Wednesday 17 November 2010

45. ഉത്തരധ്രുവത്തില്‍ ചെന്നാല്‍ വടക്ക് എവിടെയായിരിക്കും ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപകശാക്തീകരണ പരിപാടി  .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ചിലപ്പോള്‍ കുട്ടികള്‍ ചോദിച്ച ചോദ്യമാകാം
അതുമല്ലെങ്കില്‍ അവനവന്റെ തന്നെ സംശയമാകാം
അതും അല്ലെങ്കില്‍ സ്വന്തം മക്കള്‍ ചോദിച്ച സംശയവും ആകാം
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ധ്രുവന്‍ മാഷ് വേദിയിലേക്ക് വന്നു
അദ്ദേഹം എല്ലാവരേയും വീക്ഷിച്ചുകൊണ്ട് ചോദിച്ചു
“ എന്റെ ക്ലാസിലെ കുട്ടി ചോദിച്ചചോദ്യമാണ് ഞാന്‍ ഇവിടെ പറയുവാന്‍ പോകുന്നത് “
ആയിക്കോട്ടെ , പറഞ്ഞോളൂ എന്ന മട്ടില്‍ എല്ലാവരുമിരുന്നു.
ധ്രുവന്‍ മാഷ് വര്‍ദ്ധിച്ച ആവേശത്തോടെ തുടങ്ങി
“സപ്പോസ് , നാം നോര്‍ത്ത് പോളില്‍ എത്തി എന്നു വിചാരിക്കുക “
വീണ്ടും ആയിക്കോട്ടെ എന്നമട്ടില്‍ എല്ലാരും ഇരുന്നു.
മാഷ് തുടര്‍ന്നു
“എങ്കില്‍ , അവിടെ കോമ്പസിലെ നീഡില്‍ ഏത് ദിശയിലായിരിക്കും നില്‍ക്കുക”
മാഷ് മൌനം പാലിച്ചു
മറ്റു ടീച്ചേഴ്‌സും മൌനം
അതുകൊണ്ടുതന്നെ സംഗതി ഏറ്റു എന്ന് മാഷിന് മനസ്സിലായി .
“നീഡില്‍ താഴോട്ടു പോകുമോ “ മാഷ് പരിഹസിച്ചുചോദിച്ചു.
മാഷ് സീറ്റില്‍ ചെന്നിരുന്നു.
“ഇതിനിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയുവാനുണ്ടോ “ സീ‍നിയറായ സാന്ദ്രത ടീച്ചര്‍ ചോദിച്ചു.
അപ്പോള്‍ ബാര്‍ മാഗ്നറ്റ് മാഷ് എണീറ്റു നിന്നു
അദ്ദേഹം പറഞ്ഞു തുടങ്ങി.
“ ഇത് നിസ്സാരമായ കാര്യമാണ് . ഉത്തര ധ്രുവത്തിന്റെ അടിയില്‍ ഭൂമിയുടെ ബാര്‍മാഗ്നറ്റിന്റെ ഉത്തരധ്രുവം ഉണ്ടെന്നല്ലേസങ്കല്പം . അതിനാല്‍ ഒരു വലിയ ബാര്‍ മാഗ്നറ്റിന്റെ നോര്‍ത്ത് പോളിനു മുകളില്‍ കോമ്പസ് വെച്ചാല്‍ ഏതുപോലെ  ഇരിക്കുമോ അതുപോലെ തന്നെ “
“അതായത് , ഉത്തരധ്രുവത്തില്‍ കോമ്പസ്സിന്റെ ദിശാസൂചകസ്വഭാവം വര്‍ക്ക് ചെയ്യില്ല എന്നര്‍ഥം .അല്ലേ “ ന്യൂട്രോണ്‍
മാഷ് വിളിച്ചു ചോദിച്ചു.
“അതെ , ഉത്തരധ്രുവത്തില്‍ കോമ്പസ്സ് നീഡില്‍ ഉപയോഗിച്ച് വടക്കു കണക്കാക്കാന്‍ കഴിയില്ല “ ബാര്‍ മാഗ്നറ്റുമാഷ് പറഞ്ഞു.
“എന്തിനാ മാഷേ  ഐസുകട്ടേമെ  പെയിന്റ് അടിക്കാന്‍ പോണേ , മാഷിന്  ഉത്തരധ്രുവത്തില്‍ ചെന്ന് വടക്കു കണ്ടുപിടിക്കണം പോലും “ ഐസടീച്ചര്‍ കളിയാക്കി പറഞ്ഞു .
അത് അവിടെകൂട്ടച്ചിരി ഉയര്‍ത്തി.
“നോര്‍ത്ത് എന്നും സൌത്ത് എന്നുമൊക്കെ പറയുന്നതുതന്നെ ആപേക്ഷികമാണ്. ഭൂകിയിലെ നോര്‍ത്ത് അല്ല ചന്ദ്രനിലെ നോര്‍ത്ത് . ചന്ദ്രനിലെ നോര്‍ത്ത് അല്ല ചൊവ്വയിലെ നോര്‍ത്ത് ” ഐന്‍സ്റ്റീന്‍ മാഷിന്റെ കമന്റ് ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാവാം അദ്ദേഹം മൌനം പാലിച്ചത് .
“ സംഗതി ഇതുകൊണ്ടോന്നും തീര്‍ന്നില്ല ട്ടോ . ഉത്തരധ്രുവത്തില്‍ കോമ്പസ്സ് വര്‍ക്ക് ചെയ്യില്ല എന്നു മനസ്സിലായി . അപ്പോള്‍ അവിടെ നോര്‍ത്ത് കണ്ടുപിടിക്കാന്‍ വല്ല വക്കുപ്പുമുണ്ടോ ?”
“ഉണ്ട് ട്ടോ , ഡിപ്പ് കോമ്പസ്സ് അതിനാ ഉപയോഗിക്കണത് .” ബലരേഖ ടീച്ചര്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാവരും അതെന്താ എന്ന് അറിയാനിരുന്നു.
ബലരേഖടീച്ചര്‍ അത് വിശദീകരിച്ചു.
“അത് ഒരു പ്രത്യേകതരത്തിലുള്ള കോമ്പസ്സ് ആണ് .അതിന്റെ പേരാണ് dip
compass. ഇത് ഉപയോഗിച്ച് നോര്‍ത്ത് പോളില്‍ നിന്ന് എത്ര അകലെയാണ് നാം നില്‍ക്കുന്നതെന്ന് മനസ്സിലാക്കാ‍ന്‍ സാധിക്കും . ഇത് കുത്തനെയാണ് നിറുത്തുക . നോര്‍ത്ത് പോളിനോടടുക്കുന്തോറും അതിലെ നീഡില്‍ താഴേക്ക് വന്നുകൊണ്ടിരിക്കും . കൃത്യം നോര്‍ത്ത് പോളില്‍ എത്തിയാല്‍ അത് നേരെ താഴെയായിരിക്കും .അങ്ങെനെ ഡീപ്പ്  മനസ്സിലാക്കി നോര്‍ത്ത് പോളില്‍ നിന്നുള്ള അകലം മനസ്സിലാക്കം . ”
ടീച്ചര്‍ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചായക്കാരന്‍ ചായ കൊണ്ടുവന്നതിനാല്‍ തുടര്‍ന്നുള്ള ചര്‍ച്ച ചായ

കുടിച്ചതിനുശേഷം ആകാമെന്ന് ആര്‍ . പി പറഞ്ഞു.

No comments:

Post a Comment