Sunday, 16 January 2011

54. ..ശമ്പള പരിഷ്കരണവും മാഷന്മാരും ?

സ്ഥലം : സ്റ്റാഫ് റൂം
സന്ദര്‍ഭം : ഉച്ചയൂണു കഴിഞ്ഞുള്ള സമയം .
ഹൈസ്കൂള്‍ വിഭാഗത്തിലെ സാമൂഹ്യം മാഷാണ് ശമ്പള പരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത്

“ഹൈസ്കൂള്‍ ടീച്ചേഴ്‌സിനൊക്കെ അസ്സലായീന്നാ പത്രത്തിലൊക്കെ ” സാമൂഹ്യം മാഷ് പറഞ്ഞു.
“എന്തോന്ന് അസ്സല്‍ ” ഇംഗ്ലീഷ് മാഷാണ് . ആള്‍ അല്പം ചൂടായ മട്ടുണ്ട് .
“അതായത് പുതിയ ശമ്പള പരിഷ്കരണത്തില്‍ ഒരു പുതിയ ഗ്രേഡ് കൂടി ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ ”
“അതായത് മുന്‍പ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് മൂന്ന് ഗ്രേഡ് ഉണ്ടായിരുന്നു. പത്ത് , ഇരുപത് , ഇരുപത്തിമൂന്ന് എന്ന ക്രമത്തില്‍ . കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ അത് രണ്ടായി ചുരുങ്ങി .”
മലയാളം മാഷ് വ്യക്തമാക്കി .
“അത് , എന്താ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി ചുരുക്കിയത് . യു,പി , എല്‍ .പി എന്നിവരെ ഇത് ബാധിച്ചില്ലേ “ ഡ്രോയിംഗ് മാഷ് ചോദിച്ചു .
“അത് ചുരുക്കിയതല്ല ; അതാണതിന്റെ നിയമം . ഒരു നിശ്ചിത ലെവലിനു മുകളില്‍ എന്‍‌ട്രി സ്കെയില്‍ വന്നാല്‍ പിന്നെ അവിടെ രണ്ട് ഗ്രേഡേ പാടൂ . അത് ധനകാര്യ വകുപ്പിന്റെ നിയമമാണ് . അതുകൊണ്ടുതന്നെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് രണ്ട് ഗ്രേഡേ ഉള്ളൂ “ ഹയര്‍ സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“ കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എന്‍‌ട്രി ലെവല്‍ കൂട്ടി . മൂന്ന് ഗ്രേഡ്
ഉണ്ടായിരുന്നത് രണ്ടാക്കി ക്കുറച്ചു ”
“അതോണ്ട് ജൂനിയേഴ്സിന് മെച്ചം ; സീനിയേഴ്സിന് നഷ്ടം ” ഇംഗ്ലീഷ് മാഷ് വ്യക്തമാക്കി
“അതായത് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടി എന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു .
“ കാര്യം അത് തന്നെ മാഷേ ” എക്കണോമിക്സ് മാഷ് പറഞ്ഞു.
“പക്ഷെ , ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് ശമ്പള പരിഷ്കരണം അല്പം നഷ്ടമാ” എക്കണോമിക്സ് മാഷ് വിലപിച്ചു.
“അല്ലെങ്കിലും നിങ്ങള്‍ കുറേ കൂടുതല്‍ തന്ന്യാ വാങ്ങണത് . അതോണ്ട് പ്രശ്നം ഒന്നും ഇല്ലാ ന്നേ ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാരോട് അല്ലെങ്കിലും ഈ സ്കൂളുകാര്‍ക്ക് കുശുമ്പാ ” ഇക്കണോമിക്സ് മാഷ് പ്രതികരിച്ചു .
ആ സമയത്ത് ഈ ചര്‍ച്ച മുഴുവന്‍ കേട്ടുനിന്ന സ്കൂളിലെ പ്യൂണ്‍ പറഞ്ഞു.
“ഞങ്ങള്‍ ലാസ്റ്റ് ഗ്രേഡുകാര്‍ എന്നും ലാസ്റ്റ് ഗ്രേഡുകാര്‍ തന്ന്യാ. ഇത് മുതലാളിത്ത സമൂഹത്തിലെ ശമ്പള  സ്കെയിലാണ് . ഇതുവരെ നടപ്പാക്കിയ ശമ്പളസ്കെയിലുകള്‍ എല്ലാം അങ്ങനത്തെ തന്ന്യാ. ”
“പിന്നെ എങ്ങനെ വേണമെന്നാണ് അഭിപ്രായം ” ഡ്രോയിംഗ് മാഷ് ചോദിച്ചു.
“ ശമ്പള സ്കെയില്‍ ഒരു മാസ്റ്റര്‍ റണ്ണിംഗ് സ്കെയില്‍ ആണല്ലോ . അതുകൊണ്ടുതന്നെ ഏത് ശമ്പള പരിഷ്കരണം  നടപ്പിലാക്കുമ്പോഴും ഏറ്റവും താഴെയുള്ള സ്കെയിലും ഏറ്റവും മുകളിലുള്ള സ്കെയിലും തമ്മിലുള്ള വ്യത്യാസം അധികമാവരുത് . മിക്ക ശമ്പള പരിഷ്കരണത്തിലും ഇത് അധികമാണ്.”
എന്തുകൊണ്ടോ ഇതിനോട് ഒരു മാഷന്മാരും പ്രതികരിച്ചില്ല.
“എന്തായാലും ബഞ്ചിംഗ് ഇല്ലാത്തത് നന്നായി ?” മലയാളം മാഷ് പറഞ്ഞു.
“അത് എന്തോന്നാ അത് ?” എന്നായി സാമൂഹ്യം മാഷ് .
“അത് ഒരു ശമ്പള പരിഷ്കരണത്തില്‍ ഉണ്ടായിരുന്നു. അതായത് ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും നാലു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമില്ല . അല്ലെങ്കില്‍ ആറു കൊല്ലം സര്‍വ്വീസ് ഉള്ള ആള്‍ക്കും ഒമ്പത് വര്‍ഷം സര്‍വ്വീസ് ഉള്ള ആള്‍ക്കും ശമ്പളത്തില്‍ വ്യത്യാസമില്ല ” ഫിസിക്സ് മാഷ് പറഞ്ഞു.
“ഒന്നു കൂടി വിശദമായി പറയൂ ” എന്നായി മലയാളം മാഷ് .
ഫിസിക്സ് മാഷ് തുടര്‍ന്നു .
“ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും അഞ്ചു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ ഒരു
ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം . ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും പത്തു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ രണ്ട് ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം .“ ഫിസ്കിസ്ക് മാഷ് പൂര്‍ത്തിയാക്കി .
“ഓ , അപ്പോള്‍ അതാണല്ലേ ബഞ്ചിംഗ് ” കണക്കുമാഷ് പറഞ്ഞു.
“ഫിറ്റ് മെന്റും , വെയിറ്റേജും ഒക്കെ അസ്സലായിട്ടുണ്ട് കേട്ടൊ ” മലയാളം മാഷ് തുടര്‍ന്നു.
“ഇക്കണക്കിനു പോയാല്‍ കണക്കു മാഷിന്റെ റേറ്റ് കൂടും ” ഡ്രോയിംഗ് മാഷ് പുതിയതായി വന്ന കണക്കുമാഷിനെ ചൂണ്ടി പറഞ്ഞു .
“അത് എങ്ങേനെ ?” എന്നായി എല്ലാവരും .
“ഹൈസ്കൂളിലെ കണക്കുമാഷ് അല്ലേ . ഹൈസ്കൂ‍ളുകാര്‍ക്ക് കാശ് കൂടുതലെന്നാ എല്ലാ പത്രത്തിലും വന്ന വാര്‍ത്ത് . അതുപോരെ കണക്കുമാഷിന്റെ സ്ത്രീധനത്തുക കൂടാന്‍ ” ഡ്രോയിംഗ് മാഷിന്റെ ഈ പ്രസ്താവന സ്റ്റാഫ് റൂ‍മില്‍ കൂട്ടച്ചിരി പടര്‍ത്തി.
കണക്കുമാഷ് പുതിയതായി ജോയിന്‍ ചെയ്ത അവിവാഹിതനായ ചെറുപ്പക്കാരനാണ് . അദ്ദേഹത്തോട് തമാശ പറയുക അവിടെ ഒരു പതിവ് ആണ് .
“നിങ്ങടെയൊക്കെ ശമ്പള പരിഷ്കരണം കഴിഞ്ഞു വേണം എന്റെ ഒരു പരിഷ്കരണം തുടങ്ങാന്‍ . ” അല്പ സമയം മുന്‍പ് അവിടേക്ക് ചായ ഗ്ലാസ് എടുക്കുവാന്‍ വന്ന ചായക്കടക്കാരന്‍ മമ്മദ്ക്കാ പറഞ്ഞു.
“ഉഴുന്നു വടയുടെ ഉള്‍വ്യാ‍സം കുറക്കാതെയുള്ള പരിഷ്കരണം മതി കേട്ടോ “ കണക്കുമാഷ് ഒരു വെടി പൊട്ടിച്ചു.
“ചായയുടെ വിസ്‌കോസിറ്റി കുറക്കരുതേ ” ഫിസിക്സ് മാഷ് അഭ്യര്‍ഥിച്ചു.
“എന്താ ചെയ്യാ നമ്മടെ ഉഴുന്നുവടക്കും ചായക്കുമൊക്കെ ഇന്‍‌ക്രിമെന്റും ഗ്രേഡും ഇല്ല ” മമ്മദ്ക്കാ വിലപിച്ചു.
ആ വിലാപം അവിടെ പൊട്ടിച്ചിരി പടര്‍ത്തി.
“ എത്ര് കാശു കൂടിയിട്ടെന്താ കാര്യം ? കാശു കൂടിയാ ടാക്സ് കൊടുക്കേണ്ടിവരും . അപ്പോ പിന്നെ എന്താ കാര്യം ?”  കണക്കു മാഷ് വിലപിച്ചു.
“അതിനൊരു കാര്യം ചെയ്താ‍ മതി ലോസ് ഓഫ് പേ ലീവ് എടുത്താല്‍ മതി . അപ്പോ ടാക്സ് വരില്ല ” സാമൂഹ്യം മാഷിന്റെ ഈ ഉപദേശം അവിടെ ചിരി പടര്‍ത്തി.
“അല്ലേങ്കിലും ഈ കണക്കുമാഷിന് തന്ന്യാ മെച്ചം ? ” ഡ്രോയിംഗ് മാഷ് വീണ്ടും കണക്കു മാഷിനെ തോണ്ടി
അതെന്താ കാരണം എന്നറിയാന്‍ എല്ലാവരും ഡ്രോയിംഗ് മാഷിനെ നോക്കി .
“നമ്മുടെയൊക്കെ ഭാര്യമാര്‍ പ്രസവിക്കുന്ന കാലം കഴിഞ്ഞില്ലേ . കണക്കുമാഷിനാണെങ്കിലോ ഭാര്യയുടെ പ്രസവത്തിന് ലീവ് കിട്ടും “ ഡ്രോയിംഗ് മാഷ് അവിവാഹിതനായ കണക്കുമാഷിനെ കളിയാക്കി.
“അപ്പോള്‍ റേറ്റ് വീണ്ടും കൂടുമെന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു.
വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി .
“ എത്ര കാശു കിട്ടിയിട്ടും കാര്യമില്ല ; പണം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ” ഹയര്‍
സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് പറഞ്ഞു .
“അതെന്താ ഇപ്പോ അങ്ങനെ ഒരു തോന്നല്‍ ” ഫിസിക്സ് മാഷ് ചോദിച്ചു .
“കാശു കൂടുതല്‍ കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ അടി പോളി ജീവിതം നടത്തിയാല്‍ എന്തു മെച്ചം ?” ഡ്രോയിംഗ് മാഷ് വ്യക്തമാക്കി .
“ശമ്പള പരിഷ്കരണം വന്നാലുടനെ തന്നെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും ” മലയാളം മാഷ് പറഞ്ഞു.
“അത് പണ്ടേ മുതല്‍ അങ്ങനെയല്ലേ ” സാമൂഹ്യം മാഷ് ശരിവെച്ചു.
“ലക്ഷ്വറി ഐറ്റംസിന്റെ പുതിയ പുതിയ മോഡലുകള്‍ വരുമ്പൊള്‍ അവ വാങ്ങേണ്ട എന്ന്‍ വിചാരിക്കാന്‍ പറ്റേണ്ടെ ” ഇക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“കേന്ദ്രനിരക്കിലുള്ള ശമ്പളം എന്നാണാ‍വോ വരുന്നത് ? ” ഹിന്ദി മാഷ് ചോദിച്ചു
“കേന്ദ്ര നിരക്കില്‍ ശമ്പളം നല്‍കിയാല്‍ പിന്നെ പറയും അമേരിക്കയിലെ നിരക്കില്‍ ശമ്പളം വേണം എന്ന് ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അല്ലേങ്കിലും ഇപ്പോ നാട്ടു കാര്‍ക്ക് ഒരു പറച്ചില്ലാ മാഷന്മാര്‍ എന്തു പണിയാ സ്കൂളില്‍ ചെയ്യുന്നതെന്ന് ” സാമൂഹ്യം മാഷ് അല്പം ചൂടോടെ പറഞ്ഞു,
“അല്ലെങ്കിലും ഈ മാഷന്മാരേ നാട്ടുകാര്‍ക്ക് പണ്ടെ ഇഷ്ടമില്ല” ഹിന്ദി മാഷ് പറഞ്ഞു.
“ ഇഷ്ടമില്ലാത്തേന്റെ കാരണം എന്താണെന്നു വെച്ചാല്‍ അവര്‍ പഠിക്കുന്ന കാലത്ത് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിരിക്കും . അതിന് ഏതെങ്കിലും ഒരു മാഷ് പിടിച്ചു തല്ലിയിട്ടുണ്ടാകും അത്ര തന്നെ .” ഡ്രോയിംഗ് മാഷ് ചൂടായി പറഞ്ഞു.
“നല്ല നാട്ടുകാര്‍ക്ക് മാഷമ്മാരെ ഇഷ്ടം തന്ന്യാ ” മലയാളം മാഷ് പറഞ്ഞു.
“ അതെയതെ , പക്ഷെ ഒരു വകഭേദം ണ്ട് . നല്ല നാട്ടുകാര്‍ക്ക് നല്ല മാഷമ്മാരെ വലിയ ഇഷ്ടാന്ന് കൂട്ടിക്കോളൂ ” അതുവരെ മിണ്ടാതിരുന്ന സംസ്കൃതം മാഷ് പറഞ്ഞു
“അല്ലേങ്കിലും ശമ്പള പരിഷ്കരണം നല്ല മാഷമാര്‍ക്കാ ഗുണം . അവര്‍ കുറച്ചേ ചിലവ് ചെയ്യൂ.” മലയാളം മാഷ് പറഞ്ഞു.
“എന്ത് പരിഷ്കരണം ഉണ്ടായിട്ടും കാര്യമില്ല . സമ്പാദ്യ ശീലമില്ലെങ്കില്‍ . എന്ത് സമ്പാദ്യ ശീലമുണ്ടായിട്ടും കാര്യമില്ല മക്കള്‍ നന്നായില്ലെങ്കില്‍ ” സംസ്കൃതം മാഷ് പറഞ്ഞു.
“എന്നുവെച്ചാല്‍ ............” സാ‍മൂഹ്യം മാഷ് ചോദിച്ചു
“നാമെന്തൊക്കെ ഉണ്ടാക്കിയെന്നിരിക്കട്ടെ , ബാങ്ക് ബാലന്‍സ് , വീട് , വാഹനം ഇവയൊക്കെ ഇണ്ടെന്നിരിക്കട്ടെ മക്കള്‍ നല്ലതല്ലെങ്കില്‍ എന്താ പ്രയോജനം ? അവര്‍ക്ക് ഇതൊക്കെ നശിപ്പിക്കാന്‍ ഒരു നിമിഷം മതി  ” സംസ്കൃതം മാഷ് പൂര്‍ത്തിയാക്കി .
“അതായത് ഈ ശമ്പള പരിഷ്കരണം കൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് . നമ്മുടെ പിള്ളേര് നന്നായാല്‍ നാം രക്ഷപ്പെട്ടു . അതാണ് സംസ്കൃതം മാഷ് പറയുന്നത് ” ഡ്രോയിം മാഷ് വിശദീകരിച്ചു.
“അതെ , കാര്യം ശരിതന്ന്യാട്ടോ ഈ ശമ്പള പരിഷ്കരണം ചര്‍ച്ചചെയ്തീട്ടൊരു ഗുണവും ഇല്ല . ആദ്യം നാം നമ്മുടെ പിള്ളേരെ മിടുക്കന്മാരാക്കണം ” ഇക്കണോമിക്സ് മാഷ് പറഞ്ഞു

“മറ്റുള്ളവരുടെ മക്കളെ നന്നാക്കിയാല്‍ നമ്മുടെ മക്കള്‍ സ്വയം നാന്നാവും “ സംസ്കൃതം മാഷ് വീണ്ടും തത്ത്വം പറഞ്ഞു.
ഇത് കേട്ടപ്പോള്‍ സ്റ്റാഫ് റൂം നിശ്ശബ്ദമായി .
മാഷിന്റെ ചൂണ്ടുവിരല്‍ എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
സംസ്കൃതം മാഷ് ഉദ്ദേശിച്ചതെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
ആ സമയത്ത് ക്ലാസ് കൂടുവാനുള്ള മണിയടിച്ചു.
അതോടെ ചര്‍ച്ച അവസാനിച്ചു .
അപ്പോള്‍ കണക്കു മാഷ് എണീറ്റു നിന്നു പറഞ്ഞു
“എനിക്കു മക്കളില്ല ഞാന്‍ അപ്പോ എന്താ ചെയ്യാ ?”
“മാഷ് ഇപ്പോ ഒന്നും ചെയ്യണ്ട ; ബെല്ലടിച്ചില്ലേ; ക്ലാസില്‍ പോയി കണക്ക് പഠിപ്പിക്കാന്‍ നോക്ക് “ ഡ്രോയിംഗ് മാഷ്
കോപാകുലനായി പറഞ്ഞു.

No comments:

Post a Comment