ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ മാഷ് രോഷാകുലനായിരുന്നു.
പത്തുമുപ്പതുകൊല്ലം സര്‍വ്വീസുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് ഇന്നലെ വന്നവര്‍ വെലവെക്കുന്നില്ല പോലും....
ഹേഡ്‌മാസ്റ്ററാണെങ്കിലോ ഈ ചെറുപ്പക്കാരായ അദ്ധ്യാപകരുടെ കൂടെയും .
ഇവറ്റകള്‍ക്കാണെങ്കിലോ എന്തു താന്‍ പറഞ്ഞാലും കളിയും ചിരിയും ...
കാര്യമേത് , കളിയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വക..
അപ്പോഴേക്കും ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസ് കൂടാനുള്ള മണി അടിച്ചിരുന്നു.
കുട്ടികളെല്ലാവരും ക്ലാസില്‍ കയറി .
മാഷിന് ആറാം ക്ലാസ് ബി യില്‍ സാമൂഹ്യം ആയിരുന്നു ക്ലാസ് .
മാഷ് ക്ലാസിലെത്തി..
മാഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...
മീറ്റിംഗ് കഴിഞ്ഞീട്ട് കഷ്ടിച്ച് അഞ്ചുമിനിട്ടേ ആകുന്നുള്ളൂ..
അതുകൊണ്ടുതന്നെ മാഷിന്റെ ഉള്ളം പുകയുകയാണ് ..
കുട്ടികള്‍ ‘നമസ്തെ ‘ പറഞ്ഞു.
മാഷ് തിരിച്ച് അഭിവാദ്യം ചെയ്യാന്‍ മിനക്കെടാതെ ‘സിറ്റ് ഡൌണ്‍ ‘ പറഞ്ഞു.
മാഷ് കുട്ടികളെ നോക്കി .
അവര്‍ താല്പര്യമില്ലാത്തെ മട്ടിലിരിക്കുന്നു.
ഇതുകണ്ട മാഷിന്റെ കോപം ആളിക്കത്തി.
ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല ....
മാഷ് സാമൂഹ്യത്തിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു.
ചോദ്യങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു..
.............എന്ത് ?
ആരും ഉത്തരം പറയുന്നില്ല എന്നോ..
ഇവറ്റകളോക്കെ എന്തിനാ ക്ലാസില്‍ വരുന്നേ ..
മാഷിന്റെ കോപം ഇരട്ടിച്ചു.
മേശപ്പുറത്ത് ചൂരല്‍ ഇരിക്കുന്നത് മാഷ് കണ്ടു.
നല്ല മിനുസമുള്ള - വണ്ണത്തിലുള്ള - ചൂരല്‍
മാഷ് അതിനെ കയ്യിലെടുത്തു.
ഓരോരുത്തര്‍ക്കായി നന്നാലേശെ കൊടുത്തു.
മാഷിന് മീറ്റിംഗ് കഴിഞ്ഞപ്പോഴത്തെ ‘ അസ്വസ്ഥത’ ഒന്നു മാറിക്കിട്ടിയതായി തോന്നി.
കുട്ടികള്‍ പേടിച്ചരണ്ട് എണീറ്റുനില്‍ക്കുന്നു.
പലരുടെയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്
ക്ലാസിലെ മിടുക്കരായ പിള്ളേര്‍ പോലും പഠിക്കാതെ വന്നിരിക്കുന്നു.
അതാണ് മാഷിനെ ചൊടിപ്പിച്ച മറ്റൊരു കാര്യം
ഇനി , അടി മാത്രം മതിയോ...
ഓ , ശരിയാണല്ലോ..
ഒരു ഇമ്പോസിഷന്‍ കൂടി ആയിക്കോട്ടെ..
പത്തോ , അമ്പതോ വേണ്ട...
ശരി , അമ്പതുതന്നെ ആയിക്കോട്ടെ
“നാളെ വരുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അമ്പതു പ്രാവശ്യം എല്ലാവരും എഴുതിക്കൊണ്ടുവരിക” മാഷ് കുട്ടികള്‍ എല്ലാവരും കേള്‍ക്കാന്‍ പറഞ്ഞു.
അപ്പോള്‍ നടുവിലെ - ആണ്‍പിള്ളേരുടെ ബഞ്ചില്‍-- ഒരു പിറുപിറുക്കല്‍.......
എന്തടാ അവിടെ ...” മാഷ് അലറി.
“ ഇതിന്റെ ഉത്തരം ഞങ്ങള്‍ക്ക് അറിയില്ല മാഷേ , ഇത് മാഷ് പഠിപ്പിക്കാത്ത പാഠമാ”
പിന്‍ബെഞ്ചില്‍ നിന്ന് ഏതോ ഒരു കുസൃതിക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
“ എന്ത് ? ഞാന്‍ പഠിപ്പിച്ചില്ലെന്നോ ?” മാഷ് വീണ്ടും രോഷാകുലനായി
മാഷ് ക്ലാസില്‍ എല്ലാവരേയും നോക്കി.
പിന്നെ, ക്ലാസിലെ മിടുക്കിയായ മിനിയോടായി ചോദ്യം
“ ഈ പാഠം ഞാന്‍ ക്ലാസിലെടുത്തില്ലേ”
മിനി പരുങ്ങി നിന്നു.
തന്റെ അച്ഛനെ പഠിപ്പിച്ചീട്ടുള്ള മാഷാണ്...
എങ്കിലും.........
സത്യം പറഞ്ഞില്ലെങ്കില്‍... ക്ലാസുവിട്ടാല്‍ ... പിള്ളേരുടെ വകകിട്ടും ..
സത്യം പറഞ്ഞാല്‍ ... മാഷ് .... എന്തുവേണമെങ്കിലും ....ചെയ്യും ?
മാഷിന്റെ മേശയില്‍ ഇപ്പോഴും ചൂര്‍ല്‍ ഇരിപ്പുണ്ട്..
മിനിയുടെ വായില്‍നിന്ന് ശബ്ദം പുറത്തേക്കുവരുന്നില്ല
“ പറയാനാ പറഞ്ഞേ “ മാഷ് വീണ്ടും അലറി
“ ഈ പാഠം പഠിപ്പിച്ചിട്ടില്ല മാഷേ “ , പെട്ടെന്ന് മിനി പേടിച്ചുവിറച്ചുകൊണ്ടു പറഞ്ഞു.
മാഷ് ഇടിവെട്ടേറ്റപോലെയായി!!
പെട്ടെന്ന് മാഷിനോര്‍മ്മവന്നു
പിള്ളേര്‍ പറഞ്ഞത് ശരിയാ
‘ആറ് എ’ ക്ലാസിലാണ് താന്‍ ഈ പാഠം എടുത്തീട്ടുള്ളത് ; ഈ ക്ലാസില്‍ എടുത്തീട്ടില്ല .
ആ നശിച്ച മീറ്റിംഗ് വരുത്തിവെച്ച വിന
എല്ലാ കുട്ടികളുടേയും കണ്ണ് തന്റെ മുഖത്തേക്കാണ് .
തല്‍ക്കാലം ഒരാശ്വാസത്തിന് മാഷ് “സിറ്റ് ഡൌണ്‍ “ പറഞ്ഞു.
ഇനി എന്താ ചെയ്യാ ?
ഇതെങ്ങാനും‘ മറ്റവവന്മാര്‍‘ അറിഞ്ഞാല്‍ ..
ഹെഡ്‌മാഷും അവരുടെ കൂടെയല്ലേ ..
അപ്പോള്‍ ഇതിനെ ചൊല്ലി വീണ്ടും ഒരു ടീച്ചേഴ്‌സ് മീറ്റിംഗ് വിളിക്കും.
അവിടെവെച്ച് തന്നെ ഇട്ട് എല്ലാവരും -വറക്കും - പൊരിക്കും .
ഈശ്വരാ..
എന്താ ചെയ്യാ..
ഇനി, അതല്ല പി.ടി.എ എങ്ങാനും അറിഞ്ഞാല്‍ ...
അദ്ധ്യാപക രക്ഷാകര്‍തൃസംഘടനക്കൊക്കെ ഇപ്പോ വല്ല്യ നെലെം വെലെം അല്ലേ
അത് അതിലും വലിയ തൊന്തരവ് ....
സ്കൂള്‍ മതിലില്‍ പോസ്റ്റര്‍ , നോട്ടീസ് ..
‘ആലോചിക്കാനും കൂടി വയ്യ..
അപ്പോള്‍ മാഷിന് ഒരു ബുദ്ധി തോന്നി
ഒള്ള കാര്യം കുട്ടികളോട് തന്നെ പറയ്യാ..
അല്പം താന്നാലും എന്താ...
താന്‍ പഠിപ്പിക്കണ കുട്ട്യോളല്ലേ
അല്ലേങ്കിലും സ്നേഹിക്കണോരെ മുന്നില് അല്പം താന്നൂ നെച്ചാ അതൊരു കൊറച്ചിലല്ലല്ലോ..
മാഷ് പറഞ്ഞു.
ഇപ്പോ , ഇനി എന്താ ചെയ്യാ...
മാഷ് വിനീതനായി...
മാഷിന്റെ മുഖത്ത് ദൈന്യത വിരിഞ്ഞു..
ഇനി , ഇമ്പോസിഷന്‍ വേണ്ടെന്നുവെക്കാം .
അല്ല , വേണ്ട എന്ന് ഉറപ്പ് ..
പക്ഷെ , തന്ന അടി എങ്ങനെ തിരിച്ചെടുക്കും.
മാഷിനെ തിരിച്ചൂതല്ലിയാല്‍ ..
കുട്ടികള്‍ മാഷിനെ അടിക്കുകയോ ..
എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ!!
“ ഇനി നിങ്ങള്‍ പറയ്യാ , ഞാന്‍ എന്താ വേണ്ടേ “
അപ്പോള്‍ പിന്‍ബെഞ്ചിലെ കുസൃതിക്കുട്ടന്‍ എണീറ്റുനിന്നു.
മാഷ് കുസൃതിക്കുട്ടനെ നോക്കി.
ക്ലാസില്‍ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ബ്ലാക്കില്‍ -മുയല്‍ ,പ്രാവ്, സ്വര്‍ണ്ണ മത്സ്യം , സി.ഡികള്‍ - എന്നിവ ഇപ്പോഴും ഇവന്‍ കടയിലേതിനേക്കാല്‍ പത്തുശതമാനം കുറവില്‍ കച്ചവടം ചെയ്യുന്നുണ്ടെന്നാണ് മാഷിനു കിട്ടിയിട്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .
പക്ഷെ, തെളിവില്ലാത്തതിനാല്‍ , കുസൃതിക്കുട്ടനെ ശിക്ഷിക്കാന്‍ അവസരം മാഷിന് കിട്ടിയിട്ടില്ല.
കച്ചവടത്തില്‍ ലാഭം ഉള്ളതിനാല്‍ കുസൃതിക്കുട്ടന്റെ ‘കസ്റ്റമേഴ്സ്., ആരും തന്നെ ഇതുവരേക്കും ഒരു പരാതിയും പറഞ്ഞിട്ടില്ല.
( അല്ലേങ്കിലും ഏതെങ്കിലും കുഴല്‍പ്പണ ഉപഭോക്താക്കള്‍ ഉപഭോക്തൃകോടതിയില്‍ പോയിയീട്ടുണ്ടോ)
മാഷ് കുസൃതിക്കുട്ടനെ പറഞ്ഞോ എന്ന മട്ടില്‍ പ്രോത്സാഹിപ്പിച്ചു.
അപ്പോള്‍ കുസൃതിക്കുട്ടന്‍ പറഞ്ഞു.
മാഷ് ഒരു ‘ബാങ്ക് ‘ തുടങ്ങിയാല്‍ മതി .
അതായത് “ അടി ബാങ്ക് “
ഓരോരുത്തരുടേയും പേരില്‍ അക്കൌണ്ട് ഇപ്പോ തുടങ്ങി എന്നു വിചാരിക്കുക .
അതായത് , ഇപ്പോ ഓരോരുത്തരുടേയും പേരില്‍ ‘നാല് ‘ അടി ബാങ്കിലുണ്ട്.
ഇനി ഇതുപോലെ ശിക്ഷിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ നാല് അടിയില്‍ നിന്ന് കുറച്ചാല്‍ മതി. അപ്പോ ആ സമയത്ത് മാഷ് കുട്ടികളെ അടിക്കേണ്ട.
മാഷ് കുട്ടികളെ നോക്കി
“ ഉഗ്രന്‍ ഐഡിയ ‘ എന്ന മട്ടിലാണ് കുട്ടികളിരിപ്പ് ..
മാഷിന് തനിക്കു കിട്ടിയത് കച്ചിത്തുരുമ്പല്ല , അസ്സല്‍ ഉരുക്കു കയറാ കിട്ടിയത് എന്നു മനസ്സിലായി.
പിന്നെ , താമസിച്ചില്ല.
“ എന്നാല്‍ ഈ പിരീഡുമുതല്‍ കുസൃതിക്കുട്ടന്‍ പറഞ്ഞരീതിയിലുള്ള ‘അടി ബാങ്ക് ‘ തുടങ്ങിയിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു”
ക്ലാസില്‍ കരഘോഷം സുനാമി കണക്കെ
അങ്ങനെ ആദ്യമായി ഒരു അടി ബാങ്ക് നിലവില്‍ വന്നു.
വാല്‍ക്കഷണം
ഈ സാങ്കല്പിക കഥ അദ്ധ്യാപന പരിശീലന ക്ലാസില്‍ പറയാരുള്ളതാണ് .
ഇതിലെ കഥാ പാത്രങ്ങള്‍ സാംങ്കല്പികമാണ്.
അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ മാനസീക അന്തരീക്ഷം പ്രദാനം ചെയ്യണമെന്നുകൂടി ഇവിടെ വരികള്‍ക്കിടയിലൂടെ പറയുന്നു.
മാത്രമല്ല , എന്തിനാണ് ഇംമ്പോസിഷന്‍ കൊടുക്കുന്നത് .?
കൈ വിരലുകളിലെ മാംസപേശികളുടെ വ്യായാമത്തിനാണൊ ?
അമ്പതും നൂറും ഇമ്പോസിഷന്‍ കൊടുക്കുന്നത് ശരിയാണോ?
No comments:
Post a Comment