Wednesday, 17 November 2010

43. സി.വി.രാമനും ഫിസിക്സ് ടെക് സ്റ്റ് ബുക്കും പിന്നെ അല്പം വനിതാ സംവരണവും


പതിവുപോലെ ആദ്യത്തെ പിരീഡ്
ഫിസിക്സ് മാഷ് അന്ന് വല്ലാത്ത ഉഷാറിലായിരുന്നു.
കാരണമെന്തെന്നോ ?
സി.വി രാമനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുവാന്‍ മാഷ് തയ്യാറായി വന്നിരുന്നു.
അതിന് ഒരു പ്രത്യേക സാഹചര്യവുമുണ്ടായിരുന്നു.

നവംബര്‍ ഏഴ് സി.വി രാമന്റെ ജന്മദിനമാണ്.
അതുകൊണ്ടു തന്നെ അതോടനുബന്ധിച്ച് ചില കാര്യങ്ങള്‍ മാഷിന് ക്ലാസില്‍ പറയണമെന്നുണ്ടായിരുന്നു.
അങ്ങനെ മാഷ് പറഞ്ഞു തുടങ്ങി .
സി . വി . രാമനെക്കുറിച്ച് ..
വളരെ ചെറുപ്രായത്തില്‍ ഡയനാമോ നിര്‍മ്മിച്ചതിനെക്കുറിച്ച്..
പതിനൊന്നാമത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായതിനെക്കുറിച്ച് ...
ഇപ്പോഴത്തെ കുട്ടികള്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പത്താം ക്ലാസ് പാസ്സാകുന്നത്
രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തെക്കുറിച്ച് ...
കടലിന് നീ‍ലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം
എന്നതിനെക്കുറിച്ച് ........
രാമന്റെ കണ്ടുപിടുത്തങ്ങള്‍ക്കു കാരണം രാമന്‍ തന്നെയാണൊ എന്ന് പലരും സംശയിച്ചതിനെക്കുറിച്ച്....
1930 ല്‍ രാമന് ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...

1983 ല്‍ ഇന്ത്യന്‍ വംശജനും അമേരിക്കക്കാരനുമായ എസ് . ചന്ദ്രശേഖറിന് നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് ...
അത് നക്ഷത്രങ്ങളുടെ പരിണാമം എന്ന വിഷയത്തിനായിരുന്നു എന്നതിനെക്കുറിച്ച് .........
എസ് . ചന്ദ്രശേഖറിന്റെ പിതാവിന്റെ സഹോദരന്റെ പുത്രനായിരുന്നു സി. വി രാമന്‍ എന്നതിനെക്കുറിച്ച്

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേശ് ശര്‍മ്മയെക്കുറിച്ച് ....
അദ്ദേഹം ലോകത്തിലെ 138 മത് ബഹിരാകാശ സഞ്ചാരിയായിരുന്നു എന്നതിനെക്കുറിച്ച്
രവീശ് മല്‍ഹോത്രയെക്കുറിച്ച് ...
രാകേശ് ശര്‍മ്മക്കും രവീശ് മല്‍ഹോത്രക്കും ഒരുമിച്ചാണ് ബഹിരാകാശ യാത്രക്കുള്ള ട്രെയിനിംഗ് നല്‍കിയിരുന്നത്
എന്നതിനെക്കുറിച്ച് ....
ബഹിരാകാശ യാത്രക്കുള്ള നറുക്ക് വീണത് രാകേശ് ശര്‍മ്മക്കായിരുന്നു എന്നതിനെക്കുറിച്ച് ...

ഇന്ത്യയുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാ‍രിയാ‍യ കല്‍പ്പനാ ചൌളയെക്കുറിച്ച് ...
രണ്ടാമത്തെ ബഹിരാകാശയാത്രയില്‍ അവരുടെ മരണത്തെക്കുറിച്ച്
ഒക്കെ പറഞ്ഞു.
അവസാനം ..........
മാഷ് പറഞ്ഞ കാര്യങ്ങള്‍ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി.
അപ്പോള്‍ ആണ്‍കുട്ടികളുടെ ഭാഗത്ത് പിന്‍‌ബെഞ്ചില്‍ ഒരു കുശുകുശുപ്പ് ......
മാഷ് ഒരു മിനിട്ടുനേരം ക്ഷമിച്ചു.
രക്ഷയില്ല പിന്നേയും തുടരുന്നു; കുശുകുശുപ്പ്
അപ്പോള്‍ മാഷ് കാര്യം അന്വേഷിച്ചു.
പിന്‍ ബെഞ്ചിലെ ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു .
“മാഷേ , കല്പന ചൌളയുടെ ചിത്രം പുസ്തകത്തിലുണ്ട് , പക്ഷെ , രാകേശ് ശര്‍മ്മയുടെ ഇല്ല . അതെന്താ മാഷേ കാരണം

“അപ്പോഴാണ് മാഷ് അക്കാര്യം ശ്രദ്ധിച്ചത്
“ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിക്കാണോ അതോ വനിതാ ബഹിരാകാശ സഞ്ചാരിക്കാണൊ കൂടുതല്‍
പ്രാധാന്യം മാഷേ “
മാഷ് കുഴങ്ങി .
കുട്ടികള്‍ അത് മനസ്സിലാക്കിയെന്നു തോന്നുന്നു.
അപ്പോള്‍ ആണ്‍ പിള്ളേരുടെ ഭാഗത്തുനിന്ന് വേറൊരു കമന്റ്
“ ഇതില്‍ വനിതാ സംവരണ പ്രശ്നം വല്ലതും ഉണ്ടോ മാഷേ “
ക്ലാസില്‍ കൂ‍ട്ടച്ചിരി
മാഷിന് ഉത്തരം പറയാനായില്ല ; അതുകൊണ്ടു തന്നെ തറപ്പിച്ചൊന്നു നോക്കി.
അപ്പോഴതാ വേറെ ഒരുത്തന്‍ എണീറ്റു നില്‍ക്കുന്നു
മാഷിന് അസ്വസ്ഥത തോന്നി.
എങ്കിലും അത് കാണിച്ചില്ല ; പുതിയ പഠനരീതിക്ക് കുട്ടികളുടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്യമുണ്ടല്ലോ
“ ആദ്യം ഫിസിക്സില്‍ നോബല്‍ സമ്മാനം ലഭിച്ചത് സര്‍ . സി.വി .രാമന് ആണ്. എന്നിരിക്കെ ഇന്ത്യന്‍
വംശജനാണെങ്കിലും , ജനിച്ചത് ലാഹോറിലാണെങ്കിലും , അമേരിക്കക്കാരനായ എസ് . ചന്ദ്രശേഖറിന്റെ ചിത്രവും
ജീവചരിത്രവും നമ്മുടെ പുസ്തകത്തിലുണ്ട് . ഇത് ശരിയാണോ മാഷേ “
മാഷ് അത് കേട്ട് ഞെട്ടി .
‘കുട്ടികളില്‍ ദേശസ്നേഹം സി.വി.രാമനിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് മാഷ് മനസ്സിലാക്കി.
മാഷ് അപ്പോഴാണ് ചിന്തിച്ചത് .
കുറേ വര്‍ഷങ്ങളായി താന്‍ ഫിസിക്സ് പഠിപ്പിച്ചു തുടങ്ങിയിട്ട് .
റിട്ടയര്‍ ചെയ്യുവാന്‍ ഇനി രണ്ടോ മൂന്നോ വര്‍ഷം മാത്രം .
എന്നുവരികിലും രാമന്‍ പ്രഭാവത്തെക്കുറീച്ചോ , അല്ലെങ്കില്‍ സര്‍ . സി. വി . രാമനെക്കുറിച്ചോ ഫിസിക്സ് പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നില്ല എന്ന കാര്യം മാഷ് ഓര്‍ത്തു.
ഇനി താന്‍ പഠിക്കുമ്പോഴത്തെ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നുവോ ?
മാഷ് ഓര്‍ത്തു.
അതും ഇല്ല എന്നു തന്നെ ഉത്തരം
ഇനി...........
കുട്ടികളോട് എന്ത് ഉത്തരം പറയും ?
അങ്ങനെ ചിന്തിച്ചിരിക്കേ .....
പിരീഡ് അവസാനിച്ചെന്നറിയിക്കുന്ന മണി മുഴങ്ങി.
അത് തല്‍ക്കാലം മാഷിനെ രക്ഷപ്പെടുത്തി.

No comments:

Post a Comment