Sunday 24 April 2011

62. . വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണമെന്നോ ?

ഒന്നാമത്തെ പിരീഡ് ......
മാഷ് ക്ലാസിലെത്തി ........
ഹാജര്‍ വിളിച്ചു...........
രജിസ്റ്റര്‍ അടച്ചുവെച്ചു.

സാമൂഹ്യം മാഷാണ് ..
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .
 പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ്  മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും  മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.
മാഷ് പ്രഭാഷണം തുടങ്ങി.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......
ഇന്ത്യന്‍ ജനാധിപത്യം......
ഇന്ത്യന്‍ ഭരണഘടന ....
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...
പാര്‍ളിമെന്റ് , നിയമസഭ  എന്നിവയിലെ പൊളിറ്റിക്സും  പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു
“ അതേ  , ഇവന്‍ പറയാ....”
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.
പിന്നെ ഒരനക്കവുമില്ല.
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന്  എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
മാഷും ചിരിച്ചുപോയി.
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .

“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.
ഇനി ഇപ്പോ എന്താ ചെയ്യാ....
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍‌ബെഞ്ചിലിരിക്കുന്ന  കമറുദ്ദീന്‍ വെടിപൊട്ടിച്ചു.
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .
കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാ‍ത്തവളാണ്.
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .

“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു പറഞ്ഞു.
“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന്‍ ഇങ്ങനെ പറയുന്നേ  . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.
ഇത്തിരിപോന്ന കമറുദ്ദീന്‍ വലിയ ആ‍ളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാ‍ക്കിപ്പറഞ്ഞു .
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ്  . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .
“അന്ധന്മാര്‍ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട്  . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !
ഹസീന ഭരതിനെ എതിര്‍ത്തില്ല.
കാരണം  ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന്‍ വിട്ടുതരുന്ന മട്ടില്ല.
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി  മാഷ്
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .
അതിന്റെ യുക്തി മാഷിന് പിടികിട്ടി.
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”
മാഷ് ചോദിച്ചു.
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഹസീന എതിര്‍ക്കുന്നില്ല.
“ നഴ്‌സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”
മാഷ് ഒന്നുകൂടി ചോദിച്ചു .
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാ‍ക്കി.
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .
മാഷ് ഒന്ന് ഇരുത്തി മൂളി
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘  “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.

Tuesday 19 April 2011

61. .സാമൂഹ്യം മാഷും ചില ഫുള്‍ഫോമുകളും

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല
“ മാഷേ , വി . എസ് ന്റെ ഫുള്‍ ഫോം എന്താ ?”
“വി .എസോ , അതെന്താ അത് “
“അതെ മാഷേ , വി .എസ് . അച്ചുതാനന്ദന്‍ ; നമ്മുടെ മുഖ്യമന്ത്രി ?”
“ഓഹോ , അതാണോ കാര്യം ?” മാഷ് ചിന്തയിലാണ്ടു.
പക്ഷെ ഉത്തരം പുറത്തേക്കു വന്നില്ല.
“ എന്നാല്‍ പോട്ടെ മാഷേ “ കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
“എ.കെ. ആന്റണിയിലെ എ.കെ യുടെ ഫുള്‍ ഫോം പറയുവാന്‍ പറ്റുമോ ?”
മാഷിന്റെ മുഖം മ്ലാനമായി
“എന്നാല്‍ പോട്ടെ മാഷെ , ഇതാ ഒരു ലളിതമായ ചോദ്യം . കെ . കരുണാകരനിലെ കെ യുടെ പൂര്‍ണ്ണ രൂപം
പറയുവാന്‍ പറ്റുമോ ?”
മാഷിന് അതിനും ഉത്തരം പറയുവാന്‍ നിവൃത്തിയുണ്ടായില്ല.
“എന്നാല്‍ ആ ചോദ്യവും പോകട്ടെ മാഷേ . എം.കെ . ഗാന്ധിയിലെ ‘എം.കെ ‘ യുടെ ഫുള്‍ ഫോം പറയുവാന്‍
പറ്റുമോ ?”
“നീ യെന്താ , കാലത്തേ വന്ന് ആളെ കളിയാക്കുകയാണോ ?” മാഷ് ചൂടായി.
“ക്ഷമിക്ക് മാഷേ . ഒന്നും കിട്ടാതെ പോകുന്നത് മാഷിന് ദോഷമല്ലേ എന്ന് വിചാരിച്ചാ .”
കുസൃതിക്കുട്ടന്‍ മാഷിനെ ആശ്വസിപ്പിച്ചു.
അതിനാല്‍ മാഷ് കുസൃതിക്കുട്ടന് തൃപ്തികരമായ വിശദീകരണം നല്‍കുവാന്‍ മുതിര്‍ന്നു.
“മോനെ കുസൃതിക്കുട്ടാ ; ഞാന്‍ പഠിപ്പിക്കണത് ഏഴാം ക്ലാസിലെ സാമൂഹ്യമാ .ആ സാമൂഹ്യം പാ‍ഠപുസ്തകത്തില്‍
നീ ഈ പറേണ ചോദ്യം ഒന്നും ഇല്ല. പിന്നെ എങ്ങന്യാ എനിക്ക് നീ ചോദിക്കണ ചോദ്യത്തിന് ഉത്തരം
പറയുവാന്‍ പറ്റാ”
“എങ്കിലും ഒരു സാമൂഹ്യം മാഷിന് ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് വേണ്ടെ “
ഈ ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി .
ചോദ്യകര്‍ത്താവായ മാഷിന്റെ ഭാര്യ , ബാങ്ക് ജീവനക്കായി , പിന്നില്‍ നിന്ന് പരിഹാസച്ചിരി ചിരിക്കുന്നു.
അവര്‍ തുടര്‍ന്നു.
“അതേയ് വെറുതെ ഇരുന്ന് പത്രം വായിച്ചോണ്ടൊന്നും ഈ കാര്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ പറ്റില്ല. അതിന്
അതിന്റേതായ പുസ്തകങ്ങള്‍ എടുത്ത് വായിക്കണം . എന്നാലേ ശരിയാവൂ”
മാഷ് ഒന്നും മിണ്ടിയില്ല; കുസൃതിക്കുട്ടന്‍ വേഗം സ്ഥലം കാലിയാക്കി; തുടര്‍ന്നുണ്ടാകാവുന്ന ക്രമസമാധാന
ലംഘനങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ട് !!

വാല്‍ക്കഷണം:

1.വി.എസ് .അച്ചുതാനന്ദന്‍ - വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍;
2.എ.കെ ആന്റണി : അറയ്ക്കപറമ്പില്‍ കുരിയന്‍ ആന്റണി
3.ഇ.കെ.നായനാര്‍: ഏറമ്പാല കൃഷ്ണ൯ നായനാ൪
4.ഒ.എന്‍.വി കുറുപ്പ് : ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കല്‍ വേലു കുറുപ്പ്
6. ഐ.വി .ശശി : Irruppam Veedu Sasidaran
7.K. J. Yesudas : കാട്ടശ്ശേരി ജോസഫ് യേശുദാസ്
9 . വി.കെ.എന്‍ : Vadakkke Koottala Narayanankutty Nair
10.എം .ടി .വാസുദേവന്‍ നായര്‍ :  മഠത്തില്‍ തെക്കെപാട്ട് വാസുദേവന്‍ നായര്‍

Monday 18 April 2011

60. ..മലയാളം മാഷും ഒരു അക്ഷരമാറ്റവും ( ഹാസ്യം )

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല; അവന്‍ ഒരു കടലാസുകഷണം എടുത്തു കാണിച്ചു.
എന്നീട്ട് മാഷോട് ചോദിച്ചു “ഇതില്‍ ഏതാ ശരി ?”
മാഷ് കടലാസ് കഷണത്തിലേക്കു നോക്കി .
അതില്‍ 1.അദ്ധ്യാപകന്‍ , 2. അധ്യാപകന്‍ എന്നും എഴുതിയിട്ടുണ്ട് .
ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു.
അതിനുശേഷം പറഞ്ഞു” ഇത് രണ്ടും ശരിയാണ്”
“അതായത് “കുസൃതിക്കുട്ടന്‍ നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി.
“ദ്ധ എന്ന അക്ഷരത്തിനു പകരം ' ധ' എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്ന് അല്ലേ ”
മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ ‘ബുദ്ധന്‍ ’ എന്നെഴുതിയിട്ടുണ്ടായിരുന്നു.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ ചോദിച്ചു “ബുദ്ധന്‍ എന്ന വാക്കില്‍‘ദ്ധ‘ ക്കു പകരം ‘ധ’ ഉപയോഗിക്കുവാന്‍ പറ്റുമോ ?
”മാഷ് വല്ലാതായി .
കുസൃതിക്കുട്ടന്‍ വിട്ടില്ല “ ബുധന്‍ എന്ന വാക്കില്‍ ‘ധ’ ക്കു പകരം ‍‘ദ്ധ‘ ഉപയോഗിക്കുവാന്‍ പറ്റുമോ ?
“അതിപ്പോ ....................” മാഷിന് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ 1. സാവധാനം , 2. ആയുധം , 3. യുദ്ധം , 4.ബുദ്ധിമുട്ട് , 5. ബുദ്ധി , 6. ശ്രദ്ധ 7.മാധുരി ..... തുടങ്ങിയ ഒട്ടേറെ ‘ധ ’ യും ‘ദ്ധ’ യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു.
“ഈ കടലാസില്‍ എഴുതിയ വാക്കുകളിലും ‘ധ’ യും ‘ദ്ധ‘ യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ ? ”
മാഷിന് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്ന് മനസ്സിലായി .
എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു.
“ അതായത് , ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന്‍ അന്ന വാക്കിന് ‘ദ്ധ’ എന്ന അക്ഷരം
തന്നെയാണ് ഉപയോഗിക്കേണ്ടിയിരുന്നത് . പിന്നീട് ലിപി പരിഷകരണം വന്നപ്പോള്‍ ചില ഭേധഗതികള്‍ വരുത്തി.
അതിന്റെ ഫലമായുണ്ടായതാണ് ഈ പ്രശ്നം . പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം
നടത്തിയത് “
മാഷ് , താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്ത് അദ്ധ്യപകനിലെ ‘ദ്ധ’ എന്ന അക്ഷരത്തിനു പകരം
‘ധ’ എന്ന്‍ തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്ന് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.
“അപ്പോള്‍ എന്തുകൊണ്ട് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല ?“കുസൃതിക്കുട്ടന്‍ വാശിയോടെ ചോദിച്ചു.
മാഷിന് ഉത്തരം പറയാനായില്ല .
അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്ന് ഒരു മുരടനക്കം കേട്ടു; ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്‍ക്കുന്നു
കോപം കൊണ്ട് കത്തിജ്വലിച്ച മട്ടിലാണ് നില്പ് ! പട്ടണത്തിലെ ഒരു ബാങ്കിലാണ് അവര്‍ക്ക് ജോലി.
ഉം , എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ അവരെ വിഷ് ചെയ്തു.
അവര്‍ അത് കാര്യമാക്കാതെ പറഞ്ഞു.
“ എന്റെ കുസൃതിക്കുട്ടാ , നീ പറഞ്ഞതു ശരി തന്ന്യാ‍ . പിന്നെ , എന്താ ഇങ്ങനെ സംഭവിച്ചത എന്നു വെച്ചാല്‍
മാഷന്മാരോട് എന്തും ആവാലോ ? അത് തന്നെ കാര്യം .അക്ഷരം മാറ്റുകയോ , ഗ്രേഡ് കുറക്കുകയോ , സെറ്റ് പരീക്ഷയെ
പ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം . ആരുണ്ട് ചോദിക്കുവാന്‍ .”
മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി .
അതിനുശേഷം തുടര്‍ന്നു
“ഡോക്ടര്‍ , എഞ്ചിനീയര്‍ , ഗുമസ്ഥന്‍ ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്ക് . അല്ലെങ്കില്‍
വേണ്ട ഡ്രൈവര്‍ , കണ്ടക്ടര്‍ , ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്ക് .അപ്പോ വിവരം
അറിയും “
ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്ന് കുസൃതിക്കുട്ടന് മനസ്സിലായി . അതിനാല്‍ കുസൃതിക്കുട്ടന്‍ വേഗം അവിടെ നിന്ന്
എണീറ്റു പോയി.

Saturday 16 April 2011

59.അമൂല്‍ പുത്രന്റെ കഥ


ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ്
പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത
ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിച്ചിരുന്ന പത്രത്തിലേക്കു നോക്കി.
മാഷ് , പത്രത്തില്‍ നിന്നും തലയുയര്‍ത്തി കുസൃതിക്കുട്ടനെ നോക്കി.
“ഉം , എന്താ . പുതിയ വല്ല ചോദ്യവുമുണ്ടോ ?”
അല്പം പരുങ്ങലോടെ കുസൃതി ഉണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“എന്നാല്‍ പറഞ്ഞാട്ടേ “ മാഷ് പരിഹാസച്ചുവയില്‍ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ഗൌരവത്തില്‍ പറഞ്ഞു”എന്താ ഈ അമൂല്‍ പുത്രന്‍ എന്നു പറഞ്ഞാല്‍ “
സംഗതി മാഷിനു മനസ്സിലായി .
അമൂല്‍ പുത്രന്മാര്‍ എന്ന പ്രയോഗം കഴിഞ ദിവസങ്ങളീല്‍ പത്രത്തില്‍ ഏറെ കത്തിനിന്നിരുന്നു.
പക്ഷെ , മാഷിന് എന്താണ് കുസൃതിക്കുട്ടനോട് പറയേണ്ടതെന്ന് പിടുത്തം കിട്ടിയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മാഷ് അമൂല്‍ എന്ന പാല്‍‌പൊടിയെക്കുറീച്ച് കേട്ടിരുന്നു.
വര്‍ഗ്ഗീസ് കുര്യന്‍ എന്ന ബഹുമാന്യ വ്യക്തി പടുത്തുയര്‍ത്തിയ ആ പ്രസ്ഥാനത്തെക്കുറിച്ച് നല്ലതേ
എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളു.
അമൂല്‍ പാല്‍പ്പൊടി , വിപണി കീഴടക്കിയ നാളുകള്‍ അന്നുണ്ടായിരുന്നു.
പാല്‍പ്പൊടിയുടെ ഇറക്കുമതി കുറക്കുവാന്‍ കഴിഞ്ഞ നാളുകളായിരുന്നു അത് .
ഇക്കാര്യങ്ങളൊക്കെ മാഷ് കുസൃതിക്കുട്ടന് പറഞ്ഞു കൊടുത്തു.
കൂടെ വര്‍ഗ്ഗിസ് കുര്യന്റെ ആത്മകഥാ പുസ്തകത്തെക്കുറീച്ചും പറഞ്ഞു.
അന്ന് ഏറെ തൃപ്തിയോടെയായിരുന്നു കുസൃതിക്കുട്ടന്‍ അവിടെ നിന്ന് പോയത് .
വാല്‍ക്കഷണം :
വര്‍ഗ്ഗീസ് കുര്യന്റെ ആത്മ കഥ
പുസ്തകത്തിന്റെ പേര് : എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു.
വിതരണം : ഡി.സി ബുക്സ്
പുസ്തകം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് :
ഗൌരി സാല്‍‌വി , മുംബെയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.ഓണ്‍ലുക്കര്‍ ,
സണ്‍‌ഡേ മാഗസീന്‍ , വുമണ്‍ ഫീച്ചര്‍ സര്‍വ്വീസ് എന്നിവക്കുവേണ്ടി പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇന്ത്യയിലെ
സഹകരണ സംഘങ്ങളെക്കുറീച്ച് എഡിറ്റ് ചെയ്തീട്ടുണ്ട് .
വിവര്‍ത്തകയെക്കൂറീച്ച്:
വാഴൂര്‍ എസ് .ആര്‍ .വി.ആര്‍ .എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. നിഷാദം ,
രമേശ്വരം കടല്‍ എന്നീകവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.അനിതാ നായരുടെ ബെറ്റര്‍മാന്‍
ഉള്‍പ്പെടെ ഏതാനും കൃതികളുടെ വിവര്‍ത്തനവും എഡിറ്റ് ചെയ്തീട്ടുണ്ട് .

വര്‍ഗ്ഗീസ് കുര്യനെക്കുറീച്ച് :
1921 നവംബര്‍ 26 ന് കോഴിക്കോട് ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ബിരുദം .അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.ഗുജറാത്തിലെ ആനന്ദ്
എന്ന ഗ്രാമത്തില്‍ ഡയറി മേഖലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് കെയ്‌റ ജില്ലയിലെ
ക്ഷീരകര്‍ഷകരുടെ സഹകരണസംഘത്തിന് ( ഇപ്പോള്‍ അമൂല്‍ ) ദിശാബോധവും പ്രചോദനവും
നല്‍കി. ദേശീയ ഡയറി വികസനബോഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ ഫ്ലഡിന്
നേതൃത്വം നല്‍കി. പത്മ വിഭൂഷണ്‍ , വേള്‍ഡ് ഫുഡ് പ്രൈസ് , മെഗ്‌സസെ അവാര്‍ഡ് തുടങ്ങിയ
പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട് . ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് , അമൂല്‍ കുര്യന്‍ എന്നൊക്കെപേരുകളില്‍ അറിയപ്പെടുന്നു.
പുസ്തകത്തെക്കുറിച്ച് :
1.ത്രിഭുവന്‍ ദാസുമായുള്ള കൂടിക്കാഴ്ച കെയ്‌റ പാലുല്പാദക സഹകരണ സംഘത്തിലേക്കുള്ള എന്റെ
ആദ്യത്തെ കാല്‍‌വെപ്പായിരുന്നു
2.മിക്കപ്പോഴും വിദഗ്‌ദ്ധര്‍ നല്‍കുന്ന സാങ്കേതിക ഉപദേശം വികസിത രാജ്യങ്ങളുടെ സാമ്പത്തിക
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നവയായിരിക്കും . വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ
ആവശ്യങ്ങളോ അവിടത്തെ യാഥാര്‍ത്ഥ്യങ്ങളോ മനസ്സിലാക്കിക്കൊണ്ടുള്ളവ ആയിരിക്കുകയില്ല.
3.പിന്‍‌ബലമുണ്ടെങ്കില്‍ യഥാസമയം നടത്തുന്ന വെല്ലുവിളിക്ക് തീര്‍ച്ചയായും പ്രയോജനമുണ്ടാകും.
4. ഏതൊരു സഹകരണ സംരംഭവും വ്യാപാര സംരംഭം കൂടിയായിരിക്കണമെന്ന് എനിക്ക്
അറിയാമായിരുന്നു.
5.ഏതൊരു വിഷമഘട്ടത്തേയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ അവിടെ ഒരു അവസരം
കണ്ടെത്താനാകും . അങ്ങനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുന്ന എന്റെ രീതി പലപ്പോഴും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട് . ഞാന്‍ ഇത്തരം
പ്രതിസന്ധികളെ ഒഴിവാക്കുന്നതിനു പകരം അവ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക്
തൃപ്തികരമായി തോന്നിയില്ല എന്നു മാത്രമല്ല പ്രതിസന്ധി എത്രമാത്രം രൂക്ഷമാണൊ അത്രമാത്രം
താല്പര്യത്തോടെയാണ് ഞാന്‍ അത് ഉപയോഗിക്കാന്‍ വെമ്പല്‍ കാട്ടിയത് . എനിക്കാവശ്യമുള്ളത്
അതില്‍ നിന്നും നേടിയെടുക്കും വരെ ഞാന്‍ അതുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.
6.ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെ
കണ്ടെത്തിക്കഴിഞ്ഞാല്‍ അയോളോട് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെന്ന്
പറഞ്ഞുകൊടുത്തതിനുശേഷം അയാളെ പൂ‍ര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളുടെ ഇടപെടലുകള്‍
ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അയാളെ അനുവദിക്കുകയുമാണ് വേണ്ടത് എന്നാണ്
ഞാന്‍ വിശ്വസിക്കുന്നത് .അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പദ്ധതി
വിജയകരമായിരിക്കും .
അമൂലിന് ആ പേരുകിട്ടിയ കഥ
ഫിലിപ്സ് ടീ & കോഫീ എന്ന കമ്പനി ഉടമയായ കെ.എം. ഫിലിപ്പ് - അദ്ദേഹം എന്റെ ഭാര്യയുടെ ബ്രദര്‍

ഇന്‍ ലോ - കെയ്‌റ സഹകരണ സംഘത്തിന്റെ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ

വിശദാംശങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചത് അക്കാലത്തായിരുന്നു. തെക്കന്‍ ബോംബെയിലുള്ള

അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുനടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം വ്യാപാരരംഗത്തെ വിവിധ

ഘടകങ്ങളെക്കുറീച്ച് ബ്രാന്‍ഡ് നെയിം ഉണ്ടാക്കല്‍, വിതരണം ,പരസ്യ ഏജന്‍സിയെ കണ്ടെത്തല്‍

തുടങ്ങിയ കാര്യങ്ങളെക്കൂറീച്ച് ഞാന്‍ ഗൌരവമായി ആലോച്ചിച്ചൂ തുടങ്ങി . തിരിച്ച് ആനന്ദില്‍

എത്തിയതിനുശേഷം എന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും

അനുയോജ്യമായ ഒരു ബ്രാന്‍ഡ് നെയിം കണ്ടെത്തുന്നതിനെക്കുറീച്ച് ഞങ്ങള്‍ ആലോചിക്കുകയും ചെയ്തു

. പല പേരുകളും ചര്‍ച്ചയില്‍ പൊന്തിവന്നു. അപ്പോളാണ് ഞങ്ങളുടെ ലബോറട്ടറിയിലെ ഒരു കെമിസ്റ്റ്

ചോദ്യം ഉയര്‍ത്തിയത് . എന്തുകൊണ്ട് അമൂല്‍ എന്ന പേര്‍ തിരഞ്ഞെടുത്തുകൂടാ ? ഞങ്ങള്‍

അന്വേഷിച്ചുകൊണ്ടിരിക്കുന്ന പേര്‍ അതുതന്നെയാണെന്ന് എല്ലാവര്‍ക്കും തോന്നി. ഞങ്ങളുടെ

സഹകരണ യത്നത്തിന്റെ മാര്‍ഗ്ഗദര്‍ശകമായി ഞങ്ങള്‍ കരുതിയിരുന്നതെന്തോ അതിനെ

സൂചിപ്പിക്കുന്നതായിരുന്നു ആ പേര്‍ . വിലനിര്‍ണ്ണയിക്കാനാവാത്തത് എന്ന അര്‍ത്ഥമുള്ള അമൂല്യം

എന്ന സംസ്കൃത പദത്തില്‍ നിന്നു മാണ് ഈ പേരിന്റെ ഉത്ഭവം . സ്വദേശി ഉല്പന്നങ്ങളെക്കുറിച്ചുള്ള

അഭിമാനത്തിന്റെ പ്രതീകമാണത് . ഹ്രസ്വവും ആകര്‍ഷകവുമായ ആ പദം ആന്ദന്ദ് മില്‍ക്ക് യൂണിയന്‍

ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുമാണ് . എല്ലാവരും ഏക സ്വരത്തില്‍ അത്

അംഗീകരിച്ചു.അങ്ങനെ അമുല്‍ എന്ന പേര് സ്ഥിതീകരിക്കപ്പെട്ടു.
1957 ല്‍ കെയ്‌റ സഹകരണ സംഘം അമൂല്‍ എന്ന ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യയിലെ ഓരോ വീട്ടിലും പിന്നീടത് സുപരിചിതമായ പേരായി തീര്‍ന്നു.

Saturday 9 April 2011

58.സാമൂഹ്യം മാഷും അണ്ണാ ഹസാരയും

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിക്കുന്ന പത്രത്തിലേക്കു നോക്കി.
മാഷ് അണ്ണാ ഹസാരയെ സംബന്ധിച്ച വാര്‍ത്തയാണ് വായിക്കുന്നതെന്നു മനസ്സിലാക്കി.
“മാഷേ “
“എന്താ ?” മാഷ് പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി
“ഈ അണ്ണാ ഹാസാരേ ആരാ ?”
“ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ; അതിപ്പോ.....” മാഷ്, എവിടെ നിന്നു തുടങ്ങണമെന്നറിയാതെ നിന്നു.
“ ഇദ്ദേഹം കമ്മ്യൂണിസ്റ്റാണോ ?”
“എന്താ അങ്ങനെ ചോദിച്ചേ ?”
“കോണ്‍‌ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ സമരം ചെയ്തതുകൊണ്ട് ചോദിച്ചതാ ?‍”
മാഷിന് അതിന് തൃപ്തികരമായി ഉത്തരം പറയുവാന്‍ പറ്റിയില്ല.
“പക്ഷെ , ബി.ജെ.പി അല്ലെന്നുറപ്പ് “ കുസൃതിക്കുട്ടന്‍ സ്വയം പറഞ്ഞു.
“മാഷേ , ഇദ്ദേഹം ഏത് പാ‍ര്‍ട്ടിക്കാരനാ ? ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ?”
അതിപ്പോ എന്ന നിലയില്‍ മാഷ് തുടര്‍ന്നു.
കുസൃതിക്കുട്ടന് കാര്യം പിടി കിട്ടി .
അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .
“അത് പ്രശ്നമില്ല മാഷേ ; മാഷ് പിന്നീട് പറഞ്ഞു തന്നാ മതി .”
കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചു.
അങ്ങനെ മാഷും ആശ്വസിച്ചു.
മാഷ് ഉടനടി പത്രപാരായണം നിറുത്തി .
ഇന്റര്‍നെറ്റ് എടുത്ത് സെര്‍ച്ച് തുടങ്ങി

വാല്‍ക്കഷണം : ( അണ്ണാ ഹസാരയെക്കുറീച്ച് )
അണ്ണാ ഹസാരേ
മുഴുവന്‍ പേര്‍ : Kisan Bapat Baburao Hazare
ജനനതിയ്യതി :15 January 1940 (age 71)
Bhingar, Maharashtra, India
രക്ഷിതാക്കള്‍ :Laxmibai Hazare (Mother)
Baburao Hazare (Father)
വ്യക്തിയെക്കുറിച്ച് :
ഇന്ത്യയിലെ ഒരു സാമുഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തകനുമാണ്‌ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന

കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍
ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ
ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കിആദരിച്ചു. നേരത്തെ 1990 ല്‍ പത്മശ്രീ അവാര്‍ഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ്
ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്,
ദിണ്ടിഗര്‍ ഗാന്ധിഗ്രാം കല്പിത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.
ബാല്യകാലം :
നാലാക്ലാസുവരെമാത്രമേ അണ്ണ മാതാപിതാക്കളോടോപ്പം ചെലവഴിച്ചിരുന്നുള്ളൂ. ജീവിതത്തിലെ ദാരിദ്രം മൂലം
പിതാവിന്റെ സഹോദരിയാണ് തുടര്‍ന്ന് അണ്ണയെ നോക്കിയത് .ഈ സഹോദരിക്കാകട്ടെ മക്കളില്ലായിരുന്നു.

അവര്‍ അണ്ണയെ മുംബൈയിലേക്ക് കൊണ്ടുപോയി. അങ്ങനെ അണ്ണ
ഏഴാംക്ലാസുവരെ മുംബൈയില്‍ പഠിച്ചു. ഏഴാക്ലാസിനു ശേഷം അണ്ണ ജോലി ചെയ്യുവാന്‍ തുടങ്ങി . കാരണം

വീട്ടിലെ അവസ്ഥ അത്രക്കും ദയനീയമായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അണ്ണയുടെ പിതാവ് ഏറെ
കഷ്ടപ്പെടുന്നുണ്ടാ‍യിരുന്നു.പൂക്കള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അണ്ണ ഏറ്റെടുത്തത് . ഈ ജോലിയില്‍
പരിശീലനം നേടിയപ്പോള്‍ സ്വന്തമായി ഒരു പൂക്കടതുടങ്ങുകയും അതില്‍ സഹായിയായി തന്റെ രണ്ട്

സഹോദരന്മാരെ ചേര്‍ക്കുകയും ചെയ്തു. ഇതിനുശേഷം അണ്ണ ചില മോശമായ കൂട്ടുകെട്ടുകളില്‍ പെട്ടുപോയി.

എങ്കിലും താമസിയാതെ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ (1960) ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഒഴിവു
സമയത്ത് മഹാത്മാ ഗാന്ധിയുടേയും സ്വാമി വിവേകാനന്ദന്റേയും പുസ്തകങ്ങള്‍ വായിച്ചു.
1975 അദ്ദേഹം സ്വന്തം ഗ്രാമമായ Ralegan Siddhi ല്‍ സാമൂഹ്യസേവനപ്രവര്‍ത്തനത്തിന് തുടക്കം
കുറിച്ചൂ.അദ്ദേഹം ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് Tarun Mandal എന്ന സംഘടന രൂപീകരിച്ചു. ഗ്രാമത്തിലെജലവിതരണ സമ്പ്രദായത്തെ കാര്യക്ഷമമാക്കുവാന്‍ അദ്ദേഹം പ്രയത്നിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യനിരോധന പ്രശ്നത്തിലേക്കായി. സമ്പൂര്‍ണ്ണ മദ്യനിരോധനം ഗ്രാമത്തില്‍
ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തില്‍ ഉടനീളം സന്തോഷവും സമാധാനവും നിലനില്‍ക്കൂ എന്നദ്ദേഹം
മനസ്സിലാക്കി.അങ്ങനെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ കൂടിയ ഒരു യോഗത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുവാനുംഗ്രാമത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുവാനും തീരുമാനമുണ്ടായി. ഇത്തരത്തിലുള്ള ഒരു തിരുമാനം
ഒരു ക്ഷേത്രത്തിനു മുമ്പില്‍ വെച്ചായതിനാല്‍ അതിന് ഒരുതരത്തിലുള്ള ദൈവികമായ പരിവേഷം ലഭിച്ചു.

അങ്ങനെ ഗ്രാമത്തിലെ പല മദ്യശാലകളും അടച്ചു ; അതിന്റെ ഉടമസ്ഥന്മാര്‍ക്ക് , മിക്കവാറും കേസുകളില്‍ ,നിയമപരമല്ലാത്തതിനാല്‍ പരാതിപ്പെടാനും ആയില്ല.
ഈ രീതി ഗ്രാമത്തിലെ ആളുകളുടെ മദ്യപാനശീലത്തെ കുറച്ചുവെങ്കിലും ചിലര്‍ അടുത്ത ഗ്രാമങ്ങളില്‍ പോയി

മദ്യപിച്ചു.ഇവര്‍ക്ക് മൂന്ന് മൂന്നറിയിപ്പുകൊടുക്കാമെന്നും അതിനുശേഷം അവരെ ശിക്ഷിക്കാമെന്നും ഗ്രാമീണര്‍തീരുമാനിച്ചു. പക്ഷെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ക്കുശേഷവും 12 പേര്‍ ഗ്രാമത്തില്‍ മദ്യപിച്ചു നടക്കുന്നതായി
കണ്ടു.ഇവരുടെ മേല്‍ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഘം ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ഇതിനെക്കുറീച്ച് അണ്ണാ ഹസാരയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
“ മരുന്ന് കയ്പ്പേറിയതാണെങ്കിലും കുട്ടിയുടെ രോഗം മാറുവാനായി അമ്മ ആ മരുന്ന് കുട്ടിക്ക് കൊടുക്കില്ലേ .അത് കുട്ടിക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും ?”
ഒരു ഗ്രാമത്തിലെ 25 % സ്ത്രീകള്‍ മദ്യനിരോധനം ആഗ്രഹിക്കുന്നുവെങ്കില്‍ ആ ഗ്രാ‍മത്തില്‍ മദ്യനിരോധനം
നടപ്പിലാക്കുവാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഹസാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനൊക്കെ ഫലമുണ്ടായി
സര്‍ക്കാര്‍ ആവഴിക്ക് നീങ്ങിത്തുടങ്ങി.
25% സ്ത്രീകള്‍ ഒപ്പിട്ട ഒരു നിവേദനം എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കയാണെങ്കില്‍ ; രഹസ്യബാലറ്റിലൂടെ
വോട്ടെടുപ്പു നടത്താമെന്നു വന്നു. പ്രസ്തുത വോട്ടെടുപ്പില്‍ 50 % വോട്ടര്‍മാര്‍ മദ്യനിരോധനത്തിന്
അനുകൂലമാണെങ്കില്‍ മദ്യനിരോധനം പ്രസ്തുത ഗ്രാമത്തില്‍ നടപ്പിലാക്കാം. ഈ രീതി മുനിസിപ്പല്‍ മേഖലയില്‍
വാര്‍ഡ് തലത്തിലും നടപ്പിലാ‍ക്കാവുന്നതാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഗ്രാമസഭയുടെ അനുവാദമില്ലാതെ മദ്യം വില്‍ക്കുന്നതിനുള്ള പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുകയില്ല എന്നഒരു തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടു.
മദ്യഷാപ്പുകള്‍ക്കു നേരെയുള്ള സമരത്തിന്റെ ഭാഗമായി പലപ്പോഴും സ്ത്രീകളുടെ മേല്‍ കേസുകള്‍
ചാര്‍ജുചെയ്യപ്പെടാറുണ്ട് . ഇക്കാര്യം അണ്ണ ഹസാരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അങ്ങേനെ August 2009 ല്‍ ഇത്തരത്തില്‍ സ്ത്രീകളുടെമേല്‍ ചാര്‍ജുചെയ്യപ്പെട്ട കേസുകള്‍ പിന്‍‌വലിക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു.
അണ്ണാ ഹസാരെ മദ്യനിരോധനം മാത്രമല്ല ഗ്രാമത്തില്‍ നടപ്പിലാക്കിയത് ; സിര്‍ഗരറ്റിന്റേയും ബീഡിയുടേയുംപുകയിലയുടേയും വിപണനവും വില്പനയും ശ്രമങ്ങളും തുടങ്ങി.
ഇത് നടപ്പിലാക്കുന്നതിനുവേണ്ടി ചെറുപ്പക്കാര്‍ 22 വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു പ്രത്യേക ഹോളി ആഘോഷംനടത്തി . ദുഷ്ട ശക്തികളെ ചാമ്പലാക്കുന്നതിനുള്ള പ്രതീകമായാണ് ഹോളി ആഘോഷിച്ചത് . യുവാക്കള്‍സിഗരറ്റ് , ബീഡി , പുകയില എന്നിവ ഗ്രാമത്തിലെ കടകളില്‍ നിന്ന് കൊണ്ടുവന്ന് ഹോളി അഗ്നിയില്‍ചുട്ടുകരിച്ചു. അന്നേ ദിവസം മുതലിങ്ങോട്ട് Ralegan Siddhi എന്ന ഗ്രാമത്തില്‍ സിഗരറ്റ് , ബീഡി , പുകയിലഎന്നിവ ഇല്ലാതായി . ഇന്നിവിടെ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടപോലും ഈ ഗ്രാമത്തില്‍ ഇല്ല.
കൃഷിയും ജലസേചനവും
കൃഷി പുരോഗമുക്കണമെങ്കില്‍ അനുയോജ്യമായ ജലസേചന സൌകര്യങ്ങള്‍ ഗ്രാമത്തില്‍

ഉണ്ടായിരിക്കണമെന്ന് ഹസാരെ മനസ്സിലാക്കി.
ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ രീതി മനസ്സിലാക്കി ഹസാരെ ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതിന്റെ

ആവശ്യകത മനസ്സിലാക്കി . അതിനുവേണ്ടി വെള്ളം കെട്ടിനിറുത്തേണ്ടതുണ്ടെന്ന സംഗതി ബോധ്യം വന്നു.
ഗ്രാമത്തില്‍ ചെറിയ ഡാമുകള്‍ , കനാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രതിഫലമില്ലാതെ

പണിചെയ്യുവാനായി ഗ്രാമീണരെ പ്രേരിപ്പിച്ചു.
അങ്ങനെ ഇത്തരത്തിലുള്ള ഒരു അണക്കെട്ട് സര്‍ക്കരിന്റെ ചെറിയ ഫണ്ടിന്റെ സഹായത്തോടെയും

ഗ്രാമീണരുടെ സേവനത്തിലൂടെയും നിര്‍മ്മിച്ചു.
അടുത്തതായി മണ്ണൊലിപ്പിലേക്കായി ഹസാരയുടേ ശ്രദ്ധ .
അതിനുവേണ്ടി മലഞ്ചെരുവുകളില്‍ 3 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചൂ.
ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ ഗ്രാമത്തിലെ കൃഷി അഭിവൃദ്ധി പ്രാപിച്ചു.
സര്‍ക്കാര്‍ ഹാസാ‍രെയുടെ ഈ രീതി മറ്റ് ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമമാരംഭിച്ചു.
ക്ഷീര വികസനശ്രമങ്ങളില്‍ , കുട്ടികളുടെ വിദ്യാഭ്യാ‍സത്തില്‍ , അയിത്തം ഇല്ലാതാ‍ക്കുന്നതില്‍ ,സമൂഹവിവാഹം

നടത്തുന്നതില്‍ , ഗ്രാമ സഭകള്‍ രൂപീകരിക്കുന്നതില്‍ എന്നീ മെഖലകളില്‍ ഹസാരെയുടെ ശ്രദ്ധ പതിയുകയും

ഈ മേഖലകളില്‍ ഗ്രാമം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തിന്നതില്‍ ഹസാരെയുടെ പങ്ക് അവിസ്മരണീയമാണ് .
മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലരുടേയും രാഷ്രീയ

ഭാവി അപകടത്തിലാക്കിയിരുന്നു.
ഈ ഇലക്ഷന്‍ കാലത്ത് 2011 ഏപ്രിലില്‍ നടത്തിയ ലോക് പാല്‍ ബില്‍ മൂവ് മെന്റ് അഖിലെന്ത്യാതലത്തില്‍

മാധ്യ,മ ശ്രദ്ധ പിടിച്ചൂ പറ്റിയിരുന്നു.

Thursday 7 April 2011

57. .എന്താ മാഷേ ഈ ടൂ ജി ?

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഐ.ടി മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് ഒരു സംശയമുണ്ട് . മാഷ് അതിന്റെ ഉത്തരം പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“ മാഷേ . എന്താണ് വണ്‍ ജി ?”
“ വണ്‍ ജി യോ “, മാഷ് അത്ഭുതപ്പെട്ടു.
“എന്താ മാഷേ കേട്ടിട്ടില്ലേ . ഞാന്‍ വിചാരിച്ചു സ്കൂളില്‍ ഐ.ടി പഠിപ്പിക്കണ മാഷായോണ്ട് അറിയും ന്ന് “
“ഞാന്‍ ലിനക്സാ സ്കൂളില്‍ പഠിപ്പിക്കണത്”
മാഷ് ഒരു തടയിട്ടു.
“എന്നാല്‍ മാഷേ ഒരു ക്ലൂ തരാം ”കുസൃതിക്കുട്ടന്‍ “എന്താണ് ടു ജി ?”
“ഓഹോ ഇതാണോ കാര്യം ? ” മാഷിന് സമാധാനമായി .
“അതിപ്പോ .................” മാഷ് ഉത്തരം പറയാന്‍ മുന്നിട്ടെങ്കിലും എങ്ങനെയാണ് തുടങ്ങേണ്ടതെന്നറിയാതെ
വിഷമിച്ചു.
സ്റ്റാഫ് റൂമില്‍ ടൂ ജി പ്രശ്നത്തെക്കുറിച്ച് ( പത്രവാര്‍ത്തകളില്‍ ഈ പ്രശ്നം നിറഞ്ഞു നിന്നപ്പോള്‍ ) ഘോരം ഘോരം
പ്രസംഗിച്ചതാണ് . എന്നിട്ടിപ്പോള്‍ ഈ കിളിന്തു പയ്യന്റെ മുന്നില്‍ .......
ഒരു ശാസ്ത്രീയ വിശകലനമാണ് പയ്യന്‍ ആവശ്യപ്പെടുന്നതെന്ന് മാഷിന് മനസ്സിലായി .
“പോട്ടെ , മാഷെ . എന്താ ത്രീ ജി മൊബൈലിന്റെ പ്രത്യേകത ?”
അതാണോ ഇത്ര വലിയ കാര്യം എന്ന മട്ടില്‍ മാഷ് നോക്കി .
എന്നീട്ടു പറഞ്ഞു “അതില്‍ വീഡിയോ നമുക്ക് അയക്കുവാന്‍ പറ്റും “
മാഷ് വിജയിയായ മട്ടില്‍ പറഞ്ഞു .
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ പറഞ്ഞു.“ഇക്കാര്യമെങ്കിലും മാഷിന് അറിയാമോ എന്നറിയാന്‍ ചോദിച്ചതാ . മാഷ്
പറഞ്ഞ കാര്യം എല്ലാവര്‍ക്കും അറിയണതാ .”
പിന്നെ , കുസൃതിക്കുട്ടന്‍ അവിടെ നിന്നില്ല.
മാഷ് , വല്ലാതായി .
മാഷ് ആ സമയത്ത് കയ്യിലിരുന്ന പത്രത്തിലേക്കു നോക്കി .
അതില്‍ നോക്കിയയുടെ ത്രീ ജി മൊബൈലിന്റെ പരസ്യം മാഷിനെ നോക്കി കളിയാക്കുന്നതായി മാഷിതോന്നി
.
വാല്‍ക്കഷണം :
1. സ്പെക്‍ട്രം
ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു നിശ്ചിത ആവൃത്തിയുള്ള ഒരു കൂട്ടത്തെ അഥവാ

റേഞ്ചിനെ സ്പെക് ട്രം എന്നു പറയുന്നു. നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഒരു സ്പെക് ട്രം ആണ് ;

അതുപോലെത്തന്നെയാണ് കേള്‍ക്കുവാന്‍ കഴിയുന്നതും . ടെലികമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത് റേഡിയോ

സ്പെക് ട്രം .
2.ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ :
-273 കെല്‍‌വിനു മുകളില്‍ താപനിലയുള്ള വസ്തുക്കളെല്ലാം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നു. ഏറ്റവും കുറഞ്ഞ

ആവൃത്തിയുള്ള തരംഗങ്ങള്‍ മുതല്‍ ഏറ്റവും കൂടിയ അവൃത്തിയുള്ള തരംഗങ്ങള്‍ വരെ യുള്ളവയെ പറയുന്ന

പേരാണ് ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ . ഇവയില്‍ 20ഹെട്ട്സ് മുതല്‍ 20,000 ഹെര്‍ട്ട്സ് വരെയുള്ള

തരംഗങ്ങളെ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും . ഈ തരംഗങ്ങളെ ഓഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എന്നു

പറയുന്നു. 20 ഹെട്ട്‌സിനേക്കാള്‍ കുറഞ്ഞ തരംഗങ്ങളെ ഇന്‍ഫ്രാ സോണിക് തരംഗങ്ങള്‍ എന്നും 20,000

ഹെട്ട്സിനേക്കാള്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളെ അള്‍ട്രോസോണിക് തരംഗങ്ങള്‍ എന്നും പറയുന്നു.

നമുക്ക് കാണുവാന്‍ പറ്റുന്ന തരംഗങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ക്കും അള്‍ട്രാവയലറ്റ്

തരംഗങ്ങള്‍ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത് .
3.റേഡിയോ ഫ്രീക്വന്‍സി തരംഗം
ഇത് എ.എം , എഫ് .എം എന്നീ റേഡിയോക്കും മറ്റും ഉപയോഗിക്കുന്നു.
4.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ :
ഇന്ത്യയില്‍ ഒരു സേവനദാതാവിന് ആവശ്യമുള്ള സ്പെക് ട്രം നല്‍കുന്നത് ഈ ഏജന്‍സിയാണ്.
5.വണ്‍ ജി മൊബൈല്‍ സര്‍വ്വീസ്
ഇത് ഒന്നാം തലമുറയായി പരിഗണിക്കപ്പെടുന്നു. ശബ്ദവിനിമയമാണ് മുഖ്യമായത് . ഇതില്‍ അനലോഗ് സിഗ്‌നത്സ് ആണ് യൂസ് ചെയ്തിരുന്നത് .
6. ടു ജി മൊബൈല്‍ സര്‍വ്വീസ്
ഇത് രണ്ടാം തലമുറയായി പരിഗണിക്കപ്പെടുന്നു. ഇതില്‍ ശബ്ദവിനിമയവും ചുരുങ്ങിയ തോതില്‍ ഡാറ്റാ

വിനിമയവും ( എസ് . എം . എസ് ) സാധ്യമാണ് .ഇതില്‍ ഡിജിറ്റല്‍ ആണ്
7.ത്രീ ജി മൊബൈല്‍ സര്‍വ്വീസ്
ശബ്ദവിനിമയം ,, സേറ്റാ സര്‍വ്വീസ് , ടെലിവിഷന്‍ അഥവാ വീഡിയോ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍

നല്‍കുന്നു.


Monday 4 April 2011

56. . മാഷേ ഈ വാക്കിന്റെ സ്പെല്ലീംഗ് എന്താ

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഇംഗ്ലീഷ് മാഷ് പൂമുഖത്തിരുന്ന് ഇന്ത്യന്‍ എക്സ്പ്രസ് വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍  നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് രണ്ട് വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“  നയന്‍‌ത്  ,   വാക്വം“
മാഷ്  ഉടനെ പറഞ്ഞു “ Nineth , Vaccum "
“അങ്ങനെ അല്ലെങ്കിലോ ” എന്നായി കുസൃതിക്കുട്ടന്‍
മാഷിന് ഒരു പിടുത്തവും കിട്ടിയില്ല
കുസൃതിക്കുട്ടന്‍ തുടര്‍ന്നു “ സ്പെല്ലിംഗ് തെറ്റാണെങ്കില്‍ തെറ്റായ വാക്കിന് ഓരോ ഫൈഫ് സ്റ്റാര്‍ ബെറ്റ് “മാഷ് സമ്മതിച്ചു.
മാഷ് സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിന്ന് ഡിക്ഷണറി എടുത്തു.
പേജുകള്‍ മറിച്ചു .
Ninth , Vacuum എന്നീ വാക്കുകള്‍ മാഷെ നോക്കി കളിയാക്കി
പിന്നെ വര്‍ദ്ധിച്ച ക്ഷീണത്തോടെ കുസൃതിക്കുട്ടനെ നോക്കി .
മാ‍ഷ് പറഞ്ഞ സ്പെല്ലിംഗ് തെറ്റായതിനാല്‍ ഉടന്‍‌തന്നെ മാഷ് ഇരുപതു രൂപയെടുത്ത് കുസൃതിക്കുട്ടന് കൊടുത്തു
“ഫൈവ് സ്റ്റാര്‍ വാങ്ങ് , കുസൃതിക്കൂട്ടാ”
കുസൃതിക്കൂട്ടന്‍ അപ്രത്യക്ഷനായി .
അപ്പോള്‍ മാഷിന്റെ ഭാര്യ രംഗ പ്രവേശം ചെയ്തു .
സുരേഷ് ഗോപി കണക്കെ രണ്ട് ഡയലോഗ് കാച്ചി .
“വല്ല്യ ഇംഗ്ലീഷ് മാഷാണത്രെ . എന്നീട്ട്  വാക്കിന്റെ  സ്പെല്ലിംഗ് പോലും അറിയില്ല ; എന്നീട്ടാ ഇംഗ്ലീഷ് പത്രം വായിക്കുന്നത് . ആരെ ബോധിപ്പിക്കാനാവോ ഇത് ”
മാഷ് ഒന്നും മിണ്ടിയില്ല ; കാരണം മാഷിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
വാല്‍ക്കഷണം :
താഴെ പറയുന്ന തെറ്റോ ശരിയോ എന്ന് കണ്ടെത്താമോ ?
1.copywrite
2.dearrest
3.fourty
4.may be
5.meterologist
6.milimeter
7.Mother Theresa
8.neice
9.ninteenth
10.zeebra
11.wan't
12. unexpensive
ഉത്തരങ്ങള്‍ ശരിയാണോ എന്നറിയുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യൂ