അറ്റന്‍ഡന്‍സ് വിളിച്ചു.
തുടര്‍ന്ന് , മാഷിന്റെ സീറോ അവറിലേക്കു പ്രവേശിച്ചു.
അത് മാഷിന്റെ ക്ലാസിലെ മാത്രം ഒരു പ്രത്യേകതയാണ്.
എല്ലാ ദിവസവും ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പ് അഞ്ചുമിനിട്ടു സമയം അന്നത്തെ പത്രവാര്‍ത്തകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് കുട്ടികളെ സജ്ജരാക്കുക.
ചരിത്രാദ്ധ്യാപകനായ മാഷ് ഈ സമയത്താണ് തന്റെ പാഠഭാഗത്തെ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കാറ്.
പക്ഷെ , പതിവിനു വിപരീതമായി അന്നത്തെ സീറോ അവര്‍ നിര്‍ജ്ജിവമായിരുന്നു.
മാഷ് കാരണം അന്വേഷിച്ചു.
ഉടനടി ക്ലാസിലെ പത്രാധിപര്‍ എന്ന് മാഷ് വിളിച്ച് അഭിനന്ദിക്കാറുള ഹസ്സന്‍ എണീറ്റു നിന്നു .
( മാഷ് അവനെ അങ്ങനെ വിളിക്കാനൊരു കാരണമുണ്ട്.
ക്ലാസിലും സ്കൂളിലും ഉണ്ടാകുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍ ഒരു ചാര്‍ട്ട് പേപ്പറില്‍ എഴുതി കൊണ്ടുവന്ന് സ്കൂള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ ക്ലാസിന്റെ ചുമരില്‍ , ഹസ്സന്‍ പതിപ്പിക്കാറുണ്ട് )
മാഷ് ഹസ്സനോട് പറയാന്‍ ആഗ്യം കാട്ടി
“ഇന്ന് പ്രത്യകിച്ചൊരു വാര്‍ത്തയും ഇല്ല മാഷേ “ ഹസ്സന്‍ പറഞ്ഞു.
അങ്ങനെയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്.
മാഷിന്റെ സാമൂഹ്യം ക്ലാസില്‍ ചര്‍ച്ചക്ക് യോജിച്ച വാര്‍ത്തകള്‍ പത്രത്തില്‍ ഇല്ലാത്ത അവസ്ഥ.
അങ്ങനെയുള്ള ദിവസങ്ങളില്‍ , സമയം കളയാതെ പാഠഭാഗത്തേക്ക് കടക്കുകയാണ് പതിവ്.
അങ്ങനെ മാഷ് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന സമയത്ത് ,,,,,,,,
പെണ്‍പിള്ളേരുടെ ഭാഗത്ത് ,പിന്‍ബെഞ്ചില്‍ നിന്നൊരു കുശുകുശുപ്പ്...
മാഷ് കാര്യം അന്വേഷിച്ചു
ഉടന്‍തന്നെ ക്ലാസിലെ റോമില ഥാപര്‍ എന്ന് മാഷ് വിശേഷിപ്പിക്കാറുള്ള റാണി എണീറ്റുനിന്നു.
(അവളെ അങ്ങനെ വിളിച്ച് അഭിനന്ദിക്കാനും ഒരു കാരണമുണ്ട് .
സ്വന്തം കുടുബത്തിന്റെ അഞ്ച് തലമുറ ഉള്‍ക്കൊള്ളുന്ന ചരിത്രം പത്ത് എ ഫോര്‍ ഷീറ്റില്‍ എഴുതി തയ്യാറാക്കി ക്ലാസില്‍ അവതരിപ്പിവളാണ് റാണി.)
മാഷ് അവളോട് പറയാന്‍ ആഗ്യം കാണിച്ചു.
“ ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ”റാണി ചോദിച്ചു
ക്ലാസിലെ കുട്ടികള്‍ ഒരു നിമിഷം നിശ്ശബ്ദമായി ; പിന്നീട് പൊട്ടിച്ചിരിച്ചു.
കമന്റുകള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നു.
“ഉച്ചക്കഞ്ഞിക്കു ചരിത്രമോ ?”
“ഉച്ചക്കഞ്ഞിക്കു ചരിത്രമില്ല ; കാരണം അത് പിറ്റേദിവസത്തേക്ക് കേടാവും “
“അലക്സാണ്ടര്‍ക്കും അശോകനുമൊക്കെ ചരിത്രം ഉണ്ട് ; പക്ഷെ ഉച്ചക്കഞ്ഞിക്ക് ............”
വീണ്ടും ചിരി
“ഏത് കഞ്ഞിയാണാവോ ഉച്ചക്കഞ്ഞിയുടെ ചരിത്രം എഴുതിയത് ?”
മാഷ് കുട്ടികളെ ഒരു വിധം നിയന്ത്രിച്ചിരുത്തി.
ആസമയത്ത് മാഷ് ആലോചിച്ചു.
റാണി ചോദിച്ചതു ശരിയല്ലേ
ഉച്ചക്കഞ്ഞിക്കും ചരിത്രമില്ലേ ?
എന്നാണ് അത് തുടങ്ങിയത് ?
ആരാണ് അത് ആരംഭിച്ചത് ?
ഒന്നിനും ഉത്തരം മാഷിന്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല.
അതിനാല്‍ മാഷ് അടുത്തദിവസം ഉച്ചക്കഞ്ഞി ചരിത്രം അന്വേഷിച്ച് പറഞ്ഞുതരാമെന്നു പറഞ്ഞ് പാഠമെടുത്തു തുടങ്ങി.
******************************
***************************************************************
******************************
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്‍ സമയം .
സ്റ്റാഫ് റൂമില്‍ മാഷന്മാരുടെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു.
പലരും സ്വന്തം സീറ്റില്‍ ഇരിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഹിസ്റ്ററി മാഷ് ഉച്ചക്കഞ്ഞി ചരിത്രത്തെക്കുറിച്ച് സ്റ്റാഫ് റൂമില്‍ ഒന്നു സെര്‍ച്ച് ചെയ്താലോ എന്ന് തീരുമാനിച്ചു.
സംഗതി മാഷ് തന്നെ ചര്‍ച്ച എടുത്തിട്ടു.
മാഷ് കാലത്ത് ക്ലാസ് മുറിയില്‍ സംഭവിച്ച കാര്യം പറഞ്ഞു.
“ ഇനിപ്പോ എവിടന്നാ അറിയാ ?” എന്ന മുഖവുരയോടെ മാഷ് അവസാനിപ്പിച്ചു.
“അത് ഇപ്പോ അറിയാനൊന്നു മില്ല ” എന്ന മുഖവുരയോടെ മലയാളം മാഷ് പറഞ്ഞു
“ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്നുവെച്ചാല്‍ .... ഇന്നത്തെ ഉച്ചക്കഞ്ഞി പണ്ടത്തെ ഉപ്പ് മാവ് ആണ്”
“ അതെയതെ “ ഡ്രോയിംഗ് മാഷ് ആ പ്രസ്താവന ശരിവെച്ചു.
“ ഉച്ചക്കഞ്ഞിയെക്കുറിച്ച് ഒരു പഴഞ്ചൊല്ലുണ്ട് “ മലയാളം മാഷ് പറഞ്ഞു
അതെന്താ എന്നായി എല്ലാരും
മലയാളം മാഷ് തുടര്‍ന്നു.
“ ഇത് പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കഥയാ . ഉച്ചഭക്ഷണത്തിന് ദാരിദ്രമുള്ള കാലം . പല കുട്ടികളുംഉച്ചഭക്ഷണമായി സ്കൂളില്‍ നിന്ന് ഉപ്പുമാവ് ലഭിക്കുമെന്നുള്ളതുകൊണ്ട് സ്കൂളില്‍ വന്നിരുന്ന ഒരു കാലം . ഒരിക്കല്‍ ഒരു കുട്ടിക്ലാസില്‍ വരാതായപ്പോള്‍ ഞാന്‍ അന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ അവന്‍ പറയുകയാ ..... ആ സ്കൂളിലെ ഉപ്പുമാവും വേണ്ട ; മാഷിന്റെ അടീം വേണ്ട എന്ന് “
ഇത് സ്റ്റാഫ് റൂമില്‍ പൊട്ടിച്ചിരി ഉയര്‍ത്തി.
“ ഹൌ , എന്നാലും അന്നത്തെ ഉപ്പുമാവിന് ഒരു പ്രത്യേക ടേസ്റ്റ് തന്ന്യാ “ ഡ്രോയിംഗ് മാഷ് ഓര്‍ത്തുകൊണ്ടു പറഞ്ഞു.
ഇത് അവിടെ ഒരു നിശ്ശബ്ദത പരത്തി.
******************************
***************************************************************
******************************
മാഷ് വീട്ടിലെത്തി .
പതിവിന്‍പടിയുള്ള ജോലിയൊക്കെ വേഗത്തില്‍ തീര്‍ത്തു.
തുടര്‍ന്ന് കമ്പ്യൂട്ടറുനു മുന്‍പില്‍ ചെന്ന് സെര്‍ച്ച് ചെയ്യാനിരുന്നു.
തുടര്‍ന്ന് കണ്ടെത്തിയ കാര്യങ്ങള്‍ രസകരമായിരുന്നു.
******************************
***************************************************************
******************************
1923 ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് ആരംഭിച്ചത്.
ഈ പരിപാടി വലിയ തോതില്‍ ആരംഭിച്ചത് 1960 ല്‍ കെ . കാമരാജ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പക്ഷെ , ഉച്ചഭക്ഷണ പരിപാടി വ്യാപകമായി നടപ്പിലാക്കിയത് 1982 ല്‍ എം .ജി .രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹം സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പ്രോഗ്രാം 1982 ല്‍ നടപ്പിലാക്കി
പിന്നീടത് പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കുമായി വ്യാപിപ്പിച്ചു.
കാമരാജ് ഉച്ചഭക്ഷണ പരിപാടി തുടങ്ങിയതിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട് .
തിരുനെല്‍വേലി ജില്ലയിലെ Cheranmahadevi എന്ന ഗ്രാമത്തില്‍ ( ഇപ്പോള്‍ ഇത് പട്ടണമാണ് ) നിന്നാണ് കഥ തുടങ്ങുന്നത് .
കാമരാജ് ലാളിത്യത്തില്‍ വിശ്വസിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ചുവന്ന വിളക്ക് മുകളില്‍ വെച്ചുള്ള കാര്‍ യാത്രക്കായി ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല യാത്രചെയ്യുമ്പോള്‍ മറ്റ് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.
ഇങ്ങനെയുള്ള ഒരു യാത്രയില്‍ ശ്രീ കാമരാജിന് ഒരു റയില്‍വേ ലവല്‍ ക്രോസില്‍ തന്റെ വാഹനം നിറുത്തി ട്രെയിന്‍ പോകൂന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു.
അദ്ദേഹം താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നിറങ്ങി.
കുറച്ചു കുട്ടികള്‍ അവിടെ ആടുകളേയും പശുക്കളേയും മേക്കുന്നത് അദ്ദേഹം കണ്ടു.
അതില്‍ ഒരു കുട്ടിയോട് കാമരാജ് ചോദിച്ചു
നീയെന്താണ് സ്കൂളില്‍ പഠിക്കുവാന്‍ പോകാതെ പശുവിനെയും കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്ന്
കുട്ടി ചോദിച്ച മനുഷ്യനെ നോക്കി .
കുട്ടിക്ക് അറിയുമായിരുന്നില്ല തന്നോട് ചോദ്യം ചോദിച്ച മനുഷ്യന്‍ മദ്രാസ്
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം!
അതുകൊണ്ടുതന്നെ ഉടനടി കുട്ടിയുടെ മറുപടി വന്നു.
ഞാന്‍ സ്കൂളില്‍ പോയാല്‍ നിങ്ങള്‍ എനിക്ക് ഭക്ഷണം തരുമോ എന്ന്
ഈ മറുപടിയാണത്രെ കാമരാജിനെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി തുടങ്ങുവാന്‍ പ്രേരിപ്പിച്ചത് .
******************************
***************************************************************
******************************
കേരളത്തിലെ ഉച്ചക്കഞ്ഞി ചരിത്രം ഇപ്രകാരം :
1961-62 ല്‍ G.O. (Rt) No. 2013/61 Edn.dated 31-8-1961 പ്രകാരം സംസ്ഥാനത്തെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി ( ഉപ്പുമാവ് )ആരംഭിച്ചു.
ഇതിനുവേണ്ട ഭൌതിക സഹായം നല്‍കിയത് CARE (Co-operative for American Relief Everywhere) ആണ്.
പക്ഷെ , അവര്‍ 1984 ല്‍ ഇതിനുള്ള സഹായം പിന്‍വലിച്ചു; 1986 ല്‍ പൂര്‍ണ്ണമായി ഈ രംഗത്തുനിന്നും പിന്‍വലിഞ്ഞു.
പാവപ്പെട്ടവരും ആവശ്യമുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ സംഘടനയുടെ സഹായം വളരേ ഉപകാരപ്രദമായിരുന്നു.
എന്നാല്‍ CARE പിന്‍വാങ്ങിയതോടുകൂടി സര്‍ക്കാര്‍ ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരായി.
അങ്ങനെ 1-12-1984 ഉച്ചക്കഞ്ഞി എന്നപേരില്‍ ഉച്ചഭക്ഷണപരിപാടി കേരളത്തിലെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ആരംഭിച്ചു.
31-12-1985 ല്‍ കേരളത്തിലെ സര്‍ക്കാര്‍ , എയ്‌ഡഡ് സ്കൂളുകളിലും ഉച്ചക്കഞ്ഞി പരിപാടി തുടങ്ങി.
15-8-1987 മുതല്‍ ഉച്ചക്കഞ്ഞി പരിപാടി യു .പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചൂ. അങ്ങനെ കഞ്ഞിയും ചെറുപയറുമായി ഈ പദ്ധതി മുന്നേറി.
******************************
***************************************************************
******************************
സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം :-
2001 ഏപ്രിലില്‍ People’s Union for Civil Liberties (Rajasthan) എന്ന സംഘടന ഭക്ഷണത്തിനുള്ള അവകാശം എന്നപേരില്‍ പ്രസിദ്ധമായ ഒരു ലോസ്യൂട്ട് സുപ്രിംകോടതിയൂടെ മുന്നില്‍ കൊണ്ടുവന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുവാന്‍ നിര്‍ദ്ദേശം കോടതിയില്‍ നിന്ന് ഉണ്ടായി .
അതോടെ ഉച്ചഭക്ഷണ പരിപാടിക്ക് നിയമപരമായ ഒരു പരിവേഷം കൂടി ലഭിച്ചു.
******************************
***************************************************************
******************************
ഉച്ചക്കഞ്ഞിയും സര്‍.സി.പി . രാമസ്വാമി അയ്യരും :
1936 മുതല്‍ 1947 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു സര്‍.സി.പി . രാമസ്വാമി അയ്യര്‍.
അദ്ദേഹം പല പരിഷ്കാരങ്ങളും അവിടെ നടപ്പിലാക്കിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം (1936), പ്രായപൂര്‍ത്തി വോട്ടവകാശം , വധശിക്ഷ ഒഴിവാക്കല്‍ എന്നിവ അദ്ദേഹം
നടപ്പിലാക്കി.
അദ്ദേഹം നടപ്പിലാക്കിയ മറ്റൊരു കാര്യം കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതിയായിരുന്നു. അത് അയിത്തോച്ചാടനത്തിന്
സഹായിച്ചിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?
******************************
***************************************************************
******************************
മാഷ് പിറ്റേന്ന് സ്കൂളിലെത്തി .
സീറോ അവര്‍ സമയത്ത് ...
ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളൊക്കെ അവതരിപ്പിച്ചു.
അതിനുശേഷം .........
കുട്ടികളെ നോക്കി .
അവര്‍ താല്പര്യത്തോടെ നോക്കി ശ്രദ്ധിച്ചിരിക്കയായിരുന്നു.
തുടര്‍ന്ന്
ഹസ്സന്‍ എണീറ്റുനിന്നു
മാഷ് പറയാന്‍ ആഗ്യം കാണിച്ചു.
ഹസ്സന്‍ തുടര്‍ന്നു
“ മാഷെ ഞങ്ങളും ചോദിച്ചു ഈ ഉച്ചക്കഞ്ഞിയുടെ ചരിത്രം . ഉപ്പുമാവിന്റെ കാര്യം ഈ നാട്ടുകാരൊന്നും തന്നെ മറന്നിട്ടില്ല
മാഷേ . ഇന്നത്തെ വലിയ പണക്കാരൊക്കെ പണ്ട് സ്കൂളില്‍ നിന്ന് ഉപ്പുമാവ് കഴിച്ചവരായിരുന്നു.”
“ കഴിഞ്ഞ മാസം നമ്മുടെ സ്കൂളിലേ ഉച്ചക്കഞ്ഞി ഫണ്ടിലേക്ക് പതിനായിരരൂപ സംഭാവന ചെയ്ത ആള്‍ പണ്ട് സ്കൂളില്‍
നിന്ന് ഉപ്പുമാവ് കഴിച്ചിരുന്നുവെത്രെ!”
ക്ലാസ് മൌനത്തിലായി .
മാഷിനും തൃപ്തി തോന്നി.
കുട്ടികളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയിരിക്കുന്നു.
വിവരശേഖരണം അത്തരത്തിലും ആകാമല്ലോ ?
തുടര്‍ന്ന് മാഷ് സീറോ അവറില്‍ നിന്ന് പാഠഭാഗത്തേക്കു പോയി .
******************************
***************************************************************
******************************
വാല്‍ക്കഷണം :
ഉപ്പുമാവിന്റെ ഇംഗ്ലിഷ് എന്താ ?
ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയില്‍ മോഹന്‍ ലാല്‍ എന്ന അദ്ധ്യാപകന്‍ ഉത്തരമായി പറഞ്ഞത് ഇങ്ങനെയാണ്
“സാള്‍ട്ട് മാംഗോ ട്രീ “
എന്നാല്‍
കഞ്ഞിയുടെയുടെ ഇഗ്ലീഷ് എന്താ ?
ചിരട്ടപ്പൂട്ടിന്റെ ഇംഗ്ലീഷ് പറയുകയാണെങ്കില്‍ പറഞ്ഞു തരാം കേട്ടോ .
No comments:
Post a Comment