Wednesday, 6 October 2010

25. പെരുകുന്ന ആത്മഹത്യകള്‍ ; വരളുന്ന മനുഷ്യത്വം!!

കേരളത്തില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോഗസംസ്കാരം,സാമ്പത്തിക പ്രശ്നങ്ങള്‍ , പരാജയത്തെ നേരിടാനുള്ള കഴിവില്ലായ്മ ...തുടങ്ങിയ കാരണങ്ങളാണ് വിദഗ്‌ധര്‍ നിരത്തുന്നത് .
എന്നാല്‍ ,ഈ അവസരത്തില്‍ നാം മറ്റൊരു വസ്തുത വിലയിരുത്തേണ്ടതുണ്ട് .മൃഗങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ല ! ആത്മഹത്യ ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യന്‍ തന്നെയാണ് . പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകലുമ്പോഴുണ്ടാകുന്ന അസ്വഭാവിക സവിശേഷതകളിലൊന്നായി ആത്മഹത്യയെ കണക്കാക്കാം .ജീവിത പ്രശ്നങ്ങളെ ജയമെന്നും പരാജയമെന്നും വേര്‍തിരിക്കാനുള്ള വ്യഗ്രത മനുഷ്യനെ വികാരവിവശനാക്കിത്തീര്‍ക്കുന്നു.വിജയത്തില്‍ അതിയായി ആഹ്ലാദിക്കുന്നതും പരാജയത്തില്‍ വിഭ്രാന്തി പ്രകടിപ്പിക്കുന്നതും ഒരേ നാണയത്തിന്റെ തന്നെ രണ്ടുവശങ്ങള്‍ മാത്രമെന്നോര്‍ക്കുക. വിജയത്തേയും പരാജയത്തേയും സമചിത്തതയോടെ നേരിടാനുള്ള കഴിവ് ഓരോ വ്യക്തിയും വളര്‍ത്തിയെടുക്കേണ്ടതാണ്. വിജയത്തിന്റെ ഉന്മാദലഹരി മസ്തിഷ്കത്തെ ബാധിക്കുമ്പോള്‍ നേരിടേണ്ടിവന്നിട്ടുള്ള പരാജയത്തെക്കുറിച്ച് ഓര്‍ക്കുക.

പ്രസ്തുത വിജയംതന്നെ അസ്ഥിരമാണെന്ന തിരിച്ചറിവ് വിജയത്തിന്റെ ഉന്മാദലഹരിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെത്തന്നെ പരാജയത്തില്‍ ദുഃഖിച്ച് നിഷ്‌ക്രിയനായിരിക്കാതെ പ്രസ്തുത അവസ്ഥയെ നേരിടെണ്ടതെങ്ങനെയെന്ന് ചിന്തിക്കുക .പരാജയകാരണങ്ങളെ കണ്ടെത്തുകയും ഭാവിയില്‍ അവ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം . ഈ അവസരത്തില്‍ വികാരത്തിന്റെ മാര്‍ഗ്ഗമല്ല മറിച്ച് വിവേകത്തിന്റെ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത് .

No comments:

Post a Comment