Tuesday 13 October 2015

71.ഹെഡ് ടീ‍ച്ചറും ക്ലാസ് ഫസ്റ്റും എവര്‍ റോളിഗ് മെഡലും



സ്ഥലം  : ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂള്‍
സമയം : ഉച്ചഭക്ഷണസമയത്തെ ഇന്റര്‍വെല്‍
ഹെഡ് ടീച്ചര്‍ ഉച്ചയൂണിനുള്ള തയ്യാറെടുപ്പിലായിരുന്നു
അന്നേരമാണ് ഓഫീസ് മുറിയുടെ വാതിക്കല്‍ ഒരു തല കണ്ടത്
ടീച്ചര്‍ തലയുയര്‍ത്തിനോക്കി
പത്താം ക്ലാസ് സി യിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായ ഫൈസലാണ് വാതിക്കലായി എന്തോ പറയുവാന്‍ നില്‍ക്കുന്നത്
ഹെഡ് ടീച്ചര്‍ അകത്തേക്കുവരുവാന്‍ ആംഗ്യം കാണിച്ചു
ഫൈസല്‍ അല്പം ഗൌരവത്തിലാണെന്ന് മുഖഭാവം വിളിച്ചു പറഞ്ഞു
 2016 എസ് എസ് എല്‍ സി പരീക്ഷയില്‍ ,  സ്കൂളിലെ ടീച്ചേഴ്സ് ,  എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഫൈസല്‍
അതിനാല്‍ ഹെഡ് ടീച്ചറും അവന്റെ ഗൌരവം ഉള്‍ക്കൊണ്ടു
"എന്താ ഫൈസലേ കാര്യം "ഹെഡ് ടീച്ചര്‍ ഓമനത്തത്തോടെ ചോദിച്ചു
ഫൈസല്‍ ഒന്നും മിണ്ടാതെ ഷര്‍ട്ടില്‍ കുത്തിയ മെഡല്‍  ഊരി മേശപ്പുറത്തുവെച്ചു
ടീച്ചര്‍ മെഡലിനെ നോക്കി
ഒന്നാം പാദവാര്‍ഷീക പ്പരീക്ഷക്ക് ക്ലാസ് ഫസ്റ്റിനായി കൊടുത്ത മെഡലായിരുന്നു അത് .
ഓരോ ടേം പരീക്ഷ കഴിഞ്ഞാലും  എല്ലാ ഡിവഷനിലേയും ഒന്നാം സ്ഥാനത്തു വരുന്ന കുട്ടികള്‍ക്ക് അസംബ്ലിയില്‍ വെച്ച്  ഹെഡ് ടിച്ചര്‍ മെഡല്‍  കൊടുക്കാറുണ്ട്
പ്രസ്തുത മെഡല്‍ എവര്‍ റോളിംഗ് ആണ് .
അതായത് ഓരോ ടെമിന്റേയും അവസാനം മെഡല്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അത് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കും
തുടര്‍ന്ന് , അടുത്ത ടേമിലെ പരീക്ഷ കഴിയുമ്പോള്‍ ആരാണ് ക്ലാസ് ഫസ്റ്റ് എന്നു വെച്ചാല്‍ ആ കുട്ടിക്ക് അസംബ്ലിയില്‍ വെച്ച്  മെഡല്‍ നല്‍കും
തീരെ പണച്ചെലവില്ലാത്ത ഒരു കാര്യം ; എന്നാല്‍ ഗുണമോ മെച്ചം !
മിക്കവാറും ഓരോ ക്ലാസിലേയും ഒരേ വിദ്യാര്‍ത്ഥികള്‍ക്കു തന്നെയായിരിക്കും മെഡല്‍ ലഭിക്കുക '
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ക്ലാസ് ഫസ്റ്റ് മാറി വേറെ വിദ്യാര്‍ത്ഥിക്ക് മെഡല്‍ ലഭിക്കാറ്
.......................
അതിനാല്‍ ഹെഡ് ടീച്ചര്‍ ചോദിച്ചു
"ഫൈസലേ എന്താ ഇപ്പോ ഈ മെഡല്‍ തിരിച്ചേല്പിക്കുന്നത് . അത് അരക്കൊല്ലപ്പരീക്ഷ ആകുമ്പോളല്ലേ വേണ്ടൂ "
"അത് എനിക്ക് അറിയാം  "ഫൈസല്‍ ഗൌരവത്തില്‍ പറഞ്ഞു
"ഇവിടുത്തെ സ്ഥാപന മേധാവിയുടെ  ബൂര്‍ഷാ - ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ചാണ്‍ ഞാന്‍ ഈ മെഡല്‍ തിരിച്ചേല്പിക്കുന്നത് "
ടീച്ചര്‍ അന്തം വിട്ടുപോയി
"എന്താ ഫൈസലേ നീ പറയുന്നത് ........."
അവന്‍ തീഷ്ണമായി ടിച്ചറെ നോക്കി
അപ്പോള്‍ ടീച്ചര്‍ക്ക് കാര്യം ഓര്‍മ്മവന്നു
കഴിഞ്ഞ ദിവസം ടീച്ചര്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ .. ....................
പത്താംക്ലാസ് സി യുടേയും മുന്നിലൂടെ പോകുവാന്‍ ഇടയായി .
അപ്പോള്‍ ആ സമയം അവിടെ സാമൂഹ്യം  പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു
ക്ലാസില്‍  സാമൂഹ്യം മാഷ് തീവ്രമായി അന്നത്തെ പാഠഭാഗങ്ങള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ..
ക്ലാസ് ഫസ്റ്റായ ഫൈസല്‍ ഗ്രൌണ്ടിലൂടെ ആ സമയത്ത് പോയിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് റ്റാറ്റാ കൊടുക്കുകയായിരുന്നു
ഇത് ഹെഡ് ടീച്ചര്‍ കണ്ടെത്തുകയും തുടര്‍ന്ന് അവന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച ലൌലെറ്ററിന്റെ കാര്യത്തില്‍  ഫൈസലിന്റെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിക്കുകയും ചെയ്തിരുന്നു
അതാണ് അവന്റെ ഈര്‍ഷ്യക്കു കാരണമെന്ന് ഇപ്പോള്‍ ഹെഡ് ടീച്ചര്‍ക്ക് മനസ്സിലായി
കൂടാ‍തെ ഇന്നത്തെ അസംബ്ലിയില്‍ - പത്രവാര്‍ത്ത വായിക്കുന്ന സമയത്ത് - സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാരിന്  തിരിച്ചുകൊടുക്കുന്ന കാര്യവും വായിച്ചിരുന്ന കാര്യം ടീച്ചര്‍ക്ക് ഓര്‍മ്മവന്നു
.................
ടീച്ചര്‍ ഒരു ചെറു പുഞ്ചിരിയോടെ ഫൈസലിനെ നോക്കി
അവന് ഒരു മാറ്റവുമില്ല
" ഇത്രക്കും വേണൊ "ടീച്ചര്‍ ഫൈസലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു
അവന്‍ കുലുങ്ങിയില്ല
" ഞാന്‍ തിരിച്ചേല്പിക്ക തന്നെ ചെയ്യും "
ടീച്ചര്‍ക്ക് ഇനി രക്ഷയില്ല എന്ന് മനസ്സിലായി
ഫൈസല്‍ തിരിഞ്ഞു നടന്നു
വാതിക്കലെത്തിയപ്പോള്‍ ..............
അവന്‍ വിളിച്ചു പറഞ്ഞു
" അഞ്ചുപൈസക്ക് വിലയില്ലാത്ത ഒരു മെഡല്‍ . റോളിംഗ് ആണത്ര റോളിംഗ് . എന്നാണാവോ ഇത് റോള്‍ ചെയ്ത് റോള്‍ ചെയ്ത് തേഞ്ഞില്ലാതാകുന്നത് "

* * * * *  * * *

* * * * *  * * *

* * * * *  * * *
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്ലിനു ശേഷം സ്കൂള്‍ കൂടുവാനുള്ള ബൈല്ലടിച്ചു
സാമൂഹ്യം മാഷ് ഒപ്പിടാനായി ഓഫീസ് റൂമിലെത്തി
അപ്പൊള്‍ ഹെഡ് ടീച്ചര്‍ പറഞ്ഞു
"മാഷേ , മാഷ് പത്ത് സി യില്‍ നന്നായി സാമൂഹ്യം പഠിപ്പിക്കുന്നുണ്ട് അല്ലേ .  കുട്ടികള്‍ അത് അപ്ലിക്കേഷന്‍ ലെവലില്‍ എടുക്കുന്നുമുണ്ട് ട്ടോ "
ഹെഡ് ടീച്ചറുടെ അഭിനന്ദന സൂചകമായ ഈ സംസാരം കേട്ട് സാമൂഹ്യം മാഷ് ഒന്നും  മനസ്സിലാവാത്തവനെപ്പോലെ നിന്നു

Saturday 29 October 2011

70.സ്കൂള്‍ അസംബ്ലിയിലെ പത്രവാര്‍ത്താപാരായണം എങ്ങനെയുള്ളതാവണം ?



സ്ഥലം : നാട്ടിന്‍പുറത്തെ സ്കൂളിന്റെ ഓഫീസ്
സമയം : സ്കൂള്‍ അസംബ്ലികഴിഞ്ഞുള്ള സമയം.
അന്നേരമാണ് മൂന്നുനാലുപേര്‍ സ്ക്കുള്‍ ഓഫീസിലേക്ക് വന്നത് .
ഒന്നുരണ്ട്  അദ്ധ്യാപകര്‍ , പ്രിന്‍സിപ്പാള്‍ , നോണ്‍ ടീച്ചിംഗ്സ്റ്റാഫ് എന്നിങ്ങനെയുള്ളവരാണ് അന്നേരം ഓഫീസിലുണ്ടായിരുന്നത് .
സ്കൂളില്‍ എത്തിയ രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു
“ഞങ്ങള്‍ ഒരു പ്രാധാനപ്പെട്ട കാര്യം പറയുവാനാ‍നാണ് വന്നത് ”
പ്രിന്‍സിപ്പാള്‍ അവരെ നോക്കി .
സ്കൂളിനു തൊട്ടടുത്ത വീട്ടിലുള്ളവരാണ് അവര്‍ ; അതും പരിചയക്കാര്‍
പ്രിന്‍സിപ്പാള്‍ ‘ പറഞ്ഞാട്ടെ ‘ എന്ന മട്ടില്‍ തലയാട്ടി .
അതില്‍ തലനരച്ച മനുഷ്യന്‍ പറഞ്ഞു
“ടീച്ചറെ നിങ്ങളുടെ അസംബ്ലി ഉഗ്രന്‍ തന്നെ : പക്ഷെ ....”
പ്രിന്‍സിപ്പാളും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുപറഞ്ഞു.
“പറയൂ“
“അസംബ്ലിയിലെ പത്രവായനയാണ് പ്രശ്നം . എന്തൊക്കെ വാര്‍ത്തകളാ വായിക്കുന്നേ .ഇതിനാണോ ഞങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത് . വാര്‍ത്ത വായിക്കുമ്പോള്‍ .. ലൌഡ് സ്പീക്കര്‍ വഴി സ്കൂളിന്റെ നാല് അയല്‍പ്പക്കത്തും പത്രവാര്‍ത്ത എത്തും   ”
“അതിനിപ്പോ എന്താ ഉണ്ടായേ ”
പ്യൂണ്‍ ഉണ്ണിയേട്ടന്റെ ക്ഷമകെട്ടു.
ഇടപെടലിന്റെ അനൌചിത്യം കണ്ടാവാം ചെറുപ്പക്കാരനായ മറ്റൊരു രക്ഷിതാവ് ചൂടായി പറഞ്ഞു
“ഇന്നത്തെ പത്രവാര്‍ത്താ വായിച്ചതുതന്നെ നോക്കാം . ആദ്യവാര്‍ത്ത .. സ്കൂള്‍ അദ്ധ്യാപകനെ  വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ വാര്‍ത്ത നോക്കാം . പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍  തെറ്റായി മൊഴിനല്‍കിയ ഡോക്ടര്‍ക്കെതിരെ ........ സംഘടന  മെഡിക്കല്‍ ബോര്‍ഡിന് പരാതി . ഇനി അടുത്ത വാര്‍ത്ത , അശ്ലീല വീഡിയോ ചിത്രം എടുത്തതിന് കോളേജ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത വാര്‍ത്ത , സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....”
“ഇത്തരത്തില്‍ വാര്‍ത്ത വായിക്കുന്നത് ശരിയാണോ . നാടുമുഴുവന്‍ ഈ വാര്‍ത്ത വായന കേള്‍ക്കാം.” തല നരച്ച ആള്‍ കൂട്ടിച്ചേത്തു.
“ഇതൊക്കെ പത്രത്തില്‍ ഉള്ള വാര്‍ത്തകളാ , അതോണ്ടാ അത് വായിക്കുന്നേ . ” ഉണ്ണിയേട്ടന്‍ വിട്ടുകൊടുക്കുന്ന മട്ടില്ല.
“പത്രത്തില്‍ വന്നു എന്നുവിചാരിച്ച് ആ വാര്‍ത്ത വായിക്കണമെന്നുണ്ടോ മാഷമ്മാരേ . കുട്ടികള്‍ക്ക് ആവശ്യമായ വാര്‍ത്ത , അവര്‍ അറിയേണ്ട വാര്‍ത്ത എന്നിവ വായിച്ചാല്‍പോരെ . ” മാന്യനായ മറ്റൊരു രക്ഷിതാവ് സാവാധാനത്തില്‍ പറഞ്ഞു.
“ സയന്‍സിനെ സംബന്ധിച്ച വാര്‍ത്ത , കുട്ടികളെ ബാധിക്കുന്ന അറിയിപ്പുകള്‍ എന്നിങ്ങനെ എത്രയോ വാര്‍ത്തകള്‍ വായിക്കുവാനുണ്ട് “ തലനരച്ച മനുഷ്യന്‍ പക്വതയോടെ പറഞ്ഞു.
“അതുപോലെ സ്പോര്‍‌ട്ട്സ് വാര്‍ത്തകള്‍ വായിക്കുമ്പോഴുള്ള കയ്യടി അത്ര ശരിയല്ല.”
“എന്താ അതിലും ഉണ്ടോ അശ്ലീലം ” ഉണ്ണിയേട്ടന്‍ പരിഹസിച്ചുകൊണ്ടുചോദിച്ചു.
“ഇത് അശ്ലീലമല്ലാന്നേ . ഇന്ത്യ ജയിച്ചാല്‍ കയ്യടിക്കണം , ഇവിടെ ഇന്ത്യ തോറ്റാലും കയ്യടി , കേരളം തോറ്റാലും കയ്യടി . എങ്ങനെയുണ്ട് ദേശീയബോധം . ഇതൊക്കെ ലൌഡ് സ്പീക്കര്‍ വഴി നാടുമുഴുവന്‍ അറിയുകയും ചെയ്യാം .”
“ഇതിനൊക്കെ നിങ്ങള്‍ക്ക് എന്താ വേണ്ടെ ” ഉണ്ണിയേട്ടന്‍ രൂക്ഷമായി
അപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇടപെട്ടു.
കാര്യം വ്യക്തമായി പരിശോധിക്കുമെന്നും ഇത്തരത്തിലുള്ള പത്രവാര്‍ത്താ പാരായണം ഒഴിവാക്കുമെന്നും പറഞ്ഞതോടെ കോപത്തോടെ വന്ന രക്ഷിതാക്കള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
അപ്പോള്‍ ഉണ്ണിയേട്ടന്‍ പറഞ്ഞു.
“ഇവര്‍ക്ക്  സ്കൂളിനെ ഇങ്ങനെ നന്നാക്കാം ; പക്ഷെ ഇത്തരത്തിള്ള പത്രങ്ങളെ ആരുനന്നാക്കും ?”

Sunday 16 October 2011

69.മികവുമാഷും കുട്ട്യോളും പിന്നെ പത്രവും ചാനലും



അന്നേ ദിവസം മികവ് മാഷ് വളരേ സന്തോഷത്തിലായിരുന്നു.
കാരണം , സ്കൂളില്‍ മാഷിന്റെ ക്ലാസില്‍ , ക്ലാസ് പി.ടി.എ കൂടുന്ന ദിവസമാണ് അന്ന് .
ഇത്തരം പി .ടി.എ കള്‍ മാഷിന് ഇഷ്ടമാണ് .
കാരണം , അന്നേദിവസം മാഷിന്റെ  മികവുകള്‍ , മാഷ് രക്ഷിതാക്കളെ വളരെ വ്യക്തമായി അറിയിക്കും .
രക്ഷിതാക്കള്‍ പലരും മികവ് മാഷിനെ പുകഴ്‌ത്തി പറയും .
മികവ് മാഷിന്റെ ഒരേ ഒരു അഡിക്ഷനാണ് ‘ പുകഴ്‌ത്തല്‍ ‘ .
ക്ലാസില്‍ ഉച്ചക്ക് പ്രസന്റ് എടുക്കാന്‍ ചെന്നപ്പോള്‍ മാഷ് വീണ്ടും കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
‘എല്ലാ രക്ഷാകര്‍ത്താക്കളും എത്തില്ലേ ‘
കുട്ടികളൊക്കെ എത്തുമെന്ന അര്‍ഥത്തില്‍ തലയാട്ടി.
ക്ലാസ് പി.ടി.എ ഉച്ചതിരിഞ്ഞ് 4 മണിക്കായിരുന്നു.
മികവ് മാഷിന് പത്താംക്ലാസിന്റെ ക്ലാസ് ചാര്‍ജ് ആണ് ഉണ്ടായിരുന്നത് .
ഈ ക്ലാസ് പി ടി എ യില്‍ ഓണപ്പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടലും നടക്കും .
പഠനം നല്ല പുരോഗതിയില്‍ കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചര്‍ച്ചയും നടക്കും .
ഇത്തരം ചര്‍ച്ചകളീല്‍ ‘മികവ് മാഷ് ‘ കസറുകയാണ് പതിവ് .
‘ഉപദേശങ്ങളുടെ എവറസ്റ്റുകള്‍ ‘അവിടെ ഉയര്‍ന്നുപൊങ്ങും .
അങ്ങനെ ..............
...............
സമയം നാലുമണിയായി .
മാഷ് ക്ലാസിലെത്തി.
കൂടെ പ്രിന്‍സിപ്പാളും ഉണ്ടായിരുന്നു.
ക്ലാസില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും ഉണ്ട്.
എല്ലാവരും കൃത്യസമയത്തുതന്നെ എത്തിയിരിക്കുന്നു.
പ്രിന്‍സിപ്പാള്‍ മാഷിനെ അഭിനന്ദന സൂചകമായി നോക്കി.
മികവ് മാഷ് ആ അഭിനന്ദനം സസന്തോഷം സ്വീകരിച്ചു.
എന്നാല്‍ മീറ്റിംഗ് തുടങ്ങാം അല്ലേ .
മികവ് മാഷ് ആരോടെന്നില്ലാതെ അനൌണ്‍സ് ചെയ്തു.
വേദിയില്‍ മാഷും പ്രിന്‍സിപ്പാളും .........
സദസ്യരായി കുട്ടികളും രക്ഷിതാക്കളും ....
ഭൂരിഭാ‍ഗവും വനിതാ രക്ഷിതാക്കള്‍ തന്നെ ...
അതും മികവ് മാഷിന് ഇഷ്ടമാണ് ...
താന്‍ എന്തൊക്കെ പറഞ്ഞാലും ദൈവ വാക്യമായി എടുക്കുന്നവര്‍ ...
അങ്ങനെ മീറ്റിംഗ് തുടങ്ങി .
ഒരു പ്രാര്‍ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.
മാഷിന്റെ ക്ലാസിലെ ഹസീന , രേഷ്മ , ശിശിര തുടങ്ങിയവര്‍ ആലപിച്ച പ്രാര്‍ത്ഥന മധുരിപ്പിക്കുന്നതായിരുന്നു.
അവരുടെ രക്ഷിതാക്കളുടെ മുഖത്തും അത് ദൃശ്യമായിരുന്നു.
തുടര്‍ന്ന് ക്ലാസ് ലീഡര്‍ അരവിന്ദ് സ്വാഗതം പറഞ്ഞു.
ശേഷം സംസാരിച്ച പ്രിന്‍സിപ്പാള്‍ ആദ്യം പറഞ്ഞത് മികവ് മാഷിന്റെ കഴിവുകളെക്കുറീച്ചായിരുന്നു.
സ്പോഴ്‌സ് , യൂത്ത്‌ഫെസ്റ്റിവല്‍ , എക്സിബിഷന്‍ ....തുടങ്ങിയവയിലൊക്കെ മാഷിന്റെ കഴിവുമൂലം  സ്കൂളിനുണ്ടായ നേട്ടത്തെ പ്രിന്‍സിപ്പാള്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഇക്കാ‍ര്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക ചാനലിലും പത്രങ്ങളിലും വന്നകാര്യവും പ്രിന്‍സിപ്പാള്‍ ഓര്‍മ്മിപ്പിച്ചു.
അങ്ങനെയുള്ള കഴിവിന്റെ സമകാലിക ഉദാഹരണമാണ് ക്ലാസ് ലീഡറുടെ സ്വാഗത പ്രസംഗവും മറ്റ് വിദ്യാര്‍ഥിനികളുടെ പ്രാര്‍ത്ഥനയുമെന്ന് പ്രിന്‍സിപ്പാ‍ള്‍ പറഞ്ഞു.
അത് പറഞ്ഞപ്പോള്‍ കയ്യടികൊണ്ട് ക്ലാസ് ആകെ മുഖരിതമായി .
മികവ് മാഷിന് ഏറെ സന്തോഷം തോന്നി.
തുടര്‍ന്ന് മികവ് മാഷ് സംസാരിക്കാനാരംഭിച്ചു.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശം ആരംഭിച്ചു.
പത്താംക്ലാസ് ആണെന്ന ഓര്‍മ്മ കുട്ടിക്കുമാത്രമല്ല രക്ഷിതാവിനും വേണമെന്നും പബ്ലിക്ക് എക്സാമാണ് മാര്‍ച്ചിലെന്നും അതിന്റെ ഗൌരവം ഒട്ടും കുറച്ച് കാണിക്കരുതെന്നും മാഷ് പറഞ്ഞു.
ടി.വി കാണിക്കരുത് , അഞ്ചുമണിക്ക് എണീപ്പിക്കണം , അനാവശ്യമായി സ്പെഷല്‍ ക്ലാസുകള്‍ മിസ് ചെയ്യരുത് ....
തുടങ്ങിയ ഉപദേശങ്ങളുടെ തോരാമഴ തന്നെ പിന്നീടുണ്ടായി ഉണ്ടായി.
അവസാനം , മാഷ് തന്റെ പ്രസംഗം അവസാനിപ്പിച്ചു.
അതിനും അസ്സല്‍ കയ്യടി കിട്ടി.
മികവ് മാഷിന് സന്തോഷം ബഹുസന്തോഷം ...
തുടന്ന് പ്രോഗ്രസ് കാര്‍ഡ് ചര്‍ച്ച നടന്നു.
പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള പരാതി പറഞ്ഞു.
അങ്ങനെ കാര്യങ്ങള്‍ മുന്നേറീക്കൊണ്ടിരിക്കുമ്പോള്‍ ...
ഹസീനയുടെ രക്ഷിതാവ് എണീറ്റു നിന്നു പറഞ്ഞു.
“ന്റെ മോള്‍ക്ക് ഫിസിക്സിലും ഐ ടി യിലുമാണ് മാര്‍ക്ക് കുറവ് ”
“ന്റെ മോനും അതില്‍ തന്നെയാ..”
ഏറ്റവും അവസാന ബഞ്ചിലിരുന്ന മണ്‍സൂറീന്റെ ഉമ്മ പറഞ്ഞു.
അപ്പോള്‍ പിന്നെ എല്ലാവരും തങ്ങളുടെ കുട്ടിക്ക് ഏത് വിഷയത്തിലാണ് മാര്‍ക്ക് കുറവ് എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി.
തുടര്‍ന്ന് ക്ലാസില്‍ ആകെ ബഹളമായി .

“എന്താ ഇങ്ങനെ , രക്ഷിതാക്കള്‍ കുട്ടികളേക്കാളും മോശമായാലോ ”
എന്നായി പ്രിന്‍സിപ്പാള്‍

“  എല്ലാ കുട്ടികള്‍ക്കും ഫിസിക്സിലും ഐ ടി യിലുമാണ് പൊതുവെ മാര്‍ക്ക് കുറവ് ”
ക്ലാസ് ലീഡര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് അവിടെ ഒരു നിശബ്ദത പരന്നു.
“ ആരാ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ”
പ്രിന്‍സിപ്പാള്‍ കോപത്തൊടെ ചോദിച്ചു.
എല്ലാവരും മികവ് മാഷിനെ നോക്കി.
മികവ് മാ‍ഷ് ആകെ സ്തബ്ദനായി .
ഇത്തരത്തിലൊരടി മാഷ് പ്രതീക്ഷിച്ചിരുന്നില്ല.
മാഷ് എണീറ്റു നിന്ന് ഒരു കട്ടായം പറഞ്ഞു
“അത് ചോദ്യപേപ്പറിന്റെ പെശകാ . ഇപ്രാവശ്യം അത്തരത്തിലാ ചോദ്യങ്ങള്‍ വന്നത് . ഒക്കെ അപ്ലിക്കേഷന്‍ ലെവലിലാ ”
പിന്നേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും ഇടയില്‍ ബഹളം ..
പ്രിന്‍സിപ്പാള്‍ മേശപ്പുറത്ത് രണ്ടുപ്രാവശ്യം ഉറക്കെ അടിച്ച് ക്ലാസ് നിശബ്ദമാക്കി
അപ്പോള്‍ സോനുവിന്റെ രക്ഷിതാവ് എണീറ്റു നിന്നു
അവിടെ നിശബ്ദത പരന്നു
“മറ്റ് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഈ വിഷയങ്ങളില്‍  നല്ല മാര്‍ക്ക് ഉണ്ട് ”
ഇത്തരമൊരു പൂട്ട് മികവ് മാഷ് പ്രതീക്ഷിച്ചതായിരുന്നില്ല.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
ഉടനെ മാഷ് അഭിയുടെ രക്ഷിതാവിനെ നോക്കി പറഞ്ഞു
“ നിങ്ങള്‍ക്കറിയോ , ഈ ക്ലാസിലെ അഭിക്കാണ് സയന്‍സ് ഉപന്യാസ മത്സരത്തില്‍ ഫസ്റ്റ് . അതിന് ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടെന്നോ ? അങ്ങനെ ഫസ്റ്റ് കിട്ടിയപ്പോള്‍ അഭിയുടെ ഫോട്ടോ പത്രത്തില്‍ വരാന്‍ ഓടിയ പെടാപ്പാട് വേറെ.  അതിനൊക്കെ സ്വന്തം പോക്കറ്റീന്ന് കാശെടുത്തിട്ടാ കാര്യങ്ങളൊക്കെ ശരിയായത് .”
ഉടന്‍ അഭിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു.
“ നിങ്ങള്‍ ഇങ്ങനെ മാഷിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.എന്റെ മോന് ഫസ്റ്റ് കിട്ടാന്‍ കാരണം മാഷ് തന്ന്യാ . പരിപാടിക്ക് ഒരാഴ്ച മുന്‍പ് അവന്‍ സ്കൂളില്‍ വന്നാല്‍ മാഷിന്റെ അടുത്ത് തന്ന്യാ .അത്രക്ക് പരിശീലനം കിട്ടിയതുകൊണ്ടാ അവന് ഫസ്റ്റ് കിട്ട്യേ ”
അഭിയുടെ അമ്മയുടെ അഭിപ്രായപ്രകടനം മാഷിന്റെ മനസ്സില്‍ ഒരു കുളിര്‍ മഴയായി പെയ്തു.
പക്ഷെ ,....
ആ കുളിര് അധികനേരം നീണ്ടുനിന്നില്ല.........
വിവേകിന്റെ അമ്മ എണീറ്റുനിന്നു .
“അഭിക്ക് ഫസ്റ്റ് കിട്ടിയതിലൊന്നും ഞങ്ങള്‍ എതിരല്ല . പക്ഷെ , ഇങ്ങേനെ രണ്ടാഴ്ച  ഫസ്റ്റ് കിട്ടാന്‍ വേണ്ടി അഭിയെ സ്കൂളില്‍ പരിശീലിപ്പിക്കുമ്പോള്‍   മാഷ് ക്ലാസില്‍ പോയിരുന്നില്ല . മാഷിന്റെ പിരീഡ് മാഷ് പഠിപ്പിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു കുട്ടിക്കുമാത്രം വേണ്ടോളം ; മറ്റുള്ളോര്‍ക്ക് പട്ടിണി . ആ രീതി ശരിയാവില്ല .  ”
ഉടന്‍ സിമിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു
“മാഷ് ഇങ്ങേനെ ഒരു കുട്ടിക്കു മാത്രം മികവ് ഉണ്ടാക്കേണ്ട . എല്ലാ കുട്ടികളേയും പഠിപ്പിച്ചാല്‍ മതി .”
മാഷ് പൊട്ടിത്തെറിച്ചു
“ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് . ഈ വര്‍ഷത്തെ തന്നെ കാര്യമെടുക്കൂ . പ്ലാസ്റ്റിക്ക് കവറൂകള്‍ക്കെതിരെ  ഈ പഞ്ചായത്തുമുഴുവന്‍ കുട്ടികള്‍ പ്ലക്കാര്‍ഡ് പിടിച്ച് ജാഥ നടത്തിയില്ലേ . എലി പ്പനിക്കെതിരെ ബോധവല്‍ക്കരണ ജാഥ നടത്തിയില്ലേ . പാ‍ന്‍ മസാലക്കെതിരെ രണ്ടുപ്രാവശ്യമാ ജാഥ നടത്തിയത് . ഇതൊക്കെ നടത്തുവാന്‍ ഞാന്‍ എന്തൊക്കെ
കഷ്ടപ്പെട്ടു എന്ന് അറിയാമോ ? അതിന്റെ വാര്‍ത്തകള്‍ പത്രത്തിലും ചാനലിലുമൊക്കെ വന്നില്ലേ . അങ്ങേനെ നമ്മുടെ സ്കൂളിന്റെ പേര് മാലോകര്‍ അറിഞ്ഞില്ലേ  ”
“അതുശരിയാ , ഈ ബോധവല്‍ക്കരണ ജാഥയൊക്കെ നടത്തിയത് ഈ മാഷിന്റെ ഒറ്റ മിടുക്കുകൊണ്ടാ . അതും എലിപ്പനിക്കെതിരെയുള്ള ജാഥ ................ ചാനലില്‍ ഒന്നരമിനിട്ടു നേരമാ കാണിച്ചത് . ....... പത്രത്തില്‍ അതിന്റെ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നു. ” ക്ലാസിലെ രക്ഷിതാവും പഞ്ചായത്തുമെമ്പറുമായ ലീലാ ദാസ് മാഷിനെ പിന്താങ്ങി പറഞ്ഞു.
മാഷിന് അതുകേട്ടപ്പോള്‍ ആശ്വാസമായി .
ഉടന്‍ ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടിയുടെ ഉമ്മ എണീറ്റുനിന്നു.

“ഇത്തരത്തില്‍ ഈ പിള്ളേരെക്കൊണ്ട് ജാഥ നടത്തൊയിട്ട് എന്താ കാര്യം ? സര്‍ക്കാര്‍ ഇങ്ങനെ ജാഥ നടത്തണമെന്ന് പറഞ്ഞീട്ടുണ്ടോ ? അതും കൊടും വെയിലത്ത് രണ്ടര മണിക്കൂറാ കുട്ട്യോളു നടന്നത് . അതോണ്ട് ഒരു നേട്ടം ണ്ടായി . ഉച്ചവരെയുള്ള  പഠിപ്പ് പോയി. ”
“കുട്ടികളെ ഇത്തരത്തില്‍ ജാഥാ ഉപകരണങ്ങള്‍ ആക്കരുതെന്ന് ഓര്‍ഡര്‍ ഉണ്ടല്ലോ ”
“ജാഥ നടത്തിയില്ലെങ്കില്‍ പത്രത്തില്‍ ചിലരുടെയൊക്കെ പേരും പടവും വരുമോ ?”

“ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് വോട്ടാ കിട്ടുക  ട്ടോ മെമ്പറെ ”
ആരോ രക്ഷിതാവായ പഞ്ചായത്തുമെമ്പറെ കളീയാക്കി പറഞ്ഞു.
“ യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം കിട്ടിയാല്‍ ജാഥ , സ്പോഴ്സിനു സമ്മാനം കിട്ടിയാല്‍ ജാഥ , എക്സിബിഷനു സമ്മാനം കിട്ടിയാല്‍ ജാഥ ... എന്തിനായാലും ജാഥ തന്നെ . സംഗതി അരദിവസം പഠിപ്പ് ഇല്ല .കുട്ടികളെ നാം ജാഥാ തൊഴിലാളീ ആക്കാനാണൊ സ്കൂളിലേക്ക് വിടുന്നത് ?  ” അതുവരെ മിണ്ടാതിരുന്ന ബഷീറിന്റെ വാപ്പ പ്രതികരിച്ചൂ,
“പല മത്സരങ്ങളും സര്‍ക്കാര്‍ നടത്തുന്നതല്ല ; പ്രൈവറ്റ് പാര്‍ട്ടീ‍സ് നടത്തുന്ന മത്സരങ്ങളും ഉണ്ട് . അതില്‍ ജയിച്ചാല്‍ കപ്പും കിട്ടും സര്‍ട്ടിഫിക്കറ്റും കിട്ടും . രണ്ടിനും ഒരു വിലയുമില്ല .  ” സുബാഷിന്റെ അമ്മ പറഞ്ഞു
അബൂട്ടിയുടെ ഉമ്മ വിട്ടുകൊടുക്കില്ല എന്ന മട്ടില്‍ എണീറ്റുനിന്നു.
“ പ്രിന്‍സിപ്പോളെ നിങ്ങള്‍ ടീച്ചേഴ്സിന് എത്രയാ ശമ്പളം ? മാസം ഇരുപതിനായിരമെങ്കിലും  വരില്ലേ . അതായത് വര്‍ക്കിംഗ് ഡേസ് ഇരുപതാണെങ്കില്‍ ഒരു ദിവസം ഒരു മാഷിന് എത്രയാ കാശ് ? ആയിരം രൂപ . അപ്പോള്‍ പകുതി ദിവസത്തിന് 500 രൂപ . ഈ സ്കൂളില്‍ 30 ടീച്ചേഴ്സ് ഉണ്ട് . അപ്പോള്‍ 30 ഗുണം 500 സമം 15,000 രൂപയാ ഈ ബോധവല്‍ക്കരണ ജാഥ
നടത്തിയാല്‍ സര്‍ക്കാരിന് നഷ്ടം . അതിനാല്‍ പ്രിന്‍സിപ്പാളേ ഇനി ഈ പരിപാടി വേണ്ട . ”
“ഇതുപോലെ തന്നെ മാഷ് സ്പോഴ്സ് , യൂത്ത് ഫെസ്റ്റിവല്‍ ,എക്സിബിഷന്‍ , ഇന്‍സര്‍വ്വീസ് കോഴ്സ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും ക്ലാസില്‍ വരാറില്ല . എട്ടാം ക്ലാസ് മുതല്‍ ഞങ്ങള്‍ക്ക് ഇങ്ങനെത്തന്ന്യാ”
ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടി എണീറ്റു നിന്നു പറഞ്ഞു.
“അപ്പോള്‍  മാഷിന്റെ പോര്‍ഷന്‍ കഴിയാറില്ല അല്ലേ . കുട്ടികള്‍ക്ക് എട്ടുമുതല്‍ അടിത്തറയില്ലെങ്കില്‍ എങ്ങന്യാ അവര്‍ പത്തില്‍ പാസ്സാവാ‍ ”
ട്യൂഷന്‍ ടീച്ചറായ  മനീഷിന്റെ അമ്മ ചോദിച്ചു.
“ദേ അനാവശ്യം പറയരുത് അബൂട്ടിയേ . കാര്യം ഞാന്‍ നിന്നെ പലവട്ടം അടിച്ചിട്ടുണ്ട് . അത് കുറ്റം ചെയ്തോണ്ടാ . ആ പക നീ ഇങ്ങനെ പോക്കെരുത് “
മാഷ് ചുടായി പറഞ്ഞു.
ക്ലാസില്‍ നിശ്ശബ്ദത പറഞ്ഞു
“മാഷ് പോര്‍ഷന്‍ തീര്‍ക്കാറില്ല എന്ന് പറയരുത് . ക്രിസ്തുമസ് വെക്കേഷനും പിന്നെ പല ഞായറാഴ്ചകളിലും മാഷ് സ്കൂളില്‍ വന്ന് പഠിപ്പിക്കാറുണ്ട് ”
പ്രിന്‍സിപ്പാള്‍ മാഷിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.
“ഒരാഴ്ച പട്ടിണിക്കിട്ട് പിന്നെ ഒരു ദിവസം ഒരു  കുന്നു ചോറൂകൊണ്ടുവന്നുവെച്ചാല്‍ എങ്ങന്യാ . അതുപോലെയാ ഇത് . രണ്ട് ആഴ്ച വരാതിരുന്ന് പിന്നെ ഒരു ഞായറാഴ്ച സ്പെഷല്‍ ക്ലാസ് . അങ്ങനെ രണ്ട് അധ്യായം തീര്‍ക്കുന്നു . ആ രീതി ശരിയല്ല  ”
മനീഷിന്റെ അമ്മ പറഞ്ഞു.
“കുട്ടികള്‍ക്ക് പഠിക്കാനുള്ള കാര്യം പഠിപ്പിക്കാണ്ട് ഓരോ മത്സരം ഉണ്ട് എന്നു പറഞ്ഞ് കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയി ഒന്നാം സ്ഥാനം വാങ്ങിച്ചൂകൊടുത്തീട്ടോന്നും കാര്യം ഇല്ല മാഷേ . ക്ലാസില്‍ പഠിപ്പിക്കണം . അല്ലാതെ മത്സരത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടാനല്ല ഞങ്ങള്‍ സ്കൂളില്‍ വിടുന്നത് . ”
അബൂട്ടിയുടെ ഉമ്മ പറഞ്ഞു.
“മികവ് എല്ലാവര്‍ക്കും വേണം മാഷേ ” മനീഷിന്റെ അമ്മ വിളീച്ചു പറഞ്ഞു.
..............
.....................................
................
മീറ്റിംഗിന്റെ ക്രോഡീകരണത്തില്‍ പ്രിന്‍സിപ്പാള്‍ ഇത്തരത്തില്‍ പറഞ്ഞു.
“ ഇനി മുതല്‍ ക്ലാസ് സമയം നഷ്ടപ്പെടുത്തിയുള്ള ബോധവല്‍ക്കരണ - ആഹ്ലാദ  ജാഥ ഇല്ല . ഒരു കുട്ടിക്കു മാത്രം സര്‍ട്ടിഫിക്കറ്റ് നേടാന്‍ മൊത്തം കുട്ടികളുടെ ക്ലാസ് കളഞ്ഞുള്ള പരിപാടി ഇല്ല. ഒറ്റയടിക്ക് , ഒന്നിച്ച് ഒന്നൊ രണ്ടോ അദ്ധ്യായം എടുത്തു  തിര്‍ക്കുന്ന രീതി ഇല്ല . പ്രൈവറ്റ് പാര്‍ട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കല്‍ ഇല്ല . മികവ് കൃത്രിമ മാര്‍ഗ്ഗങ്ങളില്‍ക്കൂടി നേടിയെടുക്കുന്ന തരികിട പരിപാടി ഇല്ല. എന്തിനും ഏതിനും   പത്രത്തിലും ചാനലിലും ഫോട്ടോ
വരണമെന്ന ആ അത്യാഗ്രഹം ഉപേക്ഷിക്കും ;   പോരെ  ”
പ്രിന്‍സിപ്പാള്‍ ഉറക്കെ പ്രഖ്യാപിച്ചു.
കയ്യടി ഉഷാറായി നടന്നു .
അന്നേരം മികവ് മാഷ് മികവ് നഷ്ടപ്പെട്ട് സാദാ മാഷായി ഇരിക്കുകയായിരുന്നു.

വായിക്കുക : മലയാളം മീഡിയത്തില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഒരു അപേക്ഷ 

Monday 5 September 2011

68. എന്താണ് അദ്ധ്യാപകദിനം ?


ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം  മാഷ് , പൂമുഖത്തിരുന്ന്  പത്രവായനയിലായിരുന്നു.
തൊട്ടരികത്ത് ഉണ്ടായിരുന്ന  മൊബൈലില്‍  , അധ്യാപകദിനാശംസകള്‍ അടങ്ങിയ
മെസേജുകള്‍ മാഷ് ഇടക്കിടെ വന്നുകൊണ്ടിരുന്നു.
പെട്ടെന്ന് മുറ്റത്ത് ഒരു മുരടനക്കം കേട്ടു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുസൃതിക്കുട്ടന്‍ മുറ്റത്തു നിന്നു
ചിരിക്കുന്നു.
“ മാഷേ , അദ്ധ്യാപക ദിനാശംസകള്‍ ” കുസൃതിക്കുട്ടന്‍ മാഷിനെ അഭിവാദ്യം ചെയ്തു.
മാഷ് അത് സസന്തോഷം സ്വീകരിച്ച് പയ്യസിനെ പൂമുഖത്തുതന്നെയുള്ള
കസേരയിലിരുത്തി.
പിന്നെ , മാഷ് കുസൃതിക്കുട്ടനെ നോക്കി .
കുസൃതിക്കുട്ടന് എന്തോ ചോദിക്കാനുണ്ട് എന്ന് മുഖഭാവത്തില്‍ നിന്ന് മാഷിന്
മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു
“എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചു നിന്നില്ല.
“മാഷേ , എന്തുകൊണ്ടാണ് സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത്  ”
മാഷ്  കുസൃതിക്കുട്ടനെ നോക്കി .
അവന്‍ കാര്യമായിതന്നെ വന്നിരിക്കയാണെന്ന് മാഷിനു മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു തുടങ്ങി
“1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നത് . അതിപ്രശസ്തനായ
ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടുമായ ഡോക്ടര്‍ എസ് .
രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അദ്ധ്യാപക ദിനമായി
തിരഞ്ഞെടുത്തത് ”
“ആരാണ് ഇത് തിരഞ്ഞെടുത്തത് ? ശ്രീ രാധാകൃഷ്ണന്‍ തന്നെയാണോ? ”
“അതിനെപ്പറ്റി ഇങ്ങനെ ഒരു കഥയുണ്ട് . ശരിയാണോ എന്നറിഞ്ഞുകൂടാ . എന്നാലും
പറയുന്നു. ശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം
ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഈ വിവരം  അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍
സെപ്തംബര്‍ അഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായല്ല മറിച്ച് അദ്ധ്യാപക ദിനമായി
ആചരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞുവെത്രെ!
അതിനെതുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി സെപ്തംബര്‍ അഞ്ച് ദേശീയ അദ്ധ്യാപക
ദിനമായി ആചരിച്ചു വരുന്നു”
“ഈ അദ്ധ്യാപകദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് മാഷേ ”
“അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ
കഴിവിന്റെ പരമാവധി , വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ
ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം .”
"മറ്റ് രാജ്യങ്ങളിലും സെപ്തംബര്‍ അഞ്ച് തന്നെയാണൊ അദ്ധ്യാപകദിനമായി
അചരിക്കുന്നത് ?"
“ പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത് ”
“ചില ഉദാഹരണം പറയാമോ ?”
“ഭൂട്ടാനില്‍ അദ്ധ്യാപകദിനം മെയ് 2 ന് ആണ് ആഘോഷിക്കുന്നത് “
“അതെന്താ ?”
“അവിടെ ആധുനിക വിദ്യാഭ്യാസം കൊണ്ടുവന്ന ഭൂട്ടാ‍ന്‍ രാ‍ജാവായ ജിഗ്‌മി
ഡോര്‍ജിയുടെ( Jigme Dorji Wangchuck) ജന്മദിനമാണ് അധ്യാപകദിനത്തിനായി
തിരഞ്ഞെടുത്തത് ”
“പാക്കിസ്ഥാനിലോ ? ”
മാഷിന് അതിലെ കൂരമ്പ് മനസ്സിലായെങ്കിലും അത് കാര്യമാക്കാതെ പറഞ്ഞു.
“ഒക്ടോബര്‍ അഞ്ച് ”
“ചൈനയില്‍ ?
“സെപ്തംബര്‍ 10 ന് ”
“പോളണ്ടിലോ ” കുസൃതിക്കുട്ടന്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശത്തിലെ
ശ്രീനിവാസനെ അനുകരിച്ച് ചോദിച്ചു
“ഒക്ടോബര്‍ 14 ന് ” മാഷ് അത് കാ‍ര്യമാക്കാതെ മറുപടി പറഞ്ഞു.
“ശ്രീലങ്കയിലോ മാഷേ ?”
“ഒക്ടൊബര്‍ 6 ന് “
“അതൊക്കെ പോകട്ടെ , ലോകത്തില്‍ പൊതുവായി അദ്ധ്യാപകദിനം
ആഘോഷിക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടോ ? ”

“ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത് ഒക്ടോബര്‍ 6 ന് ആണ്.”
“അത് എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയത്  ? ”
“1994 മുതലാണ്  ”
“ഏകദേശം എത്ര രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ലോക അദ്ധ്യാപകദിനമായി
ആഘോഷിക്കുന്നുണ്ട്  ”
“ഏകദേശം നൂറോളം രാജ്യങ്ങള്‍ വരുമെന്നാണ് കണക്ക് ”
“ലോക അദ്ധ്യാപക ദിനമായി ഒക്ടോബര്‍ 6 ആയി തിരഞ്ഞെടുത്തതിന് പ്രത്യേക
കാരണമുണ്ടോ”
“ഉണ്ട് . 1966 ഒക്ടോബര്‍ 6 ന്  യുനസ്കോയുടെ ഒരു പ്രത്യേക മീറ്റിംഗ്  ‘അദ്ധ്യാപകരുടെ
സ്റ്റാറ്റസിനെ സംബധിച്ച നിര്‍ദ്ദേശങ്ങള്‍ ’ അംഗീകരിച്ചു. ഇതില്‍ അദ്ധ്യാപകരുടെ
ഉത്തരവാദിത്തത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നുണ്ട് . അതാണ് ആ
ദിനത്തിന്റെ പ്രത്യേകത.”
“മാഷേ ചില സ്കൂളുകളില്‍ ജൂലൈയില്‍ ഒരു ദിവസം അദ്ധ്യാപകദിനമായി
ആചരിക്കുന്നുണ്ടല്ലോ ?”
“അതെ , അത് ഗുരുപൂര്‍ണ്ണിമയാണ് ”
“അത് ഏതാണ് ആ ദിവസം ?”
“അത് ആഷാഢമാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് . ഈ വര്‍ഷം
ഗുരുപൂര്‍ണ്ണിമയായി വന്നത് ജൂലൈ 15 ന് ആണ്. ”
“അതെന്താ അന്നേ ദിവസം ആഘോഷിക്കുവാന്‍ കാരണം ? ”
“പരമ്പരാഗതമായി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അന്നേദിവസം തങ്ങളുടേ ഗുരുക്കന്മാരെ
പൂജിക്കാനും വന്ദിക്കാനും ഉപയോഗിക്കുന്നു.  ”
“ബുദ്ധിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഈ ദിനം ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമായി
തെരഞ്ഞെടുത്തത് ? ”
“ബോധോദയത്തിനു ശേഷം , ശ്രീ ബുദ്ധന്‍ ബോധഗയയില്‍ നിന്ന് അഞ്ച് ആഴ്ചകള്‍ക്ക്
കഴിഞ്ഞ് സാരനാഥില്‍ എത്തി. ബോധോദയം ലഭിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ബോധോദയം
അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പഠിപ്പിക്കുക എളുപ്പമായിരിക്കുമെന്ന്
ബുദ്ധനു തോന്നി. അതിനാല്‍ അദ്ദേഹം ആ അഞ്ചുപേരെ കാണുകയും
ബോധോദയ-സത്യം ധരിപ്പിക്കുകയും ചെയ്തു. അവര്‍ ഈ പ്രപഞ്ച സത്യം
മനസ്സിലാകുകയും അവരും ബോധോദയത്തിനുടമകളാവുകയും ചെയ്തു. ഇതാണ് ബുദ്ധന്‍
സ്ഥാപിച്ച ആദ്യത്തെ സംഘം . ഈ അഞ്ചു ബുദ്ധസന്യാസിമാര്‍ക്ക് ബുദ്ധന്‍ ഉപദേശിച്ച
തത്ത്വങ്ങളാണ് പിന്നീട്  ധമ്മകാക്കപ്പാവാട്ടാന സുത്ത  (Dhammacakkappavattana
 Sutta) എന്ന പേരില്‍ അറിയപ്പെട്ടത് . ഇത് നടന്നത് ആഷാഢമാസത്തിലെ
പൌര്‍ണ്ണമി ദിനത്തിലായിരുന്നു.”
“എന്നാല്‍ ഹിന്ദുക്കളോ ?”

“ ഈ ദിവസമാണ് മഹാഭാരതം എഴുതിയ കൃഷ്ണ ദ്വൈപായനവ്യാസന്‍ ,
പരാശരമഹര്‍ഷിയുടേയും മുക്കുവസ്ത്രീയുടെ മകളായ സത്യവതിയുടേയും മകനായി
ജനിച്ചത് . അതിനാല്‍ തന്നെ ഈ ദിവസത്തെ വ്യാസ പൂര്‍ണ്ണിമയായി
ആഘോഷിക്കുന്നു. വേദവ്യാസനാണ് എല്ലാ വേദസൂത്രങ്ങളെ സമാഹരിക്കുകയും
ഉപയോഗത്തിനനുസരിച്ച് അവയെ നാലാക്കി തിരിക്കുകയും ചെയ്തത്
വ്യാസമഹര്‍ഷിയെ ഗുരുക്കന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത് . ഗുരു വെന്നു
വെച്ചാല്‍ ജിവിതത്തില്‍ നിന്ന് അന്ധകാരം അകറ്റുന്ന വ്യക്തി എന്നാണ്  അര്‍ഥമാക്കുന്നത്  . ഗുരുദേവോ ഭവ എന്ന വാക്യം ഈ അവസരത്തില്‍ സ്മരണീയമാണ് ”
കുസൃതിക്കുട്ടന്‍ ഗൌരവത്തിലിരുന്നു
മാഷ് തുടര്‍ന്നു
“നേപ്പാളില്‍ ആഷാഢമാസത്തിലെ പൌര്‍ണ്ണമിദിനം തന്നെയാണ്
ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് . അവിടെ ഈ ദിവസത്തെ ആഷാഢ ശുക്ല
പൂര്‍ണ്ണിമ എന്നും പറയാറുണ്ട് .അന്നേദിവസം പുഷ്പങ്ങളും പഴങ്ങളുമൊക്കെ
അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ അര്‍പ്പിക്കുന്നു. ”
“അപ്പോള്‍ ഇന്ത്യയില്‍ വളരെ മുന്‍പേ തന്നെ അദ്ധ്യാപക ദിനം
ആഘോഷിച്ചിരുന്നുവെന്ന് പറയാമോ ? ”
“അങ്ങനെ ചോദിച്ചാല്‍ ഉണ്ട് എന്നു പറയാം ” മാഷ് തലയാട്ടിക്കൊണ്ടുപറഞ്ഞു.
“അപ്പോള്‍ പിന്നെ എന്തിനാണ് പുതിയ ഒരു അദ്ധ്യാ‍പക ദിനം എടുത്തത് ,  മാഷേ ?”
“ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അത് മതേതര ഇന്ത്യയാണ് . അതുകൊണ്ടാണ്
പുതിയ ഒന്ന് കണ്ടെത്തേണ്ടിവന്നത് .”
“മാഷമ്മാര്‍ക്ക് ദിനമുണ്ട് ; പക്ഷെ വിദ്യാര്‍ത്ഥികള്‍ക്കോ ? അവര്‍ക്ക്
ആഘോഷിക്കുവാന്‍ ദിനമുണ്ടോ ?”
കുസൃതിക്കുട്ടന്‍ പരിഭവത്തൊടെ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ശിശുദിനത്തെക്കുറിച്ച് മറന്നോ  ” മാഷ് ചോദിച്ചു.
“ഓ ശിശുദിനം........”     കുസൃതിക്കുട്ടന്‍ എന്തോ ആലോചിച്ചവണ്ണം നിറുത്തി
പെട്ടെന്ന് മാഷിന്റെ ഭാര്യ പൂമുഖത്തേക്കുവന്നു .അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍
ഗുമസ്ഥപ്പണിയാണ് .
“നിങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സ് ഡേ യാ . അതായത്
ജോലിക്കും പോകേണ്ട പഠിക്കാനും പോകേണ്ട . പക്ഷെ , എന്റെ കാര്യം
അങ്ങനെയല്ല.”
“എന്തു പറ്റി ?” കുസൃതിക്കുട്ടന്‍ ചോദിച്ചു
“ഞങ്ങള്‍ ഗുമസ്ഥന്മാര്‍ക്ക് എന്ത് ഡേ യാ ഉള്ളത് ആഘോഷിക്കാന്‍ ? പത്തുതൊട്ട്
അഞ്ചുമണിവരെ എഴുത്തു പണി . ഞായറാഴ്ച മാത്രം അവധി. എന്നാല്‍ ഈ
മാഷന്മാര്‍ക്കോ ? എല്ലാ ശനിയാഴ്ചയും മുടക്ക് . ഓണം അവധി , ക്രിസ്തുമസ് അവധി,
പെരുന്നാ ള്‍ അവധി , സമ്മര്‍ വെക്കേഷന് രണ്ടുമാസം അവധി .... മഴ കൂട്ടിപ്പിടിച്ചാല്‍ അവധി .... ഇങ്ങനെ പോകുന്നു  അവധി പരമ്പര ....”
“സറണ്ടര്‍ ലീവ് ഞങ്ങള്‍ക്ക് ഇല്ലേ “ മാഷ് പരിഹസിച്ചു കൊണ്ടു പറഞ്ഞു
“ഗുമസ്തന്മാര്‍ക്ക് ആഘോഷിക്കാന്‍ ഡേ ഇല്ലേ മാഷേ ”
മാഷ് തലയാട്ടി .
അത് ഉണ്ടെന്നോ , ഇല്ലെന്നോ എടുക്കാം എന്ന അര്‍ഥത്തില്‍........
ഉടന്‍ കുസൃതി ക്കുട്ടന്‍ പറഞ്ഞു .
“അതിനെന്താ ഇത്ര വിഷമിക്കാന്‍ മാഡം  . പോയി ഒരു ടീച്ചറുടെ ജോലിക്ക് അപേക്ഷ
കൊടുക്ക് . ടെസ്റ്റ് എഴുത് . ജോലി നേട് .അല്ലാതെ അദ്ധ്യാപക സുഖത്തെക്കുറിച്ച്
അസൂയപ്പെടുകയല്ല വേണ്ടത് .”
പിന്നെ അവിടെ മാഷിന്റെ ഭാര്യ ചര്‍ച്ചക്കായി നിന്നില്ല.
അടുത്ത ദിവസം വിദ്യാര്‍ത്ഥി ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മാഷ് പറഞ്ഞു.
കുസൃതിക്കുട്ടന്‍ പോകാം നേരം പറഞ്ഞു
“മാഷിന്റെ ഭാര്യ പറഞ്ഞത് നേരാ . ”
ഒന്നു നിറുത്തി ഒരു കുസൃതിച്ചിരിയോടെ അവന്‍ തുടര്‍ന്നു.
“മാഷേ , എനിക്കും ഒരു മാഷാകണം ! ”
“ഉന്നത വിദ്യാഭ്യാസ രംഗത്തു നോക്കിക്കോ ” മാഷ് ചിരിച്ചു കൊണ്ട്  മറുപടി പറഞ്ഞു.
അവന്‍ സമ്മതമാണെന്ന മട്ടില്‍ തലയാട്ടി നടന്നു പോയി
വാല്‍ക്കഷണം :
1.നിങ്ങളെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ ആരാണ് ?
2.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ ആരൊക്കെ ?
3. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് ?
4.നിങ്ങളുടേ അദ്ധ്യാപകര്‍ പറഞ്ഞു തന്ന ഏതെങ്കിലും ഒരു കാര്യം  ഓര്‍മ്മയില്‍ വരുന്നുണ്ടോ ?
5.അത് നിങ്ങള്‍ നിങ്ങളുടേ  കുടുംബാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ ?
6.നിങ്ങളുടെ ഏതെങ്കിലും അദ്ധ്യാപകരുമായി ഇപ്പോഴും ബന്ധമുണ്ടോ ?
7.നിങ്ങള്‍ പഠിച്ച ഏതെങ്കിലും ഒരു വിദ്യാലയമായി ഇപ്പോഴും ബന്ധമുണ്ടോ ?
8.ഒന്നാംക്ലാസിലെ നിങ്ങളുടേ ക്ലാസ് ലീഡര്‍ ആരായിരുന്നു?
9.പ്രൈമറി ക്ലാസുകളിലെ ഏതെങ്കിലുമൊരു പദ്യത്തിലെ നാലുവരി ചോല്ലാമോ ?
10.ആദ്യമായി ക്ലാസ് ഫോട്ടോ എടുത്തത് ഏത് ക്ലാസില്‍ വെച്ചാണ് ?
11.അത് നിങ്ങളുടേ കൈവശം ഇപ്പോഴും ഉണ്ടോ ?
12. ഇനിയും ഇങ്ങനെയുള്ള എത്രയോ ചോദ്യങ്ങള്‍ ? അവ നിങ്ങള്‍ക്ക് നിങ്ങളുടേതായി ഉണ്ടാക്കാവുന്നതേയുള്ളൂ  . ഒരു അഞ്ചുമിനിട്ട് അതിനുവേണ്ടി നീക്കിവെച്ചുകൂടെ ?

Saturday 3 September 2011

67.എന്താണ് WikiLeaks ?



സാമൂഹ്യം മാഷ് ക്ലാസിലെത്തി .
 പത്താം ക്ലാസിലെ ഒന്നാമത്തെ പിരീഡാണ് .
ആദ്യം പ്രസന്റ് എടുത്തു.
 തുടര്‍ന്ന് പാഠഭാഗത്തിലേക്കു പ്രവേശിക്കും മുമ്പത്തെ സീറോ അവര്‍ .
 മാഷിന്റെ സീറോ അവര്‍ ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാണ് .
 കാരണം പ്രസ്തുത ദിവസത്തെ സംബന്ധിച്ച കാര്യങ്ങളായിരിക്കും ചര്‍ച്ചക്ക് വരിക.
ചിലപ്പോള്‍ , പത്രവാര്‍ത്തകളോ , അല്ലെങ്കില്‍ സംശയങ്ങളൊ ഒക്കെ ഈ സീറോ അവറില്‍ വന്നെന്നിരിക്കും . അഞ്ചുമിനിട്ടാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത് .
അതിനാല്‍ അന്നും പതിവുപോലെ മാഷ് ക്ലാസില്‍ ചോദിച്ചു
“ ഇന്നത്തെ സീറോ അവറില്‍ എന്തെങ്കിലും കാ‍ര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുണ്ടോ ”
ആരും ഒന്നും മിണ്ടിയില്ല
“ഇല്ലെങ്കില്‍ നമുക്ക് പാഠഭാഗത്തിലേക്ക് കടക്കാം ” മാഷ് പറഞ്ഞു.
അപ്പോള്‍ രണ്ടാമത്തെ ബഞ്ചിലിരുന്ന ഹസീന എണീറ്റു നിന്നു ചോദിച്ചു
“മാഷേ ഒരു സംശയം ഉണ്ട് ? ”
പറഞ്ഞാട്ടേ എന്ന മട്ടില്‍ മാഷ് തലയാട്ടി .
ഹസീന ഉശിരോടെ പറഞ്ഞു
“എന്താ മാഷേ വിക്കീലീക്ക്സ് ? ”
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല
ക്ലാസില്‍ മൌനം
വിക്കീലീക്ക്സില്‍ വന്ന വാര്‍ത്തകളെക്കുറിച്ച്  മാഷും പത്രത്തില്‍ വായിച്ചിരുന്നു
പക്ഷെ , വാര്‍ത്ത നല്‍കിയ ആവേശത്തില്‍ ഇത്തരമൊരു ‘സാധനം ’ എന്താണെന്ന് മാഷ് അന്വേഷിച്ചിരുന്നില്ല.
പക്ഷെ , ക്ലാസിലെ കുട്ടി ചോദിച്ചപ്പോഴാണ് സംഗതി എന്താണെന്ന് അന്വേഷിക്കണമെന്ന് മാഷിനും തോന്നിയത്
പെട്ടെന്ന് മൌനം ഭഞ്‌ജിച്ചുകൊണ്ട് മുന്‍ബെഞ്ചിലിരുന്ന സോനു എണീറ്റു നിന്നു ചോദിച്ചു
“ മാഷേ , ഇതിന് വിക്കിപ്പീഡിയയുമായി വല്ല ബന്ധവുമുണ്ടോ ? . പേരു കേട്ടാല്‍ അങ്ങനെ ഒരു ബന്ധം തോന്നും ?”
അപ്പോള്‍ മാഷിനും തോന്നി അങ്ങനെയുള്ള ഒരു സംശയം .
ഒടുവില്‍ മാഷ് പറഞ്ഞു
“ഞാനൊന്ന് ഇന്റര്‍നെറ്റില്‍ തപ്പട്ടെ . അടുത്ത ദിവസം കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞുതരാം . നിങ്ങളും ഇതിനെ സംബന്ധിച്ച് വിവരശേഖരണം നടത്തൂ. അടുത്ത ദിവസം അതും അവതരിപ്പിക്കാം  ”
തുടര്‍ന്ന് ‘സീറോ അവര്‍ ’ അവസാനിപ്പിച്ച്   മാഷ്  പാഠഭാഗത്തിലേക്ക് പ്രവേശിച്ചു
വാല്‍ക്കഷണം :1
1.എന്താണ് വിക്കിലീക്ക്സ് ?
ഇത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്.പ്രധാനപ്പെട്ട
വാര്‍ത്തകളും വിവരങ്ങളും  പൊതുജനങ്ങള്‍ക്ക്  എത്തിക്കുക എന്നതാണ് ഇതിന്റെ
ലക്ഷ്യം . പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയോടൊപ്പം യഥാര്‍ത്ഥ രേഖകളും വിക്കിലീക്ക്സ്
പ്രസിദ്ധികരിക്കുന്നു. തന്മൂലംവഴി വായനക്കാരെ സത്യസന്ധമായ വാര്‍ത്തയാണെന്ന്
ബോധ്യപ്പെടുത്തുന്നു. ഈ സംരംഭത്തിന്റെ പ്രവര്‍ത്തകര്‍ ലോകമെമ്പാടുമുണ്ട്.


2.വിക്കിലീക്ക്സിന്റെ പ്രവര്‍ത്തനം എങ്ങനെ ?
പൊതുജനങ്ങളുടെ മുന്നിലേക്ക് സത്യം വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്
പരമമായ ലക്ഷ്യം . അതുകൊണ്ടുതന്നെ പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹമില്ലാത്ത
സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.  ഇത്തരത്തില്‍
വിവരങ്ങള്‍ തരുന്ന സ്രോതസ്സുകളെക്കുറിച്ച് രഹസമാക്കിവെക്കുകയും ചെയ്യുന്നു.
വാര്‍ത്തകളുടെ അവതരണരീതി വിക്കിപ്പീഡിയയോട് സമാനമാണ്. എന്നുവെച്ച്
വിക്കിപ്പീഡിയയുമായി ഇതിന് ബന്ധമൊന്നുമില്ല. ഈ സംരംഭത്തെ സംരക്ഷിക്കാനായി
അടിസ്ഥാനതത്ത്വങ്ങളുമായി യോജിച്ച് പോകുന്ന കുറേ വക്കീലന്മാരും ഉണ്ട്.


3.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി എന്താണ് നേട്ടം ?
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി കാര്യങ്ങള്‍ സുതാര്യമാവുകയാണ് ചെയ്യുന്നത് .
അതായത് അഴിമതി ഇല്ലാതാവുന്നു. ഇത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്
സഹായിക്കുന്നു. സര്‍ക്കാരിലും സംഘടനകളിലും സ്ഥാപനങ്ങളിലും
ജനാധിപത്യപ്രക്രിയക്ക് ശക്തിയേറുന്നു. ഒരു രാജ്യത്തെ സത്യസന്ധമാക്കി
നിര്‍ത്തുന്നതില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ക്കുമാത്രമല്ല പ്രസ്തുത രാജ്യത്തെ
നിരീക്ഷിക്കുന്ന മറ്റുരാജ്യങ്ങളിലെ  ജനങ്ങള്‍ക്കും പങ്കുണ്ടെന്ന് ഈ പ്രസ്ഥാനം
വിശ്വസിക്കുന്നു.

4.ഇത്തരത്തില്‍ ലഭിക്കുന്ന അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങളെല്ലാം
സത്യകാണമെന്നുണ്ടോ ? അല്ലെങ്കില്‍ രേഖകള്‍ കെട്ടിച്ചമച്ചതായിക്കൂടെ?
 ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ പ്രസിദ്ധികരിക്കുകയല്ല ഇവിടെ ചെയ്യുന്നത് .
ശരിയായ അന്വേഷണത്തിലൂടെ , ഒട്ടനവധിപേരില്‍ നിന്ന് ദത്തശേഖരണം നടത്തി
വിവരങ്ങള്‍ ആധികാരികവും സമഗ്രവുമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ്
പ്രസിദ്ധീകരിക്കുന്നത് . ഇതിനു വേണ്ടിയാണ് വാര്‍ത്ത ശരിയാണെന്ന്
ബോധ്യപ്പെടുത്തുന്ന യഥാര്‍ത്ഥരേഖകള്‍ പ്രസിദ്ധീകരിക്കുന്നത് .

5. ആരാണ് ഇതിന്റെ നടത്തിപ്പുകാര്‍ ?
  . വാര്‍ത്തകള്‍ സുതാര്യവും സത്യസന്ധവുമാണെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം
ആളുകളാണ് ഇതിന്റെ പിന്നിലുള്ളത് . അതായത് പത്രപ്രവര്‍ത്തകള്‍ മാത്രമല്ല മറ്റ് പല
മേഖലകളില്‍ പെടുന്ന വ്യക്തികള്‍ ഉണ്ടെന്ന് അര്‍ത്ഥം . ഒരു രാജ്യത്തില്‍ നിന്നുള്ള
പ്രവര്‍ത്തകരല്ല ലോകമെമ്പാടുനിന്നുള്ള പ്രവര്‍ത്തകരുണ്ടെന്ന് അര്‍ത്ഥം.

6. വിക്കിലീക്ക്സിന് എന്തെങ്കിലും അവാ‍ര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ ?
 താഴെ പറയുന്ന വയാണ് വിക്കിലീക്ക്സിനു ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍
*  2008 Economist Index on Censorship Freedom of Expression award
 *  2009 Amnesty International human rights reporting award (New Media)

അനുബന്ധം :
1.വിക്കിലീക്ക്‌സ് വെബ്‌സൈറ്റും ജൂലിയന്‍ അസാന്‍ജും ഹോളിവുഡിലേക്ക്
2.വിക്കിലീക്ക്‌സിന് ബദല്‍ വരുന്നു- 'ഓപ്പണ്‍ലീക്ക്‌സ്'


66.മാഷും സമ്പൂര്‍ണ്ണയും വാഹന നമ്പറും




മാഷിന് പത്താം ക്ലാസിലെ ക്ലാസ് ചാര്‍ജ്ജുണ്ട്.
അതുകൊണ്ടുതന്നെ നടപ്പ് വാരം മാഷ് വളരേ തിരിക്കിലായിരുന്നു.
എ ലിസ്റ്റ് തയ്യാറാക്കേണ്ട പണിയുടെ വിവരശേഖരണം  ഏകദേശം

മുഴുവനായിക്കഴിഞ്ഞപ്പോഴാണ് സമ്പൂര്‍ണ്ണയുടെ വിവരശേഖരണം വന്നത് .
ഒരു തരത്തില്‍ പറഞ്ഞാല്‍ പണി കൂടിയെങ്കിലും സമ്പൂര്‍ണ്ണയുടെ കാര്യത്തില്‍

ഇതുകൊണ്ട്  എളുപ്പമായെന്ന് മാഷിനു തോന്നി.
മാഷ് കുട്ടികളോട് സമ്പൂര്‍ണ്ണയെക്കുറിച്ച് പറഞ്ഞു .
സമ്പൂര്‍ണ്ണ പ്രാബല്യത്തിലായാല്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ ലഭിക്കുമെന്നും അതില്‍
നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും പറഞ്ഞു.
തന്മൂലം ഭാവിയില്‍ പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് , വോട്ടര്‍ ഐ ഡി , പാന്‍
നമ്പര്‍ എന്നിവക്കൊക്കെ അപേക്ഷിക്കുമ്പോള്‍ അത് സുഗമമാവുമെന്നും മാഷ് പറഞ്ഞു.
തുടര്‍ന്ന് മാഷ് യൂണിക് ഐ ഡി നമ്പറിനെക്കുറിച്ചും ആധാറിനെക്കുറിച്ചും പറഞ്ഞു.
അമ്മയുടെ പേര് , പിതാവിന്റെ / രക്ഷിതാവിന്റെ പേര് , വിലാസം , ഫോണ്‍ നമ്പര്‍,
പഞ്ചായത്ത് ,ബ്ലോക്ക് -ജില്ലാ തലങ്ങള്‍ , ജനനതിയ്യതി , ജനനസ്ഥലം ,
തിരിച്ചറിയുവാനുള്ള രണ്ട് അടയാളങ്ങള്‍ , മുന്‍പ് പഠിച്ച സ്ക്കൂള്‍ , ബ്ലഡ് ഗ്രൂപ്പ് , വാര്‍ഷിക
വരുമാനം , ടി സി നമ്പര്‍ ...........എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ അതിനു വേണ്ടി
ശേഖരിക്കുവാനുണ്ടായിരുന്നു.
കുട്ടികള്‍ മുഴുവനായോ ഭാഗീകമായോ ഡേറ്റ കൊണ്ടുവന്നിരുന്നു.


അങ്ങനെ ഒരു ദിവസം .............
സമ്പൂര്‍ണ്ണക്കായി വിവരശേഖരണം നടത്തുന്ന സമയത്ത്............
മുന്‍ ബെഞ്ചിലെ മണ്‍സൂര്‍ എണീറ്റുനിന്നു.
ഈ തിരക്കുപിടിച്ച സമയത്ത് എന്തിനാണാവോ ഈ കുട്ടി എണീറ്റുനിന്നത് എന്ന മട്ടില്‍

മാഷ് മണ്‍സൂറിനെ നോക്കി.
മാഷ് പറഞ്ഞു
“ഇപ്പോള്‍ അതും മിതും ചോദിച്ച് നീ എന്റെ സമയം കളയണ്ട . ഇത് സമ്പൂര്‍ണ്ണക്കായുള്ള
സമയമാണ് ”
“അതിനെക്കുറിച്ചുള്ള കാര്യത്തിനാ ഞാന്‍ എണീറ്റേ ” മണ്‍സൂര്‍ മറുപടി പറഞ്ഞു.
“എന്നാ പറയ് ” മാഷ് അസ്വസ്തതയോടെ പറഞ്ഞു.
“സമ്പൂര്‍ണ്ണ നടപ്പിലായാല്‍ ഓരോ കുട്ടിക്കും ഓരോ നമ്പറാ‍ണല്ലോ മാഷേ ?”
“അതെ , അതിനിപ്പോ എന്താ ” മാഷ് നീരസം ഉള്ളിലൊതുക്കി കടുപ്പിച്ച് പറഞ്ഞു.
“ഒന്നും ഉണ്ടായിട്ടല്ല , വീട്ടീന്ന് ചോദിക്കാന്‍ പറഞ്ഞ കാര്യമാ . സമ്പൂര്‍ണ്ണയില്‍ എനിക്ക്
നല്ല നമ്പര്‍ കിട്ടുവാന്‍ എത്ര കാശാ വേണ്ടത് ?”
മാഷ് മനസ്സിലാവാത്ത പോലെ ഇരുന്നു .
അത് കണ്ടാവണം ക്ലാസും അങ്ങനെത്തന്നെ ഇരുന്നത് .
അത് മനസ്സിലാക്കിയാവണം മണ്‍സൂര്‍ വിശദീകരണത്തിനു മുതിര്‍ന്നു.
“വാഹനത്തിന് നല്ല നമ്പര്‍ കിട്ടുവാനൊക്കെ പണം മുടക്കാറില്ലേ , അതുമല്ലെങ്കില്‍
വേണ്ട മൊബൈലില്‍ നമ്പര്‍ നല്ലത് കിട്ടുവാന്‍ നാം ഇന്‍ഫ്ലുവന്‍സ് ചെലുത്താറില്ലേ .
അതുപോലെ ഇതിനും.............” മണ്‍സൂര്‍ മുഴുവനാക്കിയില്ല.
ഇല്ല , അതിനു സാധിച്ചില്ല
കാരണം ക്ലാസില്‍ പൊട്ടിച്ചിരിമുഴങ്ങി.
മാഷും അറിയാതെ ചിരിച്ചുപോയി
ഈ പൊട്ടിച്ചിരി തന്നെ കളിയാക്കുന്നതായാണ് മണ്‍സൂറിനു തോന്നിയത്
അവന്‍ വീണ്ടും എണീറ്റു  നിന്നു പറഞ്ഞു
“ ഇതിപ്പോ അത്ര ചിരിക്കാനൊന്നുമുള്ള കാര്യല്ല . എന്റെ ചേട്ടന്റെ എസ് എസ് എല്‍ സി
പരീക്ഷയുടെ നമ്പറില്‍ ഒരു അക്കം മൂന്നു തവണ ആവര്‍ത്തിച്ചു വന്നിരുന്നു. അത് ഭാഗ്യ
നമ്പറാ . എന്തായാലും ഇക്കക്ക് എല്ലാത്തിലും എ പ്ലസ് ഉണ്ട് .”
ക്ലാസ് നിശ്ശബ്ദമായി .
അപ്പോഴേക്കും പിരീഡ് അവസാനിപ്പിക്കുന്നതിനുള്ള ബെല്‍ അടിച്ചതിനാല്‍ മാഷ് ക്ലാസ്
മുറിയില്‍ നിന്നുപോയി.
...............
.................
...............
ഉച്ച ഭക്ഷണ സമയത്തെ ഇന്റര്‍വെല്‍ .........
മാഷ് മണ്‍സൂറും ഇഷ്ടനമ്പറും സമ്പൂര്‍ണ്ണയുടേയും കഥ സ്റ്റാഫ് റൂമില്‍ പറഞ്ഞു.
അപ്പോഴാ‍ണ് അവിടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത് .
“എങ്കിലും മണ്‍സൂര്‍ പറഞ്ഞ സാധ്യതയെ അപ്പടി തള്ളിക്കളയാന്‍ പറ്റില്ല. ” മലയാളം
മാഷ് പറഞ്ഞു.
“അതെ , സമ്പൂര്‍ണ്ണയില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ പോലെ

സീരിയല്‍ ക്രമത്തിലായിരിക്കും ഓരോ നമ്പര്‍ വരിക.” സാമൂഹ്യം മാഷ് പറഞ്ഞു.
“പക്ഷെ , യൂണിക് ഐ ഡി നമ്പര്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ ?
അതിനെവിടെയാ സീരിയല്‍ ക്രമം ? വരുന്ന മുറക്കാവില്ലെ നമ്പര്‍ കൊടുക്കുക ?”
ഡ്രോയിംഗ് മാഷ് ചോദിച്ചു.
“അതു ശരിയാണല്ലോ . അതുവരെ മിണ്ടാതിരുന്ന കണക്കുമാഷ് പ്രതികരിച്ചു.”

“എന്റെ വീട്ടിലെ ഫോണ്‍ നമ്പറില്‍ മൂന്ന് എന്ന അക്കം മൂന്നു പ്രാവശ്യം വരുന്നുണ്ട്  ”
ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“അതെങ്ങനെ കിട്ടി ” ഡ്രോയിംഗ് മാഷ് ചോദിച്ചു
ഇംഗ്ലീഷ് മാഷ് അതിനു മറുപടിയായി ഒരു പച്ചച്ചിരി ചിരിച്ചൂ
അവിടെ ഒരു നിശ്ശബ്ദത പരന്നു.
മൌനം ഭഞ്‌ജിച്ചുകൊണ്ട് കണക്കുമാഷ് പറഞ്ഞു
“  അപ്പോള്‍ ആധാറിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ എന്താ ചെയ്യാ ? ”
വീണ്ടും മൌനം ....
“മാഷ് ഒരു കാര്യം ചെയ്യ് , മണ്‍സൂറിനോട് ചോദിക്ക് . അപ്പോ ഉത്തരം കിട്ടും ”
സാമൂഹ്യം മാഷ് പറഞ്ഞു.
പെട്ടെന്ന് ക്ലാസ് കൂടുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ‘ഫാന്‍സി നമ്പര്‍ ’ ചര്‍ച്ച്
അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു

Tuesday 26 July 2011

65.ഫിസിക്സ് മാഷും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും


മാഷ് സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള വിദ്യുച്ഛക്തി ബോര്‍ഡും
വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ‘നാളേക്കിത്തിരി ഊര്‍ജ്ജം ’ എന്ന പദ്ധതിയുടെ ഭാഗമായി
ആയിരുന്നു അത് . 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് 1 വരെ ആണ് പ്രവര്‍ത്തന കാലം .
മാഷ് , കാലത്തു തന്നെ ക്ലബ്ബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഓരോ ക്ലാസിലും കയറിയിറങ്ങി താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു.
അമ്പതുകുട്ടികള്‍ തികഞ്ഞപ്പോള്‍ , മാഷ് സംഘാടനം അവസാ‍നിപ്പിച്ചു.
അവരോടൊക്കെ ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് ക്ലബ്ബ് അംഗങ്ങളുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന്
അറിയിച്ചു.
അങ്ങനെ ഉച്ചസമയത്തെ ഇന്റര്‍വെല്‍ ആഗതമായി .
മാഷ് മീറ്റിംഗ് അറേഞ്ച് ചെയ്ത റൂമില്‍ എത്തി .
പ്രസ്തുത മുറിയെ മള്‍ട്ടിമീഡിയ റൂം എന്നാണ് സ്കൂളില്‍ വിളിക്കാറ്.
കാരണം അതില്‍ കമ്പ്യൂട്ടര്‍ , എല്‍ സി ഡി പ്രൊജെക്ടര്‍ , സ്ക്രീന്‍  എന്നിവ ഉണ്ട്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മീറ്റിംഗ് നടക്കുമ്പോള്‍ സ്ലൈഡ് ഷോ കാണിക്കാറുമുണ്ട്.
അത് കുട്ടികള്‍ക്ക് ഇഷ്ടമാണ് താനും .
മാഷ് മീറ്റിംഗ് തുടങ്ങി .
ഇത്തരത്തിലൊരു പരിപാടി തുടങ്ങുന്നതിന്റെ കാരണം കുട്ടികളെ ധരിപ്പിച്ചു .
കുട്ടികള്‍ക്ക് നല്‍കുവാന്‍ പോകുന്ന ഡയറിയെക്കൂറിച്ച് പറഞ്ഞു.
അതില്‍ ഒരോ ദിവസത്തേയും മീറ്റര്‍ റീഡിംഗ് , വാട്ട് ഔവര്‍ മീറ്റര്‍ നോക്കി
എഴുതേണ്ടതെങ്ങനെയെന്നും പറഞ്ഞു.
മാത്രമല്ല , ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കുവാനുപയോഗിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ എഴുതേണ്ട സ്ഥലവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
വാട്ട് ഔവര്‍ മീറ്റര്‍ ഡിസ്ക് ടൈപ്പും ഇം‌പള്‍സ് ടൈപ്പും ഉണ്ടെന്നു പറഞ്ഞു.
കുട്ടികള്‍ പല സംശയങ്ങളും ചോദിച്ചു ?
നമ്മുടെ നാട്ടില്‍ ഏത് പവര്‍ഹൌസില്‍ നിന്നാണ് വൈദ്യുതി എത്തുന്നത് ?
ഫാന്‍ സാവധാനത്തില്‍ കറങ്ങിയാല്‍ വൈദ്യുതി ലാഭിക്കാമോ ?
ടി വി യുടെ ശബ്ദം കൂട്ടിയാല്‍ കൂടുതല്‍ പവര്‍ ചെലവാകുമോ ?
വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമോ ?
ഒരു ബള്‍ബ് പ്രകാശിക്കുവാന്‍ രണ്ട് വയര്‍ വേണം  . അതായത് ന്യൂട്രലും ഫേസും . ബള്‍ബ്
പ്രകാശിക്കുമ്പോള്‍ ന്യൂട്രലില്‍ കറന്റ് ഉണ്ടാകുമോ ?
എന്നിവയായിരുന്നു ചോദ്യങ്ങളില്‍ പ്രമുഖര്‍ .
മാഷ് അവക്കൊക്കെ ഉത്തരം പറഞ്ഞു
അങ്ങനെ അവസാനം ഡയറി പുരിപ്പിക്കേണ്ട ഘട്ടം വ്യക്തമാക്കി .
എല്‍ സി ഡി ഉപയോഗിച്ച് പല ചിത്രങ്ങളും കാണിച്ചു .
വൈദ്യുതിയുടെ ദുരുപയോഗം വിശദീകരിച്ചു.
ഇത്തരത്തില്‍ ദുരുപയോഗം കുറക്കുകയാണെങ്കില്‍ ........
ഒരോ വീട്ടിലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുകയാണെങ്കില്‍ .....
സി എഫ് എല്‍ ഉപയോഗിക്കുകയാണെങ്കില്‍ ......
അനാവശ്യമായി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കയാണെങ്കില്‍
നമ്മുടെ സംസ്ഥാനത്ത് എത്രമാത്രം വൈദ്യുതി ലാഭിക്കാമെന്ന് ഓര്‍ത്തുനോക്കൂ
മാഷ് ഇത്രയും പറഞ്ഞ്  നിറുത്തി.
പിന്നേയും മാഷ് വൈദ്യുതി ലാഭിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
അപ്പോള്‍ ഏറ്റവും പിന്നിലെ നിരയില്‍  , പെണ്‍ പിള്ളേരുടെ ഭാഗത്ത് ഒരു കുശുകുശുപ്പ് .....
മാഷ് തറപ്പിച്ചു നോക്കി .
“എന്താ കാര്യം” മാഷ് ചോദിച്ചു.
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു
“ മാഷേ , ഈ മുറിയില്‍ നമ്മള്‍ എത്ര പേരുണ്ട് ? മാഷടക്കം 51  പേര്‍ അല്ലേ . ഈ മുറിയില്‍ നാല്
ഫാന്‍ കറങ്ങുന്നുണ്ട് , മാത്രമല്ല ആറ് ട്യൂബ് ലൈറ്റുകള്‍ കത്തുന്നുണ്ട് . ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെ
മീറ്റിംഗ് തന്നെ ഇങ്ങനെയായാല്‍ ..................“
ക്ലാസിലാകെ കൂട്ടച്ചിരി.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
“ഇത് ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതുപോലെയാണ് .” പിന്നില്‍ നിന്ന് ഏതോ ഒരു
വിരുതന്‍ വിളിച്ചു പറഞ്ഞു.
വീണ്ടും കൂട്ടച്ചിരിയുടെ തൃശൂര്‍ പൂരം .
 മാഷിന് മറുപടി പറയാന്‍ പറ്റുന്നില്ല.
ഭാഗ്യത്തിന് ക്ലാസ് കൂടുവാനുള്ള ബൈല്‍ അടിച്ചതിനാല്‍ മാഷിന് മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
വാല്‍ക്കഷണം :
1.വൈദ്യുത ഫാന്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണം . എന്നാല്‍ ഇലക് ട്രോണിക്
റഗുലേറ്റര്‍ ഉള്ള ഫാനില്‍ ഇത് അത്ര കാര്യമല്ല.
2.ടി വി ഉച്ചത്തില്‍ വെക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ചെലവാകുമെങ്കിലും അതിന്റെ അളവ് വളരെ
കുറവാണ് .
3. വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമെന്ന് സമവാക്യത്തില്‍ പറയാമെങ്കിലും ( P=VI)
സാധാരണയായി വോള്‍ട്ടേജ് കുറയുമ്പൊള്‍ പവര്‍ കുറയുകയാണ് ചെയ്യുന്നത് .
4. ബള്‍ബ് പ്രകാശിക്കുമ്പോള്‍ ഫേസിലും ന്യൂട്രലിലും ഒരേ അളവിലാണ് വൈദ്യുത പ്രവാഹ തീവ്രത (
കറന്റ് )
5.ഇന്ത്യയെ അഞ്ച് പവര്‍ റീജിയണ്‍ ആയി തരം തിരിച്ചിരിക്കുന്നു. ആന്ധ്ര ഉല്‍പ്പെടുന്ന റീജിയണിലാണ്
 കേരളം ഉള്ളത് . ഇതിലെ ജനറേറ്ററുകളെയെല്ലാം പാരലല്‍ ആയി ( സമാന്തരമായി )
ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി ഇന്ന പവര്‍ ഹൌസില്‍
നിന്നാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.
6.കറന്റ് ബില്ലിലെ കണക്ട് ലോഡ് എത്രയെന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് നന്ന്
ആശയസഹായം :
JEEJI FRANCIS - ENERGY MANAGEMENT CELL