Monday 23 May 2011

64.ഭിക്ഷക്കാരനും വീട്ടമ്മയും ...................( ഹാസ്യം )

ഉച്ച സമയം
ഏകദേശം രണ്ടുമണിയായിക്കാണും .
ഭിക്ഷക്കാരന്‍ നടക്കുകയായിരുന്നു
പുതിയ ഏരിയ ആണ്.
ഒന്നു നന്നായി പരിചയപ്പെടണം .
അതിനു പറ്റിയ സമയം ഇതാണ്.
വഴിയില്‍ ആള്‍ കുറവായിരിക്കും .
വീടുകളില്‍ ചെന്നാലോ ഊണുകഴിഞ്ഞുള്ള ഉറക്കത്തില്‍ .....
അല്ലെങ്കില്‍ ഊണുകഴിഞ്ഞുള്ള ടി വി കാണലില്‍ .....
രണ്ടായാലും ഭിക്ഷക്കാരനെ സംബന്ധിച്ച് ഒന്നു തന്നെ!
അതായത് പൂമുഖത്ത് ആളനക്കം കുറവ് .
അത് പല ‘സാധ്യതകളേയും‘ തുറക്കുന്ന ഒന്നാണ് .
അതുകൊണ്ടുതന്നെയാണ് കിളിപോലും പറക്കാന്‍ മടിക്കുന്ന ഈ ഉച്ച സമയം ഭിക്ഷക്കാരന്‍ തിരഞ്ഞെടുത്തത് .
അങ്ങനെ നോക്കിയപ്പോള്‍ ‘ലക്ഷണമൊത്ത ’ ഒരു വീടു കണ്ടു.
പുതിയതാണ് ; പെയിന്റ് ചെയ്തീട്ട് മുഴുവനാക്കിയിട്ടുണ്ട്.
എങ്കില്‍ ‘വല്ലതും ’ പുറത്തിട്ടിരിക്കാം .
ഭിക്ഷക്കാരന്‍ ഊഹിച്ചു.
വളര്‍ത്തുനായ ഇല്ലെങ്കില്‍ .....
ഒന്നു കൂടി രക്ഷപ്പെട്ടു
പതുക്കെ ഗേറ്റില്‍ മുട്ടി .
ഭാഗ്യം ; അത് പൂട്ടിയിട്ടില്ല.
ഭിക്ഷക്കാരന്‍ മുറ്റത്തേക്കു നടന്നു വന്നു .
മുറ്റത്തെങ്ങും ‘പൊക്കാന്‍ ’ പറ്റിയ ഒന്നും പുറത്തിട്ടിട്ടില്ല.
ചെടിച്ചട്ടികളില്‍ വിവിധ തരത്തിലുള്ള ചെടികള്‍ ഉണ്ട്
കണ്ടാലറിയാം ; എല്ല്ലാം വിലകൂടിയ തരത്തിലുള്ളവയാണെന്ന്.
ചെറിയ പ്ലാസ്റ്റിക്ക് കവറുകളില്‍ മൂന്നു നാല് അഡീനിയവും യൂഫോബിയയുമൊക്കെ ഇരിക്കുന്നുണ്ട്.
അവ ഭിക്ഷക്കാരനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട് .
ഭിക്ഷക്കാരന്‍ ഒന്നാലോചിച്ചു
ചെടികള്‍ക്ക് ‘മോഷണ വാല്യൂ‘ ഉണ്ടായിരുന്നെങ്കില്‍ ....
എങ്കില്‍ പ്രയാസമില്ലായിരുന്നു
എത്ര വീടുകളില്‍ നിന്ന് അവ ആരും കാണാതെ എടുക്കാമായിരുന്നു.
പക്ഷെ , അങ്ങനെയൊരു സാധ്യത എന്തേ പല ഭിക്ഷക്കാരും മനസ്സിലാക്കാത്തേ .
ചെടി നശിച്ചു പോക്കുമെന്ന കാര്യം കൊണ്ടാവാം .
പക്ഷെ , ഇപ്പോഴത്തെ ചെടിക്കൊക്കെ എന്താ വില?
ചെടിക്കു കൊടുക്കുന്ന വളത്തിനോ ?
പട്ടിണി മരണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ നാട്ടിലാണ് ചെടിക്ക് ഫാസ്റ്റ് ഫുഡ് നല്‍കുന്നത് .
ഇങ്ങനെയുള്ള വരുടെ വീട്ടില്‍ ചെടിയായി ജനിച്ചാല്‍ മതിയായിരുന്നു
എന്താ സുഖം .
ചില വീട്ടമ്മമാര്‍ ചെടിക്ക് ആട്ടിന്‍ പാല്‍ ഒഴിച്ചു കോടുക്കുമത്രെ !!
ഓരോ ചെടിയുടെ തലയിലെഴുത്ത് ; എന്നല്ലാതെ എന്തു പറയാന്‍ .
ഭിക്ഷക്കാരന്‍ ചുറ്റും നോക്കി .
ആരേയും കാണുന്നില്ല.
തന്റെ സ്ഥിരം ‘കോളിംഗ് ’ ബെല്ലായ ‘അമ്മാ ‘ വിളി നടത്തി.
ഒന്നല്ല ; പലവട്ടം.
എന്നീട്ടും ആരും പുറത്തുവന്നില്ല.
മുറ്റത്തെ കൂട്ടില്‍ കിടക്കുന്ന ‘ ഡാഷ് ’ പോലും മൈന്‍ഡ് ചെയ്തില്ല.
അപമാനം സഹിക്കാം ; പക്ഷെ അവഗണന അത് ഭിക്ഷക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കാലം പോകുന്ന പോക്കേ .
ഭിക്ഷക്കാരന്‍ പിന്നെ അമാന്തിച്ചില്ല .
കോളിംഗ് ബെല്ല്ലമര്‍ത്തി.
ഒരു മിനിട്ടു കഴിഞ്ഞു .
ഏറെ തടിച്ച ഒരു വീട്ടമ്മ വാതില്‍ തുറന്നു പുറത്തേക്കു വന്നു
കഴുത്തില്‍ ‘കട്ടിയുള്ള ’ സ്വര്‍ണ്ണമാല അവര്‍ ധരിച്ചിട്ടൂണ്ട് .
വെറുതെയല്ല സ്വര്‍ണ്ണത്തിന് വില കൂടുന്നത് .
ഇവറ്റകളുടെയൊക്കെ ‘തറവില ’ കൂട്ടാന്‍ ഇങ്ങനെ സ്വര്‍ണ്ണം പണിതിട്ടാന്‍ ഇനിയും സ്വര്‍ണ്ണത്തിന് വില കൂടിയതുതന്നെ
ഒരു പോത്തായാണ് ഈ തടിച്ച സ്ത്രീ ജനിച്ചിരുന്നെങ്കില്‍ നല്ല വില കിട്ടുമായിരുന്നു.
ഭിക്ഷക്കാരന്‍ തമാശക്ക് അങ്ങനെ ചിന്തിച്ചു.
ഹോട്ടലിലെ പോത്തിറച്ചിയുടെ വിലകൂടിയത് ഭിക്ഷക്കാരനെ ഏറെ വിഷമിപ്പിച്ചിരുന്നു
കാര്യം മനസ്സിലാക്കിയ വീട്ടമ്മ പറഞ്ഞു.
“ഇവിടെ ഒന്നും തരാന്‍ ഇല്ല .”
ലക്ഷങ്ങള്‍ മുടക്കി പണിത വീട് .
മുന്നിലെ തോട്ടം തന്നെ സെറ്റ് ചെയ്യാന്‍ ലക്ഷത്തില്‍ കൂടുതല്‍ വന്നീട്ടുണ്ട് .
എന്നീ‍ട്ടാണ് എന്തെങ്കിലും ഭിക്ഷ കൊടുക്കേണ്ട കാര്യത്തില്‍ ഈ മനോഭാവം .
ഭിക്ഷക്കാരനു ദേഷ്യം വന്നു .
ഭിക്ഷക്കാ‍രന്‍ അവരെ തറപ്പിച്ചു നോക്കി .
“എന്തെങ്കിലും ഭിക്ഷ തന്നില്ലെങ്കില്‍ .....................”
ഭിക്ഷക്കാരന്‍ പറഞ്ഞ വാചകം പൂര്‍ത്തിയാക്കിയില്ല.
പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആ ഭീഷണിയുടെ ഇഫക്ട് കുറഞ്ഞു പോകുമെന്ന കാര്യം ഭിക്ഷക്കാരന് നല്ല വണ്ണം അറിയാമായിരുന്നു.
ഭിക്ഷക്കാരന്‍ തുടര്‍ന്നു “ ഇങ്ങനെ ഭിക്ഷതരാഞ്ഞ വീട്ടില്‍ ഞാന്‍ ചെയ്തത് എന്താന്ന് അറീയോ ?”
വീട്ടമ്മയുടെ മുഖ ഭാവം മാറി.
അവര്‍ ഭിക്ഷക്കാരനെ നോക്കി .
ശല്യം ; എന്തെങ്കിലും കൊടുത്ത് പറഞ്ഞു വിടുകതന്നെ
അതാണ് ബുദ്ധിയെന്ന് വീട്ടമ്മക്കു തോന്നി .
എന്തിനാ വെറുതെ ഒരുരൂപയുടെ കാര്യത്തില്‍ ‘കശപിശ’ ക്കു നില്‍ക്കുന്നേ ...
ഇത് കേട്ട് വീട്ടിലുള്ള അതിഥികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതെന്തിനാ?
ഇനി അതുമല്ല ; ഇയാള്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ ............
അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
അവര്‍ അകത്തു പോയി
ഒറ്റ രൂപയുടെ നാണയവുമായി തിരിച്ചു വന്നു.
ഭിക്ഷക്കാരന് കൊടുത്തു.
ഭിക്ഷക്കാരന്‍ തൊഴുത് പിന്‍‌തിരിഞ്ഞു നടന്നു .
അപ്പോള്‍ വീട്ടമ്മയുടെ ‘സീരിയലിലെ ആകാക്ഷ ’ പുറത്തുവന്നു
“ അതേ , നിങ്ങള്‍ ഭിക്ഷകിട്ടാഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ എന്താ ചെയ്തേ ?”
ഭിക്ഷക്കാരന്‍ തിരിഞ്ഞു നിന്നു
എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“ ഞാന്‍ അവിടെ നിന്നു തിരിഞ്ഞു നടന്നു ; അത്ര തന്നെ”
വീട്ടമ്മ ‘ലാന്‍ഡ് സ്കേപ്പില്‍ ’ ചമ്മിയ മട്ടില്‍ അവിടെ നിന്നു.
ഭിക്ഷക്കാരന്‍ അടുത്ത കസ്റ്റമറുടെ അടുത്തേക്ക് തിരക്കിട്ടു നടന്നു.

No comments:

Post a Comment