Sunday, 16 January 2011

54. ..ശമ്പള പരിഷ്കരണവും മാഷന്മാരും ?

സ്ഥലം : സ്റ്റാഫ് റൂം
സന്ദര്‍ഭം : ഉച്ചയൂണു കഴിഞ്ഞുള്ള സമയം .
ഹൈസ്കൂള്‍ വിഭാഗത്തിലെ സാമൂഹ്യം മാഷാണ് ശമ്പള പരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത്

“ഹൈസ്കൂള്‍ ടീച്ചേഴ്‌സിനൊക്കെ അസ്സലായീന്നാ പത്രത്തിലൊക്കെ ” സാമൂഹ്യം മാഷ് പറഞ്ഞു.
“എന്തോന്ന് അസ്സല്‍ ” ഇംഗ്ലീഷ് മാഷാണ് . ആള്‍ അല്പം ചൂടായ മട്ടുണ്ട് .
“അതായത് പുതിയ ശമ്പള പരിഷ്കരണത്തില്‍ ഒരു പുതിയ ഗ്രേഡ് കൂടി ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ ”
“അതായത് മുന്‍പ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് മൂന്ന് ഗ്രേഡ് ഉണ്ടായിരുന്നു. പത്ത് , ഇരുപത് , ഇരുപത്തിമൂന്ന് എന്ന ക്രമത്തില്‍ . കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ അത് രണ്ടായി ചുരുങ്ങി .”
മലയാളം മാഷ് വ്യക്തമാക്കി .
“അത് , എന്താ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി ചുരുക്കിയത് . യു,പി , എല്‍ .പി എന്നിവരെ ഇത് ബാധിച്ചില്ലേ “ ഡ്രോയിംഗ് മാഷ് ചോദിച്ചു .
“അത് ചുരുക്കിയതല്ല ; അതാണതിന്റെ നിയമം . ഒരു നിശ്ചിത ലെവലിനു മുകളില്‍ എന്‍‌ട്രി സ്കെയില്‍ വന്നാല്‍ പിന്നെ അവിടെ രണ്ട് ഗ്രേഡേ പാടൂ . അത് ധനകാര്യ വകുപ്പിന്റെ നിയമമാണ് . അതുകൊണ്ടുതന്നെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് രണ്ട് ഗ്രേഡേ ഉള്ളൂ “ ഹയര്‍ സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“ കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എന്‍‌ട്രി ലെവല്‍ കൂട്ടി . മൂന്ന് ഗ്രേഡ്
ഉണ്ടായിരുന്നത് രണ്ടാക്കി ക്കുറച്ചു ”
“അതോണ്ട് ജൂനിയേഴ്സിന് മെച്ചം ; സീനിയേഴ്സിന് നഷ്ടം ” ഇംഗ്ലീഷ് മാഷ് വ്യക്തമാക്കി
“അതായത് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടി എന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു .
“ കാര്യം അത് തന്നെ മാഷേ ” എക്കണോമിക്സ് മാഷ് പറഞ്ഞു.
“പക്ഷെ , ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് ശമ്പള പരിഷ്കരണം അല്പം നഷ്ടമാ” എക്കണോമിക്സ് മാഷ് വിലപിച്ചു.
“അല്ലെങ്കിലും നിങ്ങള്‍ കുറേ കൂടുതല്‍ തന്ന്യാ വാങ്ങണത് . അതോണ്ട് പ്രശ്നം ഒന്നും ഇല്ലാ ന്നേ ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാരോട് അല്ലെങ്കിലും ഈ സ്കൂളുകാര്‍ക്ക് കുശുമ്പാ ” ഇക്കണോമിക്സ് മാഷ് പ്രതികരിച്ചു .
ആ സമയത്ത് ഈ ചര്‍ച്ച മുഴുവന്‍ കേട്ടുനിന്ന സ്കൂളിലെ പ്യൂണ്‍ പറഞ്ഞു.
“ഞങ്ങള്‍ ലാസ്റ്റ് ഗ്രേഡുകാര്‍ എന്നും ലാസ്റ്റ് ഗ്രേഡുകാര്‍ തന്ന്യാ. ഇത് മുതലാളിത്ത സമൂഹത്തിലെ ശമ്പള  സ്കെയിലാണ് . ഇതുവരെ നടപ്പാക്കിയ ശമ്പളസ്കെയിലുകള്‍ എല്ലാം അങ്ങനത്തെ തന്ന്യാ. ”
“പിന്നെ എങ്ങനെ വേണമെന്നാണ് അഭിപ്രായം ” ഡ്രോയിംഗ് മാഷ് ചോദിച്ചു.
“ ശമ്പള സ്കെയില്‍ ഒരു മാസ്റ്റര്‍ റണ്ണിംഗ് സ്കെയില്‍ ആണല്ലോ . അതുകൊണ്ടുതന്നെ ഏത് ശമ്പള പരിഷ്കരണം  നടപ്പിലാക്കുമ്പോഴും ഏറ്റവും താഴെയുള്ള സ്കെയിലും ഏറ്റവും മുകളിലുള്ള സ്കെയിലും തമ്മിലുള്ള വ്യത്യാസം അധികമാവരുത് . മിക്ക ശമ്പള പരിഷ്കരണത്തിലും ഇത് അധികമാണ്.”
എന്തുകൊണ്ടോ ഇതിനോട് ഒരു മാഷന്മാരും പ്രതികരിച്ചില്ല.
“എന്തായാലും ബഞ്ചിംഗ് ഇല്ലാത്തത് നന്നായി ?” മലയാളം മാഷ് പറഞ്ഞു.
“അത് എന്തോന്നാ അത് ?” എന്നായി സാമൂഹ്യം മാഷ് .
“അത് ഒരു ശമ്പള പരിഷ്കരണത്തില്‍ ഉണ്ടായിരുന്നു. അതായത് ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും നാലു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമില്ല . അല്ലെങ്കില്‍ ആറു കൊല്ലം സര്‍വ്വീസ് ഉള്ള ആള്‍ക്കും ഒമ്പത് വര്‍ഷം സര്‍വ്വീസ് ഉള്ള ആള്‍ക്കും ശമ്പളത്തില്‍ വ്യത്യാസമില്ല ” ഫിസിക്സ് മാഷ് പറഞ്ഞു.
“ഒന്നു കൂടി വിശദമായി പറയൂ ” എന്നായി മലയാളം മാഷ് .
ഫിസിക്സ് മാഷ് തുടര്‍ന്നു .
“ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും അഞ്ചു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ ഒരു
ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം . ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും പത്തു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ രണ്ട് ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം .“ ഫിസ്കിസ്ക് മാഷ് പൂര്‍ത്തിയാക്കി .
“ഓ , അപ്പോള്‍ അതാണല്ലേ ബഞ്ചിംഗ് ” കണക്കുമാഷ് പറഞ്ഞു.
“ഫിറ്റ് മെന്റും , വെയിറ്റേജും ഒക്കെ അസ്സലായിട്ടുണ്ട് കേട്ടൊ ” മലയാളം മാഷ് തുടര്‍ന്നു.
“ഇക്കണക്കിനു പോയാല്‍ കണക്കു മാഷിന്റെ റേറ്റ് കൂടും ” ഡ്രോയിംഗ് മാഷ് പുതിയതായി വന്ന കണക്കുമാഷിനെ ചൂണ്ടി പറഞ്ഞു .
“അത് എങ്ങേനെ ?” എന്നായി എല്ലാവരും .
“ഹൈസ്കൂളിലെ കണക്കുമാഷ് അല്ലേ . ഹൈസ്കൂ‍ളുകാര്‍ക്ക് കാശ് കൂടുതലെന്നാ എല്ലാ പത്രത്തിലും വന്ന വാര്‍ത്ത് . അതുപോരെ കണക്കുമാഷിന്റെ സ്ത്രീധനത്തുക കൂടാന്‍ ” ഡ്രോയിംഗ് മാഷിന്റെ ഈ പ്രസ്താവന സ്റ്റാഫ് റൂ‍മില്‍ കൂട്ടച്ചിരി പടര്‍ത്തി.
കണക്കുമാഷ് പുതിയതായി ജോയിന്‍ ചെയ്ത അവിവാഹിതനായ ചെറുപ്പക്കാരനാണ് . അദ്ദേഹത്തോട് തമാശ പറയുക അവിടെ ഒരു പതിവ് ആണ് .
“നിങ്ങടെയൊക്കെ ശമ്പള പരിഷ്കരണം കഴിഞ്ഞു വേണം എന്റെ ഒരു പരിഷ്കരണം തുടങ്ങാന്‍ . ” അല്പ സമയം മുന്‍പ് അവിടേക്ക് ചായ ഗ്ലാസ് എടുക്കുവാന്‍ വന്ന ചായക്കടക്കാരന്‍ മമ്മദ്ക്കാ പറഞ്ഞു.
“ഉഴുന്നു വടയുടെ ഉള്‍വ്യാ‍സം കുറക്കാതെയുള്ള പരിഷ്കരണം മതി കേട്ടോ “ കണക്കുമാഷ് ഒരു വെടി പൊട്ടിച്ചു.
“ചായയുടെ വിസ്‌കോസിറ്റി കുറക്കരുതേ ” ഫിസിക്സ് മാഷ് അഭ്യര്‍ഥിച്ചു.
“എന്താ ചെയ്യാ നമ്മടെ ഉഴുന്നുവടക്കും ചായക്കുമൊക്കെ ഇന്‍‌ക്രിമെന്റും ഗ്രേഡും ഇല്ല ” മമ്മദ്ക്കാ വിലപിച്ചു.
ആ വിലാപം അവിടെ പൊട്ടിച്ചിരി പടര്‍ത്തി.
“ എത്ര് കാശു കൂടിയിട്ടെന്താ കാര്യം ? കാശു കൂടിയാ ടാക്സ് കൊടുക്കേണ്ടിവരും . അപ്പോ പിന്നെ എന്താ കാര്യം ?”  കണക്കു മാഷ് വിലപിച്ചു.
“അതിനൊരു കാര്യം ചെയ്താ‍ മതി ലോസ് ഓഫ് പേ ലീവ് എടുത്താല്‍ മതി . അപ്പോ ടാക്സ് വരില്ല ” സാമൂഹ്യം മാഷിന്റെ ഈ ഉപദേശം അവിടെ ചിരി പടര്‍ത്തി.
“അല്ലേങ്കിലും ഈ കണക്കുമാഷിന് തന്ന്യാ മെച്ചം ? ” ഡ്രോയിംഗ് മാഷ് വീണ്ടും കണക്കു മാഷിനെ തോണ്ടി
അതെന്താ കാരണം എന്നറിയാന്‍ എല്ലാവരും ഡ്രോയിംഗ് മാഷിനെ നോക്കി .
“നമ്മുടെയൊക്കെ ഭാര്യമാര്‍ പ്രസവിക്കുന്ന കാലം കഴിഞ്ഞില്ലേ . കണക്കുമാഷിനാണെങ്കിലോ ഭാര്യയുടെ പ്രസവത്തിന് ലീവ് കിട്ടും “ ഡ്രോയിംഗ് മാഷ് അവിവാഹിതനായ കണക്കുമാഷിനെ കളിയാക്കി.
“അപ്പോള്‍ റേറ്റ് വീണ്ടും കൂടുമെന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു.
വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി .
“ എത്ര കാശു കിട്ടിയിട്ടും കാര്യമില്ല ; പണം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ” ഹയര്‍
സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് പറഞ്ഞു .
“അതെന്താ ഇപ്പോ അങ്ങനെ ഒരു തോന്നല്‍ ” ഫിസിക്സ് മാഷ് ചോദിച്ചു .
“കാശു കൂടുതല്‍ കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ അടി പോളി ജീവിതം നടത്തിയാല്‍ എന്തു മെച്ചം ?” ഡ്രോയിംഗ് മാഷ് വ്യക്തമാക്കി .
“ശമ്പള പരിഷ്കരണം വന്നാലുടനെ തന്നെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും ” മലയാളം മാഷ് പറഞ്ഞു.
“അത് പണ്ടേ മുതല്‍ അങ്ങനെയല്ലേ ” സാമൂഹ്യം മാഷ് ശരിവെച്ചു.
“ലക്ഷ്വറി ഐറ്റംസിന്റെ പുതിയ പുതിയ മോഡലുകള്‍ വരുമ്പൊള്‍ അവ വാങ്ങേണ്ട എന്ന്‍ വിചാരിക്കാന്‍ പറ്റേണ്ടെ ” ഇക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“കേന്ദ്രനിരക്കിലുള്ള ശമ്പളം എന്നാണാ‍വോ വരുന്നത് ? ” ഹിന്ദി മാഷ് ചോദിച്ചു
“കേന്ദ്ര നിരക്കില്‍ ശമ്പളം നല്‍കിയാല്‍ പിന്നെ പറയും അമേരിക്കയിലെ നിരക്കില്‍ ശമ്പളം വേണം എന്ന് ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അല്ലേങ്കിലും ഇപ്പോ നാട്ടു കാര്‍ക്ക് ഒരു പറച്ചില്ലാ മാഷന്മാര്‍ എന്തു പണിയാ സ്കൂളില്‍ ചെയ്യുന്നതെന്ന് ” സാമൂഹ്യം മാഷ് അല്പം ചൂടോടെ പറഞ്ഞു,
“അല്ലെങ്കിലും ഈ മാഷന്മാരേ നാട്ടുകാര്‍ക്ക് പണ്ടെ ഇഷ്ടമില്ല” ഹിന്ദി മാഷ് പറഞ്ഞു.
“ ഇഷ്ടമില്ലാത്തേന്റെ കാരണം എന്താണെന്നു വെച്ചാല്‍ അവര്‍ പഠിക്കുന്ന കാലത്ത് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിരിക്കും . അതിന് ഏതെങ്കിലും ഒരു മാഷ് പിടിച്ചു തല്ലിയിട്ടുണ്ടാകും അത്ര തന്നെ .” ഡ്രോയിംഗ് മാഷ് ചൂടായി പറഞ്ഞു.
“നല്ല നാട്ടുകാര്‍ക്ക് മാഷമ്മാരെ ഇഷ്ടം തന്ന്യാ ” മലയാളം മാഷ് പറഞ്ഞു.
“ അതെയതെ , പക്ഷെ ഒരു വകഭേദം ണ്ട് . നല്ല നാട്ടുകാര്‍ക്ക് നല്ല മാഷമ്മാരെ വലിയ ഇഷ്ടാന്ന് കൂട്ടിക്കോളൂ ” അതുവരെ മിണ്ടാതിരുന്ന സംസ്കൃതം മാഷ് പറഞ്ഞു
“അല്ലേങ്കിലും ശമ്പള പരിഷ്കരണം നല്ല മാഷമാര്‍ക്കാ ഗുണം . അവര്‍ കുറച്ചേ ചിലവ് ചെയ്യൂ.” മലയാളം മാഷ് പറഞ്ഞു.
“എന്ത് പരിഷ്കരണം ഉണ്ടായിട്ടും കാര്യമില്ല . സമ്പാദ്യ ശീലമില്ലെങ്കില്‍ . എന്ത് സമ്പാദ്യ ശീലമുണ്ടായിട്ടും കാര്യമില്ല മക്കള്‍ നന്നായില്ലെങ്കില്‍ ” സംസ്കൃതം മാഷ് പറഞ്ഞു.
“എന്നുവെച്ചാല്‍ ............” സാ‍മൂഹ്യം മാഷ് ചോദിച്ചു
“നാമെന്തൊക്കെ ഉണ്ടാക്കിയെന്നിരിക്കട്ടെ , ബാങ്ക് ബാലന്‍സ് , വീട് , വാഹനം ഇവയൊക്കെ ഇണ്ടെന്നിരിക്കട്ടെ മക്കള്‍ നല്ലതല്ലെങ്കില്‍ എന്താ പ്രയോജനം ? അവര്‍ക്ക് ഇതൊക്കെ നശിപ്പിക്കാന്‍ ഒരു നിമിഷം മതി  ” സംസ്കൃതം മാഷ് പൂര്‍ത്തിയാക്കി .
“അതായത് ഈ ശമ്പള പരിഷ്കരണം കൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് . നമ്മുടെ പിള്ളേര് നന്നായാല്‍ നാം രക്ഷപ്പെട്ടു . അതാണ് സംസ്കൃതം മാഷ് പറയുന്നത് ” ഡ്രോയിം മാഷ് വിശദീകരിച്ചു.
“അതെ , കാര്യം ശരിതന്ന്യാട്ടോ ഈ ശമ്പള പരിഷ്കരണം ചര്‍ച്ചചെയ്തീട്ടൊരു ഗുണവും ഇല്ല . ആദ്യം നാം നമ്മുടെ പിള്ളേരെ മിടുക്കന്മാരാക്കണം ” ഇക്കണോമിക്സ് മാഷ് പറഞ്ഞു

“മറ്റുള്ളവരുടെ മക്കളെ നന്നാക്കിയാല്‍ നമ്മുടെ മക്കള്‍ സ്വയം നാന്നാവും “ സംസ്കൃതം മാഷ് വീണ്ടും തത്ത്വം പറഞ്ഞു.
ഇത് കേട്ടപ്പോള്‍ സ്റ്റാഫ് റൂം നിശ്ശബ്ദമായി .
മാഷിന്റെ ചൂണ്ടുവിരല്‍ എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
സംസ്കൃതം മാഷ് ഉദ്ദേശിച്ചതെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
ആ സമയത്ത് ക്ലാസ് കൂടുവാനുള്ള മണിയടിച്ചു.
അതോടെ ചര്‍ച്ച അവസാനിച്ചു .
അപ്പോള്‍ കണക്കു മാഷ് എണീറ്റു നിന്നു പറഞ്ഞു
“എനിക്കു മക്കളില്ല ഞാന്‍ അപ്പോ എന്താ ചെയ്യാ ?”
“മാഷ് ഇപ്പോ ഒന്നും ചെയ്യണ്ട ; ബെല്ലടിച്ചില്ലേ; ക്ലാസില്‍ പോയി കണക്ക് പഠിപ്പിക്കാന്‍ നോക്ക് “ ഡ്രോയിംഗ് മാഷ്
കോപാകുലനായി പറഞ്ഞു.

53. ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം

മാഷ് അന്നും പതിവുപോലെ അഞ്ചാം ക്ലാസ് എ യില്‍ എത്തി .
ആദ്യത്തെ ചടങ്ങായ പ്രസന്റ് എടുക്കല്‍ തുടങ്ങി .
കുട്ടികള്‍ ഒരോരുത്തരായി പ്രസന്റ് സാര്‍ എന്നു പറഞ്ഞു തുടങ്ങി .
അങ്ങനെ ആ ചടങ്ങ്  നടക്കുമ്പോള്‍ ...
ഒരു കുട്ടി മാത്രം !
“ഹാജര്‍” എന്ന പദമാണ് ഉപയോഗിച്ചത് .
അതു പറഞ്ഞു കഴിഞ്ഞതും ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി .
മാഷ് ഹാജര്‍ എന്നു പറഞ്ഞ കുട്ടിയെ തറപ്പിച്ചു  നോക്കി.
രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന മഹേഷാണ് ഇപ്പണി പറ്റിച്ചതെന്ന് മനസ്സിലാക്കി.
ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ ക്ലാസ് കുഴപ്പമാക്കിയല്ലോ ഇവന്‍ .
“എണീറ്റു നില്‍ക്കെടാ “ മാഷ് ഉറക്കെ പറഞ്ഞു.
മഹേഷ് ഒന്നുമറിയാത്തവനെപ്പോലെ എണീറ്റു നിന്നു.
അപ്പോഴാണ് മാഷിന് ഇനി അവന്റെ നേരേ മുന്നേറാന്‍ പറ്റില്ല എന്നു മനസ്സിലായത് .
അവന്റെ നേരെ ‘ഹാജര്‍‘ എന്നു പറഞ്ഞതിന് വഴക്കുപറയാന്‍ വകുപ്പ് ഇല്ലല്ലോ
എന്തു പറഞ്ഞാണ് അവനെ ഒതുക്കുക .
എന്തായാലും മാഷ് പറഞ്ഞു
“എന്തടാ ഇത് ? എല്ലാവരും പ്രസന്റ് സാര്‍ എന്നു പറയുമ്പോള്‍ നീ മാത്രം ക്ലാസില്‍  കുഴപ്പമുണ്ടാക്കാന്‍ ഒരു ഹാജര്‍ “
മഹേഷ് ഒന്നും മിണ്ടുന്നില്ല
“അത് ടിന്റു മോന്‍ സ്റ്റൈലാ മാഷേ “ ബാക്ക് ബഞ്ചിലിരുന്ന ആകാശ് വിളിച്ചൂ പറഞ്ഞു.
“ടിന്റു മോന്‍ സ്റ്റൈലോ ” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
“മാഷേ ഇത് നോക്കിയേ ” മുന്‍ ബെഞ്ചിലിരുന്ന വിദ്യുത് ചുമരിലേക്ക് ചൂണ്ടിക്കാട്ടി.
മാഷ് നോക്കിയപ്പോള്‍ , ടിന്റു മോന്റെ വലിയ ഒരു പോസ്റ്റര്‍ ചാര്‍ട്ട് പേപ്പറില്‍ ഞാത്തിയിട്ടിരിക്കുന്നു.
“ആരടാ ഇത് ഞാത്തിയിട്ടേ” മാഷ് ചൂടായി .
“ മാഷിനോട് അനുവാദം ചോദിച്ചാ ഞാത്തിയിട്ടേ “ വിവേക് എണീറ്റു നിന്നു പറഞ്ഞു.
“എന്നോട് ചോദിച്ചെന്നോ ” മാഷ് കോപാകുലനായി .
“ മാഷേ , അതും ടിന്റു മോന്‍ സ്റ്റൈലിലാ മാഷിനോട് ചോദിച്ചേ ”  ആകാശ് പറഞ്ഞു .
“എന്നു വെച്ചാല്‍ ?” മാഷ് മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു
“അതായത് ” ആകാശ് വിശദീകരിച്ചൂ “ഒരു ചിത്രം ഞാത്തിയിടട്ടേ എന്ന്  മാഷിനോട് ചോദിച്ചൂ ; ടിന്റു മോന്റെയാണ് ചിത്രം എന്ന് പറഞ്ഞില്ല.”
“മാഷേ ഇതുകണ്ടോ ?” ആകാശ് ചൂണ്ടിക്കാണിച്ചു “
മാഷ് നോക്കി
ഭിത്തിയില്‍ പതിപ്പിച്ച മഹദ് വചനങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ??
നിറ കുടം തുളുമ്പില്ല എന്നത് നിറവയര്‍ തുളുമ്പില്ല എന്നാക്കി മാറ്റിയിരിക്കുന്നു
“ഇതും ടിന്റുമോന്‍ സ്റ്റൈലാ മാഷേ “
മാഷ് ഒന്നും പ്രതികരിച്ചില്ല.
മാഷിന് ഒരു കാര്യം ഉറപ്പായി .
ടിന്റുമോന്‍ ക്ലാസിനെയാകെ ബാധിച്ചിരിക്കുന്നു.
കുട്ടികളുടെ വിനയം  , ബഹുമാനം എന്നിവ നഷ്ടപ്പെട്ട് കുസൃതി ത്തരങ്ങള്‍ ഒപ്പിക്കുന്ന - ടിന്റുമോനെ പ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന - ഒരു സ്വഭാവം ക്ലാസില്‍ പൊതുവെ  വന്നിരിക്കുന്നു
ഇത് എങ്ങേനെ ഇല്ലാതാക്കാം ?
മാഷ് ചിന്തിച്ചു
* * * * * * * * *
* * * * * * * * *

* * * * * * * * *
സ്ഥലം : സ്റ്റാഫ് റൂം
ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയം .
മാഷ് ടിന്റു മോനുമായി ബന്ധപ്പെട്ട , അഞ്ചാം ക്ലാസ് എ യില്‍ ഉണ്ടായ സംഗതികള്‍  മാഷ് പൊതുവെ  പറഞ്ഞു.
മാഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതേ ഉള്ളൂ; വ്യാകരണം ടീച്ചര്‍ പറഞ്ഞു.
“മാഷ് പറഞ്ഞത് അപ്പടി ശരിയാ. എന്റെ ക്ലാസായ ഏഴ് സിയില്‍  പിള്ളേരൊക്ക് എന്ത് ചോദിച്ചാലും തറുതലയേ  പറയൂ.“
“പിള്ളേരെ പറഞ്ഞീട്ട് ഒരു ഫലവും ഇല്ല . രക്ഷിതാക്കളെ - അമ്മമാരെ - വേണം പറയാന്‍ ” വൃത്തം ടീച്ചര്‍ പറഞ്ഞു.
“അതെന്താ അങ്ങേനെ” മാഷ് ചോദിച്ചു .
“കഴിഞ്ഞ ദിവസം ടിന്റുമോന്‍ സ്റ്റെലില്‍ മറുപടി പറഞ്ഞതിന് ഒന്നു രണ്ടുപേരുടെ അമ്മമാരെ ഞാന്‍ വിളിപ്പിച്ചു.കാര്യം പറഞ്ഞു. ചോദിച്ചതിനൊക്കെ മോന്‍ തറുതലയാ പറയുന്നതെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മമാരുടെ സന്തോഷം കാണണം . തങ്ങളുടെ മക്കള്‍ ടിന്റുമോനെപ്പോലെയാകുന്നതില്‍ സന്തോഷിക്കുകയാ അവര്‍ ചെയ്തത് .” വൃത്തം ടീച്ചര്‍ വിശദീകരിച്ചു.
“ഈ വക കാര്യങ്ങളൊക്കെ അദ്ധ്യാപക സംഘടനകള്‍ അറിയുന്നില്ലേ ” യൂണിയന്‍ മാഷ് ആത്മഗതമായി  പറഞ്ഞു
“ഇക്കണക്കിനു പോയാല്‍ ടിന്റുമോനെ അനുകരിച്ച് സ്കൂള്‍ പിള്ളേര്‍ നശിച്ചുപോകും .” സന്മാര്‍ഗ്ഗം മാഷ് പറഞ്ഞു

“ഇതിനെന്താ ഒരു പരിഹാരം  ?” മാഷ് ചോദിച്ചു
വൃത്തം ടീച്ചര്‍ സ്വന്തം സീറ്റില്‍ നിന്ന് എണീറ്റു നിന്നു പറഞ്ഞു
“ ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം ”
“അതിനിപ്പോ എന്താ ചെയ്യാ ? ” എന്നായി മാഷ്
“ നമുക്ക് ഹെഡ് മാഷിനോട് വിവരം പറഞ്ഞ് ടിന്റു മോന്‍ നിരോധനം ഇപ്പോള്‍ തന്നെ നടപ്പില്ലാക്കാം ” വൃത്തം ടീച്ചര്‍ ആഹ്വാനം ചെയ്തു.
* * * * * * * * *
* * * * * * * * *

* * * * * * * * *
തുടര്‍ന്ന് എല്ലാവരും കൂടി ഹെഡ് മാഷുടെ റൂമിലെത്തി .
ഹെഡ് മാഷ് ഊണുകഴിന്നുള്ള പതിവുമയക്കത്തിലായിരുന്നു.
സ്കൂളിലെ എല്ലാ മാഷമ്മാരേയും ടീച്ചര്‍ മാരേയും കണ്ടപ്പോള്‍   ഹെഡ് മാഷ് ഞെട്ടിയെണീറ്റു .
“എന്താ എല്ലാവരും ? ”
 ഹെഡ് മാഷ് ചോദിച്ചു.
വ്യാകരണം ടീച്ചര്‍ അച്ചടി ഭാഷയില്‍ പ്രശ്നം കടുകട്ടിയായി  അവതരിപ്പിച്ചൂ.
വ്യാകരണം ടീച്ചര്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വൃത്തം ടീച്ചര്‍ കര്‍ക്കശമായി പറഞ്ഞു
“അതിനാല്‍ സാറേ , നമ്മുടെ സ്കൂളില്‍ ടിന്റു മോനെ നിരോധിക്കണം .ഇന്നു തന്നെ അസംബ്ലി വിളിച്ചൂ കൂട്ടി ഇക്കാര്യം  പറയണം ”
ഹെഡ് മാഷ് ഒന്നും മിണ്ടുന്നില്ല
ഹെഡ് മാഷിന്റെ മുഖത്ത് ഇതൊക്കെ കേട്ടീട്ടും ഒരു കള്ളച്ചിരി പ്രകടമായത് എല്ലാവരും അത്ഭുതത്തൊടെ ദര്‍ശിച്ചു .
പെട്ടെന്നാണ് വൃത്തം ടീച്ചര്‍ അത് കണ്ടത്
“ ദേ , ഹെഡ്  മാഷിന്റെ മേശപ്പുറത്ത് “ടിന്റുമോന്‍ ഫലിതങ്ങള്‍“ എന്ന പുസ്തകം  കിടക്കുന്നു. ” വൃത്തം ടീച്ചര്‍ ഉറക്കെ വിളിച്ചൂ പറഞ്ഞു.
“ഹെഡ് മാഷും ടിന്റു മോന്റെ ആരാധകനാണെന്നോ  ?” യൂണിയന്‍ മാഷിന് അത്ഭുതം അടക്കിവെക്കാനായില്ല
പെട്ടെന്ന് ഹെഡ് മാഷിന്റെ മുറിയില്‍ ഉച്ചത്തില്‍
“ടിന്റു മോന്‍ റോക്സ് , “ടിന്റു മോന്‍ റോക്സ് ,“ടിന്റു മോന്‍ റോക്സ് “  എന്ന റിംഗ് ടോണ്‍ ഉച്ചത്തില്‍ ശബ്ദിച്ചു.
അത് ഹെഡ് മാഷിന്റെ മൊബൈല്‍ ഫോണില്‍  നിന്നായിരുന്നു.

Tintu Mon Related Posts
1. ടിന്റു മോന്‍ കഥകള്‍ 

2.ടിന്റു മോന്‍ തകര്‍ക്കുന്നു

Sunday, 2 January 2011

52. സൂര്യനും ചന്ദ്രനും ഒരേ വലുപ്പത്തില്‍ കാണുന്നതെന്തുകൊണ്ട് ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക്
ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട്
പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന്
അംഗങ്ങള്‍ക്ക് മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ ഞാന്‍ വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്കു കടക്കാം . സൂര്യനോ ചന്ദ്രനോ വലുത് ?”
“ഇതാണോ ഇത്ര വലിയ ഹാര്‍ഡ് സ്പോട്ട് ” ബാക്ക് ബഞ്ചിലിരുന്ന ബാക്ക് ഇ എം എഫ് മാഷ് വിളിച്ചൂ
പറഞ്ഞു.
“ഇത് അറിയാ‍ണ്ട് മാഷ് എങ്ങന്യാ ഫിസിക്സ് മാഷ് ആയേ ” ലെന്‍സി ടീച്ചര്‍ വിളിച്ചൂ കൂവി .
ക്ലാസില്‍ സൂര്യന്‍ മാഷിനോടുള്ള പരിഹാസച്ചിരി പ്രകടമായി .
“സൂര്യന്‍ തന്നെ മാഷെ . ചന്ദ്രനെക്കാള്‍ എത്രയോ വലുതാണ് സൂര്യന്‍ .” സാന്ദ്രത ടീച്ചര്‍
മധ്യസ്ഥയായി .
ഈ ഉത്തരം ലഭിച്ച ഉടനെ സൂര്യന്‍ മാഷ് വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറഞ്ഞു.
“എങ്കില്‍ ; എന്തുകൊണ്ട് സൂര്യനേയും ചന്ദ്രനേയും നാം ഒരേ വലുപ്പത്തില്‍ കാണുന്നു?”
ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായി .
സംഗതിയുടെ ഗൌരവം എല്ലാ മുഖങ്ങളിലും പ്രകടമായി .
ലെന്‍സിടീച്ചര്‍ എണീറ്റുനിന്നുകൊണ്ട് പറഞ്ഞു തുടങ്ങി
“അത് ചിലപ്പോള്‍ നമ്മുടെ കണ്ണിന്റെ പ്രത്യേകത കൊണ്ടായിരിക്കാം . അതായത് വളരേ
അകലെയുള്ള വസ്തുക്കള്‍ ചെറുതായിട്ടാണ് കണ്ണ് രൂ‍പീകരിക്കുക. ഉദാഹരണത്തിന് ,  അകലെ
പോകുന്ന വിമാനത്തിന്റെ കാര്യം തന്നെ എടുത്താല്‍ മതി . വളരേ ചെറുതായിട്ടല്ലേ നാം കാണുന്നത് .
അതുപോലെ ഇതും കണ്ണിന്റെ ഒരു തകരാറെന്നോ പ്രത്യേകതയെന്നോ നമുക്ക് പറയാം .”
“ എങ്കിലും ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് എത്തുന്നില്ലല്ലോ ടീച്ചറെ “ സൂര്യന്‍ മാഷ്
പറഞ്ഞു.
“ അതെ , പയറിന്റെ വില ചോദിച്ചാല്‍ കടലയുടെ വില പറഞ്ഞീട്ടെന്താ കാര്യം “
ന്യൂട്രോണ്‍ മാഷ് ലെന്‍സിടീച്ചറോടുള്ള നീരസം പ്രകടമാക്കി.
“കടലയുടെ വില എത്രയാന്നേ അറിയുള്ളു ; പയറിന്റെ വില അറില്ല . അപ്പോ പ്പിന്നെ കിട്ടണ കാര്യം
പറയുക തന്നെ “ ന്യൂട്ടണ്‍ മാഷ് ലെന്‍സിടീച്ചറെ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
“ഇങ്ങനെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല . ഉത്തരം പറയുവാന്‍ പറ്റുമോ എന്ന് നോക്ക് ?” സൂര്യന്‍
മാഷ് പരിഹാസച്ചുവയില്‍ വെല്ലുവിളിച്ചു.
അപ്പോള്‍ ഐന്‍സ്റ്റീന്‍ മാഷ് എണീറ്റുനിന്നു പറഞ്ഞു തുടങ്ങി .
“ ഞാന്‍ ലെന്‍സിടീച്ചര്‍ പറഞ്ഞു നിറുത്തിയിടത്തു നിന്ന് തുടങ്ങാം . അകലെയുള്ള വസ്തുക്കളെ
ചെറുതായി കാണിക്കുക എന്നത് കണ്ണിന്റെ ഒരു പ്രത്യേകതയാണ് .സൂര്യന്‍ ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ്ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു.സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് . ”
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞ് അവസാനിപ്പിച്ചതും ഉഗ്രന്‍ കയ്യടി ക്ലാസ് ആകെ മുഴങ്ങി .

Wednesday, 22 December 2010

51. സൌരോര്‍ജ്ജം പുനസ്ഥാപിക്കുവാന്‍ കഴിയാത്ത ഊര്‍ജ്ജ സ്രോതസ്സാണെന്നോ ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട് പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന് അംഗങ്ങള്‍ക്ക്  മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ഫിഷന്‍ മൂലവും ഫ്യുഷന്‍ മൂലവും ഊര്‍ജ്ജം ഉണ്ടാകുന്നു എന്ന് നമുക്കറിയാം .പക്ഷെ , അത് എങ്ങനെയാണ്  തെളിയിക്കുക”
“ഈ ക്ലസ്റ്ററില്‍ അത് തെളിയിക്കുവാന്‍ വളരെ വിഷമമാ മാഷേ “ ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു.
“ അതെ , ഫിഷന്റേയും ഫ്യൂഷന്റേയും പരീക്ഷണം ഇവിടെ , ഈ മുറിയില്‍ വെച്ച് നടത്തുക എന്നൊക്കെ പ്പറഞ്ഞാല്‍ , എങ്ങെന്യാ അത് ശരിയാവാ‍ “ സാന്ദ്രത ടീച്ചര്‍ സൂര്യന്‍ മാഷിനെ കളിയാക്കി പറഞ്ഞു.
ഈ കളിയാക്കല്‍ കേട്ടെങ്കിലും സൂര്യന്‍ മാഷ് തളര്‍ന്നില്ല ; അദ്ദേഹം വീണ്ടും ഉഷാറായി തുടര്‍ന്നു.
“ നിങ്ങള്‍ ഈ ചോദ്യം കുട്ടികളോട് -അതായത് എ പ്ലസ് കിട്ടുവാന്‍ സാധ്യതയൂള്ള വരോട് ചോദിച്ചെന്നിരിക്കട്ടെ . അവര്‍ എന്തു മറുപടിയായിരിക്കും പറയുക?”
ഇപ്പോഴാണ് സംഗതിയുടെ ഗൌരവം അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത് . അവിടെ കളിയും ചിരിയും മാഞ്ഞ് നിശ്ശബ്ദത വന്നു ചേര്‍ന്നു.
ഉത്തരം പറയുവാനായി ഫിഷന്‍ മാഷ് എണീറ്റുനിന്നു , ഒരു നിമിഷം എല്ലാവരേയും നോക്കി പറഞ്ഞു.
“ഫിഷനും ഫ്യൂഷനും നടക്കുമ്പോള്‍ ധാരാളം ഊര്‍ജ്ജം ലഭ്യമാകുന്നുണ്ട് . അതായത് ശബ്ദം , പ്രകാശം , താപം , റേഡിയേഷന്‍ എന്നിരൂപത്തില്‍ ധാരാളം ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.”
“ശരി തന്നെ “ സൂര്യന്‍ മാഷ് തുടര്‍ന്നു.
“അങ്ങനെയെങ്കില്‍ ഈ ഊര്‍ജ്ജം എവിടെനിന്ന് ഉണ്ടായി എന്നു പറയാമോ ? മാത്രമല്ല അത്
തെളിയിക്കുകയും ചെയ്യാമോ ?”
“അത് അത്ര പ്രയാസമുള്ള കാര്യമല്ലാന്നേ “ ഫിഷന്‍ മാഷ് തുടര്‍ന്നു
“ഫിഷനു മുമ്പുള്ള മാസും ഫിഷനു ശേഷമുള്ള മാസും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക . അപ്പോള്‍ മാസില്‍ വ്യത്യാ‍സം കാണും . അതായത് ഫിഷനു ശേഷവും ഫ്യൂഷനു ശേഷവും മാസില്‍ കുറവ് ഉണ്ടാകും . ഈ മാസ് ആണ് ഊര്‍ജ്ജമായി മാറിയത് “
“ പക്ഷെ ഫിഷനുശേഷം മാസില്‍ കുറവു വന്നത് പുസ്തകത്തില്‍ ഉണ്ട് . പക്ഷെ ഫ്യുഷനു ശേഷം മാസില്‍ കുറവുവരുന്നത് പുസ്തകത്തില്‍ ഇല്ല . പണ്ടത്തെ പുസ്തകത്തില്‍ നാലു ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ഉണ്ടാകുന്ന കാര്യം പറഞ്ഞിരുന്നു. “ ഫ്യൂഷന്‍ മാഷ് തന്റെ സാനിദ്ധ്യം പ്രകടമാക്കി.
സൂര്യന്‍ മാഷ് ഫ്യൂഷന്‍ മാഷിനെ അവഗണിച്ചു കൊണ്ടു പറഞ്ഞു.
“ എന്തായാലും ഫിഷനും ഫ്യൂഷനും നടന്നു കഴിയുമ്പോള്‍ ഊര്‍ജ്ജ മുണ്ടാകുന്നു എന്നും ഈ ഊര്‍ജ്ജം മാസില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും വ്യക്തമായല്ലോ .അങ്ങനെയെങ്കില്‍ എന്റെ അടുത്ത ചോദ്യം ഇതാ” സൂര്യന്‍ മാഷ് എല്ലാവരേയും ഒരു നിമിഷം ആകാംക്ഷാഭരിതരാക്കിക്കൊണ്ട് പറഞ്ഞു.
“സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ മൂലമാണെന്ന് നമുക്ക് അറിയാമല്ലോ . ഫിഷന്‍ നടക്കുമ്പോള്‍ സൂര്യന്റെ മാസില്‍ കുറവ് ഉണ്ടാകുന്നു എന്നും നമുക്ക് അറിയാം . നക്ഷത്രങ്ങളുടെ മരണത്തില്‍ ഏതൊരു നക്ഷത്രവും നാളുകള്‍ കഴിയുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ സൂര്യനെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി കരുതുവാന്‍
സാധിക്കുമോ ? ”
സൂര്യന്‍ മാഷ് ഒരു നിമിഷം നിശ്ശബ്ദമായി വേദിയില്‍ നിന്നു.
തന്റെ ചോദ്യം അംഗങ്ങളിലുണ്ടാക്കിയ പ്രതികരണം ആസ്വദിച്ചു. അതിനുശേഷം തന്റെ സീറ്റില്‍ ചെന്നിരുന്നു.
അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നെടുകെയും കുറുകെയും അങ്ങനെയും ഇങ്ങനെയുമ്മൊക്കെ നടന്നു.
ക്ലാസ് ശബ്ദമുഖരിതമായി .
പെട്ടെന്ന് ഐന്‍സ്റ്റീന്‍ മാഷ് എണീറ്റ് വേദിയിലേക്കു വന്നു.
ഐന്‍സ്റ്റീന്‍ മാഷിന്റെ മുഖത്തെ ഗൌരവം കണ്ടാവണം ക്ലാസ് നിശബ്ദമായി .
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു തുടങ്ങി .
“സൂര്യന്‍ മരിക്കണമെങ്കില്‍ അഥവാ സൂര്യനില്‍ നിന്ന് പ്രകാശം പുറപ്പെടുന്നത് ഇല്ലാതാകണമെങ്കില്‍ വളരേ അധികം സമയം പിടിക്കും . ഈ സമയത്തെ ആസ്പദമാക്കി മനുഷ്യന്റെയോ മനുഷ്യ വംശത്തിന്റേയോ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുലോം തുച്ഛമാണ് . അതുകൊണ്ടു തന്നെ നമുക്ക് സൌരോര്‍ജ്ജത്തെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി കണക്കാക്കാം. ”
“ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു നിറുത്തിയതും കയ്യടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.”
കയ്യടി അവസാനിച്ചപ്പോല്‍ ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.
ആശയ സഹായം .
ശ്രീ രമേശന്‍ മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ

50. ലെന്‍സ് സമവാക്യത്തില്‍ പോസറ്റീവ് ചിഹമോ അതോ നെഗറ്റീവ് ചിഹനമോ ഉള്ളത് ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് ലെന്‍സിട്ടിച്ചറായിരുന്നു.
ടീച്ചര്‍ വേദിയില്‍ വന്ന് എല്ലാവരേയും നോക്കി പുഞ്ചിരിച്ചശേഷം ചോദിച്ചു.
“ഒമ്പതിലെ ഫിസിക്സ് രണ്ടാം ഭാഗം തുടങ്ങിയോ ?”
പലയിടത്തുനിന്നും ഉത്തരമായി മൂളല്‍ പ്രകടമായി .
മറുപടിയില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലാഞ്ഞിട്ടാവണം ടീച്ചര്‍ വീണ്ടും ചോദിച്ചു
“പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന അദ്ധ്യായം എടുത്തു കഴിഞ്ഞുവോ ? അതില്‍ എന്തെങ്കിലും പുതുമ കണ്ടുവോ ?”
“ങള് മനുഷ്യനെ ബെടക്കാക്കാണ്ട് കാര്യം ങ്ങട്ട് പറയാ ” പ്രകാശന്‍ മാ‍ഷ് വേറെ ഒരു ടോണില്‍ പറഞ്ഞു. അത് ക്ലാ‍സില്‍ കൂട്ടച്ചിരി പടര്‍ത്തി.
ഇനിയും സസ്പെന്‍സ് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാകാം പ്രിന്‍സിടീച്ചര്‍ പറഞ്ഞു.
“ ലെന്‍സമവാക്യത്തിന്റെ കാര്യമാ ഞാന്‍ പറയുവാന്‍ പോകുന്നേ . മുന്‍പൊക്കെ നാം
പഠിപ്പിച്ചിരുന്നത് 1/u + 1/v = 1/f എന്നായിരുന്നല്ലോ . എന്നാല്‍ പുതിയ പാഠപുസ്തകത്തില്‍ 1/v - 1/u = 1/f ” എന്നാണ് . ”
ലെന്‍സിടീച്ചറുടെ ഈ പ്രസ്താവനയില്‍ ക്ലാസ് നിശ്ശബ്ദമായി.
അംഗങ്ങള്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു.
“ഇക്കാര്യം എന്തുകൊണ്ടാണ് എന്നാ ഞാന്‍ ചോദിക്കുന്നേ ” ഇതും പറഞ്ഞ് ടീച്ചര്‍ സീറ്റില്‍ ചെന്നിരുന്നു.
ഉടന്‍ തന്നെ ട്രാന്‍സ്‌ലേഷന്‍ മാഷ് എണീറ്റുനിന്നു പറഞ്ഞു.
“അത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാഠപുസ്തകത്തില്‍ മൈനസ് ആയിട്ടാണ് ലെന്‍സ് സമവാക്യം കിടക്കുന്നത് .
അതാണ് കാരണം”
“അതെന്തു ന്യായമാ , ഇംഗ്ലീഷു മീഡിയം സ്കൂളില്‍ മൈനസ് ആയതുകൊണ്ട് മലയാളം മീഡിയം സ്കൂളില്‍
മൈനസ് ആയി എന്നു പറയുന്നത് . നമുക്കിവിടെ അറിയേണ്ടത് മലയാളം മീഡീയത്തിലായാലും ഇംഗ്ലീഷ് മീഡീയത്തിലായാലും എന്തുകൊണ്ട് മൈനസ് ആയി എന്നാണ് ” സാന്ദ്രത ടീച്ചര്‍ ഉടന്‍ പ്രതികരിച്ചു.
ഏതാനും നിമിഷനേരം ക്ലാസില്‍ അടുത്തിരിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ച നടന്നു.
(വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചര്‍ച്ച നടന്നു, അല്ല ഓടി ; ചര്‍ച്ച ഒരിക്കലും ഇരുന്നില്ല)
ആരും ഒന്നും എണീറ്റു പറയുന്നില്ല.
പെട്ടെന്ന് ന്യൂ കാര്‍ട്ടീഷ്യന്‍ മാഷ് വേദിയിലേക്കു വന്നു , എല്ലാവരേയും ഒന്നു വീക്ഷിച്ചശേഷം പറഞ്ഞു.
“ഈ മൈനസ് സമവാക്യമാണ് ശരി . ഈ സമവാക്യം രൂപപ്പെടുത്തിയിരിക്കുന്നത് ന്യൂ കാര്‍ട്ടിഷന്‍
ചിഹ്നരീതിയനുസരിച്ചാണ് .”
“അപ്പോള്‍ പണ്ടത്തെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി കണ്ടുപിടിച്ചീട്ടില്ലായിരുന്നുവോ ? ”
സാന്ദ്രത ടീച്ചര്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
“പണ്ട് ഈ പാഠഭാഗം എട്ടാം ക്ലാസിലായിരുന്നു. അന്ന് പഠിപ്പിച്ചിരുന്നത് 1/u + 1/v = 1/f എന്നായിരുന്നു . പക്ഷെ എട്ടാം ക്ലാസ് ആയതുകൊണ്ട് ന്യൂകാര്‍ട്ടീഷന്‍ ചിഹ്നരീതി പഠിപ്പിച്ചിരുന്നില്ല. കാരണം എട്ടിലെ കുട്ടികളല്ലേ , അത്രക്ക് കട്ടികൂടിയ പാഠഭാഗം വേണ്ടെ എന്ന് തീരുമാനിച്ചിരിക്കാം . അതിനാല്‍ തന്നെ ഈ സമവാ‍ക്യം ഉപയോഗിച്ച് കണക്കു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കുവാന്‍ ചില കണ്ടീഷന്‍സ് വെച്ചിരുന്നു. ”
ന്യൂ കാര്‍ട്ടീഷന്‍ മാഷ് ഒന്നു നിറുത്തി എല്ലാവരേയും നോക്കി . എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ തുടര്‍ന്നു.
“ഒന്നാമത്തെ കണ്ടീഷന്‍ ,കോണ്‍‌വെക്സ് ലെന്‍സിന്റെ ഫോക്കസ് ദൂരം പോസറ്റീവ് ആയും കോണ്‍‌കേവ് ലെന്‍സിന്റേത് നെഗറ്റീവ് ആയും എടുക്കണമെന്നായിരുന്നു. രണ്ടാമത്തേത് , യഥാര്‍ത്ഥ പ്രതിബിബമാണ് ഉണ്ടാകുന്നതെങ്കില്‍ v പോസറ്റീവും മിഥ്യാ പ്രതിബിംബമാണെങ്കില്‍ v നെഗറ്റീവും ആയിരിക്കും . മൂന്നാമത്തേത് , വസ്തു യഥാര്‍ത്ഥമായതുകൊണ്ട് u പോസറ്റീവ് സംഖ്യയായി കണക്കാക്കുന്നു എന്നുമാണ്.”
“അതായത് ന്യൂ കാര്‍ട്ടിഷന്‍ ചിഹ്നരീതി പഠിപ്പിച്ചതിനാല്‍ കണ്ടീഷന്‍സ് ഒന്നും വേണ്ട എന്നര്‍ഥം അല്ലേ “
ലെന്‍സി ടീച്ചര്‍ വിളിച്ചു പറഞ്ഞു.
“അതു തന്നെ ടീച്ചറെ “ ന്യൂ കാര്‍ട്ടീഷന്‍ മാഷ് തുടര്‍ന്നു .
“അതുകൊണ്ടു തന്നെ ഈ പുതുക്കിയ ഈ സമവാക്യം നമുക്ക് യുക്തി ഭദ്രമായി കുട്ടികളുടെ മുന്നില്‍
അവതരിപ്പിക്കാം ”
അതോടുകൂടി ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.
ആശയ സഹായം .
ശ്രീ രമേശന്‍ മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ

Friday, 10 December 2010

49. ലാസ്റ്റ് പിരീഡ് : ഉഷാറിനൊരു സൂത്രവാക്യം

മാഷ് രണ്ടാഴ്ച ചില പ്രശ്നങ്ങള്‍ കാരണം ലീവിലായിരുന്നു.
അങ്ങനെ അന്ന് സ്കൂളിലെത്തി .
പല വിശേഷങ്ങളും പണിക്കിടയില്‍ അറിഞ്ഞും അറിയാതെയും ഇരുന്നു.
കേട്ടതൊക്കെ ഗ്രഹിച്ചു ; കേള്‍ക്കാത്തത് ഊഹിച്ചു.
അവസാനം അന്നേദിവസം ലാസ്റ്റ് പിരീഡ് .
മാഷ് ഏഴാം ക്ലാസ് എ യിലെത്തി.
കുട്ടികള്‍ക്കെല്ലാം ബഹുസന്തോഷം !!
എന്താണാവോ ഇത് ?
മാഷിന് മനസ്സിലായില്ല.
രണ്ടാഴ്ചയായി തന്നെ കാണാതിരുന്നശേഷം കണ്ടതിലുള്ള സന്തോഷമാണോ ?
മാഷിന്റെ മനസ്സില്‍ അത്തരമൊരു സംശയം ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പോലെ കടന്നുപോയി .ഹേയ് , അതുണ്ടാവില്ല ; മാഷിന്റെ മനസ്സ് തിരുത്തി.
പിന്നെ എന്താണാവോ കാരണം ?
സന്തോഷം മാത്രമല്ല ഉന്മേഷവുമുണ്ട് ?
അപ്പോള്‍ വേറെ എന്തോ ഉണ്ട് ?
നിശ്ചയം തന്നെ .
എന്തിന് ഈ വക ചിന്തകള്‍ക്കൊക്കെ നില്‍ക്കണം
താന്‍ അവരുടെ മാഷ് അല്ലേ
നേരിട്ട് ചോദിച്ചു കൂടെ
അതുതന്നെ നേരിട്ട് ചോദിക്കാം .
“എന്താ , നിങ്ങള്‍ വലിയ സന്തോഷത്തിലാണല്ലോ ”
അവരും അതെ എന്ന മട്ടില്‍ തലയാട്ടി.
ചിലര്‍ ആഹ്ലാദ സൂചകമായ ചില ശബ്ദം പുറപ്പെടുവിച്ചു.
“ കാര്യം പറ .” മാഷിന് തന്റെ ആകാംക്ഷയെ പിടിച്ചു നിര്‍ത്താനായില്ല.
ഏറ്റവും പിന്‍ ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു.
മാഷ് പറഞ്ഞുകൊള്ളുവാന്‍ ആംഗ്യം കാണിച്ചു.
“ ഈ ഉഷാര്‍ ‘ഉച്ചപ്പാലിന്റെയാ ’ ”
“ഉച്ചപ്പാലോ അതെന്താ ”
“അയ്യേ , അപ്പോ മാഷ് ഒന്നും അറിഞ്ഞില്ലേ . ഇന്ന് ഉച്ചപ്പാലിന്റെ ദിവസമല്ലേ. അതുകൊണ്ട് ഉച്ചതിരിഞ്ഞുള്ള ഇന്റര്‍വെല്‍
സമയത്ത് ചൂടുള്ള പാല്‍ കിട്ടും . ” രണ്ടാമത്തെ ബെഞ്ചിലിരുന്ന ഹസീന പറഞ്ഞു.
“ സംഗതി സൂപ്പറാ , ഉച്ചക്കഞ്ഞിയേക്കാള്‍ അടിപൊളി .”
അപ്പോള്‍ സംഗതി മാഷിന്നോര്‍മ്മവന്നു.
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന കാര്യം .
മാഷ് പത്രത്തില്‍ വായിച്ചിരുന്നു.
ലീവായതുകൊണ്ട് മനസ്സില്‍ തങ്ങിനിന്നില്ല എന്നു മാത്രം .
ഉച്ചക്കഞ്ഞി ചോറും സാമ്പാറും പയറുകറിയുമൊക്കെ ആയുള്ള വിഭവ സ‌മൃദ്ധമായപ്പോളും ഉച്ചക്കഞ്ഞിയെന്ന അതിന്റെ ആദ്യനാമം
പോയില്ല എന്ന് കാര്യം മാഷ് ഓര്‍ത്തു.
അതുപോലെ തന്നെ അതിന്റെ സഹോദരനായി വന്ന പാലിന് കുട്ടികള്‍ നല്‍കിയ ‘ഉച്ചപ്പാല്‍‘ എന്ന പേരും മാഷിന് രസകരമായി
തോന്നി .
“ നിങ്ങള്‍ക്ക് ഉച്ചക്കഞ്ഞിയേക്കാളും സൂപ്പറാണ് ഉച്ചപ്പാല്‍ എന്നു തോന്നുന്നതെന്താ ? ” മാഷ് ചോദിച്ചു.
അതിനുത്തരമായി കുട്ടികള്‍ പലതും പറഞ്ഞു.
പിന്‍ ബെഞ്ചിലിരുന്ന വിശാ‍ല്‍ എണീറ്റു നിന്നു പറഞ്ഞു
“ഉച്ചപ്പാല്‍ സിന്ദാബാദ് ”
മറ്റുള്ളവര്‍ ഏറ്റുവിളിക്കും മുന്‍‌പേ മാഷ് അവരെ അതില്‍ നിന്ന് തടഞ്ഞു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തിലേക്ക് കടന്നു.

Friday, 26 November 2010

48. രക്ഷിതാക്കള്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു.
പരീക്ഷപേപ്പറുകള്‍ കുട്ടികള്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കും ..........
മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞിരിക്കും ...........
ഇനി രക്ഷിതാവ് ,കുട്ടിയുടെ പ്രോഗ്രസ്സ് അറിയുവാന്‍ വരുന്ന ഘട്ടമാണ് .
അവിടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.
അനുഭവം :1
ക്ലാസ് പി.ടി.എ 3.30 നാണ് വെച്ചിരിക്കുന്നത് . രക്ഷിതാവ് ചില അത്യാവശ്യകാര്യങ്ങള്‍ നിമിത്തം 2 മണിക്ക് എത്തി.
അടുത്ത രംഗം കാണുന്നത് , സ്റ്റാഫ് റൂമില്‍ കുട്ടിയുമായി എത്തിയ രക്ഷിതാവിനോട് ടീച്ചര്‍ കയര്‍ക്കുന്നതാണ്.
“നിങ്ങളോടല്ലേ മൂന്നരക്ക് വരാന്‍ പറഞ്ഞത് , എന്നിട്ടിപ്പോ എന്തിനാ രണ്ടുമണിക്ക് വന്നത് ................”
എന്നുള്ള ചില ഡയലോഗുകള്‍ .
അനുഭവം :2.
സ്റ്റാഫ് റൂമില്‍ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു. രക്ഷിതാവിന് ഏകദേശം 60 വയസ്സ് പ്രായമുണ്ട് .
മുപ്പതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ടീച്ചര്‍ കസേരയിലിരിക്കുന്നു. പിന്നെ 20 മിനിട്ടോളം രക്ഷിതാവിനോട് ടീച്ചറുടെ
ഗിരി പ്രസംഗമാണ് . അതും പ്രായമായ രക്ഷിതാവിനോട് ഒന്നിരിക്കാന്‍ കൂടി പറയാതെ ! സ്വന്തം പിതാവിനേക്കാള്‍ പ്രായം കൂടിയ മനുഷ്യനാണ് ...............................
അനുഭവം :3.
സമൂഹത്തില്‍ ഉന്നത സ്ഥാനീയവും പണക്കാരനുമായ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു.
അദ്ധ്യാപകന്‍ അകലെ നിന്നുതന്നെ പ്രസ്തുത രക്ഷിതാവിനെ കാണുന്നു. വാതിക്കല്‍ വെച്ചുതന്നെ സ്വീകരിക്കുന്നു.
സ്റ്റാഫ് റൂമിലെ കസേരയിലിരുത്തുന്നു. സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുന്നു.
ഇതേ അദ്ധ്യാപകന്‍ തന്നെ പാവപ്പെട്ട രക്ഷിതാവ് വന്നപ്പോള്‍ ഉണ്ടായ പെരുമാറ്റം വളരേ മോശമായിരുന്നു
എന്നോര്‍ക്കുക. ഒന്നിരിക്കുവാന്‍ പോലും പറഞ്ഞില്ലെന്നു മാത്രമല്ല..............
അനുഭവം :4.
രക്ഷിതാവ് കുട്ടിയുമായി സ്റ്റാഫ് റൂമിലെത്തുന്നു. കുട്ടി കുസൃതി !!
തുടര്‍ന്ന് കുട്ടിയുടെ കുറ്റങ്ങള്‍ മുഴുവനും രക്ഷിതാവിനോട് പറയുന്നു. രക്ഷിതാവ് കുറ്റവാളിയെപ്പോലെ സ്റ്റാഫ് റൂമില്‍
നില്‍ക്കുന്നു. അരമണിക്കൂറിനുശേഷം രക്ഷിതാവ് സ്കൂളില്‍ നിന്ന് പുറത്തുകടക്കുന്നു.
റോഡിന്നരികെ കൂള്‍ ഡ്രിംഗ്സ് കടയില്‍ നിന്ന് സോഡാവാങ്ങിക്കുടിച്ച് ആശ്വാസം നേടുന്നു.
അനുഭവം :5
രക്ഷിതാവ് സ്കൂളിലെത്തുന്നു . പ്രോഗ്രസ്സ് കാര്‍ഡ് നോക്കി കുട്ടിയുടെ മാര്‍ക്ക് അറിയുന്നു. രോഷാകുലനാകുന്നു.
വീട്ടിലെത്തുന്നു. കുട്ടിയെ ചീത്ത പറയുന്നു ; മര്‍ദ്ദിക്കുന്നു.
അനുഭവം :6.
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയുടെ മാര്‍ക്കിന്റെ സ്ഥിതി മുന്‍‌പേ അറിഞ്ഞിട്ടൂണ്ട് . അദ്ധ്യാപകരോട് കയര്‍ക്കുന്നു.
മാര്‍ക്കുകുറഞ്ഞവിഷയത്തിലെ അദ്ധ്യാപകരോട് മോശമായി പെരുമാറുന്നു. അവര്‍ ശരിയായ രീതിയില്‍
പഠിപ്പിക്കാത്തതിനാലാണ് തന്റെ കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞതെന്ന് ആക്ഷേപിക്കുന്നു.
അനുഭവം :7
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ . നാലുവര്‍ഷം മുന്‍പ് ഇതേ സ്കൂളില്‍ പഠിച്ചവന്‍ . വില്ലന്‍ ,
വിവരമില്ലാത്തവന്‍ . ടീച്ചര്‍ അവനെക്കണ്ട് രോഷാ‍കുലനാകുന്നു
“നീയാണൊ ഇവന്റെ രക്ഷിതാവ് “എന്ന് അലറുന്നു.
അനുഭവം :8
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ .പത്തുവയസ്സിനു മൂത്തത് . ടീച്ചര്‍ പറഞ്ഞതൊക്കെ കേട്ടു. സ്ക്കൂളിനു
പുറത്തുകടന്നപ്പോള്‍ ചേട്ടന്റെ വക സമാശ്വസിപ്പിക്കല്‍
“നീ വിഷമിക്കേണ്ട , ഞാന്‍ പഠിക്കുമ്പോ നിന്നേക്കാളും പോക്കായിരുന്നു, ........... ടീച്ചറിനു ലൌലറ്റര്‍ കൊടുത്തവനാ
ഞാന്‍”
അദ്ധ്യാപകരുടെ ശ്രദ്ധക്ക്
1.രക്ഷിതാക്കള്‍ പാവപ്പെട്ടവരായാലും പണക്കാരനായാലും ഉന്നത  വിദ്യാഭ്യാസമുള്ളവനായാലും
വിദ്യാഭ്യാസമില്ലാത്തവനായാലും അവരോട് അദ്ധ്യാപകര്‍ ബഹുമാനത്തോടുകൂടി പെരുമാറുവാന്‍ ശ്രമിക്കുക.
2.അദ്ധ്യാപകരെ കാണുവാന്‍ വരുന്ന രക്ഷിതാക്കള്‍ക്ക് ഒരു ചെയര്‍ കൊടുക്കുക. സ്റ്റാഫ് റൂമില്‍ അത്തരത്തില്‍ Parent
friendly ക്രമീകരണം ഉണ്ടായാല്‍ നല്ലത് .
3.രക്ഷിതാക്കള്‍ കുട്ടിയെക്കുറിച്ച് പറയുന്നത് ക്ഷമയോടെ കേള്‍ക്കുക
4. കുട്ടിക്കാണ് മാര്‍ക്ക് കുറവ് ; രക്ഷിതാവിനല്ല. അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
5.കുട്ടിയാണ് കുറ്റം ചെയ്തത് ; രക്ഷിതാവല്ല . അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
7.രക്ഷിതാവ് വരുമ്പോള്‍ ആദ്യം കുട്ടിയുടെ നല്ലകാര്യങ്ങള്‍ , കഴിവുകള്‍ എന്നിവ പറയുക . അതിനു ശേഷം മാത്രം
കുട്ടിയുടെ കുറവ് / പോരായ്മ പറയുക.
8.കുട്ടിക്ക് ക്ലാസിലെ പാഠഭാഗങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ആ പിരീഡ് ,അല്ലെങ്കില്‍ പിറ്റേദിവസം ,
അതുമല്ലെങ്കില്‍ ആ ആഴ്ചയിലെങ്കിലും പ്രസ്തുത അദ്ധ്യാപകനോട് പറയണമെന്ന് മുന്‍‌കൂറായി പലവട്ടം ക്ലാസില്‍ പറയുക.
മറിച്ച് , പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് കുറവായാല്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ബലിയാടാക്കുന്ന സ്വഭാവം
ശരിയല്ലെന്നും മുന്‍‌കൂറായി ക്ലാസില്‍ പറയുക.
9.പല കുട്ടികളുടേയും കാര്യത്തില്‍ ടി. വി ആണ് വില്ലന്‍ ; അതിനാല്‍ അക്കാര്യം ടീച്ചര്‍ ചോദിച്ചറിയുക.
10. പഴയ പഠനരീതിയില്‍ പഠിച്ച രക്ഷിതാവിന് പുതിയ രീതിയിലെ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് അറിയില്ല . അതിനാല്‍ അക്കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിന് ആവശ്യം വേണ്ട ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് രണ്ടോ മൂന്നോ തവണ നല്‍കുക.
11. ട്യൂഷന്‍ മാഷ് കുട്ടിയൂടേയും സ്കൂള്‍ മാഷിന്റേയും ഇടയില്‍ വില്ലനാവാതെ നോക്കുക. ഇരുമാഷന്മാരും ശ്രമിക്കുന്നത് കുട്ടിയുടെ പുരോഗതിക്കാണ്  എന്ന അര്‍ത്ഥത്തില്‍ പെരുമാറുവാനുള്ള സാഹചര്യം ഒരുക്കുക.