Tuesday, 5 October 2010

3. കോണ്‍‌കേവ് ദര്‍പ്പണം ഉപയോഗിച്ച് പ്രതിബിബ രൂപീകരണം നടത്തിയപ്പോള്‍ പ്രതിബിബത്തിന്റെ എണ്ണം രണ്ട് !!

മാഷ് എട്ടാം ക്ലാസില്‍ ഫിസിക്സ് പ്രാക്‍റ്റിക്കല്‍ ചെയ്യിക്കയായിരുന്നു.
വിഷയം: തന്നിരിക്കുന്ന കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടുപിടിക്കുക , ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തില്‍ വിവിധ സ്ഥാനങ്ങളില്‍ വസ്തുവെച്ചാല്‍ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്ഥാനം , പ്രത്യേകതകള്‍ എന്നിവ കണ്ടെത്തുക എന്നിവയായിരുന്നു.
ആദ്യം മാഷ് ദര്‍പ്പണം ഉപയോഗിച്ച് അകലെയുള്ള വസ്തുവിന്റെ പ്രതിബിബം ഒരു സ്ക്രീനില്‍ പതിപ്പിച്ച് ദര്‍പ്പണവും സ്ക്രീനും തമ്മിലുള്ള അകലം അളന്ന് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടെത്തി .
തുടര്‍ന്ന് മാഷ് ഡസ്കില്‍ ഒരു വര വര്‍ച്ചു.
അത് ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷമായി കുട്ടികളോട് സങ്കല്പിക്കുവാന്‍ പറഞ്ഞു.
തുടര്‍ന്ന് വക്രതാ കേന്ദ്രം , മുഖ്യ ഫോക്കസ് , പോള്‍ എന്നിവ കുട്ടികള്‍ മുഖ്യ അക്ഷത്തില്‍ അടയാളപ്പെടുത്തി.
വസ്തുവായി ഉപയോഗിച്ചത് കത്തിച്ച മെഴുകുതിരിയായിരുന്നു
തുടര്‍ന്ന് വസ്തു വിവിധ സ്ഥാനങ്ങളില്‍ വെച്ച് ( അതായത് C യ്ക്ക് അപ്പുറം , C യില്‍ , C യ്ക്കും Fനും ഇടയില്‍ , C യ്ക്കും P യ്കും ഇടയില്‍ ) പ്രതിബിബത്തിന്റെ സ്ഥാനം , പ്രത്യേകതകള്‍ എന്നിവ കണ്ടെത്തുവാന്‍ ആരംഭിച്ചു.
ആദ്യം വസ്തു( കത്തിച്ച മെഴുകുതിരി) അതായത് C യ്ക്ക് അപ്പുറം വെച്ചു .
അങ്ങനെ C യ്ക്കും Fനും ഇടയില്‍ പ്രതിബിംബം ലഭിച്ചു.
അതായത് സ്ക്രീനില്‍ വളരെ ചെറിയതും തലകീഴായതുമായ മെഴുകുതിരി ജ്വാല ( പ്രതിബിംബം) ലഭിച്ചു.
അപ്പോള്‍ ചില കുട്ടികള്‍ വിളിച്ചു പറഞ്ഞു
“ നോക്കിയേ മാഷേ , സ്ക്രീനില്‍ രണ്ടു ജ്വാലകള്‍ “
മാഷ് സ്ക്രീനില്‍ നോക്കി
ശരിയാണല്ലോ സ്ക്രീനില്‍ രണ്ടു ജ്വാലകള്‍ ഉണ്ടല്ലോ ?
അതെന്താ അങ്ങനെ ??
മാഷ് ഒന്നു വിയര്‍ക്കാന്‍ ആരംഭിച്ചു.
“ എന്താ മാഷേ രണ്ടു പ്രതിബിബം “
മാഷിന് ഉത്തരം പറയുവാന്‍ പറ്റുന്നില്ല.
അപ്പോള്‍ ഒരു കുട്ടി പറഞ്ഞു.
“ മാഷേ .മുകളില്‍ കാണുന്ന ജ്വാല നിവര്‍ന്നതാ”
മാഷ് നോക്കി .
ശരിയാണല്ലോ ; മുകളിലെ ജ്വാല നിവര്‍ന്നതും താഴെയുള്ളത് തലകീഴായതും
അതായത് തത്ത്വപ്രകാരം താഴെയുള്ള പ്രതിബിംബമാണ് ശരി.
ഇനി ഇപ്പോ എന്താ ചെയ്യാ ?
പല തവണ ഈ പരീക്ഷണം ചെയ്തിട്ടുള്ളതാണ് .
അപ്പോഴൊക്കെ ഒരു പ്രതിബിംബം മാത്രമേ ലഭിച്ചിട്ടുള്ളൂ.
എന്നാല്‍ ഇപ്പോള്‍ ......
ഇതിനെന്തു കാരണം പറയും ....
മാഷ് നിശ്ശബ്ദനായി .
പെട്ടെന്ന് ക്ലാസിലെ മണ്‍സൂര്‍ , ടെക് സ്റ്റ് പുസ്തകവും നോട്ടു പുസ്തകവും ക്ലാസില്‍ കൊണ്ടുവരാത്തവന്‍ ,വിളിച്ചു പറഞ്ഞു.
“ മാഷെ , അത് ഡെസ്ക്മ്മെന്നാ “
അവന്റെ മറുപടികേട്ട് കുട്ടികള്‍ അവനെ കളിയാക്കി ചിരിച്ചു.
അവന്‍ അങ്ങനെ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല.
“അതേന്ന് “
“ നീ യെന്താ മണ്‍സൂറെ പറയുന്നേ “- മാഷ് ഒരു പിടിവള്ളിക്കായി ആഞ്ഞു ശ്രമിച്ചു.
“ അതേ ഡെസ്ക്മ്‌മ്മേല്‍ തലകീഴായ പ്രതിബിംബം ഉള്ളോണ്ട് സ്ക്രീനില്‍ നിവര്‍ന്ന പ്രതിബിബം കാണുന്നു.”
“ എവിടെ “ എല്ലാവരും കോറസ്സോടെ ചോദിച്ചു.
“ ഇവിടെ നിന്നാല്‍ കാണാം “ മണ്‍സൂര്‍ അഭിമാനത്തോടെ പറഞ്ഞു.
മാഷ് മണ്‍സൂര്‍ നിന്ന സ്ഥലത്ത് നിന്നുനോക്കി.
ശരിയാണല്ലോ , പുതിയതായി നീല പെയിന്റടിച്ച ഡെസ്ക് .
വളരെ മിനുസമുള്ള ഡെസ്ക്ജ് . അതില്‍ C യ്ക്ക് അപ്പുറം കത്തിച്ചു വെച്ച മെഴുകുതിരിയുടെ പ്രതിബിബം തൊട്ടു താഴെ കാണാം .
ആ പ്രതിബിംബത്തില്‍ നിന്നുള്ള രശ്മികളാണ് സ്ക്രീനില്‍ നിവര്‍ന്ന ജ്വാലയായി ( പ്രതിബിംബമായി) കണ്ടത് .
പ്രസ്തുത പ്രതിബിബം തലകീഴായതിനാല്‍ സ്ക്രീനിലെ പ്രതിബിംബം നിവര്‍ന്നതായി മാറി .
തുടര്‍ന്ന് മാഷ് മണ്‍സൂറിനെ അഭിനന്ദിച്ചു.
മറ്റ് കൂട്ടുകാരും അതില്‍ പങ്കുചേര്‍ന്നു.
അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

No comments:

Post a Comment