പുതിയ വിദ്യാഭ്യാസ രീതിയിലെ പാഠ്യപദ്ധതിയില്‍ പരീക്ഷണങ്ങള്‍ക്ക് മുഖ്യസ്ഥാനമാണല്ലോ .അതുകൊണ്ടുതന്നെ
അദ്ധ്യാപകര്‍ ക്ലാസ്സില്‍വെച്ച് പല പരീക്ഷണങ്ങളും നടത്താറുണ്ട് .ചില അദ്ധ്യാപകരാകട്ടെ ,കുട്ടികള്‍ക്ക്
ഹോംവര്‍ക്കായി ചില പരീക്ഷണങ്ങള്‍ നടത്താനായി നിര്‍ദ്ദേശിക്കാറുണ്ട്
പരീക്ഷണങ്ങള്‍ വഴിയുള്ള പഠനം ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സുഗ്രാഹ്യവും
സന്തോഷകരവുമാണല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ‘പരീക്ഷണങ്ങള്‍ ‘ എന്നത് ചില
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അപകടകാരികളായി മാറാറുണ്ട് .
ഒരിയ്ക്കല്‍ ഒരദ്ധ്യാപകന്‍ എട്ടാംക്ലാസ്സിലെ സയന്‍സിലെ‘ ധാരാവൈദ്യുതി ‘എന്ന അദ്ധ്യായം
പഠിപ്പിക്കുകയായിരുനു.ബാറ്ററി ,കണക്ഷന്‍ വയര്‍, ടോര്‍ച്ച് ബള്‍ബ് എന്നിവ ശരിയായ രീതിയില്‍ ബന്ധിപ്പിച്ച്
ലളിതമായ സര്‍ക്യൂട്ട് നിര്‍മ്മിച്ചുകൊണ്ടാണ് ആ അദ്ധ്യാപകന്‍ തന്റെ പരീക്ഷണങ്ങള്‍ക്ക് തുടക്കംകുറിച്ചത് . കുട്ടികളും
പ്രസ്തുത പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ടായിരുന്നു.
പിറ്റേന്ന് ആ അദ്ധ്യാപകന്‍ കാലത്ത് സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ പ്രസ്തുത ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ത്ഥി
‘അന്‍വര്‍‘ തന്നെ കാത്തുനില്‍ക്കുന്നതാണ് കണ്ടത്.
കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടി വിവരം ചുരുക്കിപ്പറഞ്ഞു.
അനിയന് കാണിച്ചുകൊടുത്താലോ എന്നൊരാശയം മനസ്സിലുദിച്ചത്രെ !
ഉടന്‍ തന്നെ ടോര്‍ച്ചുബള്‍ബും ബാറ്ററിയും കണക്ഷന്‍ വയറുമൊക്കെ സംഘടിപ്പിച്ച് സര്‍ക്യൂട്ടുണ്ടാക്കി പരീക്ഷണം
നടത്തി.
പക്ഷെ, ബള്‍ബിനു പ്രകാശം കുറവ് ?
ബാറ്ററിയുടെ ചാര്‍ജ്ജിന്റെ കുറവായിരിക്കാം കാരണമെന്നു തോന്നി.
പിന്നീടത്തെ ചിന്ത ബള്‍ബിന്റെ പ്രകാശം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായി.
ഇതിനെന്തുചെയ്യാം?
വേറെ ബാറ്ററിയാണെങ്കിലോ കിട്ടാനുമില്ല .ഉടന്‍തന്നെ ഒരു ബുദ്ധിതോന്നി.
നിലവിലുള്ള ബാറ്ററിമാറ്റി , വീട്ടിലെ ചുമരിലുള്ള കറന്റിന്റെ ( a.c )പ്ലഗ്ഗില്‍ വയറുകള്‍ കുത്തി ; സ്വിച്ച് ഓണ്‍
ചെയ്തു.
സര്‍ക്യൂട്ടിലെ ബള്‍ബ് ഒറ്റ മിന്നല്‍ .
പിന്നെ ഒന്നും സംഭവിച്ചില്ല.
- ഇതിന്റെ കാരണമന്വേഷിയ്ക്കാനാണ് അന്‍വര്‍ സയന്‍സ് അദ്ധ്യാപകനെ കാത്തുനിന്നത് .
കുട്ടിയുടെ പറച്ചില്‍ കേട്ടപ്പോള്‍ ആദ്യം ചിരിക്കാനാണ് തോന്നിയതെങ്കിലും ഉടന്‍തന്നെ അദ്ധ്യാപകന് കാര്യത്തിന്റെ
ഗൌരവം മനസ്സിലായി.
അബദ്ധത്തിലെങ്ങാനും ഷോക്കേറ്റാലോ ?
മരണം വരെ സംഭവിയ്ക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് കുട്ടിയുടെ പരീക്ഷണം ചെന്നെത്തിയിരിക്കുന്നത് എന്ന
കാര്യം അദ്ധ്യാപകന്‍ അന്‍വറിനെ പറഞ്ഞുമനസ്സിലാക്കി.
അന്‍വര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാഷിന് ഒരു കാര്യം മനസ്സിലോര്‍മ്മവന്നു. ഇത് ഒരു കുട്ടിയുടെ കാര്യം
മാത്രമാവില്ലല്ലോ ?
ചിലപ്പോള്‍ വേറേയും ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കില്ലേ?
അന്നത്തെ ദിവസം പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ , ബാറ്ററിയും കണക്ഷന്‍ വയറുമൊക്കെ ഉപയോഗിച്ചുള്ള
ലളിതമായ സര്‍ക്യൂട്ട് വേറെ ആരെങ്കിലും വീട്ടില്‍വെച്ച് ഉണ്ടാക്കിയോ എന്ന് മാഷ് ചോദിച്ചു.
അഞ്ചാറുകുട്ടികള്‍ എണീറ്റുനിന്നു.
അപ്പോള്‍, അതിലൊരുകുട്ടി ചോദിച്ചു.
ഈ സര്‍ക്യൂട്ടില്‍നിന്ന് ഷോക്കേല്‍ക്കാത്തതെന്താ , മാഷേ ?
മാഷ് , വോള്‍ട്ടേജിലുള്ള വ്യത്യാസത്തെ സംബന്ധിച്ച് വിശദമാക്കിക്കഴിഞ്ഞപ്പോഴേയ്ക്കും എണീറ്റുനിന്നവരില്‍
വേറൊരുകുട്ടി പറഞ്ഞു.
“ബാറ്ററിയോട് കണക്ട് ചെയ്ത രണ്ടു വയറിന്റേയും അറ്റം നാവില്‍ തൊടുവിച്ചപ്പോള്‍ ചെറിയ തരിപ്പ്
അനുഭവപ്പെടുന്നുണ്ടല്ലോ , മാഷേ “
മാഷ് പീന്നിട് കാത്തുനിന്നില്ല.
ഏതു പരീക്ഷണങ്ങളും ,പ്രത്യേകിച്ച് വൈദ്യുതി ഉപയോഗിച്ചുള്ളവ , വീട്ടില്‍ ഒറ്റക്കു ചെയ്യരുതെന്നും പ്രസ്തുത
വിഷയത്തെക്കുറിച്ച് അറിവുള്ള രക്ഷാകര്‍ത്താവിന്റെ സഹായത്തോടുകൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും
കര്‍ശനമായി പറഞ്ഞു.
മാത്രമല്ല, തന്റെ അയല്‍പ്പക്കത്തെ ‘റോമി‘ എന്ന കുട്ടി , അച്ഛന്റെ ടൂവീലറില്‍നിന്ന് ഗ്ലാസില്‍ പെട്രോളെടുത്ത്
കത്തിച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിലായ കാര്യവും പറഞ്ഞുകൊടുത്തു.
അടുത്ത പിരീഡ് , മാഷിന് പത്താം ക്ലാസ്സിലായിരുന്നു.
അവിടെ, മാഷ് പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
അപ്പോള്‍ ആ ക്ലാസ്സില്‍ മാഷിന് പഠിപ്പിയ്ക്കേണ്ടത് ,വീട്ടിലെ‘ വൈദ്യുത ഉപഭോഗം‘ കണക്കാക്കുന്നതിനെ
സംബന്ധിച്ചായിരുന്നു.
ആ പിരീഡിന്റെ അവസാനം , മാഷ് ‘ഹോവര്‍ക്ക് ‘ കൊടുത്തത് ഇങ്ങനെയായിരുന്നു.
രക്ഷാകര്‍ത്താവിന്റെ സഹായത്തോടെ , ഓരോ ദിവസവും നിശ്ചിത സമയത്ത് , വീട്ടിലെ ‘ വാട്ട് ഔവര്‍ മീറ്ററിലെ ‘
റീഡിംഗ് ശാസ്ത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക .
ഇതിനു വേണ്ടുന്ന പട്ടിക ( തിയ്യതി , സമയം , റീഡിംഗ് എന്നിവ അടങ്ങുന്നത് ) മാഷ് ബോര്‍ഡില്‍ വരച്ചിടുകയും
ചെയ്തു.
**************************************************************************************************************************
ഉച്ച സമയത്തെ ഇന്റര്‍വെല്ലില്‍ , ഊണുകഴിഞ്ഞുള്ള സമയത്ത് മാഷ് ഇക്കാര്യം സ്റ്റാഫ് റൂമില്‍
വിശദീകരിച്ചു.
അപ്പോള്‍ , സയന്‍സ് പഠിപ്പിക്കുന്ന വേറൊരു അദ്ധ്യാപകന്‍ തന്റെ ഒരു അനുഭവം പറഞ്ഞു.
വാട്ടും (W) വോള്‍ട്ടും( V) തമ്മിലുള്ള വ്യത്യാസമായിരുന്നു , അന്ന് ക്ലാസ്സില്‍ വിശദീകരിച്ചത് .
പലപ്പോഴും 60 വാട്ട് ബള്‍ബിനെ 60 വോള്‍ട്ട് ബള്‍ബെന്ന് തെറ്റായി പലരും പറയാറുണ്ടെന്ന വസ്തുതയും പറഞ്ഞു.
പിറ്റേന്ന് , പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു ബഞ്ചില്‍ ചിരിയും വര്‍ത്തമാനവും !!!
കാര്യം ചോദിച്ചപ്പോള്‍ ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞുവെത്രെ
“ മാഷു കാരണം മണ്‍സൂറിന് വഴക്കുകേട്ടു “
മാഷ് , വിവരം തിരക്കിയപ്പോള്‍ മണ്‍സൂര്‍ പറഞ്ഞു
ഇന്നലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ വേറൊരാള്‍ ബള്‍ബുവാങ്ങാന്‍ വന്നിരുന്നുവെത്ര
വാങ്ങാന്‍ വന്ന ആള്‍ ചോദിച്ചത് 60 വോള്‍ട്ടേജിന്റെ ബള്‍ബ് എന്നായിരുന്നുവെത്രെ .
അപ്പോഴാണ് മണ്‍സൂര്‍ താന്‍ പഠിച്ച ശാസ്ത്ര സത്യം വിശദീകരിച്ചത്
വാട്ടും വോള്‍ട്ടേജും തമ്മിലുള്ള വ്യത്യാസം പറഞ്ഞുമുഴുവനാക്കും മുന്‍പേതന്നെ കടക്കാരനില്‍നിന്നും ബള്‍ബ്
വാങ്ങാന്‍ വന്ന ആളില്‍നിന്നും ഉച്ചത്തിലുള്ള ശകാരം മണ്‍സൂറിനു കിട്ടിയത്രെ.
“നിന്റെ പഠിപ്പ് നിന്റെ കയ്യില്‍ വെച്ചാല്‍ മതി.ഞങ്ങളുടെ അടുത്ത് എടുക്കേണ്ട ..........” എന്നുതുടങ്ങിയ ശകാരം
മുഴുവനാക്കുംമുന്‍പേ താന്‍ രംഗത്തുനിന്നും ബുദ്ധിപൂര്‍വ്വം സ്ഥലം വിട്ട കാര്യവും മണ്‍സൂര്‍ പറഞ്ഞുവെത്രെ.
ഇതുകേട്ട അപ്പുറത്തെ കസേരയിലിരുന്ന മലയാളം മാഷ് ഇങ്ങനെ പറഞ്ഞു
“ ഇതൊക്കെ നിങ്ങളുടെ സയന്‍സില്‍ മാത്രമല്ല ,ഞങ്ങളുടെ മലയാളത്തിലും ഉണ്ടാവാറുണ്ട് “
തുടര്‍ന്ന് , അദ്ദേഹം തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു.
.......... ‘ക്ഷണക്കത്തും‘ , ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അന്നത്തെ മലയാളം
ക്ലാസിലെ ചര്‍ച്ച.
‘ക്ഷണക്കത്താണ്‘ ശരിയായ പദപ്രയോഗമെന്നും ‘ക്ഷണനക്കത്ത് ‘ തെറ്റാണെന്നും ,‘ ക്ഷണനം ‘ എന്ന വാക്കിന്റെ
അര്‍ത്ഥം ‘ വധിക്കുക‘ എന്നാണെന്നുമൊക്കെ അദ്ധ്യാപകന്‍ വിശദീകരിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസിലെ മിടുക്കനായ വിദ്യാര്‍ത്ഥി ‘ തരുണ്‍ ‘ മുന്‍ പറഞ്ഞപോലെ വഴക്കുകേട്ട കാര്യം
പറഞ്ഞത് .
തരുണിന്റെ വീട്ടില്‍ വളരേ അടുത്ത ഒരു ബന്ധു കല്യാണം ക്ഷണിക്കാന്‍ വന്നുവെത്രെ.
(പ്രസ്തുത ബന്ധുവാണെങ്കിലോ തരുണിന്റെ അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് .മാത്രമല്ല,
ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ തരുണിന്റെ അച്ഛന് ആ ബന്ധുവില്‍നിന്ന് കിട്ടിയിട്ടുമുണ്ടത്രെ.
അതുകൊണ്ടുതന്നെ വല്ലാത്ത ഒരു കടപ്പാടും പ്രസ്തുത ബന്ധുവിനോട് തരുണിന്റെ കുടുംബത്തിന് ഉണ്ടുതാനും.)
സംസാര മദ്ധ്യേ പ്രസ്തുത ബന്ധു ‘ക്ഷണനക്കത്തെന്ന് ‘ സൂചിപ്പിച്ചുവെത്രെ .ഉടന്‍തന്നെ തരുണിന്റെ മനസ്സിലെ ‘
വ്യാകരണയോദ്ധാവ് ‘ അനിയന്ത്രിതമായി സടകുടഞ്ഞ് എണീറ്റത്രെ !!!
അതിനാല്‍ ,അടുത്തുണ്ടായിരുന്ന തരുണ്‍, ‘ കടപ്പാടും ‘ മറ്റും പെട്ടെന്ന് മറന്ന് ഇടക്കുകയറി പറഞ്ഞു തുടങ്ങി.
...............പ്രസ്തുത ബന്ധു പറഞ്ഞത് തെറ്റാണെന്നും ക്ഷണക്കത്തും ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസം
അതിഭീമമാണെന്നും പറഞ്ഞു.
......... പറഞ്ഞു മഴുവനാക്കുംമുന്‍പേതന്നെ അടുക്കളയില്‍നിന്ന് അമ്മ ‘ തരുണിനെ‘ വിളിച്ചു.
പറഞ്ഞു പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിലുള്ള നൈര്യാശത്താല്‍ , അതിവേഗം പാഞ്ഞെത്തിയ തരുണിന് - - തന്റെ
പുതിയ അറിവിന്റെ സമ്മാനമെന്നോണം ലഭിച്ചത് -- അമ്മയുടെ വക‘ ചൂടന്‍ ‘ പിച്ചും തിരുമ്മലുമായിരുന്നു.
അതിഥിയായ ബന്ധു പോയിക്കഴിഞ്ഞശേഷം അച്ഛന്റെ കയ്യില്‍നിന്ന് ഉഗ്രന്‍ ശകാരവും തലക്ക് കിഴുക്കും
ലഭിച്ചത്രെ!!
ശ്രീ .എം. കൃഷ്ണന്‍ നായര്‍ , ശ്രീ സുകുമാര്‍ അഴീക്കോട് ......... തുടങ്ങിയ വിമര്‍ശകരെ ആരാധിച്ചുകൊണ്ടു നടന്നിരുന്ന
തരുണിന് ഈ സംഭവം ഒരു പുതിയ വെളിച്ചം നല്‍കിയത്രെ!!
********************************************************************************************************************************
സ്റ്റാഫ് റൂമില്‍ ,പിന്നെ പലര്‍ക്കും ഈ വിഷയത്തില്‍ പറയാനുണ്ടെന്ന് അവരുടെ മുഖം സൂചിപ്പിച്ചുവെങ്കിലും
ക്ലാസ് തുടങ്ങുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ചര്‍ച്ച അവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.
No comments:
Post a Comment