിംഗ്സ്റ്റാഫ് എന്നിങ്ങനെയുള്ളവരാണ് അന്നേരം ഓഫീസിലുണ്ടായിരുന്നത് .
സ്കൂളില്‍ എത്തിയ രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു
“ഞങ്ങള്‍ ഒരു പ്രാധാനപ്പെട്ട കാര്യം പറയുവാനാ‍നാണ് വന്നത് ”
പ്രിന്‍സിപ്പാള്‍ അവരെ നോക്കി .
സ്കൂളിനു തൊട്ടടുത്ത വീട്ടിലുള്ളവരാണ് അവര്‍ ; അതും പരിചയക്കാര്‍
പ്രിന്‍സിപ്പാള്‍ ‘ പറഞ്ഞാട്ടെ ‘ എന്ന മട്ടില്‍ തലയാട്ടി .
അതില്‍ തലനരച്ച മനുഷ്യന്‍ പറഞ്ഞു
“ടീച്ചറെ നിങ്ങളുടെ അസംബ്ലി ഉഗ്രന്‍ തന്നെ : പക്ഷെ ....”
പ്രിന്‍സിപ്പാളും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുപറഞ്ഞു.
“പറയൂ“
“അസംബ്ലിയിലെ പത്രവായനയാണ് പ്രശ്നം . എന്തൊക്കെ വാര്‍ത്തകളാ വായിക്കുന്നേ .ഇതിനാണോ ഞങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത് . വാര്‍ത്ത വായിക്കുമ്പോള്‍ .. ലൌഡ് സ്പീക്കര്‍ വഴി സ്കൂളിന്റെ നാല് അയല്‍പ്പക്കത്തും പത്രവാര്‍ത്ത എത്തും   ”
“അതിനിപ്പോ എന്താ ഉണ്ടായേ ”
പ്യൂണ്‍ ഉണ്ണിയേട്ടന്റെ ക്ഷമകെട്ടു.
ഇടപെടലിന്റെ അനൌചിത്യം കണ്ടാവാം ചെറുപ്പക്കാരനായ മറ്റൊരു രക്ഷിതാവ് ചൂടായി പറഞ്ഞു
“ഇന്നത്തെ പത്രവാര്‍ത്താ വായിച്ചതുതന്നെ നോക്കാം . ആദ്യവാര്‍ത്ത .. സ്കൂള്‍ അദ്ധ്യാപകനെ  വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ വാര്‍ത്ത നോക്കാം . പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍  തെറ്റായി മൊഴിനല്‍കിയ ഡോക്ടര്‍ക്കെതിരെ ........ സംഘടന  മെഡിക്കല്‍ ബോര്‍ഡിന് പരാതി . ഇനി അടുത്ത വാര്‍ത്ത , അശ്ലീല വീഡിയോ ചിത്രം എടുത്തതിന് കോളേജ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത വാര്‍ത്ത , സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....”
“ഇത്തരത്തില്‍ വാര്‍ത്ത വായിക്കുന്നത് ശരിയാണോ . നാടുമുഴുവന്‍ ഈ വാര്‍ത്ത വായന കേള്‍ക്കാം.” തല നരച്ച ആള്‍ കൂട്ടിച്ചേത്തു.
“ഇതൊക്കെ പത്രത്തില്‍ ഉള്ള വാര്‍ത്തകളാ , അതോണ്ടാ അത് വായിക്കുന്നേ . ” ഉണ്ണിയേട്ടന്‍ വിട്ടുകൊടുക്കുന്ന മട്ടില്ല.
“പത്രത്തില്‍ വന്നു എന്നുവിചാരിച്ച് ആ വാര്‍ത്ത വായിക്കണമെന്നുണ്ടോ മാഷമ്മാരേ . കുട്ടികള്‍ക്ക് ആവശ്യമായ വാര്‍ത്ത , അവര്‍ അറിയേണ്ട വാര്‍ത്ത എന്നിവ വായിച്ചാല്‍പോരെ . ” മാന്യനായ മറ്റൊരു രക്ഷിതാവ് സാവാധാനത്തില്‍ പറഞ്ഞു.
“ സയന്‍സിനെ സംബന്ധിച്ച വാര്‍ത്ത , കുട്ടികളെ ബാധിക്കുന്ന അറിയിപ്പുകള്‍ എന്നിങ്ങനെ എത്രയോ വാര്‍ത്തകള്‍ വായിക്കുവാനുണ്ട് “ തലനരച്ച മനുഷ്യന്‍ പക്വതയോടെ പറഞ്ഞു.
“അതുപോലെ സ്പോര്‍‌ട്ട്സ് വാര്‍ത്തകള്‍ വായിക്കുമ്പോഴുള്ള കയ്യടി അത്ര ശരിയല്ല.”
“എന്താ അതിലും ഉണ്ടോ അശ്ലീലം ” ഉണ്ണിയേട്ടന്‍ പരിഹസിച്ചുകൊണ്ടുചോദിച്ചു.
“ഇത് അശ്ലീലമല്ലാന്നേ . ഇന്ത്യ ജയിച്ചാല്‍ കയ്യടിക്കണം , ഇവിടെ ഇന്ത്യ തോറ്റാലും കയ്യടി , കേരളം തോറ്റാലും കയ്യടി . എങ്ങനെയുണ്ട് ദേശീയബോധം . ഇതൊക്കെ ലൌഡ് സ്പീക്കര്‍ വഴി നാടുമുഴുവന്‍ അറിയുകയും ചെയ്യാം .”
“ഇതിനൊക്കെ നിങ്ങള്‍ക്ക് എന്താ വേണ്ടെ ” ഉണ്ണിയേട്ടന്‍ രൂക്ഷമായി
അപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇടപെട്ടു.
കാര്യം വ്യക്തമായി പരിശോധിക്കുമെന്നും ഇത്തരത്തിലുള്ള പത്രവാര്‍ത്താ പാരായണം ഒഴിവാക്കുമെന്നും പറഞ്ഞതോടെ കോപത്തോടെ വന്ന രക്ഷിതാക്കള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
അപ്പോള്‍ ഉണ്ണിയേട്ടന്‍ പറഞ്ഞു.
“ഇവര്‍ക്ക്  സ്കൂളിനെ ഇങ്ങനെ നന്നാക്കാം ; പക്ഷെ ഇത്തരത്തിള്ള പത്രങ്ങളെ ആരുനന്നാക്കും ?”

No comments:

Post a Comment