Tuesday, 5 October 2010

4. കൊതുകിനെ അകറ്റാന്‍ ഒരു ഭൌതികശാസ്ത്രമാര്‍ഗ്ഗം ( ഫലിതം)



കുസൃതിക്കുട്ടന്‍ അവധിക്കാലത്തിന്റെ ആലസ്യത്തിലായിരുന്നു. സ്കൂള്‍ തുറക്കുവാന്‍ രണ്ടുമൂന്നാഴ്ച ഇനിയും കിടക്കുന്നു. വീട്ടില്‍ അസ്വസ്ഥതയുടെ ചെയിന്‍ റിയാക്ഷന്‍ ഉണ്ടാക്കുക എന്നത് കുസൃതിക്കുട്ടന്റെ ഹോബി ആയിരുന്നു.
സംഭവദിവസം , കുസൃതിക്കുട്ടന്‍ ടി .വി യിലെ ഉച്ചസമയത്തെ സിനിമ കണ്ടുകൊണ്ടിരിക്കയായിരുന്നു.
സ്കൂള്‍ പാഠങ്ങള്‍ റിവിഷന്‍ ചെയ്യുന്നതുപോലെയാണ് പലപ്പോഴും ഒരേ സിനിമയുടെ ആവര്‍ത്തിച്ചുള്ള കാണല്‍ എന്ന് കുസൃതിക്കുട്ടന് തോന്നാതിരുന്നില്ല.
അതുകൊണ്ടുതന്നെ കുസൃതിക്കുട്ടന് ഇപ്പോള്‍ ടി.വി സിനിമ കാ‍ണുവാനുള്ള ആക്കം വളരേ കുറവാ‍ണുതാനും.
എങ്കിലും വേറെ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ ഇത്തരത്തില്‍ സമയം പോക്കുകതന്നെ എന്ന് തീരുമാനിക്കുകയായിരുന്നു.
സിനിമ തുടങ്ങി അരമണിക്കൂര്‍ ആയിക്കാണും .
അപ്പോഴാണ് മുറിയില്‍ കോളിംഗ് ബെല്‍  മുഴങ്ങിയത് .
കുസൃതിക്കുട്ടന്‍ നീരസത്തോടെ എണീറ്റ് വാതില്‍ തുറന്ന് പുറത്തുവന്നു.
പുറത്ത് ഒരു അപരിചിതന്‍ !
അയാള്‍ മോഡേണ്‍ ആയി വസ്ത്രം ധരിച്ചീട്ടുണ്ട്.
തോളില്‍ വലിയ ഒരു ബാഗും ഉണ്ട്.
“ഗുഡ് ആഫ്‌റ്റര്‍ നൂണ്‍ സര്‍ ”
കുസൃതിക്കുട്ടന് വിശ്വസിക്കാനായില്ല.
തന്നെയാണോ ഈ പത്തുമുപ്പതുവയസ്സുള്ള ചേട്ടന്‍ ‘സാറെ‘ ഈഎന്ന് വിളിക്കുന്നത്.
ആ വിളി നല്‍കിയ സുഖത്തില്‍ കുസൃതിക്കുട്ടന്‍ ഒരു നിമിഷം സ്തംഭിച്ചു പോയി.
ഉടന്‍ തന്നെ അപരിചിതന്‍ തന്റെ പ്രസംഗം ആരംഭിച്ചു.
“സര്‍, ഞാന്‍  ‘---‘ കമ്പനിയുടെ ഒരു പ്രൊഡക്ഷന്‍ എക്‍സിക്യൂട്ടിവ് ആണ് .ഞങ്ങളുടെ കമ്പനിയുടെ ചില ഉല്പന്നങ്ങള്‍ തെരഞ്ഞെടുത്ത വീടുകളില്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുക എന്നതാണ് എന്റെ ജോലി.ഇത്തരത്തില്‍ ഡേമോണ്‍സ്‌ട്രേഷന്‍ നടത്തുവാന്‍ ഞങ്ങളുടെ കമ്പനി ഈ ഗ്രാമത്തില്‍ തെരഞ്ഞെടുത്തത് സാറിന്റെ വീടാണെന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ”.
എന്നും പറഞ്ഞ് അയാള്‍ ബാഗില്‍ നിന്ന് ഒരു ചെറിയ കാര്‍ബോര്‍ഡുകൊണ്ടു നിര്‍മ്മിച്ച പെട്ടി പുറത്തെടുത്തു.
കുസൃതിക്കുട്ടന്‍ ‘സാര്‍’ , ‘ താങ്കള്‍ ‘ എന്നീ സംബോധനകള്‍ നല്‍കിയ കുളിര്‍മ്മയും മാധുര്യവും ആ നട്ടുച്ചക്ക് നല്ലവണ്ണം ആസ്വദിച്ചു.
“അയ്യോ , ഇവിടൊന്നും വേണ്ട .” - കുസൃതിക്കുട്ടന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ പിന്നില്‍ നിന്ന് അമ്മ ഉറക്കെ വിളിച്ചു പറയുകയാണ്. മാത്രമല്ല , അമ്മ അപരിചിതനെ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും മുഖഭാവം വ്യക്തമാക്കി.
“ നമസ്കാരം , മാഡം”- അപരിചിതന്‍ പുഞ്ചിരിച്ചുകൊണ്ട് ഇരുകൈകളും കൂപ്പി അമ്മയെ തൊഴുതു.
അപരിചിതന്റെ വിനയപൂര്‍വ്വമായ പെരുമാറ്റവും ‘മാഡം’ വിളിയും അമ്മയെയും സുഖിപ്പിച്ചതായി മുഖഭാവം കൊണ്ട് കുസൃതിക്കുട്ടന് മനസ്സിലായി.
അപരിചിതന്‍ തുടര്‍ന്നു.
“ ഇത് വില്‍ക്കുവാനല്ല. നിങ്ങളുടെ മുന്നില്‍ ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം വിശദീ‍കരിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം .”
തുടര്‍ന്ന് അപരിചിതന്‍ കവര്‍ തുറന്ന് ഉപകരണം പുറത്തെടുത്തു.
“ഇത് വീ‍ട്ടില്‍ നിന്ന് കൊതുകുകളെ ഓടിക്കാനുള്ള ഉപകരണമാണ് .കറന്റിലാണ് പ്രവര്‍ത്തിക്കുന്നത് . കൊതുകുതിരി മുറിയില്‍  കത്തിച്ചുവെച്ചാല്‍ വായു മലിനീകരിക്കപ്പെടും .ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും .രോഗം വരാന്‍ സാധ്യതയുണ്ട് .എന്നാല്‍ ഇതിന് അതില്ല.”

“അപ്പോള്‍ , പിന്നെ എങ്ങന്യാ ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത് ? ” കുസൃതിക്കുട്ടന്‍ ജിജ്ഞാസുവായി .
അപരിചിതന്‍ കണ്ഠശുദ്ധിവരുത്തിയശേഷം തുടര്‍ന്നു.
“ഇത് കറന്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില പ്രത്യേകതരം ശബ്ദം ഉണ്ടാക്കുന്നു. ആ ശബ്ദം എട്ടുകാലി ,കൊതുക് , പാറ്റ , പല്ലി .........മുതലായ ജീവികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നു.അതിനാല്‍ അവ അവിടം വിട്ട് ഓടി ഒളിക്കുന്നു”.
“ ഏത് തരത്തിലുള്ള ശബ്ദമാണ് ഈ ഉപകരണം പുറപ്പെടുവിക്കുന്നത് ? “
കുസൃതിക്കുട്ടന്റെ ജിജ്ഞാസ ഉച്ചാവസ്ഥയിലായി.
“ ഇന്‍ഫ്രാ സോണിക് , അള്‍ട്രാ സോണിക് എന്നീ ശബ്ദങ്ങളെ ക്കുറിച്ച് സാറിനറിയാമോ എന്ന് എനിക്ക് അറിഞ്ഞുകൂടാ എങ്കിലൂം ഞാന്‍ ഒന്നു വിശദമാക്കാം .”
പറഞ്ഞു മുഴുമിക്കും മുന്‍പേ കുസൃതിക്കുട്ടന്‍ മറുപടിയെന്നോണം പറഞ്ഞു.
‘എനിക്ക് അറിയാം ഞാന്‍ പഠിച്ചീ‍ട്ടുണ്ട്  .  20Hz നേക്കാള്‍ കുറവ് ആവൃത്തിയുള്ള ശബ്ദമാണ് ഇന്‍ഫ്രാസോണിക് . 20,000Hz നേക്കാള്‍ കുറവ് ആവൃത്തിയുള്ള ശബ്ദമാണ് അള്‍ട്രാസോണിക് . 20Hz നും  20,000Hz  നും ഇടയില്‍ ആവൃത്തിയുള്ള ശബ്ദത്തെമാത്രമേ മനുഷ്യന് കേള്‍ക്കുവാന്‍ സാധിക്കുകയുള്ളു; ഈ പരിധിയെയാണ് ശ്രവണപരിധി എന്ന് പറയുന്നത് “
മകന്റെ വിജ്ഞാന പ്രസരണത്തില്‍ അമ്മയുടെ മുഖം പ്രസന്നമായി .
അപരിചിതന്‍ ചോദിച്ചു , “അള്‍ട്രാസോണിക് സൌണ്ടിന്റെ പ്രത്യേകതകള്‍ അറിയാമോ ?”
കുസൃതിക്കുട്ടന്‍ തുടര്‍ന്നു.
“ വവ്വാല്‍ രാത്രിയില്‍ സഞ്ചരിക്കുന്നത് അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് . അള്‍ട്രാസോണിക് ശബ്ദത്തെ നായ്‌ക്കള്‍ക്ക് കേള്‍ക്കുവാന്‍ കഴിയും .”
“ അമ്മയുടെ മകന്‍ മിടുമിടുക്കന്‍ തന്നെ “ - അപരിചിതന്‍ കുസൃതിക്കുട്ടനെ അഭിനന്ദിച്ചു.
ആ വീടിന്റെ പൂമുഖത്ത് സന്തോഷത്തിന്റെ സുനാമി ദൃശ്യമായി !!
അപരിചിതന്‍ തുടര്‍ന്നു.
“ ഈ വീട്ടില്‍ ഒരാഴ്ചയോളം രണ്ട് മണിക്കൂര്‍ വീതം ദിവസേനെ ഈ ഉപകരണം സ്വിച്ച് ഓണ്‍ ചെയ്തു വെച്ചാല്‍ മതി . പിന്നെ കൊതുക് , എട്ടുകാലി , പാറ്റ , പല്ലി .......എന്നിവ ഒന്നും ഉണ്ടാകില്ല . കാരണം അള്‍ട്രാസോണിക് തരംഗങ്ങള്‍ അവക്ക് അലര്‍ജിയാണ്. “
“ ശരിയാണോ ? “ എന്ന മുഖഭാവത്തോടെ അമ്മ കുസൃതിക്കുട്ടനെ നോക്കി.
കുസൃതിക്കുട്ടന്‍ അപരിചിതന്റെ പ്രസ്താവനകളെ അംഗീകരിക്കുന്ന മട്ടില്‍ തലയാട്ടി.
പൊടുന്നനെ അമ്മ സംശയം പ്രകടിപ്പിക്കുന്ന മട്ടില്‍ പറഞ്ഞു.
“ ഇതുപോലെ ഒരെണ്ണം ‘--‘ ന്റെ വീട്ടില്‍ വാങ്ങിയിരുന്നു . സംഗതി ഒക്കെ ശരിതന്ന്യാ.  ഓണ്‍ ചെയ്തു വെച്ചാല്‍ റൂമില്‍ നിന്ന് ഇവയൊക്കെ പോകും . പക്ഷെ , അവ മറ്റ് റൂമുകളില്‍ കടന്നുകയറും . “
അമ്മയുടെ പ്രസ്താവന അംഗീകരിച്ച മട്ടില്‍ അപരിചിതന്‍ പറഞ്ഞു.
“ മാഡം പറഞ്ഞതു ശരിയാണ് . പക്ഷെ ഈ പ്രോഡക്ട് അങ്ങനെയുള്ളതല്ല . മുമ്പത്തെ ന്യൂനതകളെ പരിഹരിച്ചതാണ് .  അതായത് ഈ ഉപകരണത്തിന്റെ കപ്പാസിറ്റി 2000 സ്ക്വയര്‍ ഫീറ്റ് ആണ്. അതുകൊണ്ട് വീട്ടില്‍ നിന്നുതന്നെ ഇവ പുറത്തുപോകും .“
ഏതാനും നിമിഷനേരത്തേക്ക് അവിടെ നിശ്ശബ്ദത പ്രകടമായി .
അപരിചിതന്‍ തുടര്‍ന്നു.
“ നാട്ടിലെ പ്രശസ്തിയും തറവാടിത്തവുമുള്ളവരുടെ വീടുകളില്‍ മാത്രമാണ് ഞങ്ങളുടെ കമ്പനി ഈ ഉപകരണത്തിന്റെ ഡമോണ്‍സ്‌ട്രേഷന്‍ കാണിക്കുവാനായി തെരഞ്ഞെടുക്കുക . അതുകൊണ്ടുതന്നെയാണ് തറവാടിത്തമുള്ള ഈ വീ‍ട്ടില്‍ ഞാന്‍ വരാന്‍ ഇടയായത് “
ഒന്നു നിറുത്തി  അമ്മയുടേയും മകന്റേയും മുഖഭാവം നിരീക്ഷിച്ചശേഷം അപരിചിതന്‍ തുടര്‍ന്നു.
“ ഈ ഉപകരണത്തിന്റെ മാര്‍ക്കറ്റ് വില 250 രൂപയാണ് . പക്ഷെ , തറവാടിത്തമുള്ളവരുടെ വീട്ടില്‍ - നാട്ടിലെ പ്രമാണിമാരുടെ വീട്ടില്‍ - ഈ ഉപകരണം ഒരു പബ്ലിസിറ്റിയെന്ന നിലക്ക്  100 രൂപക്ക് നല്‍കുവാന്‍ കമ്പനിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ട് .”
കുസൃതിക്കുട്ടനും അമ്മയും വല്ലാത്ത അവസ്ഥയിലായി .
ഉപകരണം വേണ്ട എന്നു പറഞാല്‍ ..........
150 രൂപ നഷ്ടം സംഭവിക്കും ???
അതുമാത്രമാണോ ............
ഇത്രയും നേരം ലഭിച്ച വി.ഐ . പി പരിഗണന നഷ്ടപ്പെടും .........
അയാള്‍ വേണമെങ്കില്‍ കാര്‍ക്കിച്ച് തുപ്പും
അതിനാ‍ല്‍ .................
തറവാ‍ടിത്തം പോകേണ്ടെങ്കില്‍ ...............
മാന്യത കളയേണ്ടെങ്കില്‍ ..................
നാട്ടിലെ പ്രമാണിത്തം നിലനിര്‍ത്തണമെങ്കില്‍ ...........
കൊതുക് , പല്ലി , എട്ടുകാലി ... എന്നിവയെ ഓടിക്കണമെങ്കില്‍ .......
ഇത് വാങ്ങിയേ മതിയാവൂ‍.
..................................
...............................
****  ****  ******  ******  ******  ******   *******   ******   *******   *******

അവസാനം കുസൃതിക്കുട്ടന്‍ പറഞ്ഞു
“ നമുക്ക് ഇത് വാങ്ങാം അമ്മേ “
അങ്ങനെ കുസൃതിക്കുട്ടന്‍ പണംകൊടുത്ത് ഉപകരണം വാങ്ങുകയും അപരിചിതന്‍ നന്ദി പറഞ്ഞ് പോകുകയും ചെയ്തു.

*****   *** ** ****** ****   *** ******   **** *****    ****    *****  **** ****  **

അപരിചിതന്‍ പോയതിനുശേഷം കുസൃതിക്കുട്ടന്‍ ഉപകരണം കറന്റില്‍ വെച്ച് പ്രവര്‍ത്തിപ്പിച്ചു.
അപ്പോള്‍ ആ ഉപകരണത്തില്‍ നിന്ന് പ്രത്യേകതരത്തില്‍  - കാത് തുളക്കുന്ന - ശബ്ദം വരുന്നത് കുസൃതിക്കുട്ടന് അനുഭവപ്പെട്ടു.

അതിന് ‘ ചീവീടിന്റെ ‘ ശബ്ദത്തിനോട് സാമ്യമുണ്ടായിരുന്നു.

*  *    *          * * * * * *

ഒരു അലര്‍ച്ച കേട്ടാണ് കുസൃതിക്കുട്ടന്റെ അമ്മ അടുക്കളയില്‍ നിന്ന് സ്വീകരണമുറിയിലേക്ക് ഓടിക്കിതച്ച് എത്തിയത് .
കുസൃതിക്കുട്ടന്‍ സ്വീകരണമുറിയില്‍ നിന്ന് തുള്ളിച്ചാടുന്നതാണ് അമ്മ കണ്ടത് .
“എന്തുപറ്റി ?” അമ്മ അമ്പരപ്പോടെ ചോദിച്ചു.
“യുറേക്കാ , യുറേക്കാ ; ഞാന്‍ കണ്ടുപിടിച്ചു , ഞാന്‍ കണ്ടുപിടിച്ചു .“
കുസൃതിക്കുട്ടന്‍ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കനെ വിളിച്ചു പറഞ്ഞു.
“ നീ കാര്യം പറ” അമ്മയുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല.
“ നോക്കൂ അമ്മേ , ഈ ഉപകരണത്തിന്റെ ശബ്ദം കേട്ടോ . അള്‍ട്രാസോണിക് ശബ്ദമാണ് ഇത് പുറപ്പെടുവിക്കുന്നത് . ഈ ഉപകരണം പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ഒരുഭാഗം മാത്രമേ നമുക്ക് കേള്‍ക്കുവാന്‍ കഴിയുന്നുള്ളൂ. മറ്റേ ഭാ‍ഗം അള്‍ട്രാസോണിക് ആയതിനാല്‍ കഴിയുന്നില്ല. ഈ അള്‍ട്രാസോണിക് ശബ്ദമാണ് കൊതുക് , പല്ലി , എട്ടുകാലി ...............തുടങ്ങിയവയെ അകറ്റുന്നത് .  ഈ ശബ്ദത്തിന് ചീവീടിന്റെ ശബ്ദത്തിനോട് സാമ്യമുണ്ട് .  ചീവീടുകള്‍ക്ക് അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട് . അതുകൊണ്ട് നാം ഇനി വീട്ടില്‍ ചീവീടിനെ വളര്‍ത്തിയാല്‍ മതി . അവ ശബ്ദമുണ്ടാക്കിയാല്‍ ഈവക ജീവികളൊക്കെ വീട്ടില്‍ നിന്ന് പുറത്തുപോകും  . “
എങ്ങനെയുണ്ട് എന്റെ കണ്ടുപിടുത്തം എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ നെഞ്ചും വിരിച്ച് നിന്നു.
വാല്‍ക്കഷണം 
1.അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്ന ജീവികളേവ ?
2. ഇന്‍ഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്ന ജീവികളേവ ?
3.

No comments:

Post a Comment