ശ്രീ . എംടി. വാസുദേവന്‍നായരുടെ ഒരു ചെറുകഥ വായിച്ച ഓര്‍മ്മയുണ്ട്( അതോ ആത്മകഥയോ ?). കഥ ഏതാണ്ടിങ്ങനെയാണ്. പിറന്നാള്‍ സദ്യ മോഹിച്ച കുട്ടി- ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന ആ വീട്ടില്‍ ഓമനപ്പുത്രന്റെ മോഹമായ ‘പിറന്നാള്‍ സദ്യ‘ ഒപ്പിയ്കാനായി അരി കടം വാങ്ങാന്‍ പോകുന്ന അമ്മ. അന്നേദിവസം പിറന്നാള്‍ സദ്യയ്ക്കുള്ള അരി കിട്ടുമ്പോഴേയ്ക്കും സമയം സന്ധ്യയായിക്കഴിഞ്ഞിരുന്നു.പിറന്നാള്‍ സദ്യ തയ്യാറായിക്കഴിഞ്ഞപ്പോഴേയ്ക്കും ആ കുട്ടിയുടെ വിശപ്പും മോഹങ്ങളും ചത്തുകഴിഞ്ഞിരുന്നു.
ഇതുപോലെത്തന്നെയാണ് തനിക്ക് ജീവിതത്തില്‍ ലഭിച്ച നേട്ടങ്ങളും അംഗീകാരവുമൊക്കെയെന്ന് എം.ടി. ഒരിയ്ക്കല്‍ പറയുകയുണ്ടായി.
ഇത് ശ്രീ .എം.ടി. യുടെ മാത്രം കാര്യമാണോ ?
നമ്മില്‍ പലര്‍ക്കും അനുഭവപ്പെട്ടീട്ടുള്ളതല്ലേ!
പിറന്നാള്‍ സദ്യമോഹിച്ച കുട്ടിയ്ക്ക് വിശപ്പും മോഹങ്ങളും ചത്തുകഴിഞ്ഞശേഷമെങ്കിലും ‘സദ്യ‘ ലഭിച്ചു.
പക്ഷെ, വിശപ്പും മോഹങ്ങളും ചത്തുകഴിഞ്ഞശേഷവും സദ്യ ലഭിയ്ക്കാത്തവരുമുണ്ടത്രെ!
സഹതാപമര്‍ഹിയ്ക്കുന്ന,വെളിപ്പെടാത്ത, നഗ്നസത്യങ്ങള്‍!!
ശ്രീ വൈലോപ്പള്ളിയുടെ ‘മാമ്പഴ’ത്തിലെ കുട്ടിയ്ക്ക് മാധുര്യമാര്‍ന്ന ആ മധുരക്കനി ലഭിച്ചുവോ ? കുട്ടിയുടേ അമ്മയ്ക്ക് തന്റെ മകന്‍ മാധുര്യമാര്‍ന്ന ആ മധുരക്കനി ഉറുഞ്ചിക്കുടിയ്ക്കുന്നത് കണ്ടാസ്വദിയ്ക്കാനുള്ള സൌഭാഗ്യം ലഭിച്ചുവോ ?
1971ല്‍ നോബല്‍ സമ്മാനം ലഭിച്ച പ്രശസ്ത കവി പാബ്ലോ നെരൂദയെ സംബന്ധിച്ച കാര്യവും ഇവിടെ പ്രസ്താവിയ്ക്കേണ്ടതുണ്ട്.
1963നു മുമ്പേതന്നെ നെരൂദയേയും നോബല്‍സമ്മാനത്തേയും തമ്മില്‍ ബന്ധപ്പെടുത്തിയ ശ്രുതികള്‍ കുറേയുണ്ടായിരുന്നു.
എന്നാല്‍ 1963 ല്‍ ആ ശ്രുതികള്‍ വളരേ ശക്തമായി.ഔദ്യോഗിക മാദ്ധ്യമങ്ങളും നെരൂദയ്ക്ക് നോബല്‍ സമ്മാനം കിട്ടുമെന്ന് വളരേ ശക്തിയായി പ്രചരിപ്പിച്ചു.
എഴുത്തുകളും ടെലിഫോണ്‍ കാളുകളും നെരൂദയെത്തേടിയെത്തി.
സുഹൃത്തുക്കളും നാട്ടുകാരും ആകാംക്ഷയോടെ കാത്തിരുന്നു.
പാബ്ലോ നെരൂദയുടെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കേറി.
നെരൂദയേയും ഭാര്യ മെറ്റില്‍ഡയേയും സന്ദര്‍ശകരും , പത്രക്കാരും ഏറെ വിഷമിപ്പിച്ചു.
അങ്ങനെ ,1963ലെ നോബല്‍ സമ്മാനം പ്രഖ്യാപിയ്ക്കുന്ന സുദിനവുമെത്തി!
ഗ്രീക്ക് കവി സെഫിറിസിന് (Sefiris ) അക്കൊല്ലത്തെ നോബല്‍ സമ്മാനം ലഭിച്ചു.!
പിറ്റേന്നുമുതല്‍ നെരൂദയുടെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കൊഴിയുകയും ചെയ്തു!!!
നോക്കണേ ,ഉച്ചസമയത്ത് പിറന്നാള്‍ സദ്യയ്ക്ക് കൈകഴുകി ഉണ്ണാനിരുന്ന കുട്ടിയ്ക്ക് ‘ചോറുകഴിഞ്ഞുപോയി ‘ എന്ന കാരണം മുഖേന ഊണുമുടങ്ങിയ കഥ!!!
പിന്നീട് എട്ടുവര്‍ഷത്തിനുശേഷം 1971ല്‍ പാബ്ലോ നെരൂദയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു.
ശ്രീ .ടി .എന്‍. ശേഷനു ലഭിച്ച മാഗ്‌സസെ അവാര്‍ഡും കുറച്ചുനേരത്തെ ആകാമായിരുന്നു എന്ന് ചിലര്‍ക്കെങ്കിലും അഭിപ്രായമുണ്ടായിരുന്നു.
പല വമ്പന്‍ പണികള്‍ ഏറെ മുമ്പേ നടത്തി കയ്യടി വാങ്ങിയ പുള്ളിയാണല്ലോ ശേഷനും!
ഇതുപോലെ നോബല്‍ സമ്മാനവുമായി ബന്ധപ്പെടുത്തി ശ്രീമതി മാധവിക്കുട്ടിയുടെ പേരും കുറേ മുമ്പ് വാര്‍ത്തകളായി വന്നിരുന്നല്ലോ!
പക്ഷെ,പിന്നിടെന്നോ അത് അലിഞ്ഞലിഞ്ഞ് ഇല്ലാതായി.
നോബല്‍ സമ്മാനവുമായി ശ്രീമതി മാധവിക്കുട്ടിയെ ബന്ധപ്പെടുത്തിയ വാര്‍ത്ത കൃത്രിമമായി മാധവിക്കുട്ടിതന്നെ സൃഷ്ടിച്ചതാണെന്ന ഖുശ്‌വന്ത് സിംഗിന്റെ ചെളിവാരിയെറിയലുമുണ്ടായി.
‘അയാള്‍ക്ക് താന്‍ വഴങ്ങാത്തതുകൊണ്ടാണ് ‘ ഖുശ്‌വന്ത് സിംഗ് ഇങ്ങനെ പറയുന്നതെന്ന് മാധവിക്കുട്ടി ഇതിനെതിരെ പ്രതികരിയ്ക്കുകയും ചെയ്തു.
1995ലെ ജ്ഞാനപീഠം അവാര്‍ഡ് ശ്രീ.എം.ടി. വാസുദേവന്‍ നായര്‍ക്കുലഭിച്ചു. അതും എന്നേ ലഭിയ്ക്കേണ്ടതായിരുന്നു.
വി.എസ്.ഖണ്ഡേശ്വര്‍ ‘യയാതി’ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ചു.
ശ്രീ .എം.ടി. വാസുദേവന്‍ നായര്‍ ‘രണ്ടാമൂഴം ‘ എന്നകൃതി പ്രസിദ്ധപ്പെടുത്തിയീട്ട് വര്‍ഷങ്ങള്‍ എത്രകഴിഞ്ഞാണ് അദ്ദേഹത്തിന് ജ്ഞാനപീഠം അവാര്‍ഡ് പഭിച്ചത് .
ഇനി,നോബല്‍ സമ്മാനം കരഗതമാക്കാന്‍ ശ്രീ എം.ടി യ്ക്ക് എത്ര വര്‍ഷം ‘ തന്റെ ഊഴം ‘കാത്തുകിടക്കണമോ ആവോ ?
പക്ഷെ, വ്യാസനും വാത്മീകിയുമൊക്കെ’ഔദ്യോഗിക അവാര്‍ഡുകള്‍ ലഭിച്ചീട്ടല്ലല്ലോ നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നതെന്നോര്‍ത്ത് നമുക്ക് സംതൃപ്തിയടയാം.
No comments:
Post a Comment