Tuesday 26 July 2011

65.ഫിസിക്സ് മാഷും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും


മാഷ് സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള വിദ്യുച്ഛക്തി ബോര്‍ഡും
വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ‘നാളേക്കിത്തിരി ഊര്‍ജ്ജം ’ എന്ന പദ്ധതിയുടെ ഭാഗമായി
ആയിരുന്നു അത് . 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് 1 വരെ ആണ് പ്രവര്‍ത്തന കാലം .
മാഷ് , കാലത്തു തന്നെ ക്ലബ്ബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഓരോ ക്ലാസിലും കയറിയിറങ്ങി താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു.
അമ്പതുകുട്ടികള്‍ തികഞ്ഞപ്പോള്‍ , മാഷ് സംഘാടനം അവസാ‍നിപ്പിച്ചു.
അവരോടൊക്കെ ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് ക്ലബ്ബ് അംഗങ്ങളുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന്
അറിയിച്ചു.
അങ്ങനെ ഉച്ചസമയത്തെ ഇന്റര്‍വെല്‍ ആഗതമായി .
മാഷ് മീറ്റിംഗ് അറേഞ്ച് ചെയ്ത റൂമില്‍ എത്തി .
പ്രസ്തുത മുറിയെ മള്‍ട്ടിമീഡിയ റൂം എന്നാണ് സ്കൂളില്‍ വിളിക്കാറ്.
കാരണം അതില്‍ കമ്പ്യൂട്ടര്‍ , എല്‍ സി ഡി പ്രൊജെക്ടര്‍ , സ്ക്രീന്‍  എന്നിവ ഉണ്ട്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മീറ്റിംഗ് നടക്കുമ്പോള്‍ സ്ലൈഡ് ഷോ കാണിക്കാറുമുണ്ട്.
അത് കുട്ടികള്‍ക്ക് ഇഷ്ടമാണ് താനും .
മാഷ് മീറ്റിംഗ് തുടങ്ങി .
ഇത്തരത്തിലൊരു പരിപാടി തുടങ്ങുന്നതിന്റെ കാരണം കുട്ടികളെ ധരിപ്പിച്ചു .
കുട്ടികള്‍ക്ക് നല്‍കുവാന്‍ പോകുന്ന ഡയറിയെക്കൂറിച്ച് പറഞ്ഞു.
അതില്‍ ഒരോ ദിവസത്തേയും മീറ്റര്‍ റീഡിംഗ് , വാട്ട് ഔവര്‍ മീറ്റര്‍ നോക്കി
എഴുതേണ്ടതെങ്ങനെയെന്നും പറഞ്ഞു.
മാത്രമല്ല , ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കുവാനുപയോഗിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ എഴുതേണ്ട സ്ഥലവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
വാട്ട് ഔവര്‍ മീറ്റര്‍ ഡിസ്ക് ടൈപ്പും ഇം‌പള്‍സ് ടൈപ്പും ഉണ്ടെന്നു പറഞ്ഞു.
കുട്ടികള്‍ പല സംശയങ്ങളും ചോദിച്ചു ?
നമ്മുടെ നാട്ടില്‍ ഏത് പവര്‍ഹൌസില്‍ നിന്നാണ് വൈദ്യുതി എത്തുന്നത് ?
ഫാന്‍ സാവധാനത്തില്‍ കറങ്ങിയാല്‍ വൈദ്യുതി ലാഭിക്കാമോ ?
ടി വി യുടെ ശബ്ദം കൂട്ടിയാല്‍ കൂടുതല്‍ പവര്‍ ചെലവാകുമോ ?
വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമോ ?
ഒരു ബള്‍ബ് പ്രകാശിക്കുവാന്‍ രണ്ട് വയര്‍ വേണം  . അതായത് ന്യൂട്രലും ഫേസും . ബള്‍ബ്
പ്രകാശിക്കുമ്പോള്‍ ന്യൂട്രലില്‍ കറന്റ് ഉണ്ടാകുമോ ?
എന്നിവയായിരുന്നു ചോദ്യങ്ങളില്‍ പ്രമുഖര്‍ .
മാഷ് അവക്കൊക്കെ ഉത്തരം പറഞ്ഞു
അങ്ങനെ അവസാനം ഡയറി പുരിപ്പിക്കേണ്ട ഘട്ടം വ്യക്തമാക്കി .
എല്‍ സി ഡി ഉപയോഗിച്ച് പല ചിത്രങ്ങളും കാണിച്ചു .
വൈദ്യുതിയുടെ ദുരുപയോഗം വിശദീകരിച്ചു.
ഇത്തരത്തില്‍ ദുരുപയോഗം കുറക്കുകയാണെങ്കില്‍ ........
ഒരോ വീട്ടിലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുകയാണെങ്കില്‍ .....
സി എഫ് എല്‍ ഉപയോഗിക്കുകയാണെങ്കില്‍ ......
അനാവശ്യമായി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കയാണെങ്കില്‍
നമ്മുടെ സംസ്ഥാനത്ത് എത്രമാത്രം വൈദ്യുതി ലാഭിക്കാമെന്ന് ഓര്‍ത്തുനോക്കൂ
മാഷ് ഇത്രയും പറഞ്ഞ്  നിറുത്തി.
പിന്നേയും മാഷ് വൈദ്യുതി ലാഭിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
അപ്പോള്‍ ഏറ്റവും പിന്നിലെ നിരയില്‍  , പെണ്‍ പിള്ളേരുടെ ഭാഗത്ത് ഒരു കുശുകുശുപ്പ് .....
മാഷ് തറപ്പിച്ചു നോക്കി .
“എന്താ കാര്യം” മാഷ് ചോദിച്ചു.
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു
“ മാഷേ , ഈ മുറിയില്‍ നമ്മള്‍ എത്ര പേരുണ്ട് ? മാഷടക്കം 51  പേര്‍ അല്ലേ . ഈ മുറിയില്‍ നാല്
ഫാന്‍ കറങ്ങുന്നുണ്ട് , മാത്രമല്ല ആറ് ട്യൂബ് ലൈറ്റുകള്‍ കത്തുന്നുണ്ട് . ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെ
മീറ്റിംഗ് തന്നെ ഇങ്ങനെയായാല്‍ ..................“
ക്ലാസിലാകെ കൂട്ടച്ചിരി.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
“ഇത് ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതുപോലെയാണ് .” പിന്നില്‍ നിന്ന് ഏതോ ഒരു
വിരുതന്‍ വിളിച്ചു പറഞ്ഞു.
വീണ്ടും കൂട്ടച്ചിരിയുടെ തൃശൂര്‍ പൂരം .
 മാഷിന് മറുപടി പറയാന്‍ പറ്റുന്നില്ല.
ഭാഗ്യത്തിന് ക്ലാസ് കൂടുവാനുള്ള ബൈല്‍ അടിച്ചതിനാല്‍ മാഷിന് മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
വാല്‍ക്കഷണം :
1.വൈദ്യുത ഫാന്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണം . എന്നാല്‍ ഇലക് ട്രോണിക്
റഗുലേറ്റര്‍ ഉള്ള ഫാനില്‍ ഇത് അത്ര കാര്യമല്ല.
2.ടി വി ഉച്ചത്തില്‍ വെക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ചെലവാകുമെങ്കിലും അതിന്റെ അളവ് വളരെ
കുറവാണ് .
3. വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമെന്ന് സമവാക്യത്തില്‍ പറയാമെങ്കിലും ( P=VI)
സാധാരണയായി വോള്‍ട്ടേജ് കുറയുമ്പൊള്‍ പവര്‍ കുറയുകയാണ് ചെയ്യുന്നത് .
4. ബള്‍ബ് പ്രകാശിക്കുമ്പോള്‍ ഫേസിലും ന്യൂട്രലിലും ഒരേ അളവിലാണ് വൈദ്യുത പ്രവാഹ തീവ്രത (
കറന്റ് )
5.ഇന്ത്യയെ അഞ്ച് പവര്‍ റീജിയണ്‍ ആയി തരം തിരിച്ചിരിക്കുന്നു. ആന്ധ്ര ഉല്‍പ്പെടുന്ന റീജിയണിലാണ്
 കേരളം ഉള്ളത് . ഇതിലെ ജനറേറ്ററുകളെയെല്ലാം പാരലല്‍ ആയി ( സമാന്തരമായി )
ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി ഇന്ന പവര്‍ ഹൌസില്‍
നിന്നാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.
6.കറന്റ് ബില്ലിലെ കണക്ട് ലോഡ് എത്രയെന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് നന്ന്
ആശയസഹായം :
JEEJI FRANCIS - ENERGY MANAGEMENT CELL

No comments:

Post a Comment