Thursday 18 November 2010

46. ചന്ദ്രന്‍ ഭൂമിയില്‍ പതിക്കാത്തതെന്തുകൊണ്ട് ?

സ്ഥലം : ഒമ്പതാം ക്ലാസ്
സമയം : ഒന്നാമത്തെ പിരീഡ്
ക്ലാസ് ടീച്ചറായ ഫിസിക്സ് മാഷ് ക്ലാസില്‍ പ്രവേശിച്ചു.
കുട്ടികളുടെ അറ്റന്‍ഡന്‍സ് എടുത്തു.
തുടര്‍ന്ന് , സമയക്കുറവുകാരണം , ‘സീറോ അവര്‍‘ വേണ്ടെന്നുവെച്ച് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന
നേരം...................
ആണ്‍കുട്ടികളുടെ ഭാഗത്ത് രണ്ടാമത്തെ ബഞ്ചില്‍ അറ്റത്തിരിക്കുന്ന നിസ്സാമുദ്ദീന്‍ എണിറ്റുനിന്നു.
അവന്‍ എന്തെങ്കിലും പറയുവാന്‍ എണീറ്റുനിന്നാല്‍ മാഷിന് ചങ്കിടിപ്പാണ് .
കാരണം കാര്യമായ പ്രശ്നം ഉണ്ടായിരിക്കും .
കറുത്ത് , മെലിഞ്ഞ് ,ഉയരം കുറഞ്ഞ ,കുറ്റിത്തലമുടിയുള്ള നിസ്സാമുദ്ദീനെ മാഷ് പലപ്പോഴും സങ്കല്പിക്കാറ് നിസ്സാമുദ്ദീന്‍
എക്സ്‌പ്രസ്സ് ആയിട്ടാണ് .
ദിവസത്തിന്റെ തുടക്കത്തില്‍ അവന്‍ എണീറ്റുനിന്നപ്പോള്‍ മാഷ് അവനെ സംസാരിക്കുവാന്‍ അനുവദിച്ചില്ല.
തുടക്കം തന്നെ ഒരു പ്രശ്നത്തിലൂടെ ആവണ്ട എന്നു കരുതി.
മാഷ് നിസ്സാമുദ്ദിനെ വീണ്ടും നോക്കി.
അവന്‍ മാഷിനെ രൂക്ഷമായി നോക്കുന്നുണ്ട് .
മാത്രമല്ല ; തൊട്ടടുത്തിരിക്കുന്ന ഭരതിനോട് എന്തോ കുശുകുശുക്കുന്നുമുണ്ട് .
സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണര്‍ എന്ന സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്സിനോടുള്ള ആരാധന
നിമിത്തമാണ് തനിക്ക് ആ പേര്‍ ഇട്ടതെന്ന് ഭരത് കുട്ടികളോടും മാഷിനോടുമൊക്കെ സ്വകാര്യ സംഭാഷണത്തില്‍
പറഞ്ഞീട്ടുണ്ട് .
അതുകൊണ്ടുതന്നെ ക്ലാസില്‍ സുരേഷ് ഗോപിയുടെ പോലീസ് ശൈലിയിലാണ് അവന്റെ നടപ്പും പെരുമാറ്റവുമെല്ലാം .
അങ്ങനെയുള്ള ഭരതിനോടാണ് മാഷ് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യം പൊതുവില്‍ ഒരു വിമതനായ നിസ്സാമുദ്ദീന്‍ ഷെയര്‍ ചെയ്യുന്നത് !
പോലീസും വിമതനും തമ്മിലുള്ള കോമ്പിനേഷന്‍ .......
അതും വെറും പൊലീസല്ല ; സുരേഷ് ഗോപി പോലീസാണ്!
അതുകൊണ്ടുതന്നെ മാഷിന് തോന്നി ; പ്രശ്നം നയത്തില്‍ കൈകാര്യം ചെയ്യുന്നതാണ് ബുദ്ധിയെന്ന് !
മാഷ് നിസ്സാമുദ്ദീനെ സംസാരിക്കാന്‍ അനുവദിച്ചു.
അവന്‍ രോഷം അടങ്ങിയ മട്ടില്‍ പറഞ്ഞു.
“മാഷേ , സൂര്യന്‍ ഭൂമിയെ ആകര്‍ഷിക്കുന്നുണ്ട് . ഭൂമി സൂര്യനു ചുറ്റും കറങ്ങുകയും ചെയ്യുന്നു ; അതുപോലെ തന്നെ മറ്റ്
ഗ്രഹങ്ങളും . പക്ഷെ,എന്തുകൊണ്ടാണ് ഈ ഭൂമിയും ഗ്രഹങ്ങളും സൂര്യനിലേക്ക് അടുക്കാത്തത് ?”
മാഷിന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത് .
കാര്യം ഇത്രയേ ഉള്ളൂ !
താന്‍ വിചാരിച്ചത് എന്തെങ്കിലും ഡിസിപ്ലിന്‍ പ്രശ്നമായിരിക്കുമെന്നാണ്
അടിപിടി , അശ്ലീല ഭാഷ സംസാരിക്കല്‍ , പെണ്‍കുട്ടികളുമായുള്ള പ്രശ്നം ....
ഇത്തരം പ്രശ്നങ്ങളുടെ പേരിലാണ് ഇതേവരേക്കും നിസ്സാമുദ്ദീനെ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ളത് .
അതും അവന്‍ സ്വന്തം പ്രശ്നത്തിന്റെ പേരിലല്ല ; മറിച്ച് കൂട്ടുകാരുടെ പ്രശ്നത്തിന്റെ പേരിലാണ് പലപ്പോഴും കുഴപ്പങ്ങള്‍
ഉണ്ടാക്കിയിട്ടുള്ളത് .
താന്‍ വെറുതെ , അതുമിതുമൊക്കെ ചിന്തിച്ചൂ ; തന്റെ തെറ്റായ ഒരു മുന്‍‌വിധി!
എന്തായാലും മാഷിന് ആശ്വാസമായി .
പയ്യന്‍സ് നല്ലകാര്യങ്ങള്‍ക്ക് ഒരുങ്ങിത്തുടങ്ങിയല്ലോ .
തുടര്‍ന്ന് മാഷ് നിസ്സാമുദ്ദീനെ പുകഴ്‌ത്തി സംസാരിച്ചു.
ഇങ്ങനെ തന്നെ വേണമെന്നു പറഞ്ഞു.
പാഠഭാഗവുമാ‍യി ബന്ധപ്പെട്ട വേറിട്ട ചിന്തകള്‍ നല്ലതാണെന്ന് പറഞ്ഞു.
ഇത്തരം രീതി മറ്റുള്ളവര്‍ അനുകരിക്കണമെന്നും പറഞ്ഞു.
തുടര്‍ന്ന് നിസ്സാമുദ്ദീന്‍ ഉന്നയിച്ച ചോദ്യത്തിന് മാഷ് ഉത്തരം നല്‍കി.
വസ്തുക്കളുടെ വര്‍ത്തുള ചലനത്തെക്കുറിച്ച് ........
ഒരു കല്ലില്‍ നൂലുകെട്ടി കറക്കിയാല്‍ കല്ല് കയ്യിലേക്കുവരുന്നില്ല എന്നതിനെക്കുറിച്ച്.......

വളരെ ചെറിയ ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് മേല്‍ കീഴായി കറക്കിയാല്‍ , ബക്കറ്റ് മുകളിലെത്തിയാലും വെള്ളം
താഴേക്കു പതിക്കുന്നില്ല എന്നതിനെക്കുറിച്ച് ...........
ഫാന്റസി പാര്‍ക്കിലും വീഗാലാന്‍ഡിലുമൊക്കെയുള്ള കറങ്ങുന്ന ജയന്റ് വീലില്‍ ( യന്ത്ര ഊഞ്ഞാല്‍ ) കുട്ടികള്‍മുകളിലെത്തിയാലും താഴെ വീഴാത്തതിനെക്കുറിച്ച്............

അഭികേന്ദ്രബലത്തെക്കുറിച്ച് ...........
അപകേന്ദ്രബലത്തെക്കുറിച്ച് .................
പക്ഷെ , ഇപ്പോഴത്തെ പുതിയ പാഠപുസ്തകത്തില്‍ ഇതിനെക്കുറിച്ചൊന്നും ഇല്ലെന്നും പത്തുകൊല്ലം മുന്‍പത്തെ
പാഠപുസ്തകത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് .................
ഒക്കെ , ഒക്കെ ...... വിശദമായി സംസാരിച്ചു .
എല്ലാ കുട്ടികളും മാഷിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അവസാനം മാഷ് വിശദീകരണം അവസാനിച്ചപ്പോള്‍ .........
ഭരത് ഒരു എസ് .ഐ യുടെ സ്റ്റൈലില്‍ എണീറ്റുനിന്നു.
മാഷിന് സന്തോഷമായി
ഇതിനെക്കുറിച്ച് സംശയം വല്ലതും ചോദിക്കാനാവും ?
ശ്രദ്ധിച്ചിരിക്കുന്നവനല്ലേ സംശയമുണ്ടാവൂ.
മാഷ് ഭരതിനെ പ്രോത്സാഹിപ്പിച്ചു.
ഭരത് എണീറ്റുനിന്നു; ചുറ്റും നോക്കി ; അതിനുശേഷം പറഞ്ഞു.
“ മാഷേ , അപ്പോള്‍ ഇതുതന്നെയായിരിക്കുമോ ചന്ദ്രന്‍ ഭൂമിയില്‍ വീഴാത്തതിനു കാരണം ?”
ഈ ചോദ്യം കേട്ടവഴി മാഷ് ആപത്ത് മണത്തു.
മാഷ് ക്ലാസിനെ സശ്രദ്ധം വീക്ഷിച്ചു ; സര്‍വ്വത്ര നിശ്ശബ്ദത !!
എല്ലാകുട്ടികളും മാഷിനെ ശ്രദ്ധിക്കുന്നുണ്ട് .
ഭരത് ഇപ്പോള്‍ ഒരു ഹീറോയിന്റെ പരിവേഷത്തിലാണ് നില്പ് .
ഈ ചോദ്യം ഫസ്റ്റ് ടേമില്‍ പരീക്ഷക്ക് ഉണ്ടായിരുന്നതാണ്
പരീക്ഷപേപ്പര്‍ നോക്കികൊടുക്കുകയും മാര്‍ക്ക്‍ലിസ്റ്റ് തയ്യാറാക്കി കഴിയുകയുമൊക്കെ ചെയ്തു.
അന്നേ തന്നെ ടീച്ചേഴ്‌സിന്റെ ഇടയില്‍ ഈ ചോദ്യത്തിനെക്കുറിച്ച് സംസാരം ഉണ്ടായിരുന്നതാണ് .
പക്ഷെ , മാഷ് തന്റെ ക്ലാസില്‍ ‘ഈ പ്രശ്നം ’ നയത്തില്‍ കൈകാര്യം ചെയ്തു എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഈ
ഉല്‍ക്കാപതനം !
എന്തായാലും ഭരതിന്റെ ചോദ്യത്തിന് മറുപടി പറയാതെ പറ്റില്ലല്ലോ .
അതിനാല്‍ മാഷ് അതേ എന്ന് തലയാട്ടി.
അതാണല്ലോ ഏറ്റവും ഷോര്‍ട്ടസ്റ്റ് ! !
പെട്ടെന്ന് കുട്ടികള്‍ക്കിടയില്‍ കുശുകുശുപ്പ് !
നിസ്സാമുദ്ദീന്‍ പെട്ടെന്ന് ചാടി എണീറ്റു.
മാഷ് ഈ വിമത ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല.
“ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴുന്ന കാര്യം മാഷ് പഠിപ്പിച്ചിരുന്നില്ല , അപ്പോള്‍ മാഷ് പഠിപ്പിക്കാത്തേന്നാ ചോദ്യം വന്നേ “
“ പഠിപ്പിച്ചീല്ലെങ്കിലും സാരമില്ല , പുസ്തകത്തിലും ഇക്കാര്യം ഇല്ല.” ഭരത് ആക്രോശിക്കുകയാണ്.
ഫിസിക്സില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഇവര്‍ക്ക് നല്ല ഡോസ് കിട്ടിയിട്ടുണ്ടായിരിക്കുമോ ?
മാഷ് സംശയിച്ചൂ.
“അതെന്താ നിങ്ങള്‍ ഇങ്ങനെ പറയുന്നേ . ജയന്റ് വീലിന്റെ കാര്യം മാഷ് ക്ലാസില്‍ പറഞ്ഞിട്ടില്ലേ . പിന്നെ അത്
പുസ്തകത്തിലുമുണ്ട് ”
തുടര്‍ന്ന് മാഷ് തെളിവിനായി പുസ്തകം എടുത്ത് പേജ് 72 എടുത്ത് കാണിച്ചുകൊടുത്തു.
പക്ഷെ , പ്രശ്നക്കാര്‍ , അത് നോക്കാനെ കൂട്ടാക്കിയില്ല.
എങ്കിലും മാഷ് വിശദീകരിച്ചു
“ഇത് അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യമാണ് .അതായത് പഠിച്ച കാര്യങ്ങള്‍ പ്രായോഗിക ജീവിതത്തിലെ വിവിധ
സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ....”
മാഷിന് മുഴുവനാക്കാന്‍ കഴിഞ്ഞില്ല.
ക്ലാസില്‍ വീണ്ടും ലഹള ബഹളം .
പെണ്‍കുട്ടികളും ഒട്ടും പുറകിലല്ല ഇക്കാര്യത്തില്‍ .
അപ്പോള്‍ മാഷിന് തോന്നി , അടവൊന്നു മാറ്റിയാലോ ?
“നിങ്ങളില്‍ ചിലര്‍ ഈ ചോദ്യത്തിന് ഉത്തരം എഴുതിയിട്ടുണ്ടല്ലോ ?“
മാഷ് ഉറക്കെ ചോദിച്ചു.
“ അത് അവര്‍ക്ക് ട്യൂഷന്‍ ക്ലാസില്‍ പഠിപ്പിച്ചൂ കൊടുത്തതാ മാഷേ “ നിസ്സാമുദ്ദീന്‍ വീണ്ടും വെടിവെടിവെച്ചു.
“ട്യൂഷന്‍ മാഷോ ?” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
ഇതേതാരടാ മാഷിനേക്കാളും വലിയ ട്യൂഷന്‍ മാഷ് എന്ന മട്ടില്‍ മാഷ് നിന്നു.
“അതെ , ട്യൂഷന്‍ ക്ലാസില്‍ ഈ ചോദ്യവും ഉത്തരവും പരിചയപ്പെടുത്തിക്കൊടുത്തിരുന്നു.”
മാഷിന്റെ മുഖത്ത് സംശയത്തിന്റെ കാര്‍മേഘം
അതുകണ്ടിട്ടാവണം , ഭരത് എണിറ്റു നിന്നു പറഞ്ഞു.
“ട്യൂഷന്‍ മാഷിന് ഈ ചോദ്യം ............. ഗൈഡില്‍ നിന്ന് കിട്ടി . അതുകൊണ്ട് ട്യൂഷനുപോയ എല്ലാ കുട്ടികള്‍ക്കും ഉത്തരം
എഴുതുവാന്‍ പറ്റി.”
മാഷ് ക്ഷീണിതനായി കസേരയിലിരുന്നു.
നിസ്സാമുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു.
അവന്റെ മുഖത്ത് മാഷിനോട് ഒരു ദയാവായ്പ് .
പറഞോ നീ എന്ന അര്‍ത്ഥത്തില്‍ മാഷ് തലയാട്ടി .
നിസ്സാമുദ്ദീന്‍ പറഞ്ഞുതുടങ്ങി
“മാഷേ , ക്ലാസില്‍ പരീക്ഷണം കാണിക്കലും വര്‍ക്ക് ഷീറ്റ് ചെയ്യിക്കലും ചാര്‍ട്ട് പേപ്പറിലെ എഴുത്തും സ്മാര്‍ട്ട് റൂമില്‍
കൊണ്ടുപോയി കമ്പ്യൂട്ടറിലെ എനിമേഷന്‍സ് കാണിക്കുന്നതിലുമൊന്നുമല്ല കാര്യം . പരീക്ഷക്ക് മാര്‍ക്ക് കിട്ടണം
.മാര്‍ക്കില്ലാതെ പരീക്ഷണം ചെയ്തെന്നു പറഞ്ഞീട്ടോ ചാര്‍ട്ട് പേപ്പറില്‍ എഴുതിയെന്ന് പറഞ്ഞീ‍ട്ടോ , ശാസ്ത്രീയ മനോഭാവം
വളര്‍ത്തിയെടുത്തു എന്നു പറഞ്ഞീട്ടൊന്നും ഒരു കാര്യവുമില്ല. ”
നിസ്സാമുദ്ദിനെ പൂര്‍ത്തിയാക്കുവാന്‍ ഭരത് അനുവദിച്ചില്ല.
ഭരത് തുടര്‍ന്നു.
“നാളെ മുതല്‍ ഞങ്ങളും ഫിസിക്സ് ട്യൂഷനു പോവാ .”
മാഷ് തരിച്ചിരുന്നു.
“എന്തായാലും .............ഗൈഡൊന്നു വാങ്ങണം “ നിസ്സാമുദ്ദിന്റെ കമന്റ് .
അപ്പോഴേക്കും പിരീഡ് അവസാനിക്കുന്ന ബെല്‍ മുഴങ്ങി.
അത് മാഷിന് വലിയ ആശ്വാസമായി .
മാഷ് ക്ലാസില്‍ നിന്ന് പുറത്തുകടന്നു.
സ്റ്റാഫ് റൂമിലേക്കു നടക്കവേ മാഷ് മന്‍സ്സില്‍ ചിന്തിച്ചു ; ഇതിലുഭേദം ചന്ദ്രന്‍ ഭൂമിയില്‍ വീഴുകയായിരുന്നു

No comments:

Post a Comment