Monday, 5 September 2011

68. എന്താണ് അദ്ധ്യാപകദിനം ?


ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം  മാഷ് , പൂമുഖത്തിരുന്ന്  പത്രവായനയിലായിരുന്നു.
തൊട്ടരികത്ത് ഉണ്ടായിരുന്ന  മൊബൈലില്‍  , അധ്യാപകദിനാശംസകള്‍ അടങ്ങിയ
മെസേജുകള്‍ മാഷ് ഇടക്കിടെ വന്നുകൊണ്ടിരുന്നു.
പെട്ടെന്ന് മുറ്റത്ത് ഒരു മുരടനക്കം കേട്ടു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുസൃതിക്കുട്ടന്‍ മുറ്റത്തു നിന്നു
ചിരിക്കുന്നു.
“ മാഷേ , അദ്ധ്യാപക ദിനാശംസകള്‍ ” കുസൃതിക്കുട്ടന്‍ മാഷിനെ അഭിവാദ്യം ചെയ്തു.
മാഷ് അത് സസന്തോഷം സ്വീകരിച്ച് പയ്യസിനെ പൂമുഖത്തുതന്നെയുള്ള
കസേരയിലിരുത്തി.
പിന്നെ , മാഷ് കുസൃതിക്കുട്ടനെ നോക്കി .
കുസൃതിക്കുട്ടന് എന്തോ ചോദിക്കാനുണ്ട് എന്ന് മുഖഭാവത്തില്‍ നിന്ന് മാഷിന്
മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു
“എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചു നിന്നില്ല.
“മാഷേ , എന്തുകൊണ്ടാണ് സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത്  ”
മാഷ്  കുസൃതിക്കുട്ടനെ നോക്കി .
അവന്‍ കാര്യമായിതന്നെ വന്നിരിക്കയാണെന്ന് മാഷിനു മനസ്സിലായി.
അതിനാല്‍ മാഷ് പറഞ്ഞു തുടങ്ങി
“1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നത് . അതിപ്രശസ്തനായ
ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടുമായ ഡോക്ടര്‍ എസ് .
രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അദ്ധ്യാപക ദിനമായി
തിരഞ്ഞെടുത്തത് ”
“ആരാണ് ഇത് തിരഞ്ഞെടുത്തത് ? ശ്രീ രാധാകൃഷ്ണന്‍ തന്നെയാണോ? ”
“അതിനെപ്പറ്റി ഇങ്ങനെ ഒരു കഥയുണ്ട് . ശരിയാണോ എന്നറിഞ്ഞുകൂടാ . എന്നാലും
പറയുന്നു. ശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം
ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഈ വിവരം  അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍
സെപ്തംബര്‍ അഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായല്ല മറിച്ച് അദ്ധ്യാപക ദിനമായി
ആചരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞുവെത്രെ!
അതിനെതുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി സെപ്തംബര്‍ അഞ്ച് ദേശീയ അദ്ധ്യാപക
ദിനമായി ആചരിച്ചു വരുന്നു”
“ഈ അദ്ധ്യാപകദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് മാഷേ ”
“അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ
കഴിവിന്റെ പരമാവധി , വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ
ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം .”
"മറ്റ് രാജ്യങ്ങളിലും സെപ്തംബര്‍ അഞ്ച് തന്നെയാണൊ അദ്ധ്യാപകദിനമായി
അചരിക്കുന്നത് ?"
“ പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത് ”
“ചില ഉദാഹരണം പറയാമോ ?”
“ഭൂട്ടാനില്‍ അദ്ധ്യാപകദിനം മെയ് 2 ന് ആണ് ആഘോഷിക്കുന്നത് “
“അതെന്താ ?”
“അവിടെ ആധുനിക വിദ്യാഭ്യാസം കൊണ്ടുവന്ന ഭൂട്ടാ‍ന്‍ രാ‍ജാവായ ജിഗ്‌മി
ഡോര്‍ജിയുടെ( Jigme Dorji Wangchuck) ജന്മദിനമാണ് അധ്യാപകദിനത്തിനായി
തിരഞ്ഞെടുത്തത് ”
“പാക്കിസ്ഥാനിലോ ? ”
മാഷിന് അതിലെ കൂരമ്പ് മനസ്സിലായെങ്കിലും അത് കാര്യമാക്കാതെ പറഞ്ഞു.
“ഒക്ടോബര്‍ അഞ്ച് ”
“ചൈനയില്‍ ?
“സെപ്തംബര്‍ 10 ന് ”
“പോളണ്ടിലോ ” കുസൃതിക്കുട്ടന്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശത്തിലെ
ശ്രീനിവാസനെ അനുകരിച്ച് ചോദിച്ചു
“ഒക്ടോബര്‍ 14 ന് ” മാഷ് അത് കാ‍ര്യമാക്കാതെ മറുപടി പറഞ്ഞു.
“ശ്രീലങ്കയിലോ മാഷേ ?”
“ഒക്ടൊബര്‍ 6 ന് “
“അതൊക്കെ പോകട്ടെ , ലോകത്തില്‍ പൊതുവായി അദ്ധ്യാപകദിനം
ആഘോഷിക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടോ ? ”

“ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത് ഒക്ടോബര്‍ 6 ന് ആണ്.”
“അത് എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയത്  ? ”
“1994 മുതലാണ്  ”
“ഏകദേശം എത്ര രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ലോക അദ്ധ്യാപകദിനമായി
ആഘോഷിക്കുന്നുണ്ട്  ”
“ഏകദേശം നൂറോളം രാജ്യങ്ങള്‍ വരുമെന്നാണ് കണക്ക് ”
“ലോക അദ്ധ്യാപക ദിനമായി ഒക്ടോബര്‍ 6 ആയി തിരഞ്ഞെടുത്തതിന് പ്രത്യേക
കാരണമുണ്ടോ”
“ഉണ്ട് . 1966 ഒക്ടോബര്‍ 6 ന്  യുനസ്കോയുടെ ഒരു പ്രത്യേക മീറ്റിംഗ്  ‘അദ്ധ്യാപകരുടെ
സ്റ്റാറ്റസിനെ സംബധിച്ച നിര്‍ദ്ദേശങ്ങള്‍ ’ അംഗീകരിച്ചു. ഇതില്‍ അദ്ധ്യാപകരുടെ
ഉത്തരവാദിത്തത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നുണ്ട് . അതാണ് ആ
ദിനത്തിന്റെ പ്രത്യേകത.”
“മാഷേ ചില സ്കൂളുകളില്‍ ജൂലൈയില്‍ ഒരു ദിവസം അദ്ധ്യാപകദിനമായി
ആചരിക്കുന്നുണ്ടല്ലോ ?”
“അതെ , അത് ഗുരുപൂര്‍ണ്ണിമയാണ് ”
“അത് ഏതാണ് ആ ദിവസം ?”
“അത് ആഷാഢമാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് . ഈ വര്‍ഷം
ഗുരുപൂര്‍ണ്ണിമയായി വന്നത് ജൂലൈ 15 ന് ആണ്. ”
“അതെന്താ അന്നേ ദിവസം ആഘോഷിക്കുവാന്‍ കാരണം ? ”
“പരമ്പരാഗതമായി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അന്നേദിവസം തങ്ങളുടേ ഗുരുക്കന്മാരെ
പൂജിക്കാനും വന്ദിക്കാനും ഉപയോഗിക്കുന്നു.  ”
“ബുദ്ധിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഈ ദിനം ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമായി
തെരഞ്ഞെടുത്തത് ? ”
“ബോധോദയത്തിനു ശേഷം , ശ്രീ ബുദ്ധന്‍ ബോധഗയയില്‍ നിന്ന് അഞ്ച് ആഴ്ചകള്‍ക്ക്
കഴിഞ്ഞ് സാരനാഥില്‍ എത്തി. ബോധോദയം ലഭിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ബോധോദയം
അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പഠിപ്പിക്കുക എളുപ്പമായിരിക്കുമെന്ന്
ബുദ്ധനു തോന്നി. അതിനാല്‍ അദ്ദേഹം ആ അഞ്ചുപേരെ കാണുകയും
ബോധോദയ-സത്യം ധരിപ്പിക്കുകയും ചെയ്തു. അവര്‍ ഈ പ്രപഞ്ച സത്യം
മനസ്സിലാകുകയും അവരും ബോധോദയത്തിനുടമകളാവുകയും ചെയ്തു. ഇതാണ് ബുദ്ധന്‍
സ്ഥാപിച്ച ആദ്യത്തെ സംഘം . ഈ അഞ്ചു ബുദ്ധസന്യാസിമാര്‍ക്ക് ബുദ്ധന്‍ ഉപദേശിച്ച
തത്ത്വങ്ങളാണ് പിന്നീട്  ധമ്മകാക്കപ്പാവാട്ടാന സുത്ത  (Dhammacakkappavattana
 Sutta) എന്ന പേരില്‍ അറിയപ്പെട്ടത് . ഇത് നടന്നത് ആഷാഢമാസത്തിലെ
പൌര്‍ണ്ണമി ദിനത്തിലായിരുന്നു.”
“എന്നാല്‍ ഹിന്ദുക്കളോ ?”

“ ഈ ദിവസമാണ് മഹാഭാരതം എഴുതിയ കൃഷ്ണ ദ്വൈപായനവ്യാസന്‍ ,
പരാശരമഹര്‍ഷിയുടേയും മുക്കുവസ്ത്രീയുടെ മകളായ സത്യവതിയുടേയും മകനായി
ജനിച്ചത് . അതിനാല്‍ തന്നെ ഈ ദിവസത്തെ വ്യാസ പൂര്‍ണ്ണിമയായി
ആഘോഷിക്കുന്നു. വേദവ്യാസനാണ് എല്ലാ വേദസൂത്രങ്ങളെ സമാഹരിക്കുകയും
ഉപയോഗത്തിനനുസരിച്ച് അവയെ നാലാക്കി തിരിക്കുകയും ചെയ്തത്
വ്യാസമഹര്‍ഷിയെ ഗുരുക്കന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത് . ഗുരു വെന്നു
വെച്ചാല്‍ ജിവിതത്തില്‍ നിന്ന് അന്ധകാരം അകറ്റുന്ന വ്യക്തി എന്നാണ്  അര്‍ഥമാക്കുന്നത്  . ഗുരുദേവോ ഭവ എന്ന വാക്യം ഈ അവസരത്തില്‍ സ്മരണീയമാണ് ”
കുസൃതിക്കുട്ടന്‍ ഗൌരവത്തിലിരുന്നു
മാഷ് തുടര്‍ന്നു
“നേപ്പാളില്‍ ആഷാഢമാസത്തിലെ പൌര്‍ണ്ണമിദിനം തന്നെയാണ്
ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് . അവിടെ ഈ ദിവസത്തെ ആഷാഢ ശുക്ല
പൂര്‍ണ്ണിമ എന്നും പറയാറുണ്ട് .അന്നേദിവസം പുഷ്പങ്ങളും പഴങ്ങളുമൊക്കെ
അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ അര്‍പ്പിക്കുന്നു. ”
“അപ്പോള്‍ ഇന്ത്യയില്‍ വളരെ മുന്‍പേ തന്നെ അദ്ധ്യാപക ദിനം
ആഘോഷിച്ചിരുന്നുവെന്ന് പറയാമോ ? ”
“അങ്ങനെ ചോദിച്ചാല്‍ ഉണ്ട് എന്നു പറയാം ” മാഷ് തലയാട്ടിക്കൊണ്ടുപറഞ്ഞു.
“അപ്പോള്‍ പിന്നെ എന്തിനാണ് പുതിയ ഒരു അദ്ധ്യാ‍പക ദിനം എടുത്തത് ,  മാഷേ ?”
“ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അത് മതേതര ഇന്ത്യയാണ് . അതുകൊണ്ടാണ്
പുതിയ ഒന്ന് കണ്ടെത്തേണ്ടിവന്നത് .”
“മാഷമ്മാര്‍ക്ക് ദിനമുണ്ട് ; പക്ഷെ വിദ്യാര്‍ത്ഥികള്‍ക്കോ ? അവര്‍ക്ക്
ആഘോഷിക്കുവാന്‍ ദിനമുണ്ടോ ?”
കുസൃതിക്കുട്ടന്‍ പരിഭവത്തൊടെ പറഞ്ഞു.
“കുസൃതിക്കുട്ടന്‍ ശിശുദിനത്തെക്കുറിച്ച് മറന്നോ  ” മാഷ് ചോദിച്ചു.
“ഓ ശിശുദിനം........”     കുസൃതിക്കുട്ടന്‍ എന്തോ ആലോചിച്ചവണ്ണം നിറുത്തി
പെട്ടെന്ന് മാഷിന്റെ ഭാര്യ പൂമുഖത്തേക്കുവന്നു .അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍
ഗുമസ്ഥപ്പണിയാണ് .
“നിങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്‌സ് ഡേ യാ . അതായത്
ജോലിക്കും പോകേണ്ട പഠിക്കാനും പോകേണ്ട . പക്ഷെ , എന്റെ കാര്യം
അങ്ങനെയല്ല.”
“എന്തു പറ്റി ?” കുസൃതിക്കുട്ടന്‍ ചോദിച്ചു
“ഞങ്ങള്‍ ഗുമസ്ഥന്മാര്‍ക്ക് എന്ത് ഡേ യാ ഉള്ളത് ആഘോഷിക്കാന്‍ ? പത്തുതൊട്ട്
അഞ്ചുമണിവരെ എഴുത്തു പണി . ഞായറാഴ്ച മാത്രം അവധി. എന്നാല്‍ ഈ
മാഷന്മാര്‍ക്കോ ? എല്ലാ ശനിയാഴ്ചയും മുടക്ക് . ഓണം അവധി , ക്രിസ്തുമസ് അവധി,
പെരുന്നാ ള്‍ അവധി , സമ്മര്‍ വെക്കേഷന് രണ്ടുമാസം അവധി .... മഴ കൂട്ടിപ്പിടിച്ചാല്‍ അവധി .... ഇങ്ങനെ പോകുന്നു  അവധി പരമ്പര ....”
“സറണ്ടര്‍ ലീവ് ഞങ്ങള്‍ക്ക് ഇല്ലേ “ മാഷ് പരിഹസിച്ചു കൊണ്ടു പറഞ്ഞു
“ഗുമസ്തന്മാര്‍ക്ക് ആഘോഷിക്കാന്‍ ഡേ ഇല്ലേ മാഷേ ”
മാഷ് തലയാട്ടി .
അത് ഉണ്ടെന്നോ , ഇല്ലെന്നോ എടുക്കാം എന്ന അര്‍ഥത്തില്‍........
ഉടന്‍ കുസൃതി ക്കുട്ടന്‍ പറഞ്ഞു .
“അതിനെന്താ ഇത്ര വിഷമിക്കാന്‍ മാഡം  . പോയി ഒരു ടീച്ചറുടെ ജോലിക്ക് അപേക്ഷ
കൊടുക്ക് . ടെസ്റ്റ് എഴുത് . ജോലി നേട് .അല്ലാതെ അദ്ധ്യാപക സുഖത്തെക്കുറിച്ച്
അസൂയപ്പെടുകയല്ല വേണ്ടത് .”
പിന്നെ അവിടെ മാഷിന്റെ ഭാര്യ ചര്‍ച്ചക്കായി നിന്നില്ല.
അടുത്ത ദിവസം വിദ്യാര്‍ത്ഥി ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മാഷ് പറഞ്ഞു.
കുസൃതിക്കുട്ടന്‍ പോകാം നേരം പറഞ്ഞു
“മാഷിന്റെ ഭാര്യ പറഞ്ഞത് നേരാ . ”
ഒന്നു നിറുത്തി ഒരു കുസൃതിച്ചിരിയോടെ അവന്‍ തുടര്‍ന്നു.
“മാഷേ , എനിക്കും ഒരു മാഷാകണം ! ”
“ഉന്നത വിദ്യാഭ്യാസ രംഗത്തു നോക്കിക്കോ ” മാഷ് ചിരിച്ചു കൊണ്ട്  മറുപടി പറഞ്ഞു.
അവന്‍ സമ്മതമാണെന്ന മട്ടില്‍ തലയാട്ടി നടന്നു പോയി
വാല്‍ക്കഷണം :
1.നിങ്ങളെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ ആരാണ് ?
2.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ ആരൊക്കെ ?
3. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് ?
4.നിങ്ങളുടേ അദ്ധ്യാപകര്‍ പറഞ്ഞു തന്ന ഏതെങ്കിലും ഒരു കാര്യം  ഓര്‍മ്മയില്‍ വരുന്നുണ്ടോ ?
5.അത് നിങ്ങള്‍ നിങ്ങളുടേ  കുടുംബാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ ?
6.നിങ്ങളുടെ ഏതെങ്കിലും അദ്ധ്യാപകരുമായി ഇപ്പോഴും ബന്ധമുണ്ടോ ?
7.നിങ്ങള്‍ പഠിച്ച ഏതെങ്കിലും ഒരു വിദ്യാലയമായി ഇപ്പോഴും ബന്ധമുണ്ടോ ?
8.ഒന്നാംക്ലാസിലെ നിങ്ങളുടേ ക്ലാസ് ലീഡര്‍ ആരായിരുന്നു?
9.പ്രൈമറി ക്ലാസുകളിലെ ഏതെങ്കിലുമൊരു പദ്യത്തിലെ നാലുവരി ചോല്ലാമോ ?
10.ആദ്യമായി ക്ലാസ് ഫോട്ടോ എടുത്തത് ഏത് ക്ലാസില്‍ വെച്ചാണ് ?
11.അത് നിങ്ങളുടേ കൈവശം ഇപ്പോഴും ഉണ്ടോ ?
12. ഇനിയും ഇങ്ങനെയുള്ള എത്രയോ ചോദ്യങ്ങള്‍ ? അവ നിങ്ങള്‍ക്ക് നിങ്ങളുടേതായി ഉണ്ടാക്കാവുന്നതേയുള്ളൂ  . ഒരു അഞ്ചുമിനിട്ട് അതിനുവേണ്ടി നീക്കിവെച്ചുകൂടെ ?

Saturday, 3 September 2011

67.എന്താണ് WikiLeaks ?



സാമൂഹ്യം മാഷ് ക്ലാസിലെത്തി .
 പത്താം ക്ലാസിലെ ഒന്നാമത്തെ പിരീഡാണ് .
ആദ്യം പ്രസന്റ് എടുത്തു.
 തുടര്‍ന്ന് പാഠഭാഗത്തിലേക്കു പ്രവേശിക്കും മുമ്പത്തെ സീറോ അവര്‍ .
 മാഷിന്റെ സീറോ അവര്‍ ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാണ് .
 കാരണം പ്രസ്തുത ദിവസത്തെ സംബന്ധിച്ച കാര്യങ്ങളായിരിക്കും ചര്‍ച്ചക്ക് വരിക.
ചിലപ്പോള്‍ , പത്രവാര്‍ത്തകളോ , അല്ലെങ്കില്‍ സംശയങ്ങളൊ ഒക്കെ ഈ സീറോ അവറില്‍ വന്നെന്നിരിക്കും . അഞ്ചുമിനിട്ടാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത് .
അതിനാല്‍ അന്നും പതിവുപോലെ മാഷ് ക്ലാസില്‍ ചോദിച്ചു
“ ഇന്നത്തെ സീറോ അവറില്‍ എന്തെങ്കിലും കാ‍ര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുണ്ടോ ”
ആരും ഒന്നും മിണ്ടിയില്ല
“ഇല്ലെങ്കില്‍ നമുക്ക് പാഠഭാഗത്തിലേക്ക് കടക്കാം ” മാഷ് പറഞ്ഞു.
അപ്പോള്‍ രണ്ടാമത്തെ ബഞ്ചിലിരുന്ന ഹസീന എണീറ്റു നിന്നു ചോദിച്ചു
“മാഷേ ഒരു സംശയം ഉണ്ട് ? ”
പറഞ്ഞാട്ടേ എന്ന മട്ടില്‍ മാഷ് തലയാട്ടി .
ഹസീന ഉശിരോടെ പറഞ്ഞു
“എന്താ മാഷേ വിക്കീലീക്ക്സ് ? ”
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല
ക്ലാസില്‍ മൌനം
വിക്കീലീക്ക്സില്‍ വന്ന വാര്‍ത്തകളെക്കുറിച്ച്  മാഷും പത്രത്തില്‍ വായിച്ചിരുന്നു
പക്ഷെ , വാര്‍ത്ത നല്‍കിയ ആവേശത്തില്‍ ഇത്തരമൊരു ‘സാധനം ’ എന്താണെന്ന് മാഷ് അന്വേഷിച്ചിരുന്നില്ല.
പക്ഷെ , ക്ലാസിലെ കുട്ടി ചോദിച്ചപ്പോഴാണ് സംഗതി എന്താണെന്ന് അന്വേഷിക്കണമെന്ന് മാഷിനും തോന്നിയത്
പെട്ടെന്ന് മൌനം ഭഞ്‌ജിച്ചുകൊണ്ട് മുന്‍ബെഞ്ചിലിരുന്ന സോനു എണീറ്റു നിന്നു ചോദിച്ചു
“ മാഷേ , ഇതിന് വിക്കിപ്പീഡിയയുമായി വല്ല ബന്ധവുമുണ്ടോ ? . പേരു കേട്ടാല്‍ അങ്ങനെ ഒരു ബന്ധം തോന്നും ?”
അപ്പോള്‍ മാഷിനും തോന്നി അങ്ങനെയുള്ള ഒരു സംശയം .
ഒടുവില്‍ മാഷ് പറഞ്ഞു
“ഞാനൊന്ന് ഇന്റര്‍നെറ്റില്‍ തപ്പട്ടെ . അടുത്ത ദിവസം കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞുതരാം . നിങ്ങളും ഇതിനെ സംബന്ധിച്ച് വിവരശേഖരണം നടത്തൂ. അടുത്ത ദിവസം അതും അവതരിപ്പിക്കാം  ”
തുടര്‍ന്ന് ‘സീറോ അവര്‍ ’ അവസാനിപ്പിച്ച്   മാഷ്  പാഠഭാഗത്തിലേക്ക് പ്രവേശിച്ചു
വാല്‍ക്കഷണം :1
1.എന്താണ് വിക്കിലീക്ക്സ് ?
ഇത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്.പ്രധാനപ്പെട്ട
വാര്‍ത്തകളും വിവരങ്ങളും  പൊതുജനങ്ങള്‍ക്ക്  എത്തിക്കുക എന്നതാണ് ഇതിന്റെ
ലക്ഷ്യം . പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയോടൊപ്പം യഥാര്‍ത്ഥ രേഖകളും വിക്കിലീക്ക്സ്
പ്രസിദ്ധികരിക്കുന്നു. തന്മൂലംവഴി വായനക്കാരെ സത്യസന്ധമായ വാര്‍ത്തയാണെന്ന്
ബോധ്യപ്പെടുത്തുന്നു. ഈ സംരംഭത്തിന്റെ പ്രവര്‍ത്തകര്‍ ലോകമെമ്പാടുമുണ്ട്.


2.വിക്കിലീക്ക്സിന്റെ പ്രവര്‍ത്തനം എങ്ങനെ ?
പൊതുജനങ്ങളുടെ മുന്നിലേക്ക് സത്യം വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്
പരമമായ ലക്ഷ്യം . അതുകൊണ്ടുതന്നെ പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹമില്ലാത്ത
സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.  ഇത്തരത്തില്‍
വിവരങ്ങള്‍ തരുന്ന സ്രോതസ്സുകളെക്കുറിച്ച് രഹസമാക്കിവെക്കുകയും ചെയ്യുന്നു.
വാര്‍ത്തകളുടെ അവതരണരീതി വിക്കിപ്പീഡിയയോട് സമാനമാണ്. എന്നുവെച്ച്
വിക്കിപ്പീഡിയയുമായി ഇതിന് ബന്ധമൊന്നുമില്ല. ഈ സംരംഭത്തെ സംരക്ഷിക്കാനായി
അടിസ്ഥാനതത്ത്വങ്ങളുമായി യോജിച്ച് പോകുന്ന കുറേ വക്കീലന്മാരും ഉണ്ട്.


3.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി എന്താണ് നേട്ടം ?
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി കാര്യങ്ങള്‍ സുതാര്യമാവുകയാണ് ചെയ്യുന്നത് .
അതായത് അഴിമതി ഇല്ലാതാവുന്നു. ഇത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്
സഹായിക്കുന്നു. സര്‍ക്കാരിലും സംഘടനകളിലും സ്ഥാപനങ്ങളിലും
ജനാധിപത്യപ്രക്രിയക്ക് ശക്തിയേറുന്നു. ഒരു രാജ്യത്തെ സത്യസന്ധമാക്കി
നിര്‍ത്തുന്നതില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ക്കുമാത്രമല്ല പ്രസ്തുത രാജ്യത്തെ
നിരീക്ഷിക്കുന്ന മറ്റുരാജ്യങ്ങളിലെ  ജനങ്ങള്‍ക്കും പങ്കുണ്ടെന്ന് ഈ പ്രസ്ഥാനം
വിശ്വസിക്കുന്നു.

4.ഇത്തരത്തില്‍ ലഭിക്കുന്ന അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങളെല്ലാം
സത്യകാണമെന്നുണ്ടോ ? അല്ലെങ്കില്‍ രേഖകള്‍ കെട്ടിച്ചമച്ചതായിക്കൂടെ?
 ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ പ്രസിദ്ധികരിക്കുകയല്ല ഇവിടെ ചെയ്യുന്നത് .
ശരിയായ അന്വേഷണത്തിലൂടെ , ഒട്ടനവധിപേരില്‍ നിന്ന് ദത്തശേഖരണം നടത്തി
വിവരങ്ങള്‍ ആധികാരികവും സമഗ്രവുമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ്
പ്രസിദ്ധീകരിക്കുന്നത് . ഇതിനു വേണ്ടിയാണ് വാര്‍ത്ത ശരിയാണെന്ന്
ബോധ്യപ്പെടുത്തുന്ന യഥാര്‍ത്ഥരേഖകള്‍ പ്രസിദ്ധീകരിക്കുന്നത് .

5. ആരാണ് ഇതിന്റെ നടത്തിപ്പുകാര്‍ ?
  . വാര്‍ത്തകള്‍ സുതാര്യവും സത്യസന്ധവുമാണെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം
ആളുകളാണ് ഇതിന്റെ പിന്നിലുള്ളത് . അതായത് പത്രപ്രവര്‍ത്തകള്‍ മാത്രമല്ല മറ്റ് പല
മേഖലകളില്‍ പെടുന്ന വ്യക്തികള്‍ ഉണ്ടെന്ന് അര്‍ത്ഥം . ഒരു രാജ്യത്തില്‍ നിന്നുള്ള
പ്രവര്‍ത്തകരല്ല ലോകമെമ്പാടുനിന്നുള്ള പ്രവര്‍ത്തകരുണ്ടെന്ന് അര്‍ത്ഥം.

6. വിക്കിലീക്ക്സിന് എന്തെങ്കിലും അവാ‍ര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ ?
 താഴെ പറയുന്ന വയാണ് വിക്കിലീക്ക്സിനു ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍
*  2008 Economist Index on Censorship Freedom of Expression award
 *  2009 Amnesty International human rights reporting award (New Media)

അനുബന്ധം :
1.വിക്കിലീക്ക്‌സ് വെബ്‌സൈറ്റും ജൂലിയന്‍ അസാന്‍ജും ഹോളിവുഡിലേക്ക്
2.വിക്കിലീക്ക്‌സിന് ബദല്‍ വരുന്നു- 'ഓപ്പണ്‍ലീക്ക്‌സ്'


66.മാഷും സമ്പൂര്‍ണ്ണയും വാഹന നമ്പറും




മാഷിന് പത്താം ക്ലാസിലെ ക്ലാസ് ചാര്‍ജ്ജുണ്ട്.
അതുകൊണ്ടുതന്നെ നടപ്പ് വാരം മാഷ് വളരേ തിരിക്കിലായിരുന്നു.
എ ലിസ്റ്റ് തയ്യാറാക്കേണ്ട പണിയുടെ വിവരശേഖരണം  ഏകദേശം

മുഴുവനായിക്കഴിഞ്ഞപ്പോഴാണ് സമ്പൂര്‍ണ്ണയുടെ വിവരശേഖരണം വന്നത് .
ഒരു തരത്തില്‍ പറഞ്ഞാല്‍ പണി കൂടിയെങ്കിലും സമ്പൂര്‍ണ്ണയുടെ കാര്യത്തില്‍

ഇതുകൊണ്ട്  എളുപ്പമായെന്ന് മാഷിനു തോന്നി.
മാഷ് കുട്ടികളോട് സമ്പൂര്‍ണ്ണയെക്കുറിച്ച് പറഞ്ഞു .
സമ്പൂര്‍ണ്ണ പ്രാബല്യത്തിലായാല്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ ലഭിക്കുമെന്നും അതില്‍
നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും പറഞ്ഞു.
തന്മൂലം ഭാവിയില്‍ പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് , വോട്ടര്‍ ഐ ഡി , പാന്‍
നമ്പര്‍ എന്നിവക്കൊക്കെ അപേക്ഷിക്കുമ്പോള്‍ അത് സുഗമമാവുമെന്നും മാഷ് പറഞ്ഞു.
തുടര്‍ന്ന് മാഷ് യൂണിക് ഐ ഡി നമ്പറിനെക്കുറിച്ചും ആധാറിനെക്കുറിച്ചും പറഞ്ഞു.
അമ്മയുടെ പേര് , പിതാവിന്റെ / രക്ഷിതാവിന്റെ പേര് , വിലാസം , ഫോണ്‍ നമ്പര്‍,
പഞ്ചായത്ത് ,ബ്ലോക്ക് -ജില്ലാ തലങ്ങള്‍ , ജനനതിയ്യതി , ജനനസ്ഥലം ,
തിരിച്ചറിയുവാനുള്ള രണ്ട് അടയാളങ്ങള്‍ , മുന്‍പ് പഠിച്ച സ്ക്കൂള്‍ , ബ്ലഡ് ഗ്രൂപ്പ് , വാര്‍ഷിക
വരുമാനം , ടി സി നമ്പര്‍ ...........എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ അതിനു വേണ്ടി
ശേഖരിക്കുവാനുണ്ടായിരുന്നു.
കുട്ടികള്‍ മുഴുവനായോ ഭാഗീകമായോ ഡേറ്റ കൊണ്ടുവന്നിരുന്നു.


അങ്ങനെ ഒരു ദിവസം .............
സമ്പൂര്‍ണ്ണക്കായി വിവരശേഖരണം നടത്തുന്ന സമയത്ത്............
മുന്‍ ബെഞ്ചിലെ മണ്‍സൂര്‍ എണീറ്റുനിന്നു.
ഈ തിരക്കുപിടിച്ച സമയത്ത് എന്തിനാണാവോ ഈ കുട്ടി എണീറ്റുനിന്നത് എന്ന മട്ടില്‍

മാഷ് മണ്‍സൂറിനെ നോക്കി.
മാഷ് പറഞ്ഞു
“ഇപ്പോള്‍ അതും മിതും ചോദിച്ച് നീ എന്റെ സമയം കളയണ്ട . ഇത് സമ്പൂര്‍ണ്ണക്കായുള്ള
സമയമാണ് ”
“അതിനെക്കുറിച്ചുള്ള കാര്യത്തിനാ ഞാന്‍ എണീറ്റേ ” മണ്‍സൂര്‍ മറുപടി പറഞ്ഞു.
“എന്നാ പറയ് ” മാഷ് അസ്വസ്തതയോടെ പറഞ്ഞു.
“സമ്പൂര്‍ണ്ണ നടപ്പിലായാല്‍ ഓരോ കുട്ടിക്കും ഓരോ നമ്പറാ‍ണല്ലോ മാഷേ ?”
“അതെ , അതിനിപ്പോ എന്താ ” മാഷ് നീരസം ഉള്ളിലൊതുക്കി കടുപ്പിച്ച് പറഞ്ഞു.
“ഒന്നും ഉണ്ടായിട്ടല്ല , വീട്ടീന്ന് ചോദിക്കാന്‍ പറഞ്ഞ കാര്യമാ . സമ്പൂര്‍ണ്ണയില്‍ എനിക്ക്
നല്ല നമ്പര്‍ കിട്ടുവാന്‍ എത്ര കാശാ വേണ്ടത് ?”
മാഷ് മനസ്സിലാവാത്ത പോലെ ഇരുന്നു .
അത് കണ്ടാവണം ക്ലാസും അങ്ങനെത്തന്നെ ഇരുന്നത് .
അത് മനസ്സിലാക്കിയാവണം മണ്‍സൂര്‍ വിശദീകരണത്തിനു മുതിര്‍ന്നു.
“വാഹനത്തിന് നല്ല നമ്പര്‍ കിട്ടുവാനൊക്കെ പണം മുടക്കാറില്ലേ , അതുമല്ലെങ്കില്‍
വേണ്ട മൊബൈലില്‍ നമ്പര്‍ നല്ലത് കിട്ടുവാന്‍ നാം ഇന്‍ഫ്ലുവന്‍സ് ചെലുത്താറില്ലേ .
അതുപോലെ ഇതിനും.............” മണ്‍സൂര്‍ മുഴുവനാക്കിയില്ല.
ഇല്ല , അതിനു സാധിച്ചില്ല
കാരണം ക്ലാസില്‍ പൊട്ടിച്ചിരിമുഴങ്ങി.
മാഷും അറിയാതെ ചിരിച്ചുപോയി
ഈ പൊട്ടിച്ചിരി തന്നെ കളിയാക്കുന്നതായാണ് മണ്‍സൂറിനു തോന്നിയത്
അവന്‍ വീണ്ടും എണീറ്റു  നിന്നു പറഞ്ഞു
“ ഇതിപ്പോ അത്ര ചിരിക്കാനൊന്നുമുള്ള കാര്യല്ല . എന്റെ ചേട്ടന്റെ എസ് എസ് എല്‍ സി
പരീക്ഷയുടെ നമ്പറില്‍ ഒരു അക്കം മൂന്നു തവണ ആവര്‍ത്തിച്ചു വന്നിരുന്നു. അത് ഭാഗ്യ
നമ്പറാ . എന്തായാലും ഇക്കക്ക് എല്ലാത്തിലും എ പ്ലസ് ഉണ്ട് .”
ക്ലാസ് നിശ്ശബ്ദമായി .
അപ്പോഴേക്കും പിരീഡ് അവസാനിപ്പിക്കുന്നതിനുള്ള ബെല്‍ അടിച്ചതിനാല്‍ മാഷ് ക്ലാസ്
മുറിയില്‍ നിന്നുപോയി.
...............
.................
...............
ഉച്ച ഭക്ഷണ സമയത്തെ ഇന്റര്‍വെല്‍ .........
മാഷ് മണ്‍സൂറും ഇഷ്ടനമ്പറും സമ്പൂര്‍ണ്ണയുടേയും കഥ സ്റ്റാഫ് റൂമില്‍ പറഞ്ഞു.
അപ്പോഴാ‍ണ് അവിടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത് .
“എങ്കിലും മണ്‍സൂര്‍ പറഞ്ഞ സാധ്യതയെ അപ്പടി തള്ളിക്കളയാന്‍ പറ്റില്ല. ” മലയാളം
മാഷ് പറഞ്ഞു.
“അതെ , സമ്പൂര്‍ണ്ണയില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ പോലെ

സീരിയല്‍ ക്രമത്തിലായിരിക്കും ഓരോ നമ്പര്‍ വരിക.” സാമൂഹ്യം മാഷ് പറഞ്ഞു.
“പക്ഷെ , യൂണിക് ഐ ഡി നമ്പര്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ ?
അതിനെവിടെയാ സീരിയല്‍ ക്രമം ? വരുന്ന മുറക്കാവില്ലെ നമ്പര്‍ കൊടുക്കുക ?”
ഡ്രോയിംഗ് മാഷ് ചോദിച്ചു.
“അതു ശരിയാണല്ലോ . അതുവരെ മിണ്ടാതിരുന്ന കണക്കുമാഷ് പ്രതികരിച്ചു.”

“എന്റെ വീട്ടിലെ ഫോണ്‍ നമ്പറില്‍ മൂന്ന് എന്ന അക്കം മൂന്നു പ്രാവശ്യം വരുന്നുണ്ട്  ”
ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“അതെങ്ങനെ കിട്ടി ” ഡ്രോയിംഗ് മാഷ് ചോദിച്ചു
ഇംഗ്ലീഷ് മാഷ് അതിനു മറുപടിയായി ഒരു പച്ചച്ചിരി ചിരിച്ചൂ
അവിടെ ഒരു നിശ്ശബ്ദത പരന്നു.
മൌനം ഭഞ്‌ജിച്ചുകൊണ്ട് കണക്കുമാഷ് പറഞ്ഞു
“  അപ്പോള്‍ ആധാറിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ എന്താ ചെയ്യാ ? ”
വീണ്ടും മൌനം ....
“മാഷ് ഒരു കാര്യം ചെയ്യ് , മണ്‍സൂറിനോട് ചോദിക്ക് . അപ്പോ ഉത്തരം കിട്ടും ”
സാമൂഹ്യം മാഷ് പറഞ്ഞു.
പെട്ടെന്ന് ക്ലാസ് കൂടുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ‘ഫാന്‍സി നമ്പര്‍ ’ ചര്‍ച്ച്
അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു

Tuesday, 26 July 2011

65.ഫിസിക്സ് മാഷും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും


മാഷ് സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള വിദ്യുച്ഛക്തി ബോര്‍ഡും
വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ‘നാളേക്കിത്തിരി ഊര്‍ജ്ജം ’ എന്ന പദ്ധതിയുടെ ഭാഗമായി
ആയിരുന്നു അത് . 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് 1 വരെ ആണ് പ്രവര്‍ത്തന കാലം .
മാഷ് , കാലത്തു തന്നെ ക്ലബ്ബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഓരോ ക്ലാസിലും കയറിയിറങ്ങി താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു.
അമ്പതുകുട്ടികള്‍ തികഞ്ഞപ്പോള്‍ , മാഷ് സംഘാടനം അവസാ‍നിപ്പിച്ചു.
അവരോടൊക്കെ ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് ക്ലബ്ബ് അംഗങ്ങളുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന്
അറിയിച്ചു.
അങ്ങനെ ഉച്ചസമയത്തെ ഇന്റര്‍വെല്‍ ആഗതമായി .
മാഷ് മീറ്റിംഗ് അറേഞ്ച് ചെയ്ത റൂമില്‍ എത്തി .
പ്രസ്തുത മുറിയെ മള്‍ട്ടിമീഡിയ റൂം എന്നാണ് സ്കൂളില്‍ വിളിക്കാറ്.
കാരണം അതില്‍ കമ്പ്യൂട്ടര്‍ , എല്‍ സി ഡി പ്രൊജെക്ടര്‍ , സ്ക്രീന്‍  എന്നിവ ഉണ്ട്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മീറ്റിംഗ് നടക്കുമ്പോള്‍ സ്ലൈഡ് ഷോ കാണിക്കാറുമുണ്ട്.
അത് കുട്ടികള്‍ക്ക് ഇഷ്ടമാണ് താനും .
മാഷ് മീറ്റിംഗ് തുടങ്ങി .
ഇത്തരത്തിലൊരു പരിപാടി തുടങ്ങുന്നതിന്റെ കാരണം കുട്ടികളെ ധരിപ്പിച്ചു .
കുട്ടികള്‍ക്ക് നല്‍കുവാന്‍ പോകുന്ന ഡയറിയെക്കൂറിച്ച് പറഞ്ഞു.
അതില്‍ ഒരോ ദിവസത്തേയും മീറ്റര്‍ റീഡിംഗ് , വാട്ട് ഔവര്‍ മീറ്റര്‍ നോക്കി
എഴുതേണ്ടതെങ്ങനെയെന്നും പറഞ്ഞു.
മാത്രമല്ല , ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കുവാനുപയോഗിക്കുന്ന
മാര്‍ഗ്ഗങ്ങള്‍ എഴുതേണ്ട സ്ഥലവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
വാട്ട് ഔവര്‍ മീറ്റര്‍ ഡിസ്ക് ടൈപ്പും ഇം‌പള്‍സ് ടൈപ്പും ഉണ്ടെന്നു പറഞ്ഞു.
കുട്ടികള്‍ പല സംശയങ്ങളും ചോദിച്ചു ?
നമ്മുടെ നാട്ടില്‍ ഏത് പവര്‍ഹൌസില്‍ നിന്നാണ് വൈദ്യുതി എത്തുന്നത് ?
ഫാന്‍ സാവധാനത്തില്‍ കറങ്ങിയാല്‍ വൈദ്യുതി ലാഭിക്കാമോ ?
ടി വി യുടെ ശബ്ദം കൂട്ടിയാല്‍ കൂടുതല്‍ പവര്‍ ചെലവാകുമോ ?
വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമോ ?
ഒരു ബള്‍ബ് പ്രകാശിക്കുവാന്‍ രണ്ട് വയര്‍ വേണം  . അതായത് ന്യൂട്രലും ഫേസും . ബള്‍ബ്
പ്രകാശിക്കുമ്പോള്‍ ന്യൂട്രലില്‍ കറന്റ് ഉണ്ടാകുമോ ?
എന്നിവയായിരുന്നു ചോദ്യങ്ങളില്‍ പ്രമുഖര്‍ .
മാഷ് അവക്കൊക്കെ ഉത്തരം പറഞ്ഞു
അങ്ങനെ അവസാനം ഡയറി പുരിപ്പിക്കേണ്ട ഘട്ടം വ്യക്തമാക്കി .
എല്‍ സി ഡി ഉപയോഗിച്ച് പല ചിത്രങ്ങളും കാണിച്ചു .
വൈദ്യുതിയുടെ ദുരുപയോഗം വിശദീകരിച്ചു.
ഇത്തരത്തില്‍ ദുരുപയോഗം കുറക്കുകയാണെങ്കില്‍ ........
ഒരോ വീട്ടിലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുകയാണെങ്കില്‍ .....
സി എഫ് എല്‍ ഉപയോഗിക്കുകയാണെങ്കില്‍ ......
അനാവശ്യമായി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കയാണെങ്കില്‍
നമ്മുടെ സംസ്ഥാനത്ത് എത്രമാത്രം വൈദ്യുതി ലാഭിക്കാമെന്ന് ഓര്‍ത്തുനോക്കൂ
മാഷ് ഇത്രയും പറഞ്ഞ്  നിറുത്തി.
പിന്നേയും മാഷ് വൈദ്യുതി ലാഭിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു.
അപ്പോള്‍ ഏറ്റവും പിന്നിലെ നിരയില്‍  , പെണ്‍ പിള്ളേരുടെ ഭാഗത്ത് ഒരു കുശുകുശുപ്പ് .....
മാഷ് തറപ്പിച്ചു നോക്കി .
“എന്താ കാര്യം” മാഷ് ചോദിച്ചു.
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു
“ മാഷേ , ഈ മുറിയില്‍ നമ്മള്‍ എത്ര പേരുണ്ട് ? മാഷടക്കം 51  പേര്‍ അല്ലേ . ഈ മുറിയില്‍ നാല്
ഫാന്‍ കറങ്ങുന്നുണ്ട് , മാത്രമല്ല ആറ് ട്യൂബ് ലൈറ്റുകള്‍ കത്തുന്നുണ്ട് . ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെ
മീറ്റിംഗ് തന്നെ ഇങ്ങനെയായാല്‍ ..................“
ക്ലാസിലാകെ കൂട്ടച്ചിരി.
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.
“ഇത് ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതുപോലെയാണ് .” പിന്നില്‍ നിന്ന് ഏതോ ഒരു
വിരുതന്‍ വിളിച്ചു പറഞ്ഞു.
വീണ്ടും കൂട്ടച്ചിരിയുടെ തൃശൂര്‍ പൂരം .
 മാഷിന് മറുപടി പറയാന്‍ പറ്റുന്നില്ല.
ഭാഗ്യത്തിന് ക്ലാസ് കൂടുവാനുള്ള ബൈല്‍ അടിച്ചതിനാല്‍ മാഷിന് മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
വാല്‍ക്കഷണം :
1.വൈദ്യുത ഫാന്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണം . എന്നാല്‍ ഇലക് ട്രോണിക്
റഗുലേറ്റര്‍ ഉള്ള ഫാനില്‍ ഇത് അത്ര കാര്യമല്ല.
2.ടി വി ഉച്ചത്തില്‍ വെക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ചെലവാകുമെങ്കിലും അതിന്റെ അളവ് വളരെ
കുറവാണ് .
3. വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമെന്ന് സമവാക്യത്തില്‍ പറയാമെങ്കിലും ( P=VI)
സാധാരണയായി വോള്‍ട്ടേജ് കുറയുമ്പൊള്‍ പവര്‍ കുറയുകയാണ് ചെയ്യുന്നത് .
4. ബള്‍ബ് പ്രകാശിക്കുമ്പോള്‍ ഫേസിലും ന്യൂട്രലിലും ഒരേ അളവിലാണ് വൈദ്യുത പ്രവാഹ തീവ്രത (
കറന്റ് )
5.ഇന്ത്യയെ അഞ്ച് പവര്‍ റീജിയണ്‍ ആയി തരം തിരിച്ചിരിക്കുന്നു. ആന്ധ്ര ഉല്‍പ്പെടുന്ന റീജിയണിലാണ്
 കേരളം ഉള്ളത് . ഇതിലെ ജനറേറ്ററുകളെയെല്ലാം പാരലല്‍ ആയി ( സമാന്തരമായി )
ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി ഇന്ന പവര്‍ ഹൌസില്‍
നിന്നാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.
6.കറന്റ് ബില്ലിലെ കണക്ട് ലോഡ് എത്രയെന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് നന്ന്
ആശയസഹായം :
JEEJI FRANCIS - ENERGY MANAGEMENT CELL

Monday, 23 May 2011

64.ഭിക്ഷക്കാരനും വീട്ടമ്മയും ...................( ഹാസ്യം )

ഉച്ച സമയം
ഏകദേശം രണ്ടുമണിയായിക്കാണും .
ഭിക്ഷക്കാരന്‍ നടക്കുകയായിരുന്നു
പുതിയ ഏരിയ ആണ്.
ഒന്നു നന്നായി പരിചയപ്പെടണം .
അതിനു പറ്റിയ സമയം ഇതാണ്.
വഴിയില്‍ ആള്‍ കുറവായിരിക്കും .
വീടുകളില്‍ ചെന്നാലോ ഊണുകഴിഞ്ഞുള്ള ഉറക്കത്തില്‍ .....
അല്ലെങ്കില്‍ ഊണുകഴിഞ്ഞുള്ള ടി വി കാണലില്‍ .....
രണ്ടായാലും ഭിക്ഷക്കാരനെ സംബന്ധിച്ച് ഒന്നു തന്നെ!
അതായത് പൂമുഖത്ത് ആളനക്കം കുറവ് .
അത് പല ‘സാധ്യതകളേയും‘ തുറക്കുന്ന ഒന്നാണ് .
അതുകൊണ്ടുതന്നെയാണ് കിളിപോലും പറക്കാന്‍ മടിക്കുന്ന ഈ ഉച്ച സമയം ഭിക്ഷക്കാരന്‍ തിരഞ്ഞെടുത്തത് .
അങ്ങനെ നോക്കിയപ്പോള്‍ ‘ലക്ഷണമൊത്ത ’ ഒരു വീടു കണ്ടു.
പുതിയതാണ് ; പെയിന്റ് ചെയ്തീട്ട് മുഴുവനാക്കിയിട്ടുണ്ട്.
എങ്കില്‍ ‘വല്ലതും ’ പുറത്തിട്ടിരിക്കാം .
ഭിക്ഷക്കാരന്‍ ഊഹിച്ചു.
വളര്‍ത്തുനായ ഇല്ലെങ്കില്‍ .....
ഒന്നു കൂടി രക്ഷപ്പെട്ടു
പതുക്കെ ഗേറ്റില്‍ മുട്ടി .
ഭാഗ്യം ; അത് പൂട്ടിയിട്ടില്ല.
ഭിക്ഷക്കാരന്‍ മുറ്റത്തേക്കു നടന്നു വന്നു .
മുറ്റത്തെങ്ങും ‘പൊക്കാന്‍ ’ പറ്റിയ ഒന്നും പുറത്തിട്ടിട്ടില്ല.
ചെടിച്ചട്ടികളില്‍ വിവിധ തരത്തിലുള്ള ചെടികള്‍ ഉണ്ട്
കണ്ടാലറിയാം ; എല്ല്ലാം വിലകൂടിയ തരത്തിലുള്ളവയാണെന്ന്.
ചെറിയ പ്ലാസ്റ്റിക്ക് കവറുകളില്‍ മൂന്നു നാല് അഡീനിയവും യൂഫോബിയയുമൊക്കെ ഇരിക്കുന്നുണ്ട്.
അവ ഭിക്ഷക്കാരനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട് .
ഭിക്ഷക്കാരന്‍ ഒന്നാലോചിച്ചു
ചെടികള്‍ക്ക് ‘മോഷണ വാല്യൂ‘ ഉണ്ടായിരുന്നെങ്കില്‍ ....
എങ്കില്‍ പ്രയാസമില്ലായിരുന്നു
എത്ര വീടുകളില്‍ നിന്ന് അവ ആരും കാണാതെ എടുക്കാമായിരുന്നു.
പക്ഷെ , അങ്ങനെയൊരു സാധ്യത എന്തേ പല ഭിക്ഷക്കാരും മനസ്സിലാക്കാത്തേ .
ചെടി നശിച്ചു പോക്കുമെന്ന കാര്യം കൊണ്ടാവാം .
പക്ഷെ , ഇപ്പോഴത്തെ ചെടിക്കൊക്കെ എന്താ വില?
ചെടിക്കു കൊടുക്കുന്ന വളത്തിനോ ?
പട്ടിണി മരണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ നാട്ടിലാണ് ചെടിക്ക് ഫാസ്റ്റ് ഫുഡ് നല്‍കുന്നത് .
ഇങ്ങനെയുള്ള വരുടെ വീട്ടില്‍ ചെടിയായി ജനിച്ചാല്‍ മതിയായിരുന്നു
എന്താ സുഖം .
ചില വീട്ടമ്മമാര്‍ ചെടിക്ക് ആട്ടിന്‍ പാല്‍ ഒഴിച്ചു കോടുക്കുമത്രെ !!
ഓരോ ചെടിയുടെ തലയിലെഴുത്ത് ; എന്നല്ലാതെ എന്തു പറയാന്‍ .
ഭിക്ഷക്കാരന്‍ ചുറ്റും നോക്കി .
ആരേയും കാണുന്നില്ല.
തന്റെ സ്ഥിരം ‘കോളിംഗ് ’ ബെല്ലായ ‘അമ്മാ ‘ വിളി നടത്തി.
ഒന്നല്ല ; പലവട്ടം.
എന്നീട്ടും ആരും പുറത്തുവന്നില്ല.
മുറ്റത്തെ കൂട്ടില്‍ കിടക്കുന്ന ‘ ഡാഷ് ’ പോലും മൈന്‍ഡ് ചെയ്തില്ല.
അപമാനം സഹിക്കാം ; പക്ഷെ അവഗണന അത് ഭിക്ഷക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കാലം പോകുന്ന പോക്കേ .
ഭിക്ഷക്കാരന്‍ പിന്നെ അമാന്തിച്ചില്ല .
കോളിംഗ് ബെല്ല്ലമര്‍ത്തി.
ഒരു മിനിട്ടു കഴിഞ്ഞു .
ഏറെ തടിച്ച ഒരു വീട്ടമ്മ വാതില്‍ തുറന്നു പുറത്തേക്കു വന്നു
കഴുത്തില്‍ ‘കട്ടിയുള്ള ’ സ്വര്‍ണ്ണമാല അവര്‍ ധരിച്ചിട്ടൂണ്ട് .
വെറുതെയല്ല സ്വര്‍ണ്ണത്തിന് വില കൂടുന്നത് .
ഇവറ്റകളുടെയൊക്കെ ‘തറവില ’ കൂട്ടാന്‍ ഇങ്ങനെ സ്വര്‍ണ്ണം പണിതിട്ടാന്‍ ഇനിയും സ്വര്‍ണ്ണത്തിന് വില കൂടിയതുതന്നെ
ഒരു പോത്തായാണ് ഈ തടിച്ച സ്ത്രീ ജനിച്ചിരുന്നെങ്കില്‍ നല്ല വില കിട്ടുമായിരുന്നു.
ഭിക്ഷക്കാരന്‍ തമാശക്ക് അങ്ങനെ ചിന്തിച്ചു.
ഹോട്ടലിലെ പോത്തിറച്ചിയുടെ വിലകൂടിയത് ഭിക്ഷക്കാരനെ ഏറെ വിഷമിപ്പിച്ചിരുന്നു
കാര്യം മനസ്സിലാക്കിയ വീട്ടമ്മ പറഞ്ഞു.
“ഇവിടെ ഒന്നും തരാന്‍ ഇല്ല .”
ലക്ഷങ്ങള്‍ മുടക്കി പണിത വീട് .
മുന്നിലെ തോട്ടം തന്നെ സെറ്റ് ചെയ്യാന്‍ ലക്ഷത്തില്‍ കൂടുതല്‍ വന്നീട്ടുണ്ട് .
എന്നീ‍ട്ടാണ് എന്തെങ്കിലും ഭിക്ഷ കൊടുക്കേണ്ട കാര്യത്തില്‍ ഈ മനോഭാവം .
ഭിക്ഷക്കാരനു ദേഷ്യം വന്നു .
ഭിക്ഷക്കാ‍രന്‍ അവരെ തറപ്പിച്ചു നോക്കി .
“എന്തെങ്കിലും ഭിക്ഷ തന്നില്ലെങ്കില്‍ .....................”
ഭിക്ഷക്കാരന്‍ പറഞ്ഞ വാചകം പൂര്‍ത്തിയാക്കിയില്ല.
പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആ ഭീഷണിയുടെ ഇഫക്ട് കുറഞ്ഞു പോകുമെന്ന കാര്യം ഭിക്ഷക്കാരന് നല്ല വണ്ണം അറിയാമായിരുന്നു.
ഭിക്ഷക്കാരന്‍ തുടര്‍ന്നു “ ഇങ്ങനെ ഭിക്ഷതരാഞ്ഞ വീട്ടില്‍ ഞാന്‍ ചെയ്തത് എന്താന്ന് അറീയോ ?”
വീട്ടമ്മയുടെ മുഖ ഭാവം മാറി.
അവര്‍ ഭിക്ഷക്കാരനെ നോക്കി .
ശല്യം ; എന്തെങ്കിലും കൊടുത്ത് പറഞ്ഞു വിടുകതന്നെ
അതാണ് ബുദ്ധിയെന്ന് വീട്ടമ്മക്കു തോന്നി .
എന്തിനാ വെറുതെ ഒരുരൂപയുടെ കാര്യത്തില്‍ ‘കശപിശ’ ക്കു നില്‍ക്കുന്നേ ...
ഇത് കേട്ട് വീട്ടിലുള്ള അതിഥികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതെന്തിനാ?
ഇനി അതുമല്ല ; ഇയാള്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ ............
അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
അവര്‍ അകത്തു പോയി
ഒറ്റ രൂപയുടെ നാണയവുമായി തിരിച്ചു വന്നു.
ഭിക്ഷക്കാരന് കൊടുത്തു.
ഭിക്ഷക്കാരന്‍ തൊഴുത് പിന്‍‌തിരിഞ്ഞു നടന്നു .
അപ്പോള്‍ വീട്ടമ്മയുടെ ‘സീരിയലിലെ ആകാക്ഷ ’ പുറത്തുവന്നു
“ അതേ , നിങ്ങള്‍ ഭിക്ഷകിട്ടാഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ എന്താ ചെയ്തേ ?”
ഭിക്ഷക്കാരന്‍ തിരിഞ്ഞു നിന്നു
എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“ ഞാന്‍ അവിടെ നിന്നു തിരിഞ്ഞു നടന്നു ; അത്ര തന്നെ”
വീട്ടമ്മ ‘ലാന്‍ഡ് സ്കേപ്പില്‍ ’ ചമ്മിയ മട്ടില്‍ അവിടെ നിന്നു.
ഭിക്ഷക്കാരന്‍ അടുത്ത കസ്റ്റമറുടെ അടുത്തേക്ക് തിരക്കിട്ടു നടന്നു.

Sunday, 22 May 2011

63.മാഷ് ബസ്സിലെ ലേഡീസ് സീറ്റിലിരുന്നാല്‍ .................

നട്ടുച്ചസമയം.
മാഷ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.
അധിക സമയം ബസ് കാത്തുനില്‍ക്കേണ്ടിവന്നില്ല ; അതാ വരുന്നു മാഷിനു പോകേണ്ട ബസ്സ് .
മാഷ് ബസ്സില്‍ കയറി .
വലിയ തിരക്കില്ല.
എങ്കിലും ഇരിക്കാന്‍ സീറ്റില്ല.
പക്ഷേ............
ബസ്സില്‍ , മുന്നിലായി സീറ്റൊഴിവുണ്ട് ....
മാഷ് കണ്ടക്ടറെ നോക്കി ..
അദ്ദേഹത്തിന് ഭാവഭേദമില്ല.
മാഷ് രണ്ടു മിനിട്ടുനേരം നിന്നു .
മുന്നിലെ ലേഡീസ് സീറ്റില്‍ ആളുവരുന്നതു കാണുന്നില്ല.
എന്നാല്‍ അതില്‍ ഇരിക്ക തന്നെ - മാഷ് തീരുമാനിച്ചു.
അങ്ങനെ മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന ലേഡീസീറ്റുകളില്‍ ഏറ്റവും പിന്നിലത്തെ സീറ്റില്‍ മാഷിരുന്നു.
പിന്നെ മാഷ് പുറത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.
അത് മാഷിന്റെ ഒരു സ്വഭാവമാണ് .
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുക ; ഈ കാഴ്ചകളില്‍ മാഷ് പലപ്പോഴും

മാഷിനെത്തന്നെ മറക്കാറുണ്ട് .
അങ്ങനെ പത്തിരുപതു മിനിട്ടായിക്കാണും .
അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പരുഷ ശബ്ദം .
“പെണ്ണുങ്ങളുടെ സീറ്റില്‍ നിന്ന് എണീറ്റ് അവര്‍ക്ക് സീറ്റ് കൊടുക്ക് ”
മാഷ് ഞെട്ടി തിരിഞ്ഞു നോക്കി .
കണ്ടക്ടറുടെ കല്പനയാണ് .
അദ്ദേഹം രൂക്ഷമായി മാഷിനെ നോക്കുന്നുമുണ്ട് .
മറ്റു യാത്രക്കാരാകട്ടെ ‘ഇവന്‍ ആള്‍ പെശകാണല്ലോ ’ എന്ന മട്ടില്‍ കാര്യങ്ങള്‍ വീക്ഷിക്കുന്നുണ്ട് .
“ചിലര്‍ ബസ്സില്‍ കയറിയാല്‍ സ്ത്രീകളുടെ സീറ്റിലേ ഇരിക്കൂ ” - ബാക്ക് സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് .
“പെണ്ണൂങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നത് ആര്‍ക്കാ ഇപ്പോ അറിയാത്തേ ; ഇത് കരുതിക്കൂട്ടി തന്ന്യാ”
സൈഡ് സീറ്റിലെ വൃദ്ധന്‍ ഉറക്കെ പറഞ്ഞു.
“വെറുതെ ബലം പിടിക്കണ്ട ; കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്ന് ഇക്കാര്യത്തിന് ഫൈന്‍ കിട്ടിയതാ

” കണ്ടക്ടര്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മാഷിനു മനസ്സിലായി .
ചിലരുടെ ഭാവത്തില്‍ ടി വി യിലെ ‘തരികിട’ ലൈവ് ഷോ കാണുന്നതുപോലെയാണ്.
മാഷ് ചുറ്റും നോക്കി .
ശരിയാണല്ലോ ; എല്ലാ ലേഡീസ് സീറ്റും ഫുള്‍ ആയിരിക്കുന്നു.
രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നുമുണ്ട്.
അതും രണ്ടു ചെറുപ്പക്കാരികള്‍ ; മോഡേണ്‍ ആയി വസ്ത്രം ധരിച്ചവര്‍ ; സുന്ദരികള്‍ .
കണ്ടക്ടറുടേയും പയ്യന്‍സിന്റേയും ധാര്‍മ്മികരോഷത്തിന്റെ പൊരുള്‍ മാഷിനു പിടികിട്ടി.
വര്‍ദ്ധിച്ച ചമ്മലോടെ മാഷ് സീറ്റില്‍ നിന്ന് എണീറ്റു .

സീറ്റിന്റെ തൊട്ടു പിറകിലായി നിന്നു.
“ഒന്നുകൂടി പിന്നിലേക്കു വരാം ട്ടോ ; പിന്നില്‍ ധാരാളം സ്ഥലം ണ്ട് ”
പയ്യന്‍സ് വീണ്ടും വാ‍ചാലനായി .
പയ്യന്‍സിന്റെ കമന്റ് കേട്ട് ബസ്സിലുള്ളവര്‍ ഉറക്കെ ചിരിച്ചു .
ഡ്രൈവര്‍ പോലും അത് അംഗീകരിക്കുന്ന മട്ടില്‍ ഹോണ്‍ രണ്ടു പ്രാവശ്യം മുഴക്കിയത് ബസ്സില്‍ വീണ്ടും കൂട്ടച്ചിരിക്ക്

ഇടവരുത്തി.
മാഷ് പ്രതികരിക്കാന്‍ നിന്നില്ല.
സംഗതി പെശകാണെന്ന് മാഷിനു ബോധ്യമായി .
മാഷ് വേഗം തന്നെ പിന്നിലേക്കുനീങ്ങി .
പയ്യന്‍സിനെ നോക്കി .
പയ്യന്‍സ് വിജയിച്ചമട്ടില്‍ മാഷിനെ നോക്കി .
ബസ്സിലെ യാത്രക്കാരൊക്കെ ഇടക്കിടെ ഒളികണ്ണോടെ മാഷിനെ നോക്കുന്നുണ്ട് .
മാഷ് ബസ്സിലെ എല്ലാവരേയും വീക്ഷിച്ചു.
ഭാഗ്യം ; പരിചയക്കാ‍ര്‍ ആരും തന്നെയില്ല ; ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കഥകളാ ഇതിന്റെ പേരില്‍ പരക്കുക.
മാഷ് ആശ്വാസത്തോടെ ശ്വാസം വിട്ടു.
മാഷ് വീണ്ടും മുന്നിലേക്കു നോക്കി .
സീറ്റ് ഇപ്പോഴും കാലിയാണ്.
ആ തരുണീമണികള്‍ ഇപ്പോഴും സീറ്റില്‍ ഇരുന്നീ‍ട്ടില്ല
പയ്യന്‍സും അക്കാര്യം ശ്രദ്ധിക്കുന്നത് മാഷ് കണ്ടു.
സുന്ദരിമാരെ സഹായിക്കാനുള്ള അവസരം പയ്യന്‍സ് വീണ്ടും പാഴാക്കിയില്ല
“സീറ്റിലിരിക്ക് ചേച്ചി മാരെ ”
പയ്യന്‍സ് ഉറക്കെ വിളിച്ചു പറഞ്ഞു
കണ്ടക്ടര്‍ സാറും അതിനെ അനുകൂലിച്ച് അവരുടെ അടുത്ത് ചെന്ന് ഇരിക്കാന്‍ പറഞ്ഞു.
പക്ഷെ...............................
.......................................
ആ സുന്ദരികള്‍ ഇരുന്നില്ല.
അപ്പോള്‍ ലേഡീസ് സീറ്റില്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീ പ്രതികരിച്ചു.
“ ആ പാവം മനുഷ്യനെ അവിടെ നിന്നെണീപ്പിച്ചു ; ഇനി നിങ്ങള്‍ക്കെന്താ ആ സീറ്റില്‍ ഇരുന്നാല്‍ ....”
“ഈ പ്രശ്നമൊക്കെ ഉണ്ടാക്കിയത് നിങ്ങള്‍ക്കു വേണ്ടിയല്ലേ “ വൃദ്ധന്റെ കമന്റ് .
ബസ്സിലെ രാഷ്ടീയ അന്തരീക്ഷത്തിന്റെ മാറ്റം പയ്യന്‍സിനും പിടികിട്ടിയെന്നു തോന്നുന്നു .
അവന്‍ വിളിച്ചു പറഞ്ഞു
“ചിലരെ സഹായിക്കാന്‍ പോയാ ഇതാ തരം ”
കണ്ടക്ടര്‍ സാറും സുന്ദരികളെ രൂക്ഷമായി നോക്കി .
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍ പ്രതികരണമെന്നോണം രണ്ടുവട്ടം ഹോണ്‍ മുഴക്കി .
“നിങ്ങളെന്തെങ്കിലും വാ തുറന്ന് മിണ്ടുന്നുണ്ടോ ” വയസ്സായ സ്ത്രീ കോപത്തോടെ സുന്ദരിമാരെ നോക്കി പറഞ്ഞു .
ഗത്യന്തരമില്ലാതെ സുന്ദരിമാരിലൊരുവള്‍ പിന്നിലേക്കുനോക്കി .
ആദ്യം മാഷിനെ നോക്കി പുഞ്ചിരിച്ചു .
എന്നീട്ടു പറഞ്ഞു .
“അത് . എന്റെ മാഷാ ; ഏഴാം ക്ലാസില്‍ എന്നെ പഠിപ്പിച്ച മാഷ് . എന്നെ മാത്രമല്ല എന്റെ അനിയത്തിയായ ഇവളേയും

പഠിപ്പിച്ചിട്ടുണ്ട് ”
ബസ്സില്‍ പെട്ടെന്ന് ചന്ദ്രന്റെ പൂനിലാവു നിറഞ്ഞു.
ബസ്സിലെ അന്തരീക്ഷം മാറിയതായി മാഷ് മനസ്സിലാക്കി.
തന്റെ ശിഷ്യയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെക്കുറിച്ച് ബസ്സിലുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന കാര്യം മാഷ്

അറിഞ്ഞു.
അപമാനത്തിന്റെ കുഴിയിലേക്ക് വീണേക്കാവുന്ന താന്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ശൃംഗത്തിലാണ് നില്‍ക്കുന്നത് എന്ന

കാര്യം മാഷിന് മനസ്സിലായി .
സുന്ദരിമാര്‍ ഇരുവരും മാഷിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.
മാഷിന് അവരെ ഓര്‍മ്മവന്നു .
വര്‍ഷങ്ങള്‍ വരുത്തിയ മാ‍റ്റം കാരണം ആദ്യം മാഷിന് മനസ്സിലായില്ല എന്ന കാര്യം മാഷ് ഉറക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിച്ചു തന്റെ പ്രതികരണം വ്യക്തമാക്കി.
“ മാഷ് ആ സീറ്റിലിരുന്നോ “ വയസ്സായ സ്ത്രീ ഉറക്കെ പറഞ്ഞു.
“ചെല്ല് മാഷേ ” വൃദ്ധനും നിര്‍ബന്ധിച്ചു.
കണ്ടക്ടറും മൌനാനുവാദം നല്‍കുന്ന മട്ടില്‍ തലയാട്ടി.
“എനിക്ക് അടുത്ത സ്റ്റോ‍പ്പില്‍ ഇറങ്ങണം “ മാഷ് പറഞ്ഞു.
“അപ്പോള്‍ ബസ്സിലെ സീറ്റിലെ വനിതാസംവരണം മാഷമ്മാര്‍ക്ക് ബാധകമല്ലേ ”
പയ്യന്‍സ് സംശയം പ്രകടിപ്പിച്ചു.
“നിന്റെ അച്ഛന്‍ നിന്നെ വഴക്കു പറഞ്ഞാല്‍ നീ പോയി മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമോ ” വൃദ്ധന്‍

ആവേശത്തോടെ ചോദിച്ചു .
പയ്യന്‍സ് അതിന് പ്രതികരിച്ചില്ല.
യാത്രക്കാര്‍ അപ്പോഴും ചിരിച്ചു.
കണ്ടക്ടര്‍ ബസ് നിറുത്തുവാനുള്ള ബെല്ലടിച്ചു.
മാഷ് ബസ്സില്‍ നിന്നിറങ്ങി .
കണ്ടക്ടര്‍ ഒരു ട്രീപ്പിള്‍ ബെല്ലടിച്ച് മാഷിനോട് യാത്ര പറഞ്ഞു.
ഡ്രൈവര്‍ രണ്ടുപ്രാവശ്യം ഹോണ്‍ നീട്ടി മുഴക്കി മാഷിനോട് യാത്ര പറഞ്ഞു.
മാഷ് സ്റ്റോപ്പില്‍ നിന്ന് ബസ്സിലെ യാത്രക്കാരെ നോക്കി .
ബസ്സിലെ യാത്രക്കാര്‍ പിന്‍‌തിരിഞ്ഞ് മാഷിനെനോക്കുന്നുണ്ടായിരുന്നു.

Sunday, 24 April 2011

62. . വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണമെന്നോ ?

ഒന്നാമത്തെ പിരീഡ് ......
മാഷ് ക്ലാസിലെത്തി ........
ഹാജര്‍ വിളിച്ചു...........
രജിസ്റ്റര്‍ അടച്ചുവെച്ചു.

സാമൂഹ്യം മാഷാണ് ..
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .
 പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ്  മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും  മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.
മാഷ് പ്രഭാഷണം തുടങ്ങി.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......
ഇന്ത്യന്‍ ജനാധിപത്യം......
ഇന്ത്യന്‍ ഭരണഘടന ....
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...
പാര്‍ളിമെന്റ് , നിയമസഭ  എന്നിവയിലെ പൊളിറ്റിക്സും  പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു
“ അതേ  , ഇവന്‍ പറയാ....”
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.
പിന്നെ ഒരനക്കവുമില്ല.
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന്  എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
മാഷും ചിരിച്ചുപോയി.
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .

“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.
ഇനി ഇപ്പോ എന്താ ചെയ്യാ....
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍‌ബെഞ്ചിലിരിക്കുന്ന  കമറുദ്ദീന്‍ വെടിപൊട്ടിച്ചു.
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .
കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാ‍ത്തവളാണ്.
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .

“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന്‍ വീണ്ടും എണീറ്റുനിന്നു പറഞ്ഞു.
“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന്‍ ഇങ്ങനെ പറയുന്നേ  . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.
ഇത്തിരിപോന്ന കമറുദ്ദീന്‍ വലിയ ആ‍ളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാ‍ക്കിപ്പറഞ്ഞു .
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ്  . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .
“അന്ധന്മാര്‍ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട്  . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !
ഹസീന ഭരതിനെ എതിര്‍ത്തില്ല.
കാരണം  ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന്‍ വിട്ടുതരുന്ന മട്ടില്ല.
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി  മാഷ്
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .
അതിന്റെ യുക്തി മാഷിന് പിടികിട്ടി.
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”
മാഷ് ചോദിച്ചു.
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഹസീന എതിര്‍ക്കുന്നില്ല.
“ നഴ്‌സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”
മാഷ് ഒന്നുകൂടി ചോദിച്ചു .
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാ‍ക്കി.
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .
മാഷ് ഒന്ന് ഇരുത്തി മൂളി
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘  “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.