മാഷ് രണ്ടാഴ്ച ചില പ്രശ്നങ്ങള്‍ കാരണം ലീവിലായിരുന്നു.
അങ്ങനെ അന്ന് സ്കൂളിലെത്തി .
പല വിശേഷങ്ങളും പണിക്കിടയില്‍ അറിഞ്ഞും അറിയാതെയും ഇരുന്നു.
കേട്ടതൊക്കെ ഗ്രഹിച്ചു ; കേള്‍ക്കാത്തത് ഊഹിച്ചു.
അവസാനം അന്നേദിവസം ലാസ്റ്റ് പിരീഡ് .
മാഷ് ഏഴാം ക്ലാസ് എ യിലെത്തി.
കുട്ടികള്‍ക്കെല്ലാം ബഹുസന്തോഷം !!
എന്താണാവോ ഇത് ?
മാഷിന് മനസ്സിലായില്ല.
രണ്ടാഴ്ചയായി തന്നെ കാണാതിരുന്നശേഷം കണ്ടതിലുള്ള സന്തോഷമാണോ ?
മാഷിന്റെ മനസ്സില്‍ അത്തരമൊരു സംശയം ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പോലെ കടന്നുപോയി .ഹേയ് , അതുണ്ടാവില്ല ; മാഷിന്റെ മനസ്സ് തിരുത്തി.
പിന്നെ എന്താണാവോ കാരണം ?
സന്തോഷം മാത്രമല്ല ഉന്മേഷവുമുണ്ട് ?
അപ്പോള്‍ വേറെ എന്തോ ഉണ്ട് ?
നിശ്ചയം തന്നെ .
എന്തിന് ഈ വക ചിന്തകള്‍ക്കൊക്കെ നില്‍ക്കണം
താന്‍ അവരുടെ മാഷ് അല്ലേ
നേരിട്ട് ചോദിച്ചു കൂടെ
അതുതന്നെ നേരിട്ട് ചോദിക്കാം .
“എന്താ , നിങ്ങള്‍ വലിയ സന്തോഷത്തിലാണല്ലോ ”
അവരും അതെ എന്ന മട്ടില്‍ തലയാട്ടി.
ചിലര്‍ ആഹ്ലാദ സൂചകമായ ചില ശബ്ദം പുറപ്പെടുവിച്ചു.
“ കാര്യം പറ .” മാഷിന് തന്റെ ആകാംക്ഷയെ പിടിച്ചു നിര്‍ത്താനായില്ല.
ഏറ്റവും പിന്‍ ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു.
മാഷ് പറഞ്ഞുകൊള്ളുവാന്‍ ആംഗ്യം കാണിച്ചു.
“ ഈ ഉഷാര്‍ ‘ഉച്ചപ്പാലിന്റെയാ ’ ”
“ഉച്ചപ്പാലോ അതെന്താ ”
“അയ്യേ , അപ്പോ മാഷ് ഒന്നും അറിഞ്ഞില്ലേ . ഇന്ന് ഉച്ചപ്പാലിന്റെ ദിവസമല്ലേ. അതുകൊണ്ട് ഉച്ചതിരിഞ്ഞുള്ള ഇന്റര്‍വെല്‍
സമയത്ത് ചൂടുള്ള പാല്‍ കിട്ടും . ” രണ്ടാമത്തെ ബെഞ്ചിലിരുന്ന ഹസീന പറഞ്ഞു.
“ സംഗതി സൂപ്പറാ , ഉച്ചക്കഞ്ഞിയേക്കാള്‍ അടിപൊളി .”
അപ്പോള്‍ സംഗതി മാഷിന്നോര്‍മ്മവന്നു.
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന കാര്യം .
മാഷ് പത്രത്തില്‍ വായിച്ചിരുന്നു.
ലീവായതുകൊണ്ട് മനസ്സില്‍ തങ്ങിനിന്നില്ല എന്നു മാത്രം .
ഉച്ചക്കഞ്ഞി ചോറും സാമ്പാറും പയറുകറിയുമൊക്കെ ആയുള്ള വിഭവ സമൃദ്ധമായപ്പോളും ഉച്ചക്കഞ്ഞിയെന്ന അതിന്റെ ആദ്യനാമം
പോയില്ല എന്ന് കാര്യം മാഷ് ഓര്‍ത്തു.
അതുപോലെ തന്നെ അതിന്റെ സഹോദരനായി വന്ന പാലിന് കുട്ടികള്‍ നല്‍കിയ ‘ഉച്ചപ്പാല്‍‘ എന്ന പേരും മാഷിന് രസകരമായി
തോന്നി .
“ നിങ്ങള്‍ക്ക് ഉച്ചക്കഞ്ഞിയേക്കാളും സൂപ്പറാണ് ഉച്ചപ്പാല്‍ എന്നു തോന്നുന്നതെന്താ ? ” മാഷ് ചോദിച്ചു.
അതിനുത്തരമായി കുട്ടികള്‍ പലതും പറഞ്ഞു.
പിന്‍ ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു പറഞ്ഞു
“ഉച്ചപ്പാല്‍ സിന്ദാബാദ് ”
മറ്റുള്ളവര്‍ ഏറ്റുവിളിക്കും മുന്‍പേ മാഷ് അവരെ അതില്‍ നിന്ന് തടഞ്ഞു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തിലേക്ക് കടന്നു.
No comments:
Post a Comment