Saturday 30 October 2010

41. ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ?

പതിവുപോലെ മാഷ് ക്ലാസിലെത്തി.
അറ്റന്‍ഡന്‍സ് വിളിച്ചു.
തുടര്‍ന്ന് , മാഷിന്റെ സീറോ അവറിലേക്കു പ്രവേശിച്ചു.
അത് മാഷിന്റെ ക്ലാസിലെ മാത്രം ഒരു പ്രത്യേകതയാണ്.
എല്ലാ ദിവസവും ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പ് അഞ്ചുമിനിട്ടു സമയം അന്നത്തെ പത്രവാര്‍ത്തകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് കുട്ടികളെ സജ്ജരാക്കുക.
ചരിത്രാദ്ധ്യാപകനായ മാഷ് ഈ സമയത്താണ് തന്റെ പാഠഭാഗത്തെ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കാറ്.
പക്ഷെ , പതിവിനു വിപരീതമായി അന്നത്തെ സീറോ അവര്‍ നിര്‍ജ്ജിവമായിരുന്നു.
മാഷ് കാരണം അന്വേഷിച്ചു.
ഉടനടി ക്ലാസിലെ പത്രാധിപര്‍ എന്ന് മാഷ് വിളിച്ച് അഭിനന്ദിക്കാറുള ഹസ്സന്‍ എണീറ്റു നിന്നു .
( മാഷ് അവനെ അങ്ങനെ വിളിക്കാനൊരു കാരണമുണ്ട്.
ക്ലാസിലും സ്കൂളിലും ഉണ്ടാകുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍ ഒരു ചാര്‍ട്ട് പേപ്പറില്‍ എഴുതി കൊണ്ടുവന്ന് സ്കൂള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ ക്ലാസിന്റെ ചുമരില്‍ , ഹസ്സന്‍ പതിപ്പിക്കാറുണ്ട് )
മാഷ് ഹസ്സനോട് പറയാന്‍ ആഗ്യം കാട്ടി
“ഇന്ന് പ്രത്യകിച്ചൊരു വാര്‍ത്തയും ഇല്ല മാഷേ “ ഹസ്സന്‍ പറഞ്ഞു.
അങ്ങനെയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്.
മാഷിന്റെ സാമൂഹ്യം ക്ലാസില്‍ ചര്‍ച്ചക്ക് യോജിച്ച വാര്‍ത്തകള്‍ പത്രത്തില്‍ ഇല്ലാത്ത അവസ്ഥ.
അങ്ങനെയുള്ള ദിവസങ്ങളില്‍ , സമയം കളയാതെ പാഠഭാഗത്തേക്ക് കടക്കുകയാണ് പതിവ്.
അങ്ങനെ മാഷ് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന സമയത്ത് ,,,,,,,,
പെണ്‍പിള്ളേരുടെ ഭാഗത്ത് ,പിന്‍ബെഞ്ചില്‍ നിന്നൊരു കുശുകുശുപ്പ്...
മാഷ് കാര്യം അന്വേഷിച്ചു
ഉടന്‍തന്നെ ക്ലാസിലെ റോമില ഥാപര്‍ എന്ന് മാഷ് വിശേഷിപ്പിക്കാറുള്ള റാണി എണീറ്റുനിന്നു.
(അവളെ അങ്ങനെ വിളിച്ച് അഭിനന്ദിക്കാനും ഒരു കാരണമുണ്ട് .
സ്വന്തം കുടുബത്തിന്റെ അഞ്ച് തലമുറ ഉള്‍ക്കൊള്ളുന്ന ചരിത്രം പത്ത് എ ഫോര്‍ ഷീറ്റില്‍ എഴുതി തയ്യാറാക്കി ക്ലാസില്‍ അവതരിപ്പിവളാണ് റാണി.)
മാഷ് അവളോട് പറയാന്‍ ആഗ്യം കാണിച്ചു.
“ ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ”റാണി ചോദിച്ചു
ക്ലാസിലെ കുട്ടികള്‍ ഒരു നിമിഷം നിശ്ശബ്ദമായി ; പിന്നീട് പൊട്ടിച്ചിരിച്ചു.
കമന്റുകള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നു.
“ഉച്ചക്കഞ്ഞിക്കു ചരിത്രമോ ?”
“ഉച്ചക്കഞ്ഞിക്കു ചരിത്രമില്ല ; കാരണം അത് പിറ്റേദിവസത്തേക്ക് കേടാവും “
“അലക്സാണ്ടര്‍ക്കും അശോകനുമൊക്കെ ചരിത്രം ഉണ്ട് ; പക്ഷെ ഉച്ചക്കഞ്ഞിക്ക് ............”
വീണ്ടും ചിരി
“ഏത് കഞ്ഞിയാണാവോ ഉച്ചക്കഞ്ഞിയുടെ ചരിത്രം എഴുതിയത് ?”
മാഷ് കുട്ടികളെ ഒരു വിധം നിയന്ത്രിച്ചിരുത്തി.
ആസമയത്ത് മാഷ് ആലോചിച്ചു.
റാണി ചോദിച്ചതു ശരിയല്ലേ
ഉച്ചക്കഞ്ഞിക്കും ചരിത്രമില്ലേ ?
എന്നാണ് അത് തുടങ്ങിയത് ?
ആരാണ് അത് ആരംഭിച്ചത് ?
ഒന്നിനും ഉത്തരം മാഷിന്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല.
അതിനാല്‍ മാഷ് അടുത്തദിവസം ഉച്ചക്കഞ്ഞി ചരിത്രം അന്വേഷിച്ച് പറഞ്ഞുതരാമെന്നു പറഞ്ഞ് പാഠമെടുത്തു തുടങ്ങി.
******************************
***************************************************************
******************************
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്‍ സമയം .
സ്റ്റാഫ് റൂമില്‍ മാഷന്മാരുടെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു.
പലരും സ്വന്തം സീറ്റില്‍ ഇരിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഹിസ്റ്ററി മാഷ് ഉച്ചക്കഞ്ഞി ചരിത്രത്തെക്കുറിച്ച് സ്റ്റാഫ് റൂമില്‍ ഒന്നു സെര്‍ച്ച് ചെയ്താലോ എന്ന് തീരുമാനിച്ചു.
സംഗതി മാഷ് തന്നെ ചര്‍ച്ച എടുത്തിട്ടു.
മാഷ് കാലത്ത് ക്ലാസ് മുറിയില്‍ സംഭവിച്ച കാര്യം പറഞ്ഞു.
“ ഇനിപ്പോ എവിടന്നാ അറിയാ ?” എന്ന മുഖവുരയോടെ മാഷ് അവസാനിപ്പിച്ചു.
“അത് ഇപ്പോ അറിയാനൊന്നു മില്ല ” എന്ന മുഖവുരയോടെ മലയാളം മാഷ് പറഞ്ഞു
“ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്നുവെച്ചാല്‍ .... ഇന്നത്തെ ഉച്ചക്കഞ്ഞി പണ്ടത്തെ ഉപ്പ് മാവ് ആണ്”
“ അതെയതെ “ ഡ്രോയിംഗ് മാഷ് ആ പ്രസ്താവന ശരിവെച്ചു.
“ ഉച്ചക്കഞ്ഞിയെക്കുറിച്ച് ഒരു പഴഞ്ചൊല്ലുണ്ട് “ മലയാളം മാഷ് പറഞ്ഞു
അതെന്താ എന്നായി എല്ലാരും
മലയാളം മാഷ് തുടര്‍ന്നു.
“ ഇത് പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കഥയാ . ഉച്ചഭക്ഷണത്തിന് ദാരിദ്രമുള്ള കാലം . പല കുട്ടികളുംഉച്ചഭക്ഷണമായി സ്കൂളില്‍ നിന്ന് ഉപ്പുമാവ് ലഭിക്കുമെന്നുള്ളതുകൊണ്ട് സ്കൂളില്‍ വന്നിരുന്ന ഒരു കാലം . ഒരിക്കല്‍ ഒരു കുട്ടിക്ലാസില്‍ വരാതായപ്പോള്‍ ഞാന്‍ അന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ അവന്‍ പറയുകയാ ..... ആ സ്കൂളിലെ ഉപ്പുമാ‍വും വേണ്ട ; മാഷിന്റെ അടീം വേണ്ട എന്ന് “
ഇത് സ്റ്റാഫ് റൂമില്‍ പൊട്ടിച്ചിരി ഉയര്‍ത്തി.
“ ഹൌ , എന്നാലും അന്നത്തെ ഉപ്പുമാവിന് ഒരു പ്രത്യേക ടേസ്റ്റ് തന്ന്യാ “ ഡ്രോയിംഗ് മാഷ് ഓര്‍ത്തുകൊണ്ടു പറഞ്ഞു.
ഇത് അവിടെ ഒരു നിശ്ശബ്ദത പരത്തി.

******************************
***************************************************************
******************************

മാഷ് വീട്ടിലെത്തി .
പതിവിന്‍പടിയുള്ള ജോലിയൊക്കെ വേഗത്തില്‍ തീര്‍ത്തു.
തുടര്‍ന്ന് കമ്പ്യൂട്ടറുനു മുന്‍പില്‍ ചെന്ന് സെര്‍ച്ച് ചെയ്യാനിരുന്നു.
തുടര്‍ന്ന് കണ്ടെത്തിയ കാര്യങ്ങള്‍ രസകരമായിരുന്നു.

******************************
***************************************************************
******************************

1923 ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് ആരംഭിച്ചത്.
ഈ പരിപാടി വലിയ തോതില്‍ ആരംഭിച്ചത് 1960 ല്‍ കെ . കാമരാജ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പക്ഷെ , ഉച്ചഭക്ഷണ പരിപാടി വ്യാപകമായി നടപ്പിലാക്കിയത് 1982 ല്‍ എം .ജി .രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹം സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പ്രോഗ്രാം 1982 ല്‍ നടപ്പിലാക്കി
പിന്നീടത് പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കുമായി വ്യാപിപ്പിച്ചു.
കാമരാജ് ഉച്ചഭക്ഷണ പരിപാടി തുടങ്ങിയതിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട് .
തിരുനെല്‍‌വേലി ജില്ലയിലെ Cheranmahadevi എന്ന ഗ്രാമത്തില്‍ ( ഇപ്പോള്‍ ഇത് പട്ടണമാണ് ) നിന്നാണ് കഥ തുടങ്ങുന്നത് .
കാമരാജ് ലാളിത്യത്തില്‍ വിശ്വസിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ചുവന്ന വിളക്ക് മുകളില്‍ വെച്ചുള്ള കാര്‍ യാത്രക്കായി ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല യാത്രചെയ്യുമ്പോള്‍ മറ്റ് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.
ഇങ്ങനെയുള്ള ഒരു യാത്രയില്‍ ശ്രീ കാമരാജിന് ഒരു റയില്‍‌വേ ലവല്‍ ക്രോസില്‍ തന്റെ വാഹനം നിറുത്തി ട്രെയിന്‍ പോകൂന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു.
അദ്ദേഹം താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നിറങ്ങി.
കുറച്ചു കുട്ടികള്‍ അവിടെ ആടുകളേയും പശുക്കളേയും മേക്കുന്നത് അദ്ദേഹം കണ്ടു.
അതില്‍ ഒരു കുട്ടിയോട് കാമരാജ് ചോദിച്ചു
നീയെന്താണ് സ്കൂളില്‍ പഠിക്കുവാന്‍ പോകാതെ പശുവിനെയും കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്ന്
കുട്ടി ചോദിച്ച മനുഷ്യനെ നോക്കി .
കുട്ടിക്ക് അറിയുമായിരുന്നില്ല തന്നോട് ചോദ്യം ചോദിച്ച മനുഷ്യന്‍ മദ്രാസ്
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം!
അതുകൊണ്ടുതന്നെ ഉടനടി കുട്ടിയുടെ മറുപടി വന്നു.
ഞാന്‍ സ്കൂളില്‍ പോയാല്‍ നിങ്ങള്‍ എനിക്ക് ഭക്ഷണം തരുമോ എന്ന്
ഈ മറുപടിയാണത്രെ കാമരാജിനെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി തുടങ്ങുവാന്‍ പ്രേരിപ്പിച്ചത് .

******************************
***************************************************************
******************************

കേരളത്തിലെ ഉച്ചക്കഞ്ഞി ചരിത്രം ഇപ്രകാരം :
1961-62 ല്‍ G.O. (Rt) No. 2013/61 Edn.dated 31-8-1961 പ്രകാരം സംസ്ഥാനത്തെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി ( ഉപ്പുമാവ് )ആരംഭിച്ചു.
ഇതിനുവേണ്ട ഭൌതിക സഹായം നല്‍കിയത് CARE (Co-operative for American Relief Everywhere) ആണ്.
പക്ഷെ , അവര്‍ 1984 ല്‍ ഇതിനുള്ള സഹായം പിന്‍വലിച്ചു; 1986 ല്‍ പൂര്‍ണ്ണമായി ഈ രംഗത്തുനിന്നും പിന്‍‌വലിഞ്ഞു.
പാവപ്പെട്ടവരും ആവശ്യമുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ സംഘടനയുടെ സഹായം വളരേ ഉപകാരപ്രദമായിരുന്നു.
എന്നാല്‍ CARE പിന്‍‌വാങ്ങിയതോടുകൂടി സര്‍ക്കാര്‍ ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരായി.
അങ്ങനെ 1-12-1984 ഉച്ചക്കഞ്ഞി എന്നപേരില്‍ ഉച്ചഭക്ഷണപരിപാടി കേരളത്തിലെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ആരംഭിച്ചു.
31-12-1985 ല്‍ കേരളത്തിലെ സര്‍ക്കാര്‍ , എയ്‌ഡഡ് സ്കൂളുകളിലും ഉച്ചക്കഞ്ഞി പരിപാടി തുടങ്ങി.
15-8-1987 മുതല്‍ ഉച്ചക്കഞ്ഞി പരിപാടി യു .പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചൂ. അങ്ങനെ കഞ്ഞിയും ചെറുപയറുമായി ഈ പദ്ധതി മുന്നേറി.

******************************
***************************************************************
******************************

സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം :-
2001 ഏപ്രിലില്‍ People’s Union for Civil Liberties (Rajasthan) എന്ന സംഘടന ഭക്ഷണത്തിനുള്ള അവകാശം എന്നപേരില്‍ പ്രസിദ്ധമായ ഒരു ലോസ്യൂട്ട് സുപ്രിംകോടതിയൂടെ മുന്നില്‍ കൊണ്ടുവന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുവാന്‍ നിര്‍ദ്ദേശം കോടതിയില്‍ നിന്ന് ഉണ്ടായി .
അതോടെ ഉച്ചഭക്ഷണ പരിപാടിക്ക് നിയമപരമായ ഒരു പരിവേഷം കൂടി ലഭിച്ചു.

******************************
***************************************************************
******************************

ഉച്ചക്കഞ്ഞിയും സര്‍.സി.പി . രാമസ്വാമി അയ്യരും :

1936 മുതല്‍ 1947 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു സര്‍.സി.പി . രാമസ്വാമി അയ്യര്‍.
അദ്ദേഹം പല പരിഷ്കാരങ്ങളും അവിടെ നടപ്പിലാക്കിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം (1936), പ്രായപൂര്‍ത്തി വോട്ടവകാശം , വധശിക്ഷ ഒഴിവാക്കല്‍ എന്നിവ അദ്ദേഹം

നടപ്പിലാക്കി.
അദ്ദേഹം നടപ്പിലാക്കിയ മറ്റൊരു കാര്യം കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതിയായിരുന്നു. അത് അയിത്തോച്ചാടനത്തിന്

സഹായിച്ചിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?

******************************
***************************************************************
******************************

മാഷ് പിറ്റേന്ന് സ്കൂളിലെത്തി .
സീറോ അവര്‍ സമയത്ത് ...
ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളൊക്കെ അവതരിപ്പിച്ചു.
അതിനുശേഷം .........
കുട്ടികളെ നോക്കി .
അവര്‍ താല്പര്യത്തോടെ നോക്കി ശ്രദ്ധിച്ചിരിക്കയായിരുന്നു.
തുടര്‍ന്ന്
ഹസ്സന്‍ എണീറ്റുനിന്നു
മാഷ് പറയാന്‍ ആഗ്യം കാണിച്ചു.
ഹസ്സന്‍ തുടര്‍ന്നു
“ മാഷെ ഞങ്ങളും ചോദിച്ചു ഈ ഉച്ചക്കഞ്ഞിയുടെ ചരിത്രം . ഉപ്പുമാവിന്റെ കാര്യം ഈ നാട്ടുകാരൊന്നും തന്നെ മറന്നിട്ടില്ല

മാഷേ . ഇന്നത്തെ വലിയ പണക്കാരൊക്കെ പണ്ട് സ്കൂളില്‍ നിന്ന് ഉപ്പുമാവ് കഴിച്ചവരായിരുന്നു.”
“ കഴിഞ്ഞ മാസം നമ്മുടെ സ്കൂളിലേ ഉച്ചക്കഞ്ഞി ഫണ്ടിലേക്ക് പതിനായിരരൂപ സംഭാവന ചെയ്ത ആള്‍ പണ്ട് സ്കൂളില്‍

നിന്ന് ഉപ്പുമാവ് കഴിച്ചിരുന്നുവെത്രെ!”
ക്ലാസ് മൌനത്തിലായി .
മാഷിനും തൃപ്തി തോന്നി.
കുട്ടികളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയിരിക്കുന്നു.
വിവരശേഖരണം അത്തരത്തിലും ആകാമല്ലോ ?
തുടര്‍ന്ന് മാഷ് സീറോ അവറില്‍ നിന്ന് പാഠഭാഗത്തേക്കു പോയി .

******************************
***************************************************************
******************************

വാല്‍ക്കഷണം :

ഉപ്പുമാവിന്റെ ഇംഗ്ലിഷ് എന്താ ?
ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയില്‍ മോഹന്‍ ലാല്‍ എന്ന അദ്ധ്യാപകന്‍ ഉത്തരമായി പറഞ്ഞത് ഇങ്ങനെയാണ്
“സാള്‍ട്ട് മാംഗോ ട്രീ “
എന്നാല്‍
കഞ്ഞിയുടെയുടെ ഇഗ്ലീഷ് എന്താ ?
ചിരട്ടപ്പൂട്ടിന്റെ ഇംഗ്ലീഷ് പറയുകയാണെങ്കില്‍ പറഞ്ഞു തരാം കേട്ടോ .

Wednesday 13 October 2010

40. ആരാണ് മിടുക്കനായ അദ്ധ്യാപകന്‍ ?

ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.



സ്കൂള്‍ അസംബ്ലി ..................
ഒരോ ദിവസവും ഓരോ ക്ലാസ് ആണ് സ്കൂള്‍ അസംബ്ലി കണ്ടക്ട് ചെയ്യേണ്ടത് .
കണ്ടക്ട് ചെയ്യുക എന്നുവെച്ചാല്‍ പ്രാര്‍ത്ഥന , പ്രതിജ്ഞ , അന്നത്തെ പത്രവാ‍ര്‍ത്തയുടെ അവതരണം ,ഇന്നത്തെ

ചിന്താവിഷയം അവതരണം , ദേശീയഗാനം എന്നിവയൊക്കെ ഏതുക്ലാസ് ആണോ അവതരിപ്പീക്കുന്നത് പ്രസ്തുത

ക്ലാസിലെ കുട്ടികള്‍ തയ്യാറായി വന്നീട്ടുണ്ടായിരിക്കും.
അന്നത്തെ ദിവസത്തെ അവതരണം മാഷിന്റെ ക്ലാസിനായിരുന്നു.
അതുകൊണ്ടുതന്നെ തലേന്ന് മാഷ് പ്രാര്‍ത്ഥനയും ദേശീയഗാനവും കുട്ടികളെ ഉച്ചസമയത്ത് പരിശീലിപ്പിച്ചിരുന്നു.
അതിനാല്‍ , അന്നത്തെ ദിവസം കാലത്ത് അസംബ്ലിക്കു മുന്‍പ് വാര്‍ത്തയും ‘ചിന്താവിഷയവും‘ മാത്രം ചെക്കുചെയുക

മാത്രമേ വേണ്ടിവന്നുള്ളൂ.
അന്നേ ദിവസം മാഷ് , സ്റ്റാഫ് റൂമില്‍ കുറച്ചു നേരത്തെ എത്തിയിരുന്നു.
അസംബ്ലി കണ്ടക്ട് ചെയ്യേണ്ട ടീം എത്തി.
അവര്‍ കൊണ്ടുവന്ന വാര്‍ത്ത ( എഴുതി തയ്യാറാക്കിയത് ) മാഷ് നോക്കി .
കുഴപ്പമൊന്നുമില്ല .
അസംബ്ലിയില്‍ അവതരിപ്പിക്കാനുതകുന്നതുതന്നെയാണ് .
അടുത്തതാ‍യി ‘ഇന്നത്തെ ചിന്താവിഷയം‘ തയ്യാറാക്കിയ കുട്ടി വന്നു.
രണ്ടു വരി മാത്രമാണ് കുട്ടി എഴുതിയിരിക്കുന്നത് .
“ പര്‍വ്വതങ്ങളെ കീഴടക്കുന്നതിലും എത്രയോ വലുതാണ് അവനവന്‍ അവനവനെത്തന്നെ കീഴടക്കുന്നത് “ -എഡ്‌മണ്ട്

ഹിലാരി.
മാഷിന് എന്തായാലും ആ വരി ഇഷ്ടപ്പെട്ടു.
ഇന്നത്തെ ചിന്താവാചകം സെലക്ട് ചെയ്ത കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.
പോകാന്‍ നേരത്ത് മാഷിനൊരു സംശയം .
ഇന്നത്തെ ചിന്താവിഷയം തയ്യാറാക്കിയ കുട്ടി അത് വായിച്ചപ്പോള്‍ ...........
അത് കേട്ടുനിന്ന കുട്ടികളില്‍ ഒരു ഭാവഭേദവും ഉണ്ടായില്ല...
അതന്താ ?
അവര്‍ അത് മുന്‍പ് കേട്ടിരിക്കുമോ ?
എന്തായാലും സംശയം തീര്‍ക്കുക തന്നെ .
മാഷ് അവരെ തിരികെ വിളിച്ചു .
കേട്ടുനിന്നവരോട് ചോദിച്ചൂ
“ ആരാ എഡ്‌മണ്ട് ഹിലാരി ?”
അവര്‍ മിഴിച്ചു നിന്നു.
അപ്പോള്‍ മാഷിന്റെ ചോദ്യം ‘ഇന്നത്തെ ചിന്താവിഷയം‘ എഴുതിക്കൊണ്ടുവന്ന കുട്ടിയോടായി.
അവള്‍ക്കും ഉത്തരമില്ല .
അപ്പോള്‍ മാഷിന് ഒരു കാര്യം ഉറപ്പായി .
ഈ മഹത്തായ വരികളുടേ ഗുട്ടന്‍സ് അറിഞ്ഞുകൊണ്ടല്ല ഇവര്‍ ഇത് എഴുതിക്കൊണ്ടുവന്നിരിക്കുന്നത് .
ഇന്നത്തെ ചിന്താവിഷയമല്ലേ ...
ഏതെങ്കിലും ഒരു മഹാന്‍ എഴുതിയ പ്രസിദ്ധമായ വാചകം വേണം .
അത് എവിടെനിന്നെങ്കിലും തപ്പിപ്പിടിച്ചൂകൊണ്ടുവന്ന് അവതരിപ്പിക്കുന്നു.
അത്രമാത്രം .
ദിനാരംഭത്തിലെ അസംബ്ലിയില്‍ ഇത്തരം വാചകങ്ങളുടേ സ്വാധീനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തം.
എന്തായാലും മാഷ് കൂടുതല്‍ ചോദിച്ച് സമയം കളയുവാന്‍ മിനക്കെട്ടില്ല.
കാര്യം വിശദമാക്കിക്കൊടുത്തു .
“ആരാണ് എഡ്‌മണ്ട് ഹിലാരി . ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ വ്യക്തിയാണ്

അദ്ദേഹം . അതുകൊണ്ടുതന്നെ അദ്ദേഹം ഈ വാക്കുകള്‍ പറയുമ്പോള്‍ അതിന് ഒരു പ്രത്യേകതയുണ്ട് “
കുട്ടികള്‍ പര്‍വ്വതത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയ മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി .
അതിനാല്‍ തന്നെ ചിന്താശകലം അവതരിപ്പിക്കുന്നതിനുമുന്‍പേ എഡ്‌മഡ് ഹിലാരിയെക്കുറിച്ച് ഒരു വിവരണവും നല്‍കി.
കാരണം ഇവരെപ്പോലെയുള്ള കുട്ടികള്‍ അസംബ്ലിയില്‍ ഉണ്ടായിരിക്കുമല്ലോ . അവര്‍ക്കും ഗുട്ടന്‍സ് പിടികിട്ടേണ്ടെ.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായിരുന്നു എവറസ്റ്റ് .അത് കീഴടക്കിയ വ്യക്തിയാണ് എഡ്‌മണ്ട് ഹിലാരി. ആ

ഹിലാരിയുടെ പ്രസിദ്ധമായ വാചകമിതാ എന്നു പറഞ്ഞുകൊണ്ടായിരുന്നു അസംബ്ലിയില്‍ ചിന്താവിഷയം

അവതരിപ്പിച്ചത് .

* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *
ഉച്ചഭക്ഷണ സമയത്തെ ഇന്റര്‍വെല്‍
മാഷന്മാരുടെ മുറിയില്‍ എല്ലാവരും ഊണ് കഴിച്ച് ഇരിപ്പാണ്
അങ്ങനെയിരിക്കുന്ന സമയത്ത് ....
ഹിലാരി പ്രശ്നം മാഷിന് ഓര്‍മ്മ വന്നു.
മാഷ് സ്റ്റാഫ് റൂമില്‍ നോക്കി .
മിക്ക മാഷന്മാരും സ്റ്റാഫ് റൂമിലുണ്ട്
മാഷ് ഇക്കാര്യം അവരോട് പറഞ്ഞു
പറഞ്ഞു കഴിഞ്ഞപ്പോള്‍ മലയാളം മാഷ് ഉറക്കെ പറഞ്ഞു.
“ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ടായി “
എന്നാല്‍ പറയൂ എന്ന ഭാവത്തില്‍ ബാക്കിയുള്ളവരും ഇരുന്നു; കാരണം മലയാളം മാഷിന്റെ സംസാരം അത്ര രസകരമാണ്.
മലയാളം മാഷ് സംതൃപ്തിയോടെ ആരംഭിച്ചു.

കഴിഞ്ഞെ ക്ലസ്റ്ററിന് ആരെങ്കിലും എന്തെങ്കിലുമൊക്കെ അവതരിപ്പിക്കണം എന്നൊരു നിര്‍ദ്ദേശം വന്നു.
അതായത് ഒരു “ജസ്റ്റ് എ മിനിട്ട് പ്രോഗ്രാം ”
ഈ സമയത്ത് ആര്‍ക്കുവേണമെങ്കിലും അദ്ധ്യാപക പരിശീലന ക്ലാസില്‍ അവതരിപ്പിക്കാം .
ഫലിതമോ , കഥയോ , കവിതയോ , പുസ്തകാസ്വാദനമോ എന്തുവേണമെങ്കിലും ആവാം .
ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധാരണയായി ആരും മുന്നോട്ടുവരാറില്ല. അതിനാല്‍ അവതരിപ്പിക്കേണ്ട

ആളെ നറക്കെടുക്കുകയാണ് ചെയ്യുക . അതും അറ്റന്‍ഡന്‍സ് രജിസ്റ്ററിലെ നമ്പറായിരിക്കും നറക്കെടുക്കുക.
അന്നത്തെ നറുക്ക് എനിക്കാണ് വീണത് .
ഇപ്പോള്‍ ‘ഹാസ്യ’ ത്തിനാണല്ലോ വലിയ ഡിമാന്റ് .
അതിനാല്‍ തന്നെ ഞാന്‍ ഒരു ഫലിതം അവതരിപ്പിക്കാമെന്നു വിചാരിച്ചു.
പണ്ടെങ്ങോ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഫലിതം എനിക്ക് ഓര്‍മ്മ വന്നു.
അന്ന് അത് എന്നെ വളരെ ചിന്തിപ്പിച്ചിരുന്നു.
വിദേശകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ ഗോപാലകൃഷ്ണന്‍ .ഐ .എ .എസ് ആണ് തന്റെ അത്മകഥാ

കുറിപ്പില്‍ ഇത് എഴുതിയിരുന്നത് .
അന്ന് അത് വായനക്കാരെ ഏറെ ആകര്‍ഷിച്ച ഒരു പംക്തിയായിരുന്നു.
അന്ന് ( പണ്ട് ) അത് വായിച്ച ഉടനെ , പിറ്റേന്ന് ക്ലാസില്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം

ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയായിരുന്നു ഞാന്‍ ഇത് അദ്ധ്യാപക പരിശീലനക്ലാസില്‍ പറയാനായി തെരഞെടുത്തത് .
ഇക്കാര്യം ശ്രീ ഗോപാലകൃഷ്ണനേയും മാതൃഭൂമിയേയൂം പിറ്റേന്ന് ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ ഈ ‘ഓര്‍മ്മക്കുറിപ്പ് ’

അവതരിപ്പിച്ചപ്പോള്‍ ക്ലാസിലുണ്ടായ പൊട്ടിച്ചിരിയേയും കാര്യം ഞാന്‍ ആമുഖമായി പറഞ്ഞുകൊണ്ടാണ് അവതരണം

തുടങ്ങിയത്
...... അങ്ങനെ
..........ഏതോ ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീ ഗോപാലകൃഷ്ണന്‍ ബംഗാളിലെത്തുന്നു.
ഏകദേശം ഒരാഴ്ചയാണ് ഈ ഔദ്യോഗിക ടൂര്‍
താമസം വലിയൊരു ഹോട്ടലിലാണ് .
കാലത്ത് മീറ്റിംഗിനു പോകും .
വൈകീട്ട് അഞ്ചുമണിയോടെ ഹോട്ടലില്‍ ( താമസസ്ഥലത്ത് ) തിരിച്ചെത്തും .
ഹോട്ടലിലെ പത്താമത്തെ നിലയിലാണ് ഗോപാലകൃഷ്ണന്റെ മുറി.
വൈകീട്ട് മുറിയിലെത്തിയാല്‍ ഉടനെത്തന്നെ ആ നിലയിലെ (ബാല്‍ക്കണി) വരാന്തയിലേക്കിറങ്ങും.
അവിടെയിരുന്ന് , കാറ്റേറ്റ് , താഴെയുള്ള തിരക്കുപിടിച്ച നഗരത്തെ അലസമായി നോക്കി ഏറെ നേരം ചിലവഴിക്കും .
ഈ റിലാക്സേഷന്‍ വഴി അന്നത്തെ ക്ഷീണത്തെ പമ്പകടത്തും .
ഗോപാലകൃഷ്ണന്‍ മാത്രമല്ല മറ്റുപലരും ചിലപ്പോള്‍ അവിടെ കാണാം .
ഇതായിരുന്നു ഗോപാലകൃഷ്ണന്റെ അന്നത്തെ ദിനചര്യ .
അങ്ങനെ ..........
അന്നൊരു നാള്‍ ....
ഗോപാലകൃഷ്ണന്‍ അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് താമസ സ്ഥലത്ത് എത്തി .
പത്താംനിലയിലേക്ക് ഉള്ള ലിഫ്‌റ്റിനായി കാത്തുനില്‍ക്കുകയാണ്.
അപ്പോള്‍ ഒരു മധ്യവയസ്കനായ ഒരു ഗ്രാമീണന്‍ അവിടെ വന്നു .
അയാളുടെ രണ്ടുകയ്യിലും വലിയ ഭാരമുള്ള പെട്ടിയുണ്ട് .
അയാള്‍ ലിഫ്‌റ്റിനു കാത്തുനില്‍ക്കാതെ രണ്ടുകയ്യിലും ആ വലിയ പെട്ടിയും താങ്ങി മുകളിലേക്ക് കയറിപ്പോയി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലിഫ്‌റ്റ് താഴെക്ക് വന്നു.
ഗോപാല കൃഷ്ണന്‍ ലിഫ്‌റ്റില്‍ കയറി .
ലിഫ്‌റ്റില്‍ വെച്ച് ഗോപാലകൃഷ്ണന്‍ ആ ‘ഗ്രാമീണനെ ’ ക്കുറിച്ച് ചിന്തിച്ചു.
ആധുനിക സാങ്കേതിക ജ്ഞാനമില്ലെങ്കില്‍ കഷ്ടപ്പെടുന്ന ഗ്രാമീണരുടെ അവസ്ഥയെക്കുറീച്ച് ആലോചിച്ചു.
...............
ഗോപാലകൃഷന്‍ മുറിയിലെത്തി.
തുടര്‍ന്ന് പതിവിന്‍പടി ബാല്‍ക്കണിയിലേക്ക് നടന്നു .
അങ്ങനെ നടക്കുമ്പോള്‍ മനസ്സിലായി ആ ‘ഗ്രാമീണന്റെ മുറി’ തന്റെ മുറിയുടെ തൊട്ടടുത്താ‍ണെന്ന് .
വലിയ ഭാരമുള്ള പെട്ടിയുമായി പത്താം നില വരെ കയറിയ ആ ഗ്രാമീണനോട് ഗോപാലകൃഷ്ണന് വല്ലാത്ത

അലിവുതോന്നി .
കുറച്ചു കഴിഞ്ഞപ്പോള്‍ ‘ആ ഗ്രാമീണനും ബാല്‍ക്കണിയിലെത്തി’
ഗ്രാമീണന്‍ നല്ലവണ്ണം വിയര്‍ത്തിട്ടുണ്ട് .
കഠിനാദ്ധ്വാനമല്ലേ ചെയ്തിരിക്കുന്നത് !
എന്തായാലും ഇനിയെങ്കിലും ‘ലിഫ്‌റ്റിന്റെ ‘ പ്രാധാന്യത്തേയും പ്രവര്‍ത്തനത്തേയും കുറിച്ച് ഈ ഗ്രാമീണനു

പറഞ്ഞുമനസ്സിലാക്കി കൊടുക്കുകതന്നെ
ഗോപാലകൃഷ്ണന്‍ തീരുമാനിച്ചു.
ഗോപാലകൃഷ്ണന്‍ ഗ്രാമീണന്റെ അടുത്തുചെന്നു; കുശലം ചോദിച്ചൂ.
ഭാഗ്യം ഗ്രാമീണന് ഇംഗ്ലീഷ് അറിയാം .
അപ്പോള്‍ സംഗതി എളുപ്പമായി
അതായത് സാങ്കേതിക സഹായോപദേശം എളുപ്പമായി .
ഗോപാലകൃഷ്ണന്‍ സ്വയം പരിചയപ്പെടുത്തി
അതിനുശേഷം ലിഫ്‌റ്റിനെക്കുറിച്ചും അത് ഉപയോഗിക്കുന്നതില്‍ ഭയപ്പെടേണ്ടതില്ലെന്നും ഇനി അഥവാ

പ്രവര്‍ത്തിപ്പിക്കുവാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ലിഫ്‌റ്റ് ഉപയോഗിക്കാന്‍ അറിയുന്ന ആരെങ്കിലും വരാന്‍

കാത്തുനിന്നാല്‍ മതിയെന്നും അങ്ങനെ അയാളുടെ സഹായത്താല്‍ സുഖമായി പത്താം നിലയില്‍ എത്താമെന്നും

പറഞ്ഞു.
ഗ്രാമീണന്‍ അതൊക്കെ മനസ്സിലായെന്ന മട്ടില്‍ തലയാട്ടുകയും ഗോപാലകൃഷ്ണനോട് നന്ദി പറയുകയും ചെയ്തു.
അങ്ങനെ ബാല്‍ക്കണിയില്‍ നിന്ന് പിരിയാന്‍ നേരം ഗോപാലകൃഷ്ണന്‍ ഒരു കാര്യം പെട്ടെന്ന് ഓര്‍ത്തു.
ഇത്രയൊക്കെ സംസാരിച്ചിട്ടും താന്‍ ആ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
തന്നെക്കുറിച്ചും തന്റെ ഔദ്യോഗിക പദവിയെക്കുറിച്ചും ലിഫ്‌റ്റിനെക്കുറിച്ചും ഒക്കെ ഗ്രാമീണനോട്ട് ഒരു കൊച്ചുകുട്ടിയോടെന്ന

വണ്ണം പറഞ്ഞുവെങ്കിലും താന്‍ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
അതിനാല്‍ തന്നെ ; ഗോപാലകൃഷ്ണന്‍ ഗ്രാമീണന്റെ പേരും മറ്റുകാര്യങ്ങളും ചോദിച്ചു.
ആ ഗ്രാമീണന്റെ ഉത്തരം കേട്ടപ്പോള്‍ .......
ഗോപാലകൃഷ്ണന് താന്‍ കൊച്ചായതുപോലെ തോന്നി.
ജാള്യതയുടേ ഒരു കൂമ്പാരം തന്നെ തന്റെ ശരീരത്തില്‍ വന്നുപതിച്ചതായി തോന്നി.
ഗ്രാമീണന്റെ പേര് എന്തായിരുന്നെന്നോ ?
“ടെന്‍സിംങ് “
അതായിരുന്നു ഗ്രാമീണന്റെ ഉത്തരം .
ഇത്രയും പറഞ്ഞ് മലയാളം മാഷ് അദ്ധ്യാപക പരിശീലനക്ലാസില്‍ ഒന്നു നിറുത്തി .
നിശ്ശബ്ദത .
അതെ ; പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ലാത്തതുപോലെ ..
മാഷ് പഴയകാര്യം ആലോചിച്ചു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാഷ് ഈ കഥ ക്ലാസില്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ച കാര്യം .
പക്ഷെ , ഇപ്പോള്‍ ഇവിടെ ...
ആരും ചിരിക്കുന്നില്ലല്ലോ .
ചിരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും മുഖത്ത് വരുത്തിക്കൂടെ
അതും ഇല്ലല്ലോ ..
ഗതികെട്ട് മലയാളം മാഷ് ചോദിച്ചു
“ ഇത് കേട്ട് എന്താ നിങ്ങള്‍ ചിരിക്കാത്തേ “
“ അതിന് മാഷ് പറഞ്ഞതില്‍ ചിരിക്കാന്‍ ഒന്നുമില്ലല്ലോ എന്ന് എവിടെനിന്നോ ഒരു കമന്റ് .
സംഗതി മലയാളം മാഷിന് മനസ്സിലായി.
തന്റെ ഹാസ്യത്തിന്റെ ക്ലൈമാക്സ് തൂറ്റിയത് എന്തുകൊണ്ടാണെന്നു മനസ്സിലായി .
അവര്‍ക്ക് ‘ടെന്‍സിങിനെ ‘ അറിയില്ല ; അത്രതന്നെ .
തന്റെ ഈ ഫലിതം മുഴുവന്‍ ഈ ഒറ്റവാക്കിലാണ് നിലനില്‍ക്കുന്നത് .
പ്രസ്തുത വാക്കാണ് അവര്‍ക്ക് മനസ്സിലാവാതെ പോയത് .
തുടര്‍ന്ന് മാഷ് ഏതൊരു ഹാസ്യപ്രഭാഷകനേയും വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കു നീങ്ങി.
അതായത് ഹാസ്യത്തിലെ ഹാസ്യം എന്താണെന്ന് വിശദമാക്കിക്കൊടുക്കുന്ന അവസ്ഥ.
ശേഷം , മലയാളം മാഷ് ,ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കുറിച്ചും അത്
കീഴടക്കിയ ഹിലാരി , ടെന്‍സിംഗ് എന്നിവരെക്കുറിച്ചും പറഞ്ഞു.
പ്രസ്തുത ‘ടെന്‍സിംങാ‘യിരുന്നു ഗോപാലകൃഷ്ണന്റെ കഥയിലെ ഗ്രാമീണന്‍ എന്നുകൂടി പറഞ്ഞപ്പോഴാണ് പലരുടേയും

മുഖത്ത് പുഞ്ചിരി വിടര്‍ന്നത് .
“ അല്ലെങ്കിലും അദ്ധ്യാപക പരിശീലനത്തില്‍ വരുന്നവരില്‍ ഭൂരിഭാഗവും ഫീമെയില്‍ ടീച്ചേഴ്‌സാ . അവര്‍ക്കുണ്ടോ

‘ഹാസ്യബോധം‘ “ പൊതുവെ സ്ത്രീ വിദ്വേഷികൂടിയായ സാമൂഹ്യം മാഷ് ദേഷ്യത്തോടെ പറഞ്ഞു.
ഇംഗ്ലീഷ് മാഷും അത് ശരിവെച്ചു.
മലയാളം മാഷ് ഇത്രയും പറഞ്ഞു നിറുത്തിയപ്പോള്‍ തനിക്കും ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്

ഫിസിക്സ് മാഷ് പറഞ്ഞു.


* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *

ഫിസിക്സ് മാഷ് ഇപ്രകാരം തുടര്‍ന്നു.
സ്റ്റാഫ് റൂമിലുള്ളവര്‍ ഫിസിക്സ് മാഷിന് ചെവികൊടുത്തു.

കഴിഞ്ഞ വര്‍ഷം ഫിസിക്സ് മാഷ് മള്‍ട്ടിമീഡിയ തിയേറ്ററില്‍ പത്താം ക്ലാസിലെ കുട്ടികളെ കൊണ്ടുപോയി ഒരു സിഡി

കാണിച്ചു കൊടുത്തിരുന്നു.
‘നമ്മുടെ പ്രപഞ്ചം‘ എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ടായിരുന്നു സി.ഡി പ്രദര്‍ശനം .
സ്കൂളിലെ മള്‍ട്ടിമീഡിയ തിയേറ്ററിലെ വലിയ സ്ക്രീനിലെ ‘സിനിമാ പ്രദര്‍ശനം ’ കുട്ടികള്‍ ഇഷ്ടപ്പെടുന്നതായിരുന്നു.
തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ആദ്യകാല റോക്കറ്റ് വിക്ഷേപണവും കുട്ടികള്‍ സ്ക്രീനില്‍ കണ്ടു.
അത് അവരെ വല്ലാതെ ചിരിപ്പിച്ചു.
കാരണം എന്തെന്നാല്‍ ; വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗമായിരുന്നു അത് .
ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഇത്രയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ്
എത്തിക്കുന്നതിനുവേണ്ടി സൈക്കിള്‍ ഉപയോഗിച്ചതിലെ യുക്തിയാണ് അവരെ ചിരിപ്പിച്ചത്.
പ്രസ്തുത സി.ഡി ആ മാസത്തെ അദ്ധ്യാപക പരിശീലനത്തിലും ഫിസിക്സ് മാഷ് കാണിച്ചു കൊടുത്തു.
വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗവും വന്നു.
പക്ഷെ ; ചിരിയുടെ ഒരു പൊടിപോലും അവിടെ ഉണ്ടായില്ല എന്ന ഖേദകരമായ വസ്തുത ഫിസിക്സ് മാഷ് പറഞ്ഞു നിറൂത്തി.



“ അതുതന്ന്യാ ഞാന്‍ പറഞ്ഞേ . ഈ ടീച്ചര്‍മാര്‍ക്ക് ചോദ്യം ചോദിയ്ക്കാ ഉത്തരം എഴുതിക്കൊടുക്കാ . കാണാപ്പാഠം

പഠിപ്പിക്കാ എന്നുള്ളതാല്ലാതെ മറ്റു ജനറല്‍ ആയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഒരു താല്പര്യവും

ഇല്ലാന്ന്’ സാമൂഹ്യം മാഷ് ചൂടായി പറഞ്ഞു.

ഇംഗ്ലീഷ് മാഷ് ഇപ്രാവശ്യം ശക്തിയോടെ സാമൂഹ്യം മാഷിന്റെ അഭിപ്രായത്തെ പിന്താങ്ങി.
തുടര്‍ന്ന് ഇംഗ്ലീഷ് മാഷ് പറഞ്ഞു
“ എന്റെ ക്ലസ്റ്ററിലെ ഒരു അനുഭവം കേള്‍ക്കണോ “
എല്ലാ‍വരും ഇംഗ്ലീഷ് മാഷിന്റെ അനുഭവത്തിനുവേണ്ടി കാതോര്‍ത്തു.

ഞങ്ങള്‍ക്കും ഉണ്ട് ‘ജസ്റ്റ് എ മിനിട്ടുപോലത്തെ‘ ഒരു പരിപാടി .
അതില്‍ എനിക്കായിരുന്നു അന്നത്തെ നറുക്ക് വീണത് .
ഞാന്‍ പരിപാടി അവതരിപ്പിച്ചു.
മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഒരു വാചകം ഉണ്ടാക്കാമോ എന്നായിരുന്നു എന്റെ

അദ്ധ്യാപകപരിശീലനത്തിലെ ചോദ്യം .
ഞാന്‍ അദ്ധ്യാപകരോട് ഈ ചോദ്യം ഉന്നയിച്ചു.
ഉത്തരം കണ്ടെത്താന്‍ അഞ്ചുമിനിട്ട് സമയവും അനുവദിച്ചു.
ആര്‍ക്കും ഉത്തരം കണ്ടെത്താനായില്ല .
ഒടുവില്‍ ഞാന്‍ ഉത്തരവും പറഞ്ഞുകൊടുക്കേണ്ടിവന്നു .
പക്ഷെ ; എന്റെ ഉത്തരം ഈ ടീച്ചര്‍മാര്‍ അംഗീകരിച്ചില്ല.
പിന്നെ അവരുടെ വക കളിയാക്കലും പരിഹാസച്ചുവയുള്ള ചിരിയും .
ഇംഗ്ലീഷ് മാഷ് തന്റെ ടീച്ചര്‍മാരോടുള്ള രോഷം പറഞ്ഞുനിറൂത്തി.
അപ്പോള്‍ ഫിസിക്സ് മാഷ് ചോദിച്ചു
“ മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഉള്ള sentence ഏതാ ?”
നിങ്ങള്‍ക്കും അറിയില്ലേ എന്ന മട്ടില്‍ ഇംഗ്ലീഷ് മാഷ് സ്റ്റൈലില്‍ പറഞ്ഞു
“ There is no sentence ending in because because because is a conjunction"
" അത് തകര്‍ത്തു” ഡ്രോയിംഗ് മാഷിന്റെ കമന്റായിരുന്നു അത് .
“ അടിപൊളിയായി അത് “ എന്തോ എഴുതിക്കൊണ്ടിരുന്ന കണക്ക് മാഷ് ഇംഗ്ലീഷ് മാഷിനെ പ്രോത്സാഹിപ്പിക്കാനെന്ന

മട്ടില്‍ പറഞ്ഞു.
“ മാഷ് എഴുതുകയും കേള്‍ക്കുകയും ചെയ്യുന്നു അല്ലേ “ കണക്കുമാഷിനെ കളിയാക്കി സാമൂഹ്യം മാഷ് പറഞ്ഞു.
“ അതെ , അദ്ദേഹം ഒരു ടൂ ഇന്‍ വണ്‍ ആണ് . മാത്തമറ്റിക്സിലെ അതുല്യ പ്രതിഭ” ഡ്രോയിംഗ് മാഷ് കണക്കുമാഷിനെ

കളിയാക്കി പറഞ്ഞു.
“എന്റെ പ്രശ്നം ഇപ്പോ ഇതൊന്നുമല്ല “ സാമൂഹ്യം മാഷ് പറഞ്ഞു.
തുടര്‍ന്ന് സാമൂഹ്യം മാഷിന്റെ പ്രശ്നം കേള്‍ക്കാനായി എല്ലാവരും കാതോര്‍ത്തു.

സാമൂഹ്യം മാഷ് തുടര്‍ന്നു
ഇത് എന്റെ ക്ലാസിലെ കൂട്ടികളുടെ പ്രശ്നമാണ് .
അവര്‍ക്ക് എന്തെങ്കിലും ഒരു തമാശ പറഞ്ഞാല്‍ ഭൂരിഭാഗം പേരും ചിരിക്കുന്നത് കുറച്ചു സമയം കഴിഞ്ഞാണ് .
ചില കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ തൊട്ടടുത്ത കുട്ടി തമാശയുടെ ഗുട്ടന്‍സ് വിശദീകരിച്ചു കൊടുക്കുകയും വേണം.
അതുകൊണ്ടുതന്നെ അവരോട് ഞാന്‍ ഒരു ദിവസം സര്‍ദാര്‍ജി കഥ പറഞ്ഞുകൊടുത്തു.
അപ്പോള്‍ ആ സര്‍ദാര്‍ജി കഥ കേള്‍ക്കട്ടെ എന്നായി കേള്‍വിക്കാ‍രായ മാഷമ്മാരൊക്കെ.
തുടര്‍ന്ന് സാമൂഹ്യം മാഷ് കുട്ടികള്‍ക്ക് പാറഞ്ഞുകൊടുത്ത കഥ പറഞ്ഞു തുടങ്ങി.
അതായത് സര്‍ദാര്‍ജി ഒരു തമാശ കേട്ടാല്‍ അഞ്ചുപ്രാവശ്യം ചിരിക്കും !!!!!
അതെങ്ങന്യാ എന്നായി മറ്റുള്ളോര്‍
സാമൂഹ്യം മാഷ് തുടര്‍ന്നു
ഒരിക്കല്‍ ഒരു സര്‍ദാജി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു.
ഉച്ചഭക്ഷണ സമയത്ത് ജോലിക്കാരൊക്കെ ഒരു ഹാളില്‍ ഒരുമിച്ച് കൂടിയിരുന്ന് ഭക്ഷണം കഴിക്കയാണ് പതിവ് .
അങ്ങനെയുള്ള സമയത്ത് പല വര്‍ത്തമാനവും അവിടെ നടക്കും .
അങ്ങനെ ഒരു ദിവസം ഒരു ജോലിക്കാരന്‍ ഒരു ‘തമാശ‘ പറഞ്ഞു.
അതുകേട്ട എല്ലാവരും ചിരിച്ചു.
തമാശയുടെ ഗുട്ടന്‍സ് മനസ്സിലായില്ലെങ്കിലും എല്ലാവരും ചിരിക്കുമ്പോള്‍ ചിരിക്കേണ്ടെ എന്നുവിചാരിച്ച് സര്‍ദാര്‍ജിയും

പൊട്ടിച്ചിരിച്ചു.
(ഇപ്പോള്‍ ഒന്നാമത്തെ പ്രാവശ്യം സര്‍ദാര്‍ജി ചിരിച്ചത് !)
സര്‍ദാര്‍ജി ചിരിച്ചുവെങ്കിലും സഹപ്രവര്‍ത്തകന്‍ പറഞ്ഞ തമാശ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ അവനില്‍

അനുനിമിഷം വളര്‍ന്നുകൊണ്ടിരുന്നു.
സഹപ്രവര്‍ത്തകരോട് ചോദിക്കാമെന്നു വെച്ചാലോ
പണ്ടൊരിക്കല്‍ ഇങ്ങനെയൊരു കാര്യം ചോദിച്ചതിന് അവര്‍ ഉണ്ടാക്കിയ അപമാനം ഇപ്പോഴും സര്‍ദാര്‍ജിക്ക്

ഓര്‍മ്മയുണ്ട് .
അതിനാല്‍ അവരോട് ചോദിക്കേണ്ട എന്നുവെച്ചു.
അന്നത്തെ ദിവസം ജോലികഴിഞ്ഞു.
സര്‍ദാര്‍ജി വീട്ടിലേക്കു പോയി .
ഗ്രാമത്തില്‍ ബസ്സിറങ്ങി.
സര്‍ദാര്‍ജി എന്നും സാധനങ്ങള്‍ ബസ്റ്റോപ്പിലെ ഒരു കടയില്‍ നിന്നാണ് വാങ്ങാറ്.
അങ്ങനെ സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ............
സര്‍ദാര്‍ജി ഈ തമാശ പ്രസ്തുത കടയുടമയോട് പറഞ്ഞു.
ഇതുകേട്ട കടയുടമ പൊട്ടിച്ചിരിച്ചു.
തമാശ അവതരിപ്പിച്ച സര്‍ദാര്‍ജിയും ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് രണ്ടാമത്തെ പ്രാവശ്യം !!)
അപ്പോള്‍ സര്‍ദാര്‍ജിക്ക് തമാശയുടെ ഗുട്ടന്‍സ് ഈ കടയുടമയോട് ചോദിച്ചാലോ എന്ന ഒരു ചിന്ത മനസ്സിലുദിച്ചു.
ഉടനെ അന്തഃരംഗം സര്‍ദാര്‍ജിയെ വിലക്കി .
ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച അനുഭവം സര്‍ദാര്‍ജിക്ക് ഓര്‍മ്മവന്നു.
തമാശയുടെ ഗുട്ടന്‍സ് കടയുടമയോട് ചോദച്ചാല്‍ താനൊരു വിഡ്ഡിയാണെന്ന കാര്യം അയാള്‍ നാട്ടില്‍ മുഴുവനും

പറഞ്ഞു പരത്തും
ഇപ്പോള്‍ ജോലിസ്ഥലത്തേ അങ്ങനെയുള്ള പേരുള്ളൂ.
അതിനാല്‍ സര്‍ദാര്‍ജി ഇതിനെക്കുറിച്ച് കടയുടമയോട് ഒന്നും ചോദിക്കാന്‍ പോയില്ല.
സര്‍ദാര്‍ജി വേഗം വീട്ടിലേക്കു നടന്നു.
സര്‍ദാര്‍ജിയുടെ മനസ്സില്‍ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച തമാശയുടെ ഗുട്ടന്‍സ് അറിയാനുള്ള ആഗ്രഹം മാനംമുട്ടേ

വളര്‍ന്നുകൊണ്ടിരുന്നു.
അങ്ങനെ സര്‍ദാജി വീട്ടിലെത്തി.
സര്‍ദാജി ഡ്രസ് മാറി സ്വീകരണ മുറിയിലിരുന്നു.
ഭാര്യ പതിവുപോലെ ചായയുമായി വന്നു.
ചായകുടിച്ചു കഴിഞ്ഞ് സര്‍ദാര്‍ജി ഭാര്യയോട് ഈ തമാശ പറഞ്ഞു.
തമാശ കേട്ട ഭാര്യ പൊട്ടി-പൊട്ടി ചിരിച്ചു.
അപ്പോഴും സര്‍ദാര്‍ജി ചിരിച്ചു
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് മൂന്നാമത്തെ പ്രാവശ്യം !!!)
ഭാര്യയുടെ ചിരി ഒന്നടങ്ങിയപ്പോള്‍ സര്‍ദാര്‍ജി ഒന്നു തീരുമാനിച്ചു.
എന്തായാലും ഈ തമാശയുടെ ഗുട്ടന്‍സ് ഭാര്യയോട് വിശദമായി ചോദിക്കതന്നെ .
താന്‍ തോറ്റുവെന്നുവെച്ചാലും സ്വന്തം ഭാര്യയുടെ മുന്നിലല്ലേ .
അതുകൊണ്ട് കുഴപ്പമില്ല.
സര്‍ദാജി ധൈര്യപൂര്‍വ്വം ഭാര്യയോട് തമാശയുടെ ഗുട്ടന്‍സ് പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു.
ഇതുകേട്ടപ്പോള്‍ ഭാര്യക്ക് ദയതോന്നി.
ഭാര്യ തമാശയുടെ ഗുട്ടന്‍സ് സര്‍ദാര്‍ജിക്ക് വിശദമാക്കിക്കൊടുത്തു.
ഹാ , ഹാ ഹാ
സര്‍ദാര്‍ജി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് അലറിച്ചിരിച്ചു ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് നാലാമത്തെ പ്രാവശ്യം !!!!)
ഇത്രയും രസകരമായ - ആറ്റംബോംമ്പുപോലുള്ള തമാശയും കൊണ്ടാണ് താന്‍ കഴിച്ചു കൂട്ടിയതെന്നോര്‍ത്തപ്പോള്‍

സര്‍ദാര്‍ജിക്കു ലജ്ജതോന്നി.
...........
രാത്രിയായി .
സര്‍ദാര്‍ജിയും ഭാര്യയും ഉറങ്ങാന്‍ കിടന്നു.
......................
എന്തോ ഒരു അലര്‍ച്ചകേട്ട് സര്‍ദാര്‍ജിയുടെ ഭാര്യ ഞെട്ടിയെണീറ്റു.
നോക്കിയപ്പോഴുണ്ട് സര്‍ദാര്‍ജി ഉറക്കത്തില്‍ പൊട്ടിച്ചിരിക്കുന്നു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് അഞ്ചാമത്തെ പ്രാവശ്യം !!!!)
ഭാര്യ സര്‍ദാര്‍ജിയെ കുലുക്കി വിളിച്ചുണര്‍ത്തി.
എന്താണ് ഈ ചിരി എന്നു ചോദിച്ചു.
സര്‍ദാര്‍ജി അല്പം നാണത്തോടെ പറഞ്ഞു.
“ ആ തമാശ ഞാന്‍ സ്വപ്നത്തില്‍ കണ്ടു “

ഈ കഥയാണ് ഞാന്‍ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് .
പക്ഷെ , ഇതു പറഞ്ഞപ്പോഴും ഇതിലെന്താണ് തമാശയുള്ളത് എന്ന മട്ടില്‍ കുട്ടികളിരുന്നു.
സാമൂഹ്യം മാഷ് വേദനയോടെ പറഞ്ഞു.
.................
പെട്ടെന്ന് സ്കൂള്‍ കൂടുവാനുള്ള ബെല്ലടിച്ചു.
“ എങ്ങനെയുണ്ട് മാത്തമറ്റിക്സ് മാഷേ , ഇന്നത്തെ ചര്‍ച്ച” ഡ്രോയിംഗ് മാഷ് കണക്കുമാഷോടു ചോദിച്ചു.
കണക്കുമാഷ് പറഞ്ഞു
“നിങ്ങളുടെ ചര്‍ച്ചക്കിടയില്‍ ഞാന്‍ രണ്ട് അദ്ധ്യായത്തിന്റെ ടീച്ചീംഗ് നോട്ട് എഴുതി”
ഇതുകേട്ട ഡ്രോയിംഗ് മാഷ് എല്ലാവരോടുമായി ചോദിച്ചു
“ഇപ്പോള്‍ ഇവിടെ ഇരിക്കുന്നതില്‍ ആരാ മിടുക്കനായ അദ്ധ്യാപകന്‍ “

“ അതിന് സംശയമുണ്ടോ ? ഗണിതമെന്നു പറയുന്നത് ലോകത്തിന്റെ സ്പന്ദനമാണ്” സ്ഫടികത്തിലെ തിലകനെ

അനുകരിച്ച് ഇംഗ്ലീഷ് മാഷ് പറഞ്ഞു.
അതിന്റെ പ്രതിഫലനമെന്നോണം സ്റ്റാഫ് റൂമാകെ കൂട്ടച്ചിരി മുഴങ്ങി.




ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.

Wednesday 6 October 2010

39. വണ്ണം വെച്ചാല്‍......(ഹാസ്യ കവിത )

*****************************

കുറിപ്പ്:
“വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ “
എന്ന സിനിമാ ഗാനത്തിന്റെ ട്യൂണില്‍ അമ്മമാര്‍ക്ക് ‘ ഈ കവിത ‘ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാവുന്നതാണ്.

****************************

പണ്ടൊരു പപ്പടച്ചേട്ടന്‍

തിളച്ച എണ്ണയില്‍ വീണേ

പൊക്കിയങ്ങെടുത്തപ്പോള്‍

ഏറിയ വണ്ണവും വെച്ചേ

വീട്ടിലെ ഉണ്ണി ക്കുട്ടന്‍

പൊണ്ണനെ പിടിച്ചല്ലോ

അനിയത്തി അനുമോള്

കെഞ്ചീട്ടും കിട്ടീലല്ലോ

**********************

മാവിന്റെ കൊമ്പിലെ കാക്ക

പൊണ്ണന്റെ വണ്ണവും കണ്ടേ

കാക്കേടേ വായിലായി

ഒട്ടേറേ വെള്ളവും വന്നേ

ഒറ്റൊരു റാഞ്ചല്‍കൊണ്ട്

കാക്കച്ചി തട്ടിയെടുത്തേ
കുട്ടന്റെ കയ്യില്‍നിന്ന്
പൊണ്ണന്‍സ് പോയപ്പോഴോ
അനിയത്തി അനുമോള്
ഉറക്കെ ച്ചിരിച്ചല്ലോ

38. പ്രകൃതീ നീയെത്ര ധന്യ ? (ആരോഗ്യം)

പ്രകൃതികൃഷിയുടെ ആചാര്യനായ ഫുക്കുവോക്ക പല പാഠങ്ങളും നമ്മെ പഠിപ്പിച്ചുവെങ്കിലും നാം അതൊക്കെ പിന്നേയും മറക്കുന്നു. പല സര്‍ക്കാരുകളും അദ്ദേഹത്തെ വിളിച്ചു , ആവശ്യങ്ങള്‍ നടത്തി . പക്ഷെ ,കാര്യത്തോടടുക്കുമ്പോള്‍ അതോക്കെ എല്ലാവരും മറക്കുന്നു.


ബ്രിട്ടണില്‍ പശുക്കള്‍ക്ക് മാഡ് കൌ ഡിസീസ് (Mad Cow Disease ) പിടിപെട്ട കാര്യം നമുക്ക് അറിവുള്ളതാണല്ലോ. അജമാംസം കലര്‍ത്തിയ കന്നുകാലിത്തീറ്റകള്‍ കൊടുത്തതുകൊണ്ടാണത്രെ ഈ മാരകമായ അസുഖം പശുക്കള്‍ക്ക് ഉണ്ടായത് .


എന്നീട്ടുപോലും നാം പ്രകൃതിയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിയ്ക്കുന്നില്ല.


താല്‍ക്കാലിക ലാഭങ്ങളല്ലേ നമുക്ക് ലക്ഷ്യമുള്ളൂ. ഈ താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി പ്രകൃതിയുടെ സംന്തുലിതാവസ്ഥ നാം അട്ടിമറിയ്ക്കുന്നു.


സസ്യഭുക്കുകളെ മാംസഭുക്കുകളാക്കുന്ന ബ്രിട്ടണ്‍ രീതി നാം ഇന്ത്യയിലും തുടരുന്നു.

പശുക്കള്‍ക്ക് കാത്സ്യം ഡെഫിഷ്യന്‍സി ഉണ്ടെന്നുപറഞ്ഞ് (Calcium Deficiency ) എല്ലുപൊടിയില്‍നിന്നെടുക്കുന്നവ ( Water Soluble Fractions of Bone )ചേര്‍ത്തുണ്ടാക്കിയ ഔഷധങ്ങള്‍ പലരും ചേര്‍ത്തുകൊടുക്കുന്നുണ്ട് . ഈ ഔഷധങ്ങള്‍ വന്‍ ചെലവുമുണ്ട് . ഇതിന്റെയൊക്കെ അനന്തരഫലങ്ങള്‍ എന്തൊക്കെ ആകുമോ ആവോ ?
.

സസ്യങ്ങളെയും സസ്യഭുക്കുകളെയും നാമിപ്പോള്‍ മതം‌മാറ്റം നടത്തി നോണ്‍-വെജിറ്റേറിയന്‍ ആക്കിക്കൊണ്ടിരിയ്ക്കുകയാണ്.

ചില ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ ,രോഗികള്‍ക്ക് , ആയുര്‍വ്വേദമരുന്നിനോടോപ്പം അലോപ്പതിമരുന്നുകളും നിര്‍ദ്ദേശിയ്ക്കുന്നു. അങ്ങനെ ചിലര്‍ വൈദ്യശാസ്ത്രരംഗത്തെ ശ്രീനാരയണീയരാകുന്നു.

“ ഔഷധമേതായാലും രോഗം മാറിയാല്‍ മതിയല്ലോ “
വൈദ്യശാസ്ത്ര രംഗത്തെ ‘ഉയര്‍ച്ചകള്‍’ മൂലം ഡോക്ടര്‍ക്ക് ഒരാളുടെ രോഗം നിര്‍ണ്ണയിക്കാന്‍ പണച്ചെലവുള്ള ഏറെ ടെസ്റ്റുകള്‍ നടത്തണമെത്രെ.

ഇതുതന്നെയാണ് മണ്ണിന്റെയും സ്ഥിതി. ഏതേതുവളം ചേര്‍ക്കണമെന്നു തിരുമാനിയ്ക്കാനും മണ്ണ് ടെസ്റ്റ് ചെയ്യണമെത്രെ.

മണ്ണിലെ മൂലകങ്ങള്‍ സന്തുലനാവസ്ഥയില്‍ ആണെങ്കില്‍ പുതുമഴയ്ക്കുശേഷം വിവിധതരത്തിലുള്ള സസ്യങ്ങള്‍ മുളയ്ക്കുമെന്ന പഴമയുടെ അറിവിനെ നാം പുഛിച്ചുതള്ളുന്നു.

അമിത രാസവളപ്രയോഗമൂലവും കുലവിരിയുമ്പോഴുള്ള യൂറിയ മിശ്രിതത്തിന്റെ കുത്തിവെയ്ക്കല്‍മൂലവും സ്വാഭാവികരുചി നഷ്ടപ്പെട്ട ഇരട്ടി വണ്ണത്തിലുള്ള നേന്ത്രപ്പഴം കാണുമ്പോള്‍ നമ്മുടെ കച്ചവടക്കണ്ണ് സന്തോഷിയ്ക്കുന്നു.

കാത്സ്യം കാര്‍ബൈഡുചേര്‍ത്തും ഗന്ധകം പുകച്ചും ഉണ്ടാക്കിയ ‘മാദക ‘ നിറമുള്ള മാങ്ങയെ കാണുമ്പോള്‍ നമുക്ക് വാങ്ങാതെ നിവൃത്തിയില്ലെന്ന് വരുന്നു.


ഈച്ച പോലും വന്നിരിയ്ക്കാന്‍ ഭയക്കുന്ന തരത്തിലുള്ള വിഷാംശംതളിച്ച മുന്തിരിക്കുലകളെക്കണ്ട് നാം വൃത്തിയുള്ള ‘മുന്തിരി’ എന്നുപറയുന്നു.

“ഇതില് നെറച്ചും എല്ലാണ് . ഇറച്ചിയോ കടിച്ചീട്ടും മുറിയുന്നില്ല.” - എന്ന പരാതി ഇറച്ചിക്കോഴിപ്രിയനായ ഓമനപ്പുത്രന്‍ നാടന്‍കോഴിയിറച്ചി ഭക്ഷിയ്ക്കുന്ന വേളയില്‍ പറയുമ്പോള്‍ നമുക്ക് നോസ്റ്റാള്‍ജിയ അനുഭവപ്പെടുന്നു.

പാലിന്റെ ഗുണമേന്മ, നഖത്തിന്മേല്‍ തുള്ളിയൊഴിച്ച് തിട്ടപ്പെടുത്തുന്ന പഴമയുടെ അറിവ് എന്നേ പ്രാകൃതമെന്ന് പറഞ്ഞ് നാം തള്ളിക്കളഞ്ഞു.

നിലനില്പിനായി, പഞ്ചസാര ചേര്‍ത്ത് അളവുജാറിലെ ലാക്ടോമീറ്ററിന്റെ ഉയര്‍ച്ച-താഴ്ച്‌കളെ നിയന്ത്രിയ്ക്കാന്‍ ക്ഷീരകര്‍ഷകന്‍ പഠിയ്ക്കുന്നു.പിടിയ്ക്കപ്പെട്ടപ്പോള്‍ ,തന്റെ പശുവിന് ഡയബറ്റിക്സാണെന്നുപറഞ്ഞ് തടിതപ്പുന്ന ക്ഷീരകര്‍ഷകന്‍ വെറ്റിനറി ഗവേഷകര്‍ക്ക് ഒരു പുതിയ ഗവേഷണപാത സൃഷ്ടിയ്ക്കുന്നു.

കോളസ്ട്രോളിന്റെ പിതാവെന്നുപറഞ്ഞ് തെങ്ങിനെ കുറ്റവാളിയാക്കുമ്പോള്‍ ‘കേരളമെന്ന പേരിലെ ചരിത്രോല്പത്തി ‘ വിതുമ്പിക്കരയുന്നു.

മുറ്റത്ത് അടുക്കളത്തോട്ടമുണ്ടാക്കാന്‍ മടികാണിയ്ക്കുന്ന അമ്മമാര്‍ ടി.വി. യിലെ അടുക്കളത്തോട്ടപരമ്പരകണ്ട് പുളകം കോള്ളുന്നു.

വായില്‍‌വെയ്ക്കാന്‍ കോള്ളാവുന്ന വല്ലതും ഉണ്ടാക്കാന്‍ കഴിയാത്ത് ‘ഫെമിനിസ്റ്റു വീട്ടമ്മമാര്‍’ ഉണ്ടെങ്കില്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്കുള്ള പാത ദേശീയപാതയാക്കാമെന്നുമാത്രമല്ല, ഹോട്ടലുകള്‍ക്കും ഫാസ്റ്റ് ഫുഡ് ശാലകള്‍ക്കും പെറ്റുപെരുകാന്‍ അവസരം കോടുക്കുന്നു.

ഹോട്ടലിലെ ഫുഡിന്റെ രുചിയെക്കുറിച്ച് മക്കള്‍ പറ്യുമ്പോള്‍ ചൈനീസ് ഉപ്പ് എന്ന അജനാമോട്ടോ ശബ്ദമുണ്ടാക്കാതെ ചിരിയ്ക്കുന്നു

ഇപ്പോള്‍ ഇത്രമാത്രം ഇത് ഇനിയും തുടരും.......!!

37. അവാര്‍ഡുകള്‍ തക്ക സമയത്തുകൊടുക്കണം !!!

ശ്രീ‍ . എംടി. വാസുദേവന്‍‌നായരുടെ ഒരു ചെറുകഥ വായിച്ച ഓര്‍മ്മയുണ്ട്( അതോ ആത്മകഥയോ ?). കഥ ഏതാണ്ടിങ്ങനെയാണ്. പിറന്നാള്‍ സദ്യ മോഹിച്ച കുട്ടി- ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന ആ വീട്ടില്‍ ഓമനപ്പുത്രന്റെ മോഹമായ ‘പിറന്നാള്‍ സദ്യ‘ ഒപ്പിയ്കാനായി അരി കടം വാങ്ങാന്‍ പോകുന്ന അമ്മ. അന്നേദിവസം പിറന്നാള്‍ സദ്യയ്ക്കുള്ള അരി കിട്ടുമ്പോഴേയ്ക്കും സമയം സന്ധ്യയായിക്കഴിഞ്ഞിരുന്നു.പിറന്നാള്‍ സദ്യ തയ്യാറായിക്കഴിഞ്ഞപ്പോഴേയ്ക്കും ആ കുട്ടിയുടെ വിശപ്പും മോഹങ്ങളും ചത്തുകഴിഞ്ഞിരുന്നു.


ഇതുപോലെത്തന്നെയാണ് തനിക്ക് ജീവിതത്തില്‍ ലഭിച്ച നേട്ടങ്ങളും അംഗീകാരവുമൊക്കെയെന്ന് എം.ടി. ഒരിയ്ക്കല്‍ പറയുകയുണ്ടായി.


ഇത് ശ്രീ .എം.ടി. യുടെ മാത്രം കാര്യമാണോ ?


നമ്മില്‍ പലര്‍ക്കും അനുഭവപ്പെട്ടീട്ടുള്ളതല്ലേ!


പിറന്നാള്‍ സദ്യമോഹിച്ച കുട്ടിയ്ക്ക് വിശപ്പും മോഹങ്ങളും ചത്തുകഴിഞ്ഞശേഷമെങ്കിലും ‘സദ്യ‘ ലഭിച്ചു.


പക്ഷെ, വിശപ്പും മോഹങ്ങളും ചത്തുകഴിഞ്ഞശേഷവും സദ്യ ലഭിയ്ക്കാത്തവരുമുണ്ടത്രെ!

സഹതാപമര്‍ഹിയ്ക്കുന്ന,വെളിപ്പെടാത്ത, നഗ്നസത്യങ്ങള്‍!!


ശ്രീ വൈലോപ്പള്ളിയുടെ ‘മാമ്പഴ’ത്തിലെ കുട്ടിയ്ക്ക് മാധുര്യമാര്‍ന്ന ആ മധുരക്കനി ലഭിച്ചുവോ ? കുട്ടിയുടേ അമ്മയ്ക്ക് തന്റെ മകന്‍ മാധുര്യമാര്‍ന്ന ആ മധുരക്കനി ഉറുഞ്ചിക്കുടിയ്ക്കുന്നത് കണ്ടാസ്വദിയ്ക്കാനുള്ള സൌഭാഗ്യം ലഭിച്ചുവോ ?


1971ല്‍ നോബല്‍ സമ്മാനം ലഭിച്ച പ്രശസ്ത കവി പാബ്ലോ നെരൂദയെ സംബന്ധിച്ച കാര്യവും ഇവിടെ പ്രസ്താവിയ്ക്കേണ്ടതുണ്ട്.

1963നു മുമ്പേതന്നെ നെരൂദയേയും നോബല്‍‌സമ്മാനത്തേയും തമ്മില്‍ ബന്ധപ്പെടുത്തിയ ശ്രുതികള്‍ കുറേയുണ്ടായിരുന്നു.

എന്നാല്‍ 1963 ല്‍ ആ ശ്രുതികള്‍ വളരേ ശക്തമായി.ഔദ്യോഗിക മാദ്ധ്യമങ്ങളും നെരൂദയ്ക്ക് നോബല്‍ സമ്മാനം കിട്ടുമെന്ന് വളരേ ശക്തിയായി പ്രചരിപ്പിച്ചു.

എഴുത്തുകളും ടെലിഫോണ്‍ കാളുകളും നെരൂദയെത്തേടിയെത്തി.
സുഹൃത്തുക്കളും നാട്ടുകാരും ആകാംക്ഷയോടെ കാത്തിരുന്നു.

പാബ്ലോ നെരൂദയുടെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കേറി.

നെരൂദയേയും ഭാര്യ മെറ്റില്‍‌ഡയേയും സന്ദര്‍ശകരും , പത്രക്കാരും ഏറെ വിഷമിപ്പിച്ചു.

അങ്ങനെ ,1963ലെ നോബല്‍ സമ്മാനം പ്രഖ്യാപിയ്ക്കുന്ന സുദിനവുമെത്തി!


ഗ്രീക്ക് കവി സെഫിറിസിന് (Sefiris ) അക്കൊല്ലത്തെ നോബല്‍ സമ്മാനം ലഭിച്ചു.!
പിറ്റേന്നുമുതല്‍ നെരൂദയുടെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കൊഴിയുകയും ചെയ്തു!!!


നോക്കണേ ,ഉച്ചസമയത്ത് പിറന്നാള്‍ സദ്യയ്ക്ക് കൈകഴുകി ഉണ്ണാനിരുന്ന കുട്ടിയ്ക്ക് ‘ചോറുകഴിഞ്ഞുപോയി ‘ എന്ന കാരണം മുഖേന ഊണുമുടങ്ങിയ കഥ!!!


പിന്നീട് എട്ടുവര്‍ഷത്തിനുശേഷം 1971ല്‍ പാബ്ലോ നെരൂദയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു.


ശ്രീ .ടി .എന്‍. ശേഷനു ലഭിച്ച മാഗ്‌സസെ അവാര്‍ഡും കുറച്ചുനേരത്തെ ആകാമായിരുന്നു എന്ന് ചിലര്‍ക്കെങ്കിലും അഭിപ്രായമുണ്ടായിരുന്നു.


പല വമ്പന്‍ പണികള്‍ ഏറെ മുമ്പേ നടത്തി കയ്യടി വാങ്ങിയ പുള്ളിയാണല്ലോ ശേഷനും!


ഇതുപോലെ നോബല്‍ സമ്മാനവുമായി ബന്ധപ്പെടുത്തി ശ്രീമതി മാധവിക്കുട്ടിയുടെ പേരും കുറേ മുമ്പ് വാര്‍ത്തകളായി വന്നിരുന്നല്ലോ!
പക്ഷെ,പിന്നിടെന്നോ അത് അലിഞ്ഞലിഞ്ഞ് ഇല്ലാതായി.

നോബല്‍ സമ്മാനവുമായി ശ്രീമതി മാധവിക്കുട്ടിയെ ബന്ധപ്പെടുത്തിയ വാര്‍ത്ത കൃത്രിമമായി മാധവിക്കുട്ടിതന്നെ സൃഷ്ടിച്ചതാണെന്ന ഖുശ്‌വന്ത് സിംഗിന്റെ ചെളിവാരിയെറിയലുമുണ്ടായി.


‘അയാള്‍ക്ക് താന്‍ വഴങ്ങാത്തതുകൊണ്ടാണ് ‘ ഖുശ്‌വന്ത് സിംഗ് ഇങ്ങനെ പറയുന്നതെന്ന് മാധവിക്കുട്ടി ഇതിനെതിരെ പ്രതികരിയ്ക്കുകയും ചെയ്തു.


1995ലെ ജ്ഞാനപീഠം അവാര്‍ഡ് ശ്രീ.എം.ടി. വാസുദേവന്‍ നായര്‍ക്കുലഭിച്ചു. അതും എന്നേ ലഭിയ്ക്കേണ്ടതായിരുന്നു.

വി.എസ്.ഖണ്ഡേശ്വര്‍ ‘യയാതി’ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ചു.

ശ്രീ .എം.ടി. വാസുദേവന്‍ നായര്‍ ‘രണ്ടാമൂഴം ‘ എന്നകൃതി പ്രസിദ്ധപ്പെടുത്തിയീട്ട് വര്‍ഷങ്ങള്‍ എത്രകഴിഞ്ഞാണ് അദ്ദേഹത്തിന് ജ്ഞാനപീഠം അവാര്‍ഡ് പഭിച്ചത് .


ഇനി,നോബല്‍ സമ്മാനം കരഗതമാക്കാന്‍ ശ്രീ എം.ടി യ്ക്ക് എത്ര വര്‍ഷം ‘ തന്റെ ഊഴം ‘കാത്തുകിടക്കണമോ ആവോ ?


പക്ഷെ, വ്യാസനും വാത്മീകിയുമൊക്കെ’ഔദ്യോഗിക അവാര്‍ഡുകള്‍ ലഭിച്ചീട്ടല്ലല്ലോ നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നതെന്നോര്‍ത്ത് നമുക്ക് സംതൃപ്തിയടയാം.

36. ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുന്നതെങ്ങനെ ? (ആത്മീയം)

ശാസ്ത്ര പുരോഗതി അനിയന്ത്രിതമായി വളരുന്ന കാഴ്ചയാണ് നാമിന്നുകാണുന്നത് .ഈ വളര്‍ച്ച മനുഷ്യരുടെ സുഖത്തെ ലക്ഷ്യമാക്കിയാണുതാനും.! അനിയന്ത്രിതമായ സുഖങ്ങള്‍ക്കുപുറകെ മനുഷ്യന്‍ നിയന്ത്രണംവിട്ട് ഓടുന്നു.എന്നീട്ടും തൃപ്തി വരുന്നില്ല. വീണ്ടും വീണ്ടും കിട്ടണം! അനിയന്ത്രിതമായ ആര്‍ത്തിയുടെ വേലിയേറ്റം , മത്സരങ്ങളാല്‍ ബന്ധിയ്ക്കപ്പെട്ട മനുഷ്യബന്ധങ്ങള്‍ .......ഇവയൊക്കെ സമകാലീനലോകത്തില്‍ നാമിന്നു കാണുന്ന കാഴ്ചകളാണ്. ഇത്തരമൊരവസ്ഥയില്‍പ്പെടുന്ന മനുഷ്യജീവിയ്ക്ക് എങ്ങനെ സ്വസ്ഥത ലഭിയ്ക്കും ? എന്നിരുന്നാലും സ്വസ്ഥത ലഭിയ്ക്കുന്ന മനുഷ്യരില്ലേ . ‘ഉണ്ട് ‘ എന്ന് ഉറപ്പിച്ചുപറയാം. ഇതെങ്ങനെ അവര്‍ക്കുമാത്രം സാധ്യമാകുന്നു?


ഭഗവാന്‍ ശ്രീ ബുദ്ധന്‍ പറഞ്ഞു,” ‘ആശ‘യാണ് എല്ലാ ദുഃഖത്തിനും ഹേതു. അതുകൊണ്ട് ആശയെ ഉപേക്ഷിച്ചാല്‍ ദുഃഖത്തില്‍നിന്ന് മോചനം ലഭിയ്ക്കും “


പക്ഷെ, ഒരു വ്യക്തിയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ഒരു തീരുമാനമെടുത്ത് നടപ്പില്‍ വരുത്തുവാന്‍ കഴിയുമോ ?
ഇല്ല, തന്നെ . ആശയെ അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിയ്ക്കുവാനുള്ള മാനസീകാവസ്ഥ പടിപടിയായേ മനുഷ്യന് സാധ്യമാകൂ. (പ്രത്യേകിച്ച് ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ ലക്ഷ്യം തന്നെ മനുഷ്യനില്‍ ആഗ്രഹങ്ങളെ വളര്‍ത്തി വലുതാക്കുക എന്നതാണല്ലോ) ഇത് സാധ്യമാകുന്നതിനുള്ള ആദ്യപടിയാണ് ഇന്ദ്രിയ നിയന്ത്രണം.


ഒരു വ്യക്തി ഇന്ദ്രിയനിയന്ത്രണാഭ്യാസം തുടങ്ങുമ്പോള്‍ കഠിനമായ പ്രയാസം അനുഭവപ്പെടും . അതിനാല്‍ത്തന്നെ ഇന്ദ്രിയനിയന്ത്രണം എന്ന പദത്തിനു പകരം നമുക്ക് ഉപയോഗിയ്ക്കാവുന്നത് ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുക എന്നതാണ് .


എന്തില്‍നിന്നാണ് നാം ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കേണ്ടത് ?

തെറ്റായ ഇന്ദ്രിയ ശീലങ്ങളില്‍നിന്നുതന്നെ. പല തെറ്റായ ഇന്ദ്രിയ ശീലങ്ങളും ഉടലെടുക്കുന്നത് തെറ്റായ സാഹചര്യങ്ങളില്‍നിന്നാണ്. തെറ്റായ സാഹചര്യങ്ങളില്‍ മുഖ്യമായത് തെറ്റായ വ്യക്തി ബന്ധങ്ങളാണ്.!!!


ആഹാരകാര്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വെജിറ്റേറിയനായതുകൊണ്ടോ ,വ്രതങ്ങളെടുത്തതുകൊണ്ടോ , പ്രാര്‍ത്ഥന ചൊല്ലിയതുകൊണ്ടോ ഇന്ദ്രിയങ്ങളെ പരിപൂര്‍ണ്ണമായി സ്വതന്ത്രമാക്കുവാന്‍ പറ്റുകയില്ല. ശ്രവണേന്ദ്രിയം ,ദര്‍ശനേന്ദ്രിയം ഇവകളെക്കൂടി നാം സ്വതന്ത്രമാക്കേണ്ടതുണ്ട്. ആവശ്യത്തിനുള്ളത് മാത്രം നാം കാണുകയും കേള്‍ക്കുകയും ചെയ്യുക. അത് ശുദ്ധമായത് ആവുക. ഇത്രയും ആയാല്‍ മനസ്സ് ശുദ്ധമാകുന്നു. അപ്പോള്‍ മനസ്സില്‍നിന്നുയരുന്ന ചിന്തകള്‍ നൈര്‍മ്മല്യമുള്ളതായിരിയ്ക്കും. അങ്ങനെയുള്ള വ്യക്തിയുടെ സംഭാഷണവും പെരുമാറ്റവും പ്രവര്‍ത്തനവും ഏവര്‍ക്കും ഹൃദ്യമായിരിയ്ക്കും. അതുവഴി ലഭിയ്ക്കുന്ന കര്‍മ്മഫലവും മഹത്തരമായിരിയ്ക്കും. ഇത്തരമൊരുരീതിയാണ് വ്യക്തിയെ ഉന്നതിയിലേയ്ക്കു നയിക്കുക. അതുവഴി നിത്യസന്തോഷം വ്യക്തിയ്ക്ക് കരഗതമാവുകയും ചെയ്യുന്ന

35. ലോക- സുന്ദരീ മത്സരത്തിനുപോകുന്ന ‘ഗോമതിയ്ക്ക് ‘ വിപ്ലവചിന്ത ഉണ്ടായതുകൊണ്ടുള്ള പ്രശ്നങ്ങള്‍

നാല്കവലയില്‍ വിപ്ലവപാര്‍ട്ടിയുടെ വാഹനപ്രചരണ ജാഥ വന്നുനിന്നു.
നേതാവ് മൈക്രോഫോണെടുത്ത് വാഹനത്തിന്റെ മുകളില്‍ കയറിനിന്ന് പ്രസംഗം തുടങ്ങി.


നമ്പൂരിയുടെ മനയും തൊട്ടപ്പുറത്തെ ദേവസ്യായുടെ വീടും ഈ പ്രസംഗം കേള്‍ക്കാവുന്ന അകലത്തിലായിരുന്നു.

നമ്പൂരി പൂമുഖത്തെ ചാരുകസേരയിലിരുന്ന് പ്രസംഗം കേട്ടു.


അപ്പുറത്തെ ദേവസ്യായുടെ വീട്ടിലും ഒരു ശ്രോതാവുണ്ടായിരുന്നു.


ശ്രീമന്‍ കേരനുമായുള്ള താലിക്കുടൂക്കില്‍ നില്‍ക്കുന്ന ശ്രീമതി ഗോമതി ആയിരുന്നു അത്.


“...............ചൂഷണത്തിനെതിരെ പ്രതികരിയ്ക്കുവാനും അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുമുള്ള ആ ആഹ്വാനം ശ്രീമതി ഗോമതി അതിന്റെ ഗൌരവത്തോടെ ഉള്‍ക്കൊണ്ടു. വിപ്ലവബോധത്താല്‍ ‘പ്രകമ്പിതയായി ‘ശ്രീമതി ഗോമതി ശ്രീമന്‍ കേരനുമായി ‘ഡൈവോഴ്‌സ്‌ഡ് ‘ ആയി .


സ്വതന്ത്രയായപ്പോള്‍ ഏത് പാത സ്വീകരിയ്ക്കണമെന്നറിയാതെ ഗോമതി ഒന്നുപകച്ചുനിന്നു.


അപ്പോള്‍ ,അപ്പുറത്തെ നമ്പൂരിയുടെ വളപ്പുകണ്ടു.


വളപ്പിനകം ഹരിതവിപ്ലവത്താല്‍ കത്തിനില്‍ക്കുന്നു.


വിപ്ലവത്തിന് ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളൊന്നുമില്ലല്ലോ.

“മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം ആണല്ലോ പ്രധാനം”

“പൂച്ച കറുത്തതായലും വെളുത്തതായാലും എലിയെപ്പിടിച്ചാല്‍ മതിയല്ലോ” (ഡങിനു സ്തുതി)

അതിനാല്‍ ഗോമതി വേലിപ്പഴുതിലൂടെ ഒറ്റക്കുതിപ്പിന് നമ്പൂരിയുടെ വളപ്പിലെത്തി.

(സസ്യ-ശ്യാമ-കോമളമായ ആ പ്രദേശം ഇത്രയും കാലം തന്നില്‍നിന്നകറ്റിയവരെ ഗോമതി ശപിച്ചു.)

പിന്നിട് അധികം ചിന്തിയ്ക്കാ‍ന്‍ മിനക്കെട്ടില്ല.

ഭക്ഷണസ്വാതന്ത്ര്യം ,ഗോമതി നല്ലവണ്ണം അനുഭവിച്ചുതുടങ്ങി.

ഇളം പുല്ലിന്റെ മദോന്മത്തമായ ഗന്ധം ഗോമതി നല്ലവണ്ണം ആസ്വദിച്ചു.

ഇങ്ങനെയൊരു സ്വാതന്ത്ര്യം ഒരുക്കിത്തന്ന വിപ്ലവപാര്‍ട്ടിനേതാവിന് ഒരു ജയ് വിളിച്ചുകളയാമെന്ന് ഗോമതി തീരുമാനിച്ചു.


എന്തോ ശബ്മം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ നമ്പൂരി കണ്ട കാഴ്ച ‘ഹീമോഗ്ലോബിനെ‘ ‘ഹീറ്റ്‘ ചെയ്യുന്നതായിരുന്നു.

അപ്പുറത്തെ വീട്ടിലെ പശുവുണ്ട് തൊടിയിലെ തെങ്ങിന്‍‌തൈ തിന്നുന്നു!

അതും പ്രത്യേക പരിലാളനകൊടുത്തു വളര്‍ത്തുന്ന ‘ഗൌളി’തൈ!!!

നിമിഷാര്‍ദ്ധം കൊണ്ട് വടിയുമായി നമ്പൂരി പശുനിന്നരികിലെത്തി.

നമ്പൂരി രോഷാകുലനായി......

....പശുവിന്റെ കയര്‍ പിടിയ്ക്കാന്‍ തുനിഞ്ഞു.


ഗോമതി തീറ്റനിറുത്തി പറഞ്ഞു , “ വെറുതെ തൊട്ടുകളിയ്ക്കേണ്ട സംഗതി സ്ത്രീ പീഡനാവും, ജാമ്യമില്ലാത്ത വകുപ്പാ”
നമ്പൂരി പിന്‍‌വലിഞ്ഞു.
പക്ഷെ, അങ്ങനെയങ്ങ വിട്ടുകൊടുത്താലും ശരിയാവില്ല എന്നു കരുതി വടികൊണ്ട് രണ്ടുകൊടുത്താലോ എന്നു വിചാരിച്ച് വടിയോങ്ങി.

അന്നേരം മിസ് ഗോമതി പറഞ്ഞു.


“ അരുത് , തിരുമേനി. ഈ മേനി നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ‘ ലോക സൌന്ദര്യ മത്സരത്തില്‍ എത്തേണ്ടതാണ്. അതുകൊണ്ട് എന്‍മേനിയാകെ ‘മര്‍മ്മ‘ മാണ്.”


“പക്ഷെ, ശകാരം ആകാലോ ?”-നമ്പൂരി മറ്റൊരു പോംവഴി സ്വയം വെളിപ്പെടൂത്തി.

“പക്ഷെ, ശകാരത്തില്‍ അശ്ലീലോം ശൃംഗാരോം പാടില്ല”-ഗോമതി ഗ്രന്ഥത്തിലെ നിയമം സൂചിപ്പിച്ചു.


ഗതികെട്ട നമ്പൂരി കാല്‍ക്കിഴിലെ ഒരു പിടി മണ്ണെടുത്ത് കണ്ണടച്ചു ധ്യാനിച്ചു.


അവസാനം ,നമ്പൂരി ആ മന്ത്രവീര്യമുള്ള മണ്‍‌തരികള്‍ ഗോമതിയുടെ മേല്‍ വര്‍ഷിച്ചു


അത്ഭുതം!!!


നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഗോമതി ഒരു ശിലയായിത്തീര്‍ന്നു.!

വൈകീട്ട് , ആ വഴിവന്ന അലക്കുകാരി നാണി ‘നല്ലോരു അലക്കുകല്ല് എന്നുപറഞ്ഞ് അതെടൂത്ത് തന്റെ വീട്ടില്‍ എത്തിച്ചു.

പിറ്റേന്നുതൊട്ട് അലക്കുംതുടങ്ങി

ഇനി, ഏതവന്റെ ഉടയാടകള്‍ തട്ടിയാണോ ആ കല്ലിന് ശാപമുണ്ടാകുക?

പക്ഷെ, ‘നാണിയുഗം‘ അപ്രത്യക്ഷമായി ‘വാഷിംഗ് മെഷീന്‍യുഗം’ വന്നാല്‍പ്പിന്നെ കല്ലിനെങ്ങനെ ശാപമോക്ഷം ലഭിയ്ക്കും.

34. സീതിഹാജി; ഫലിതവും യാഥാര്‍ത്ഥ്യവും (ആക്ഷേപഹാസ്യം)

മേയ് മാസത്തില്‍ നല്ല മഴ കിട്ടിയപ്പോള്‍ നമ്മളിലാരെങ്കിലും സീതിഹാജിയെ ഓര്‍ത്തുവോ ?

ഓര്‍ത്തില്ലെങ്കില്‍ ഓര്‍ക്കേണ്ടതുതന്നെയാണ് .

എന്തുകൊണ്ടാണെന്നറിയാമോ ?

മരം വെട്ടല്‍ എന്ന ‘പരിസ്ഥിതി‘ നശീകരണപ്രവര്‍ത്തനത്തിലൂടെ കേരളം മരുഭൂമിയാകും എന്ന് ഗര്‍ജ്ജിച്ചുവന്നവരോട് ‘കടലില്‍ മഴപെയ്യുന്നത് ‘ മരമുണ്ടായീട്ടാണോ ‘ എന്ന നര്‍മ്മം നിറഞ്ഞ ലഘുവായ ചോദ്യംകൊണ്ട് ഇരുത്തിക്കളഞ്ഞ വ്യക്തിയാണ് സീതിഹാജി.

അന്ന് ഒട്ടേറെ പേര്‍ ആ ചോദ്യത്തേയും ചോദ്യകര്‍ത്താവിനേയും പരിഹസിച്ചു.
പ്രസ്തുത ചോദ്യത്തെ ഒരു അഖില ലോക ഫലിതമായി കൊണ്ടാടി.
എങ്കിലും ഒട്ടും നിസ്സാരമല്ലാത്ത ഒരു ശാസ്ത്ര സത്യമാണ് അതിലടങ്ങിയിരിയ്ക്കുന്നത് എന്നംഗീകരിയ്ക്കാന്‍ ആരും തയ്യാറായില്ല.


പരിസ്ഥിതി നാശം മുഖേന കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ, ഈ കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന പരിസ്ഥിതി നാശഘടകങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ ‘മരംവെട്ടലില്‍’ഉള്ളൂവെന്നതാണ് സത്യം!

എന്നുവെച്ച് മരംവെട്ടലിനെ ന്യായീകരിയ്ക്കുകയല്ല ചെയ്യുന്നത്.
മരംവെട്ടലിന് കാലാവസ്ഥാ വ്യതിയാനത്തില്‍--പ്രത്യേകിച്ച് മഴയുടെ കാര്യത്തില്‍ - ഒരു ചെറിയ പങ്കുമാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഇതിനേക്കാളും ഒട്ടേറെ പങ്കുള്ള ഘടകങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനമായത് , പെട്രോളിയം ഇന്ധനങ്ങളുടെ ജ്വലനം മൂലം അന്തരീക്ഷതാപനിലയില്‍ വര്‍ദ്ധനവ് വരുന്നതാണ്.

33. ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ? (ആരോഗ്യം)

കണ്ണൂള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ചിന്തിയ്ക്കേണ്ട സമയമാണിപ്പോള്‍ !

ദര്‍ശനേന്ദ്രിയത്തിന്റെ അഭാവത്തിലുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ച് നമുക്ക് സങ്കല്പിയ്ക്കുവാന്‍പോലും വയ്യ !
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നാം കണ്ണിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിയ്ക്കുന്നുണ്ടോ ?
 ഉത്തരമായി “ഉണ്ട് “ എന്ന മറുലടി ചില അംഗനമാരില്‍നിന്നുവന്നേക്കാം. കണ്ണൂകളെ ആകര്‍ഷകമാക്കാന്‍ ഇന്ന് കമ്പോളത്തില്‍

നിലവിലുള്ള എത്രയിനം ചായങ്ങളും കുഴമ്പുകളുമാണ് അവര്‍ ഉപയോഗ്ഗിയ്ക്കുന്നത് ! എന്നാല്‍ അത്തരത്തിലൊരു

സംരക്ഷണമല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത് .( ഈ കുഴമ്പുകളും ചായങ്ങളും കണ്ണുകള്‍ക്ക് കുഴപ്പം മാത്രമേ

വരുത്തിവെയ്ക്കുകയുള്ളൂ )


ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പൊടിയും മറ്റു വാതകങ്ങളും കലര്‍ന്ന വായു

നേരിട്ട് നമ്മുടെ കണ്ണൂകളില്‍ ആ‍ഞ്ഞുപതിയ്ക്കുന്നു.അങ്ങനെ അവ കണ്ണില്‍ പറ്റിപ്പിടിയ്ക്കുന്നു. ഇതിന്റെ അളവ് ഒരു

പരിധിവിട്ടാല്‍ അത് കണ്ണുകളില്‍ കാര്യമായ തകരാറ് സംഭവിപ്പിയ്ക്കാന്‍ ഇടയാക്കും. ബസ്സ് യാത്ര ചെയ്യുമ്പോള്‍

സൈഡിലിരിയ്ക്കുന്ന യാത്രക്കാരുടെ കണ്ണൂകളില്‍ ഇത്തരം പൊടിപടലങ്ങള്‍ ധാരാളം വന്നുപതിയ്ക്കാറുണ്ട്.


നേത്രഗോളങ്ങള്‍ സ്വാഭാവികമായി ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ പൊടിപടലങ്ങള്‍ തട്ടിയാല്‍ അവയില്‍

ഒട്ടിപ്പിടിച്ചിരിയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്.പൊടിപടലത്തിന്റെ വലുപ്പം ഒരു പരിധിവിട്ട് കൂടിയാല്‍ മാത്രമാണ്

കണ്ണുനീര്‍ ഗ്രന്ഥിയില്‍നിന്ന് കണ്ണൂനീര്‍ പ്രവഹിച്ച് ആ സ്രവത്തിലൂടെ അന്യപദാര്‍ത്ഥത്തെ പുറത്തേയ്ക്കുകളയുകയും

ചെയ്യുക. പക്ഷെ, സൂക്ഷ്മമായ (Micro ) പൊടിപടലങ്ങളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള സാദ്ധ്യത വിരളമാണ്.

അതിനാല്‍ ഇവ നേത്രഗോളത്തിന്റെ ചലനത്തിനനുസരിച്ച് തെന്നിമാറുകയും കണ്‍പോളകള്‍ക്കിടയില്‍

വന്നടയുകയും ചെയ്യുന്നു. പിറ്റേ ദിവസത്തിനകം ഉണ്ടാകുന്ന കണ്‍‌പീളയിലൂടെ ഇവ കുറേയോക്കെ

പുറത്തുപോകുകയും ചെയ്യുന്നു. പക്ഷെ , ഇത്തരം പ്രവര്‍ത്തനം സ്ഥിരമായി തുടര്‍ന്നുകൊണ്ടിരുന്നാല്‍ അത് കണ്ണില്‍

അണുബാധയ്ക്ക് കാരണമാകുന്നു. കണ്ണുകളില്‍ പതിയ്ക്കുന്ന പൊടികളില്‍ ചിലത് കരിയുടെ (Carbon )

അംശവുമുണ്ടാകാം. ഇത് മറ്റ് പല പാര്‍ശ്വ ഫലങ്ങള്‍ക്കും കാരണമാകാറുണ്ട് .


ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി യാത്ര ചെയ്യുമ്പോള്‍ ‘കണ്ണട‘ ധരിയ്ക്കുന്നത്

നന്നയിരിയ്ക്കും.ഇക്കാര്യത്തിനുവേണ്ടി കണ്ണട ധരിയ്ക്കുമ്പോള്‍ ഷെയ്‌ഡ് ഉള്ളവ ( കൂളിംഗ് ഗ്ലാസ് എന്ന പേരില്‍

അറിയപ്പെടുന്നവ ) ധരിയ്ക്കാതിരിയ്ക്കുകയാണ് ഉചിതം . എന്തെന്നാല്‍ അവ കൃഷണമണിയുടെ സങ്കോച വികാ‍സ

പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു.അതിനാല്‍ പവര്‍ ഇല്ലാത്ത-- പ്ലെയിന്‍ ഗ്ലാസ് - കണ്ണടകള്‍ യാത്ര ചെയ്യുമ്പോള്‍

ഉപയോഗിയ്ക്കുന്നത് നന്നയിരിയ്ക്കും. ഇത് കണ്ണൂകളെ പൊടിപടലങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിയ്ക്കുന്നു.

യാത്രയ്ക്കു ശേഷം കണ്ണൂം മുഖവും തണുത്ത ജലത്തില്‍ കഴുകുന്നത് ഏറെ ഗുണത്തെ പ്രധാനം ചെയ്യുന്നു.

32. അമ്മ-2000 (മിനിക്കഥ)

കുഞ്ഞ് അമ്മയുടെ മടിയിലായിരുന്നു ഇരുന്നിരുന്നത് .
അമ്മ ,കുഞ്ഞിന് ചോറുകൊടുക്കുകയായിരുന്നു; എങ്കിലും ‘ദൃഷ്ടി’ മുന്നിലെ ടി.വി. പരിപാടിയിലായിരുന്നു.
പക്ഷെ , കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു.
അമ്മ ‘കരച്ചില്‍ ‘ കാര്യമാക്കാതെ ചോറു കൊടുക്കാന്‍ ശ്രമിച്ചു.
കുഞ്ഞാണെങ്കിലോ തുപ്പുവാനും തുമ്മുവാനും ചുമക്കുവാനുമൊക്കെ തുടങ്ങി.; മാത്രമല്ല പാത്രത്തിലെ ചോറെടുത്ത് പുറത്തേക്കെറിയുവാനും ആരംഭിച്ചു.
അതിനാല്‍ അമ്മ കുഞ്ഞിനെ ശകാരിച്ചു.
-- അച്ഛന്‍ ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണംകൊണ്ട് വാങ്ങിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് അമ്മ ഉറക്കെ പരാതി പറഞ്ഞു.
പക്ഷെ , കുഞ്ഞ് ഈ ഉപദേശമൊന്നും വകവെക്കാതെ തുപ്പുകയും തുമ്മുകയും ചുമക്കുകയും ചെയ്തു.
കാരണം ; അമ്മ ഭക്ഷണം കുഞ്ഞിനെ വായിലേക്കു കൊടുക്കുന്നതിനു പകരം മൂക്കിലേക്കായിരുന്നു കൊടുത്തുകൊണ്ടിരുന്നത്
പക്ഷെ ,സ്വന്തം ചെയ്തിയെ ക്കുറിച്ച് മനസ്സിലാക്കാത്ത ആ അമ്മ അവസാനം കുഞ്ഞിന് രണ്ട് അടി വെച്ചുകൊടുത്തു.

31. നീലക്കാറ്റ് (കവിത)

മലയാള മണ്ണിലന്റെ മരതകത്തോട്ടത്തില്‍

മാനത്തെ പൈങ്കിളി വന്നൂ

തത്തിക്കളിക്കുമൊരു പൂമ്പാറ്റ പോലന്റെ

ആശ തന്‍ നാ‍ദമുയര്‍ന്നൂ

പൂമണവും കൊണ്ടുവന്ന പൂങ്കാറ്റേ

നിനക്കെന്തേ പൂവിന്റെ നിറമില്ലാഞ്ഞൂ

നീലക്കടലിലെ നീലത്തിമിഗലത്തേ

ഇക്കിളി കൂട്ടും കാറ്റേ

ആനമലയിലെ നീലക്കുറിഞ്ഞി പ്പുവ്

നിന്നോട് എന്തു ചോല്ലീ

ആന മലയിലിനി പന്ത്രണ്ടാമാണ്ടിലല്ലോ

നീലിച്ച പൂവു വിടരൂ

അപ്പോഴും  നീയിത്ര സുന്ദരിക്കുട്ടിയായി

തത്തിക്കളിക്കുമോ കാറ്റേ

30. എന്താണ് സുഖം? (പ്രകൃതിദര്‍ശനം)

എന്താണു സുഖം? 
സുഖം നേടാനയി മനുഷ്യന്‍ എന്തുമാത്രം കഷ്ട്പ്പെടുന്നു.
യുവാക്ക‌ള്‍ക്കിടയില്‍ ജീവിതം സുഖിക്കാനുള്ളതാണെന്ന് എന്നൊരു സിധ്ദാന്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്.
സുഖത്തിന് പണം ആവശ്യമാണത്രെ!!ആ പണം സ്വരൂപിക്കാനായി മനുഷ്യന്‍ എന്തുമാത്രം നീചപ്രവര്‍ത്തികള്‍ ചെയ്യുന്നു.
മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെ നിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും!!
അതായത് ധാര്‍മ്മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്‍ഥം.
സുഖം ലഭിക്കാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ അവലംബിക്കുന്നു.
വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ,വാഹനങ്ങള്‍,ഗ്ര്യഹോപകരണങ്ങള്‍,എന്നിവ ചിലര്‍ക്ക് സുഖം പ്രധാനം ചെയ്യുന്നു.
മനോഹരമായ മണിമാളിക,ഉയര്‍ന്ന ബാങ്ക് ബാലന്‍സ്.......എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖം നല്‍കുന്നു.
ഭക്ഷണം ,മദ്യം,മയക്കുമരുന്ന്,മദിരാക്ഷി എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖംനല്‍കുന്നു.
സിനിമ,യാത്ര,ഭക്തി,പുണ്യസ്ഥല സന്ദര്‍ശനം എന്നിവയും സുഖം നല്‍കുന്നവയത്രെ!!
മറ്റുള്ളവരെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരും കുറവല്ല.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ സുഖിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍?
സുഖവും ദുഖവും അവനവനില്‍ തന്നെയാന്ന്‌ സ്ഥിതിചെയ്യുന്നത്‌.
അവനവന്റെ മനസ്സ് കയ്‌കാര്യം ചെയ്യുന്നതിനനുസരിച്ച് സുഖവും ദുഖവും അനുഭവപ്പെടുന്നു.
അതിന് ഒരു തരത്തിലുമുള്ള പണവും ചെലവാക്കേണ്ടതില്ല.
അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതിള്‍ല്ല.
അത്തരമൊരു കഴിവുണ്ടെന്നും അത് വളര്‍ത്തിയെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി.
ഏതൊരവസ്ഥയിലും സുഖം കണ്ടത്തനുള്ള മനുഷ്യന്റെ കഴിവാണ് വളര്‍ത്തിയെടുക്കെണ്ടത്‌.
പ്രക്രിതി നമുക്ക് ഒട്ടേറെ സുഖസൌകര്യങ്ങള്‍ പണച്ചലവില്ലാതെ ഒരുക്കിത്തരുന്നുണ്ട്.
ദിനാരംഭത്തിന് നവോന്മേഷം പകരുന്ന പ്രഭാതങ്ങളും ആശ്വാസം പകരുന്ന സന്ധ്യകളും ആരേയും മയക്കുന്ന നക്ഷത്രാലങ്കാരിതമായ ആകാശവും വെണ്‍നിലാവുമൊക്കെ സുന്ദരങ്ങളല്ലേ?
അവ നമുക്ക് ആഹ്ലാദം തരുന്നവയല്ലേ.
അവ ഒരു വ്യക്തിക്ക് സ്വന്തമായി ഒരുക്കണമെങ്കില്‍ എത്ര കോടി പണം ചെലവഴിക്കണം.
ഇത് ഒരു മാര്‍ഗ്ഗം മത്രമാണ്.
ഈ വഴിയിലൂടെ സഞ്ചരിക്കയാണെങ്കില്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
ഇങ്ങനെ,നമ്മുടെ പ്രക്രിതി തരുന്ന സന്തോഷത്തെ സ്വീകരിക്കാനും ആസ്വദിക്കനുമുള്ള മാനസീകാവസ്ഥ വളര്‍ത്തിയെടുത്താല്‍,പിന്നെയെന്തിന് സുഖം തേടി നാം കാഷ്ടപ്പെടണം......

29. മാനസിക മലിനീകരണം ഒഴിവാക്കല്‍ (വ്യക്തിത്വവികസനം)

ശരീരത്തിലുണ്ടാകുന്ന അഴുക്കുകളാ‍ണ് രോഗഹേതുവെന്ന് പ്രകൃതിജീവനശാസ്ത്രം ഉറപ്പിച്ചുപറയുന്നു.ഇതിനുവേണ്ടി
ശരിയായ ജീവിതചര്യയെക്കുറിച്ചും ആരോഗ്യശീലങ്ങളെക്കുറിച്ചും പ്രസ്തുത ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്.ശരിയായ
ജീവിതചര്യയെക്കുറിച്ച് പ്രസ്താവിക്കുമ്പോള്‍ ,അത് ശരീരത്തെ മാത്രം ആസ്പദമാക്കിയിട്ടുള്ളതല്ല മറിച്ച് മനസ്സി
നേയുംകൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
വാക്കുകള്‍കൊണ്ട് മനസ്സില്‍ വികാരം സൃഷ്ടിക്കുവാന്‍ കഴിയും.തെറ്റായ വാക്കുകളുടെ
ഉപയോഗം മനുഷ്യമനസ്സില്‍ മലിനീകരണം സൃഷ്ടിക്കുന്നു.തെറ്റായ ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെയാണ്
തെറ്റായ വാക്കുകളുടെ ശ്രവണവും . തെറ്റായ ജീവിതചര്യക്കുതുല്യമാണ് തെറ്റായ ആശയങ്ങളുടെ പിന്നാലെ
പോകലും. അതുകൊണ്ടുതന്നെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി മനസ്സിലേക്ക് തെറ്റായ ആശയങ്ങളും
വാക്കുകളും കടന്നുവരാതെ നോക്കേണ്ടതുണ്ട്.

വ്യക്തികള്‍ മാത്രമല്ല ,മാദ്ധ്യമങ്ങളും മാനസികമലിനീകരണത്തില്‍
മുഖ്യപങ്കുവഹിക്കുന്നു.പ്രകൃതിയില്‍ പലതരം ഭക്ഷ്യവസ്തുക്കളുണ്ട്. അവയെല്ലാം ജീവികള്‍ ഭക്ഷിക്കുന്നില്ലല്ലോ
.തങ്ങളുടെ ശരീരത്തിനുയോജിച്ച ഭക്ഷ്യവസ്തുക്കള്‍ ഏതെന്നുതിരിച്ചറിയാനുള്ള സ്വാഭാവികശേഷി അവക്കുണ്ട്.
ഇത്തരം ശേഷി ഓരോ മനുഷ്യനും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഈ നിയമം ദഹനേന്ദ്രിയത്തിനുമാത്രമല്ല,മറ്റ്
ഇന്ദ്രിയങ്ങള്‍ക്കും ബാധകമാണ്. മനുഷ്യമനസ്സിനും ഒരു സ്വാഭാവികശേഷിയുണ്ട് .തനിക്കുവേണ്ട അറിവുകളെ അത്
നേടുകതന്നെ ചെയ്യും. പക്ഷെ ,ആ സ്വാഭാവികത നശിപ്പിക്കാതെ നിലനിര്‍ത്തണമെന്നു മാത്രം!
മാധ്യമങ്ങള്‍ മനസ്സിന് നല്ലതും ചീത്തയും നല്‍കുന്നു.പക്ഷെ, തിരഞ്ഞെടുക്കാനുള്ള അവകാശം
വ്യക്തിക്കുണ്ട് . മലിനീകരിക്കപ്പെട്ട മനസ്സുകള്‍ എല്ലായിടത്തുമുണ്ട് . ഇവരെ നമ്മുടെ സുഹൃത്തുക്കളിലും
ബന്ധുക്കളിലും കുടുംബാംഗങ്ങളില്‍പ്പോലും കണ്ടെന്നിരിക്കും. എങ്കിലും ഇവിടെ ആദ്യം വേണ്ടത് തിരിച്ചറിയുവനുള്ള
കഴിവാണ്.
ഉപവാസസമയത്ത് പലരും ദഹനേന്ദ്രിയത്തിനു വിശ്രമം നല്‍കുന്ന കാര്യം മാത്രമേ
ശ്രദ്ധിക്കാറുള്ളൂ. ടി.വി. കാണുക,വായിക്കുക,മറ്റുള്ളവരുമായി സംഭാഷണത്തിലേര്‍പ്പെടുക എന്നിവക്കൊന്നും മുടക്കം
വരുത്താറില്ല. അതായത് , മാനസികവിശ്രമത്തിന് പ്രധാന്യം കൊടുക്കാറില്ല എന്നര്‍ഥം .എന്നാല്‍ ഓര്‍ക്കുക;
മാനസിക മലിനീകരണം ഒഴിവാക്കുന്നതില്‍ മാനസികവിശ്രമം മുഖ്യപങ്കുവഹിക്കുന്നു.

28. മാനസിക ‘ടെന്‍ഷന്‍ ‘ ഉണ്ടാകുന്നതെങ്ങനെ? (ആരോഗ്യം)

സമകാലീന ലോകത്തില്‍ മാനസികപിരിമുറുക്കം (Mental Tension) അനുഭവപ്പെടാത്തവര്‍ ‘ഇല്ല’ എന്നുതന്നെ
പറയാം.മാനസിക ടെന്‍ഷന്‍ വ്യക്തിയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമെന്ന് മാത്രമല്ല,പല രോഗങ്ങളും
വ്യക്തിയില്‍ വരുത്തിവെക്കുകയും ചെയ്യുന്നു.തലവേദന,ഗ്യാസ്
ട്രബിള്‍,മലബന്ധം,അള്‍സര്‍,ഡയബറ്റിക്സ്,ആസ്മ,ബ്ലഡ്
പ്രഷര്‍,ഹൃദ്രോഗം,ഇന്‍സോമനിയ(ഉറക്കമില്ലായ്മ)തുടങ്ങിയവയാണ്‘ ടെന്‍ഷന്‍ ‘ മൂലം മനുഷ്യനിലുണ്ടാകുന്ന പ്രധാന
രോഗങ്ങള്‍. ചില രോഗികളാവട്ടെ,രോഗത്തിന്റെ മൂലകാരണമായ ടെന്‍ഷനെപ്പറ്റിയുള്ള വസ്തുതകള്‍ ഡോക്ടറില്‍
നിന്നും മറച്ചുവെക്കുന്നു.ഇതിന്റെ ഫലമായി രോഗം മാറാതിരിക്കുന്നുവെന്നുമാ‍ത്രമല്ല,നിരന്തരമായ ഔഷധസേവയുടെ
ഭാഗമായി രോഗി പല മാരഗരോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.ഇത് രോഗിയുടെ ആയുസ്സ്
കുറക്കുന്നതിനുകാരണമാക്കുന്നു.അതിനാല്‍ മാനസിക ടെന്‍ഷനെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്.
ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും
സമന്വയിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്.ഈ നാഡീവ്യൂഹവും(Nervous system)
അന്തഃസ്രാവീഗ്രന്ഥികളുമാണ് (Endocrine glands) ശാരീരിക അവയവങ്ങളില്‍ ഏറ്റവും സാവധാനത്തില്‍ പക്വത
പ്രാപിക്കുന്നത്.നാഡീവ്യൂഹത്തിലെ ഒരു വിഭാഗമായ സ്വായത്തനാഡീവ്യൂഹവും (Autonomic nervous system)
അന്തഃസ്രാവീഗ്രന്ഥികളിലൊന്നായ അധിവൃക്കാ ഗ്രന്ഥികളുമാണ് (Adrenal Glands) മാനസിക ടെന്‍ഷനുമായി
ബന്ധപ്പെട്ട ശാരീരിക ഘടകങ്ങള്‍.
ബോധമനസ്സില്‍ എത്താത്തതും ഇച്ചാപരമല്ലാത്തതുമായ ചില
പ്രവര്‍ത്തനങ്ങള്‍ സ്വയം നിയന്ത്രിതമായ സ്വായത്തനാഡീവ്യൂഹത്തിന്റെ കീഴിലാണ്.സ്വായത്ത നാഡീവ്യൂഹത്തെ
അനുകമ്പാ നാഡീവ്യൂഹമെന്നും (Sympathetic Nerves) പാരാനുകമ്പാ നാഡികളെന്നും രണ്ടായി തരം
തിരിച്ചിരിക്കുന്നു.ഇതില്‍ അനുകമ്പാനാഡികളാണ് ശരീരത്തെ ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍
സ്വാധീനിക്കുന്നത്.എന്നുവെച്ചാല്‍ ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ അനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം
ഊര്‍ജ്ജിതമാകുകയും അതുവഴി ടെന്‍ഷന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ
അവസരത്തില്‍ പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം തുലോം തുച്ചമായിരിക്കും. അതായത് ടെന്‍ഷന് ശരീരം
എത്രത്തോളം വിധേയമാകുന്നുവോ അതിന് ആനുപാതികമായി കുറവേ പാരാനുകമ്പാനാഡികള്‍
പ്രവര്‍ത്തിക്കുകയുള്ളൂ.ശരീരം ശാന്തമായിരിക്കുന്ന അവസരത്തില്‍ പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം
ഊര്‍ജ്ജിതമായിരിക്കും.പരാനുകമ്പാ നാഡീവ്യൂഹം ഹൃദയമിടിപ്പ്,രക്തസമ്മര്‍ദ്ദം എന്നിവയുടെ വര്‍ദ്ധനവിനെ കുറച്ച്
രക്തത്തെ ദഹനേന്ദ്രിയങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനം
(Metabolism) ശരിയായ തോതില്‍ നിര്‍വഹിക്കപ്പെടുന്നത് പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം
ഊര്‍ജ്ജിതമായിരിക്കുമ്പോഴാണ്.ഈ സന്ദര്‍ഭത്തില്‍ ശരീരത്തിനും മനസ്സിനും ശാന്തത കൈവരുന്നു.പല
സര്‍ഗ്ഗവ്യാപാരങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഈ ശാന്തതയില്‍ നിന്നാണ്. സാധാരണ ഗതിയില്‍ ,ശരീരത്തില്‍ അനുകമ്പാ നഡികളുടേയും പരാനുകമ്പാ
നഡികളുടേയും പ്രവര്‍ത്തനം ഒരു പ്രത്യേക അനുപാതത്തില്‍ സന്തുലിതപ്പെട്ടായിരിക്കും
നിര്‍വഹിക്കപ്പെടുന്നത്.പക്ഷെ ,ടെന്‍ഷനുണ്ടാകുന്ന അവസരത്തില്‍ ,അനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം
വേഗത്തിലാകുന്നതുവഴി ഈ ആനുപാതിക- സന്തുലിത പ്രവര്‍ത്തനത്തിന് ഭംഗം സംഭവിക്കുകയും ശരീരത്തില്‍
ടെന്‍ഷന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. വൃക്കയുടെ തൊട്ടുമുകളിലായി , മഞ്ഞകലര്‍ന്ന
തവിട്ടുനിറത്തില്‍ കാണപ്പെടുന്ന അന്തഃസ്രാവീഗ്രന്ഥിയാണ് അധിവൃക്കാഗ്രന്ഥികള്‍ (Adrinal Glands) ഇതിന്റെ പുറം
ഭാഗത്തുള്ള ആവരണത്തെ കോര്‍ട്ടെക്സ് (Cortex) എന്നും ഉള്‍ഭാഗത്തുള്ള ആവരണത്തെ മെഡുല്ല(Medulla) എന്നും
പറയന്നു.അനുകമ്പാ നാഡികളുടെ നിയന്ത്രണത്തിലുള്ള ഭാഗമാണ് മെഡുല്ല.ഹൈപ്പോത്തലാമസ്സിന് മെഡുല്ലയെ
ഉത്തേജിപ്പിക്കുവാന്‍ കഴിയും.മെഡുല്ലയില്‍ നിന്നും പുറപ്പെടുന്ന രണ്ട് ഹോര്‍മോണുകളാണ് അഡ്രിനാലിന്‍
(Adrinalin) നോര്‍- അഡ്രിനാലിന്‍ എന്നിവ.
ബാഹ്യലോകത്തുനിന്നും സ്വന്തം ശരീരത്തില്‍ നിന്നും ഉണ്ടാകുന്ന എല്ലാതരം
സമ്മര്‍ദ്ദങ്ങളേയും ചെറുത്തുനില്‍ക്കുവാനുള്ള ശക്തി ഒരു ജീവിക്ക് പ്രദാനം ചെയ്യുന്നത് അഡ്രിനല്‍ ഗ്രന്ഥിയും
അനുകമ്പാ നാഡീവ്യൂഹവും ചേര്‍ന്നാണ്. ‘ടെന്‍ഷന് ‘ ആസ്പദമായ സാഹചര്യം ഉണ്ടാകുന്ന അവസരത്തില്‍
അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് അഡ്രിനലിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലേക്ക് പൊടുന്നനെ പ്രവഹിക്കുന്നു.
അഡിനലിന്റെ പ്രവര്‍ത്തനഫലമായി കൃഷ്ണമണി വികസിച്ച് കാഴ്ച ശക്തിപ്പെടുന്നു.ഈ സമയത്ത് ദഹനേന്ദ്രിയ
രക്തധമനികളുടേ വ്യാസം ചുരുങ്ങുകയും പ്ലീഹയുടെ വലുപ്പം കുറയുകയും തന്‍‌മൂലം ധാരാളം രക്തം ടിഷ്യൂകളിലേക്കും
ഹൃദയത്തിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുന്നതുവഴി രക്തം
പമ്പുചെയ്യുന്നതിന്റെ അളവു വര്‍ദ്ധിക്കുന്നു.ഈ രക്തം കാലിലേയും കയ്യിലേയും മാംസപേശികളിലേക്ക്
ഇരമ്പിപ്പായുന്നു. അഡ്രിനലിന്‍ മാംസപേശികളിലേക്കുള്ള രക്തക്കുഴലുകളുടെ ഭിത്തിയിലെ പേശികള്‍ക്ക്
അയവുവരുത്തുന്നു.തന്മൂലം മാംസപേശിയിലേക്ക് കൂടുതല്‍ രക്തം പ്രവഹിക്കുന്നു
ടെന്‍ഷന് ആസ്പദമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്ന അഡ്രിനലിന്‍ കരളിലെ
ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കിമാറ്റുന്നു.ഇത് രക്തത്തിലുള്ള ഷുഗറിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന്
ഇടയാക്കുന്നു.അങ്ങനെ മാംസപേശികള്‍ക്ക് കൂടുതല്‍ രക്തവും ഊര്‍ജ്ജത്തിനാവശ്യമായ ഷുഗറും പ്രധാനം
ചെയ്യപ്പെടുന്നു.ഇത് മാംസപേശികളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ ‘വ്യവസ്ഥ’ സൃഷ്ടിക്കുന്നു.അങ്ങനെ ഒരു
പ്രത്യേക സന്ദര്‍ഭത്തില്‍ ആക്രമിക്കാനോ അല്ലെങ്കില്‍ ഒളിച്ചോടി രക്ഷപ്പെടാനോ എന്ന പ്രതികരണത്തിന് (Flight
or Fight Response) ജീവിയെ സജ്ജമാക്കുന്നു.ടെന്‍ഷന് ആസ്പദമായ സാഹചര്യം തരണംചെയ്തുകഴിഞ്ഞാല്‍ ,നോര്‍
അഡ്രിനലിന്‍ (Nor Adrinalin) രക്തപ്രവാഹത്തെ നിയന്ത്രിച്ച് സാധാരണ അവസ്ഥയിലേക്ക്കൊണ്ടുവരുന്നു.
മാനസിക ടെന്‍ഷന്‍ ജീവിയുടെ കൂടപ്പിറപ്പാണ്.ജീവിയെ അതുമായി ബന്ധപ്പെടുത്തുന്ന
പ്രതികൂലസാഹചര്യത്തില്‍നിന്ന് രക്ഷിക്കുവാന്‍ പര്യാപ്തമാക്കുക എന്നതാണ് ടെന്‍ഷന്റെ ഉദ്ദേശ്യം.അതിനാല്‍തന്നെ
ടെന്‍ഷന്‍ സ്വാഭാവികമാണെന്ന് വ്യക്തം.ഒരു വ്യക്തിയില്‍ ശാരീരികവളര്‍ച്ചക്ക് ആനുപാതികമായിട്ടാണ് ടെന്‍ഷനെ
നേരിടുവാനുള്ളശേഷി വളര്‍ന്നുവരുന്നതെന്ന് പoനങ്ങള്‍ വ്യക്തമാക്കുന്നു.അതുപോലെത്തന്നെ പുതിയ
സാഹചര്യങ്ങളും പ്രതിഭാസങ്ങളും വ്യക്തിയില്‍ ടെന്‍ഷന്‍ ഉളവാക്കുന്നവയാണ്.പക്ഷെ, അവ
ആവര്‍ത്തനസ്വഭാവമുള്ളവയായതിനാല്‍ ‘ടെന്‍ഷന്‍’ കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.

27. ‘ കായികരംഗം’ ഗാന്ധിസത്തിന്റെ വീക്ഷണത്തില്‍ (പ്രകൃതിജീവനം)

കായികരംഗത്തിന് ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതായാണ്
കണ്ടുവരുന്നത്.

പ്രാധാന്യംനല്കുക എന്നുവെച്ചാല്‍ ,ഈ രംഗത്തേക്ക് ഒട്ടേറെ പണം നീക്കിവെക്കുന്നു എന്ന്
അര്‍ഥമാക്കേണ്ടതുണ്ട്.
രാഷ്ട്രത്തിന്റെ പുരോഗതിക്കടിസ്ഥാനം ‘ആരോഗ്യമുള്ള ജനതയാണ് ‘ എന്നത് ഒരു
യാഥാര്‍ഥ്യമാണല്ലോ.
 ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതില്‍ കായികരംഗം മുഖ്യപങ്കുവഹിക്കുന്നു എന്ന
വിശ്വാസമാണോ,ഭരണാധികാരികളുടെ കായികരംഗതാല്പര്യത്തിനു കാരണം?
ഏതായാലും കായികരംഗത്തെമത്സര‌ഇനങ്ങളുടെ വിജയനിലവാരത്തിന് ഒരു പരിധി നിശ്ചയിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ടെന്ന്സമകാലീനപ്രവണതകള്‍ സൂചിപ്പിക്കുന്നു.
മത്സര‌ഇനങ്ങളില്‍ വിജയിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാനും ഒരു കൂട്ടര്‍ തയ്യാറാകുന്നു.
എതിരാളികളെ മത്സരരംഗത്തെത്തിക്കാതെ തഴയുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുമുതല്‍ ‘ഭാവിയില്‍ മാരകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന
ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം വരെ ‘ കാര്യങ്ങള്‍‘ എത്തിനില്‍ക്കുന്നു.
എന്തിനുവേണ്ടിയാണ് ഈ ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത്? മത്സരരംഗത്ത് ഒന്നാംസ്ഥാനവും റെക്കോഡുകളും സ്ഥാപിക്കുന്നതുവഴിയുള്ള പ്രശസ്തി ,പണം തുടങ്ങിയ നേട്ടങ്ങളാണ് കായികതാരങ്ങളെ തത്ത്വദീക്ഷയില്ലാത്ത മാര്‍ഗ്ഗത്തിലേക്കുനയിക്കുന്നത്.
 കായികരംഗത്ത് ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം ഏറിവരുന്നു എന്ന്
പലപഠനങ്ങളും വ്യക്തമാക്കുന്നു.

ഈ പ്രവണത ഇല്ലാതാക്കുന്നതിന്പലശൈലികളും ആവിഷ്കരിക്കേണ്ടതുണ്ട്.
മത്സരത്തിനുശേഷമുള്ള ശാരീരിക പരിശോധനകളെ കബളിപ്പിക്കുന്ന തരത്തിലുള്ള
ഔഷധങ്ങള്‍വരെ ഇപ്പോള്‍ നിലവിലുണ്ട് .
അതിനാല്‍ ശാരീരികശേഷികള്‍ക്കുപകരം ഉത്തേജകങ്ങള്‍തമ്മിലുള്ള
മത്സരമാണോ ഇവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥ ഉടലെടുത്തിരിക്കുന്നു.
അമിതമായ ശാരീരികശക്തി ഉത്തേജക ഔഷധങ്ങള്‍ പ്രധാനം ചെയ്യുന്നുവെത്രെ!
ഇവയുടെ ഉപയോഗമൂലം ‘ഹോര്‍മോണുകളുടെ ‘ ഉല്പാദനത്തിലെ സന്തുലിതാവസ്ഥക്ക് ഭംഗം സംഭവിക്കുന്നു.
തന്മൂലം അമിത ശാരീരികവളര്‍ച്ചയും അതുവഴി അമിത ശാരീരികശക്തിയും കൈവരുന്നു.
 പക്ഷെ ,ഈ ഔഷധങ്ങള്‍  മസ്തിഷ്ക- ശാരീരികബന്ധത്തെ കാര്യമായി ബാധിക്കുന്നു. ശാരീരിക ചലനങ്ങളും ഉപാപചയപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്.
മുന്‍പറഞ്ഞതരത്തിലുള്ള ശാരീരിക വളര്‍ച്ച മസ്തിഷ്കകോശങ്ങള്‍ക്ക്
ശരീരത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ക്ക് വികലത വരുത്തുന്നു.
അതിനാല്‍ ഉത്തേജക ഔഷധം
ഉപയോഗിക്കുന്നവര്‍ക്ക് ‘വികാരനിയന്ത്രണം ‘ അസാദ്ധ്യമായിത്തീരുന്നു.
അമേരിക്കയിലെ ചില സ്പോഴ്‌സ് താരങ്ങള്‍  ക്രിമിനല്‍ നടപടിക്ക് വിധേയരായിട്ടുള്ള കാര്യം നമുക്ക് അറിവുള്ളതാണല്ലോ .‘ മൈക്ക് ടൈസന്റെ ‘ ‘ചെവികടിക്കല്‍‘ പ്രശ്നമൊക്കെ ഇതിന് തെളിവാണ്.
ബോക്സിംഗ് രംഗത്തെ അതികായനായിരുന്ന ‘മുഹമ്മദലിയുടെ ‘വാര്‍ദ്ധക്യകാലത്തെ അവസ്ഥ കായികരംഗത്തുപ്രവര്‍ത്തിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകുന്നതാണ്
.പാര്‍ക്കിന്‍സണ്‍സ് (Parkinson`s-വിറവാതം ) രോഗമാണ് മുഹമ്മദലിക്കുപിടിപെട്ടത് .കരുത്തനായിരുന്ന ഒരു മനുഷ്യന്‍ ,വാര്‍ദ്ധക്യത്തിലെത്താതെ തന്നെ, എണീറ്റുനടക്കാന്‍പോലും ക്ലേശിക്കുന്ന കാഴ്ച സ്പോഴ്‌സ് പ്രേമികളുടെ കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിലെ കഠിനമായ വ്യായാമമുറകളും മാനസികസമ്മര്‍ദ്ദവുമാണ് കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ഇതുപോലെത്തന്നെയുള്ള മറ്റൊരു ദയനീയ കഥയാണ് ‘മിഹിര്‍സെന്നിന്റേയും‘.ഇഗ്ലീഷ്
ചാനല്‍ ആദ്യമായി നീന്തിക്കടന്ന(1958-ല്‍) ഇന്ത്യക്കാരനാണ് മിഹിര്‍സെന്‍.
1966-ല്‍ മറ്റു നാലു കടലിടുക്കുകളും നീന്തിക്കടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.
1959-ല്‍ ‘പത്മശ്രീയും’ 1967-ല്‍ പത്മഭൂഷണും ലഭിച്ചു.
1997 ജൂണ്‍12-ന് (66 വയസ്സ്) അന്തരിച്ച ഈ മഹനീയ വ്യക്തിയുടെ അവസാനകാലഘട്ടം ദയനീയമായിരുന്നു.’അല്‍‌ഷമേഴ്‌സ് ‘ രോഗത്തിന്റെ (Al-zheimer`s disease) പിടിയിലകപ്പെട്ടതുമൂലം മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിച്ച് ‘ശയ്യയില്‍ ‘ ഒട്ടേറെ വര്‍ഷങ്ങള്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു.പണവും പ്രശസ്തിയുമൊക്കെ നഷ്ടപ്പെട്ട അദ്ദേഹത്തെ
തിരിഞ്ഞുനോക്കാന്‍ ഭാര്യയൊഴികെ(?) ആരും ഉണ്ടായിരുന്നില്ലെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 ഇതും;ഒരായുസ്സിന്റെ ജീവ ചൈതന്യത്തെ ചെറിയ സമയത്തേക്കുമാത്രം ഉപയോഗിച്ചതിന്റെ
ഉദാഹരണമാണ്.
പതിനഞ്ചിനും മുപ്പതിനും ഇടക്കുള്ള കാലഘട്ടത്തിലെ കഠിനവും വേഗതകൂടിയ്തുമായ
വ്യായാമമുറകളെ സമകാലീന കായികരംഗം പ്രത്സാഹിപ്പിക്കുന്നു.
ഇത് മസ്തിഷ്ക-ശരീര ബന്ധത്തിന് കോട്ടംതട്ടിക്കുമെന്ന് മനഃശാസ്ത്രഞ്ജര്‍ പറയുന്നു.
കാര്യങ്ങള്‍ എന്തുതന്നെയായാലും ,ഹിംസാല്‍മക-അതിതീവ്ര വ്യായാമത്തിലേര്‍പ്പെടുന്നവര്‍ക്ക് അമ്പതുവയസ്സ് എത്തുമ്പോഴേക്കും രോഗങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നതാണ്
കണ്ടുവരുന്നത്.
മുഹമ്മദലിയിലും മിഹിര്‍സെന്നിലും മാത്രം ഇത്തരം കഥകള്‍
ഒതുങ്ങിനില്‍ക്കുന്നില്ല.
സഹതാപാര്‍ഹമായ ഒട്ടേറെ പേരുടെ കഥകള്‍ വെളിച്ചത്തുവരുന്നില്ല
എന്നുമാത്രം.
എന്തെന്നാല്‍ കായികരംഗം വിജയികളെ തോളിലേറ്റിനടക്കുവാന്‍ മാത്രമേ ഇഷ്ടപ്പെടുന്നുള്ളു.
മുന്‍പറഞ്ഞ വിവരണങ്ങളില്‍നിന്ന് ; ഒന്നാം സ്ഥാനം,റെക്കോഡുകള്‍ എന്നിവയാണ്
കായികതാരങ്ങളെ പല അധാര്‍മ്മികശൈലികളും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നുകാണുന്നു.
അതിനാല്‍ ഒന്നാംസ്ഥാനം,റെക്കോഡുകള്‍ എന്നിവ വേണ്ടെന്നുവെക്കുകയല്ലെ നല്ലത്. പകരമായി,മത്സര ഇനങളില്‍വിജയനിര്‍ണ്ണയത്തിന് മനുഷ്യസാദ്ധ്യമായ ഒരു പരിധി നിശ്ചയിക്കുക.
അതിനപ്പുറമുള്ളതെല്ലാം ഒന്നാംസ്ഥാനമെന്നോ രണ്ടാംസ്ഥാനമെന്നോ തരംതിരിക്കാതെ ഒന്നാംഗ്രേഡായി കണക്കാക്കുക.
 ഇങ്ങനെ നിശ്ചയിക്കുന്നപരിധി ‘ അഹിംസാല്‍മകത’ എന്ന തത്ത്വത്തെ ആശ്രയിച്ചായിരിക്കണം എന്നകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശാരീരികാദ്ധ്വാനത്തിന് പ്രസക്തിയില്ല എന്ന നിലയില്‍ ചിന്തിപ്പിക്കത്തക്കവിധമാണ് സമകാലീന
സംസ്കാരം മുന്നേറുന്നത് .
ശാരീരികാദ്ധ്വാനമെന്നത് ഒരു പ്രത്യേക ജനവിഭാഗത്തെക്കൊണ്ട് നിര്‍ബന്ധിത
സാഹചര്യങ്ങളില്‍ ചെയ്യിപ്പിക്കുന്ന പ്രവൃത്തിയായി മാറിക്കൊണ്ടിരിക്കുന്നു.
ഈ ജനവിഭാഗം ബുദ്ധിപരമായി ഏറെതാഴ്ന്ന നിലയില്‍തന്നെയാണ്.ഇവരില്‍ പലരും കൈകാര്യംചെയ്യുന്ന ജോലികളും അതിന്റെ പരിസരവും
ആരോഗ്യത്തിനു ഹാനിവരുത്തുന്നവയാണ്.
പക്ഷെ ,ഇതിന് ഇരയാകുന്ന ജനവിഭാഗം ‘മാരകങ്ങളായ’ ഈ
അവസ്ഥയെക്കുറിച്ച് അജ്ഞരാകയാല്‍ പ്രതികരിക്കുന്നുമില്ല.
 അതിനാല്‍തന്നെ , അധികൃതരുടെ ശ്രദ്ധ അങ്ങോട്ട്
പതിയുന്നുമില്ല.
അദ്ധ്വാനത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
നമ്മുടെവിദ്യാഭ്യാസപദ്ധതിയും അത്തരത്തില്‍ രൂപീകരിക്കപ്പെട്ടവയാണ്. “സര്‍വ്വതോന്മുഖമായ വികാസമാണ്വിദ്യാഭ്യാസം” എന്നൊക്കെയുള്ള നിര്‍വചനങ്ങള്‍ ‘ഏട്ടില്‍’ മാത്രം ഒതുങ്ങുന്നു.
അദ്ധ്വാനത്തിന്റെ മൂല്യത്തെ
ആസ്പദമാക്കിയുള്ള പാഠഭാഗങ്ങള്‍പോലും അവയുടെ ശരിയായ അവബോധം കുട്ടികളില്‍ ജനിപ്പിക്കത്തക്കവണ്ണം
അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നും സംശയമണ്. കുടുംബവും ‘വൈറ്റ് കോളര്‍ ‘ ജോലിയോടുള്ള
ആസക്തി പുലര്‍ത്തുന്ന വിധത്തിലുള്ള വ്യക്തിത്വം കെട്ടിപ്പെടുക്കുന്നതില്‍ കുട്ടികള്‍ക്ക് പ്രേരണയാകുന്നു.
മുന്‍പറഞ്ഞ കാരണങ്ങളെക്കൊണ്ടുതന്നെ നാട്ടില്‍ വ്യായാമശാലകള്‍ പെരുകുന്നു. അവിടേയും
കച്ചവടത്തിന്റെ മുഖം പ്രകടമാകുന്നു. വ്യായാമശാലകളുടെ പേരുകളിലും ഇനത്തിലും സൌകര്യങ്ങളിലുമൊക്കെ
‘ഉടമസ്ഥര്‍ ‘ നൂതന സൃഷ്ടികള്‍ നടത്തുന്നു.വ്യായാമശാലകളുടെ ഉടമസ്ഥര്‍ പണം കൊയ്യുകയും ചെയ്യുന്നു.
“ദരിദ്രനായാലും ധനികനായാലും ഏതെങ്കിലും തരത്തിലുഅള്ള വ്യായാമം കൂടിയേ തീരൂ .എന്നാലത്
ഉല്പാദനത്തിന്റെ അഥവാ ആഹാരത്തിനുവേണ്ടിയുള്ള തൊഴിലിന്റെ രൂപം പൂണ്ടാലെന്ത്? കൃഷിക്കാരോട് ശ്വസന
വ്യായാമം ചെയ്യണമെന്നോ മാംസപേശികള്‍ ചലിപ്പിക്കണമെന്നോ ആരും ആവശ്യപ്പെടുന്നില്ല. “-- ഗാന്ധിജിയുടെ
ഈ വാചകങ്ങള്‍ക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട് .സമകാലീനസമൂഹം ശാരീരികാദ്ധ്വാനത്തിന്റെ മഹിമ
മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശാരീരികാദ്ധ്വാനം ശരീരത്തിന് ആവശ്യം തന്നെയാണ്. അതിനാല്‍
പണക്കാരനായാലും പാവപ്പെട്ടവനായാലും ശാരീരികാദ്ധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്
,ശാരീരികാദ്ധ്വാനത്തെ ‘ തരംതാണതായിക്കാണുന്ന ചിന്താഗതി ‘ഇല്ലാതാക്കുന്നതിന് ഉപകരിക്കും. ധനികര്‍
ശാരീരികാദ്ധ്വാനം ചെയ്യാതെ വ്യായാമമെന്ന പേരില്‍ ശാരീരിക ചലനങ്ങളില്‍ ഏര്‍പ്പെടുന്നു.പക്ഷെ, ഈ
വ്യായാമത്തിനുവേണ്ടിവരുന്ന ഊര്‍ജ്ജം ,പണം, സമയം എന്നിവ കുടുബത്തിലെ കൃഷിപ്പണിയിലോ മറ്റോ
ഉപയോഗിക്കുകയാണെങ്കില്‍ ഏറെ ഗുണമുണ്ടാകുമെന്നാണ് ഗാന്ധിജി സൂചിപ്പിക്കുന്നത് .
മുതലാളിത്ത രാജ്യങ്ങളില്‍ യന്ത്രവല്‍കൃത വ്യവസ്ഥക്ക് ആക്കം കൂടുന്നു. അതിനാല്‍ അവിടെ
ശാരീരികദ്ധ്വാനത്തിന്റെ ആവശ്യകത വളരെ കുറവേ വരുന്നുള്ളൂ.(യന്ത്രവല്‍കൃതവ്യവസ്ഥയില്‍
സങ്കേതികാദ്ധ്വാനത്തിന്റെ ആവശ്യകത കൂടിയിരിക്കും. ) എങ്കിലും ആരോഗ്യപരിപാലനത്തിനുവേണ്ടി ജനങ്ങള്‍
വ്യായാമം എന്ന പദ്ധതി സ്വീകരിക്കുന്നു. അങ്ങനെയാകുമ്പോള്‍ ഈ യന്ത്രവല്‍കൃതവ്യവസ്ഥ ചെറിയതോതില്‍
പാഴ്വേലയാകുന്നില്ലേ.? മാത്രമല്ല ,ഈ വ്യവസ്ഥ പരിസ്ഥിതിയെ മലിനപ്പെടുത്തുകയും ചെയ്യുന്നു.ഇങ്ങനെയുള്ള
വിലയിരുത്തലില്‍ ; വ്യായാമത്തിലധിഷ്ടിതമായ സമൂഹത്തിന്റെ മാത്സര്യബുദ്ധിക്കും വിനോദത്തിനുമുള്ള ഒരു
വേദിയായി കായികരംഗം അധഃപതിച്ചതില്‍ അത്ഭുതമില്ല.പണക്കൊഴുപ്പിനാല്‍ നടത്തുന്ന ഇത്തരം ‘കുസൃതികള്‍’
ഇലക്ടോണിക് മദ്ധ്യമത്തിലൂടെ നുകര്‍ന്ന് ഭാരതത്തിലെ യുവതലമുറ വഴിതെറ്റണോ ? നമുക്ക്
ശാരീരികാദ്ധ്വാനത്തിന്റെ മഹത്ത്വം മനസ്സിലാക്കിജീവിച്ചുകൂടെ ?

26. ചൂരിദാറോ , സാരിയോ ; ഏതാണ് വേണ്ടത് ? (ആരോഗ്യം)

ജനാധിപത്യസമൂഹത്തില്‍ ‘ചര്‍ച്ചകള്‍ ‘ നല്ലതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
(കാരണം ,ഇക്കാര്യത്തിന് വലിയ ദേഹാദ്ധ്വാനമൊന്നുംവേണ്ടല്ലോ ? ) .
മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം തുടങ്ങിവെച്ച ചര്‍ച്ചാവിഷയമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .
സാരിക്കും ,ചൂരിദാറിനും അനുകൂലവും പ്രതികൂലവുമായി ഒട്ടേറെ മഹിളകള്‍ പ്രതികരിച്ചുവെത്രെ !
അദ്ധ്യാപികമാര്‍ സ്ക്കൂളില്‍ ചൂരിദാര്‍ ധരിച്ചുവന്നാല്‍ ഉണ്ടാകുന്ന സാംസ്കാരിക വിപത്തിനെക്കുറിച്ചും ചര്‍ച്ച നടന്നു !
അതില്‍ പ്രസക്തമായവ പ്രസിദ്ധീകരിക്കുകയും ചെയ്തു .
സാരീഗ്രൂപ്പുകാരും ചൂരിദാര്‍ ഗ്രൂപ്പുകാരും അവരവരുടേതായ ന്യായവാദങ്ങള്‍ നിരത്തി .
പക്ഷേ ,മാറുമറക്കാതെ മുട്ടോളമെത്തുന്ന പരുത്തിവസ്ത്രം ധരിച്ച് അദ്ധ്വാനിക്കുന്നവരായിരുന്നു
ഇരുപതാംനൂറ്റാണ്ടിലെ തങ്ങളുടെ ‘ തൊട്ടടുത്ത സീനിയേഴ്‌സ് ‘ എന്ന വസ്തുത ഒരു പ്രതികരണത്തിലും
പൊന്തിവന്നില്ല.
ശരീരത്തിന് വായുസമ്പര്‍ക്കം ലഭിക്കാനും സൂര്യപ്രകാശമേല്‍ക്കാനും ഇതുമൂലം
കഴിഞ്ഞിരുന്നു.
പ്രസ്തുത ചരിത്രവസ്തുതയെ അവഗണിച്ച് ചൂരിദാര്‍ നല്‍കുന്ന ചലനസ്വാതന്ത്ര്യത്തേയും സാരി
നല്‍കുന്ന അസ്വാതന്ത്ര്യത്തേയും കുറിച്ച് വിശകലനം ചെയ്യാനാ‍ണ് ചില ഫെമിനിസ്റ്റുകള്‍ ശ്രമിച്ചത് .
വസ്ത്രധാരണം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതും നാണം മറയ്ക്കാന്‍ ഉതകുന്നവയും
ആയിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പക്ഷെ , വസ്ത്രധാരണം അക്രമത്തേയും അനാരോഗ്യത്തേയും ക്ഷണിച്ചുവരുത്തിയാലോ ?
‘ സമകാലിക വസ്ത്രധാരണങ്ങളില്‍ ‘ പലതും ഇത്തരത്തിലുള്ളവയാണ് .
മറ്റുള്ളവരുടെ കണ്ണുകള്‍ക്ക് സുഖം നല്‍കുന്നതിനേക്കാള്‍ സ്വന്തം ശരീരത്തിന് സുഖം നല്‍കുന്ന വസ്ത്രധാരണത്തിനാണ് നാം
ശ്രദ്ധവെക്കേണ്ടത് .
ഇത്തരത്തില്‍ വിശകലനം ചെയ്താല്‍ ‘ സാരിവേണോ ചൂരിദാര്‍ വേണോ ‘ എന്ന
ചര്‍ച്ചക്കുപകരം ‘പോളിസ്റ്റര്‍ വേണോ പരുത്തിവേണോ ‘ എന്ന ചര്‍ച്ചയാണ് നടത്തേണ്ടത്
എന്നുകാണം.
മനുഷ്യശരീരത്തിന് സൌഖ്യം നല്‍കുന്ന തുണിത്തരം പരുത്തിയാണെന്ന കാര്യത്തില്‍ സംശയമില്ല.
പട്ടുസാരി (കൃത്രിമപ്പട്ട് ) എന്ന പേരില്‍ അണിയുന്നവ ഒരു പെട്രോളിയം ഉല്പന്നമാണ് എന്ന് മനസ്സിലാക്കുക .ഇവ
ശരീരോഷ്മാവിനെ വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരത്തില്‍ സുഗമമായ ദഹനം അസാധ്യമാകുക നിമിത്തം ഒട്ടേറെ ദഹനപ്രശ്നങ്ങള്‍ വരുത്തിവെക്കുന്നു.
ഇതുപോലെത്തന്നെ ശരീരത്തെ ചുറ്റിമുറുക്കുന്ന വസ്ത്രങ്ങളും ആരോഗ്യത്തിന് ദോഷം തന്നെയാണ് .
അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് . ചില കമ്പനിക്കാര്‍ ഇറക്കുന്ന അടിവസ്ത്രങ്ങള്‍
ആകര്‍ഷകങ്ങളാണ്.
പക്ഷെ ,അവയില്‍ നിറത്തിനായി ഉപയോഗിച്ചിട്ടുള്ള ചായങ്ങള്‍ ത്വക്കിന് ദോഷം
വരുത്തുന്നവയാണ് .
ഇതൊക്കെ വ്യക്തമാക്കുന്നത് ;ഫാഷനല്ല മറിച്ച് ആരോഗ്യസംരക്ഷണമാണ്
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മുന്‍‌തൂക്കം കൊടുക്കേണ്ടത് എന്നാണ്.

25. പെരുകുന്ന ആത്മഹത്യകള്‍ ; വരളുന്ന മനുഷ്യത്വം!!

കേരളത്തില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോഗസംസ്കാരം,സാമ്പത്തിക പ്രശ്നങ്ങള്‍ , പരാജയത്തെ നേരിടാനുള്ള കഴിവില്ലായ്മ ...തുടങ്ങിയ കാരണങ്ങളാണ് വിദഗ്‌ധര്‍ നിരത്തുന്നത് .
എന്നാല്‍ ,ഈ അവസരത്തില്‍ നാം മറ്റൊരു വസ്തുത വിലയിരുത്തേണ്ടതുണ്ട് .മൃഗങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ല ! ആത്മഹത്യ ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യന്‍ തന്നെയാണ് . പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകലുമ്പോഴുണ്ടാകുന്ന അസ്വഭാവിക സവിശേഷതകളിലൊന്നായി ആത്മഹത്യയെ കണക്കാക്കാം .ജീവിത പ്രശ്നങ്ങളെ ജയമെന്നും പരാജയമെന്നും വേര്‍തിരിക്കാനുള്ള വ്യഗ്രത മനുഷ്യനെ വികാരവിവശനാക്കിത്തീര്‍ക്കുന്നു.വിജയത്തില്‍ അതിയായി ആഹ്ലാദിക്കുന്നതും പരാജയത്തില്‍ വിഭ്രാന്തി പ്രകടിപ്പിക്കുന്നതും ഒരേ നാണയത്തിന്റെ തന്നെ രണ്ടുവശങ്ങള്‍ മാത്രമെന്നോര്‍ക്കുക. വിജയത്തേയും പരാജയത്തേയും സമചിത്തതയോടെ നേരിടാനുള്ള കഴിവ് ഓരോ വ്യക്തിയും വളര്‍ത്തിയെടുക്കേണ്ടതാണ്. വിജയത്തിന്റെ ഉന്മാദലഹരി മസ്തിഷ്കത്തെ ബാധിക്കുമ്പോള്‍ നേരിടേണ്ടിവന്നിട്ടുള്ള പരാജയത്തെക്കുറിച്ച് ഓര്‍ക്കുക.

പ്രസ്തുത വിജയംതന്നെ അസ്ഥിരമാണെന്ന തിരിച്ചറിവ് വിജയത്തിന്റെ ഉന്മാദലഹരിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെത്തന്നെ പരാജയത്തില്‍ ദുഃഖിച്ച് നിഷ്‌ക്രിയനായിരിക്കാതെ പ്രസ്തുത അവസ്ഥയെ നേരിടെണ്ടതെങ്ങനെയെന്ന് ചിന്തിക്കുക .പരാജയകാരണങ്ങളെ കണ്ടെത്തുകയും ഭാവിയില്‍ അവ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം . ഈ അവസരത്തില്‍ വികാരത്തിന്റെ മാര്‍ഗ്ഗമല്ല മറിച്ച് വിവേകത്തിന്റെ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത് .

24. എന്നാണ് നാം കാട്ടിലേയ്ക്ക് പോകുന്നത് ? (പ്രകൃതിജീവനം)

നാട്ടാനകളെ ‘പ്രകൃതിയിലേക്കുവിട്ടാല്‍ അവര്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും
ഇല്ലാതാകുമെത്ര ! തൃശൂരില്‍ നടന്ന ‘ഗജപരിപാലന കളരി‘യിലാണ് ഇത്തരമൊരു അഭിപ്രായം പൊന്തിവന്നത്.
പക്ഷെ , ആനകളുടെ സ്വാഭാവിക പരിസ്ഥിതി നാട്ടില്‍ ലഭ്യമാണോ ?
തീര്‍ച്ചയായും ഇല്ല.
പിന്നെ എന്തുണ്ട് മാര്‍ഗ്ഗം ?
ആനകളെ കാട്ടിലേയ്ക്കുവിടുകതന്നെ !
നാട്ടാനകളെ വര്‍ഷത്തിലൊരിയ്ക്കല്‍ കാട്ടില്‍ കൊണ്ടുപോയി താമസിപ്പിയ്ക്കുകയും കാട്ടിലേക്കുമേയുവാന്‍ വിടുകയും
ചെയ്യുക എന്നത് ഏകദേശം അരനൂറ്റാണ്ടുമുമ്പുള്ള രീതിയായിരുന്നു.അതുകൊണ്ടുതന്നെ അന്ന് പറയത്തക്ക
അസുഖങ്ങളൊന്നും ആനകള്‍ക്കില്ലയിരുന്നു. ആനകള്‍ കാട്ടിലായിരുന്നപ്പോള്‍ വൈവിധ്യമുള്ള ഭക്ഷണം കഴിക്കുന്നു.
എന്നാല്‍ നാട്ടിലേയ്ക്കുകൊണ്ടുവരുമ്പോള്‍ പനമ്പട്ടപോലെയുള്ളവ മാത്രമാണ് തിന്നുവാന്‍ ലഭിക്കുന്നത്. അതായത്
ഒരേയിനം ഭക്ഷ്യവര്‍ഗ്ഗം തന്നെ തിന്നുവാന്‍ ലഭിക്കുന്നു എന്നര്‍ഥം . ഇത് ചിലയിനം പോഷകങ്ങളുടെ അപര്യാപ്തതയ്ക്ക്
ഇടയാക്കുന്നു.
എന്നാല്‍ നമുക്ക് ചിന്തിക്കാനുള്ളത് ഇതുമാത്രമല്ല. ഗജപരിപാലനക്കളരിയില്‍നിന്ന് ലഭിച്ച ഈ ഉപദേശം
ആനകളുടെ കാര്യത്തില്‍ മാത്രം മതിയോ ? മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ബാധകമാക്കുന്നത് നല്ലതല്ലേ .നായ,ആട്
,പശു..തുടങ്ങിയതിനെയൊക്കെ കാട്ടില്‍കൊണ്ടുപോയില്ലെങ്കിലും ചുരുങ്ങിയ പക്ഷം വീട്ടുവളപ്പില്‍ ദിവസത്തില്‍
കുറച്ചുനേരമെങ്കിലും അഴിച്ചുവിടുന്നത് ഗുണം ചെയ്യുകയില്ലേ . നഗരവല്‍ക്കരണത്തിന്റെ ഫലമായി അഞ്ചുസെന്റില്‍
പാര്‍ക്കുന്നവര്‍ മുന്‍ പറഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ക്ക് 24 മണിക്കൂര്‍ ‘കാരാഗൃഹവാസം‘ നല്‍കുന്നതിലെ
നിവൃത്തിയില്ലായ്മ മനസ്സിലാക്കാം .എന്നാല്‍ ഏറെ വിസ്താരമേറിയ വളപ്പുള്ളവരും ഈ രീതി അനുകരിക്കുന്നു.
ഫാഷനുകളെ ആരോഗ്യപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിലയിരുത്താറില്ലല്ലോ !
ഗജപരിപാലനകളരിയിലെ ഈ അഭിപ്രായം ആനയിലും മറ്റു വളര്‍ത്തുമൃഗങ്ങളിലും മാത്രം
ഒതുക്കിനിര്‍ത്തുന്നതെന്തിന് ?‘ഫാസ്റ്റ് ഫുഡിന്റെ ‘ പിടിയിലകപ്പെട്ട മനുഷ്യര്‍ക്കും ഇത് ബാധകമല്ലേ
.ഇനി,ഇതുപോലെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഏതെങ്കിലുമൊരു യോഗത്തില്‍‘ വനത്തിലേക്കു മടങ്ങാനായി‘ ( Return
to the Forest ) ആഹ്വാനമുണ്ടായാലും അത്ഭുതപ്പെടല്ലേ !


23. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണം !!! (ആക്ഷേപഹാസ്യം)

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വോട്ടവകാശമുണ്ടെങ്കില്‍; ഈ ആവശ്യം പ്രകടനപത്രികയില്‍ വെയ്ക്കുന്ന പാര്‍ട്ടി അധികാരത്തില്‍ വരുമെന്നുറപ്പാണ്.
 വോട്ടവകാശം വിദ്യാര്‍ത്ഥികള്‍ക്കില്ല എന്നുപറയുന്നതിന്റെ കാരണം അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണത്രെ
.പ്രായപൂര്‍ത്തിയായാല്‍ മാത്രമേ ശരിയായ തീരുമാനമെടുക്കാന്‍ കഴിയുള്ളുവെത്രെ.പ്രായപൂര്‍ത്തിയേയും വോട്ടവകാശത്തേയും തമ്മില്‍ ആരാണാവോ ബന്ധിപ്പിച്ചത്?
കണ്ണുകാണാത്ത,ചെവികേള്‍ക്കാത്ത ,എണീറ്റു നടക്കാന്‍ പറ്റാത്ത വയസ്സന്മാരെ ‘ഓപ്പണ്‍ വോട്ട് ‘ ചെയ്യിക്കുന്നുണ്ട്.
ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ വെച്ചുനോക്കുമ്പോള്‍ അവര്‍ അത്രകണ്ട് ‘മികച്ച‘താണോ ?
 അതും പോകട്ടെ ,പ്രായപൂര്‍ത്തി ആയി എന്നപേരില്‍ എത്രയെത്ര മന്ദബുദ്ധികള്‍ വോട്ടുചെയ്യുന്നുണ്ട്.
അത് ന്യായമാണോ?
എങ്കിലും ഒരു ഒത്തുതീര്‍പ്പുവേണ്ടേ. മധ്യകേരളത്തില്‍ ,നാളികേരം വില്‍ക്കുന്ന രീതിതന്നെ നടപ്പിലാക്കിയാലോ?
 മോശമായ നാളികേരം (പേട്,വാടല്‍ തുടങ്ങിയവ ) നാലെണ്ണത്തിനോ,മൂന്നെണ്ണത്തിനോ ഒരു നല്ല നാളികേരത്തിന്റെ വില കൊടുക്കുന്ന രീതിയുണ്ട് .
 അതുപോലെ രണ്ട് വിദ്യാര്‍ത്ഥിവോട്ടിന് ഒരു മുഴുവന്‍ വോട്ട് (ഒരു രക്ഷിതാവ് വോട്ട് ) എന്നിങ്ങനെ വേണമെങ്കില്‍ ആകാം.
പണ്ട് സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും വോട്ടവകാശം ഇല്ലാത്ത രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെത്രെ .
അതൊക്കെ ‘അന്ത ക്കാലം ‘. കാലം പുരോഗമിച്ചപ്പോള്‍ വോട്ടര്‍മാരുടെ സവിശേഷതയിലും വ്യത്യാസമുണ്ടായി
.അതുപോലെത്തന്നെ ഇനിയും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ പുരോഗതിയുണ്ടാകും.
അതുകൊണ്ട് ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും കുട്ടികള്‍ക്ക് വോട്ടവകാശം കിട്ടുമെന്ന് ഉറപ്പിയ്ക്കാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി വരുന്നകാലം അത്ര അകലെയല്ല തന്നെ .
പണ്ട് താഴ്ന്ന ജാതിക്കാരോടാണ് അയിത്തം ഉണ്ടായിരുന്നത് .
കാലം അത് മാറ്റിയെടുത്തു.
 പക്ഷെ ,കുട്ടികളോടുള്ള , ചില മേഖലയിലെ അയിത്തം ഇപ്പോഴും മാറിയിട്ടില്ല
.“ഒരു വിദ്യാഭ്യാസ രീതി,ഒരു മീഡിയം ,ഒരു ഗ്രേഡ് കുട്ടികള്‍ക്ക് “ എന്ന വചനവും ഭാവിയില്‍ എല്ലാ സ്ക്കൂള്‍ ചുമരുകളിലും എഴുതിവെയ്ക്കും.
  വാല്‍ക്കഷണം
വോട്ടവകാശത്തിന്റെ കാര്യത്തില്‍ മാത്രമല്ല ; മറ്റുചില കാര്യങ്ങളിലും പ്രായപൂര്‍ത്തി നിബന്ധന എടുത്തുകളയണമന്നാണ് ഒരു വിദ്യാര്‍ത്ഥി സുഹൃത്തിന്റെ അഭിപ്രായം .
ഇതിനുവേണ്ടി അദ്ദേഹം “ഓള്‍ഡ് ഈസ് ഗോള്‍ഡ് “ എന്ന പഴംചൊല്ലാണ് മുഖവിലയ്ക്കെടുത്തത്. പണ്ടുകാലത്തുണ്ടായിരുന്ന ബാല്യവിവാഹം പുഃനസ്ഥാപിയ്ക്കണമെന്നാണ് അദ്ദേഹം ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടത് !.
 തല്‍ഫലമായി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി പിന്തുണ ഏറെ വര്‍ദ്ധിച്ചത്ര!!! .

22. അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ? (ഹാസ്യം)

സൌഹൃദ സന്ദര്‍ശനങ്ങളും സല്‍ക്കാരങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ
ഭാഗമാണല്ലോ . എങ്കിലും സമകാലിക ജീവിതത്തില്‍ ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു എന്നത്
ഒരു യാഥാര്‍ത്ഥ്യമാണ് ! ഊഷ്മളമേറിയ പല വിരുന്നുസല്‍ക്കാരങ്ങളും ആപത്താണ് എന്ന വസ്തുത അതിഥിയും
ആഥിഥേയനും മനസ്സിലാക്കിയാല്‍ നന്ന് .വിഭവസമൃദ്ധമായ വിരുന്നില്‍ പങ്കെടുക്കുകവഴി നാം അമിതമായി
ആഹാരം കഴിക്കുന്നു. ഇത് ദഹനത്തെ തകരാറിലാക്കുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന്  ദഹനസംബന്ധമായ
പലപ്രശ്നങ്ങളേയും നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആതിഥിസല്‍ക്കാരത്തില്‍ വിഭവങ്ങളുടെ എണ്ണം കൂടുക
എന്നുവെച്ചാല്‍ വിരുദ്ധാഹാരങ്ങളുടെ എണ്ണം കൂടുകയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിരുദ്ധ ഭക്ഷ്യവസ്തുക്കള്‍

കഴിക്കുകവഴി  നമ്മുടെ ശരീരം വിഷസങ്കലനത്തിനു വിധേയമാകുന്നു .
ചിലപ്പോള്‍ ,നാം  അല്പം മുമ്പ്  വയര്‍ നിറയെ ആഹാരം കഴിച്ചിരിയ്ക്കാം
.പക്ഷെ,ആഥിഥേയനാണെങ്കിലോ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാ‍ക്കി മേശപ്പുറത്തുവെച്ചിട്ടുമുണ്ട് .അതുകൊണ്ട്
ആതിഥേയനെ തൃപ്തിപ്പെടുത്താനായി അമിതഭക്ഷണം കഴിയ്ക്കാന്‍ നാം തയ്യാറാകുന്നു. മറ്റൊന്ന് ; ചായ ,
കാപ്പി,ശീതളപാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം അതിഥി സല്‍ക്കാരം വരുത്തിവെയ്ക്കുന്നു എന്നതാണ്
.സാധാരണയായി , ഒരു ദിവസത്തില്‍ കഴിയ്ക്കാറുള്ള തവണ ചായ അഥവാ  കാപ്പി നാം കഴിച്ചിട്ടുണ്ടായിരിയ്ക്കും .
പക്ഷെ,ആഥിഥേയന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനുമുമ്പില്‍  ഈ വക പാനീയങ്ങള്‍ നാം വീണ്ടൂം
കഴിക്കേണ്ടിവരുന്നു.   ചായ , കാപ്പി മുതലായവയുടെ അമിത ഉപയോഗം
ഉറക്കക്കുറവ്,മലബന്ധം,വിശപ്പില്ലായ്മ,തലവേദന എന്നിവയിലേയ്ക്ക് നയിയ്ക്കാം. പാനീയങ്ങള്‍ അമിതമായി
ഉപയോഗിയ്ക്കുകവഴി ദഹനക്കുറവും കിഡ്‌നിക്ക്  അമിതജോലിഭാരവും ഉണ്ടാകുന്നു.
ചിലയിടങ്ങളില്‍ അതിഥിസല്‍ക്കാരത്തിന്റെ ഭാഗമായി ,പ്രധാന ആഹാരത്തിനുമുമ്പ് ,മധുരമുള്ള
എന്തെങ്കിലും പാനീയം നല്‍കുക പതിവുണ്ട് . ഇത് അതിഥിയുടെ വിശപ്പ് കുറയ്ക്കാനേ ഉപകരിക്കൂ എന്ന വസ്തുത എത്ര
ആതിഥേയര്‍ മനസ്സിലാക്കിയിട്ടുണ്ട് ? ചില അതിഥി സല്‍ക്കാരങ്ങളില്‍ മദ്യം പ്രധാന നായകനാ‍യിട്ടുണ്ടാകും !
ഇത്തരം സല്‍ക്കാരങ്ങല്‍ ആരോഗ്യത്തെ മാത്രമല്ല കുടുംബത്തേയും തകര്‍ക്കുന്നു. പല വിഭവസമൃദ്ധമായ
സല്‍ക്കാരങ്ങളിലും ഭക്ഷണം വളരേ നേരത്തെതന്നെ  തയ്യാറാക്കിവെയ്ക്കുക പതിവാണ് .  ‘പാകം ചെയ്ത് ഒട്ടേറെ
മണിക്കൂറുകള്‍ കഴിഞ്ഞുള്ള ഭക്ഷണം ‘ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ .
അതുപോലെത്തന്നെ അതിഥി സല്‍ക്കാരങ്ങളില്‍ (ഹോട്ടലുകളിലും )   ‘മേശപ്പുറത്തെ വൃത്തി ‘ പാകം ചെയ്യുന്ന
വേളയിലുണ്ടായിരിക്കുമെന്ന് നാം ഉറപ്പിയ്ക്കരുത് .
പലരും കുട്ടികളുള്ള വീട്ടിലേയ്ക്ക് സൌഹൃദ സന്ദര്‍ശനം നടത്തുമ്പോള്‍ മിഠായി ,മധുരപലഹാരങ്ങള്‍
എന്നിവ കൊണ്ടുപോകാറുണ്ട് . പല മിഠായികളിലും മധുരപലഹാരങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന
രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, മുന്‍പറഞ്ഞ ആഹാരപദാര്‍ഥങ്ങളില്‍ മായം
ചേര്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ് .അതുകൊണ്ടുതന്നെ ഇവ ആഹരിയ്ക്കുകവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം
തകരാറിലാകുന്നു. ദന്തസംബന്ധമായ രോഗങ്ങള്‍ക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരേ
കൂടുതലാണെന്നാണ് ഈയിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് . ഇതിന് പ്രധാനകാരണമായിപ്പറയുന്നത്
‘മധുര’മെന്ന വില്ലനെയാണ് .
അവസാനമായി പറയുവാന്‍ പോകുന്നത് ,വൃദ്ധജനങ്ങള്‍ നടത്തുന്ന
സൌഹൃദസന്ദര്‍ശനങ്ങളെക്കുറിച്ചാണ്. “വയസ്സായി (റിട്ടയറായി ) , ഒഴിവുസമയം ഒട്ടേറെ ,.നേരം പോകാനായി
അതിഥിയുടെ റോള്‍ അണിഞ്ഞുകളയാം “- എന്നിങ്ങനെ ചിന്തിയ്ക്കുന്നവരും മുന്‍പറഞ്ഞ കൂട്ടത്തിലുണ്ടാകും . ഇവരില്‍
ഭൂരിഭാഗത്തിനും എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഒരു വസ്തുതയാണ് . ഹൃദ്രോഗം ,പ്രമേഹം ,ബ്ലഡ്‌
പ്രഷര്‍   എന്നീരോഗങ്ങളാണ് ഇവരില്‍ പ്രധാനമായി കണ്ടുവരാറുള്ളത് . ഈ അസുഖങ്ങളുടെ വര്‍ദ്ധനവ്
ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മധുരം,കൊഴുപ്പ്,ഉപ്പ് എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു  എന്ന വസ്തുത നമുക്ക് അറിയാമല്ലോ .
അതുകൊണ്ടൂതന്നെ അതിഥിസല്‍ക്കാരത്തിലെ വിഭവങ്ങള്‍ ഇവരുടെ ദിനചര്യയിലെ ആഹാരരീതികള്‍
തെറ്റിയ്ക്കുകയും രോഗം വര്‍ദ്ധിയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
ഇനി പറയൂ ; അതിഥി സല്‍ക്കാരങ്ങള്‍ അപകടങ്ങളാണോ ? സ്നേഹത്തോടെ സമ്മാനിയ്ക്കുന്ന ഈ
അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും; അതിഥിയ്ക്കും ആതിഥേയനും ശരിയായ ആരോഗ്യചിന്ത കൈവശമായാല്‍
മാത്രം!!

21. നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍ (നമ്പൂരി ഫലിതം )



നമ്പൂരി ‘ മാവേലി സ്റ്റോര്‍‘ സന്ദര്‍ശിച്ചപ്പോള്‍....







ഈയ്യിടെ ,ഗ്രാമത്തില്‍ മാവേലിസ്റ്റോര്‍ തുറന്നീട്ടുണ്ടെന്ന് ഇല്ലത്തുചെന്ന് കാര്യസ്ഥന്‍ നമ്പൂരിയോട് ബോധിപ്പിച്ചു. ഒരു ദിവസം മാവേലി സ്റ്റോര്‍ സന്ദര്‍ശിയ്ക്കാനായി നമ്പൂരിയും കാര്യസ്ഥനുംകൂടി പോയി.പക്ഷെ,അന്ന് ഞായറാഴ്ചയായിരുന്നു. ആയതുകൊണ്ട് കടമുടക്കവുമായിരുന്നു. നമ്പൂരിയും കാര്യസ്ഥനും അവിടെ ചെന്നപ്പോഴാണ് കട മുടക്കിയിരിയ്ക്കുന്നത് കണ്ടത്

ഉടനെ നമ്പൂരി ഇങ്ങനെ പ്രതികരിച്ചു ,” മാവേലി സ്റ്റോറായോണ്ട് ആണ്ടിലൊരിയ്ക്കലേ വില്പന ഉണ്ടാവൂല്ലേ “






നമ്പൂരി ടെലിവിഷന്‍ വാങ്ങിയപ്പോള്‍......



[കഥ നടക്കുന്നത് എണ്‍‌പതുകളുടെ തുടക്കത്തില്‍...... അന്ന് ടി.വി നാട്ടില്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ.]


ഒരിയ്ക്കല്‍ നമ്പൂരിയും അന്തര്‍ജ്ജനവുംകൂടി ഒരു വിവാഹത്തിനുപോയി. അവിടെ ചെന്നപ്പോള്‍ അന്തര്‍ജ്ജനം മറ്റുസ്ത്രീകളുമായി സംസാരിയ്ക്കുന്നതില്‍ പങ്കുചേര്‍ന്നു. അവസാനം ,സംസാരവിഷയം ടി.വി യിലെ മഹാഭാരതത്തെക്കുറിച്ചായി .പക്ഷെ,ഇല്ലത്ത് ടി.വി ഇല്ലാത്തോണ്ട് അന്തര്‍ജ്ജനത്തിന് ആ സന്ദര്‍ഭത്തില്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അത് വല്ലാത്ത കുറച്ചിലായി അന്തര്‍ജ്ജനത്തിനു തോന്നുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അന്തര്‍ജ്ജനത്തിന് ഒരേ ഒരു വാശി. ഒരു ടി.വി വാങ്ങണം.(ഇല്ലത്താണെങ്കിലോ കാര്യങ്ങള്‍ നീങ്ങുന്നത് തനി യാഥസ്ഥിതിക മട്ടിലാണ് താനും). അവസാനം അന്തര്‍ജ്ജനത്തിന്റെ നിര്‍ബ്ബന്ധത്തിനു വഴിപെട്ട് പിറ്റേ ദിവസം തന്നെ നമ്പൂരി ടി.വി വാങ്ങുവാന്‍ പോയി. നഗരത്തിലെ പ്രശസ്തമായ ടി.വി ഷോറൂമില്‍നിന്ന് ടി.വി വാങ്ങി . ടി.വി യും കൊണ്ടുള്ള ഇല്ലത്തേയ്ക്കുള്ള കാര്‍ യാത്രയില്‍ നമ്പൂരിയോടൊപ്പം ആന്റിന ഫിറ്റ് ചെയ്യുവാനായി രണ്ടുജോലിക്കാരുമുണ്ടായിരുന്നു.

ടി.വി യും കൊണ്ട് ഇല്ലത്ത് എത്തിയപ്പോള്‍ ടി.വി ഷോറൂമിലെ ജോലിക്കാര്‍ക്ക് ആദ്യം അമ്പരപ്പും പിന്നീട് ചിരിയും ഉണ്ടായി.
കാരണം ഇല്ലത്ത് ഇലകട്രിക് കണക്‍ഷന്‍ ഇല്ലായിരുന്നു.






നമ്പൂരിയ്ക്ക് ആദ്യമായി പ്രണയലേഖനം ലഭിച്ചപ്പോള്‍.....


[ നമ്പൂരിമാര്‍ക്ക് ശൃംഗാരരസത്തിനോട് താല്പര്യമുണ്ടെന്ന മുന്‍‌വിധിയാണ് ഈ ഫലിതത്തിനടിസ്ഥാനം ]

ഒരു ദിവസം ഇല്ലത്ത് പോസ്റ്റ്മേന്‍ വന്നു. നമ്പൂരിയ്ക്ക് ഒരു എഴുത്തുകൊടുത്തു.നമ്പൂരി തിടുക്കത്തില്‍ എഴുത്തുപൊട്ടിച്ച് വായിച്ചുതുടങ്ങി.എഴുത്തിലെ സംബോധന “പ്രാണനാഥാ “ എന്നായിരുന്നു.അതുവായിച്ചപ്പോള്‍തന്നെ നമ്പൂരിയുടെ ഹൃദയമിടിപ്പ് കൂടുകയും മനസ്സ് കുളിരണിയുകയും ചെയ്തു. നമ്പൂരി ചുറ്റും നോക്കി; ആരുമില്ല എന്നുബോധ്യപ്പെട്ടപ്പോള്‍ വീണ്ടും വായന തുടങ്ങി. പിന്നിടങ്ങോട്ടുള്ള വാചകങ്ങള്‍ നമ്പൂരിയുടെ ഹൃദയത്തില്‍ തേന്‍ ചൊരിഞ്ഞു. കത്തിന്റെ അവസാനം “എന്ന് സ്വന്തം പ്രേമചന്ദ്രിക ‘’ എന്നെഴുതിയിരുന്നു.

നമ്പൂരിയ്ക്ക് കക്ഷിയെ പിടികിട്ടി. ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ അമ്മുവാരസ്യാരുടെ മകള്‍ . അവിവാഹിതയും കോളേജികുമാരിയും ഗ്രാമത്തിലെ സൌന്ദര്യത്തിടമ്പുമായ മധുരപ്പതിനേഴുകാരി !

നമ്പൂരിയ്ക്ക് സ്വര്‍ഗ്ഗം കിട്ടിയതുപോലെയായി.ഈ അമ്പതാംവയസ്സിലും ആ മധുരപ്പതിനേഴുകാരിയ്ക്ക് തന്നോട് പ്രേമം തോന്നിയിരിയ്ക്കുന്നു.‘വേണമെങ്കില്‍ ,ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന അക്ഷരശ്ലോക മത്സരത്തിലെ തന്റെ മികവ് കണ്ടീട്ടാകാം അവള്‍ക്ക് തന്നോട് പ്രേമം തോന്നിയത് “-- നമ്പൂരി സ്വയം ചിന്തിച്ചു.

എന്തായാലും ആ മധുരസ്മരണയില്‍ നമ്പൂരി കുറച്ചുനേരം എല്ലാം മറന്ന് ഇരുന്നുപോയി.

പെട്ടെന്ന് ഒരു ശബ്ദം കേട്ട് നമ്പൂരി ഞ്ഞെട്ടിപ്പോയി.നോക്കിയപ്പോഴുണ്ട് അന്തര്‍ജ്ജനം ഗൌരവത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

ആരുടെയാണ് കത്ത് എന്നുചോദിച്ച് അന്തര്‍ജ്ജനം ആ എഴുത്ത് തട്ടിപ്പറച്ചു, വായനതുടങ്ങി.

ഉല്‍ക്കണ്ഠയുടെ ആ നിമിഷങ്ങള്‍ ‘യുഗങ്ങള്‍’ പോലെയാണ് നമ്പൂരിയ്ക്ക് അനുഭവപ്പെട്ടത് .

എന്തും സംഭവിയ്ക്കാം !

ഒരു തെറ്റും ചെയ്യാത്ത താന്‍.......

താനല്ല തെറ്റുചെയ്തത് ; ആ കുട്ടിയാണ് എന്നു പറഞ്ഞാല്‍ അന്തര്‍ജ്ജനം വിശ്വസിയ്ക്കുമോ ?

എങ്കിലും അല്പനേരം ഒരു സ്വര്‍ഗ്ഗീയാനുഭൂതി ലഭിച്ചില്ലെന്നുപറയാനൊക്കുമോ ?

ഇതെങ്ങാനും അന്തര്‍ജ്ജനത്തിന്റെ സഹോദരന്മാരറിഞ്ഞാല്‍.....

ഈശ്വരാ....... ഇനിയെന്തുചെയ്യും ?

എഴുത്തു വായിച്ചുകഴിഞ്ഞ ഉടനെ ഒരു നിമിഷം, അന്തര്‍ജ്ജനം മൌനിയായി നിന്നു.

നമ്പൂരിയെ തറപ്പിച്ചുനോക്കി.

നമ്പൂരി കുറ്റം സമ്മതിച്ച മട്ടില്‍ തലതാഴ്ത്തി.

അന്തര്‍ജ്ജനം, പിന്നിടങ്ങോട്ട് ആ പെണ്‍കുട്ടിയെ ചീത്ത വിളിച്ചുതുടങ്ങി

നമ്പൂരിയ്ക്ക് മറുപടി ഒന്നും പറയാന്‍ ഉണ്ടായില്ല.
പിന്നീട് ,
“തിരുമേനിയാ ഇതിനൊക്കെ കാരണക്കാരന്‍” എന്നുപറഞ്ഞ് കുട്ടികളെ നിയന്ത്രിയ്ക്കേണ്ടത് അച്ഛന്‍ നമ്പൂരിയുടെ കടമയാണെന്നുകൂടി തറപ്പിച്ചു പറഞ്ഞ് അന്തര്‍ജ്ജനം മകനെ ചീത്തവിളിച്ചുതുടങ്ങി.

എന്തിനാണ് ഈ പ്രശ്നത്തില്‍ മകനെ ചീത്ത വിളിയ്ക്കുന്നതെന്ന് നമ്പൂരിയ്ക്കുമനസ്സിലായില്ല.

പെട്ടന്ന് നമ്പൂരിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.

നമ്പൂരി കസേരയില്‍നിന്നെണീറ്റ് അന്തര്‍ജ്ജനത്തിന്റെ കയ്യില്‍നിന്നുകത്തുവാങ്ങി മേല്‍‌വിലാസം നോക്കി.

ഉടതന്നെ നമ്പൂരി ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു.!!!

പിന്നീട് ആ നെടുവീര്‍പ്പ് രോഷത്തിന്റെ കൊടുംങ്കാറ്റായി മാറി !!

കാരണം, അത് നമ്പൂരിയുടെ മകന് വന്ന എഴുത്തായിരുന്നു!!!






നമ്പൂരി കോവളത്തുപോയപ്പോള്‍ .......



നമ്പൂരിയ്ക്ക് ഒരു ടൂറിന് പോകണമെന്ന് ആഗ്രഹംതോന്നി.
----“പക്ഷെ,എങ്ങട്ടാ പോകണ്ടേന്ന് ഒരു നിശ്ചയം ഇല്ല താനും “

‘സംഗതി‘ കാര്യസ്ഥനെ ഉടനെ ധരിപ്പിച്ചു.

ഉടനെ കാര്യസ്ഥന്‍ കോവളത്തെപ്പറ്റിപ്പറഞ്ഞു.

കുറച്ചുനാള്‍മുന്‍പ് കോവളത്തെക്കുറിച്ച് ഒരു ലേഖനം പത്രത്തില്‍ വന്നീട്ടുണ്ടെന്നും അതില്‍ കോവളം വളരേ മനോഹരമായ സ്ഥലമാണെന്നാണ് എഴുതിയിട്ടുള്ളതെന്നും കാര്യസ്ഥന്‍ ഓര്‍മ്മിപ്പിച്ചു.

ഉടനെ നമ്പൂരി ചോദിച്ചു, “എന്താ അവിടെ ഇത്ര പ്രത്യേകത ?”

“കടലും തിരമാലയുമൊക്കെ ഉള്ളതല്ലേ “ കാര്യസ്ഥന്‍ ബോധിപ്പിച്ചു.

“ അതിലെന്താ ഇത്ര മനോഹാരിത “ --എന്നായി നമ്പൂരി

നമ്പൂരിയുടെ ആ ചോദ്യത്തിന് കാര്യസ്ഥന് ഉത്തരം മുട്ടിപ്പോയി .

അവസാനം; ‘ഒന്നൂല്ല്യാണ്ട് പത്രത്തില്‍ കോവളത്തെക്കുറിച്ച് ലേഖനം വരില്ലല്ലോ‘ എന്നുവിചാരിച്ച് ടൂര്‍ കോവളത്തേയ്ക്കുതന്നെയാകട്ടെ എന്നു തീര്‍ച്ചപ്പെടുത്തി.
അങ്ങനെ നമ്പൂരിയും കാര്യസ്ഥനുംകൂടി കോവളത്തെത്തി. അവിടത്തെ കാഴ്ച കണ്ട് നമ്പൂരി വായ്‌പൊളിച്ചുനിന്നു. കടല്‍തീരത്തെ മണല്‍പ്പരപ്പില്‍ , സുന്ദരികളായ മദാമ്മമാരും സായിപ്പുമാരും പേരിനുമാത്രം വസ്ത്രം ധരിച്ചും വസ്ത്രങ്ങളില്ലാതേയും നടക്കുകയും കിടക്കുകയും കടലില്‍ കുളിയ്ക്കുകയും ചെയ്യുന്നു.

ഏറെ നേരം ഇരുവരുടേയും മുന്‍പില്‍ നിന്ന് കടലും തിരമാലയും ആകാശവുമൊക്കെ അപ്രത്യക്ഷമായി.

പിന്നീട് സമനില വീണ്ടുകിട്ടിയപ്പോള്‍ നമ്പൂരി കാര്യസ്ഥനോട് പറഞ്ഞു,” ശര്യന്ന്യാ ട്ടോ , കോവളം മനോഹരം തന്നെ !! “






സ്ത്രീ പീഠനത്തെക്കുറിച്ച് നമ്പൂരിയുടെ അഭിപ്രായം ?




പുതുവത്സരദിനത്തില്‍ കോവളത്തുവെച്ച് വിദേശ വനിതകളെ ‘പൂവാലന്മാര്‍ ‘ അപമാനിച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.

ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ നാണോം മാനോം ഇല്ല്യാണ്ട് പേരിനുമാത്രം ഉടുതുണീം ചുറ്റിനടക്കണ ഇവറ്റോളെ അപമാനിയ്ക്കാന്‍ ആ പൂവാലന്മാര്‍ വല്ലാണ്ട് കഷ്ടപ്പെട്ടിരിയ്ക്കും ല്ലേ “.






നമ്പൂരി സ്ക്കൂള്‍ സയന്‍സ് എക്സിബിഷന്‍ കണ്ടപ്പോള്‍......




നമ്പൂരിയും ഗ്യാസ് ട്രബിളുകാരനായ രാമന്‍ എന്ന കാര്യസ്ഥനും കൂടി സ്ക്കുള്‍ സയന്‍സ് എക്സിബിഷന്‍ കാണുവാന്‍ പോയി.
കുട്ടികളുണ്ടാക്കിയ പല ഉല്പന്നങ്ങളും അവര്‍ കണ്ടു.

അങ്ങനെ ഒരു സ്റ്റാളില്‍ എത്തിയപ്പോള്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ‘ ഐറ്റം‘ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നതുകണ്ടു. ചിലവുകുറഞ്ഞ രീതിയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന ‘ വര്‍ക്കിംഗ് മോഡലായിരുന്നു അത്.

സംഗതി നമ്പൂരിയ്ക്ക് നന്നായി പിടിച്ചു.

ഉടനെ കാര്യസ്ഥനോട് അഭിപ്രായവും പറഞ്ഞു

“ എടോ രാമാ, തന്റെ ദേഹത്ത് ഇങ്ങനത്തെ ചെറിയ ഒരെണ്ണം പിടിപ്പിച്ചാ , പിന്നെ , രാത്രീല് നടക്കും‌‌മ്പോ ടോര്‍ച്ചില് ബാറ്ററി വേണ്ടിവരില്ലാല്ലേ ‘’






നമ്പൂരി കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയപ്പോള്‍.....




നമ്പൂരിയുടെ നാട്ടിലും കമ്പ്യൂട്ടര്‍ സെന്റര്‍ വന്നു. അങ്ങനെ നമ്പൂരിയ്ക്കും ഒരാഗ്രഹം ; കമ്പ്യൂട്ടര്‍ പഠിയ്ക്കണമെന്ന് . അതിനായി കാര്യസ്ഥനെ കമ്പ്യൂട്ടര്‍ സെന്ററിലേയ്ക്ക് പറഞ്ഞയച്ചു. പ്രായമൊന്നും കമ്പ്യൂട്ടര്‍ പഠനത്തിന് പ്രശ്നമല്ലെന്നും ,പഠിയ്ക്കാനുള്ള കഴിവും താല്പര്യവും കാശുമാണ് പ്രാധാന്യമെന്നും അവര്‍ കാര്യസ്ഥനോട് പറഞ്ഞയച്ചു. അന്തര്‍ജ്ജനം ചെറിയതോതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പക്ഷെ, നമ്പൂതിരിയുടെ അടങ്ങാത്ത പഠനാഗ്രഹത്തിനുമുന്‍പില്‍ അവര്‍ അവസാനം സമ്മതം മൂളി. അങ്ങനെ നമ്പൂരി കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയിത്തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം നമ്പൂരിയുടെ അകന്ന ബന്ധുക്കള്‍ വിരുന്നിനുവന്നു.
ഉച്ചയൂണുകഴിഞ്ഞുള്ള പതിവിന്‍പടിയുള്ള ‘വെടിപറയല്‍‘ നേരത്ത് നമ്പൂരിയുടെ കമ്പ്യൂട്ടര്‍ പഠനവും ചര്‍ച്ചാ വിഷയമായി. വിരുന്നു വന്ന ‘കുടുംബത്തിന്റെ‘ മകള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിനു പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു. ഇതറിഞ്ഞ നമ്പൂരി ആ കുട്ടിയോട് കമ്പ്യൂട്ടറിനെ സംബന്ധിച്ച് ചര്‍ച്ച തുടങ്ങി.പക്ഷെ, ആ കുട്ടിയ്ക്കാകട്ടെ നമ്പൂരി പറയുന്നതൊന്നും മനസ്സിലായില്ല. നമ്പൂരിയാകട്ടെ ആ കുട്ടിയുടെ മുന്‍പില്‍ തന്റെ കമ്പ്യൂട്ടര്‍ പഠനവൈഭവം തെളിയിക്കാനുള്ള ശ്രമത്തിലുമായിരുന്നു.

അവസാനം ,ബോറടിയുടെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ,ഗതികെട്ട് ആ കുട്ടി ചോദിച്ചു, “ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിപ്പിയ്ക്കുന്നത് ‘ ലിനക്സാണോ ?”

നമ്പൂരിയ്ക്കു സന്തോഷമായി. തന്റെ കമ്പ്യൂട്ടര്‍ പഠനവൈഭവം അംഗീകരിച്ചതുകൊണ്ടാണല്ലോ ആ കുട്ടി തന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് .നമ്പൂരി ഒരുനിമിഷം ഒന്നുനിര്‍ത്തി ഇല്ലത്തുള്ള എല്ലാ ശ്രോതാക്കളേയും നോക്കി; പ്രത്യേകിച്ച് അന്തര്‍ജ്ജനത്തിനെ ഒന്നുനോക്കി, ‘ഇപ്പോള്‍ എങ്ങനെയിരിയ്ക്കുന്നു ‘ എന്നമട്ടില്‍ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. എന്നീട്ട് അഭിമാനപൂര്‍വം മറുപടി പറഞ്ഞു , ‘’ അല്ല, പ്രിന്‍സിട്ടീച്ചറാ പഠിപ്പിയ്ക്കുന്നത് .”






നമ്പൂരിഫലിതത്തെക്കുറിച്ച് നമ്പൂരിയെ മനസ്സിലാക്കികൊടുത്തപ്പോള്‍.......




“ എന്താ ഈ നമ്പൂരി ഫലിതം ന്നെച്ചാ രാമാ “ -- നമ്പൂരി കാര്യസ്ഥന്‍ രാമനോട് ചോദിച്ചു.
“ ചില നമ്പൂരിമാരുടെ ഓരോ വിഡ്ഡിത്തങ്ങള് തിരുമേനി “ കാര്യസ്ഥന്‍ മറുപടി പറഞ്ഞു.

“ ഒന്നങ്ങട്ട് വിശദാക്കാ “ -- എന്നായി നമ്പൂരി

കാര്യസ്ഥന്‍ ഓര്‍മ്മയിനിന്ന് ഒരു നമ്പൂരിഫലിതം തെരഞ്ഞെടുത്ത പറഞ്ഞു തുടങ്ങി.

പണ്ട് ഒരു നമ്പൂരി ( A) സര്‍ട്ടിഫിക്കറ്റ് സിനിമ കാണുവാന്‍ പോയെന്നും ആ സിനിമയില്‍ ഒരു പെണ്ണ് തീവണ്ടിപ്പാളത്തിനടുത്തുള്ള കുളത്തില്‍ കൂളിയ്ക്കാന്‍ ഇറങ്ങുന്ന രംഗമുണ്ടെന്നും വസ്ത്രങ്ങള്‍ ഓരോന്നായി ഉരിയാന്‍ തുടങ്ങുമ്പോഴേയ്ക്കും അതുവഴി ഒരു തീവണ്ടി കടന്നുപോയെന്നും പറഞ്ഞു. തീവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോഴേയ്ക്കും പെണ്ണ് കുളികഴിഞ്ഞ് കയറുകയും ചെയ്തുവത്രെ. പ്രസ്തുത നമ്പൂരി രണ്ടുമൂന്നു പ്രാവശ്യം ഈ സിനിമ കാണുവാന്‍ ചെന്നപ്പോള്‍, ടിക്ക്റ്റുവാങ്ങാന്‍ വാതിയ്ക്കല്‍ നില്‍ക്കുന്ന ഒരു പരിചയക്കാന്‍ , ‘എന്താണ് എന്നും ഈ സിനിമ കാണുവാന്‍ വരുന്നതെന്ന് ചോദിച്ചുവെന്നും അപ്പോള്‍ ഒരു ദിവസമെങ്കിലും തീവണ്ടി നേരം വൈകിവരാതിരിയ്ക്കില്ലല്ലോ എന്നുവിചാരിച്ചാണ് താന്‍ ദിവസവും സിനിമകാണുവാന്‍ വരുന്നതെന്നും അല്പം ലജ്ജയോടെ പറഞ്ഞുവെത്രെ .

കാര്യസ്ഥന്‍ കഥ പറഞ്ഞു നിറുത്തി.

ഉടനെ നമ്പൂരി പറഞ്ഞു , “ ശര്യന്ന്യാ ട്ടോ , പണ്ടോക്കെ കൃത്യസമയത്തുതന്ന്യാ വണ്ടിയോടാ . ഇപ്പഴാ ഒരു കൃത്യോം ഒന്നും ഇല്ല്യാണ്ടായേ . അതോണ്ടാവും ഇപ്പോ അധികം ‘എ’ പടം എറങ്ങണത് “.

എന്തായാലും കാര്യസ്ഥന്‍ അങ്ങനെയങ്ങ് വിട്ടുകോടുത്തില്ല . ചര്‍ച്ച നമ്പൂരി ഫലിതത്തില്‍നിന്ന് ‘എ’ പടത്തെക്കുറിച്ചായി. ചര്‍ച്ച പൊടിപാറി . ചര്‍ച്ചയുടെ അവസാനം നമ്പൂരി ഒന്നുതീരുമാനിച്ചുറച്ചു . തനിയ്ക്കും ‘ എ‘ പടം കാണണം . കാര്യസ്ഥനും ഈ അഭിപ്രായത്തെ ഉറച്ചു പിന്താങ്ങി.

അങ്ങനെ ഒരു ദിവസം നമ്പൂരിയും കാര്യസ്ഥനുംകൂടി ( A ) സേട്ടിഫിക്കറ്റ് സിനിമ കാണുവാന്‍ പോയി. മാറ്റിനിയ്ക്കുപോകണമെന്നാ‍ണ് ആദ്യം നിശ്ചയിച്ചത് .പക്ഷെ, പകല്‍ ആളുകള്‍ കണ്ടാല്‍ കുറച്ചിലല്ലേ എന്നുവിചാരിച്ച് ‘ സിനിമ കാണല്‍ ‘ രാത്രിയിലേയ്ക്കുമാറ്റി.

അന്തര്‍ജ്ജനത്തോട് ക്ഷേത്രത്തിലെയ്ക്കാണെന്ന് നുണ പറഞ്ഞാണ് ഇരുവരും ഇല്ലത്തുനിന്ന് പുറപ്പെട്ടത് .
ഇരുവരും തിയേറ്ററില്‍ എത്തി ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്നു.

സിനിമ തുടങ്ങി .

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍ രാത്രിയിലെ ചില ( A ) സര്‍ട്ടിഫിക്കറ്റ് രംഗങ്ങള്‍ തെളിഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ബന്ധം കാരണം ആ രംഗങ്ങളില്‍ വെളിച്ചം അധികം ഉണ്ടായിരുന്നില്ല.

സ്ക്രീനില്‍ക്കാണുന്ന രംഗത്തില്‍ ഹരം പിടിച്ച നമ്പൂരിയ്ക്ക് വെളിച്ചത്തിന്റെ കുറവ് അസഹ്യമായിത്തോന്നി.

ഉടനെ നമ്പൂരി കാര്യസ്ഥനോട് ടോര്‍ച്ച് ആവശ്യപ്പെട്ടു.

കാര്യസ്ഥനും നല്ല ഹരത്തിലായിരുന്നു. അതിനാല്‍ തിളച്ചുപോങ്ങിയ അസ്വസ്ഥത അമര്‍ത്തി “ എന്തിനാ ഇപ്പോ ടോര്‍ച്ച് “ എന്ന് കാര്യസ്ഥന്‍ ചോദിച്ചു.

“ഒന്നങ്ങട്ട് സ്ക്രീനിലേയ്ക്ക് ടോര്‍ച്ചടിയ്ക്കാനാ . അപ്പളങ്ങട്ട് നന്നായി തെളിയൂലോ ‘’ നമ്പൂരി മറുപടി പറഞ്ഞു.

കാര്യസ്ഥനും ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നു. അതിനാല്‍ കാര്യസ്ഥന്‍ ഉടനടി ഈ വിഷയത്തില്‍ സഹകരിച്ചു.

നമ്പൂരി കാര്യസ്ഥന്റെ കയ്യില്‍നിന്നുടോര്‍ച്ച് വാങ്ങിയെങ്കിലും സംഗതി നടന്നില്ല . കാരണം മറ്റുള്ള കാണികള്‍ സമ്മതിച്ചില്ല , അത്രതന്നെ!!


സിനിമ കഴിഞ്ഞ് തിയേറ്ററില്‍നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ നമ്പൂരി ഒരു പരിചയക്കാരനെ കണ്ടു.

സംഗതി കുഴപ്പമായി എന്ന് നമ്പൂരി വിചാരിച്ചു.

ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും പരിചയക്കാരന്‍ വിട്ടില്ല.

പരിചയക്കാരന്‍ കളിയാക്കാനെന്നവണ്ണം നമ്പൂരിയോട് ചോദിച്ചു, “ എന്താ തിരുമേനീ പ്രായായീട്ടും ഈ സിനിമയ്ക്കൊക്കെ “

“ അതിനെന്തെടോ ഈ സിനിമക്കി
ത്ര പ്രത്യേകത “-- എന്നായി നമ്പൂരി


“ ഇത് ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയല്ലേ തിരുമേനി ‘’ -- പരിചയക്കാരന്‍
ഒരു പച്ചച്ചിരിയോടെ പറഞ്ഞു.

“ന്നെ ച്ചാല്‍ , എന്താ അര്‍ത്ഥം ന്ന് താന്‍ പറയ്യാ “-- എന്നായി നമ്പൂരി

“ പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം കാണേണ്ട പടം ന്ന് “ -- പരിചയക്കാരനും വിട്ടുകൊടുത്തില്ല.

“ന്താ ,നിയ്ക്ക് പ്രായായില്ലേ . പിന്നെന്താ കണ്ടാല് “-- ഇതും പറഞ്ഞ് നമ്പൂരി ഒറ്റ നടത്തം വെച്ചുകൊടുത്തു.







പോലീസ് വെടിവെപ്പിനെക്കുറിച്ച് നമ്പൂരി...




ആലപ്പുഴയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.

ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ എന്താ ചെയ്യാ തെമ്മാടികള് വിമാനോം കൊണ്ടാവും ശല്യോണ്ടാക്കാന്‍ വരണ് “.






നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍...




ഒരിയ്ക്കല്‍ നമ്പൂരി തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു; സഹയാത്രികനായി കിട്ടിയതോ ഒരു സര്‍ദാര്‍ജിയേയും !
സര്‍ദാര്‍ജിയാണെങ്കിലോ കേരളത്തില്‍ വന്നെത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ചെറുപ്പക്കാരനായ സര്‍ദാര്‍ജിയ്ക്ക് മലയാളം നല്ലവണ്ണം സംസാ‍രിയ്ക്കാനറിയാം.തിരുവനന്തപുരത്തെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് സര്‍ദാര്‍ജിയ്ക്ക് ജോലി.

നമ്പൂരിയും സര്‍ദാര്‍ജിയും വേഗം പരിചയപ്പെട്ടു.നമ്പൂരി ഇല്ലത്തെ പഴയ പ്രതാപങ്ങള്‍ പറഞ്ഞു നിര്‍ത്തിയശേഷം സര്‍ദാര്‍ജിയുടെ കുടുബത്തെ ക്കുറിച്ച് അന്വേഷിച്ചു.

‘ വിവാഹം കഴിഞ്ഞീട്ട് രണ്ടുമാസമേ ആയീട്ടുള്ളുവെന്നും ഭാര്യ നാട്ടിലാണെന്നും ‘ സംസാരമദ്ധ്യേ സര്‍ദാര്‍ജി പറഞ്ഞു.

ഉടനെ നമ്പൂരി ശൃംഗാരത്തോടെ ഇപ്രകാരം പ്രതികരിച്ചു

“ അസാരം വിഷമോണ്ടാവും ല്ലേ . ആ നിരാശോണ്ടാവും മുഖത്ത് താടി വളര്‍ത്ത്‌ണത് . ഒക്കെ നോം മനസ്സിലാക്കീ ട്ടോ “ .