ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം മാഷ് , പൂമുഖത്തിരുന്ന് പത്രവായനയിലായിരുന്നു.
തൊട്ടരികത്ത് ഉണ്ടായിരുന്ന മൊബൈലില്‍ , അധ്യാപകദിനാശംസകള്‍ അടങ്ങിയ
മെസേജുകള്‍ മാഷ് ഇടക്കിടെ വന്നുകൊണ്ടിരുന്നു.
പെട്ടെന്ന് മുറ്റത്ത് ഒരു മുരടനക്കം കേട്ടു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുസൃതിക്കുട്ടന്‍ മുറ്റത്തു നിന്നു
ചിരിക്കുന്നു.
“ മാഷേ , അദ്ധ്യാപക ദിനാശംസകള്‍ ” കുസൃതിക്കുട്ടന്‍ മാഷിനെ അഭിവാദ്യം ചെയ്തു.
മാഷ് അത് സസന്തോഷം സ്വീകരിച്ച് പയ്യസിനെ പൂമുഖത്തുതന്നെയുള്ള
കസേരയിലിരുത്തി.
പിന്നെ , മാഷ് കുസൃതിക്കുട്ടനെ നോക്കി .
കുസൃതിക്കുട്ടന് എന്തോ ചോദിക്കാനുണ്ട് എന്ന് മുഖഭാവത്തില്‍ നിന്ന് മാഷിന്
മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു
“എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചു നിന്നില്ല.
“മാഷേ , എന്തുകൊണ്ടാണ് സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത് ”
മാഷ് കുസൃതിക്കുട്ടനെ നോക്കി .
അവന്‍ കാര്യമായിതന്നെ വന്നിരിക്കയാണെന്ന് മാഷിനു മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു തുടങ്ങി
“1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നത് . അതിപ്രശസ്തനായ
ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടുമായ ഡോക്ടര്‍ എസ് .
രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അദ്ധ്യാപക ദിനമായി
തിരഞ്ഞെടുത്തത് ”
“ആരാണ് ഇത് തിരഞ്ഞെടുത്തത് ? ശ്രീ രാധാകൃഷ്ണന്‍ തന്നെയാണോ? ”
“അതിനെപ്പറ്റി ഇങ്ങനെ ഒരു കഥയുണ്ട് . ശരിയാണോ എന്നറിഞ്ഞുകൂടാ . എന്നാലും
പറയുന്നു. ശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം
ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍
സെപ്തംബര്‍ അഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായല്ല മറിച്ച് അദ്ധ്യാപക ദിനമായി
ആചരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞുവെത്രെ!
അതിനെതുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി സെപ്തംബര്‍ അഞ്ച് ദേശീയ അദ്ധ്യാപക
ദിനമായി ആചരിച്ചു വരുന്നു”
“ഈ അദ്ധ്യാപകദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് മാഷേ ”
“അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ
കഴിവിന്റെ പരമാവധി , വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ
ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം .”
"മറ്റ് രാജ്യങ്ങളിലും സെപ്തംബര്‍ അഞ്ച് തന്നെയാണൊ അദ്ധ്യാപകദിനമായി
അചരിക്കുന്നത് ?"
“ പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത് ”
“ചില ഉദാഹരണം പറയാമോ ?”
“ഭൂട്ടാനില്‍ അദ്ധ്യാപകദിനം മെയ് 2 ന് ആണ് ആഘോഷിക്കുന്നത് “
“അതെന്താ ?”
“അവിടെ ആധുനിക വിദ്യാഭ്യാസം കൊണ്ടുവന്ന ഭൂട്ടാന്‍ രാജാവായ ജിഗ്‌മി
ഡോര്‍ജിയുടെ( Jigme Dorji Wangchuck) ജന്മദിനമാണ് അധ്യാപകദിനത്തിനായി
തിരഞ്ഞെടുത്തത് ”
“പാക്കിസ്ഥാനിലോ ? ”
മാഷിന് അതിലെ കൂരമ്പ് മനസ്സിലായെങ്കിലും അത് കാര്യമാക്കാതെ പറഞ്ഞു.
“ഒക്ടോബര്‍ അഞ്ച് ”
“ചൈനയില്‍ ?
“സെപ്തംബര്‍ 10 ന് ”
“പോളണ്ടിലോ ” കുസൃതിക്കുട്ടന്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശത്തിലെ
ശ്രീനിവാസനെ അനുകരിച്ച് ചോദിച്ചു
“ഒക്ടോബര്‍ 14 ന് ” മാഷ് അത് കാര്യമാക്കാതെ മറുപടി പറഞ്ഞു.
“ശ്രീലങ്കയിലോ മാഷേ ?”
“ഒക്ടൊബര്‍ 6 ന് “
“അതൊക്കെ പോകട്ടെ , ലോകത്തില്‍ പൊതുവായി അദ്ധ്യാപകദിനം
ആഘോഷിക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടോ ? ”
“ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത് ഒക്ടോബര്‍ 6 ന് ആണ്.”
“അത് എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയത് ? ”
“1994 മുതലാണ് ”
“ഏകദേശം എത്ര രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ലോക അദ്ധ്യാപകദിനമായി
ആഘോഷിക്കുന്നുണ്ട് ”
“ഏകദേശം നൂറോളം രാജ്യങ്ങള്‍ വരുമെന്നാണ് കണക്ക് ”
“ലോക അദ്ധ്യാപക ദിനമായി ഒക്ടോബര്‍ 6 ആയി തിരഞ്ഞെടുത്തതിന് പ്രത്യേക
കാരണമുണ്ടോ”
“ഉണ്ട് . 1966 ഒക്ടോബര്‍ 6 ന് യുനസ്കോയുടെ ഒരു പ്രത്യേക മീറ്റിംഗ് ‘അദ്ധ്യാപകരുടെ
സ്റ്റാറ്റസിനെ സംബധിച്ച നിര്‍ദ്ദേശങ്ങള്‍ ’ അംഗീകരിച്ചു. ഇതില്‍ അദ്ധ്യാപകരുടെ
ഉത്തരവാദിത്തത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നുണ്ട് . അതാണ് ആ
ദിനത്തിന്റെ പ്രത്യേകത.”
“മാഷേ ചില സ്കൂളുകളില്‍ ജൂലൈയില്‍ ഒരു ദിവസം അദ്ധ്യാപകദിനമായി
ആചരിക്കുന്നുണ്ടല്ലോ ?”
“അതെ , അത് ഗുരുപൂര്‍ണ്ണിമയാണ് ”
“അത് ഏതാണ് ആ ദിവസം ?”
“അത് ആഷാഢമാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് . ഈ വര്‍ഷം
ഗുരുപൂര്‍ണ്ണിമയായി വന്നത് ജൂലൈ 15 ന് ആണ്. ”
“അതെന്താ അന്നേ ദിവസം ആഘോഷിക്കുവാന്‍ കാരണം ? ”
“പരമ്പരാഗതമായി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അന്നേദിവസം തങ്ങളുടേ ഗുരുക്കന്മാരെ
പൂജിക്കാനും വന്ദിക്കാനും ഉപയോഗിക്കുന്നു. ”
“ബുദ്ധിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഈ ദിനം ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമായി
തെരഞ്ഞെടുത്തത് ? ”
“ബോധോദയത്തിനു ശേഷം , ശ്രീ ബുദ്ധന്‍ ബോധഗയയില്‍ നിന്ന് അഞ്ച് ആഴ്ചകള്‍ക്ക്
കഴിഞ്ഞ് സാരനാഥില്‍ എത്തി. ബോധോദയം ലഭിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ബോധോദയം
അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പഠിപ്പിക്കുക എളുപ്പമായിരിക്കുമെന്ന്
ബുദ്ധനു തോന്നി. അതിനാല്‍ അദ്ദേഹം ആ അഞ്ചുപേരെ കാണുകയും
ബോധോദയ-സത്യം ധരിപ്പിക്കുകയും ചെയ്തു. അവര്‍ ഈ പ്രപഞ്ച സത്യം
മനസ്സിലാകുകയും അവരും ബോധോദയത്തിനുടമകളാവുകയും ചെയ്തു. ഇതാണ് ബുദ്ധന്‍
സ്ഥാപിച്ച ആദ്യത്തെ സംഘം . ഈ അഞ്ചു ബുദ്ധസന്യാസിമാര്‍ക്ക് ബുദ്ധന്‍ ഉപദേശിച്ച
തത്ത്വങ്ങളാണ് പിന്നീട് ധമ്മകാക്കപ്പാവാട്ടാന സുത്ത (Dhammacakkappavattana
Sutta) എന്ന പേരില്‍ അറിയപ്പെട്ടത് . ഇത് നടന്നത് ആഷാഢമാസത്തിലെ
പൌര്‍ണ്ണമി ദിനത്തിലായിരുന്നു.”
“എന്നാല്‍ ഹിന്ദുക്കളോ ?”
“ ഈ ദിവസമാണ് മഹാഭാരതം എഴുതിയ കൃഷ്ണ ദ്വൈപായനവ്യാസന്‍ ,
പരാശരമഹര്‍ഷിയുടേയും മുക്കുവസ്ത്രീയുടെ മകളായ സത്യവതിയുടേയും മകനായി
ജനിച്ചത് . അതിനാല്‍ തന്നെ ഈ ദിവസത്തെ വ്യാസ പൂര്‍ണ്ണിമയായി
ആഘോഷിക്കുന്നു. വേദവ്യാസനാണ് എല്ലാ വേദസൂത്രങ്ങളെ സമാഹരിക്കുകയും
ഉപയോഗത്തിനനുസരിച്ച് അവയെ നാലാക്കി തിരിക്കുകയും ചെയ്തത്
വ്യാസമഹര്‍ഷിയെ ഗുരുക്കന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത് . ഗുരു വെന്നു
വെച്ചാല്‍ ജിവിതത്തില്‍ നിന്ന് അന്ധകാരം അകറ്റുന്ന വ്യക്തി എന്നാണ് അര്‍ഥമാക്കുന്നത് . ഗുരുദേവോ ഭവ എന്ന വാക്യം ഈ അവസരത്തില്‍ സ്മരണീയമാണ് ”
കുസൃതിക്കുട്ടന്‍ ഗൌരവത്തിലിരുന്നു
മാഷ് തുടര്‍ന്നു
“നേപ്പാളില്‍ ആഷാഢമാസത്തിലെ പൌര്‍ണ്ണമിദിനം തന്നെയാണ്
ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് . അവിടെ ഈ ദിവസത്തെ ആഷാഢ ശുക്ല
പൂര്‍ണ്ണിമ എന്നും പറയാറുണ്ട് .അന്നേദിവസം പുഷ്പങ്ങളും പഴങ്ങളുമൊക്കെ
അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ അര്‍പ്പിക്കുന്നു. ”
“അപ്പോള്‍ ഇന്ത്യയില്‍ വളരെ മുന്‍പേ തന്നെ അദ്ധ്യാപക ദിനം
ആഘോഷിച്ചിരുന്നുവെന്ന് പറയാമോ ? ”
“അങ്ങനെ ചോദിച്ചാല്‍ ഉണ്ട് എന്നു പറയാം ” മാഷ് തലയാട്ടിക്കൊണ്ടുപറഞ്ഞു.
“അപ്പോള്‍ പിന്നെ എന്തിനാണ് പുതിയ ഒരു അദ്ധ്യാപക ദിനം എടുത്തത് , മാഷേ ?”
“ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അത് മതേതര ഇന്ത്യയാണ് . അതുകൊണ്ടാണ്
പുതിയ ഒന്ന് കണ്ടെത്തേണ്ടിവന്നത് .”
“മാഷമ്മാര്‍ക്ക് ദിനമുണ്ട് ; പക്ഷെ വിദ്യാര്‍ത്ഥികള്‍ക്കോ ? അവര്‍ക്ക്
ആഘോഷിക്കുവാന്‍ ദിനമുണ്ടോ ?”
കുസൃതിക്കുട്ടന്‍ പരിഭവത്തൊടെ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ശിശുദിനത്തെക്കുറിച്ച് മറന്നോ ” മാഷ് ചോദിച്ചു.
“ഓ ശിശുദിനം........” കുസൃതിക്കുട്ടന്‍ എന്തോ ആലോചിച്ചവണ്ണം നിറുത്തി
പെട്ടെന്ന് മാഷിന്റെ ഭാര്യ പൂമുഖത്തേക്കുവന്നു .അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍
ഗുമസ്ഥപ്പണിയാണ് .
“നിങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സ് ഡേ യാ . അതായത്
ജോലിക്കും പോകേണ്ട പഠിക്കാനും പോകേണ്ട . പക്ഷെ , എന്റെ കാര്യം
അങ്ങനെയല്ല.”
“എന്തു പറ്റി ?” കുസൃതിക്കുട്ടന്‍ ചോദിച്ചു
“ഞങ്ങള്‍ ഗുമസ്ഥന്മാര്‍ക്ക് എന്ത് ഡേ യാ ഉള്ളത് ആഘോഷിക്കാന്‍ ? പത്തുതൊട്ട്
അഞ്ചുമണിവരെ എഴുത്തു പണി . ഞായറാഴ്ച മാത്രം അവധി. എന്നാല്‍ ഈ
മാഷന്മാര്‍ക്കോ ? എല്ലാ ശനിയാഴ്ചയും മുടക്ക് . ഓണം അവധി , ക്രിസ്തുമസ് അവധി,
പെരുന്നാ ള്‍ അവധി , സമ്മര്‍ വെക്കേഷന് രണ്ടുമാസം അവധി .... മഴ കൂട്ടിപ്പിടിച്ചാല്‍ അവധി .... ഇങ്ങനെ പോകുന്നു അവധി പരമ്പര ....”
“സറണ്ടര്‍ ലീവ് ഞങ്ങള്‍ക്ക് ഇല്ലേ “ മാഷ് പരിഹസിച്ചു കൊണ്ടു പറഞ്ഞു
“ഗുമസ്തന്മാര്‍ക്ക് ആഘോഷിക്കാന്‍ ഡേ ഇല്ലേ മാഷേ ”
മാഷ് തലയാട്ടി .
അത് ഉണ്ടെന്നോ , ഇല്ലെന്നോ എടുക്കാം എന്ന അര്‍ഥത്തില്‍........
ഉടന്‍ കുസൃതി ക്കുട്ടന്‍ പറഞ്ഞു .
“അതിനെന്താ ഇത്ര വിഷമിക്കാന്‍ മാഡം . പോയി ഒരു ടീച്ചറുടെ ജോലിക്ക് അപേക്ഷ
കൊടുക്ക് . ടെസ്റ്റ് എഴുത് . ജോലി നേട് .അല്ലാതെ അദ്ധ്യാപക സുഖത്തെക്കുറിച്ച്
അസൂയപ്പെടുകയല്ല വേണ്ടത് .”
പിന്നെ അവിടെ മാഷിന്റെ ഭാര്യ ചര്‍ച്ചക്കായി നിന്നില്ല.
അടുത്ത ദിവസം വിദ്യാര്‍ത്ഥി ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മാഷ് പറഞ്ഞു.
കുസൃതിക്കുട്ടന്‍ പോകാം നേരം പറഞ്ഞു
“മാഷിന്റെ ഭാര്യ പറഞ്ഞത് നേരാ . ”
ഒന്നു നിറുത്തി ഒരു കുസൃതിച്ചിരിയോടെ അവന്‍ തുടര്‍ന്നു.
“മാഷേ , എനിക്കും ഒരു മാഷാകണം ! ”
“ഉന്നത വിദ്യാഭ്യാസ രംഗത്തു നോക്കിക്കോ ” മാഷ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
അവന്‍ സമ്മതമാണെന്ന മട്ടില്‍ തലയാട്ടി നടന്നു പോയി
വാല്‍ക്കഷണം :
1.നിങ്ങളെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ ആരാണ് ?
2.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ ആരൊക്കെ ?
3. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് ?
4.നിങ്ങളുടേ അദ്ധ്യാപകര്‍ പറഞ്ഞു തന്ന ഏതെങ്കിലും ഒരു കാര്യം ഓര്‍മ്മയില്‍ വരുന്നുണ്ടോ ?
5.അത് നിങ്ങള്‍ നിങ്ങളുടേ കുടുംബാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ ?
6.നിങ്ങളുടെ ഏതെങ്കിലും അദ്ധ്യാപകരുമായി ഇപ്പോഴും ബന്ധമുണ്ടോ ?
7.നിങ്ങള്‍ പഠിച്ച ഏതെങ്കിലും ഒരു വിദ്യാലയമായി ഇപ്പോഴും ബന്ധമുണ്ടോ ?
8.ഒന്നാംക്ലാസിലെ നിങ്ങളുടേ ക്ലാസ് ലീഡര്‍ ആരായിരുന്നു?
9.പ്രൈമറി ക്ലാസുകളിലെ ഏതെങ്കിലുമൊരു പദ്യത്തിലെ നാലുവരി ചോല്ലാമോ ?
10.ആദ്യമായി ക്ലാസ് ഫോട്ടോ എടുത്തത് ഏത് ക്ലാസില്‍ വെച്ചാണ് ?
11.അത് നിങ്ങളുടേ കൈവശം ഇപ്പോഴും ഉണ്ടോ ?
12. ഇനിയും ഇങ്ങനെയുള്ള എത്രയോ ചോദ്യങ്ങള്‍ ? അവ നിങ്ങള്‍ക്ക് നിങ്ങളുടേതായി ഉണ്ടാക്കാവുന്നതേയുള്ളൂ . ഒരു അഞ്ചുമിനിട്ട് അതിനുവേണ്ടി നീക്കിവെച്ചുകൂടെ ?