Tuesday 13 October 2015

71.ഹെഡ് ടീ‍ച്ചറും ക്ലാസ് ഫസ്റ്റും എവര്‍ റോളിഗ് മെഡലുംസ്ഥലം  : ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂള്‍
സമയം : ഉച്ചഭക്ഷണസമയത്തെ ഇന്റര്‍വെല്‍
ഹെഡ് ടീച്ചര്‍ ഉച്ചയൂണിനുള്ള തയ്യാറെടുപ്പിലായിരുന്നു
അന്നേരമാണ് ഓഫീസ് മുറിയുടെ വാതിക്കല്‍ ഒരു തല കണ്ടത്
ടീച്ചര്‍ തലയുയര്‍ത്തിനോക്കി
പത്താം ക്ലാസ് സി യിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായ ഫൈസലാണ് വാതിക്കലായി എന്തോ പറയുവാന്‍ നില്‍ക്കുന്നത്
ഹെഡ് ടീച്ചര്‍ അകത്തേക്കുവരുവാന്‍ ആംഗ്യം കാണിച്ചു
ഫൈസല്‍ അല്പം ഗൌരവത്തിലാണെന്ന് മുഖഭാവം വിളിച്ചു പറഞ്ഞു
 2016 എസ് എസ് എല്‍ സി പരീക്ഷയില്‍ ,  സ്കൂളിലെ ടീച്ചേഴ്സ് ,  എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഫൈസല്‍
അതിനാല്‍ ഹെഡ് ടീച്ചറും അവന്റെ ഗൌരവം ഉള്‍ക്കൊണ്ടു
"എന്താ ഫൈസലേ കാര്യം "ഹെഡ് ടീച്ചര്‍ ഓമനത്തത്തോടെ ചോദിച്ചു
ഫൈസല്‍ ഒന്നും മിണ്ടാതെ ഷര്‍ട്ടില്‍ കുത്തിയ മെഡല്‍  ഊരി മേശപ്പുറത്തുവെച്ചു
ടീച്ചര്‍ മെഡലിനെ നോക്കി
ഒന്നാം പാദവാര്‍ഷീക പ്പരീക്ഷക്ക് ക്ലാസ് ഫസ്റ്റിനായി കൊടുത്ത മെഡലായിരുന്നു അത് .
ഓരോ ടേം പരീക്ഷ കഴിഞ്ഞാലും  എല്ലാ ഡിവഷനിലേയും ഒന്നാം സ്ഥാനത്തു വരുന്ന കുട്ടികള്‍ക്ക് അസംബ്ലിയില്‍ വെച്ച്  ഹെഡ് ടിച്ചര്‍ മെഡല്‍  കൊടുക്കാറുണ്ട്
പ്രസ്തുത മെഡല്‍ എവര്‍ റോളിംഗ് ആണ് .
അതായത് ഓരോ ടെമിന്റേയും അവസാനം മെഡല്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അത് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കും
തുടര്‍ന്ന് , അടുത്ത ടേമിലെ പരീക്ഷ കഴിയുമ്പോള്‍ ആരാണ് ക്ലാസ് ഫസ്റ്റ് എന്നു വെച്ചാല്‍ ആ കുട്ടിക്ക് അസംബ്ലിയില്‍ വെച്ച്  മെഡല്‍ നല്‍കും
തീരെ പണച്ചെലവില്ലാത്ത ഒരു കാര്യം ; എന്നാല്‍ ഗുണമോ മെച്ചം !
മിക്കവാറും ഓരോ ക്ലാസിലേയും ഒരേ വിദ്യാര്‍ത്ഥികള്‍ക്കു തന്നെയായിരിക്കും മെഡല്‍ ലഭിക്കുക '
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ക്ലാസ് ഫസ്റ്റ് മാറി വേറെ വിദ്യാര്‍ത്ഥിക്ക് മെഡല്‍ ലഭിക്കാറ്
.......................
അതിനാല്‍ ഹെഡ് ടീച്ചര്‍ ചോദിച്ചു
"ഫൈസലേ എന്താ ഇപ്പോ ഈ മെഡല്‍ തിരിച്ചേല്പിക്കുന്നത് . അത് അരക്കൊല്ലപ്പരീക്ഷ ആകുമ്പോളല്ലേ വേണ്ടൂ "
"അത് എനിക്ക് അറിയാം  "ഫൈസല്‍ ഗൌരവത്തില്‍ പറഞ്ഞു
"ഇവിടുത്തെ സ്ഥാപന മേധാവിയുടെ  ബൂര്‍ഷാ - ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ചാണ്‍ ഞാന്‍ ഈ മെഡല്‍ തിരിച്ചേല്പിക്കുന്നത് "
ടീച്ചര്‍ അന്തം വിട്ടുപോയി
"എന്താ ഫൈസലേ നീ പറയുന്നത് ........."
അവന്‍ തീഷ്ണമായി ടിച്ചറെ നോക്കി
അപ്പോള്‍ ടീച്ചര്‍ക്ക് കാര്യം ഓര്‍മ്മവന്നു
കഴിഞ്ഞ ദിവസം ടീച്ചര്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ .. ....................
പത്താംക്ലാസ് സി യുടേയും മുന്നിലൂടെ പോകുവാന്‍ ഇടയായി .
അപ്പോള്‍ ആ സമയം അവിടെ സാമൂഹ്യം  പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു
ക്ലാസില്‍  സാമൂഹ്യം മാഷ് തീവ്രമായി അന്നത്തെ പാഠഭാഗങ്ങള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ..
ക്ലാസ് ഫസ്റ്റായ ഫൈസല്‍ ഗ്രൌണ്ടിലൂടെ ആ സമയത്ത് പോയിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് റ്റാറ്റാ കൊടുക്കുകയായിരുന്നു
ഇത് ഹെഡ് ടീച്ചര്‍ കണ്ടെത്തുകയും തുടര്‍ന്ന് അവന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച ലൌലെറ്ററിന്റെ കാര്യത്തില്‍  ഫൈസലിന്റെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിക്കുകയും ചെയ്തിരുന്നു
അതാണ് അവന്റെ ഈര്‍ഷ്യക്കു കാരണമെന്ന് ഇപ്പോള്‍ ഹെഡ് ടീച്ചര്‍ക്ക് മനസ്സിലായി
കൂടാ‍തെ ഇന്നത്തെ അസംബ്ലിയില്‍ - പത്രവാര്‍ത്ത വായിക്കുന്ന സമയത്ത് - സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാരിന്  തിരിച്ചുകൊടുക്കുന്ന കാര്യവും വായിച്ചിരുന്ന കാര്യം ടീച്ചര്‍ക്ക് ഓര്‍മ്മവന്നു
.................
ടീച്ചര്‍ ഒരു ചെറു പുഞ്ചിരിയോടെ ഫൈസലിനെ നോക്കി
അവന് ഒരു മാറ്റവുമില്ല
" ഇത്രക്കും വേണൊ "ടീച്ചര്‍ ഫൈസലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു
അവന്‍ കുലുങ്ങിയില്ല
" ഞാന്‍ തിരിച്ചേല്പിക്ക തന്നെ ചെയ്യും "
ടീച്ചര്‍ക്ക് ഇനി രക്ഷയില്ല എന്ന് മനസ്സിലായി
ഫൈസല്‍ തിരിഞ്ഞു നടന്നു
വാതിക്കലെത്തിയപ്പോള്‍ ..............
അവന്‍ വിളിച്ചു പറഞ്ഞു
" അഞ്ചുപൈസക്ക് വിലയില്ലാത്ത ഒരു മെഡല്‍ . റോളിംഗ് ആണത്ര റോളിംഗ് . എന്നാണാവോ ഇത് റോള്‍ ചെയ്ത് റോള്‍ ചെയ്ത് തേഞ്ഞില്ലാതാകുന്നത് "

* * * * *  * * *

* * * * *  * * *

* * * * *  * * *
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്ലിനു ശേഷം സ്കൂള്‍ കൂടുവാനുള്ള ബൈല്ലടിച്ചു
സാമൂഹ്യം മാഷ് ഒപ്പിടാനായി ഓഫീസ് റൂമിലെത്തി
അപ്പൊള്‍ ഹെഡ് ടീച്ചര്‍ പറഞ്ഞു
"മാഷേ , മാഷ് പത്ത് സി യില്‍ നന്നായി സാമൂഹ്യം പഠിപ്പിക്കുന്നുണ്ട് അല്ലേ .  കുട്ടികള്‍ അത് അപ്ലിക്കേഷന്‍ ലെവലില്‍ എടുക്കുന്നുമുണ്ട് ട്ടോ "
ഹെഡ് ടീച്ചറുടെ അഭിനന്ദന സൂചകമായ ഈ സംസാരം കേട്ട് സാമൂഹ്യം മാഷ് ഒന്നും  മനസ്സിലാവാത്തവനെപ്പോലെ നിന്നു